Saturday, October 8, 2016

വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക


1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു. 

അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ അവള്‍ക്ക് കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു. 

തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്. 

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്. 


യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല. 

പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. 

1938 ഒക്ടോബർ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രിൽ 30ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്.


വിശുദ്ധ ബ്രൂണോ


ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം അദ്ദേഹം പിന്നീട് ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു. ചാർട്രെയൂസ് എന്ന സ്ഥലത്താണ് വിശുദ്ധന്‍ ഏകാന്ത വാസം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കാർത്തുസിയൻ സഭ സ്ഥാപിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു. 

മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമവാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ ഉർബൻ രണ്ടാമൻ പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. 

നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വിജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിട്ടു. 1101 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം വിവിധ രോഗങ്ങള്‍ക്ക് അടിമയായി. അതേ വര്‍ഷം ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു. ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്

വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും



പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൌജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ വളരെ നല്ല വൈദ്യന്‍മാര്‍ ആയിരുന്നു. 

ഡയോക്ലീഷന്‍ ചക്രവ൪ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കുകയും ഇവരെ ശിരഛേദനം ചെയ്യുകയും ചെയ്തു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു. 

വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 

റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും പെടും. പശ്ചിമ-പൌരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു. 

ബ്രോണിലെ വിശുദ്ധ ജെറാർഡ്


കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”. 

ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയർത്തപ്പെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു. 

എന്നാല്‍ അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി. കാരണം, അവിടുത്തെ സന്യാസിമാർ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദർശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു. 

വിശുദ്ധ ബെനിഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് മടങ്ങി.

പരിശുദ്ധ ജപമാലയുടെ രാജ്ഞി


1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. 

1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്. 

"പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ" എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് തൊട്ടിന്നുവരെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ. 

ആധുനിക കാലഘട്ടത്തിലെ പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല.ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരയായി ചൊരിയപ്പെടുന്നു. സകലർക്കും മോക്ഷം നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.


വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി


അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. 

തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. 

തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി. 

വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 224-ൽ ആയിരുന്നു ഇത്. 



ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു. 

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


വിശുദ്ധ ദിമെട്രിയൂസ്


ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. . മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷെ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. 

ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. 

ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സെര്‍ബിയയിലെത്തിയതെന്നു കരുതുന്നു. 


തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു. ഇതിനാല്‍ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിനെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. 



കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി പരക്കുകയും ചെയ്തു. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു. 

കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥവിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടുത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്.

Monday, September 19, 2016

വ്യാകുല മാതാവിന്റെ തിരുനാൾ


പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്. 

തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി വ്യാപിച്ച് ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബ്ബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനിഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌ തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്. 

ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004). 

തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു. 

ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ:- 

1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) 

2) ഈജിപ്ത്തിലേക്കുള്ള പലായനം (മത്തായി 2:13-15). 

3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50). 

4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31). 

5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30). 

6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37). 

7) യേശുവിന്റെ ശവ സംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47). 


വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം !


ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 

ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു. വിശുദ്ധന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മാതാവായ അന്തൂസ തന്റെ ഇരുപതാമത്തെ വയസ്സില്‍ വിധവയായി. രണ്ടാം വിവാഹത്തേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അന്തൂസ തന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മകനെ നല്ല നിലയില്‍ വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവള്‍ തന്റെ മകന് നല്‍കിയത്. യുവാവായിരിക്കെ ജോണ്‍ അന്ത്യോക്ക്യായിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ സ്വാധീനത്തിലായതാണ് വിശുദ്ധന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. മെലത്തിയൂസ് അവനെ ഡിയോഡോറെയിലേ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും, പിന്നീട് അവനെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. 

ഈ സമയത്താണ് ജോണ്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. ഒരു സന്യാസിയായി തീരണമെന്നായിരുന്നു ജോണ്‍ തീരുമാനിച്ചത്. അതനുസരിച്ച് അദ്ദേഹം ഒരു സന്യാസിയായി ഗുഹയില്‍ താമസിക്കുകയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഹെസിച്ചിയൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഠിനമായ ആശ്രമചര്യകളാല്‍ വിശുദ്ധന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം അന്തോക്ക്യയിലേക്ക് തിരികെ വന്നു. അവിടെ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിക്കുകയും ചെയ്തു. 

അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം വിശുദ്ധന്‍ തന്റെ മാസ്മരിക പ്രഘോഷണങ്ങളും, പ്രഭാഷണ പാടവും കൊണ്ട് അന്തോക്ക്യ മുഴുവന്‍ ഇളക്കിമറിച്ചു. വിശുദ്ധന്റെ അറിവും വാക്ചാതുര്യവും അപാരമായിരുന്നു. ഈ സമയത്താണ് വിശുദ്ധന് ‘ക്രിസോസ്റ്റം’ അല്ലെങ്കില്‍ സ്വര്‍ണ്ണ ‘നാവുകാരന്‍’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ശുദ്ധമായ സ്വര്‍ണ്ണം പോലെയായിരുന്നു. 397-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സിംഹാസനം ഒഴിവായപ്പോള്‍ അര്‍ക്കാഡിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ അവിടത്തെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്‍ ആ പദവി നിരസിക്കുമോ എന്ന ആശങ്കയാല്‍ ചക്രവര്‍ത്തി വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൂത്രത്തില്‍ വരുത്തിക്കുകയും 398-ല്‍ അവിടത്തെ മെത്രാനായും, പാത്രിയാര്‍ക്കീസുമായി വാഴിക്കുകയും ചെയ്തു. 

