Tuesday, October 15, 2024

അപ്പോളോ 8: മനുഷ്യരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം

 

അപ്പോളോ 8 ലെ Crew Members ആയ ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്‌സ് എന്നിവരാണ് ഈ ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ കാണുന്നത്.  


അപ്പോളോ 8 ദൗത്യം ചന്ദ്രയാത്രയിലെ ഒരു നിർണായക നാഴികക്കല്ലായിരുന്നു. മനുഷ്യനെ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച ആദ്യ ദൗത്യമായിരുന്നു ഇത്.


സാറ്റേൺ V റോക്കറ്റിന്റെ ആദ്യത്തെ മനുഷ്യയാത്രയായിരുന്നു അപ്പോളോ 8. ചന്ദ്രന്റെ ഉപരിതലം, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അപ്പോളോ 8 ശേഖരിച്ചു.

അപ്പോളോ 8 ദൗത്യം ചന്ദ്രയാത്രയുടെ ചരിത്രത്തിൽ ഒരു മറക്കാനാവാത്ത അധ്യായമാണ്.


ചന്ദ്രനൻ്റെ ഭ്രമണപഥത്തിൽ എത്തി ചന്ദ്രനെ വലം വയ്ക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ആദ്യത്തെ ബഹിരാകാശ പേടകം ആയി അപ്പോളോ 8 ദൗത്യം.


അപ്പോളോ 8 ൻ്റെ ധീരമായ ദൗത്യത്തിന്  അപ്പോളോ 11 നെ വിജയകരമായി  ചന്ദ്രനിലിറങ്ങുന്നതിലേക്കും അതിലൂടെ മനുഷ്യനെ ചന്ദ്രനിൽ കാൽ കുത്തുന്നതിലേക്ക് നയിക്കാനും സാധിച്ചു.   


Saturday, October 12, 2024

𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭! -ഒരു അപൂർവ്വ താരാപഥം

 


ഭൂമിയിൽ നിന്ന് 𝟔𝟎 കോടി പ്രകാശവർഷം അകലെയുള്ള 𝐒𝐞𝐫𝐩𝐞𝐧𝐬 𝐜𝐨𝐧𝐬𝐭𝐞𝐥𝐥𝐚𝐭𝐢𝐨𝐧-ൽ സ്ഥിതി ചെയ്യുന്ന റിംഗ് രൂപത്തിലുള്ള അപൂർവ 𝐆𝐚𝐥𝐚𝐱𝐲-യാണ് 𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭.


ഇതിൻ്റെ പ്രത്യേകത ഇതിൻ്റെ ആകൃതി തന്നെയാണ്. 𝐆𝐚𝐥𝐚𝐜𝐭𝐢𝐜 𝐜𝐞𝐧𝐭𝐫𝐞-ലെ ചുവന്ന നിറത്തിൽ കാണുന്ന കുറേ 𝐎𝐥𝐝 𝐬𝐭𝐚𝐫𝐬 ന് ചുറ്റും നീല നക്ഷത്രങ്ങൾ കൊണ്ടൊരു വളയം, അതിനിടയിൽ ഒരു വിടവും. അതുകൊണ്ടാണ് ഇതിനെ 𝐑𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲 എന്ന് വിളിക്കുന്നത്.


𝟏𝟎,𝟎𝟎𝟎 ഗാലക്സികളിൽ ഒന്ന് എന്ന നിരക്കിൽ മാത്രമേ 𝐑𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲-കൾ കാണപ്പെടാറുള്ളൂ! ഇതിൻ്റെ 𝐑𝐢𝐧𝐠 അത്യാവശ്യം പരിപൂർണ്ണവൃത്തം ആയതുകൊണ്ട് ഇതുവരെ കണ്ടെത്തപ്പെട്ടതിൽ 𝐏𝐞𝐫𝐟𝐞𝐜𝐭 𝐫𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲 ഇതാണെന്ന് പറയാം.


𝐀𝐫𝐭𝐡𝐮𝐫 𝐇𝐨𝐚𝐠 എന്ന 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫 𝟏𝟗𝟓𝟎-ലാണ് ഇത് കണ്ടെത്തുന്നത്. ഇത് അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുമ്പോൾ, ഈ വളയ രൂപത്തിന് കാരണം, 𝐀𝐥𝐛𝐞𝐫𝐭 𝐄𝐢𝐧𝐬𝐭𝐞𝐢𝐧 പ്രസിദ്ധപ്പെടുത്തിയ 𝐓𝐡𝐞𝐨𝐫𝐲 𝐨𝐟 𝐫𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 മുന്നോട്ട് വെച്ച, 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐋𝐞𝐧𝐬𝐢𝐧𝐠 ആയിരിക്കാമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്.


എന്നാൽ, 𝐆𝐚𝐥𝐚𝐜𝐭𝐢𝐜 𝐜𝐞𝐧𝐭𝐫𝐞-നും വളയത്തിനും ഒരേ 𝐑𝐞𝐝𝐬𝐡𝐢𝐟𝐭 കാണിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ 𝐋𝐞𝐧𝐬𝐢𝐧𝐠 𝐞𝐟𝐟𝐞𝐜𝐭 അല്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞു.


എങ്ങനെയായിരിക്കാം ഇത്തരത്തിൽ ഒരു 𝐆𝐚𝐥𝐚𝐱𝐲 രൂപപ്പെട്ടിട്ടുണ്ടാവുക?


ഒരു വലിയ ഗാലക്സിയുടെ കേന്ദ്രത്തിലൂടെ ഒരു ചെറിയ ഗാലക്സി കടന്നുപോകുമ്പോൾ ഇതുപോലൊന്ന് രൂപപ്പെടാം എന്ന് നമുക്കറിയാം. മാത്രമല്ല ഈ ലയനം, വലിയ ഗാലക്സിയിൽ വലിയ തോതിൽ പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നതിന് കാരണമാകും. അതുകൊണ്ടാണ് 𝐘𝐨𝐮𝐧𝐠 𝐬𝐭𝐚𝐫𝐬 കൂടുതൽ കാണപ്പെടുന്നതും! ഇത് നമ്മുടെ അനുമാനത്തെ ശരിവെക്കുന്നതാണ്.


എന്നാൽ, 𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭-ൻ്റെ കാര്യത്തിൽ 𝐆𝐚𝐥𝐚𝐱𝐲-കൾ തമ്മിൽ ലയിച്ചതിന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്! ഒരു പക്ഷെ ഇത്തരമൊരു ഗാലക്സിയെ ഒരുക്കിയെടുക്കുന്നതിന് പ്രപഞ്ചം മറ്റേതെങ്കിലും മാർഗ്ഗം സ്വീകരിച്ചിരിക്കാം!

Thursday, October 10, 2024

𝐎𝐁𝐒𝐄𝐑𝐕𝐀𝐁𝐋𝐄 𝐔𝐍𝐈𝐕𝐄𝐑𝐒𝐄 / നിരീക്ഷണത്തിനും പരിധി?

