ചൊവ്വയിലേക്ക് കുടിയേറാൻ ശ്രമിക്കുകയാണല്ലോ മനുഷ്യകുലം. പക്ഷെ അത് പ്രയോഗികമാണോ? ഭൂമിയിലെ ജനങ്ങളെയെല്ലാം ഭൂമിയിൽ എത്തിക്കാൻ കഴിയുമോ? എന്തെല്ലാമാണ് നൂലാമാലകൾ? ചൊവ്വയിലെ ജീവിതം എങ്ങനെയായിരിക്കും?
അതൊന്നു പരിശോധിക്കാം.
ആദ്യമായി, ഞാൻ ഇനി പറയാൻ പോകുന്നത് എന്റെ മാത്രം നിരീക്ഷണങ്ങളും നിഗമനങ്ങളും ആണ്. കഴിഞ്ഞ രണ്ടു വർഷമായി ഈ കാര്യവുമായി ബന്ധപ്പെട്ട പരമാവധി വാർത്തകളും ഇന്റർവ്യൂകളും കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പറയാൻ ശ്രമിക്കുന്നത്. നിങ്ങളുടെ അഭിപ്രായം നിങ്ങളും പറയൂ.
ചൊവ്വയിൽ മനുഷ്യന് ഒരു സിവിലൈസേഷൻ കെട്ടിപ്പടുക്കാൻ എന്തൊക്കെ അവശ്യ വസ്തുക്കൾ വേണം?
ആദ്യത്തെ പ്രശ്നമായ കാലാവസ്ഥ പരിശോധിക്കാം. ചൊവ്വയിൽ പകൽ സമയം 20 ഡിഗ്രി ആണ് താപനില. അതായത് മനുഷ്യർക്ക് ഏറ്റവും സുഖകരമായ ശീതളിമ. എയർ കണ്ടീഷനറുകൾ ആവശ്യമില്ല എന്നത് ഗുണകരം. ഭൂമിയെക്കാൾ സുഖകരമായി ജീവിക്കാം.
അതേ സമയം രാത്രി നല്ല തണുപ്പുമാണ്. മൈനസ് 70 ഡിഗ്രി ആണ് തണുപ്പ്. ഇതിനെ ചെറുക്കാൻ ഹീറ്റിങ് സംവിധാനങ്ങൾ വേണ്ടി വരും. പക്ഷെ ആ സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഭൂമിയിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പുതിയ സാങ്കേതികവിദ്യ ഒന്നും വേണ്ട.
അടുത്തതാണ് റേഡിയേഷൻ പ്രശ്നങ്ങൾ. ഭൂമിയെക്കാൾ ഇരുപതിരട്ടി റേഡിയേഷൻ അവിടെയുണ്ട്. കൂടാതെ പൊടിക്കാറ്റും.
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം കണക്കിലെടുത്താൽ ഭൂമിയിലെ പോലെ തുറന്ന പ്രദേശത്തെ ഒരു ജീവിതം അവിടെ സാധ്യമല്ല എന്നു ഏറെക്കുറെ ഉറപ്പാണ്. അല്ലെങ്കിൽ ഓരോരുത്തരും ഇരുപത്തിനാലു മണിക്കൂറും സ്‌പെയ്‌സ് സ്യൂട്ടും അണിഞ്ഞു നടക്കേണ്ടി വരും. അതെന്തായാലും പ്രായോഗികമല്ലല്ലോ. അപ്പോൾ എന്താണ് പരിഹാരം?
പരിഹാരങ്ങൾ എല്ലാം ശാസ്ത്രത്തിൽ മാത്രം അധിഷ്ഠിതമായല്ല ഒരുക്കുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്.
രാഷ്ട്രീയമായും സാമ്പത്തികമായും ഒക്കെ പല തലങ്ങൾ അതിനുണ്ട്.
ഡോമുകളുടെ ആവശ്യകത.