രാഷ്ട്രീയപരമായ ചതികളും, ധാരാളിത്തവും, അത്യാര്‍ത്തിയുമാണ് വിശുദ്ധന് അവിടെ കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം ചിലവുകള്‍ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുവാന്‍ തുടങ്ങി. ആശുപത്രികള്‍ പണിയുകയും, പുരോഹിത വൃന്ദത്തില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും, ആശ്രമപരമായ അച്ചടക്കം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ ഈ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേയും നേടികൊടുത്തു. ചക്രവര്‍ത്തിനിയായ യൂഡോക്സ്യായും, അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന തിയോഫിലൂസും ആയിരുന്നു അവരില്‍ പ്രമുഖര്‍. അധികം താമസിയാതെ നഗരം കലുഷിതമാവുകയും, വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടാവുകയും ചെയ്തു. 404-ല്‍ ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി. 

407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1204-ല്‍ വിശുദ്ധന്റെ ഭൗതീകശരീരം റോമിലെ സെന്റ്‌ പീറ്റേഴ്സിലേക്ക് കൊണ്ട് വന്നുവെങ്കിലും 2004 നവംബര്‍ 27-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയില്‍ സൂക്ഷിച്ചിരിക്കുന്നു. 

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ പ്രസിദ്ധമായ 2 വാക്യങ്ങള്‍ ചുവടെ നല്കുന്നു. 

** “മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള ശക്തി കര്‍ത്താവ് നിനക്ക് തരികയാണെങ്കില്‍, അവന്‍ അനുഭവിച്ച സഹനങ്ങളുടെ കുറച്ചും നിനക്ക് പ്രദാനം ചെയ്യും. അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴി നീ നിന്നെത്തന്നെ അവന്റെ കടക്കാരനാക്കുന്നു, അതുപോലെ സഹനങ്ങള്‍ വഴി അവന്‍ നിന്റെ കടക്കാരനും ആയേക്കാം. നിന്നെ സ്നേഹിക്കുന്ന ദൈവത്തിന് വേണ്ടി സഹനമനുഭവിക്കുവാന്‍ കഴിവുള്ളവനാകുക എന്നത് മാത്രമാണ് സഹനത്തിന്റെ പ്രതിഫലമെങ്കില്‍ പോലും, ഇതൊരു മഹത്തായ പ്രതിഫലവും, അര്‍ഹമായ വേതനവുമായിരിക്കില്ലേ? ദൈവത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, ഞാന്‍ പറയുന്നത് മനസ്സിലാകും.” 

** “എപ്പോഴൊക്കെ നീ, യേശു വിശ്രമിക്കുന്ന അള്‍ത്താരയുടെ മുന്‍പിലായിരിക്കുമ്പോള്‍, മനുഷ്യരുടെ ഇടയിലാണ് എന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല; ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും നാഥനായ ദൈവത്തോടുള്ള ബഹുമാനം കൊണ്ട് വിറക്കുന്ന മാലാഖമാരുടേയും, പ്രധാന മാലാഖമാരുടേയും ഒരു സൈന്യം തന്നെ നിന്റെ അരികിലുണ്ട്. അതിനാല്‍ നീ ദേവാലയത്തിലായിരിക്കുമ്പോള്‍, അവിടെ നിശബ്ദതയോടും, ഭയത്തോടും, ആദരവോടുകൂടിയും നില്‍ക്കണം”. 

Wednesday, September 14, 2016

കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ



സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു. 

ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും രാജ്ഞിയായ അവളിലൂടെ സകലമനുഷ്യര്‍ക്കും എല്ലാ കൃപാവരങ്ങളും ലഭിക്കപ്പെടുന്നു. 

പരിശുദ്ധ ത്രിത്വത്തിന്റെ ഇഷ്ടപ്രകാരം അവളിലൂടെ അവിശ്വാസികളായിട്ടുള്ളവര്‍ക്ക് വിശ്വാസവും, ക്ലേശിതര്‍ക്ക് ആശ്വാസവും ലഭിക്കപ്പെടുന്നു; കൂടാതെ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് കര്‍ത്താവിന്റെ മാതൃകയില്‍ വളരുവാനുള്ള കൃപാവരവും ലഭിക്കുന്നു. എല്ലാ മാനുഷിക ഭാവങ്ങളും പരിശുദ്ധ മറിയത്തില്‍ വിളങ്ങുന്നു. പുരാതനകാലം മുതലേ തിരുസഭ അനുവര്‍ത്തിക്കുന്നത് പോലെ തന്നെ അവളുടെ ജനനത്തിരുനാളില്‍ നമ്മളും ആഹ്ലാദിക്കുന്നു. 

തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന്‍ ജന്മദിനങ്ങളില്‍ ഒന്നാണ് പരിശുദ്ധ മാതാവിന്റെ ജന്മദിനം. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. ഇവര്‍ മൂന്ന്‍ പേരും ജന്മപാപമില്ലാതെ ജനിച്ചവരാണ്. മറിയവും, യേശുവും ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താല്‍ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. 

വേനല്‍കാലത്തിനു അവസാനമാവുകയും, മഞ്ഞു കാലം തുടങ്ങുകയും ചെയ്യുന്നതിനാല്‍ സെപ്റ്റംബര്‍ 8 എന്ന ദിവസത്തോട് ബന്ധപ്പെട്ട് നിരവധി നന്ദിപ്രകാശന ആഘോഷങ്ങളും, ആചാരങ്ങളും നിലവിലുണ്ട്. ഈ ദിനത്തില്‍ വേനലിലെ വിളവെടുപ്പിനെ അനുഗ്രഹിക്കുകയും, പുതിയ വിത്തുകള്‍ പാകുകയും ചെയ്യുന്ന ഒരാചാരം പുരാതന റോമന്‍ ആചാരങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഫ്രാന്‍സിലെ മുന്തിരി കൃഷിക്കാര്‍ ഈ ആഘോഷത്തെ “മുന്തിരി വിളവെടുപ്പിന്റെ പരിശുദ്ധ കന്യക” (Our Lady of the Grape Harvest) എന്നാണ് വിളിച്ചിരുന്നത്. ഈ ദിവസം ഏറ്റവും നല്ല മുന്തിരിപഴങ്ങള്‍ പ്രാദേശിക ദേവാലയത്തില്‍ കൊണ്ട് വന്ന് വെഞ്ചിരിക്കുകയും, അതില്‍ കുറച്ച് മുന്തിരികുലകള്‍ മാതാവിനു സമര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. പുതിയ മുന്തിരി പഴങ്ങള്‍ ഉള്‍പ്പെട്ട ഒരു ഉത്സവ സദ്യയും ഈ ആഘോഷ ദിവസത്തിന്റെ ഭാഗമായിരുന്നു. 

ഓസ്ട്രിയായിലെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ ഈ ആഘോഷത്തെ “ഇറക്കത്തിന്റെ ദിവസം” (Drive-Down Day) എന്നാണ് വിളിക്കുന്നത്. ഈ ദിവസം കുന്നിന്‍ ചെരുവുകളില്‍ മേയാന്‍ വിട്ടിരിക്കുന്ന കന്നുകാലികളെ അടിവാരങ്ങളിലുള്ള അവരുടെ ശൈത്യകാല തൊഴുത്തുകളിലേക്ക് കൊണ്ട് വരും. പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിന്റെ പേരില്‍ ഓസ്ട്രിയായിലെ ചില ഭാഗങ്ങളില്‍ ഈ ദിവസത്തെ പാലും, ബാക്കി വരുന്ന ഭക്ഷണവും പാവങ്ങള്‍ക്ക് നല്‍കുന്ന പതിവുമുണ്ട്. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ പരിശുദ്ധ ദൈവമാതാവ് നമ്മുടേയും അമ്മയായതില്‍ നമുക്കും ആഹ്ലാദിക്കാം. പരിശുദ്ധ മാതാവിന്റെ ലുത്തിനിയായില്‍ അവള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ വിശേഷണമായ “ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ” എന്ന് നമുക്ക് അമ്മയെ വിളിക്കാം. 

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ !


A.D 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. A.D 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന്‍ ചരിത്രകാരന്‍മാര്‍ പറയുന്നു. 

എത്ര ശ്രമിച്ചിട്ടും, ചക്രവർത്തിയ്ക്കു മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം, ജെറുസലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തി ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചുയെന്ന്‍ പറയപ്പെടുന്നു. 

‘കുരിശുദ്ധാരണ തിരുന്നാൾ’, ‘കുരിശുയർത്തൽ തിരുന്നാൾ’, ‘വിശുദ്ധ കുരിശ് തിരുന്നാൾ’, ‘വിശുദ്ധ റൂഡ് തടി തിരുന്നാൾ’, ‘റൂഡ്തടി കുർബ്ബാന തിരുന്നാൾ’ എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ് പ്രാർത്ഥനാ ക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്‌. പഴയ നിയമത്തിൽ മോശ മരത്തൂണിൽ പിച്ചള സർപ്പത്തെ ഉയർത്തിയത്, പുതിയ നിയമത്തിൽ യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന്‍ ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മരണം കുരിശിൽ ആണെങ്കിൽ പോലും. അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും. 

നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്‌. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനുമാണ്‌, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്. കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം. നമ്മുടെ ദേഹവും, ദേഹിയും, മനശക്തിയും, ചിന്തയും എല്ലാം കുരിശിന്റെ ചുവട്ടിലേക്ക് സമര്‍പ്പിക്കാം. 

