Thursday, October 3, 2024

നെയ്പ്പായസം

 


ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി  പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ  മനുഷ്യനെ  നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം.കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു  വിളിക്കാറുള്ളത്.  

    ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ,ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്ത് പരിശോധിച്ചു.  

    രാവിലെ എഴുന്നേറ്റത് തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.  

    ‘മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്ണ്യേ?ഇന്ന് തിങ്കളാഴ്ചയല്ലേ?’- അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു.അതിനു ശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത് ,അവള്‍ അടുക്കളയില്‍ ജോലി തുടങ്ങി.തനിക്ക് ഒരു വലിയ കോപ്പയില്‍ കാപ്പി കൊണ്ടുവന്നു തന്നു.പിന്നെ?...പിന്നെ,എന്തെല്ലാമുണ്ടായി?മറക്കാന്‍  പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ?എത്ര തന്നെ ശ്രമിച്ചിട്ടും,അവള്‍ പിന്നീടുപറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല.’മൂടിപ്പൊതച്ച്    കെടന്നാപ്പറ്റ്വോ?ഇന്ന് തിങ്കളാഴ്ചയല്ലേ?’ ആ വാക്യം മാത്രം മായാതെ ഓര്‍മയില്‍ കിടക്കുന്നു.അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു.അതു  മറന്നുപോയാല്‍ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.   

    ഓഫീസിലേക്ക് പോവുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നു.അവര്‍ക്കു സ്കൂളില്‍വച്ചു കഴിക്കാനുള്ള പലഹാരങ്ങള്‍ ചെറിയ അലുമിനിയം   പാത്രങ്ങളിലാക്കി അവള്‍ എടുത്തുകൊണ്ടുവന്നുതന്നു.അവളുടെ വലത്തെ കൈയ്യില്‍ കുറച്ചു മഞ്ഞള്‍പ്പൊടി പറ്റിനിന്നിരുന്നു.

    ഓഫീസില്‍വെച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓര്‍ക്കുകയുണ്ടായില്ല.ഒന്നുരണ്ടു കൊല്ലങ്ങള്‍ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്‍റെ ഫലമായിട്ടാണ് അവര്‍ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതത്തോടെയല്ല.എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കാന്‍ ഒരിക്കലും തോന്നിയില്ല.പണത്തിന്‍റെ ക്ഷാമം,കുട്ടികളുടെ അനാരോഗ്യകാലങ്ങള്‍.......അങ്ങനെ ചില ബുദ്ധിമുട്ടുകള്‍ അവരെ തളര്‍ത്തിക്കൊണ്ടിരുന്നു.അവള്‍ക്കു വേഷധാരണത്തില്‍ ശ്രദ്ധ കുറഞ്ഞു.അയാള്‍ക്ക്‌ പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.       

    എന്നാലും അവര്‍ തമ്മില്‍ സ്നേഹിച്ചു.അവരുടെ മൂന്നു കുട്ടികള്‍ അവരെയും സ്നേഹിച്ചു;

ആണ്‍കുട്ടികളായിരുന്നു.ഉണ്ണി-പത്തു വയസ്സ്,ബാലന്‍-ഏഴു വയസ്സ്,രാജന്‍-അഞ്ചു വയസ്സ്.മുഖത്ത് എല്ലായ്പ്പോഴും മെഴുക്കു പറ്റിനില്‍ക്കുന്ന മൂന്ന് കുട്ടികള്‍.പറയത്തക്ക സൌന്ദര്യമോ സാമര്‍ത്ഥ്യമോ ഒന്നുമില്ലാത്തവര്‍. പക്ഷെ അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:

    'ഉണ്ണിക്ക് എന്‍ജിനീയറിങ്ങിലാ വാസന.അവന്‍ ഇപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും.'  

    'ബാലനെ ഡോക്ടറാക്കണം.അവന്‍റെ നെറ്റി കണ്ട്വോ?അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ.'  

    'രാജന് ഇര്ട്ടത്ത് നടക്കാനുംകൂടി പേടീല്യ.അവന്‍ സമര്‍ത്ഥനാ.പട്ടാളത്തില് ചേരുന്ന മട്ടാ.'

    അവര്‍ താമസിച്ചിരുന്നതു പട്ടണത്തില്‍ ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്.ഒന്നാം നിലയില്‍ മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റ്.ഒരു മുറിയുടെ മുന്‍പില്‍ കഷ്ടിച്ച് രണ്ടാള്‍ക്കു നില്‍ക്കുവാന്‍ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുണ്ട്.അതില്‍ അമ്മ നനച്ചുണ്ടാക്കിയ ഒരു പനിനീര്ചെടി ഒരു പൂച്ചട്ടിയില്‍ വളരുന്നു.പക്ഷെ,ഇതേവരെ പൂവുണ്ടായിട്ടില്ല.

    അടുക്കളയില്‍ ചുമരിന്‍മേല്‍ തറച്ചിട്ടുള്ള കൊളുത്തുകളില്‍ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു.സ്ടൌവിന്‍റെ അടുത്ത അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്.അവള്‍ അവിടെ ഇരുന്നു ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ്‌ സാധാരണയായി അച്ഛന്‍ ഓഫീസില്‍നിന്നു മടങ്ങിയെത്തുക. 

    ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഇറങ്ങി.കാലിന്‍റെ മുട്ടിനു നേരിയ ഒരു വേദന തോന്നി.വാതമായിരിക്കുമോ?താന്‍ കിടപ്പിലായാല്‍ കുട്ടികള്‍ക്ക് ഇനി ആരാണുള്ളത്?പെട്ടെന്ന്  അയാളുടെ കണ്ണുകള്‍ നിറഞ്ഞു.അയാള്‍ ഒരു മുഷിഞ്ഞ കൈലേസുകൊണ്ട് മുഖം തുടച്ചു ധൃതിയില്‍ വീട്ടിലേക്കു നടന്നു.     

    കുട്ടികള്‍ ഉറങ്ങിയിരിക്കുമോ?അവര്‍ വല്ലതും കഴിച്ചുവോ?അതോ,കരഞ്ഞുകരഞ്ഞ് ഉറങ്ങിയോ?കരയാനുള്ള തന്‍റെടവും അവര്‍ക്കു വന്നുകഴിഞ്ഞിട്ടില്ല.ഇല്ലെങ്കില്‍ താന്‍ അവളെയെടുത്തു ടാക്സിയില്‍ കയറ്റിയപ്പോള്‍ ഉണ്ണി എന്താണ് കരയാതെ വെറുതെ നോക്കിക്കൊണ്ടു നിന്നത്?ചെറിയ മകന്‍ മാത്രം കരഞ്ഞു.പക്ഷെ,അവനു ടാക്സിയില്‍ കയറണമെന്നു വാശിയായിരുന്നു.മരണത്തിന്‍റെ അര്‍ത്ഥം അവര്‍ അറിഞ്ഞിരുന്നില്ല,തീര്‍ച്ച.

    താന്‍ അറിഞ്ഞിരുന്നുവോ?ഇല്ല.എന്നും വീട്ടില്‍ കാണുന്ന അവള്‍ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്‍റെ അടുത്തു വീണു മരിക്കുമെന്നു താന്‍ വിചാരിച്ചിരുന്നുവോ?      

    ഓഫീസ്സില്‍നിന്നു വന്നപ്പോള്‍ താന്‍ അടുക്കളയുടെ ജനല്‍ വാതിലില്‍കൂടി അകത്തേക്കു നോക്കി.അവള്‍ അവിടെ ഉണ്ടായിരുന്നില്ല.     

    മുറ്റത്തു കുട്ടികള്‍ കളിക്കുന്നതിന്‍റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.ഉണ്ണി വിളിച്ചുപറയുകയാണ്:'ഫസ്റ്റ്ക്ലാസ് ഷോട്ട്.'     

    താന്‍ താക്കോലെടുത്ത് ഉമ്മറത്തെ വാതില്‍ തുറന്നു.അപ്പോഴാണ്‌ അവളുടെ കിടപ്പ് കണ്ടത്.വായ അല്‍പ്പംതുറന്ന്,നിലത്തു ചെരിഞ്ഞുകിടക്കുന്നു.തലതിരിഞ്ഞു വീണതായിരിക്കുമെന്നു വിചാരിച്ചു.

പക്ഷെ,ഹോസ്പിറ്റലില്‍വെച്ച് ഡോക്ടര്‍ പറഞ്ഞു:'ഹൃദയസ്തംഭനമാണ്.മരിച്ചിട്ട് ഒന്നര മണിക്കൂറായി.'

    പല വികാരങ്ങള്‍.അവളോട്‌ അകാരണമായി ഒരു ദേഷ്യം.അവള്‍ ഇങ്ങനെ,താക്കീതുകളൊന്നും കൂടാതെ,എല്ലാ ചുമതലകളും തന്‍റെ തലയില്‍വെച്ചുകൊണ്ട്,പോയല്ലോ!

    ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക?ആരാണ് അവര്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക?ആരാണു ദീനം പിടിപെടുമ്പോള്‍ അവരെ ശുശ്രൂഷിക്കുക?

    'എന്‍റെ ഭാര്യ മരിച്ചു.' അയാള്‍ തന്നെത്താന്‍ മന്ത്രിച്ചു:'എന്‍റെ ഭാര്യ ഇന്ന് പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട്‌ എനിക്ക് രണ്ടു ദിവസത്തെ ലീവു വേണം.'                                

    എത്ര നല്ല ഒരു 'ലീവ് അഭ്യര്‍ത്ഥന'യായിരിക്കും അത്!ഭാര്യക്കു സുഖക്കേടാണെന്നല്ല,ഭാര്യ 

മരിച്ചുവെന്ന്.മേലുദ്യോഗസ്ഥന്‍ ഒരുപക്ഷെ,തന്നെ മുറിയിലേക്കു വിളിച്ചേക്കാം.'ഞാന്‍ വളരെ വ്യസനിക്കുന്നു'-അയാള്‍ പറയും. ഹഹ! അയാളുടെ ഒരു വ്യസനം! അയാള്‍ അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്....

    വാതില്‍ തുറന്നപ്പോള്‍ ചെറിയ മകന്‍ കിടപ്പറയില്‍നിന്ന് ഓടിവന്നു പറഞ്ഞു:'അമ്മ വന്നിട്ടില്യ.'     അവന്‍ ഇത്ര വേഗം അതെല്ലാം മറന്നുവെന്നോ?ടാക്സിയിലേക്കു കേറ്റിവെച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവന്‍ വിചാരിച്ചുവോ?

    അയാള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.  

    'ഉണ്ണീ,'-അയാള്‍ വിളിച്ചു. 

    'എന്താ,അച്ഛാ?' 

    ഉണ്ണി കട്ടിലിന്‍മേല്‍നിന്ന് എഴുന്നേറ്റു വന്നു. 

    'ബാലന്‍ ഒറങ്ങി.' 

    'ഉം,നിങ്ങളൊക്കെ വല്ലതും കഴിച്ചോ?' 'ഇല്യ.'

    അയാള്‍ അടുക്കളയില്‍ തിണ്ണമേല്‍ അടച്ചുവെച്ചിരുന്ന പാത്രങ്ങളുടെ തട്ടുകള്‍ നീക്കി പരിശോധിച്ചു.അവള്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണം-ചപ്പാത്തി,ചോറ്,ഉരുളക്കിഴങ്ങു കൂട്ടാന്‍,ഉപ്പേരി,തൈര്;ഒരു സ്ഫടികപ്പാത്രത്തില്‍,കുട്ടികള്‍ക്കു വേണ്ടി ഇടക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.      

    മരണത്തിന്‍റെ സ്പര്‍ശം തട്ടിയ ഭക്ഷണസാധനങ്ങള്‍!വേണ്ട,അതൊന്നും ഭക്ഷിച്ചുകൂടാ.

    'ഞാന്‍ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം.ഇതൊക്കെ തണുത്തിരിക്കുന്നു.'-അയാള്‍ പറഞ്ഞു.     

    'അച്ഛാ!'     

    ഉണ്ണി വിളിച്ചു.     

    'ഉം?'     

    'അമ്മ എപ്പഴാ വര്വാ?അമ്മയ്ക്ക് മാറീല്യേ?'     

    സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ-അയാള്‍ വിചാരിച്ചു.ഇപ്പോള്‍,ഈ രാത്രിയില്‍ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണ് കിട്ടാനുള്ളത്. 

    'അമ്മ വരും.'-അയാള്‍ പറഞ്ഞു. 

    അയാള്‍ കിണ്ണങ്ങള്‍ കഴുകി നിലത്തുവെച്ചു-രണ്ടു കിണ്ണങ്ങള്‍.   

    'ബാലനെ വിളിക്കേണ്ട.ഒറങ്ങിക്കോട്ടെ.'-അയാള്‍ പറഞ്ഞു. 

    'അച്ഛാ,നെയ്പ്പായസം.'-രാജന്‍ പറഞ്ഞു.അവന്‍ ആ പാത്രത്തില്‍ തന്‍റെ ചൂണ്ടാണിവിരല്‍ താഴ്ത്തി. 

    അയാള്‍ തന്‍റെ ഭാര്യയിരിക്കാറുള്ള പലകമേല്‍ ഇരുന്നു. 'ഉണ്ണി വെളമ്പിക്കൊടുക്ക്വോ?അച്ഛനു വയ്യ.തല വേദനിക്കുന്നു.'  

    അവര്‍ കഴിക്കട്ടെ.ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവര്‍ക്ക് കിട്ടുകയില്ലല്ലോ. 

    കുട്ടികള്‍ പായസം കഴിച്ചു തുടങ്ങി.അയാള്‍ അതുനോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു.കുറെനിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ ചോദിച്ചു:

    'ചോറ് വേണ്ടേ ഉണ്ണീ?' 

    'വേണ്ട,പായസം മതി.നല്ല സ്വാദ്‌ണ്ട്.' 

    ഉണ്ണി പറഞ്ഞു. 

    രാജന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:'ശെരിയാ....അമ്മ അസ്സല് നെയ്‌പ്പായസാ ഉണ്ടാക്ക്യേത്....' 

    തന്‍റെ കണ്ണുനീര്‍ കുട്ടികളില്‍നിന്നു മറച്ചുവെക്കുവാന്‍വേണ്ടി അയാള്‍ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.


 - മാധവിക്കുട്ടി

No comments:

Post a Comment