തെക്ക് കിഴക്ക് ഏഷ്യയിലെ തീരപ്രദേശങ്ങൾ ചേർന്ന് വസിക്കുന്ന ബജാവു എന്ന ജനവിഭാഗം മത്സ്യബന്ധനത്തിനായി ദിവസേന 6 മണിക്കൂറിലധികം വെള്ളത്തിനടിയിൽ ചെലവഴിക്കാറുണ്ട്, അവർ ഡൈവിംഗ് ഉപകരണങ്ങൾ ഇല്ലാതെ 200 അടി (60 മീറ്റർ)ക്ക് മുകളിൽ ആഴത്തിൽ മുങ്ങാൻ കഴിവുള്ളവരാണ്.
ജലത്തിനടിയിൽ കൂടുതൽ സമയം തുടരാനുള്ള കഴിവ് നൽകുന്ന അപൂർവമായ ഒരു ജനിതക സഭിശേഷത അവരുടെ ശരീരം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ജലത്തിനടിയിൽ അധിക സമയം മുങ്ങിക്കിടക്കാൻ പര്യാപ്തമായ രീതിയിൽ അവരുടെ ശരീരത്തിലെ സ്പ്ലീൻ എന്ന അവയവം വികസിച്ചിട്ടുണ്ട്. ഇത് ഒരു പ്രത്യേക ജീനിൻ്റെ വകഭേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൂടെ അവർക്ക് ആവശ്യമുള്ളപ്പോൾ കൂടുതൽ ഓക്സിജൻ അടങ്ങിയ ചുവന്ന രക്തകോശങ്ങൾ ലഭ്യമാകുന്നു. ഇതിലൂടെ ഒരു തവണ ശ്വാസമെടുത്താൽ 5 മിനിറ്റ് വരെ അനായാസം വെള്ളത്തിനടിയിൽ ചെലവഴിക്കാൻ ഇവർക്ക് കഴിയുന്നു.
മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വെള്ളത്തിൽ 1,000 വർഷത്തിലധികമായി ബജാവു ജന വിഭാഗം ജീവിച്ചുവരുന്നു. ബജാവു വിഭാഗക്കാർ ദിവസേന 6 മുതൽ 8 മണിക്കൂർ വരെ മത്സ്യങ്ങളും മറ്റ് സമുദ്രഭക്ഷ്യങ്ങളും തേടി വെള്ളത്തിനടിയിൽ ചെലവഴിക്കുന്നു.
ശാസ്ത്രജ്ഞർ ബജാവു ജനങ്ങളുടെയും സമീപമുള്ള ഒരു സമൂഹത്തിലെ ജനങ്ങളുടെയും അവയവങ്ങളുടെ അളവുകൾ പരിശോധിച്ചു. ബജാവു ജനങ്ങളുടെ സ്പ്ലീൻ അവരുടെ അയൽക്കാരുടെ സ്പ്ലീനിനേക്കാൾ 50% വലുതായിരുന്നു. കൂടാതെ ബജാവു ജനങ്ങൾക്ക് അവരുടെ അയൽക്കാരിൽ നിന്ന് വ്യത്യസ്തമായ 25 ജീനുകൾ ഉണ്ടായിരുന്നു.
PDE10A എന്നൊരു ജീൻ ബജാവു ജന വിഭാഗത്തിൽപ്പെട്ടവരുടെ സ്പ്ലീൻ വലുപ്പം നിയന്ത്രിക്കുന്നതായി കണ്ടെത്തി. ഓക്സിജൻ ആവശ്യമായ സമയത്ത് ആയത് ലഭ്യമാക്കുന്നതിന് ഇവരുടെ സ്പീൻ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു.
നാം ഒരു ദൈർഘ്യമേറിയ സമയം ശ്വാസം പിടിക്കുമ്പോൾ, നമ്മുടെ ശരീരത്തിൽ ചില ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു. ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നു, കൈകാലുകളുടെ രക്തനാളികൾ ചുരുങ്ങുന്നു. തൽഫലമായി സ്പ്ലീൻ ചുരുങ്ങി ഓക്സിജൻ അടങ്ങിയ ചുവന്ന രക്തകോശങ്ങളെ സ്വതന്ത്രമാക്കുന്നു. ഇത് രക്തത്തിൽ അധിക ഓക്സിജൻ ലഭ്യമാകുന്നതിന് സഹായകരമാകുന്നു.
സ്പ്ലീനിൻ്റെ വലിപ്പം വർദ്ധിക്കുന്നതിന് ആനുപാതികമായി ഓക്സിജൻ അടങ്ങിയ കൂടുതൽ രക്ത കോശങ്ങൾ ശരീരത്തിൻ്റെ രക്തപര്യയന വ്യവസ്ഥയിൽ ലഭ്യമാകുന്നു. ഇതാണ് ബജാവു ജനങ്ങൾക്ക് വെള്ളത്തിനടിയിൽ കൂടുതൽ സമയം തുടരാൻ കഴിയുന്നതിന്റെ കാരണം. ബജാവു ജനങ്ങൾക്ക് വായുവില്ലാത്ത സാഹചര്യത്തെ ഒരു പരിധി വരെ അതിജീവിക്കാൻ ഇതിലൂടെ സാധിക്കുന്നു.
No comments:
Post a Comment