Sunday, September 4, 2016

വിശുദ്ധ അഗ്രിക്കോളസ്


മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകൻ അമ്മയുടെ മരണശേഷമാകാം, 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 

ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ ചുമതലയിൽ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന്‌ ലഭിച്ചു. പത്തുവർഷങ്ങൾക്ക് ശേഷം, പിതാവിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ട വിശുദ്ധ അഗ്രിക്കോളസ് സുവിശേഷ പ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീർന്നു. 

വിശുദ്ധന്മാരായ ജോർജ്, ഏസേഷ്യസ്, അന്തോക്യയിലെ മാർഗററ്റ് എന്നിവരേപ്പോലെ, ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്, പിശാചിനെതിരെ പടവെട്ടിയതു കൊണ്ടാണ്‌. ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല, മറിച്ച് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാർത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവുമായ പടച്ചട്ടയുടെ സംരംക്ഷണത്തിലാണ്‌. അവിഗ്നോനിലെ ബിഷപ്പ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് തന്റെ ആടുകൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പുണ്യവാനായ ഇടയശ്രേഷ്ഠനായിരുന്നു. 1647-ല്‍ വിശുദ്ധ അഗ്രിക്കോളസ് 'അവിഗ്നോനിന്റെ മധ്യസ്ഥനായി' പ്രഖ്യാപിക്കപ്പെട്ടു. 

വിശുദ്ധ ഫിയാക്കര്‍


അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദിവ്യത്വത്തില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ അപരിചിതനിലെ നന്മയുടേയും, കഴിവിന്റേയും അടയാളങ്ങള്‍ കണ്ട് ആ പിതാവ് അതിശയപ്പെടുകയും, ബ്രീ എന്ന പ്രവിശ്യയിലെ ബ്രിയൂലി എന്ന വനത്തില്‍ ഏകാന്ത വാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. 

ഫിയാക്കര്‍ അവിടത്തെ മരങ്ങള്‍ വെട്ടിത്തെളിച്ചു നിലം വൃത്തിയാക്കി ചെറിയ തോട്ടത്തോട് കൂടിയ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാ മുറിയും അതില്‍ ഉണ്ടായിരുന്നു. തന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫിയാക്കര്‍ എന്ന സന്യാസി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. അദ്ദേഹം തന്റെ തോട്ടം കിളച്ചുമറിക്കുകയും തന്റെ ഉപജീവനത്തിനാവശ്യമായവക്കായി അവിടെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതി വളരെ കര്‍ക്കശമായിരുന്നു. ക്രമേണ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഉപദേശത്തിനും ആശ്വാസത്തിനുമായി വിശുദ്ധനെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. 

പിന്നീട് വിശുദ്ധന്‍ തന്റെ മുറിയില്‍ നിന്നും കുറച്ച് ദൂരെയായി അപരിചിതര്‍ക്കും, തീര്‍ത്ഥാടകര്‍ക്കുമായി ഒരു ആശുപത്രി നിര്‍മ്മിച്ചു. അവിടെ അദ്ദേഹം തന്റെ സ്വന്തം കൈകൊണ്ട് ദരിദ്രരായ രോഗികളെ ശുശ്രൂഷിച്ചു. അനേകം രോഗികള്‍ക്ക് അവിടെ വെച്ചു രോഗശാന്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സ്ത്രീകളെ തന്റെ ആശ്രമപരിസരത്ത് പ്രവേശിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചിരുന്നില്ല. ഇത് ഐറിഷ് സന്യാസിമാര്‍ കണിശമായി പാലിച്ചിരുന്ന ഒരു നിയമമായിരുന്നു. തന്റെ മരണംവരെ വിശുദ്ധ ഫിയാക്കര്‍ ഈ നിയമം തെറ്റിച്ചിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മാബില്ലോണും, ഡു-പ്ലെസ്സീസും രേഖപ്പെടുത്തിയിരിക്കുന്നു. 

1620-ല്‍ പാരീസിലെ ഒരു വനിത തനിക്ക് ഈ നിയമമൊന്നും ബാധകമല്ല എന്ന് ഭാവിച്ചുകൊണ്ട് പ്രാര്‍ത്ഥനാ മുറിയില്‍ കയറുകയും, അവിടെ വെച്ച് അവര്‍ക്ക് ബുദ്ധിഭ്രമം സംഭവിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു. ഒരു ഉന്നതകുലജാതനും വിശുദ്ധ ഫിയാക്കറിന്റെ ബന്ധുവുമായ വിശുദ്ധ ചില്ലെന്‍ അല്ലെങ്കില്‍ കിലിയന്‍ റോമില്‍ നിന്നും തിരിച്ചു പോകുന്ന വഴിയില്‍ വിശുദ്ധനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കുറച്ചു കാലം കഴിയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പിന്നീട് വിശുദ്ധ ഫിയാക്കറിന്റെ ഉപദേശത്താല്‍ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി അയല്‍ രൂപതകളില്‍, പ്രത്യേകമായി അരാസില്‍ വളരെ വിജയകരമായി സുവിശേഷ പ്രഘോഷണം നടത്തി. 