ദുബായ്, സിംഗപ്പൂർ മുതലായ ചെറിയ രാജ്യങ്ങളുടെ മാതൃകയിലായിരിക്കും അവിടുത്തെ രാജ്യങ്ങൾ. മിക്കവാറും ഭൂമിയിലെ പോലെ പല വലുപ്പത്തിൽ അല്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി ഒരേ വലുപ്പത്തിലായിരിക്കും രാജ്യങ്ങൾ. ഒരു രാജ്യം എന്നൊക്കെ പറയാമെങ്കിലും ഒരു നഗരത്തിന്റെ അത്ര വലുപ്പവും ജനസംഖ്യയും പ്രതീക്ഷിച്ചാൽ മതി. ഓരോ രാജ്യങ്ങൾക്കും മുകളിൽ ഓരോ ഡോമുകൾ ഉണ്ടായിരിക്കും. മുപ്പതോ നാല്പതോ കിലോമീറ്റർ വ്യാസം വരുന്ന ഈ ഡോമുകൾക്ക് പല ഉദ്ദേശം ഉണ്ട്. ഒന്ന്, റേഡിയേഷൻ പ്രൂഫ് ആയിട്ടുള്ള ഒരു കവചം. രണ്ട്, പൊടിക്കാറ്റിൽ നിന്നും സംരക്ഷണം, മൂന്ന്, ഉള്ളിൽ കൃത്രിമ കാലാവസ്ഥ നില നിർത്താൻ സഹായകരം, നാല്, ഡോമിനു പുറത്തായി സോളാർ പാനലുകൾ പാകി സൂര്യപ്രകാശം പിടിച്ചെടുത്തു ആ നഗരത്തിനാവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഇതാണ് ഡോം എന്ന ആശയം.
അടുത്തത് വേണ്ടത് ഡോമുകൾ തമ്മിലുള്ള ട്രാൻസ്പോർറ്റെഷൻ. ഇതിനു ഉപരിതലത്തിലൂടെ റോഡ് ഉണ്ടാക്കുന്നതിന് ധാരാളം പ്രശ്നങ്ങളും മറ്റും ഉണ്ട്. അവിടെ പ്രായോഗികത അടിയിലൂടെ പോകുന്ന ടണലുകൾ ആണ്.
അടുത്തത് ഉപരിതലത്തിലൂടെ പോകാനുള്ള മാർഗം. പുറത്തുള്ള സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വാഹനങ്ങൾ അത്യാവശ്യമാണ്. പണി മൊത്തം എടുക്കുന്നത് റോബോട്ടുകൾ ആയിരിക്കും. മനുഷ്യർ പോകുന്നത് മേൽനോട്ടം വഹിക്കാൻ മാത്രമായിരിക്കും. ഇവർക്ക് പോകാനുള്ള യാത്രാ വാഹനങ്ങൾ ഭൂമിയിലേത് പോലെ പോര. ഉപരിതലത്തിലെ ചെറിയ ഉൽക്കാവര്ഷം കാണക്കിലെടുത്താൽ ബുള്ളറ്റ് പ്രൂഫ് നിലവാരത്തിൽ ഉള്ള ബോഡിയും ചില്ലുകളും ആവശ്യമാണ്. പൊടിക്കാറ്റിൽ നിന്നും സംരക്ഷിക്കാൻ നൂതനമായ എയർ ഫിൽറ്റർ സിസ്റ്റം, അന്തരീക്ഷ മർദം ഉള്ളിൽ ഫീൽ ചെയ്യാൻ ഉൾവശം എയർ പ്രഷറൈസ്ഡ് വാഹനങ്ങൾ ആയിരിക്കും ഇവ. ഇത്തരം യാത്രവാഹനങ്ങൾ കൂടാതെ നിർമാണ വസ്തുക്കൾ കൊണ്ടു പോകാൻ ട്രക്കുകളും അത്യാവശ്യം. ഏതു വാഹനവും ആകട്ടെ, മുഴുവനായും ഇലക്ട്രിക്കും ഡ്രൈവർ ഇല്ലാത്തതും ആയിരിക്കും. കാരണം ഫോസിൽ ഇന്ധനങ്ങൾ ഇല്ല എന്നുള്ളതും അവക്ക് എൻജിൻ എയർ ഇൻ ടേക്കിനായി വായു ഇല്ലാത്തതും. കൂടാതെ നല്ല റോഡുകൾ ഉണ്ടാക്കുന്നത് പ്രായോഗികം അല്ലാത്തതിനാൽ കാറുകളെക്കാൾ കൂടുതൽ ഓഫ് റോഡിങ് കഴിവുകളും ഫീച്ചറുകളും ഉള്ള ഉള്ള വാഹനങ്ങൾ ആണ് ഉണ്ടാവുക. ഡോമുകൾ തമ്മിലുള്ള ടണലുകളിലും ഇതേ യാത്രാ വാഹനങ്ങൾ തന്നെയാണ് ഓടുക.
No comments:
Post a Comment