Monday, August 7, 2023

ഡെഡ് ഹാൻഡ് അഥവാ പെരിമീറ്റർ - 1

 

സോവിയറ്റ് യൂണിയന്റെ ഇന്നും ജീവിച്ചിരിക്കുന്ന കൊലയാളി.

1970 - കളിൽ ശീതയുദ്ധം അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന അവസ്ഥയിൽ സോവിയറ്റ് യൂണിയൻ ഒരു കാര്യം മനസ്സിലാക്കി, അമേരിക്കയുമായുള്ള ഒരു ആണവയുദ്ധം ഭാവിയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.പക്ഷേ ആണവായുധം പോലെ സർവ്വ വിനാശകാരിയായ ഒന്ന് ആരാദ്യം, എപ്പോൾ പ്രയോഗിക്കുമെന്നത് അപ്രവചനീയമാണ്. ചിലപ്പോൾ ഹിരോഷിമയിലും നാഗസാക്കിയിയിലും പ്രയോഗിച്ചത് പോലെ ശത്രുവിനെ പൂർണ്ണമായി തളർത്താൻ യുദ്ധത്തിന്റെ അവസാന നാളുകളിൽ ആയിരിക്കാം, അല്ലെങ്കിൽ തന്ത്രപ്രധാനമായ സ്ഥലങ്ങൾ എതിരാളിയുടെ കൈയിൽ വീഴുന്ന അവസ്ഥ ഒഴിവാക്കാൻ ആയിരിക്കാം. 

എന്നാൽ സോവിയറ്റ് യൂണിയനും അമേരിക്കയും പോലെയുള്ള ആണവ ശക്തികൾ ഏറ്റുമുട്ടുമ്പോൾ സമവാക്യങ്ങളിൽ മാറ്റം വരും.അപ്പോൾ സ്വന്തം ഭാഗത്ത് പരമാവധി നാശം കുറച്ചു കൊണ്ട് തിരിച്ചടിയ്ക്ക് യാതൊരു അവസരവുമുണ്ടാക്കാതെയുള്ള പൂർണ്ണതോതിലുള്ള ഒരു ആക്രമണമായിരിക്കും ആദ്യം ആക്രമണം നടത്തുന്നവർ തിരഞ്ഞെടുക്കുന്നത്.അങ്ങനെയാണെങ്കിൽ ഒരു മുന്നറിയിപ്പും കൂടാതെ പ്രധാന നഗരങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും പടക്കപ്പലുകളിലേക്കും, ഏറ്റവും പ്രധാനമായി രാജ്യത്തിന്റെ നേതൃത്വത്തെ തന്നെ പൂർണ്ണമായി തുടച്ചു നീക്കാൻ വേണ്ടി ആണവമിസൈലുകൾ വർഷിക്കപ്പെട്ടേക്കാം.




മേൽവിവരിച്ച പോലെ ഒരു അവസ്ഥ സംജാതമായാൽ, അതായത് അപ്രതീക്ഷിതമായ ഒരു ആക്രമണത്തിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വവും പ്രധാനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടാൽ ശത്രുവിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട കമ്പ്യൂട്ടർ നിയന്ത്രിതമായ അതിസങ്കീർണ്ണമായ ഒരു ആണവ ആക്രമണ സംവിധാനമാണ് Dead Hand അഥവാ Perimeter. 1974 - ലാണ് സോവിയറ്റ് യൂണിയന്റെ പ്രതിരോധ വിഭാഗം Perimeter - ന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1985 ജനുവരിയിൽ ഏഴ് പരീക്ഷണഘട്ടങ്ങൾക്ക് ശേഷം ഇത് പൂർണ്ണസജ്ജമായി സേനയുടെ ഭാഗമായി.

സോവിയറ്റ് യൂണിയന്റെ എല്ലാ സൈനികവിഭാഗങ്ങളോടും ആയുധ സംവിധാനങ്ങളോടും വാർത്താവിനിമയ സംവിധാനങ്ങളോടും രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുള്ള നിരവധി സെൻസറുകളോടും എല്ലാം ബന്ധപ്പെട്ടു കിടക്കുന്ന അതീവ സങ്കീർണ്ണമായ ഒരു കമ്പ്യൂട്ടർ സംവിധാനമാണ് Perimeter അഥവാ Dead Hand. ഇന്നുള്ള ആർട്ടിഫിഷ്യൽ ഏജന്റ് (A.I) അഥവാ നിർമ്മിത ബുദ്ധിയോട് ഇതിനെ വേണമെങ്കിൽ ഉപമിക്കാം.

Dead hand - ന്റെ പ്രവർത്തനത്തെയും വ്യാപ്തിയേയും സംബന്ധിച്ചുള്ള പൂർണ്ണവിവരങ്ങൾ ഇന്നും അജ്ഞാതമാണ്.അമേരിക്കയേയും NATO രാജ്യങ്ങളെയും അത് പോലെ തന്നെ ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആയിരക്കണക്കിനു ഭൂഖണ്ഡന്തര ആണവ മിസൈലുകൾ (ICBM) സോവിയറ്റ് യൂണിയൻ ഒരുക്കി വച്ചിട്ടുണ്ട്.ഈ മിസൈലുകളുടെയെല്ലാം Launch Codes പ്രസിഡന്റിന്റെ കയ്യിലുള്ള ഒരു Nuclear Suitcase - ൽ സുരക്ഷിതമായിരിക്കും. ഒരു ആണവ ആക്രമണം ഉണ്ടാകുമ്പോൾ പ്രസിഡന്റ് ഈ launch code - കൾ ആക്റ്റിവേറ്റ് ചെയ്യുന്നു. അതോടെ സോവിയറ്റ് യൂണിയന്റെ എല്ലാ ആണവ ആയുധങ്ങളും ലോഞ്ചിന് തയ്യാറായി ആക്റ്റീവ് ആകുന്നു. സൈനിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശത്തിനു അനുസരിച്ചു ഈ ആണവായുധങ്ങളുടെ ചുമതലയുള്ള സേന വിഭാഗങ്ങൾക്ക് അവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്തു വിടാം. എന്നാൽ ആദ്യത്തെ ആക്രമണത്തിൽ തന്നെ launch code - കളും സേനാവിഭാഗങ്ങളും നിർവീര്യമാക്കപ്പെട്ടാൽ പ്രത്യാക്രമണം ഉണ്ടാകുകയില്ല. ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരു backup പോലെ പ്രവർത്തിച്ചു തിരിച്ചടിക്കുക എന്നതാണ് Perimeter സംവിധാനത്തിന്റെ ധർമ്മം.

No comments:

Post a Comment