ഹെക്ടര്‍ ബോയിട്ടിയൂസ്, ഡേവിഡ് കമേരാരിയൂസ്, മെത്രാനായിരുന്ന ലെസ്ലി എന്നിവരുടെ വിവരണമനുസരിച്ച്: ക്ലോട്ടയര്‍ രണ്ടാമന്റെ കാലത്തെ സ്കോട്ട്ലന്റിലെ രാജാവിന്റെ മൂത്തപുത്രനായിരുന്നു വിശുദ്ധ ഫിയാക്കര്‍. തന്റെ രാജ്യത്തിന്റെ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി വിശുദ്ധനോട് തിരികെ വന്ന് രാജ്യഭരണമേറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും, ‘അനശ്വരമായ കിരീടം നേടുവാനായി താന്‍ ഭൗതികനേട്ടങ്ങളെ ഉപേക്ഷിക്കുകയാണ്' എന്നായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഈ സംഭവങ്ങളൊന്നും വിശുദ്ധന്റെ പുരാണ ജീവചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതായി കാണുന്നില്ല. 670 ഓഗസ്റ്റ് 30-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 



അദ്ദേഹത്തിന്റെ സ്വന്തം പ്രാര്‍ത്ഥനാ മുറിയില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ശരീരം അടക്കം ചെയ്തത്. വിശുദ്ധന്റെ കൂടെ ശിഷ്യന്‍മാര്‍ ആരും താമസിച്ചിരുന്നതായി കാണുന്നില്ല. അതിനാല്‍ വിശുദ്ധ ഫാരോയുടെ സന്യാസിമാര്‍ ബ്രിയൂലിയിലെ ചാപ്പല്‍ പരിപാലിക്കുന്നതിനും, തീര്‍ത്ഥാടകരെ സഹായിക്കുന്നതിനുമായി മൂന്ന് പുരോഹിതന്‍മാരെ നിയമിച്ചു. വിശുദ്ധ ഫ്രിയാക്കറിന്റെ ചാപ്പല്‍ നിരന്തരമായ അത്ഭുത പ്രവര്‍ത്തനങ്ങളാല്‍ പ്രസിദ്ധമാണ്. 

1568-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ മിയൂക്സിലെ കത്രീഡലിലേക്ക് മാറ്റിയെങ്കിലും കുറച്ച് ഭാഗം ബ്രിയൂലിയില്‍ സൂക്ഷിച്ചിരുന്നു. ഫ്ലോറെന്‍സിലെ നാടുവാഴികള്‍ക്ക് 1527ലും 1695ലും ഈ തിരുശേഷിപ്പിലെ കുറച്ച് ഭാഗങ്ങള്‍ ലഭിക്കുകയും അത് അവര്‍ ടോപ്പയായില്‍ ഒരു ചാപ്പല്‍ പണിത് സൂക്ഷിക്കുകയും ചെയ്തു. ബ്രീ പ്രവിശ്യയുടെ മാധ്യസ്ഥനായ വിശുദ്ധ ഫിയാക്കറിന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ട്. വിശുദ്ധന്റെ നാമം ഫ്രാന്‍സില്‍ പ്രസിദ്ധമായി തീര്‍ന്നിട്ട് ആയിരത്തിലധികം വര്‍ഷമായി. വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. മിയൂക്സിലെ മെത്രാനായിരുന്ന എം. സെഗൂയിര്‍, ബ്ലോയിസിലെ പ്രഭുവായിരുന്ന ജോണ്‍ ഒന്നാമന്‍ എന്നിവര്‍ വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ തങ്ങള്‍ക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് ആധികാരികമായ സാക്ഷ്യം നല്‍കിയിട്ടുണ്ട്


Saturday, September 3, 2016

എസെനിന്റെ കവിതകള്‍


സാദി എന്ന കവി… 

സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ! 
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം! 
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ 
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു. 
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല: 
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു. 
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും 
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ! 
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല; 
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട 
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ 
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!
 


(എസെനിൻ ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ്‌ താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ്‌ പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവന്നു.) 

കാച്ചലോവിന്റെ നായയോട്



വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ, 
ഇതുപോലൊരു കൈ ഞാൻ കണ്ടിട്ടേയില്ല! 
നമുക്കു പോയി ചന്ദ്രന്റെ ചോട്ടിലിരിക്കാം, 
ഈ നിശബ്ദരാത്രിയിലവനെ നോക്കിക്കുരയ്ക്കാം! 
വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ!
 
എന്നാൽ കുട്ടാ, നീയെന്നെ നക്കരുത്, നക്കരുത്. 
ഈയുപദേശം നീയൊന്നനുസരിക്കണം. 
ജീവിതമെന്തെന്നു നിനക്കറിയില്ല ചങ്ങാതീ, 
എന്തൊക്കെച്ചെയ്താലാണു ജിവിക്കാനാവുകയെന്നും.
 
ദയാലുവാണ്‌ നിന്റെ യജമാനൻ, പ്രമാണി, 
എത്രയോ വിരുന്നുകാരെ നീ കണ്ടുകഴിഞ്ഞു- 
പുഞ്ചിരിയോടവർ നിന്നെയോമനിച്ചിരുന്നു, 
നിന്റെ വെൽവെറ്റുകുപ്പായമവർ തൊട്ടുനോക്കിയിരുന്നു.
 