 

പ്രപഞ്ചത്തിൻ്റെ യഥാർത്ഥ വലിപ്പമെന്തെന്ന് സത്യത്തിൽ നമുക്കറിയില്ലെങ്കിലും നിരീക്ഷിക്കുന്നതിന് ഒരു പരിധിയുണ്ടെന്ന് ഇന്ന് നമുക്കറിയാം.


എന്തുകൊണ്ടാണാ നിരീക്ഷണ പരിധി?


പ്രപഞ്ചം വികസിക്കുകയാണെന്ന് നമുക്കറിയാം. വെറും വികാസമല്ല 𝐀𝐜𝐜𝐞𝐥𝐞𝐫𝐚𝐭𝐞𝐝 𝐄𝐱𝐩𝐚𝐧𝐬𝐢𝐨𝐧 കൂടിയാണത്. നാം വസ്തുക്കളെ കാണുന്നത് പ്രകാശം ഉപയോഗിച്ചാണ്. പ്രകാശം നമ്മിലേക്ക് എത്തിയെങ്കിൽ മാത്രമേ കാഴ്ച സാധ്യമാകൂ.. എന്നാൽ എത്തിയില്ലെങ്കിലോ?!!


എത്തിയില്ലെങ്കിൽ കാഴ്ച സാധ്യമാകില്ല അത്രതന്നെ! അതായത് പ്രപഞ്ചം അവിടെയുണ്ട് പക്ഷേ നിരീക്ഷണം സാധ്യമല്ല!!


പ്രപഞ്ചത്തിൽ 'പരമാവധി വേഗത' എന്ന ഒരു വേഗതാ പരിധി നിലനിൽക്കുന്നുണ്ട് എന്നായിരുന്നു തൻ്റെ 𝐑𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 𝐭𝐡𝐞𝐨𝐫𝐲-യിലൂടെ ഐൻസ്റ്റൈൻ സമർത്ഥിച്ചത്.


അതായത്, സെക്കൻ്റിൽ 𝟑 ലക്ഷം 𝐤𝐦 എന്ന ഈ വേഗതാ പരിധിയേക്കാൾ വേഗത്തിൽ പ്രകാശമുൾപ്പെടെ ഒരു 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧-നും സഞ്ചരിക്കില്ല!


വികസിക്കുന്ന പ്രപഞ്ചത്തിൽ, ഗാലക്സികൾ നമ്മിൽ നിന്നും അകലുന്നതിൻ്റെ വേഗത, വികാസത്തിൻ്റെ സ്വഭാവമനുസരിച്ചും, പ്രപഞ്ചത്തിൻ്റെ വലിപ്പമനുസരിച്ചും എത്രവേണമെങ്കിലുമാകാം!! എന്നാൽ അതിൽ നിന്നും പുറപ്പെടുന്ന പ്രകാശം നമ്മിലേക്കെത്തുന്നതിന് ഒരു ദൂരപരിധിയുണ്ടെന്നാണ് ഇതിനർത്ഥം!! ഈ പരിധിക്കുള്ളിലെ പ്രപഞ്ചത്തെയാണ് നാം 𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞 എന്ന് വിളിക്കുന്നത്.


രസകരമായ കാര്യമെന്തെന്നാൽ, പ്രപഞ്ചത്തിൻ്റെ ആദ്യ കാലങ്ങളിൽ സ്വതന്ത്രമാക്കപ്പെട്ട പ്രകാശം മുഴുവനും ഇനിയും നമ്മിലേക്ക് എത്തിയിട്ടില്ല! എന്നാൽ എത്തിക്കൊണ്ടിരിക്കുന്നുണ്ട്! എത്താത്തതിൻ്റെ കാരണമാണ് മുകളിൽ വിവരിച്ചത്. 𝐂𝐌𝐁𝐑 (Cosmic Microwave Background Radiation ) എന്നു വിളിക്കപ്പെടുന്ന ഈ പ്രകാശത്തെ ഭാവിയിലെ ഒരോ നിമിഷവും ഓരോ വർഷവും നാമത് സ്വീകരിച്ചു കൊണ്ടേയിരിക്കും!


മറ്റൊരു രസകരമായ വിഷയം,


𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞-ൻ്റെ വ്യാസം 𝟗,𝟑𝟎𝟎 കോടി പ്രകാശവർഷമാണ്. ഇതിനർത്ഥം ഒരു നിരീക്ഷകന് തനിക്ക് ചുറ്റുമുള്ള 𝟒,𝟔𝟓𝟎 കോടി പ്രകാശവർഷം വരെയുള്ള വസ്തുക്കളെ കാണാമെന്നാണ്.


എന്നാൽ, പ്രപഞ്ചത്തിന് വെറും 𝟏,𝟑𝟖𝟐 കോടി വർഷം പഴക്കമേയുള്ളൂ!!


ഈ വിചിത്രതക്കു കാരണം, വസ്തുക്കളിൽ നിന്നുള്ള പ്രകാശം സ്ഥിരവേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, പ്രപഞ്ചവികാസം കാരണം അവയിലേക്കുള്ള ദൂരം 𝐒𝐭𝐫𝐞𝐭𝐜𝐡 ചെയ്യപ്പെടുന്നു എന്നത് കൊണ്ടാണ്!!

Wednesday, October 9, 2024

ഭൂമിക്ക് കുറുകെ തുരങ്കമുണ്ടെങ്കിൽ, എത്ര സമയം കൊണ്ട് മറുപുറത്തെത്താം?

 


ഭൂമിയുടെ ഒരു ഭാഗത്തുനിന്നും മറുഭാഗം വരെ ഒരു തുരങ്കമുണ്ടാക്കി, അതിലേക്ക് ഒരാൾ ചാടുകയാണെന്ന് സങ്കൽപ്പിച്ചാൽ അയാൾ എത്ര സമയം കൊണ്ട് മറുഭാഗത്തെത്തും? ഈ സാങ്കൽപ്പിക തുരങ്കമൊരു 𝐅𝐫𝐢𝐜𝐭𝐢𝐨𝐧𝐥𝐞𝐬𝐬 𝐭𝐮𝐧𝐧𝐞𝐥 ആണെന്ന് കൂടി സങ്കൽപ്പിക്കണം! അതായത് 𝐕𝐚𝐜𝐮𝐮𝐦 ചെയ്ത തുരങ്കം!


അയാൾ കേന്ദ്രത്തിലേക്ക് 𝟗.𝟖𝐦𝐞𝐭𝐞𝐫/𝐬𝐞𝐜 എന്ന വേഗതാ നിരക്കിൽ വീണുകൊണ്ടിരിക്കും!


എന്തുകൊണ്ടെന്നാൽ... ഭൂമിയുടെ ആരം, പിണ്ഡം എന്നിവയെ അടിസ്ഥാനമാക്കിയുള്ള 𝐍𝐞𝐰𝐭𝐨𝐧-ൻ്റെ 𝐔𝐧𝐢𝐯𝐞𝐫𝐬𝐚𝐥 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧 𝐋𝐚𝐰 അനുസരിച്ചാണ് ഈ കണക്ക്! ഭൂമിയുടെ ആരത്തിലാണ് 𝟗.𝟖𝐦/𝐬 ത്വരണം അനുഭവപ്പെടുക! തുരങ്കത്തിലൂടെ ചലിക്കുമ്പോൾ, ആരത്തിൽ മാറ്റം വരുമല്ലോ! സ്വഭാവികമായും ത്വരണത്തിലും മാറ്റം വരും!


വീഴ്ചയിൽ, ഓരോ സെക്കൻ്റിലും വേഗത വർധിക്കുമെങ്കിലും, അയാളിൽ അനുഭവപ്പെടുന്ന 𝐆𝐫𝐚𝐯𝐢𝐭𝐲 കുറഞ്ഞു കൊണ്ടിരിക്കും!


പരമാവധി വേഗതയെത്തുമ്പോൾ ആയാൾ കേന്ദ്രത്തിൽ ആയിരിക്കും! എന്നാലവിടെ 𝐆𝐫𝐚𝐯𝐢𝐭𝐲 പൂജ്യമായിരിക്കും!


നിലവിലുള്ള 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲 മൂലം അയാൾ കേന്ദ്രം കടന്ന് 𝐆𝐫𝐚𝐯𝐢𝐭𝐲-ക്ക് എതിർ ദിശയിലേക്ക് സഞ്ചരിക്കും! അതുകൊണ്ട് ഇനിയങ്ങോട്ട് വീഴ്ച എന്ന് പറയാനാകില്ല, ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വരുന്നത് വീഴ്ചയല്ലല്ലോ!


കേന്ദ്രം കടന്നതുമുതൽ, അയാളിലുള്ള 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲-ക്ക് എതിരായി 𝐆𝐫𝐚𝐯𝐢𝐭𝐲 പ്രവർത്തിക്കുന്നത് കൊണ്ട്, 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲- യും, തന്മൂലം വേഗതയും കുറഞ്ഞു വരും. എങ്കിലും അയാളിലുള്ള 𝐄𝐧𝐞𝐫𝐠𝐲, ഭൂമിയുടെ മറുഭാഗത്തിന്റെ അരിക് വരെയെത്താൻ മാത്രമുണ്ടാകും!


അതിന് ശേഷം 𝐆𝐫𝐚𝐯𝐢𝐭𝐲-ക്ക് മുൻതൂക്കം ലഭിക്കുന്നതുകൊണ്ട്, അയാൾ വീണ്ടും കേന്ദ്രത്തിലേക്ക് തന്നെ വീഴും, ഇതാവർത്തിക്കും. പഴയതരം 𝐂𝐥𝐨𝐜𝐤-കളിലെ 𝐏𝐞𝐧𝐝𝐮𝐥𝐚𝐦 പോലെ!


ഇങ്ങനെ 𝟒𝟐 മിനിറ്റും, 𝟏𝟐 സെക്കന്റുമെടുത്ത് അയാൾക്ക് ഭൂമിയുടെ വ്യാസദൂരം സഞ്ചരിക്കാനാകും!


ഏതാണ്ട് മുക്കാൽ മണിക്കൂർ മാത്രം!!


ഇനി അയാൾക്കൊപ്പമുണ്ടായിരുന്ന പൂച്ചയെയും തുരങ്കത്തിലിട്ടാലോ..!!

തീർച്ചയായും പൂച്ചയും ഇതേ സമയം കൊണ്ടുതന്നെ മറുപുറത്തേത്തും!

നീറോയും ബെർത്തയും

 


ഞാൻ ഇവിടെ പറയാൻ പോകുന്ന ബെർത്ത നൂലു നൂല്ക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു; അവർക്കതിൽ നല്ല വൈദഗ്ധ്യവും ഉണ്ടായിരുന്നു.


ഒരിക്കൽ, നടന്നുപോകും വഴി അവർ റോമൻ ചക്രവർത്തിയായ നീറോയെ കണ്ടുമുട്ടാനിടയായി. അയാളോട് അവർ പറഞ്ഞു, “ദൈവം അങ്ങയ്ക്ക് ഒരായിരം കൊല്ലം ജീവിക്കാനുള്ള ആയുസ്സ് നല്കുമാറാകട്ടെ!”


ഒരു മനുഷ്യജീവിക്കും സഹിക്കാൻ പറ്റാത്ത വിധം അത്ര ഹീനനായ നീറോയ്ക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് തനിക്കാശംസിക്കുന്ന ഒരാളെക്കണ്ടപ്പോൾ വല്ലാത്ത അത്ഭുതമായി. അയാൾ ആ സ്ത്രീയോടു ചോദിച്ചു, “നിങ്ങൾ അങ്ങനെ എന്നോടു പറഞ്ഞതെന്തിനാണ്‌, സ്ത്രീയേ?”


“കാരണം, കൊള്ളരുതാത്ത ഒരാൾക്കു പിന്നാലെ വരുന്നയാൾ അതിലും കൊള്ളരുതാത്തയാൾ ആയിരിക്കുമല്ലോ.”


നീറോ അപ്പോൾ പറഞ്ഞു, “അതു നന്നായി, ഈ സമയം മുതൽ നാളെ രാവിലെ വരെ നൂല്ക്കുന്ന നൂലെല്ലാം എന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവരിക.” എന്നിട്ടയാൾ പോവുകയും ചെയ്തു.


നൂലു നൂറ്റുകൊണ്ടിരിക്കുമ്പോൾ ബെർത്ത സ്വയം ചോദിച്ചു, “ഞാൻ നൂല്ക്കുന്ന നൂലു കൊണ്ട് അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത്? അത് കൊണ്ട് അയാൾ എന്നെ കെട്ടിത്തൂക്കിയാലും എനിക്കത്ഭുതം തോന്നില്ല. ആ ആരാച്ചാർ എന്തും ചെയ്യും!”


അടുത്ത ദിവസം കൃത്യസമയത്തുതന്നെ അവർ കൊട്ടാരത്തിൽ ഹാജരായി. അയാൾ അവരെ അകത്തേക്കു ക്ഷണിച്ച് അവർ കൊണ്ടുവന്ന നൂല്ക്കെട്ട് ഏറ്റുവാങ്ങി; എന്നിട്ടു പറഞ്ഞു,“ നൂല്ക്കഴിയുടെ ഒരറ്റം കൊട്ടാരവാതിലിൽ കെട്ടിയിട്ട് നൂലു തീരുന്ന ദൂരം വരെ നടക്കുക.“ എന്നിട്ടയാൾ കാര്യക്കാരനെ വിളിച്ചു പറഞ്ഞു, ”ഈ നൂലിന്റെ നീളത്തോളം വഴിയുടെ ഇരുവശവുമുള്ള സ്ഥലം ഈ സ്ത്രീക്കുള്ളതാണ്‌.“


ബെർത്ത അയാൾക്കു നന്ദിയും പറഞ്ഞ് അതീവസന്തോഷത്തോടെ നടന്നു. അന്നു മുതൽ അവർക്ക് നൂല്ക്കേണ്ടിയും വന്നില്ല; കാരണം അവർ ഒരു പ്രഭ്വി ആയിക്കഴിഞ്ഞല്ലോ.


റോമാനഗരത്തിൽ ഈ വാർത്ത പരക്കേണ്ട താമസം പാവപ്പെട്ട സ്ത്രീകളെല്ലാം നീറോയെ കാണാൻ ചെന്നു; അയാൾ ബെർത്തയ്ക്കു കൊടുത്ത പാരിതോഷികം തങ്ങൾക്കും കിട്ടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.


എന്നാൽ നീറോയുടെ മറുപടി ഇതായിരുന്നു, ”ബെർത്ത നൂലു നൂറ്റിരുന്ന ആ പഴയ നല്ല കാലം കഴിഞ്ഞുപോയല്ലോ.“



- ഇറ്റാലോ കാൽവിനോ

ലോകത്തെ അവസാനത്തെ രാത്രി

 


“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?”


“ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?”


“അതെ, കാര്യമായിട്ടു തന്നെ.”


“അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു.


അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു.


“അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാലോ?” അയാൾ പറഞ്ഞു.


“കാര്യമായിട്ടു പറയുകയല്ലല്ലോ?” അയാളുടെ ഭാര്യ ചോദിച്ചു.


അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.


“യുദ്ധം?”


അയാൾ തല കുലുക്കി.


“ഹൈഡ്രജൻ ബോംബും ആറ്റം ബോംബുമല്ലല്ലോ?”


“അല്ല.”


“രോഗാണുക്കളെക്കൊണ്ടുള്ള യുദ്ധം?”


“അതൊന്നുമല്ല,” സാവാധാനം കാപ്പി ഇളക്കിക്കൊണ്ട് അതിന്റെ ഇരുണ്ട ആഴങ്ങളിലേക്കു നോക്കി അയാൾ പറഞ്ഞു. “വേണമെങ്കിൽ ഒരു പുസ്തകം വായിച്ചടയ്ക്കുന്നപോലെ എന്നു പറയാം.”


“എനിക്കൊന്നും മനസ്സിലാകുന്നില്ല.”


“ഇല്ല, ശരിക്കു പറഞ്ഞാൽ എനിക്കും മനസ്സിലാകുന്നില്ല. ഇത് വെറുമൊരു തോന്നലാണ്‌; ചിലപ്പോൾ എനിക്കു പേടി തോന്നും, ചിലപ്പോൾ എനിക്കൊരു പേടിയും തോന്നുകയില്ല- സമാധാനമാണു തോന്നുക.” അയാൾ പെൺകുട്ടികളെയും പ്രദീപ്തമായ വിളക്കുവെട്ടത്തിൽ തിളങ്ങുന്ന അവരുടെ മഞ്ഞമുടിയും ഒന്നു കണ്ണോടിച്ചുനോക്കിയിട്ട് ഒച്ച താഴ്ത്തി. “ഞാനിതുവരെ നിന്നോടു പറഞ്ഞിരുന്നില്ല. നാലു രാത്രി മുമ്പാണ്‌ ഇതാദ്യം ഉണ്ടായത്.”


“ഏത്?”


“ഞാൻ കണ്ട ഒരു സ്വപ്നം. എല്ലാം അവസാനിക്കാൻ പോവുകയാണെന്ന് ഞാൻ സ്വപ്നം കണ്ടു; ഒരു സ്വരം അങ്ങനെ പറയുകയും ചെയ്തു. എനിക്കോർമ്മയുള്ള ഒരു സ്വരവുമായിരുന്നില്ല അത്, എന്നാലും ആരുടെയോ ശബ്ദമായിരുന്നു. ഈ ഭൂമിയിൽ കാര്യങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന് അതു പറഞ്ഞു. കാലത്തെഴുന്നേല്ക്കുമ്പോൾ ഞാനതിനെക്കുറിച്ച് കാര്യമായിട്ടൊന്നും ചിന്തിക്കാൻ പോയില്ല; പിന്നെ ഞാൻ ജോലിക്കു പോയി; പക്ഷേ ആ ചിന്ത പകലു മുഴുവൻ മനസ്സിലുണ്ടായിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ സ്റ്റാൻ വിൽസ് ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു. ‘എന്താണിത്ര ചിന്തിക്കാൻ?’ ഞാൻ ചോദിച്ചു. ‘ഇന്നലെ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു,’ അയാൾ പറയുന്നതിനു മുമ്പേ ആ സ്വപ്നം എന്താണെന്ന് എനിക്കറിയാമായിരുന്നു. എനിക്കു വേണമെങ്കിൽ അതയാളോടു പറയാമായിരുന്നു; ഞാൻ പറഞ്ഞില്ല, അയാൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.”


“അതേ സ്വപ്നം തന്നെയായിരുന്നു?”


“അതെ. അതേ സ്വപ്നം ഞാനും കണ്ടിരുന്നുവെന്ന് ഞാൻ സ്റ്റാനിനോടു പറഞ്ഞു. അയാളതിൽ അത്ഭുതമൊന്നും കാണിച്ചില്ല. ശരിക്കു പറഞ്ഞാൽ അയാൾക്കാശ്വാസമായപോലെയാണ്‌ തോന്നിയത്. പിന്നെ ഞങ്ങൾ ഓഫീസുകൾ മുഴുവൻ കയറിയിറങ്ങാൻ തുടങ്ങി, വെറുതേ ഒരു രസത്തിന്‌. അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമല്ല. നമുക്കൊന്നു നടന്നിട്ടുവരാം, എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. ഞങ്ങളങ്ങു നടന്നു, അത്രതന്നെ; എവിടെയും ഞങ്ങൾ കണ്ടത് ആളുകൾ അവരുടെ മേശയിലോ തങ്ങളുടെ കൈകളിലോ അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്കോ നോക്കി ഇരിക്കുന്നതാണ്‌; കണ്ണുകൾക്കു മുന്നിലുള്ളത് അവർ കാണുന്നുമുണ്ടായിരുന്നില്ല. ചിലരോടു ഞാൻ സംസാരിക്കാൻ നിന്നു; അതുപോലെ സ്റ്റാനും.“


”എല്ലാവരും ആ സ്വപ്നം കണ്ടിരുന്നോ?“


”എല്ലാവരും കണ്ടു. അതേ സ്വപ്നം, ഒരു മാറ്റവുമില്ലാതെ.“


”ആ സ്വപ്നം കണ്ടിട്ടു നിങ്ങൾക്കു വിശ്വസിക്കാൻ തോന്നിയോ?“


”ഉവ്വ്. മുമ്പൊരിക്കലും എനിക്ക് ഇത്ര വിശ്വാസം വന്നിട്ടില്ല.“


”എപ്പോഴാണ്‌ അതു നിലയ്ക്കുക? അതായത്, ലോകം?“


”നമുക്കത് രാത്രിയിൽ എപ്പോഴെങ്കിലുമായിരിക്കും; പിന്നെ, രാത്രി ലോകത്തിന്റെ ഓരോ ഭാഗവുമെത്തുമ്പോൾ ആ ഭാഗവും പോകും. എല്ലാം പോയിത്തീരാൻ ഇരുപത്തിനാലു മണിക്കൂറെടുക്കും.“


കാപ്പിയിൽ തൊടാതെ അവർ അല്പനേരം ഇരുന്നു. പിന്നെ അവരത് സാവധാനമെടുത്ത് പരസ്പരം നോക്കിക്കൊണ്ട് കുടിക്കാൻ തുറങ്ങി.


”നാമിതർഹിക്കുന്നുണ്ടോ?“ ഭാര്യ ചോദിച്ചു.


“ഇതിൽ അർഹതയുടെ കാര്യമൊന്നുമില്ല; വിചാരിച്ചപോലെയല്ല നടന്നതെന്നു മാത്രം. ഇക്കാര്യത്തിൽ നീ തർക്കിക്കാൻ പോലും വന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. എന്തുകൊണ്ടാണത്?”


”അതിനൊരു കാരണമുണ്ടെന്നു തോന്നുന്നു,“ അവർ പറഞ്ഞു.


”ഓഫീസിലുള്ളവർ പറഞ്ഞ അതേ കാരണം?“


അവർ തലയാട്ടി. “എനിക്കതു പറയാൻ തോന്നിയില്ല. ഇന്നലെ രാത്രിയിലാണ്‌ അതു സംഭവിച്ചത്. ഈ ബ്ലോക്കിലെ പെണ്ണുങ്ങൾ അതിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്, അതും തമ്മിൽത്തമ്മിൽ മാത്രം.” അവർ സായാഹ്നപത്രമെടുത്ത് അയാളുടെ നേർക്കു നീട്ടി. “ ഇതിൽ അതിനെക്കുറിച്ച് ഒരു വാർത്തയും ഇല്ല.”


”ഇല്ല. എല്ലാവർക്കും അറിയാം, പിന്നെ അതിന്റെ ആവശ്യമെന്താ?“ അയാൾ പത്രമെടുത്തിട്ട് കസേരയിൽ ചാരിയിരുന്നു. എന്നിട്ടയാൾ കുട്ടികളേയും പിന്നെ അവരെയും നോക്കി. ”നിനക്കു പേടി തോന്നുന്നുണ്ടോ?“


”ഇല്ല, കുട്ടികളുടെ കാര്യമോർത്തിട്ടുപോലും പേടിയില്ല. ഞാൻ പേടിച്ചു മരിച്ചുപോകുമെന്നായിരുന്നു എന്റെ ചിന്തയെങ്കിലും ഇല്ല, എനിക്കൊരു പേടിയും തോന്നുന്നില്ല.“


”ശാസ്ത്രജ്ഞന്മാർ അത്രയൊക്കെ പറഞ്ഞിട്ടുള്ള ആത്മരക്ഷയ്ക്കുള്ള വാസനയൊക്കെ എവിടെപ്പോയി?“


“എനിക്കെങ്ങനെ അറിയാൻ? കാര്യങ്ങൾ യുക്തിക്കനുസരിച്ചാണു നടക്കുന്നതെന്നു തോന്നിയാൽ നമ്മുടെ മനസ്സ് വല്ലാതിളകില്ല. ഇത് യുക്ത്യനുസരിച്ചാണ്‌. നാം ജീവിച്ച രീതി വച്ചു നോക്കിയാൽ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനും പാടില്ല.”


”നമ്മൾ അത്രയ്ക്കു മോശമായിരുന്നില്ലല്ലോ, അല്ലേ?“


”അല്ല, അത്രയ്ക്കു നല്ലവരുമായിരുന്നില്ല. അതാണു പ്രശ്നമെന്ന് എനിക്കു തോന്നുന്നു. നമ്മൾ നമ്മളായിരുന്നു എന്നല്ലാതെ എന്തിന്റെയെങ്കിലും ഒന്നുമായിരുന്നില്ല; അതേ സമയം ലോകത്തിന്റെ വലിയൊരു ഭാഗമാകട്ടെ, തീർത്തും അരോചകമായ പലതുമാകുന്ന തിരക്കിലുമായിരുന്നു.“


വരാന്തയിൽ കുട്ടികൾ ബ്ളോക്കുകൾ കൊണ്ടുള്ള വീട് തട്ടിമറിച്ചിട്ടിട്ട് കൈകൾ വീശി ചിരിക്കുകയായിരുന്നു.


”ഇങ്ങനെയുള്ള ഒരു സമയത്ത് ആളുകൾ തെരുവുകളിലൂടെ അലറിക്കരഞ്ഞുകൊണ്ടോടുമെന്നായിരുന്നു ഞാനെന്നും വിചാരിച്ചിരുന്നത്.“


”അങ്ങനെയാവില്ല എന്നാണ്‌ എന്റെ ഊഹം. ശരിക്കുള്ള കാര്യങ്ങളിൽ ആരും അലറിക്കരയാറില്ല.“


”നിങ്ങളേയും കുട്ടികളേയും ഓർത്തല്ലാതെ എനിക്കു നഷ്ടബോധമൊന്നും ഉണ്ടാകില്ല, അറിയാമോ? നിങ്ങൾ മൂന്നുപേരുമല്ലാതെ നഗരങ്ങളോ കാറുകളോ ഫാക്ടറികളോ എന്റെ ജോലിയോ ഒന്നും എനിക്കിഷ്ടമായിരുന്നില്ല. എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, എന്റെ കുടുംബമല്ലാതെ; വേണമെങ്കിൽ കാലാവസ്ഥയുടെ ഒരു മാറ്റമോ ചൂടുകാലത്ത് ഒരു ഗ്ലാസ് തണുത്ത വെള്ളമോ അല്ലെങ്കിൽ ഉറക്കം എന്ന ധാരാളിത്തമോ പറയാം. ശരിക്കു നോക്കിയാൽ കുഞ്ഞുകാര്യങ്ങൾ. ഇവിടെ ഇങ്ങനെയിരുന്ന് ഈ മട്ടിൽ സംസാരിക്കാൻ നമുക്കെങ്ങനെ പറ്റുന്നു?“


”നമുക്കു വേറൊന്നും ചെയ്യാനില്ലാത്തതിനാൽ.“


“അതെയതെ; എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാം അതു ചെയ്യുമായിരുന്നു. ലോകചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും തലേ രാത്രിയിൽ തങ്ങൾ എന്തു ചെയ്യാൻ പോവുകയായിരുന്നു എന്ന് ആളുകൾക്ക് ശരിക്കും മനസ്സിലാകുന്നത് എന്നെനിക്കു തോന്നുന്നു.”


“ഈ രാത്രിയിൽ, അടുത്ത കുറച്ചു മണിക്കൂർ നേരത്തേക്ക്, മറ്റുള്ളവരെല്ലാം എന്തായിരിക്കും ചെയ്യാൻ പോകുന്നത്?”


”തിയേറ്ററിൽ പോവുക, റേഡിയോ കേൾക്കുക, റ്റീ വി കാണുക, ചീട്ടു കളിക്കുക, കുട്ടികളെ കിടത്തിയുറക്കുക, അവരും ഉറങ്ങാൻ നോക്കുക, അതൊക്കെത്തന്നെ, എന്നത്തെയും പോലെ.“


”ഒന്നാലോചിച്ചാൽ അതിൽ അഭിമാനിക്കുകയും ചെയ്യാം- എന്നത്തെയും പോലെ.“


”നമ്മൾ അത്ര മോശക്കാരല്ല.“


അവർ അല്പനേരം അങ്ങനെയിരുന്നു; പിന്നയാൾ കുറച്ചുകൂടി കാപ്പി പകർന്നു. “അത് ഇന്നു രാത്രിയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കെങ്ങനെ തോന്നി?”


“കാരണം.”


“എന്തുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പത്തു കൊല്ലത്തിനുള്ളിലെ ഒരു രാത്രി, അല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം മുമ്പത്തെ ഏതെങ്കിലും രാത്രി അവസാനരാത്രി ആയില്ല?”


“ചരിത്രത്തിൽ ഇതിനു മുമ്പൊരിക്കലും 1951 ഫെബ്രുവരി 30 എന്ന തീയതി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം; ഇപ്പോൾ അതായിരിക്കെ, മറ്റേതൊരു തീയതിയും അർത്ഥമാക്കുന്നതിൽ കൂടുതൽ ഈ തീയതി അർത്ഥമാക്കുന്നതിനാലായിരിക്കാം; ലോകമെങ്ങും കാര്യങ്ങൾ ഒരേപോലെ ആയത് ഈ വർഷമായതുകൊണ്ടാവാം; അതുകൊണ്ടാവാം ലോകാവസാനം ഇന്നായതും.”


“ഇന്നു രാത്രിയിൽ സമുദ്രത്തിനു മുകളിലൂടെ ഇരുവശത്തേക്കും പറക്കുന്ന യുദ്ധവിമാനങ്ങൾ ഇനി കര കാണില്ല.”


“അതും ഭാഗികമായ കാരണമാണ്‌.”


“അപ്പോൾ,” അയാൾ ചോദിച്ചു, “ഇനിയെന്താ? പാത്രങ്ങൾ കഴുകിവച്ചാലോ?”


അവർ പാത്രങ്ങൾ നന്നായി കഴുകി നല്ല വൃത്തിയിൽ അടുക്കിവച്ചു. എട്ടരയ്ക്ക് മക്കളെയവർ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തി; കട്ടിലിനരികിലെ കുഞ്ഞുവിളക്കുകളുടെ സ്വിച്ചിട്ടിട്ട് വാതിൽ അല്പമൊന്നു തുറന്നുവയ്ക്കുകയും ചെയ്തു.


“ഞാൻ ആലോചിക്കുകയാണ്‌,”


“എന്ത്?”


“വാതിൽ ചേർത്തടയ്ക്കണോ അതോ അവർ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന മട്ടിൽ ഒന്നു ചാരിയാൽ മതിയോ എന്ന്.”


“അതിന്‌ കുട്ടികൾക്കെന്തെങ്കിലും അറിയാമോ- അവരോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?”


“ഇല്ലില്ല. അല്ലെങ്കിൽ അവർ നമ്മളോടതു ചോദിക്കേണ്ടതല്ലേ?”


അവർ പത്രങ്ങൾ വായിച്ചും സംസാരിച്ചും റേഡിയോയിൽ പാട്ടു കേട്ടും ഇരുന്നു; പിന്നെ ക്ലോക്കിൽ പത്തരയും പതിനൊന്നും പതിനൊന്നരയും അടിക്കുന്നതും കേട്ട്, ഫയർ പ്ലേസിലെ കനലുകളും നോക്കി അവരിരുന്നു. ലോകത്തെ മറ്റുള്ളവരെക്കുറിച്ച് അവരോർത്തു; അവരും തങ്ങളുടേതായ രീതിയിൽ ഈ രാത്രി കഴിച്ചുകൂട്ടുകയാവും.


അയാൾ എഴുന്നേറ്റ് അവരെ ദീർഘമായി ചുംബിച്ചു.


“നമ്മൾ എന്തായാലും പരസ്പരം മോശമായി പെരുമാറിയിട്ടില്ല.”


“നിനക്കു കരച്ചിൽ വരുന്നുണ്ടോ?”


”അങ്ങനെയൊന്നുമില്ല.“


അവർ ഓരോ മുറിയിലും ചെന്ന് ലൈറ്റുകൾ കെടുത്തിയിട്ട് വാതിലുകൾ പൂട്ടി; പിന്നെയവർ കിടപ്പുമുറിയിൽ ചെന്ന് രാത്രിയുടെ തണുത്ത ഇരുട്ടിൽ നിന്നുകൊണ്ട് വേഷം മാറി. ഭാര്യ എന്നും ചെയ്യുന്നപോലെ വിരിപ്പെടുത്ത് നന്നായി മടക്കി കസേരയിലേക്കിട്ടു. “വിരിപ്പുകൾക്കു നല്ല തണുപ്പും വൃത്തിയുമുണ്ട്,” അവർ പറഞ്ഞു.


”എനിക്കു ക്ഷീണം തോന്നുന്നു.“


”നമുക്കു രണ്ടുപേർക്കും.“


അവർ കട്ടിലിൽ കയറി മലർന്നുകിടന്നു.


“ഇപ്പോ വരാമേ,” ഭാര്യ പറഞ്ഞു.


അവർ എഴുന്നേല്ക്കുന്നതും വീടിനു പിന്നിലേക്കു പോകുന്നതും അയാൾ കേട്ടു; പിന്നെ ഒരു വാതിൽ അടയുന്നതിന്റെ നേർത്ത കിരുകിരുക്കം അയാൾ കേട്ടു; ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ മടങ്ങിവന്നു. “അടുക്കളയിൽ ടാപ്പടയ്ക്കാൻ മറന്നുപോയി,” അവർ പറഞ്ഞു. “അതടച്ചു.”


അതിലെന്തോ തമാശ തോന്നിയതുകൊണ്ട് അയാൾക്കു ചിരിക്കാതിരിക്കാൻ പറ്റിയില്ല.


താൻ ചെയ്തതിലെ തമാശ മനസ്സിലാക്കികൊണ്ട് അവരും അയാളോടൊപ്പം ചിരിച്ചു. പിന്നെ അവർ ചിരി നിർത്തി കൈകൾ പരസ്പരം പിണച്ച്, തലകൾ അടുപ്പിച്ച് കുളിർമ്മയുള്ള ആ മെത്തയിൽ കിടന്നു.


“ഗുഡ് നൈറ്റ്,” ഒരു നിമിഷം കഴിഞ്ഞ് അയാൾ പറഞ്ഞു.


”ഗുഡ് നൈറ്റ്,“ അവരും പറഞ്ഞു, എന്നിട്ടു പതുക്കെ, ”ഡിയർ...“

*




അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ Ray Douglas Bradbury (1920-2012)യെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിക്കുന്നത് ആധുനികകാലത്ത് സയൻസ് ഫിൿഷനെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ ഏറ്റവുമധികം പങ്കു വഹിച്ച എഴുത്തുകാരൻ എന്നാണ്‌. ഫാറൻഹീറ്റ് 451 ആണ്‌ ഏറ്റവും പ്രശസ്തമായ നോവൽ. കഥകൾക്കും കവിതകൾക്കും  പുറമേ സിനിമയ്ക്കും ടെലിവിഷനും വേണ്ടിയും എഴുതിയിരുന്നു.



 - റേ ബ്രാഡ്ബറി 

തേടിപ്പോയവൻ

 


ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ

ഒരുനാൾ ഞാൻ  പുറപ്പെട്ടുപോയി:

തെരുവുകളവർ അടച്ചുകളഞ്ഞു,

മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;

തീയും വെള്ളവും കൊണ്ട്‌

അവരെന്നെ നേരിട്ടു.

എന്റെമേലവർ മലമെടുത്തെറിഞ്ഞു.

സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ

എനിക്കു വേണ്ടു:

ചില്ലു കൊണ്ടൊരു കുതിര,

പൊട്ടിപ്പോയ ഒരു വാച്ച്‌.


ആർക്കുമറിയേണ്ട

എന്റെ ദുർഭഗജാതകം,

എന്റെ കേവലനിസ്സംഗത.


സ്ത്രീകളോടു ഞാൻ വ്യർത്ഥവാദം ചെയ്തു,

കക്കാൻ വന്നവനല്ല ഞാൻ,

നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;

ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,

പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ

വലിയ വായിലേ അവർ നിലവിളിച്ചു.


എന്നിട്ടുമെത്ര പകലുകളിൽ,

പേമഴ പെയ്യുന്ന രാത്രികളിൽ

തേടിത്തേടി ഞാൻ നടന്നു.

സ്നേഹമില്ലാത്ത മാളികകളിൽ

കൂരയൂർന്നും വേലി നൂണും

രഹസ്യത്തിൽ ഞാൻ കടന്നു,

കമ്പളങ്ങളിൽ ഞാനൊളിച്ചു,

മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.


എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.


ആരുടെ പക്കലുമില്ല എന്റെ കുതിര,

എന്റെ പ്രണയങ്ങൾ,

എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം

എന്റെയോമനയുടെ അരക്കെട്ടിൽ

എനിക്കു നഷ്ടമായ പനിനീർപ്പൂവും.


അവരെന്നെ തടവിലിട്ടു,

അവരെന്നെ പീഡിപ്പിച്ചു,

അവരെന്നെ തെറ്റിദ്ധരിച്ചു,

പേരുകേൾപ്പിച്ച പോക്കിരിയായി

അവർക്കു ഞാൻ.

ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,

ആരെയും പോലെ സാമാന്യനുമായി ഞാൻ.

എന്നാലിന്നും ഞാനോർക്കാറുണ്ട്,

എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:

ഒരിലച്ചാർത്തിതാ തുറക്കുന്നു,

ഓരോരോ ഇലയായി,

ഒടുവിൽ നിഷ്പന്ദയാവുന്നു നീ-

നഗ്നയും.


- നെരൂദ  


നെപ്റ്റ്യൂണിന്റെ വിചിത്രമായ കണ്ടെത്തൽ

 

 ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വ്യത്യസ്ഥമായൊരു കണ്ടെത്തലായിരുന്നു നെപ്റ്റ്യൂണ്‍ എന്ന ഗ്രഹത്തിന്റേത്. കാരണം, നേരിട്ടുള്ള നിരീക്ഷണത്തിനു പകരം Mathematical Calculations ഉപയോഗിച്ച് കണ്ടെത്തിയ ആദ്യത്തെ ഗ്രഹമാണ് നമ്മുടെ നെപ്റ്റ്യൂണ്‍.


1781 ൽ യുറാനസ് കണ്ടെത്തിയതിന് ശേഷം, സൂര്യന്റെയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ ബലത്തെ അടിസ്ഥാനമാക്കി നിരീക്ഷിച്ചതില്‍ യുറാനസിന്റെ ഭ്രമണപഥം പ്രതീക്ഷിച്ചതിൽ നിന്ന് അല്പം വ്യതിചലിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.


യൂറാനസിന്റെ ഓര്‍ബിറ്റിലുള്ള ഈ ക്രമക്കേട് യുറാനസിന് അപ്പുറത്തുള്ള ഒരു വലിയ വസ്തുവിന്റ സ്വാധീനം സൂചിപ്പിച്ചു. തുടര്‍ന്ന് ഒരു "ട്രാൻസ്-യുറേനിയൻ ഗ്രഹം" ഉണ്ടാകാമെന്ന് നിരവധി ജ്യോതിശാസ്ത്രജ്ഞർ ചിന്തിച്ചു. പക്ഷേ നിരീക്ഷണത്തില്‍ അത്തരമൊരു വസ്തുവിനെ കണ്ടെത്താനും കഴിഞ്ഞില്ല.


തുടര്‍ന്ന് ഫ്രാൻസിലെ വെറിയർ, ആഡംസ്  എന്നീ ശാസ്ത്രജ്ഞര്‍ യുറാനസിന്റെ ഗുരുത്വാകർഷണ സ്വാധീനത്തെ അടിസ്ഥാനമാക്കി ഈ സാങ്കൽപ്പിക വസ്തുവിന്റെ സ്ഥാനം കണക്കാക്കുന്നതിനുള്ള സങ്കീർണ്ണമായ ദൗത്യം ഏറ്റെടുത്തു.


തുടര്‍ന്ന് വെറിയറുടെ Calculations  ന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലെ ബെർലിൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ ദൂരദർശിനി ക്രമീകരിക്കുകയും വെറിയറുടെ Calculations  ന്റെ പരിധിയിൽ 1846 ല്‍ നെപ്റ്റ്യൂണ്‍ എന്ന ഒരു പുതിയ ഗ്രഹം കണ്ടെത്തുകയും ചെയ്തു.  


 നെപ്റ്റ്യൂണിന്റെ കണ്ടെത്തൽ Newtonian Physics ന്റെ വിജയത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലെ ഗണിതശാസ്ത്ര മേഖലയുടെ പ്രാധാന്യവും ഹൈലൈറ്റ് ചെയ്യുന്നു.  നമ്മുടെ കണ്ണിന് അദൃശ്യമായ ആകാശ വസ്തുക്കളെ കണ്ടെത്താൻ Mathematical Calculations എത്രത്തോളം പ്രായോഗികമാണെന്ന് തെളിയിച്ചുകൊണ്ട് ഈ സംഭവം ശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായി മാറി.

Tuesday, October 8, 2024

വാസനാവികൃതി

 1891 ല്‍ എഴുതപ്പെ‌ട്ട വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി കരുതപ്പെ‌ടുന്നത്.വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ് ഈ ചെറുകഥ എഴുതിയത്.



രാജശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ എന്നെപ്പോലെ വിഡ്‌ഢിത്തം പ്രവർത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവർ ചുരുക്കമായിരിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതിൽ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാൽ തോൽപ്പിക്കപ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താൻ തന്നെ ആപത്തിനുള്ള വല കെട്ടി ആ വലയിൽ ചെന്നുചാടുന്നത് ദുസ്സഹമായിട്ടുള്ളതല്ലേ? എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികൾക്കുകൂടി അറിയാവുന്നതായിരുന്നാൽ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.



എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥലത്താണെന്നു മാത്രമേ ഇവിടെ പറയാൻ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടിൽ ഒരു താവഴിക്കാർ കറുത്തും വേറൊരു താവഴിക്കാർ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങൾക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാൽ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേർതിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണവന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമൻ നായർ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരിൽ ആദ്യം പറഞ്ഞ മനുഷ്യൻ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കു തന്നെയാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് "ദ്വേധാ നാരായണീയം” എന്നു പട്ടേരി പറഞ്ഞതുപോലെ മക്കത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാനുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂർണമായി അറിവാൻ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായിരുന്നു ഇട്ടിനാരായണൻ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേൾക്കാത്ത വിഡ്‌ഢിയുണ്ടെങ്കിൽ അവനായിട്ട് ഇതു ഞാൻ എഴുതുന്നില്ല. ബാല്യത്തിൽത്തന്നെ എന്നെ അമര്യാദതാവഴിയിൽ നിന്നു വേർപെടുത്തുവാൻ വീട്ടിലുള്ളവരിൽ ചിലർ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കിൽ അവരുടെ പ്രയത്നക്കുറവല്ലെന്ന് ഞാൻ സത്യം ചെയ്‌ത് കയ്‌പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തിൽ ഞാൻ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളിൽ അധികം പേരും എന്നെക്കാൾ ബുദ്ധികുറഞ്ഞവരായിരുന്നു എന്നുലള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാഥൻ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസർഗം കാവ്യം പഠിച്ച "ഗണാഷ്‌ടകവ്യുൽപ്പത്തി" മാത്രമായി അവശേഷിക്കുന്ന ഗംഭീരന്മാർ മലയാളത്തിൽ പലേടത്തും ഉണ്ട്. ഞാൻ അഞ്ചെട്ടു സർഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. 


വ്യുൽപ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കിൽ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുൽപ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദിച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീർന്നു.


കാടരികിൽ വീടായതുകൊണ്ട് ഇടയ്‌ക്കിടെ കാട്ടിൽപോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാൽ ബാല്യം മുതൽക്കു തന്നെ പേടി എന്ന ശബ്‌ദത്തിന് എന്നെ സംബന്ധിച്ചിടത്തോളം അർഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തുതന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വൻതരത്തിൽ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയിൽ ഞാൻ പിന്തുടർന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനായാട്ടായാൽ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാൽ അത് ഇവനു തന്നെ വെടിവയ്ക്കുവാൻ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമായിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാൽ കിട്ടുവാൻ താമസവും കണ്ടെത്തിയാൽ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാൽ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛൻ ഈ അഭിപ്രായക്കാരനായിരുന്നില്ല – അദ്ദേഹം പ്രാചീനൻതന്നെ. ‍ഞാൻ നവീനനും. എന്നാൽ ഇട്യാറാണാൻ മുത്തച്ഛൻ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കുമ്പോൾ ഇദ്ദേഹത്തിനെ അമാനുഷൻ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാർ പറയുന്നത് അത്ര കഷ്‌ടമല്ല.


വീട്ടിൽനിന്നു ചാടിപ്പോന്നതിൽപ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാൻ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യത്ത് പുതിയ പോലീസ് ഏർപ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂർക്ക് സമീപം ഒരു ദിക്കിൽ ഞാനൊരു കളവുനടത്തി. അത് ഗന്തർ സായ്പിന്റെ പരിവാരങ്ങൾക്ക് അശേഷം രസമായില്ലപോൽ. കളവുണ്ടായത് ഒരില്ലത്താണ്. ഗൃഹസ്ഥന്റെ മകനായിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളൻ പാശികളിക്കാരനായിരുന്നു. അതിൽ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛൻ നമ്പൂതിരി ഉണരാതിരിപ്പാൻ കറുപ്പുകൂടിയ മരുന്നു ഞാൻ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലിട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലിൽ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്‌തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാൻ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കൽ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹൻ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാൻ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാൻ എടുത്ത മുതലിൽ ആഭരണപ്പെട്ടി മുഴുവൻ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവൾക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയിൽ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലിന്മേൽ ഇടുവിച്ചു. അതു മുതൽക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാൻ കയ്യിൽ നിന്ന് ഊരാറില്ല.


നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതിൽ വച്ച് എന്റെ മേൽ പോലീസ്സുക്കാർക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂർ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളിൽ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാൻ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞുപോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെന്നാൽ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടൽപ്പോലെ വിചാരിച്ചാണ് ഞാൻ പുറപ്പെട്ടത്. കോടതി പൂട്ടിയാൽ പിന്നെ ഉദ്യോഗസ്ഥന്മാർക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴിൽ. അതുപോലെ ഞാനും ചെയ്വാൻ നിശ്ചയിച്ചു. മദിരാശിയിൽ നിന്ന് ഒരു മാസത്തോളം കാഴ്‌ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവിൽ ചെന്നപ്പോൾ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാൻ വന്നിരുന്നു. അപ്പോൾ ആ പീടികയിൽ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയിൽ ഒരു വിഡ്‌ഢ്യാൻ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോൾ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തൽക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റിൽ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവിൽ സാമർഥ്യമുണ്ടാകണമെങ്കിൽ അർജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോഗിപ്പാൻ സാമർഥ്യം ഇല്ലാഞ്ഞാൽ പലതരങ്ങളും തെറ്റിപ്പോകുവാൻ ഇടയുണ്ട്. പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാൻ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോൾ കല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. 


ഏകസംബന്ധിജ്ഞാനമപരസംബന്ധിസ്‌മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓർമവന്നു. 


തപ്പിനോക്കിയപ്പോൾ കൈയിന്മേൽ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാൾ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്റ്റേഷനിൽ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തിൽ വരുവാൻ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവർത്തിച്ചത്.


അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോൺസ്റ്റബിൾ ഞാൻ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോൾത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്തരുവാനുള്ള മടികണ്ടപ്പോൾ വല്ല സമ്മാനവും കിട്ടണമെന്നാണെന്നു വിചാരിച്ചു ഞാൻ അഞ്ചുറുപ്പിക കയ്യിലെടുത്തു. “ഈ മോതിരം എന്റെ കൈയ്യിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്കു മനസ്സിലായോ” എന്നു ചോദിച്ചപ്പോൾ ഞാൻ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓർമവന്നപ്പോൾ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്‌ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാൻ ഇനി ഈ തൊഴിലിൽ ഇരുന്നാൽ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്തയാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്‌ത പാപമോചനത്തിനും മേലിൽ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്നാനവും വിശ്വനാഥദർശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലാറുണ്ട്:



ശ്രുതിസ്‌മൃ‌തിഭ്യാം വിഹിതാ വ്രതാദയഃ

പുനന്തി പാപം ന ലുനന്തി വാസനാം

അനന്തസേവാ തു നികