Monday, December 2, 2024

ചൊവ്വയിലേക്കുള്ള കുടിയേറ്റം പ്രായോഗികമോ ??- 2

 


വീടുകൾ.

ഓരോ ഡോമും ഓട്ടോണമസ് ആയിരിക്കും. അതായത് ആ ഡോമുകളിൽ ആവശ്യമുള്ള ഭക്ഷണം, ഹോസ്പിറ്റൽ മുതലായവയൊക്കെ അതിൽ അടങ്ങിരിക്കുന്നു. റെസിഡൻഷ്യൽ ഏരിയയിൽ വീടുകളും.

ഭരണസംവിധാനം.

എന്തായാളും ഭൂമിയിലെ പോലെ നൂറു കണക്കിന് മന്ത്രിമാരും അവർക്ക് ഉദ്യോഗസ്ഥവൃന്ദങ്ങളും ഒന്നും അവിടെ കാണില്ല. ഒരു വലിയ സ്കെയിലിൽ ഉള്ള റസിഡന്റ്‌സ് അസോസിയേഷൻ പോലെയൊക്കുള്ള ലളിതമായ സംവിധാനം മതിയാകും. . എല്ലാം നൂറു ശതമാനം ഡിജിറ്റൽ ആയതിനാൽ ഇവരൊന്നും പേപ്പറും പൊക്കിയെടുത്തു എങ്ങോട്ടും സഞ്ചരിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല. ആ ഡോം മുഴുവനായും എ ഐ ക്യാമറ നിരീക്ഷണത്തിൽ ആയിരിക്കും. ഗവണ്മെന്റ് എന്നത് ഒരു അഡ്വാൻസ്ഡ് എ ഐ ആയിരിക്കും. ഒരു AGI സിസ്റ്റം. എന്നുവെച്ചാൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്നു പറയും. ഇന്ന് പല വിഷയങ്ങളിലും ടൂളുകളായി വിഭജിച്ചു കിടക്കുന്ന എ ഐ എല്ലാം എടുത്തു സംയോജിപ്പിച്ചു എടുത്തുണ്ടാക്കുന്ന ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കഴിവുകൾ കൂടി ചേർന്ന ഒരു എ ഐ. ഡോമിനുള്ളിലെ അസ്വാഭാവികമായ ചലനങ്ങൾ നിരീക്ഷണം ആണ് പ്രധാന ജോലി.

സുരക്ഷ.

ശിക്ഷയെക്കാൾ ഉപരി കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ആയിരിക്കും  ഉണ്ടാവുക. ജയിലോ പൊലീസോ കോടതിയോ മുതലായ വേറെ വേറെ ഫിസിക്കൽ സംവിധങ്ങൾ ഇല്ല. എല്ലാം മുകളിൽ പറഞ്ഞ AGI ഗവർണമെന്റ് ഞൊടിയിടയിൽ അപൂർവ്വമായി കുറ്റകൃത്യങ്ങൾ നടന്നാൽ തന്നെ ക്യാമറകൾ നിരീക്ഷിച്ചു വ്യക്തിയെ തിരിച്ചറിഞ്ഞു ഡിജിറ്റൽ ശിക്ഷകൾ നടപ്പിലാക്കുന്നു. ഈ ശിക്ഷകൾ എന്നു വെച്ചാൽ   ഇത്ര ദിവസത്തേക്ക് നഗര സംവിധാനങ്ങളിലേക്കുള്ള ആക്സസ് തടയുക, യാത്ര ചെയ്യാനുള്ള അവകാശം തടയുക മുതൽ ലഘുവായ   ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം തടയുക വരെ ആയിരിക്കാം.

ആശയവിനിമയം.

പത്രങ്ങളോടെ മാസികകളോ ഉണ്ടാകില്ല. പൂർണ്ണമായും ഡിജിറ്റൽ. ഫയലുകളും കത്തയക്കാനും വാർത്തകൾ അറിയാനും ഇന്റര്നെറ് മാത്രം. സന്ദേശമയക്കാൻ ഓരോരുത്തർക്കും ഓരോ ഇമെയിൽ ഉണ്ടാകും. അത്രമാത്രം. വാർത്തകൾ അറിയാൻ ഫെയ്സ്ബുക്കോ ട്വിറ്ററോ പോലുള്ള ഒരു ഫീഡ് സിസ്റ്റം. ഇവ നിരന്തരം നിരീക്ഷിച്ച് ആ ഡോമിൽ നടക്കുന്ന സംഭവങ്ങൾ വിശകലനം ചെയ്യാനും പ്രെഡിക്ഷൻ അൽഗോരിതങ്ങളോ എ ഐ യോ ഒക്കെ ഉപയോഗിച്ചു വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി തക്കതായ നടപടികൾ പെട്ടെന്നെടുക്കാനും ഈ സിസ്റ്റം ശ്രമിക്കും. ഇതിനായി ഇപ്പോൾ തന്നെ നിലവിലുള്ള 

