Monday, September 19, 2016

വ്യാകുല മാതാവിന്റെ തിരുനാൾ


പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്. 

തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി വ്യാപിച്ച് ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബ്ബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനിഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌ തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്. 

ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004). 

തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു. 

ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ:- 

1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) 

2) ഈജിപ്ത്തിലേക്കുള്ള പലായനം (മത്തായി 2:13-15). 

3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50). 

4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31). 

5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30). 

6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37). 

7) യേശുവിന്റെ ശവ സംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47). 


വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം !


ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 

ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു. വിശുദ്ധന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മാതാവായ അന്തൂസ തന്റെ ഇരുപതാമത്തെ വയസ്സില്‍ വിധവയായി. രണ്ടാം വിവാഹത്തേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അന്തൂസ തന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മകനെ നല്ല നിലയില്‍ വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവള്‍ തന്റെ മകന് നല്‍കിയത്. യുവാവായിരിക്കെ ജോണ്‍ അന്ത്യോക്ക്യായിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ സ്വാധീനത്തിലായതാണ് വിശുദ്ധന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. മെലത്തിയൂസ് അവനെ ഡിയോഡോറെയിലേ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും, പിന്നീട് അവനെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. 

ഈ സമയത്താണ് ജോണ്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. ഒരു സന്യാസിയായി തീരണമെന്നായിരുന്നു ജോണ്‍ തീരുമാനിച്ചത്. അതനുസരിച്ച് അദ്ദേഹം ഒരു സന്യാസിയായി ഗുഹയില്‍ താമസിക്കുകയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഹെസിച്ചിയൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഠിനമായ ആശ്രമചര്യകളാല്‍ വിശുദ്ധന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം അന്തോക്ക്യയിലേക്ക് തിരികെ വന്നു. അവിടെ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിക്കുകയും ചെയ്തു. 

അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം വിശുദ്ധന്‍ തന്റെ മാസ്മരിക പ്രഘോഷണങ്ങളും, പ്രഭാഷണ പാടവും കൊണ്ട് അന്തോക്ക്യ മുഴുവന്‍ ഇളക്കിമറിച്ചു. വിശുദ്ധന്റെ അറിവും വാക്ചാതുര്യവും അപാരമായിരുന്നു. ഈ സമയത്താണ് വിശുദ്ധന് ‘ക്രിസോസ്റ്റം’ അല്ലെങ്കില്‍ സ്വര്‍ണ്ണ ‘നാവുകാരന്‍’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ശുദ്ധമായ സ്വര്‍ണ്ണം പോലെയായിരുന്നു. 397-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സിംഹാസനം ഒഴിവായപ്പോള്‍ അര്‍ക്കാഡിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ അവിടത്തെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്‍ ആ പദവി നിരസിക്കുമോ എന്ന ആശങ്കയാല്‍ ചക്രവര്‍ത്തി വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൂത്രത്തില്‍ വരുത്തിക്കുകയും 398-ല്‍ അവിടത്തെ മെത്രാനായും, പാത്രിയാര്‍ക്കീസുമായി വാഴിക്കുകയും ചെയ്തു. 

രാഷ്ട്രീയപരമായ ചതികളും, ധാരാളിത്തവും, അത്യാര്‍ത്തിയുമാണ് വിശുദ്ധന് അവിടെ കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം ചിലവുകള്‍ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുവാന്‍ തുടങ്ങി. ആശുപത്രികള്‍ പണിയുകയും, പുരോഹിത വൃന്ദത്തില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും, ആശ്രമപരമായ അച്ചടക്കം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ ഈ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേയും നേടികൊടുത്തു. ചക്രവര്‍ത്തിനിയായ യൂഡോക്സ്യായും, അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന തിയോഫിലൂസും ആയിരുന്നു അവരില്‍ പ്രമുഖര്‍. അധികം താമസിയാതെ നഗരം കലുഷിതമാവുകയും, വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടാവുകയും ചെയ്തു. 404-ല്‍ ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി. 

407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1204-ല്‍ വിശുദ്ധന്റെ ഭൗതീകശരീരം റോമിലെ സെന്റ്‌ പീറ്റേഴ്സിലേക്ക് കൊണ്ട് വന്നുവെങ്കിലും 2004 നവംബര്‍ 27-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയില്‍ സൂക്ഷിച്ചിരിക്കുന്നു. 

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ പ്രസിദ്ധമായ 2 വാക്യങ്ങള്‍ ചുവടെ നല്കുന്നു. 

** “മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള ശക്തി കര്‍ത്താവ് നിനക്ക് തരികയാണെങ്കില്‍, അവന്‍ അനുഭവിച്ച സഹനങ്ങളുടെ കുറച്ചും നിനക്ക് പ്രദാനം ചെയ്യും. അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴി നീ നിന്നെത്തന്നെ അവന്റെ കടക്കാരനാക്കുന്നു, അതുപോലെ സഹനങ്ങള്‍ വഴി അവന്‍ നിന്റെ കടക്കാരനും ആയേക്കാം. നിന്നെ സ്നേഹിക്കുന്ന ദൈവത്തിന് വേണ്ടി സഹനമനുഭവിക്കുവാന്‍ കഴിവുള്ളവനാകുക എന്നത് മാത്രമാണ് സഹനത്തിന്റെ പ്രതിഫലമെങ്കില്‍ പോലും, ഇതൊരു മഹത്തായ പ്രതിഫലവും, അര്‍ഹമായ വേതനവുമായിരിക്കില്ലേ? ദൈവത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, ഞാന്‍ പറയുന്നത് മനസ്സിലാകും.” 

** “എപ്പോഴൊക്കെ നീ, യേശു വിശ്രമിക്കുന്ന അള്‍ത്താരയുടെ മുന്‍പിലായിരിക്കുമ്പോള്‍, മനുഷ്യരുടെ ഇടയിലാണ് എന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല; ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും നാഥനായ ദൈവത്തോടുള്ള ബഹുമാനം കൊണ്ട് വിറക്കുന്ന മാലാഖമാരുടേയും, പ്രധാന മാലാഖമാരുടേയും ഒരു സൈന്യം തന്നെ നിന്റെ അരികിലുണ്ട്. അതിനാല്‍ നീ ദേവാലയത്തിലായിരിക്കുമ്പോള്‍, അവിടെ നിശബ്ദതയോടും, ഭയത്തോടും, ആദരവോടുകൂടിയും നില്‍ക്കണം”. 

Wednesday, September 14, 2016

കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ



സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു. 

ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും രാജ്ഞിയായ അവളിലൂടെ സകലമനുഷ്യര്‍ക്കും എല്ലാ കൃപാവരങ്ങളും ലഭിക്കപ്പെടുന്നു. 

പരിശുദ്ധ ത്രിത്വത്തിന്റെ ഇഷ്ടപ്രകാരം അവളിലൂടെ അവിശ്വാസികളായിട്ടുള്ളവര്‍ക്ക് വിശ്വാസവും, ക്ലേശിതര്‍ക്ക് ആശ്വാസവും ലഭിക്കപ്പെടുന്നു; കൂടാതെ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് കര്‍ത്താവിന്റെ മാതൃകയില്‍ വളരുവാനുള്ള കൃപാവരവും ലഭിക്കുന്നു. എല്ലാ മാനുഷിക ഭാവങ്ങളും പരിശുദ്ധ മറിയത്തില്‍ വിളങ്ങുന്നു. പുരാതനകാലം മുതലേ തിരുസഭ അനുവര്‍ത്തിക്കുന്നത് പോലെ തന്നെ അവളുടെ ജനനത്തിരുനാളില്‍ നമ്മളും ആഹ്ലാദിക്കുന്നു. 

തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന്‍ ജന്മദിനങ്ങളില്‍ ഒന്നാണ് പരിശുദ്ധ മാതാവിന്റെ ജന്മദിനം. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. ഇവര്‍ മൂന്ന്‍ പേരും ജന്മപാപമില്ലാതെ ജനിച്ചവരാണ്. മറിയവും, യേശുവും ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താല്‍ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. 

