Tuesday, October 22, 2024

Terminal High Altitude Area Defense (THAAD)

 


ഹ്രസ്വ, ഇടത്തരം, ഇൻ്റർമീഡിയറ്റ് ശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു അമേരിക്കൻ ആൻ്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് Terminal High Altitude Area Defense (THAAD). ശത്രു ബാലിസ്റ്റിക് മിസൈലുകളെ അവയുടെ ടെർമിനൽ ഘട്ടത്തിൽ തടയാനും നശിപ്പിക്കാനും കഴിവുള്ള ഭൂതല മിസൈൽ പ്രതിരോധ സംവിധാനമാണ് താഡ്. 


ടെർമിനൽ ഘട്ടം എന്നത് ഒരു ബാലിസ്റ്റിക് മിസൈലിൻ്റെ പറക്കലിൻ്റെ അവസാന ഘട്ടത്തെ സൂചിപ്പിക്കുന്നു, സാധാരണയായി ആഘാതത്തിന് മുമ്പുള്ള അവസാന നിമിഷങ്ങൾ. ഈ ഘട്ടത്തിൽ മിസൈൽ ബഹിരാകാശത്ത് നിന്നും തിരിച്ച് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചിട്ടുണ്ടാകും. ഗ്രാവിറ്റി, ഓൺബോർഡ് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും ഈ വേളയിൽ മിസൈലിന്റെ സഞ്ചാരം, മിസൈൽ അതിൻ്റെ പരമാവധി വേഗതയിലായിരിക്കും. ഈ സമയം അതിൻ്റെ ഗതിയും ലക്ഷ്യവും മാറ്റാനുള്ള സാധ്യത വളരെ കുറവായിരിക്കും. അതായത്, അതിൻ്റെ പാതയും ലക്ഷ്യസ്ഥാനവും നിശ്ചയിച്ചു കഴിഞ്ഞു. 


മിസൈൽ പ്രതിരോധത്തിന് ടെർമിനൽ ഘട്ടം നിർണായകമാണ്, ആഘാതം തടയുന്നതിന്  ദ്രുതവും കൃത്യവുമായ നടപടി ആവശ്യമാണ്.   സമയം പരിമിതമാണ്, ശത്രു മിസൈൽ ഉദ്ദേശിച്ച ലക്ഷ്യത്തിനടുത്താണ്. ലക്ഷ്യത്തിലെത്തും മുമ്പേ ഇൻ്റർസെപ്റ്ററുകൾക്ക്  ശത്രു മിസൈലിനെ വളരെ വേഗത്തിൽ ട്രാക്ക് ചെയ്യുകയും അതിന്റെ നാശം ഉറപ്പാക്കാൻ കൃത്യമായി ലക്ഷ്യം വയ്ക്കുകയും വേണം. 


താഡ് ഇൻ്റർസെപ്റ്റർ വാർഹെഡ് വഹിക്കുന്നില്ല, പകരം അതിൻ്റെ ഗതികോർജ്ജം ഉപയോഗിച്ച് ഇൻകമിംഗ് മിസൈലിനെ കൂട്ടിയിടിച്ച് നശിപ്പിക്കുന്നു.   താഡിൻ്റെ റഡാറിന് 870 മുതൽ 3,000 കിലോമീറ്റർ (AN/TPY-2 റഡാർ) പരിധിയിലുള്ള ഭീഷണികൾ കണ്ടെത്താനും ഏകദേശം 200 കിലോമീറ്റർ പരിധിയിൽ ശത്രു മിസൈലുകളെ തടസ്സപ്പെടുത്താനും കഴിയും.   ശബ്ദത്തിൻ്റെ 8 മടങ്ങിൽ കൂടുതലാണ് ഇതിന്റെ വേഗത. 


ഒരു സാധാരണ താഡ് സിസ്റ്റത്തെ താഡ് ബാറ്ററി എന്ന് വിളിക്കുന്നു.   ഒരു താഡ് ബാറ്ററിയിൽ ആറ് ട്രക്കുകളിൽ ഘടിപ്പിച്ച ലോഞ്ചറുകൾ അടങ്ങിയിരിക്കുന്നു.   വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് ചലനാത്മകതയും വിന്യാസ വഴക്കവും സാധ്യമാക്കുന്നു.  ഓരോ ലോഞ്ചറിനും എട്ട് ഇൻ്റർസെപ്റ്ററുകൾ വരെ വഹിക്കാനാകും. 


ലോഞ്ചറിൽ നിന്ന് ലംബമായാണ് ഇൻ്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിക്കുന്നത്.   ലോഞ്ചറുകൾക്ക് ദ്രുതഗതിയിൽ ഒന്നിലധികം മിസൈലുകൾ വിക്ഷേപിക്കാൻ കഴിയും.   ഓരോ ലോഞ്ചറും റീലോഡ് ചെയ്യാൻ ഏകദേശം 30 മിനിറ്റ് എടുക്കും. താഡിന് പ്രവർത്തിക്കാൻ ഗണ്യമായ എണ്ണം ഉദ്യോഗസ്ഥർ ആവശ്യമാണ്. ബാറ്ററി പൂർണ്ണമായി ലോഡുചെയ്യാൻ 95  സൈനികർ ആവശ്യമാണ്. 


അമേരിക്കൻ പ്രതിരോധ, എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1991-ലെ ഗൾഫ് യുദ്ധസമയത്ത് ഇറാഖിൻ്റെ സ്‌കഡ് മിസൈൽ ആക്രമണങ്ങളുടെ അനുഭവത്തിന് ശേഷമാണ് താഡ് വികസിപ്പിച്ചത്.


ഈ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രാരംഭ വിന്യാസം നടന്നത് 2008 മെയ് മാസത്തിലാണ്.  


ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 2024 ഒക്ടോബർ 13-ന് യു.എസ്. പ്രതിരോധ വകുപ്പ് ഒരു താഡ് ബാറ്ററി ഇസ്രായേലിൽ വിന്യസിച്ചു. താഡ് ഇസ്രായേലിൽ വിന്യസിക്കുന്നത് ഇതാദ്യമായല്ല, പരിശീലനത്തിനും സംയോജിത വ്യോമ പ്രതിരോധ അഭ്യാസത്തിനും വേണ്ടി 2019 ൽ ഇത് മുമ്പ് വിന്യസിച്ചിരുന്നു.


UAE,  റൊമാനിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും താഡ് നേരത്തെ വിന്യസിച്ചിട്ടുണ്ട്. 


നഗരങ്ങൾ, സൈനിക താവളങ്ങൾ, തന്ത്രപ്രധാനമായ ആസ്തികൾ എന്നിവയുൾപ്പെടെയുള്ള വിശാലമായ പ്രദേശങ്ങൾ സംരക്ഷിക്കാൻ താഡിനാവും

No comments:

Post a Comment