Emotion and sentiment analysis എന്ന സംവിധാനം ആയിരിക്കാം ഉപയോഗിക്കാൻ പോകുന്നത്. അതായത് ആ രാജ്യത്തെ ട്വിറ്റർ ഫീഡ് മാത്രം നോക്കി ആ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ തത്സമയ വികാരം അളക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിലേക്ക് മറ്റ് ഡാറ്റ ഉദാഹരണം, നിരീക്ഷണക്യാമറകളിൽ നിന്നുള്ള ഡാറ്റ, കൂടി സംയോജിപ്പിച്ചാൽ രാജ്യത്ത് എന്തു നടക്കുന്നു എന്നു തത്സമയം അറിയാൻ AGI ക്ക് എളുപ്പത്തിൽ കഴിയും. 

ഇന്റർനെറ്റ് ആയിരിക്കും ഒരേ ഒരു ആശയവിനിമയ ഉപാധി. അതിനാൽ നിരീക്ഷണവും ഡിജിറ്റലും എളുപ്പവും ആകുന്നു. ഈ ഇന്റര്നെറ് കേബിൾ ഇല്ലാതെ പൂർണ്ണമായും വയർലസ് ആയി ആകും ഉണ്ടാവുക. ചൊവ്വയിൽ കുഴിക്കലും പോസ്റ്റ് ഇടലും ഒന്നും നടക്കുന്ന കാര്യമല്ല. അങ്ങു ഉയരെ ഉള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ ശൃംഖല ഓരോ ഡോമിലേക്കും ഇന്റർനെറ്റ് ബീം ചെയ്യുന്നു. 

വീടുകൾ.

എന്തായാലും ഉപരിതലത്തിൽ വീടുകൾ ഉണ്ടാകില്ല. ഭാഗികമായോ പൂർണ്ണമായോ ഉപരിതലത്തിനടിയിൽ (ഭൂമിക്കടിയിൽ എന്നു പറയുന്നത് തെറ്റാകും എന്നത് കൊണ്ടു അത് പറയുന്നില്ല) ആയിരിക്കും ഉണ്ടാവുക.

 ഈ ഡൊമിന്റെ വലുപ്പ പരിമിതി കാരണം ഉപരിതലത്തിൽ പരന്നു കിടക്കുന്ന രീതിയിൽ പാർപ്പിടങ്ങൾ ഉണ്ടാകില്ല. പകരം ആ ഡൊമിന്റെ അകത്തു തന്നെ വെർട്ടിക്കൽ മാതൃകയിൽ താഴേക്ക് കുഴിച്ചു നൂറോ ഇരുന്നൂറോ മുന്നൂറോ നിലകളിൽ ആയിരിക്കും പാർപ്പിട സൗകര്യം. കൂടാതെ മറ്റ് വിനോദ-ഔദ്യോഗിക കെട്ടിടങ്ങളും അതിൽ തന്നെ ആയിരിക്കും. ഉപരിതലത്തിൽ അധികം കെട്ടിടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. പിന്നെ, ഉത്സവങ്ങൾ, ഒളിമ്പിക്‌സ്, ക്രിക്കറ് മത്സരങ്ങൾ മുതലായ സംഭവങ്ങൾ ഒന്നും ഭൗതികമായി ഉണ്ടാകില്ല  പകരം ഇതെല്ലാം വെർച്ചൽ ആയിരിക്കും കാണാനും അനുഭവിക്കാനും കഴിയുക. ഓരോരുത്തരുടെയും തലയിൽ ഘടിപ്പിച്ച ന്യൂറോചിപ്പ് ആണിവിടെ താരമാവുക. ഏത് ഉത്സവവും അവിടെ ഒരു നിശ്ചിത തീയതിയിൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആയി റൺ ചെയ്യാനും ആ ദൃശ്യവും ശബ്ദവും ഗന്ധവും ചൂടും തണുപ്പും കാറ്റും എല്ലാം ആ പരിപാടി കാണാൻ വരുന്ന(യഥാർത്ഥത്തിൽ വരുന്നില്ല, വീട്ടിൽ ഇരുന്നു അനുഭവിക്കുന്നു) ജനങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്നു. പരസ്പരം സംസാരിക്കാനും കാണാനും പ്രയാസവും ഇല്ല. ഈ രീതിയിൽ തൃശൂർ പൂരമോ ലോകകപ്പ് ഫുട്‌ബോളോ സിനിമ തിയേറ്ററോ അവിടെ ഡിജിറ്റൽ ആയി ടെലികാസ്റ്റ് ചെയ്യാൻ കഴിയുന്നു. ഒരു ഗ്രൗണ്ടോ സ്റേഡിയമോ ആൾക്കാരോ ഇല്ലാതെ തന്നെ. 