വേനല്‍കാലത്തിനു അവസാനമാവുകയും, മഞ്ഞു കാലം തുടങ്ങുകയും ചെയ്യുന്നതിനാല്‍ സെപ്റ്റംബര്‍ 8 എന്ന ദിവസത്തോട് ബന്ധപ്പെട്ട് നിരവധി നന്ദിപ്രകാശന ആഘോഷങ്ങളും, ആചാരങ്ങളും നിലവിലുണ്ട്. ഈ ദിനത്തില്‍ വേനലിലെ വിളവെടുപ്പിനെ അനുഗ്രഹിക്കുകയും, പുതിയ വിത്തുകള്‍ പാകുകയും ചെയ്യുന്ന ഒരാചാരം പുരാതന റോമന്‍ ആചാരങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഫ്രാന്‍സിലെ മുന്തിരി കൃഷിക്കാര്‍ ഈ ആഘോഷത്തെ “മുന്തിരി വിളവെടുപ്പിന്റെ പരിശുദ്ധ കന്യക” (Our Lady of the Grape Harvest) എന്നാണ് വിളിച്ചിരുന്നത്. ഈ ദിവസം ഏറ്റവും നല്ല മുന്തിരിപഴങ്ങള്‍ പ്രാദേശിക ദേവാലയത്തില്‍ കൊണ്ട് വന്ന് വെഞ്ചിരിക്കുകയും, അതില്‍ കുറച്ച് മുന്തിരികുലകള്‍ മാതാവിനു സമര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. പുതിയ മുന്തിരി പഴങ്ങള്‍ ഉള്‍പ്പെട്ട ഒരു ഉത്സവ സദ്യയും ഈ ആഘോഷ ദിവസത്തിന്റെ ഭാഗമായിരുന്നു. 

ഓസ്ട്രിയായിലെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ ഈ ആഘോഷത്തെ “ഇറക്കത്തിന്റെ ദിവസം” (Drive-Down Day) എന്നാണ് വിളിക്കുന്നത്. ഈ ദിവസം കുന്നിന്‍ ചെരുവുകളില്‍ മേയാന്‍ വിട്ടിരിക്കുന്ന കന്നുകാലികളെ അടിവാരങ്ങളിലുള്ള അവരുടെ ശൈത്യകാല തൊഴുത്തുകളിലേക്ക് കൊണ്ട് വരും. പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിന്റെ പേരില്‍ ഓസ്ട്രിയായിലെ ചില ഭാഗങ്ങളില്‍ ഈ ദിവസത്തെ പാലും, ബാക്കി വരുന്ന ഭക്ഷണവും പാവങ്ങള്‍ക്ക് നല്‍കുന്ന പതിവുമുണ്ട്. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ പരിശുദ്ധ ദൈവമാതാവ് നമ്മുടേയും അമ്മയായതില്‍ നമുക്കും ആഹ്ലാദിക്കാം. പരിശുദ്ധ മാതാവിന്റെ ലുത്തിനിയായില്‍ അവള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ വിശേഷണമായ “ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ” എന്ന് നമുക്ക് അമ്മയെ വിളിക്കാം. 

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ !


A.D 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. A.D 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന്‍ ചരിത്രകാരന്‍മാര്‍ പറയുന്നു. 

എത്ര ശ്രമിച്ചിട്ടും, ചക്രവർത്തിയ്ക്കു മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം, ജെറുസലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തി ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചുയെന്ന്‍ പറയപ്പെടുന്നു. 

‘കുരിശുദ്ധാരണ തിരുന്നാൾ’, ‘കുരിശുയർത്തൽ തിരുന്നാൾ’, ‘വിശുദ്ധ കുരിശ് തിരുന്നാൾ’, ‘വിശുദ്ധ റൂഡ് തടി തിരുന്നാൾ’, ‘റൂഡ്തടി കുർബ്ബാന തിരുന്നാൾ’ എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ് പ്രാർത്ഥനാ ക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്‌. പഴയ നിയമത്തിൽ മോശ മരത്തൂണിൽ പിച്ചള സർപ്പത്തെ ഉയർത്തിയത്, പുതിയ നിയമത്തിൽ യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന്‍ ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മരണം കുരിശിൽ ആണെങ്കിൽ പോലും. അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും. 

നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്‌. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനുമാണ്‌, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്. കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം. നമ്മുടെ ദേഹവും, ദേഹിയും, മനശക്തിയും, ചിന്തയും എല്ലാം കുരിശിന്റെ ചുവട്ടിലേക്ക് സമര്‍പ്പിക്കാം. 

Sunday, September 4, 2016

വിശുദ്ധ അഗ്രിക്കോളസ്


മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകൻ അമ്മയുടെ മരണശേഷമാകാം, 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 

ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ ചുമതലയിൽ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന്‌ ലഭിച്ചു. പത്തുവർഷങ്ങൾക്ക് ശേഷം, പിതാവിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ട വിശുദ്ധ അഗ്രിക്കോളസ് സുവിശേഷ പ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീർന്നു. 

വിശുദ്ധന്മാരായ ജോർജ്, ഏസേഷ്യസ്, അന്തോക്യയിലെ മാർഗററ്റ് എന്നിവരേപ്പോലെ, ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്, പിശാചിനെതിരെ പടവെട്ടിയതു കൊണ്ടാണ്‌. ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല, മറിച്ച് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാർത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവുമായ പടച്ചട്ടയുടെ സംരംക്ഷണത്തിലാണ്‌. അവിഗ്നോനിലെ ബിഷപ്പ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് തന്റെ ആടുകൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പുണ്യവാനായ ഇടയശ്രേഷ്ഠനായിരുന്നു. 1647-ല്‍ വിശുദ്ധ അഗ്രിക്കോളസ് 'അവിഗ്നോനിന്റെ മധ്യസ്ഥനായി' പ്രഖ്യാപിക്കപ്പെട്ടു. 

വിശുദ്ധ ഫിയാക്കര്‍


അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദിവ്യത്വത്തില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ അപരിചിതനിലെ നന്മയുടേയും, കഴിവിന്റേയും അടയാളങ്ങള്‍ കണ്ട് ആ പിതാവ് അതിശയപ്പെടുകയും, ബ്രീ എന്ന പ്രവിശ്യയിലെ ബ്രിയൂലി എന്ന വനത്തില്‍ ഏകാന്ത വാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. 

ഫിയാക്കര്‍ അവിടത്തെ മരങ്ങള്‍ വെട്ടിത്തെളിച്ചു നിലം വൃത്തിയാക്കി ചെറിയ തോട്ടത്തോട് കൂടിയ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാ മുറിയും അതില്‍ ഉണ്ടായിരുന്നു. തന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫിയാക്കര്‍ എന്ന സന്യാസി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. അദ്ദേഹം തന്റെ തോട്ടം കിളച്ചുമറിക്കുകയും തന്റെ ഉപജീവനത്തിനാവശ്യമായവക്കായി അവിടെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതി വളരെ കര്‍ക്കശമായിരുന്നു. ക്രമേണ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഉപദേശത്തിനും ആശ്വാസത്തിനുമായി വിശുദ്ധനെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. 

പിന്നീട് വിശുദ്ധന്‍ തന്റെ മുറിയില്‍ നിന്നും കുറച്ച് ദൂരെയായി അപരിചിതര്‍ക്കും, തീര്‍ത്ഥാടകര്‍ക്കുമായി ഒരു ആശുപത്രി നിര്‍മ്മിച്ചു. അവിടെ അദ്ദേഹം തന്റെ സ്വന്തം കൈകൊണ്ട് ദരിദ്രരായ രോഗികളെ ശുശ്രൂഷിച്ചു. അനേകം രോഗികള്‍ക്ക് അവിടെ വെച്ചു രോഗശാന്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സ്ത്രീകളെ തന്റെ ആശ്രമപരിസരത്ത് പ്രവേശിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചിരുന്നില്ല. ഇത് ഐറിഷ് സന്യാസിമാര്‍ കണിശമായി പാലിച്ചിരുന്ന ഒരു നിയമമായിരുന്നു. തന്റെ മരണംവരെ വിശുദ്ധ ഫിയാക്കര്‍ ഈ നിയമം തെറ്റിച്ചിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മാബില്ലോണും, ഡു-പ്ലെസ്സീസും രേഖപ്പെടുത്തിയിരിക്കുന്നു. 

