“ഇതാണ് ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?”
“ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?”
“അതെ, കാര്യമായിട്ടു തന്നെ.”
“അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു.
അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു.
“അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാലോ?” അയാൾ പറഞ്ഞു.
“കാര്യമായിട്ടു പറയുകയല്ലല്ലോ?” അയാളുടെ ഭാര്യ ചോദിച്ചു.
അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.
“യുദ്ധം?”
അയാൾ തല കുലുക്കി.
“ഹൈഡ്രജൻ ബോംബും ആറ്റം ബോംബുമല്ലല്ലോ?”
“അല്ല.”
“രോഗാണുക്കളെക്കൊണ്ടുള്ള യുദ്ധം?”
“അതൊന്നുമല്ല,” സാവാധാനം കാപ്പി ഇളക്കിക്കൊണ്ട് അതിന്റെ ഇരുണ്ട ആഴങ്ങളിലേക്കു നോക്കി അയാൾ പറഞ്ഞു. “വേണമെങ്കിൽ ഒരു പുസ്തകം വായിച്ചടയ്ക്കുന്നപോലെ എന്നു പറയാം.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല.”
“ഇല്ല, ശരിക്കു പറഞ്ഞാൽ എനിക്കും മനസ്സിലാകുന്നില്ല. ഇത് വെറുമൊരു തോന്നലാണ്; ചിലപ്പോൾ എനിക്കു പേടി തോന്നും, ചിലപ്പോൾ എനിക്കൊരു പേടിയും തോന്നുകയില്ല- സമാധാനമാണു തോന്നുക.” അയാൾ പെൺകുട്ടികളെയും പ്രദീപ്തമായ വിളക്കുവെട്ടത്തിൽ തിളങ്ങുന്ന അവരുടെ മഞ്ഞമുടിയും ഒന്നു കണ്ണോടിച്ചുനോക്കിയിട്ട് ഒച്ച താഴ്ത്തി. “ഞാനിതുവരെ നിന്നോടു പറഞ്ഞിരുന്നില്ല. നാലു രാത്രി മുമ്പാണ് ഇതാദ്യം ഉണ്ടായത്.”
“ഏത്?”
“ഞാൻ കണ്ട ഒരു സ്വപ്നം. എല്ലാം അവസാനിക്കാൻ പോവുകയാണെന്ന് ഞാൻ സ്വപ്നം കണ്ടു; ഒരു സ്വരം അങ്ങനെ പറയുകയും ചെയ്തു. എനിക്കോർമ്മയുള്ള ഒരു സ്വരവുമായിരുന്നില്ല അത്, എന്നാലും ആരുടെയോ ശബ്ദമായിരുന്നു. ഈ ഭൂമിയിൽ കാര്യങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന് അതു പറഞ്ഞു. കാലത്തെഴുന്നേല്ക്കുമ്പോൾ ഞാനതിനെക്കുറിച്ച് കാര്യമായിട്ടൊന്നും ചിന്തിക്കാൻ പോയില്ല; പിന്നെ ഞാൻ ജോലിക്കു പോയി; പക്ഷേ ആ ചിന്ത പകലു മുഴുവൻ മനസ്സിലുണ്ടായിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ സ്റ്റാൻ വിൽസ് ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു. ‘എന്താണിത്ര ചിന്തിക്കാൻ?’ ഞാൻ ചോദിച്ചു. ‘ഇന്നലെ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു,’ അയാൾ പറയുന്നതിനു മുമ്പേ ആ സ്വപ്നം എന്താണെന്ന് എനിക്കറിയാമായിരുന്നു. എനിക്കു വേണമെങ്കിൽ അതയാളോടു പറയാമായിരുന്നു; ഞാൻ പറഞ്ഞില്ല, അയാൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.”
“അതേ സ്വപ്നം തന്നെയായിരുന്നു?”