ജനങ്ങൾ.

ഇതാണ് കൗതുകകരം. ജനസംഖ്യ വളരെ കുറവായ രാജ്യങ്ങൾ ആയിരിക്കും എന്നു ആദ്യമേ പറഞ്ഞുവല്ലോ. ഈ സംഖ്യ നിയന്ത്രിച്ചു ഒരേ അളവിൽ നിർത്തുന്നു ഓരോ രാജ്യങ്ങളും. അതായത് പതിനായിരം പേര് ആണുള്ളതെങ്കിൽ അത്രയും പേര് തന്നെയെ എത്ര തലമുറ കഴിഞ്ഞാലും ഉണ്ടാവുകയുള്ളൂ. അതിനു വേണ്ട നിയമങ്ങളും സാങ്കേതിക വിദ്യകളും തീർച്ചയായും ഉണ്ടാകും. 

ഭക്ഷണം.

സസ്യങ്ങളും മറ്റും ഇല്ലാതെ പറ്റില്ല. അതിനാൽ ആ ഡോമിനു ഉപരിതലത്തിൽ കൃത്രിമ കാലാവസ്ഥ സൃഷ്‌ടിച്ചു ഒരു പ്രകൃതി ഉണ്ടാക്കാൻ ആയിരിക്കും ശ്രമിക്കുക. അതിൽ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിനായുള്ള മൃഗങ്ങളോ പക്ഷികളോ ഉണ്ടായേക്കാം. ഈ ഒരു എക്കോ സിസ്റ്റം സൃഷ്ടിക്കൽ ആയിരിക്കും ഏറ്റവും ദുഷ്കരം. ഓരോ ഡോമും ഓരോ കൊച്ചു ഭൂമി ആയിരിക്കും. പതിയെ പതിയെ മ്യൂറ്റെഷൻ വഴി ചെറിയ സ്ഥലത്തിൽ  വളരെ പെട്ടെന്ന് പെറ്റുപെരുകാൻ കഴിയുന്ന   പക്ഷി മൃഗാതികളും അതിവേഗം കായ്ഫലം തരുന്ന മരങ്ങളും വികസിപ്പിച്ചെടുക്കും. ആ പതിനായിരം പേർക്കുള്ള ഭക്ഷണം അവിടെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

സാമൂഹിക സ്ഥിതി.

വലിയ പണക്കാരോ വലിയ ദരിദ്രരോ ഉണ്ടാകില്ല. പണം എന്ന സാധനം ചെലവഴിക്കാൻ ഓരോരുത്തർക്കും അധികം ഓപ്‌ഷനുകൾ ഉണ്ടാകില്ല. വേണ്ടതെല്ലാം ഒരേ പോലെ എല്ലാവർക്കും ലഭിക്കുന്നു. വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാം. ജോലിക്ക് പോയി കുടുംബം പുലർത്തേണ്ട ആവശ്യം ഉണ്ടാകില്ല. വേണ്ട ഭക്ഷണവും മറ്റ് ഉപാധികളും ഓരോരുത്തർക്കും ഉണ്ടാകും. 

ലേബർ തൊഴിലുകൾ എല്ലാം എടുക്കാൻ റോബോട്ടുകൾ ഉള്ളതിനാൽ ആർക്കും അത്തരം പണി ഉണ്ടാവില്ല. പിന്നെ, അവിടെയുള്ള പ്രകൃതിയിൽ വേണ്ട ജൈവ വൈവിധ്യങ്ങൾ ഭൂമിയിൽ നിന്നും ആവശ്യത്തിനുള്ളത് മാത്രം ഫിൽറ്റർ ചെയ്തു കൊണ്ടു വരുന്നതിനാൽ രോഗങ്ങൾ ഉണ്ടാകില്ല. അനാവശ്യ വൈറസുകളോ ബാക്ടീരിയകളോ ഡൊമിനകത്ത് ഉണ്ടാകില്ല. പനി പിടിച്ചു കിടക്കൽ പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല. മതത്തിലും സാഹിത്യത്തിലും പുരാണങ്ങളിലും ഒക്കെ പറയുന്ന സ്വർഗ്ഗരാജ്യം, ദേവലോകം ഒക്കെ പോലെയുള്ള ഒരു അടിപൊളി സെറ്റപ്പ് ആയിരിക്കും അവിടെ. ദുരിതങ്ങൾ ഇല്ലാത്ത ഒരു ലോകം. 