1620-ല്‍ പാരീസിലെ ഒരു വനിത തനിക്ക് ഈ നിയമമൊന്നും ബാധകമല്ല എന്ന് ഭാവിച്ചുകൊണ്ട് പ്രാര്‍ത്ഥനാ മുറിയില്‍ കയറുകയും, അവിടെ വെച്ച് അവര്‍ക്ക് ബുദ്ധിഭ്രമം സംഭവിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു. ഒരു ഉന്നതകുലജാതനും വിശുദ്ധ ഫിയാക്കറിന്റെ ബന്ധുവുമായ വിശുദ്ധ ചില്ലെന്‍ അല്ലെങ്കില്‍ കിലിയന്‍ റോമില്‍ നിന്നും തിരിച്ചു പോകുന്ന വഴിയില്‍ വിശുദ്ധനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കുറച്ചു കാലം കഴിയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പിന്നീട് വിശുദ്ധ ഫിയാക്കറിന്റെ ഉപദേശത്താല്‍ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി അയല്‍ രൂപതകളില്‍, പ്രത്യേകമായി അരാസില്‍ വളരെ വിജയകരമായി സുവിശേഷ പ്രഘോഷണം നടത്തി. 

ഹെക്ടര്‍ ബോയിട്ടിയൂസ്, ഡേവിഡ് കമേരാരിയൂസ്, മെത്രാനായിരുന്ന ലെസ്ലി എന്നിവരുടെ വിവരണമനുസരിച്ച്: ക്ലോട്ടയര്‍ രണ്ടാമന്റെ കാലത്തെ സ്കോട്ട്ലന്റിലെ രാജാവിന്റെ മൂത്തപുത്രനായിരുന്നു വിശുദ്ധ ഫിയാക്കര്‍. തന്റെ രാജ്യത്തിന്റെ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി വിശുദ്ധനോട് തിരികെ വന്ന് രാജ്യഭരണമേറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും, ‘അനശ്വരമായ കിരീടം നേടുവാനായി താന്‍ ഭൗതികനേട്ടങ്ങളെ ഉപേക്ഷിക്കുകയാണ്' എന്നായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഈ സംഭവങ്ങളൊന്നും വിശുദ്ധന്റെ പുരാണ ജീവചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതായി കാണുന്നില്ല. 670 ഓഗസ്റ്റ് 30-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 



അദ്ദേഹത്തിന്റെ സ്വന്തം പ്രാര്‍ത്ഥനാ മുറിയില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ശരീരം അടക്കം ചെയ്തത്. വിശുദ്ധന്റെ കൂടെ ശിഷ്യന്‍മാര്‍ ആരും താമസിച്ചിരുന്നതായി കാണുന്നില്ല. അതിനാല്‍ വിശുദ്ധ ഫാരോയുടെ സന്യാസിമാര്‍ ബ്രിയൂലിയിലെ ചാപ്പല്‍ പരിപാലിക്കുന്നതിനും, തീര്‍ത്ഥാടകരെ സഹായിക്കുന്നതിനുമായി മൂന്ന് പുരോഹിതന്‍മാരെ നിയമിച്ചു. വിശുദ്ധ ഫ്രിയാക്കറിന്റെ ചാപ്പല്‍ നിരന്തരമായ അത്ഭുത പ്രവര്‍ത്തനങ്ങളാല്‍ പ്രസിദ്ധമാണ്. 

1568-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ മിയൂക്സിലെ കത്രീഡലിലേക്ക് മാറ്റിയെങ്കിലും കുറച്ച് ഭാഗം ബ്രിയൂലിയില്‍ സൂക്ഷിച്ചിരുന്നു. ഫ്ലോറെന്‍സിലെ നാടുവാഴികള്‍ക്ക് 1527ലും 1695ലും ഈ തിരുശേഷിപ്പിലെ കുറച്ച് ഭാഗങ്ങള്‍ ലഭിക്കുകയും അത് അവര്‍ ടോപ്പയായില്‍ ഒരു ചാപ്പല്‍ പണിത് സൂക്ഷിക്കുകയും ചെയ്തു. ബ്രീ പ്രവിശ്യയുടെ മാധ്യസ്ഥനായ വിശുദ്ധ ഫിയാക്കറിന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ട്. വിശുദ്ധന്റെ നാമം ഫ്രാന്‍സില്‍ പ്രസിദ്ധമായി തീര്‍ന്നിട്ട് ആയിരത്തിലധികം വര്‍ഷമായി. വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. മിയൂക്സിലെ മെത്രാനായിരുന്ന എം. സെഗൂയിര്‍, ബ്ലോയിസിലെ പ്രഭുവായിരുന്ന ജോണ്‍ ഒന്നാമന്‍ എന്നിവര്‍ വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ തങ്ങള്‍ക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് ആധികാരികമായ സാക്ഷ്യം നല്‍കിയിട്ടുണ്ട്


Saturday, September 3, 2016

എസെനിന്റെ കവിതകള്‍


സാദി എന്ന കവി… 

സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ! 
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം! 
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ 
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു. 
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല: 
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു. 
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും 
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ! 
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല; 
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട 
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ 
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!
 


(എസെനിൻ ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ്‌ താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ്‌ പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവന്നു.) 

കാച്ചലോവിന്റെ നായയോട്



വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ, 
ഇതുപോലൊരു കൈ ഞാൻ കണ്ടിട്ടേയില്ല! 
നമുക്കു പോയി ചന്ദ്രന്റെ ചോട്ടിലിരിക്കാം, 
ഈ നിശബ്ദരാത്രിയിലവനെ നോക്കിക്കുരയ്ക്കാം! 
വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ!
 
എന്നാൽ കുട്ടാ, നീയെന്നെ നക്കരുത്, നക്കരുത്. 
ഈയുപദേശം നീയൊന്നനുസരിക്കണം. 
ജീവിതമെന്തെന്നു നിനക്കറിയില്ല ചങ്ങാതീ, 
എന്തൊക്കെച്ചെയ്താലാണു ജിവിക്കാനാവുകയെന്നും.
 
ദയാലുവാണ്‌ നിന്റെ യജമാനൻ, പ്രമാണി, 
എത്രയോ വിരുന്നുകാരെ നീ കണ്ടുകഴിഞ്ഞു- 
പുഞ്ചിരിയോടവർ നിന്നെയോമനിച്ചിരുന്നു, 
നിന്റെ വെൽവെറ്റുകുപ്പായമവർ തൊട്ടുനോക്കിയിരുന്നു.
 
നായ്ക്കളിൽ വെച്ചെത്ര സുന്ദരനാണു നീ! 
സ്നേഹമുള്ള കണ്ണുകൾ, വിശ്വസിക്കുന്ന മുഖം. 
ആരോടുമനുവാദം ചോദിക്കാൻ നില്ക്കാതെ 
ആരെയും നീ കേറി ചുംബിക്കുകയും ചെയ്യുന്നു!
 
ജിമ്മീ, എത്രയോ വിരുന്നുകാരെ നീ കണ്ടു, 
പലേ തരക്കാർ, ഒരു തരവുമല്ലാത്തവർ. 
എന്നാലവളെ നീയിവിടെക്കണ്ടിരുന്നോ, 
ആരെക്കാളും ദുഃഖിതയെ, ആരെക്കാളും മൂകയെ?
 