“അതെ. അതേ സ്വപ്നം ഞാനും കണ്ടിരുന്നുവെന്ന് ഞാൻ സ്റ്റാനിനോടു പറഞ്ഞു. അയാളതിൽ അത്ഭുതമൊന്നും കാണിച്ചില്ല. ശരിക്കു പറഞ്ഞാൽ അയാൾക്കാശ്വാസമായപോലെയാണ് തോന്നിയത്. പിന്നെ ഞങ്ങൾ ഓഫീസുകൾ മുഴുവൻ കയറിയിറങ്ങാൻ തുടങ്ങി, വെറുതേ ഒരു രസത്തിന്. അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമല്ല. നമുക്കൊന്നു നടന്നിട്ടുവരാം, എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. ഞങ്ങളങ്ങു നടന്നു, അത്രതന്നെ; എവിടെയും ഞങ്ങൾ കണ്ടത് ആളുകൾ അവരുടെ മേശയിലോ തങ്ങളുടെ കൈകളിലോ അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്കോ നോക്കി ഇരിക്കുന്നതാണ്; കണ്ണുകൾക്കു മുന്നിലുള്ളത് അവർ കാണുന്നുമുണ്ടായിരുന്നില്ല. ചിലരോടു ഞാൻ സംസാരിക്കാൻ നിന്നു; അതുപോലെ സ്റ്റാനും.“
”എല്ലാവരും ആ സ്വപ്നം കണ്ടിരുന്നോ?“
”എല്ലാവരും കണ്ടു. അതേ സ്വപ്നം, ഒരു മാറ്റവുമില്ലാതെ.“
”ആ സ്വപ്നം കണ്ടിട്ടു നിങ്ങൾക്കു വിശ്വസിക്കാൻ തോന്നിയോ?“
”ഉവ്വ്. മുമ്പൊരിക്കലും എനിക്ക് ഇത്ര വിശ്വാസം വന്നിട്ടില്ല.“
”എപ്പോഴാണ് അതു നിലയ്ക്കുക? അതായത്, ലോകം?“
”നമുക്കത് രാത്രിയിൽ എപ്പോഴെങ്കിലുമായിരിക്കും; പിന്നെ, രാത്രി ലോകത്തിന്റെ ഓരോ ഭാഗവുമെത്തുമ്പോൾ ആ ഭാഗവും പോകും. എല്ലാം പോയിത്തീരാൻ ഇരുപത്തിനാലു മണിക്കൂറെടുക്കും.“
കാപ്പിയിൽ തൊടാതെ അവർ അല്പനേരം ഇരുന്നു. പിന്നെ അവരത് സാവധാനമെടുത്ത് പരസ്പരം നോക്കിക്കൊണ്ട് കുടിക്കാൻ തുറങ്ങി.
”നാമിതർഹിക്കുന്നുണ്ടോ?“ ഭാര്യ ചോദിച്ചു.
“ഇതിൽ അർഹതയുടെ കാര്യമൊന്നുമില്ല; വിചാരിച്ചപോലെയല്ല നടന്നതെന്നു മാത്രം. ഇക്കാര്യത്തിൽ നീ തർക്കിക്കാൻ പോലും വന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. എന്തുകൊണ്ടാണത്?”
”അതിനൊരു കാരണമുണ്ടെന്നു തോന്നുന്നു,“ അവർ പറഞ്ഞു.
”ഓഫീസിലുള്ളവർ പറഞ്ഞ അതേ കാരണം?“
അവർ തലയാട്ടി. “എനിക്കതു പറയാൻ തോന്നിയില്ല. ഇന്നലെ രാത്രിയിലാണ് അതു സംഭവിച്ചത്. ഈ ബ്ലോക്കിലെ പെണ്ണുങ്ങൾ അതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, അതും തമ്മിൽത്തമ്മിൽ മാത്രം.” അവർ സായാഹ്നപത്രമെടുത്ത് അയാളുടെ നേർക്കു നീട്ടി. “ ഇതിൽ അതിനെക്കുറിച്ച് ഒരു വാർത്തയും ഇല്ല.”