നായ്ക്കളിൽ വെച്ചെത്ര സുന്ദരനാണു നീ! 
സ്നേഹമുള്ള കണ്ണുകൾ, വിശ്വസിക്കുന്ന മുഖം. 
ആരോടുമനുവാദം ചോദിക്കാൻ നില്ക്കാതെ 
ആരെയും നീ കേറി ചുംബിക്കുകയും ചെയ്യുന്നു!
 
ജിമ്മീ, എത്രയോ വിരുന്നുകാരെ നീ കണ്ടു, 
പലേ തരക്കാർ, ഒരു തരവുമല്ലാത്തവർ. 
എന്നാലവളെ നീയിവിടെക്കണ്ടിരുന്നോ, 
ആരെക്കാളും ദുഃഖിതയെ, ആരെക്കാളും മൂകയെ?
 
അവളിവിടെ വന്നാൽ- അപ്പോൾ ഞാനുണ്ടാവില്ല- 
അവളുടെ കണ്ണുകളിൽ ആർദ്രതയോടെ നോക്കുക, 
എനിക്കായി അവളുടെ കൈയിൽ നക്കുക, 
ഞാൻ ചെയ്ത പിഴകൾക്കായി, ചെയ്യാത്തവയ്ക്കുമായി. 

അവസാനത്തെ കവിത 


വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
എന്റെ നെഞ്ചിൽ നിനക്കെന്നുമിടമുണ്ടാവും. 
പിരിഞ്ഞവരൊരുമിക്കുമെന്നു നക്ഷത്രങ്ങൾ പറയട്ടെ, 
ഇന്നു നമുക്കു പക്ഷേ, പിരിയുക തന്നെ വേണം. 

അതിനാൽ, വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
കൈത്തലവും വാക്കുകളും നെറ്റിയിൽ ചാലുകളും വേണ്ട. 
മരിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല, 
ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല.
 


(1925 ഡിസംബർ 24ന്‌ എസെനിൻ മോസ്ക്കോയിൽ നിന്ന് പെട്രോഗ്രാഡിലെത്തി; പിന്നെ മൂന്നു ദിവസം പല കൂട്ടുകാരെയും ചെന്നുകണ്ടു; ചിലരെ താൻ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചു. ഡിസംബർ 27ന്‌ അദ്ദേഹം ഒരു കൂട്ടുകാരനോടു പറഞ്ഞു, മുറിയിൽ മഷി നോക്കിയിട്ടു കാണാതിരുന്നതിനാൽ അന്നു രാവിലെ തനിയ്ക്ക് സ്വന്തം ചോര കൊണ്ട് ഒരു കവിത എഴുതേണ്ടി വന്നുവെന്ന്. പിന്നീടു വായിച്ചാൽ മതിയെന്നു പറഞ്ഞുകൊണ്ട് കൂട്ടുകാരന്റെ പോക്കറ്റിൽ ഒരു കവിത വച്ചുകൊടുക്കുകയും ചെയ്തു. അയാൾ പിറ്റേ ദിവസം കവിതയെടുത്തു വായിക്കുമ്പോഴേക്കും കവി മരിച്ചു കഴിഞ്ഞിരുന്നു.) 

സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ



സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ Sergi Alexandrovich Yesenin(1895-1925) - റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും പോയി. അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേവ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. 1916ൽ ആദ്യത്തെ കവിതാസമാഹാരം Radunitsa (മരിച്ചവർക്കുള്ള ചടങ്ങുകൾ) പ്രസിദ്ധീകരിച്ചു.




രൂപക്കൂടുകളിലിരുന്ന് വിശുദ്ധന്മാരുടെ ചിത്രങ്ങൾ അനുഗ്രഹിക്കുകയും വീടുകളിലെ ചിമ്മിനികളിൽ കൊറ്റികൾ കൂടു കൂട്ടുകയും ബിർച്ചു മരങ്ങൾക്കു മേൽ ആകാശം ഒരു നീലത്തൂവാല പോലെ തിളങ്ങുകയും ചെയ്യുന്ന തന്റെ ബാല്യകാലത്തെ റഷ്യയെ വാഴ്ത്തുന്നതായിരുന്നു അതിലെ കവിതകൾ. 1918ൽ ഇറങ്ങിയ Inonya (മറ്റൊരു ലോകം) ആത്മീയവും സാമൂഹികവുമായ ഒരു പരിവർത്തനത്തിന്റെ നാന്ദിയായി റഷ്യൻ വിപ്ളവത്തെ വരവേല്ക്കുന്നു. ഇരുമ്പും ഉരുക്കും കല്ലും പ്രതിനിധീകരിക്കുന്ന വ്യവസായപ്രധാനമായ ആധുനികലോകമല്ല, മരവും മണ്ണും അടയാളങ്ങളായ പഴയ ലോകമായിരുന്നു


