ഒരു ഗ്രാവിറ്റേഷണൽ ഫീൽഡിൽ നിന്നും ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത തരത്തിൽ രക്ഷപ്പെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വേഗതയാണ് Escape velocity എന്ന് നമുക്കറിയാം.
മിൽക്കിവേ ഗാലക്സിയുടെ കാര്യമെടുത്താൽ, നമ്മുടെ സൂര്യൻ്റെ സ്ഥാനത്തിനടുത്ത്, ഗാലക്സിയിൽ നിന്നുള്ള Escape velocity, ഏതാണ്ട് 550 km/sec ആണെന്ന് കണക്കാക്കിയിട്ടുണ്ട്. സൂര്യൻ, ഗാലക്‌സിയുടെ കേന്ദ്രത്തെ 220 km/sec എന്ന വേഗത്തിലാണ് പരിക്രമണം ചെയ്യുന്നത്. സൂര്യന് ഗാലക്സിയിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടണമെങ്കിൽ നിലവിലെ വേഗതയുടെ കൂടെ 310 km/sec വേഗത കൂടി കൂട്ടേണ്ടതായി വരും!! സൂര്യൻ്റെ സഞ്ചാരദിശയിലെ Escape velocity ആണ് ഇവിടെ പരിഗണിച്ചത്.
ഗാലക്സീകേന്ദ്രത്തിലെ അതിഭീമൻ ബ്ളാക്ഹോളിൽ നിന്നും 27,000 പ്രകാശവർഷത്തോളമുള്ള അതിവിദൂരതയിൽ ആയിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇത്രയും ഭീമമായ വേഗത ആവശ്യമായി വരുന്നത്?!! ഇതിന് കാരണം ഗാലക്സിയുടെ ആകെ മാസ്സ്, നമുക്ക് പരിചിതമായ വസ്തുക്കളുടേത് മാത്രമല്ല! നമുക്ക് പരിചിതമല്ലാത്ത ഒരു ദ്രവ്യരൂപം, ഗാലക്സിയെ പൊതിഞ്ഞ രൂപത്തിൽ, വലിയ അളവിൽ ഉള്ളതുകൊണ്ടാണ്!! ഈ ദ്രവ്യത്തിൻ്റെ (Dark matter) സാന്നിധ്യം എങ്ങനെയാണ് നാം സ്ഥിരീകരിച്ചതെന്ന് വിവരിക്കുന്നതായിരുന്നു എൻ്റെ കഴിഞ്ഞ പോസ്റ്റിലെ വിഷയം. സൂര്യന് രക്ഷപ്പെടാൻ നിലവിലെ വേഗതയുടെ ഇരട്ടിയേക്കാൾ കൂടുതൽ ആവശ്യമായി വരുന്നത് ഇതുകൊണ്ടാണ്!
മിൽക്കിവേയിൽ തന്നെ പല വേഗതകളിൽ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. നമ്മുടെ സൂര്യൻ ഒരു അതിവേഗതാ നക്ഷത്രമാണ് (Extreme velocity star). എന്നാൽ കാര്യമായ വേഗതയുള്ള, സെക്കൻഡിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഏതാനും നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയിലുണ്ട്! അവയാണ് അത്യതിവേഗ നക്ഷത്രങ്ങൾ അഥവാ Hyper velocity stars (HVS)!!
നമ്മുടെ ഗാലക്സിയിൽത്തന്നെയുള്ള ഇത്തരം HV സ്റ്റാറുകളിൽ ചിലതിന് മാത്രം ഗാലക്സിയുടെ അതിഭീമമായ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിയും!! മുകളിൽ പറഞ്ഞ Escape ആകാൻ വേണ്ട വേലോസിറ്റി ഉളളത് കൊണ്ട് തന്നെ ഗാലക്സിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെട്ട് Inter galactic സ്‌പെയ്‌സിലേക്ക് എത്തിച്ചേരാനും അവക്ക് കഴിയും!
ബൈനറി സ്റ്റാർസ്.. അഥവാ പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്ന് സൂപ്പർ മാസ്സീവ് ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റേഷണൽ ഫീൽഡിൽ അകപ്പെടുകയാണെങ്കിൽ, അതായത് ഭ്രമണപഥത്തിൽ പ്രവേശിക്കുകയാണെങ്കിൽ, (ഈ ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റിക്ക് ഒരു ബൈനറി സ്റ്റാർ സിസ്റ്റത്തെ തകർക്കാൻ കഴിയും.) കൂടെയുണ്ടായിരുന്ന നക്ഷത്രം, ഉയർന്ന വേഗതയിൽ അകലേക്ക് വലിച്ചെറിയപ്പെടും! അതായത് ഇതൊരു HV star ആയി മാറും!
അതുപോലെ സൂപ്പർനോവ കാരണവും HV stars ഉണ്ടാകാം. ഇവിടെയും ബൈനറി സ്റ്റാറുകളിലൊന്ന് ഫ്യൂഷൻ നിലച്ച് സൂപ്പർനോവയായി മാറിക്കഴിഞ്ഞാൽ, അതായത് ഒറ്റയടിക്ക് ദ്രവ്യം വലിയതോതിൽ സ്പേസിലേക്ക് വാരി വിതറപ്പെടുമ്പോൾ, Gravitational ഫീൽഡിലുണ്ടാകുന്ന വ്യതിയാനത്തിൻ്റെ ഫലമായി, ഒപ്പമുണ്ടായിരുന്ന നക്ഷത്രം ഒരു HV star ആയി പരിണമിക്കും!
നക്ഷത്രങ്ങളുടെ ഗതിയും വേഗതയുമൊക്കെ അളക്കുന്നത് ഗാലക്സിയുടെ രൂപീകരണത്തെക്കുറിച്ച് മാത്രമല്ല വിവരങ്ങൾ നൽകുക, ഗാലക്സിയിൽ നിന്ന് രക്ഷപ്പെടുന്ന ഹൈപ്പർവെലോസിറ്റി നക്ഷത്രങ്ങൾ പോലുള്ള വിചിത്ര പ്രതിഭാസങ്ങളെ തിരിച്ചറിയാനും കഴിയും. അതുവഴി അപരിചിത ദ്രവ്യത്തെ (Dark matter) പരിചിതമാക്കാനും സഹായിക്കും. ഒരിക്കൽ ഇതുപോലെ Galactic Center നടുത്തുള്ള നക്ഷത്രവേഗതകൾ അളന്നത് കൊണ്ടാണ് നാം നമ്മുടെ ഗാലക്സിയുടെ നടുവിൽ ഒരു ബ്ലാക്ഹോൾ ആണെന്നും പ്രപഞ്ചത്തിൽ ബ്ലാക്ഹോൾ നിലനിൽക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചത് തന്നെ!
No comments:
Post a Comment