അവളിവിടെ വന്നാൽ- അപ്പോൾ ഞാനുണ്ടാവില്ല- 
അവളുടെ കണ്ണുകളിൽ ആർദ്രതയോടെ നോക്കുക, 
എനിക്കായി അവളുടെ കൈയിൽ നക്കുക, 
ഞാൻ ചെയ്ത പിഴകൾക്കായി, ചെയ്യാത്തവയ്ക്കുമായി. 

അവസാനത്തെ കവിത 


വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
എന്റെ നെഞ്ചിൽ നിനക്കെന്നുമിടമുണ്ടാവും. 
പിരിഞ്ഞവരൊരുമിക്കുമെന്നു നക്ഷത്രങ്ങൾ പറയട്ടെ, 
ഇന്നു നമുക്കു പക്ഷേ, പിരിയുക തന്നെ വേണം. 

അതിനാൽ, വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
കൈത്തലവും വാക്കുകളും നെറ്റിയിൽ ചാലുകളും വേണ്ട. 
മരിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല, 
ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല.
 


(1925 ഡിസംബർ 24ന്‌ എസെനിൻ മോസ്ക്കോയിൽ നിന്ന് പെട്രോഗ്രാഡിലെത്തി; പിന്നെ മൂന്നു ദിവസം പല കൂട്ടുകാരെയും ചെന്നുകണ്ടു; ചിലരെ താൻ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചു. ഡിസംബർ 27ന്‌ അദ്ദേഹം ഒരു കൂട്ടുകാരനോടു പറഞ്ഞു, മുറിയിൽ മഷി നോക്കിയിട്ടു കാണാതിരുന്നതിനാൽ അന്നു രാവിലെ തനിയ്ക്ക് സ്വന്തം ചോര കൊണ്ട് ഒരു കവിത എഴുതേണ്ടി വന്നുവെന്ന്. പിന്നീടു വായിച്ചാൽ മതിയെന്നു പറഞ്ഞുകൊണ്ട് കൂട്ടുകാരന്റെ പോക്കറ്റിൽ ഒരു കവിത വച്ചുകൊടുക്കുകയും ചെയ്തു. അയാൾ പിറ്റേ ദിവസം കവിതയെടുത്തു വായിക്കുമ്പോഴേക്കും കവി മരിച്ചു കഴിഞ്ഞിരുന്നു.) 

സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ



സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ Sergi Alexandrovich Yesenin(1895-1925) - റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും പോയി. അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേവ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. 1916ൽ ആദ്യത്തെ കവിതാസമാഹാരം Radunitsa (മരിച്ചവർക്കുള്ള ചടങ്ങുകൾ) പ്രസിദ്ധീകരിച്ചു.




രൂപക്കൂടുകളിലിരുന്ന് വിശുദ്ധന്മാരുടെ ചിത്രങ്ങൾ അനുഗ്രഹിക്കുകയും വീടുകളിലെ ചിമ്മിനികളിൽ കൊറ്റികൾ കൂടു കൂട്ടുകയും ബിർച്ചു മരങ്ങൾക്കു മേൽ ആകാശം ഒരു നീലത്തൂവാല പോലെ തിളങ്ങുകയും ചെയ്യുന്ന തന്റെ ബാല്യകാലത്തെ റഷ്യയെ വാഴ്ത്തുന്നതായിരുന്നു അതിലെ കവിതകൾ. 1918ൽ ഇറങ്ങിയ Inonya (മറ്റൊരു ലോകം) ആത്മീയവും സാമൂഹികവുമായ ഒരു പരിവർത്തനത്തിന്റെ നാന്ദിയായി റഷ്യൻ വിപ്ളവത്തെ വരവേല്ക്കുന്നു. ഇരുമ്പും ഉരുക്കും കല്ലും പ്രതിനിധീകരിക്കുന്ന വ്യവസായപ്രധാനമായ ആധുനികലോകമല്ല, മരവും മണ്ണും അടയാളങ്ങളായ പഴയ ലോകമായിരുന്നു


യസെനിൻ കാത്തിരുന്ന ആ ‘മറ്റൊരു ലോകം.’ പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി. മോസ്ക്കോവിൽ Imaginists കവികളുടെ കൂട്ടത്തിൽ ചേർന്ന എസെനിൻ വൈകാതെ അവരിൽ പ്രധാനിയായി. കഫേകളിൽ കവിതാലാപനവും ഒപ്പം അമിതമായ മദ്യപാനവുമായി കഴിയുന്നതിനിടെ Zinaida Reichനെ വിവാഹം കഴിക്കുകയും വിവാഹമോചിതനാവുകയും ചെയ്തു. 1921 ഒടുവിൽ അമേരിക്കൻ നർത്തകിയായ ഇസഡോറ ഡങ്കനെ പരിചയപ്പെട്ടു. അന്യോന്യം ഭാഷയറിയാത്ത ഇരുവരും വിവാഹിതരാവുകയും ചെയ്തു. നർത്തകിക്കൊപ്പമുള്ള യാത്രകളിൽ യൂറോപ്പിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലെ മുറികൾ അടിച്ചു തകർക്കുകയായിരുന്നു കവിയുടെ വിനോദം. 1922 ലെ അമേരിക്കൻ യാത്രയിൽ അവർ തമ്മിലുള്ള ബന്ധം വഷളാവുകയും എസെനിൻ വിവാഹബന്ധം വേർപെടുത്തി റഷ്യയിലേക്ക് മടങ്ങുകയും ചെയ്തു.




പിന്നീടുള്ള കവിതകൾ ആത്മനിന്ദയുടേതായിരുന്നു: “ഒരു തെമ്മാടിയുടെ കുമ്പസാരങ്ങൾ”, “കള്ളുകടകളുടെ മോസ്ക്കോ” തുടങ്ങിയവ. എസെനിൻ പിന്നീടു വിവാഹം ചെയ്തത് ടോൾസ്റ്റോയിയുടെ ഒരു ചെറുമകളെയാണ്‌. പക്ഷേ മദ്യപാനത്തോടൊപ്പം കൊക്കെയിൻ തീറ്റയും തുടർന്നു. 1924ൽ ജനിച്ച നാട്ടിലെത്തിയ കവി കണ്ടത് അവിടുത്തെ കൃഷിക്കാർ സോവിയറ്റ് സൂക്തങ്ങൾ ഉരുവിടുന്നതാണ്‌; മാർക്സിന്റെ നാലു പേജ് വായിച്ചാൽ ഉറക്കം വരുന്ന കവി കുറ്റബോധത്തോടെ മനസ്സിലാക്കി, ജനകീയകവി എന്ന ദൗത്യം ഏറ്റെടുക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന്! ഇരുമ്പിനെയും ഉരുക്കിനെയും സ്തുതിച്ചു കൊണ്ടുള്ള കവിതകളെഴുതി മുഖ്യധാരയിലെത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ബോൾഷെവിക് റഷ്യയിൽ താൻ എത്ര അന്യനാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അവസാനമെഴുതിയ Cherny Chelovek (കറുത്തവൻ) സ്വന്തം പരാജയങ്ങളുടെ നിർദ്ദയമായ വിചാരണയാണ്‌. 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌.