യസെനിൻ കാത്തിരുന്ന ആ ‘മറ്റൊരു ലോകം.’ പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി. മോസ്ക്കോവിൽ Imaginists കവികളുടെ കൂട്ടത്തിൽ ചേർന്ന എസെനിൻ വൈകാതെ അവരിൽ പ്രധാനിയായി. കഫേകളിൽ കവിതാലാപനവും ഒപ്പം അമിതമായ മദ്യപാനവുമായി കഴിയുന്നതിനിടെ Zinaida Reichനെ വിവാഹം കഴിക്കുകയും വിവാഹമോചിതനാവുകയും ചെയ്തു. 1921 ഒടുവിൽ അമേരിക്കൻ നർത്തകിയായ ഇസഡോറ ഡങ്കനെ പരിചയപ്പെട്ടു. അന്യോന്യം ഭാഷയറിയാത്ത ഇരുവരും വിവാഹിതരാവുകയും ചെയ്തു. നർത്തകിക്കൊപ്പമുള്ള യാത്രകളിൽ യൂറോപ്പിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലെ മുറികൾ അടിച്ചു തകർക്കുകയായിരുന്നു കവിയുടെ വിനോദം. 1922 ലെ അമേരിക്കൻ യാത്രയിൽ അവർ തമ്മിലുള്ള ബന്ധം വഷളാവുകയും എസെനിൻ വിവാഹബന്ധം വേർപെടുത്തി റഷ്യയിലേക്ക് മടങ്ങുകയും ചെയ്തു.




പിന്നീടുള്ള കവിതകൾ ആത്മനിന്ദയുടേതായിരുന്നു: “ഒരു തെമ്മാടിയുടെ കുമ്പസാരങ്ങൾ”, “കള്ളുകടകളുടെ മോസ്ക്കോ” തുടങ്ങിയവ. എസെനിൻ പിന്നീടു വിവാഹം ചെയ്തത് ടോൾസ്റ്റോയിയുടെ ഒരു ചെറുമകളെയാണ്‌. പക്ഷേ മദ്യപാനത്തോടൊപ്പം കൊക്കെയിൻ തീറ്റയും തുടർന്നു. 1924ൽ ജനിച്ച നാട്ടിലെത്തിയ കവി കണ്ടത് അവിടുത്തെ കൃഷിക്കാർ സോവിയറ്റ് സൂക്തങ്ങൾ ഉരുവിടുന്നതാണ്‌; മാർക്സിന്റെ നാലു പേജ് വായിച്ചാൽ ഉറക്കം വരുന്ന കവി കുറ്റബോധത്തോടെ മനസ്സിലാക്കി, ജനകീയകവി എന്ന ദൗത്യം ഏറ്റെടുക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന്! ഇരുമ്പിനെയും ഉരുക്കിനെയും സ്തുതിച്ചു കൊണ്ടുള്ള കവിതകളെഴുതി മുഖ്യധാരയിലെത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ബോൾഷെവിക് റഷ്യയിൽ താൻ എത്ര അന്യനാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അവസാനമെഴുതിയ Cherny Chelovek (കറുത്തവൻ) സ്വന്തം പരാജയങ്ങളുടെ നിർദ്ദയമായ വിചാരണയാണ്‌. 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌.

ഗാനാത്മകതയാണ്‌ യസെനിന്റെ കവിതകളുടെ മുഖമുദ്ര. മനസ്സിൽ തട്ടുന്ന ബിംബകല്പനകൾ കൊണ്ടു നിറഞ്ഞതാണ്‌ തീക്ഷ്ണമായ ആ ഭാവഗീതങ്ങൾ. അടിസ്ഥാനപരമായി കാല്പനികനായ എസെനിൻ റഷ്യൻ വിപ്ളവത്തെ സ്വാഗതം ചെയ്തുവെങ്കിലും മോഹഭംഗത്തിന്‌ അധികകാലമെടുത്തില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കർഷകവിപ്ളവകാരിയായ പുഗാച്ച്യോവിനെക്കുറിച്ചെഴുതിയ ദീർഘകാവ്യം അക്കൊല്ലം ടാംബോവ് പ്രവിശ്യയിൽ ബോൾഷെവിക്കുകൾക്കെതിരെ നടന്ന കർഷകരുടെ കൂറ്റൻ പ്രക്ഷോഭത്തിനുള്ള ഒരു പരോക്ഷപിന്തുണ തന്നെയായിരുന്നു. യൂറോപ്പ്, അമേരിക്കൻ പര്യടനങ്ങൾക്കു ശേഷം ലെനിനെ സ്തുതിച്ചു കൊണ്ടുള്ള കവിതകൾ എഴുതിയെങ്കിലും അദ്ദേഹത്തിന്റെ കേന്ദ്രപ്രമേയങ്ങൾ - ഗ്രാമീണറഷ്യയും മോസ്ക്കോയിലെ അധോതലജീവിതവും- സോവിയറ്റ് വിരുദ്ധമായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണ്‌ എസെനിന്റെ കവിതയെന്ന് ആരോപിക്കപ്പെട്ടു. റഷ്യൻ സാഹിത്യത്തെ സോവിയറ്റ്‌വല്ക്കരിക്കുന്ന പ്രക്രിയയുടെ ഒരു പ്രധാനഘട്ടമായിരുന്നു ഈ ആക്രമണങ്ങൾ. മയക്കോവ്സ്ക്കി എസെനിന്റെ മരണത്തെക്കുറിച്ചുള്ള തന്റെ കവിതയെഴുതിയത് ഈ പശ്ചാത്തലത്തിലാണ്‌. ആ മരണത്തെ വിമർശിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ ഏറ്റവും കടുത്ത വിമർശനങ്ങൾക്കുന്നമാക്കുന്നത് എസെനിന്റെ വിരോധികളെ ആണ്‌.