”ഇല്ല. എല്ലാവർക്കും അറിയാം, പിന്നെ അതിന്റെ ആവശ്യമെന്താ?“ അയാൾ പത്രമെടുത്തിട്ട് കസേരയിൽ ചാരിയിരുന്നു. എന്നിട്ടയാൾ കുട്ടികളേയും പിന്നെ അവരെയും നോക്കി. ”നിനക്കു പേടി തോന്നുന്നുണ്ടോ?“
”ഇല്ല, കുട്ടികളുടെ കാര്യമോർത്തിട്ടുപോലും പേടിയില്ല. ഞാൻ പേടിച്ചു മരിച്ചുപോകുമെന്നായിരുന്നു എന്റെ ചിന്തയെങ്കിലും ഇല്ല, എനിക്കൊരു പേടിയും തോന്നുന്നില്ല.“
”ശാസ്ത്രജ്ഞന്മാർ അത്രയൊക്കെ പറഞ്ഞിട്ടുള്ള ആത്മരക്ഷയ്ക്കുള്ള വാസനയൊക്കെ എവിടെപ്പോയി?“
“എനിക്കെങ്ങനെ അറിയാൻ? കാര്യങ്ങൾ യുക്തിക്കനുസരിച്ചാണു നടക്കുന്നതെന്നു തോന്നിയാൽ നമ്മുടെ മനസ്സ് വല്ലാതിളകില്ല. ഇത് യുക്ത്യനുസരിച്ചാണ്. നാം ജീവിച്ച രീതി വച്ചു നോക്കിയാൽ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനും പാടില്ല.”
”നമ്മൾ അത്രയ്ക്കു മോശമായിരുന്നില്ലല്ലോ, അല്ലേ?“
”അല്ല, അത്രയ്ക്കു നല്ലവരുമായിരുന്നില്ല. അതാണു പ്രശ്നമെന്ന് എനിക്കു തോന്നുന്നു. നമ്മൾ നമ്മളായിരുന്നു എന്നല്ലാതെ എന്തിന്റെയെങ്കിലും ഒന്നുമായിരുന്നില്ല; അതേ സമയം ലോകത്തിന്റെ വലിയൊരു ഭാഗമാകട്ടെ, തീർത്തും അരോചകമായ പലതുമാകുന്ന തിരക്കിലുമായിരുന്നു.“
വരാന്തയിൽ കുട്ടികൾ ബ്ളോക്കുകൾ കൊണ്ടുള്ള വീട് തട്ടിമറിച്ചിട്ടിട്ട് കൈകൾ വീശി ചിരിക്കുകയായിരുന്നു.
”ഇങ്ങനെയുള്ള ഒരു സമയത്ത് ആളുകൾ തെരുവുകളിലൂടെ അലറിക്കരഞ്ഞുകൊണ്ടോടുമെന്നായിരുന്നു ഞാനെന്നും വിചാരിച്ചിരുന്നത്.“
”അങ്ങനെയാവില്ല എന്നാണ് എന്റെ ഊഹം. ശരിക്കുള്ള കാര്യങ്ങളിൽ ആരും അലറിക്കരയാറില്ല.“
”നിങ്ങളേയും കുട്ടികളേയും ഓർത്തല്ലാതെ എനിക്കു നഷ്ടബോധമൊന്നും ഉണ്ടാകില്ല, അറിയാമോ? നിങ്ങൾ മൂന്നുപേരുമല്ലാതെ നഗരങ്ങളോ കാറുകളോ ഫാക്ടറികളോ എന്റെ ജോലിയോ ഒന്നും എനിക്കിഷ്ടമായിരുന്നില്ല. എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, എന്റെ കുടുംബമല്ലാതെ; വേണമെങ്കിൽ കാലാവസ്ഥയുടെ ഒരു മാറ്റമോ ചൂടുകാലത്ത് ഒരു ഗ്ലാസ് തണുത്ത വെള്ളമോ അല്ലെങ്കിൽ ഉറക്കം എന്ന ധാരാളിത്തമോ പറയാം. ശരിക്കു നോക്കിയാൽ കുഞ്ഞുകാര്യങ്ങൾ. ഇവിടെ ഇങ്ങനെയിരുന്ന് ഈ മട്ടിൽ സംസാരിക്കാൻ നമുക്കെങ്ങനെ പറ്റുന്നു?“
”നമുക്കു വേറൊന്നും ചെയ്യാനില്ലാത്തതിനാൽ.“
“അതെയതെ; എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാം അതു ചെയ്യുമായിരുന്നു. ലോകചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും തലേ രാത്രിയിൽ തങ്ങൾ എന്തു ചെയ്യാൻ പോവുകയായിരുന്നു എന്ന് ആളുകൾക്ക് ശരിക്കും മനസ്സിലാകുന്നത് എന്നെനിക്കു തോന്നുന്നു.”
“ഈ രാത്രിയിൽ, അടുത്ത കുറച്ചു മണിക്കൂർ നേരത്തേക്ക്, മറ്റുള്ളവരെല്ലാം എന്തായിരിക്കും ചെയ്യാൻ പോകുന്നത്?”
”തിയേറ്ററിൽ പോവുക, റേഡിയോ കേൾക്കുക, റ്റീ വി കാണുക, ചീട്ടു കളിക്കുക, കുട്ടികളെ കിടത്തിയുറക്കുക, അവരും ഉറങ്ങാൻ നോക്കുക, അതൊക്കെത്തന്നെ, എന്നത്തെയും പോലെ.“
”ഒന്നാലോചിച്ചാൽ അതിൽ അഭിമാനിക്കുകയും ചെയ്യാം- എന്നത്തെയും പോലെ.“
”നമ്മൾ അത്ര മോശക്കാരല്ല.“
അവർ അല്പനേരം അങ്ങനെയിരുന്നു; പിന്നയാൾ കുറച്ചുകൂടി കാപ്പി പകർന്നു. “അത് ഇന്നു രാത്രിയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കെങ്ങനെ തോന്നി?”
“കാരണം.”
“എന്തുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പത്തു കൊല്ലത്തിനുള്ളിലെ ഒരു രാത്രി, അല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം മുമ്പത്തെ ഏതെങ്കിലും രാത്രി അവസാനരാത്രി ആയില്ല?”
“ചരിത്രത്തിൽ ഇതിനു മുമ്പൊരിക്കലും 1951 ഫെബ്രുവരി 30 എന്ന തീയതി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം; ഇപ്പോൾ അതായിരിക്കെ, മറ്റേതൊരു തീയതിയും അർത്ഥമാക്കുന്നതിൽ കൂടുതൽ ഈ തീയതി അർത്ഥമാക്കുന്നതിനാലായിരിക്കാം; ലോകമെങ്ങും കാര്യങ്ങൾ ഒരേപോലെ ആയത് ഈ വർഷമായതുകൊണ്ടാവാം; അതുകൊണ്ടാവാം ലോകാവസാനം ഇന്നായതും.”
“ഇന്നു രാത്രിയിൽ സമുദ്രത്തിനു മുകളിലൂടെ ഇരുവശത്തേക്കും പറക്കുന്ന യുദ്ധവിമാനങ്ങൾ ഇനി കര കാണില്ല.”
“അതും ഭാഗികമായ കാരണമാണ്.”
“അപ്പോൾ,” അയാൾ ചോദിച്ചു, “ഇനിയെന്താ? പാത്രങ്ങൾ കഴുകിവച്ചാലോ?”
അവർ പാത്രങ്ങൾ നന്നായി കഴുകി നല്ല വൃത്തിയിൽ അടുക്കിവച്ചു. എട്ടരയ്ക്ക് മക്കളെയവർ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തി; കട്ടിലിനരികിലെ കുഞ്ഞുവിളക്കുകളുടെ സ്വിച്ചിട്ടിട്ട് വാതിൽ അല്പമൊന്നു തുറന്നുവയ്ക്കുകയും ചെയ്തു.
“ഞാൻ ആലോചിക്കുകയാണ്,”
“എന്ത്?”
“വാതിൽ ചേർത്തടയ്ക്കണോ അതോ അവർ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന മട്ടിൽ ഒന്നു ചാരിയാൽ മതിയോ എന്ന്.”
“അതിന് കുട്ടികൾക്കെന്തെങ്കിലും അറിയാമോ- അവരോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?”
“ഇല്ലില്ല. അല്ലെങ്കിൽ അവർ നമ്മളോടതു ചോദിക്കേണ്ടതല്ലേ?”
അവർ പത്രങ്ങൾ വായിച്ചും സംസാരിച്ചും റേഡിയോയിൽ പാട്ടു കേട്ടും ഇരുന്നു; പിന്നെ ക്ലോക്കിൽ പത്തരയും പതിനൊന്നും പതിനൊന്നരയും അടിക്കുന്നതും കേട്ട്, ഫയർ പ്ലേസിലെ കനലുകളും നോക്കി അവരിരുന്നു. ലോകത്തെ മറ്റുള്ളവരെക്കുറിച്ച് അവരോർത്തു; അവരും തങ്ങളുടേതായ രീതിയിൽ ഈ രാത്രി കഴിച്ചുകൂട്ടുകയാവും.
അയാൾ എഴുന്നേറ്റ് അവരെ ദീർഘമായി ചുംബിച്ചു.
“നമ്മൾ എന്തായാലും പരസ്പരം മോശമായി പെരുമാറിയിട്ടില്ല.”
“നിനക്കു കരച്ചിൽ വരുന്നുണ്ടോ?”
”അങ്ങനെയൊന്നുമില്ല.“
അവർ ഓരോ മുറിയിലും ചെന്ന് ലൈറ്റുകൾ കെടുത്തിയിട്ട് വാതിലുകൾ പൂട്ടി; പിന്നെയവർ കിടപ്പുമുറിയിൽ ചെന്ന് രാത്രിയുടെ തണുത്ത ഇരുട്ടിൽ നിന്നുകൊണ്ട് വേഷം മാറി. ഭാര്യ എന്നും ചെയ്യുന്നപോലെ വിരിപ്പെടുത്ത് നന്നായി മടക്കി കസേരയിലേക്കിട്ടു. “വിരിപ്പുകൾക്കു നല്ല തണുപ്പും വൃത്തിയുമുണ്ട്,” അവർ പറഞ്ഞു.
”എനിക്കു ക്ഷീണം തോന്നുന്നു.“
”നമുക്കു രണ്ടുപേർക്കും.“
അവർ കട്ടിലിൽ കയറി മലർന്നുകിടന്നു.
“ഇപ്പോ വരാമേ,” ഭാര്യ പറഞ്ഞു.
അവർ എഴുന്നേല്ക്കുന്നതും വീടിനു പിന്നിലേക്കു പോകുന്നതും അയാൾ കേട്ടു; പിന്നെ ഒരു വാതിൽ അടയുന്നതിന്റെ നേർത്ത കിരുകിരുക്കം അയാൾ കേട്ടു; ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ മടങ്ങിവന്നു. “അടുക്കളയിൽ ടാപ്പടയ്ക്കാൻ മറന്നുപോയി,” അവർ പറഞ്ഞു. “അതടച്ചു.”
അതിലെന്തോ തമാശ തോന്നിയതുകൊണ്ട് അയാൾക്കു ചിരിക്കാതിരിക്കാൻ പറ്റിയില്ല.
താൻ ചെയ്തതിലെ തമാശ മനസ്സിലാക്കികൊണ്ട് അവരും അയാളോടൊപ്പം ചിരിച്ചു. പിന്നെ അവർ ചിരി നിർത്തി കൈകൾ പരസ്പരം പിണച്ച്, തലകൾ അടുപ്പിച്ച് കുളിർമ്മയുള്ള ആ മെത്തയിൽ കിടന്നു.
“ഗുഡ് നൈറ്റ്,” ഒരു നിമിഷം കഴിഞ്ഞ് അയാൾ പറഞ്ഞു.
”ഗുഡ് നൈറ്റ്,“ അവരും പറഞ്ഞു, എന്നിട്ടു പതുക്കെ, ”ഡിയർ...“
*
അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ Ray Douglas Bradbury (1920-2012)യെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിക്കുന്നത് ആധുനികകാലത്ത് സയൻസ് ഫിൿഷനെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ ഏറ്റവുമധികം പങ്കു വഹിച്ച എഴുത്തുകാരൻ എന്നാണ്. ഫാറൻഹീറ്റ് 451 ആണ് ഏറ്റവും പ്രശസ്തമായ നോവൽ. കഥകൾക്കും കവിതകൾക്കും പുറമേ സിനിമയ്ക്കും ടെലിവിഷനും വേണ്ടിയും എഴുതിയിരുന്നു.
- റേ ബ്രാഡ്ബറി