ഗാനാത്മകതയാണ്‌ യസെനിന്റെ കവിതകളുടെ മുഖമുദ്ര. മനസ്സിൽ തട്ടുന്ന ബിംബകല്പനകൾ കൊണ്ടു നിറഞ്ഞതാണ്‌ തീക്ഷ്ണമായ ആ ഭാവഗീതങ്ങൾ. അടിസ്ഥാനപരമായി കാല്പനികനായ എസെനിൻ റഷ്യൻ വിപ്ളവത്തെ സ്വാഗതം ചെയ്തുവെങ്കിലും മോഹഭംഗത്തിന്‌ അധികകാലമെടുത്തില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കർഷകവിപ്ളവകാരിയായ പുഗാച്ച്യോവിനെക്കുറിച്ചെഴുതിയ ദീർഘകാവ്യം അക്കൊല്ലം ടാംബോവ് പ്രവിശ്യയിൽ ബോൾഷെവിക്കുകൾക്കെതിരെ നടന്ന കർഷകരുടെ കൂറ്റൻ പ്രക്ഷോഭത്തിനുള്ള ഒരു പരോക്ഷപിന്തുണ തന്നെയായിരുന്നു. യൂറോപ്പ്, അമേരിക്കൻ പര്യടനങ്ങൾക്കു ശേഷം ലെനിനെ സ്തുതിച്ചു കൊണ്ടുള്ള കവിതകൾ എഴുതിയെങ്കിലും അദ്ദേഹത്തിന്റെ കേന്ദ്രപ്രമേയങ്ങൾ - ഗ്രാമീണറഷ്യയും മോസ്ക്കോയിലെ അധോതലജീവിതവും- സോവിയറ്റ് വിരുദ്ധമായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണ്‌ എസെനിന്റെ കവിതയെന്ന് ആരോപിക്കപ്പെട്ടു. റഷ്യൻ സാഹിത്യത്തെ സോവിയറ്റ്‌വല്ക്കരിക്കുന്ന പ്രക്രിയയുടെ ഒരു പ്രധാനഘട്ടമായിരുന്നു ഈ ആക്രമണങ്ങൾ. മയക്കോവ്സ്ക്കി എസെനിന്റെ മരണത്തെക്കുറിച്ചുള്ള തന്റെ കവിതയെഴുതിയത് ഈ പശ്ചാത്തലത്തിലാണ്‌. ആ മരണത്തെ വിമർശിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ ഏറ്റവും കടുത്ത വിമർശനങ്ങൾക്കുന്നമാക്കുന്നത് എസെനിന്റെ വിരോധികളെ ആണ്‌.

അമിതവൈകാരികത എസെനിന്റെ കവിതകളുടെ ദോഷമായി പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകളിലെ ആർജ്ജവം മനസ്സിൽ തട്ടുന്നതാണ്‌. ഗ്രാമീണറഷ്യയെക്കുറിച്ചോർത്തു ഖേദിക്കുമ്പോൾത്തന്നെ ആ ലോകത്തേക്കൊരു മടക്കം ഇനീ അസാദ്ധ്യമാണെന്ന യാഥാർത്ഥ്യബോധവും അദ്ദേഹത്തിനുണ്ട്. 1924ലെ അദ്ദേഹത്തിന്റെ കവിതാസമാഹാരം Moscow of the Taverns കള്ളന്മാരുടെയും തെമ്മാടികളുടെയും വേശ്യകളുടെയും ജീവിതത്തെ മമതയോടെ, എന്നാൽ നിറപ്പകിട്ടില്ലാതെ, ചിത്രീകരിക്കുന്നു.



മൃഗങ്ങളെ കുറിച്ച് ഇത്ര സ്നേഹത്തോടെ എഴുതിയ മറ്റൊരു റഷ്യൻ കവി ഉണ്ടായിരിക്കില്ല. ഒരു കവിതയിൽ തന്റെ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതു കണ്ടിട്ട് ഒരു പെൺപട്ടി വീട്ടിലേക്കു മടങ്ങുന്ന ദൃശ്യമുണ്ട്; പുരയ്ക്കു മേൽ ചന്ദ്രനെ കണ്ടിട്ട് ഒരു നിമിഷം അവൾക്കു തോന്നുകയാണ്‌, അത് തന്റെ ജീവനുള്ള കുഞ്ഞാണെന്ന്. മറ്റൊരു കവിതയിൽ ഒരു തീവണ്ടിയ്ക്കു പിന്നാലെ പായുന്ന ഒരു കുതിരക്കുട്ടിയെ വർണ്ണിക്കുന്നു; ‘എത്ര ടൺ കുതിരയിറച്ചിയുടെയും തൊലിയുടെയും’ വിലയാണ്‌ ഒരു തീവണ്ടിയെഞ്ചിനെന്ന് അതിനറിയാത്ത പോലെ! ഷലോമോവ് പറയുന്നു: “പ്രകൃതിയുടെ വലിയൊരു ഭാഗം - ജന്തുക്കൾ- കവിതയ്ക്കു പുറത്തായിരിക്കുന്നു. കുട്ടിക്കവിതകളും യക്ഷിക്കഥകളും എഴുതുന്നവരേ മൃഗങ്ങളെക്കുറിച്ചെഴുതുന്നുള്ളു. എത്ര ദയയോടെയും എത്ര ഊഷ്മളമായ ആത്മീയതയോടെയും മൃഗങ്ങളെക്കുറിച്ചെഴുതാമെന്നു കാണിച്ചു തരാൻ എസെനിൻ മാത്രമേ ഉണ്ടായുള്ളു.”

റഷ്യൻ കുറ്റവാളികളുടെ അധോലോകത്തിനും എസെനിനെ പ്രിയമായിരുന്നുവെന്ന് ഷലോമോവ് പറയുന്നു. സ്ത്രീകളോട് പൊതുവേയുള്ള വെറുപ്പിനോടൊപ്പം അമ്മയോടുള്ള ഒരാരാധനയും അവർക്കിടയിലുണ്ടായിരുന്നു. എസെനിന്റെ ‘അമ്മയ്ക്കെഴുതിയ കത്ത്’ ഏതു കുറ്റവാളിയ്ക്കും ഹൃദിസ്ഥമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ വരികൾ അവർ ദേഹത്തു പച്ച കുത്തുകയും ചെയ്തിരുന്നു.

1970കളിലെ തന്റെ ബാല്യത്തെക്കുറിച്ചോർത്തുകൊണ്ട് ഐറിന മഷിൻസ്കി എഴുതുന്നു: “ഞാൻ സ്കൂളിലേക്കു പോകുന്നതും തിരിച്ചു വരുന്നതും എസെനിൻ തെരുവ് വഴിയായിരുന്നു; കൈയിൽ പുസ്തകവും പിടിച്ചു നില്ക്കുന്ന ഒരു കവിയുടെ അത്ര ഭംഗിയില്ലാത്ത ഒരു പ്രതിമ അവിടെയുണ്ടായിരുന്നു. സ്ഥലത്തെ കുടിയന്മാർ രാത്രിയിൽ അവിടെ ഒരുമിച്ചു കൂടും; കവിത വായിക്കാനൊന്നുമല്ല. എന്നാൽ അവർക്ക് എസെനിനെ ഇഷ്ടമായിരുന്നു, അവർ അദ്ദേഹത്തെ തങ്ങളിൽ ഒരാളായി കണക്കാക്കുകയും ചെയ്തിരുന്നു.”

വിശുദ്ധ ഗ്രിഗറി


AD 540-ൽ റോമിലാണ് ഗ്രിഗറിയുടെ ജനനം. 30 വയസ് തികയുന്നതിന്‌ മുമ്പായി, സെനറ്ററായും റോമിലെ മുഖ്യന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം ഭവനം ഒരു ‘ബനഡിക്റ്റൻ മഠ’മാക്കി മാറ്റുകയും, മറ്റ് 6 ആശ്രമങ്ങൾ കൂടി സ്ഥാപിക്കുകയും ചെയ്തു. 50--മത്തെ വയസ്സിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 590-മുതൽ 604-വരെയുള്ള 14 വർഷ കാലഘട്ടത്തിൽ, അദ്ദേഹം സഭക്ക് വേണ്ടി അനേകം നേട്ടങ്ങൾ കൈവരിച്ചു. ബ്രിട്ടീഷ് കുട്ടികളെ അടിമകളായി റോമിൽ വില്ക്കപ്പെടുന്നുണ്ടെന്നറിഞ്ഞ സന്ദർഭത്തിൽ, കാന്റർബെറി കത്തീഡ്രലിൽ ആശ്രമ മഠത്തിലെ വിശുദ്ധ അഗസ്റ്റിനുൾപ്പടെ 40 സന്യാസിമാരെ ‘മാലാഖക്കുഞ്ഞുങ്ങളെ മാലാഖ’മാരാക്കാൻ അദ്ദേഹം യാത്ര അയച്ചു. 

ഇംഗ്ലണ്ടിന്റെ ക്രിസ്തീയവല്ക്കരണത്തിന്‌, ആ രാജ്യം ഗ്രിഗറി മാർപ്പാപ്പയോട് കടപ്പെട്ടിരിന്നു. കാര്‍ക്കശ്യക്കാരായ ലൊമ്മാർഡുകൾ ആക്രമണത്തിലൂടെ യൂറോപ്പിൽ ഒരു ദുർസ്ഥിതി സൃഷ്ടിച്ച സാഹചര്യത്തിൽ, അവരെ വിജയകരമായി കൈകാര്യം ചെയ്യാൻ പോപ്പിന്‌ കഴിഞ്ഞു. റോം തന്നെ ആക്രമണഭീഷണിയിലായിരുന്നപ്പോൾ, അദ്ദേഹം നേരിട്ട് ലൊംബാർഡ് രാജാവിനെ സന്ദർശിച്ചു. അതു പോലെ തന്നെ, പുരോഹിതരുടെ വിശുദ്ധിയും, സഭയിലെ അച്ചടക്ക പരിപാലനവും, റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും, ആഗോളവിശ്വാസ സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും, അദ്ദേഹം ഒരേ സമയം ഒരുപോലെ സരംക്ഷിച്ചിരുന്നു. 

സഭാകർമ്മങ്ങൾക്ക് പണം വാങ്ങുന്ന സമ്പ്രദായം അദ്ദേഹം വിലക്കി. ലൊംബാർഡുകൾ പിടിച്ചുവച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനും, പീഢിതരായ യഹൂദന്മാരേയും, പ്ലേഗും ക്ഷാമവും മൂലം കഷ്ടപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനും വേണ്ടി, അദ്ദേഹം സ്വന്തം ഖജനാവ്‌ കാലിയാക്കി. ഇപ്രകാരമുള്ള സല്കർമ്മങ്ങളാൽ, അദ്ദേഹം ‘നഗരത്തിന്റെ പിതാവ്‌, ലോകത്തിന്റെ സന്തോഷം’ എന്ന നാമവിശേഷണത്താൽ പ്രശംസിക്കപ്പെട്ടു. 



അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം- ദേവാലയ ആരാധനാ പുസ്തക പരിഷ്ക്കരണമാണ്‌. ഇന്ന് പള്ളികളിൽ ചൊല്ലുന്ന പലമനോഹരമായ പ്രാർത്ഥനാ വരികളും അദ്ദേഹം രചിച്ചവയാണ്‌. "Gregorian Chant" (അതിസൂക്ഷ്മമായി ശാസ്ത്രീയമായി നിർണ്ണയിക്കപ്പെട്ട ലളിതഗാനങ്ങൾ) എന്നറിയപ്പെടുന്ന പ്രസിദ്ധ സ്തുതി ഗീതങ്ങൾ, ക്രിസ്ത്യൻ സംഗീതത്തിന്‌ ഈ മഹാനായ പോപ്പ് നല്കിയ വിലപ്പെട്ട സംഭാവനയായി ബഹുമതിക്കപ്പെടുന്ന ഗാനശാഖയാണ്‌. മദ്ധ്യകാലഘട്ടത്തിലെ വിശ്വാസികളെ ഏറെ സ്വാധീനിച്ചിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ വേദപുസ്തകവ്യാഖ്യാനങ്ങൾ. 604 മാർച്ച് 12ന്‌ മഹാനായ വിശുദ്ധ.ഗ്രിഗറി ദിവംഗതനായി. റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ്‌ കബറിടം സ്ഥിതി ചെയ്യുന്നത്. 

ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് രാജ്യങ്ങള്‍, ഗായക സംഘ ബാലകർ, വിദ്യാഭ്യാസ പ്രവർത്തകർ, രക്തവാതരോഗികൾ, കല്പ്ണിക്കാർ, സംഗീതം, സംഗീതജ്ഞന്മാർ, ഗായക സംഘങ്ങൾ, പാട്ടുകാർ, കല്ലുവെട്ടുകാർ, അദ്ധ്യാപകർ, മാർപാപ്പമാർ, വിദ്യാർത്ഥികൾ, പണ്ഡിതന്മാർ, പ്ലേഗ് പ്രതിരോധം, രക്തവാതപ്രതിരോധം, ജ്വര പ്രതിരോധം, എന്നിവയുടെ മധ്യസ്ഥ സഹായകനായി വിശുദ്ധ ഗ്രിഗറിയെ വണങ്ങുന്നു. 

തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ


തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. 

വളരും തോറും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം ഏറി വന്ന റോസാ ഒമ്പതാം വയസ്സില്‍ പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനത്താല്‍ കന്യാസ്ത്രീയാകുവാന്‍ തീരുമാനിച്ചു. അവളുടെ പിതാവിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും എവുപ്രാസ്യ നിരന്തരമായ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളും തുടര്‍ന്നു കൊണ്ടിരിന്നു. അവളുടെ ശക്തമായ പ്രാര്‍ത്ഥനയാലും ഇളയ സഹോദരിയുടെ പെട്ടെന്നുള്ള മരണവും അദ്ദേഹത്തിന്റെ മനസ്സ്‌ മാറാന്‍ കാരണമായി. വാസ്തവത്തില്‍ അവളുടെ പിതാവ്‌ തന്നെയാണ് കര്‍മ്മലീത്താ സഭയുടെ കൂനമ്മാവിലുള്ള മഠത്തില്‍ കൊണ്ട് പോയി ചേര്‍ത്തത്. 

അനുദിനം വിവിധ രോഗങ്ങളാല്‍ അവള്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്നു. ഒരിക്കല്‍ ഒരു മാരകമായ രോഗത്തിന്റെ പിടിയിലായ അവളെ മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ തിരിച്ചയക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തിരുകുടുംബത്തിന്റെ ഒരു ദര്‍ശനം വഴി അവള്‍ക്ക് അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിനാല്‍ അവളെ അവിടെ തുടരുവാന്‍ അനുവദിക്കുകയായിരുന്നു. 1887 -ല്‍ സ്ഥാപിതമായ തൃശൂര്‍ വികാരിയാത്തിന്റെ അധീനതയില്‍ ആയിരുന്ന കൂനമ്മാവ് കന്യകാമഠം 1896 ലെ രൂപതാ പുനര്‍വിഭജനത്തില്‍ (തൃശൂര്‍, എറണാകുളം, ചങ്ങനാശേരി), എറണാകുളം രൂപതയുടെ കീഴിലായി. തൃശൂര്‍ വികാരിയാത്തിന്റെ പ്രഥമ സ്വദേശീയ മെത്രാനായ മാര്‍ യോഹന്നാന്‍ മേനാച്ചേരി തന്റെ രൂപതയില്‍പ്പെട്ടവരെ തൃശൂരിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചതിന്റെ ഫലമായി 1897 മെയ് ഒമ്പതിനു വിശുദ്ധ യൌസേപ്പിതാവിന്റെ നാമധേയത്തില്‍ അമ്പഴക്കാട് അവിഭക്ത തൃശൂര്‍ രൂപതയിലെ പ്രഥമ കര്‍മലീത്താമഠം സ്ഥാപിതമായി. അപ്രകാരം 1897-ല്‍ അവള്‍ പോസ്റ്റുലന്‍റ് ആകുകയും യേശുവിന്റെ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1898 ജനുവരി 10-ന് സന്യാസവസ്ത്രം സ്വീകരിച്ചു. 

മാരകമായ രോഗങ്ങള്‍ക്കും, യാതനകള്‍ക്കും വിധേയയായിരുന്ന വിശുദ്ധ അപ്പോഴെല്ലാം പരിശുദ്ധ മാതാവിന്റെ സഹായം അവള്‍ക്ക് ശക്തി നല്‍കികൊണ്ടിരുന്നു. 1900 മെയ്‌ 24-ന് തൃശ്ശൂര്‍ അതിരൂപതയില്‍ സെന്റ്‌ മേരീസ്‌ കന്യാസ്ത്രീ മഠം സ്ഥാപിതമായി. അതേദിവസം തന്നെ വിശുദ്ധ ഏവുപ്രാസ്യമ്മ അവളുടെ നിത്യവൃതം സ്വീകരിക്കുകയും ചെയ്തു. 1904 മുതല്‍ 1913 വരെ ഏവുപ്രാസ്യമ്മ അവിടത്തെ സന്യാസാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു പോന്നു. തന്റെ സഭയുടെ ഭാവി അംഗങ്ങളെ വിശുദ്ധ നല്ല രീതിയില്‍ രൂപാന്തരപ്പെടുത്തി. അവളുടെ വിനയവും, ഭക്തിയും, നന്മയും, അനുതാപവും, കാരുണ്യവും അവര്‍ക്ക്‌ അനുകരണീയമായ മാതൃകയായിരുന്നു. 



ഏകാന്തപരമായ ഒരു ജീവിതമായിരുന്നു സിസ്റ്റര്‍ ഏവുപ്രാസ്യാ ആഗ്രഹിച്ചിരുന്നതെങ്കിലും, ഒല്ലൂരിലെ സെന്റ്‌ മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ആയി അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1913 മുതല്‍ 1916 വരെ വിശുദ്ധ തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവന്നു. അവളുടെ വിനയവും ഭക്തിയും കണ്ട് പ്രദേശവാസികള്‍ അവളെ 'പ്രാർത്ഥിക്കുന്ന അമ്മ' എന്നും അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ ‘സഞ്ചരിക്കുന്ന ആരാധനാലയം’ എന്നുമാണ് വിശുദ്ധയെ വിളിച്ചിരുന്നത്. കാരണം അവളിലെ ദൈവീക സാന്നിധ്യം അവള്‍ക്ക് ചുറ്റുമുള്ളവരിലേക്കും പ്രസരിച്ചിരുന്നു. 

വിശുദ്ധയുടെ ആത്മീയജീവിതത്തിന്റെ തുടക്കം മുതലേ അവള്‍ക്ക് മെത്രാനായിരുന്ന ജോണ്‍ മേനാച്ചേരിയുടെ അനുഗ്രഹവും, ആത്മീയ മാര്‍ഗ്ഗദര്‍ശിത്വവും ലഭിച്ചിരുന്നു. തന്റെ ആത്മീയ ജീവിതത്വത്തിന്റെ എല്ലാ വശങ്ങളും തനിക്ക്‌ വെളിപ്പെടുത്തണമെന്ന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും, അവളുടെ എല്ലാ എഴുത്തുകളും അദ്ദേഹം ബുദ്ധിപൂര്‍വ്വം സൂക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന മാര്‍ ജോര്‍ജ്‌ ആലപ്പാട്ട് വിരമിച്ചപ്പോള്‍ അദ്ദേഹം ഈ എഴുത്തുകള്‍ തൃശ്ശൂരിലെ കര്‍മ്മലീത്താ സഭയുടെ സുപ്പീരിയറിനെ ഏല്‍പ്പിക്കുകയും “നിങ്ങള്‍ക്കിത് ആവശ്യം വരും” എന്ന് പ്രവചനാത്മകമായി പറയുകയും ചെയ്തു. 

എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ അള്‍ത്താരക്ക് മുന്നിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്വാഭാവികമായും അവള്‍ വിശുദ്ധ കുര്‍ബ്ബാനയുടേയും, ജപമാലയുടേയും വലിയൊരു അപ്പസ്തോലികയായി തീര്‍ന്നു. ക്രൂശിതനായ കര്‍ത്താവിനു അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും, കര്‍ത്താവില്‍ നിന്നും അവള്‍ക്ക് നിരന്തരം ആശ്വാസം ലഭിക്കുകയും ചെയ്തു കൊണ്ടിരുന്നു. തനിക്ക് ചെയ്യുന്ന ചെറിയ സഹായങ്ങള്‍ക്ക് വരെ “ഞാന്‍ ഇത് ഒരിക്കലും മറക്കുകയില്ല, എന്റെ മരണത്തിനു ശേഷവും” എന്ന് പറഞ്ഞുകൊണ്ട് നന്ദിപ്രകാശിപ്പിക്കുക അവളുടെ പതിവായിരുന്നു. 

തിരുസഭയോട് ഏവുപ്രാസ്യാമ്മക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. സഭ നേരിടുന്ന പല പ്രശ്നനങ്ങളും അവളെ വ്യക്തിപരമായി ദുഃഖത്തിലാഴ്ത്തിയിരുന്നു. ശീശ്മമാ വാദികളുടെ മാനസാന്തരത്തിനായി അവള്‍ സഹനങ്ങള്‍ അനുഭവിക്കുകയും അവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോടു ആവശ്യപ്പെടുകയും ചെയ്തു. സഭാപിതാക്കന്‍മാര്‍ക്കും, മെത്രാന്‍ മാര്‍ക്കും പുരോഹിതര്‍ക്കും വേണ്ടി അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 

തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29ന് ദൈവേഷ്ടത്തിനു കീഴടങ്ങികൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഏവുപ്രാസ്യാമ്മയുടെ മാധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രഥമമായത് ഒല്ലൂരിലെ അഞ്ചേരിയിലെ തോമസ്‌ തരകന്‍ എന്ന കാന്‍സര്‍ രോഗിയുടെ രോഗശാന്തിയാണ്. തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പിലായ തോമസിന് കാന്‍സര്‍ രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ഒരാഴ്ച മുന്‍പ്‌ സ്കാന്‍ ചെയ്തപ്പോള്‍ യാതൊരു രോഗലക്ഷണവും കണ്ടില്ല. ഇത് ഏവുപ്രാസ്യാമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് അദ്ദേഹത്തിന്റെ സഹോദരിയായ റോസി സാക്ഷ്യപ്പെടുത്തി. 

രണ്ടാമത്തേത് തൃശ്ശൂര്‍ ജില്ലയിലെ ആളൂരിലുള്ള ഏഴ് വയസ്സ്കാരനായ ജുവലിന്റേതാണ്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച അവന് ഭക്ഷണമിറക്കുവാന്‍ ബുദ്ധിമുട്ടനുഭവിച്ചിരിന്നു. തൃശ്ശൂര്‍ ജില്ലയിലെ ധന്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് സുഖപ്പെടുത്തുവാന്‍ കഴിയില്ലെന്ന് വിധിയെഴുതി. ദരിദ്രരായ അവന്റെ കുടുംബം പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. അവന്റെ അമ്മൂമ്മ ഏവുപ്രാസ്യാമ്മയോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ധന്യ ആശുപത്രിയിലെ ഡോക്ടറായ ശശികുമാര്‍ പിന്നീട് പരിശോധിച്ചപ്പോള്‍ അവന്റെ മുഴ അപ്രത്യക്ഷമായതായി കണ്ടു. മറ്റ് പല ഡോക്ടര്‍മാര്‍ അവനെ പരിശോധിക്കുകയും, വൈദ്യശാസ്ത്രപരമായ സഹായം കൂടാതെയാണ് ആ ആണ്‍കുട്ടി സുഖംപ്രാപിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

1986 സെപ്റ്റംബര്‍ 27-നാണ് ഏവുപ്രാസ്യാമ്മയുടെ വിശുദ്ധീകരണ നടപടികള്‍ക്ക്‌ ഒല്ലൂരില്‍ തുടക്കമായത്. 1987 ഓഗസ്റ്റ് 29­ന് ഏവുപ്രാസ്യമ്മയെ ‘ദൈവദാസിയായി’ പ്രഖ്യാപിച്ചു. 1990-ല്‍ അവളുടെ കല്ലറ തുറക്കുകയും തിരുശേഷിപ്പുകള്‍ സെന്റ്‌ മേരീസ്‌ കോണ്‍വെന്റിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ 5ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിക്കുകയും, 2006 ഡിസംബര്‍ 3ന് അവളെ വാഴ്ത്തപ്പെട്ടവളാക്കുകയും ചെയ്തു. 2014 ഏപ്രില്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഏവുപ്രാസ്യാമ്മയെ ഉയര്‍ത്തിയത്.

Thursday, September 1, 2016

വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്


ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രിസ്തീയ തടവ് പുള്ളികളുടെ മോചനത്തിനായി മേഴ്സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു. തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ട് എന്ന് പേരായ ഒരു വ്യക്തിയും ഉണ്ടായിരുന്നു. റെയ്മണ്ട് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയായിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊന്നാറ്റൂസ് എന്ന ഇരട്ടപ്പേര് ലഭിച്ചത്. തടവ് പുള്ളികളുടെ മോചകന്‍ എന്ന നിലയില്‍ നിന്നും വിശുദ്ധ പീറ്റര്‍ നൊളാസ്കോ വിരമിച്ചപ്പോള്‍ റെയ്മണ്ട് നൊന്നാറ്റൂസ് ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തീര്‍ന്നത്. പിന്നീട് റെയ്മണ്ട് അള്‍ജിയേഴ്സിലേക്ക് പോവുകയും, നിരവധി ക്രിസ്ത്യാനികളുടെ മോചനം സാധ്യമാക്കുകയും ചെയ്തു. 

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം കൊണ്ടു പോയ ധനമെല്ലാം തീര്‍ന്നു. അദ്ദേഹത്തിന് സ്വയം രക്ഷപ്പെടാമായിരുന്നുവെങ്കിലും, നിരവധി പേരെ അടിമകളായി അവിടെ ഉപേക്ഷിക്കേണ്ടതായി വരുമെന്നതിനാല്‍ വിശുദ്ധന്‍ അവരുടെ മോചനത്തിന് തന്നെത്തന്നെ മൂറുകള്‍ക്ക് സമര്‍പ്പിച്ചു. ക്രൂരന്‍മാരായ മൂറുകളുടെ തടവറയില്‍ റെയ്മണ്ടിന്റെ ജീവന്‍ അപകടത്തിലായിരുന്നു. തങ്ങളില്‍ ചിലരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തു എന്ന് ആരോപിച്ചു അള്‍ജിയേഴ്സിലെ മൂറുകള്‍ വിശുദ്ധനെതിരെ കോപാകുലരായി. 


തുടര്‍ന്ന്‍ അവിടത്തെ ഗവര്‍ണര്‍ വിശുദ്ധനെ ഒരു സ്തംഭത്തില്‍ ബന്ധിച്ച് കൊലപ്പെടുത്തുവാന്‍ നിശ്ചയിച്ചുവെങ്കിലും റെയ്മണ്ട് നൊന്നാറ്റൂസിനെപോലെയുള്ള ഒരു ക്രിസ്ത്യാനിക്ക് മാത്രം വളരെ വലിയ മോചനദ്രവ്യം ലഭിക്കും എന്ന വസ്തുത മനസ്സിലാക്കിയതിനാല്‍ വിശുദ്ധന്റെ ജീവന്‍ രക്ഷപ്പെട്ടു. എങ്കിലും, വിശുദ്ധനില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ആഗ്രഹമുള്ളവരെ നിരുത്സാഹപ്പെടുത്തുക എന്ന ഭാഗികമായ ലക്ഷ്യത്തോടു കൂടി തെരുവുകളില്‍ വെച്ച് പരസ്യമായി റെയ്മണ്ടിനെ ചമ്മട്ടികൊണ്ടടിക്കുകയുണ്ടായി. 

എട്ട് മാസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്ക് ശേഷം, പീറ്റര്‍ നൊളാസ്കോ തന്നെ വിശുദ്ധന്റെ മോചന ദ്രവ്യവുമായി എത്തിച്ചേര്‍ന്നു. അപ്പോഴും കൂടുതല്‍ പുരുഷന്‍മാരേയും, സ്ത്രീകളേയും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുവാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അവിടെ തന്നെ തുടരുവാന്‍ തന്നെയായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ വിശുദ്ധ പീറ്റര്‍ നൊളാസ്കോ അത് അനുവദിച്ചില്ല. വിശുദ്ധന്‍ തിരിച്ചു വന്നതിനു ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ വിശുദ്ധനെ കര്‍ദ്ദിനാളായി അഭിഷേകം ചെയ്തു. റെയ്മണ്ട് നൊന്നാറ്റൂസിനെ റോമില്‍ കൊണ്ടുവരുവാന്‍ പാപ്പാ താല്‍പ്പര്യപ്പെട്ടുവെങ്കിലും അവിടേക്കുള്ള യാത്രയില്‍ 1240-ല്‍ ബാഴ്സിലോണക്ക് സമീപമുള്ള കാര്‍ദോണ വരെ എത്തുവാനേ വിശുദ്ധ റെയ്മണ്ടിന് സാധിച്ചുള്ളു. അവിടെ വെച്ച് തന്റെ 36-മത്തെ വയസ്സില്‍ വിശുദ്ധന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.

വിശുദ്ധ ബര്‍ത്തലോമിയോ


വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. കാപട്യമില്ലാത്ത ഒരാളായിരുന്നു വിശുദ്ധ ബര്‍ത്തലോമിയോ. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. 

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ യേശു വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍”. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ വെച്ച് ഉയര്‍ക്കപ്പെട്ട രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ (യോഹന്നാന്‍ 21:2). യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തേ തുടര്‍ന്ന്‍ വിശുദ്ധ ബര്‍ത്തലോമിയോ അര്‍മേനിയായില്‍ സുവിശേഷം പ്രഘോഷിക്കുകയും, അവിടെ വെച്ച് രക്തസാക്ഷിത്വം വരിച്ചതായും പറയപ്പെടുന്നു. 


ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്ന്‍ പറയുന്നു. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “അവന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.” 


അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാ തദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും, പിന്നീട് A.D 302-ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന മഹാനായ ഡെര്‍ട്ടാഡിനേയും, അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ തന്റെ രാജ്യത്തിനു വേണ്ടി ക്രിസ്തുമതം സ്വീകരിക്കുന്ന ആദ്യ ഭരണാധികാരി ഡെര്‍ട്ടാഡായതിനാല്‍ അര്‍മേനിയക്കാര്‍ തങ്ങളാണ് ആദ്യത്തെ ക്രിസ്തീയ രാജ്യം എന്ന് അവകാശപ്പെടുന്നു.


വിശുദ്ധ ഗില്‍സ്


ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. 

ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗിൽസിന്റെ കാൽതുടയിലായിരുന്നു. ഇതേ തുടര്‍ന്നു ജീവിതകാലം മുഴുവനും മുടന്തനായി അദ്ദേഹത്തിന് കഴിയേണ്ടി വന്നു. പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു. ഈ ആശ്രമം വിശുദ്ധ ഗില്‍സ് ഡു ഗാര്‍ഡ് എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗിൽസ് നിര്യാതനായി. 


ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്. മുടന്തുള്ളവരുടെ സൗകര്യത്തിനായി, വിശുദ്ധ ഗില്‍സിന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ്‌ വിശുദ്ധ ഗില്‍സ് കരുതപ്പെട്ടിരിന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംബർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു. 

ഇതിന്‌ തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു. വധശിക്ഷക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ വിശുദ്ധ ഗില്‍സ് ആശുപത്രി കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles' Bowl"എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു. "പരിശുദ്ധ സഹായകർ" എന്ന 14 പേരുടെ ലിസ്റ്റിൽ വിശുദ്ധ ഗില്‍സും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ്‌ പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ. ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്. 

ആഗസ്റ്റ് 8 നാണ്‌ ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം. എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു. ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികള്‍, ശാരീരിക ക്ഷമതയില്ലാത്തവർ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം!