ജുറാസിക് പാർക്ക് സിനിമയിൽ ഇത് കണ്ടത് ഓർക്കുന്നുണ്ടോ?
ഉള്ളിലെ കൊതുകിനെ എടുത്തു അതിന്റെ വയറ്റിലെ രക്തത്തിൽ നിന്നും ഡൈനോസറിന്റെ ഡി എൻ എ എടുത്താണ് അവർ ആദ്യത്തെ ഡൈനോസറിന്റെ സൃഷ്ടിക്കുന്നത്.
ഇതിന്റെ പേരാണ് ആംബർ.
ആംബർ -Amber എന്നത് ഒരുതരം മരക്കറയാണ്. ഷട്പദങ്ങളുൾപ്പെടെയുള്ള ഒട്ടറെ ചരിത്രാതീതജീവികൾ ആംബറിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട് എന്നറിയമല്ലോ. കൂടാതെ ആഭരണനിർമാണത്തിനും പുരാതനകാലംമുതൽക്ക് ഈ ആംബർ ഉപയോഗിച്ചിരുന്നു. ഭൂതകാലത്തെ ഉള്ളിൽ സൂക്ഷിക്കുന്ന പ്രകൃതിയുടെ ടൈം കാപ്‌സ്യൂളുകളായ ആംബറുകളെക്കുറിച്ച് ഇന്ന് കൂടുതലറിയാം.
ഒരു ആംബറിന്റെ ജീവിതചക്രം ഒന്നു നോക്കിയാലോ.
പൈൻ, ദേവദാരു മുതലായവ ഉൾക്കൊള്ളുന്ന വൃക്ഷങ്ങൾ കറ ചുരത്താറുണ്ട്. ഈ മരക്കറയിൽ ഷട്‌പദങ്ങൾ, സസ്യഭാഗങ്ങൾ തുടങ്ങി വായു കുമിളകൾവരെ കുടുങ്ങുന്നു. ആ മരക്കറ പിന്നീട് ഉണങ്ങി മരത്തിൽനിന്ന് വേർപെട്ടുവീഴുന്നു. വെള്ളത്തിൻന്റെ ഒഴുക്കിലും മറ്റും പെട്ട് അത് ദൂരസ്ഥലങ്ങളിലെത്തുന്നു.
ഇനിയാണ് അടുത്ത സ്റ്റേജ്. അതാണ് ഫോസിലൈസേഷൻ.
വാതകമാകാൻ ശേഷിയുള്ള എണ്ണകൾ, അമ്ലങ്ങൾ, സുഗന്ധമുള്ള ടെർപ്പീനുകൾ എന്നിവയൊക്കെ ഈ മരക്കറയിലടങ്ങിയിട്ടുണ്ടാവും. ഈ ഘടകങ്ങൾ ക്രമേണ ബാഷ്പീകരണ ത്തിന് വിധേയമാവുകയും അങ്ങനെ മരക്കറ ഒരു പാറക്കല്ലിന് സമാനമായി ദൃഢമാകുന്നു. മണ്ണിലടിയുന്ന അവ മർദവും ചൂടുമൊക്കെയേറ്റ് പരുവപ്പെടുന്നു ലക്ഷക്കണക്കിന് വർഷങ്ങൾ നീളുന്ന ഈ പരിണാമത്തിനിടയിൽ അവയിൽ പോളിമറൈസേഷനും സംഭവിക്കും ഒടുവിൽ ഈ മരക്കറ ചില്ല് പോലെ സുതാര്യവും കുടുങ്ങിക്കിടക്കുന്ന ജൈവവസ്‌തുക്കളെ കേടാകാതെ സംരക്ഷിക്കാനുള്ള കഴിവുമുള്ള ആംബറായി മാറുന്നു.
ആംബറിന്റെ നിറക്കൂട്ടുകൾ.
ആംബറിൽ ഒട്ടേറെ രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. മരത്തിന്റെ സവിശേഷത. കറയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ. ഫോസിലൈസേഷനെടുത്ത കാലയളവ് എന്നിവയൊക്കെ ആംബറിൻ്റെ നിറത്തെ സ്വാധീനിക്കുന്നു. രത്ന കല്ലുകൾപോലെ വിലപ്പെട്ടതാണ് ആംബർ. അതിന്റെ മനോഹാരിത, കുടുങ്ങിക്കിടക്കുന്ന വസ്‌തുക്കളുടെ അപൂർവതയും പഴക്കവും, നിറം എന്നിവയൊക്കെ അനുസരിച്ച് ആംബറിൻ്റെ മൂല്യം നിർണയിക്കപ്പെടുന്നു.
ജീവികളുടെ ക്രിസ്റ്റൽ കല്ലറ
ആംബറിൽ കുടുങ്ങിക്കിടക്കുന്ന ജീവികൾ ചരിത്രാതീതകാല ജൈവവൈവിധ്യത്തെക്കുറിച്ച് വിലപ്പെട്ട സൂചനകൾ നമുക്ക് നൽകുന്നു. ആംബറുകളിൽനിന്ന് കണ്ടെത്തിയവയിൽ ഷട്പദങ്ങൾ മാത്രമമല്ല. ഫംഗസ്, അമീബ ആൽഗ തുടങ്ങിയ സൂക്ഷ്‌മജീവികളും ഇഴജന്തുക്കളും ഉഭയജീവികളും വലിയ ജീവികളുടെ ഭാഗങ്ങളും സസ്യഭാഗങ്ങളും ഉൾപ്പെടുന്നു ആയിരത്തി മുന്നൂറിലേറെ പ്രാചീന സ്‌പീഷീസുകളെ ശാസ്ത്രജ്ഞർ ആംബറുകളിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
നമുക്ക് ലഭിച്ച പ്രധാനപ്പെട്ട ആംബറുകൾ ഏതൊക്കെയെന്നു നോക്കാം.
പറക്കും ഡൈനോസറിന്റെ തൂവലുള്ള ആംബർ. പഴക്കം പത്തു കോടി വർഷം. സ്ഥലം കാനഡ.
പല്ലിയുടെ പൂർവികൻ. പഴക്കം എട്ടു കോടി വർഷം. സ്ഥലം ബർമ്മ.
ഇപ്പോൾ ഇല്ലാത്ത ഒരു തരം തവള. പത്തു കോടി വർഷം. സ്ഥലം മ്യാൻമർ.
ഡൈനോസറുകളുടെ സമാന കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഓന്ത്. പത്തു കോടി വർഷം.
വംശമറ്റ ചെടിയുടെ ഒരു പൂവ്. പഴക്കം നാലു കോടി വർഷം. സ്ഥലം യൂറോപ്പിലെ ഇത്തരം ആമ്പറുകൾക്ക് പേരു കേട്ട ബാൾട്ടിക് വനങ്ങൾ.
ഇൻഡ്യയിൽ.
ആംബറുകൾ ഇന്ത്യയിൽ ആദ്യമായി കണ്ടെടുത്തത് ഗുജറാത്തിൽ നിന്നാണ്. 2005 ൽ. 2005-ൽ. ഇൻഡ്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളാണ് ആമ്പറുകളുടെ പ്രധാന സ്ഥലങ്ങൾ. ആമ്പറുകളുടെ പഴക്കം മൂന്നു മുതൽ ഒമ്പതു കോടി വർഷങ്ങൾക്കുള്ളിലാണ്.
No comments:
Post a Comment