അമിതവൈകാരികത എസെനിന്റെ കവിതകളുടെ ദോഷമായി പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകളിലെ ആർജ്ജവം മനസ്സിൽ തട്ടുന്നതാണ്‌. ഗ്രാമീണറഷ്യയെക്കുറിച്ചോർത്തു ഖേദിക്കുമ്പോൾത്തന്നെ ആ ലോകത്തേക്കൊരു മടക്കം ഇനീ അസാദ്ധ്യമാണെന്ന യാഥാർത്ഥ്യബോധവും അദ്ദേഹത്തിനുണ്ട്. 1924ലെ അദ്ദേഹത്തിന്റെ കവിതാസമാഹാരം Moscow of the Taverns കള്ളന്മാരുടെയും തെമ്മാടികളുടെയും വേശ്യകളുടെയും ജീവിതത്തെ മമതയോടെ, എന്നാൽ നിറപ്പകിട്ടില്ലാതെ, ചിത്രീകരിക്കുന്നു.



മൃഗങ്ങളെ കുറിച്ച് ഇത്ര സ്നേഹത്തോടെ എഴുതിയ മറ്റൊരു റഷ്യൻ കവി ഉണ്ടായിരിക്കില്ല. ഒരു കവിതയിൽ തന്റെ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതു കണ്ടിട്ട് ഒരു പെൺപട്ടി വീട്ടിലേക്കു മടങ്ങുന്ന ദൃശ്യമുണ്ട്; പുരയ്ക്കു മേൽ ചന്ദ്രനെ കണ്ടിട്ട് ഒരു നിമിഷം അവൾക്കു തോന്നുകയാണ്‌, അത് തന്റെ ജീവനുള്ള കുഞ്ഞാണെന്ന്. മറ്റൊരു കവിതയിൽ ഒരു തീവണ്ടിയ്ക്കു പിന്നാലെ പായുന്ന ഒരു കുതിരക്കുട്ടിയെ വർണ്ണിക്കുന്നു; ‘എത്ര ടൺ കുതിരയിറച്ചിയുടെയും തൊലിയുടെയും’ വിലയാണ്‌ ഒരു തീവണ്ടിയെഞ്ചിനെന്ന് അതിനറിയാത്ത പോലെ! ഷലോമോവ് പറയുന്നു: “പ്രകൃതിയുടെ വലിയൊരു ഭാഗം - ജന്തുക്കൾ- കവിതയ്ക്കു പുറത്തായിരിക്കുന്നു. കുട്ടിക്കവിതകളും യക്ഷിക്കഥകളും എഴുതുന്നവരേ മൃഗങ്ങളെക്കുറിച്ചെഴുതുന്നുള്ളു. എത്ര ദയയോടെയും എത്ര ഊഷ്മളമായ ആത്മീയതയോടെയും മൃഗങ്ങളെക്കുറിച്ചെഴുതാമെന്നു കാണിച്ചു തരാൻ എസെനിൻ മാത്രമേ ഉണ്ടായുള്ളു.”

റഷ്യൻ കുറ്റവാളികളുടെ അധോലോകത്തിനും എസെനിനെ പ്രിയമായിരുന്നുവെന്ന് ഷലോമോവ് പറയുന്നു. സ്ത്രീകളോട് പൊതുവേയുള്ള വെറുപ്പിനോടൊപ്പം അമ്മയോടുള്ള ഒരാരാധനയും അവർക്കിടയിലുണ്ടായിരുന്നു. എസെനിന്റെ ‘അമ്മയ്ക്കെഴുതിയ കത്ത്’ ഏതു കുറ്റവാളിയ്ക്കും ഹൃദിസ്ഥമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ വരികൾ അവർ ദേഹത്തു പച്ച കുത്തുകയും ചെയ്തിരുന്നു.

1970കളിലെ തന്റെ ബാല്യത്തെക്കുറിച്ചോർത്തുകൊണ്ട് ഐറിന മഷിൻസ്കി എഴുതുന്നു: “ഞാൻ സ്കൂളിലേക്കു പോകുന്നതും തിരിച്ചു വരുന്നതും എസെനിൻ തെരുവ് വഴിയായിരുന്നു; കൈയിൽ പുസ്തകവും പിടിച്ചു നില്ക്കുന്ന ഒരു കവിയുടെ അത്ര ഭംഗിയില്ലാത്ത ഒരു പ്രതിമ അവിടെയുണ്ടായിരുന്നു. സ്ഥലത്തെ കുടിയന്മാർ രാത്രിയിൽ അവിടെ ഒരുമിച്ചു കൂടും; കവിത വായിക്കാനൊന്നുമല്ല. എന്നാൽ അവർക്ക് എസെനിനെ ഇഷ്ടമായിരുന്നു, അവർ അദ്ദേഹത്തെ തങ്ങളിൽ ഒരാളായി കണക്കാക്കുകയും ചെയ്തിരുന്നു.”