ജലം

ചൊവ്വയിൽ ഐസ് ആയി കിടക്കുന്ന ജലം പല സ്ഥലത്തും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവ എടുത്ത് ഉപയോഗിക്കാൻ കഴിഞ്ഞേക്കും. മറ്റൊരു രീതി ഉള്ളത് , വലിയ അളവിൽ ഐസ് ഉള്ള വലിയ ആസ്ട്രോയുഡുകൾ ഉണ്ട്. ഇവയുടെ വലിപ്പം ആയിരം കിലോമീറ്റർ വരെ വരും.

 ദിശ മാറ്റാനും തക്കതായ അളവിൽ ജലം ഉള്ള ഒരെണ്ണതെ വഴി മാറ്റി ചൊവ്വയിൽ ഇടിച്ചിറക്കാനും അതിലെ ജലം ചൊവ്വയിൽ നിക്ഷേപിക്കാനും സാധിക്കും. ഉദാഹരണമായി, ആസ്ട്രോയ്ഡ് ബെൽറ്റിൽ ഉള്ള പ്ലൂട്ടോ പോലുള്ള Ceres എന്ന ആസ്ട്രോയ്ഡ്. ഇതൊരു ഡാർഫ് പ്ലാനറ്റ് കൂടിയാണ്. ഇതിന്റെ കോറിൽ കോടിക്കണക്കിനു ലിറ്റർ ജലം ഹൈഡ്രോ മിനറലുകൾ എന്ന രൂപത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിനെ ചൊവ്വയിലേക്ക് പതിപ്പിച്ചാൽ ലഭിക്കുന്ന ജലം ഭൂമിയിലെ സകല പുഴകളിലേയും ഉള്ള വെള്ളത്തേക്കാൾ കൂടുതലായിരിക്കും എന്നു കണ്ടെത്തിയിട്ടുണ്ട്.

ഇത്രയുമാണ് അടിസ്ഥാന സംവിധാനങ്ങൾ ആയിട്ടുണ്ടാവുക എന്നാണ് ഞാൻ ഊഹിക്കുന്നത്.

ഇനിയാണ് പ്രധാന ചോദ്യം. 

ഭൂമിയിലുള്ള ബാക്കി ആൾക്കാരെ എപ്പോൾ കൊണ്ടു പോകും?

എല്ലാവരെയും കൊണ്ടു പോകില്ല എന്നു തന്നെയാണ് എന്റെ നിഗമനം. ആരും വിഷമം തോന്നിയിട്ടു കാര്യമില്ല. കാരണം കൂടി പറയാം.


ഭൂമിയിൽ ഇപ്പോൾ ഉള്ളത് എണ്ണൂറ് കോടി ജനങ്ങൾ ആണ്. ഇവരെ ഒരിക്കലും പൂർണ്ണമായി ചൊവ്വയിൽ എത്തിക്കാനാവില്ല എന്നത് ഒരു പ്രശ്നം. പക്ഷെ എത്തിച്ചാൽ എന്താണ് ഉണ്ടാവുക എന്നും സോഷ്യൽ സയന്റിസ്റ്റുകൾക്കറിയാം. ചൊവ്വയും മറ്റൊരു ഭൂമി ആകും. മതവും യുദ്ധവും അവിടെയും കൊടി കുത്തി വാഴും.  അതല്ല ലക്ഷ്യം. പുതിയൊരു മനുഷ്യകുലം ആണ് ലക്ഷ്യം. വെടിവെപ്പോ യുദ്ധമോ ബലാത്സംഗമോ ഒന്നും ഇല്ലാത്ത ഒരു പുതിയ ഭൂമി. അതിനു സെലക്ഷൻ അത്യാവശ്യമാണ്. പ്രകൃതി നാച്ചുറൽ സെലക്ഷന് നടത്തുന്ന പോലെ ഇവിടെ മനുഷ്യൻ ആർട്ടിഫിഷ്യൽ സെലക്ഷൻ നടത്തുന്നു. ഏറ്റവും ഫിറ്റസ്റ് ആയിട്ടുള്ള ഒരു ജനതയെ മാത്രം അവിടെ വളർത്തുന്നു. ഇത് ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ആകാനാണ് സാധ്യത. പിന്നെ ഓരോ കാശിന്റെ കൊഴുപ്പും ചിലപ്പോൾ കാരണമായേക്കാം. ഉറപ്പില്ല. പക്ഷെ തെരഞ്ഞെടുക്കുന്ന  90% പൗരരും ശാരീരിക മാനസിക കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കും..

നിങ്ങൾക്ക് എന്തു തോന്നുന്നു?

No comments:

Post a Comment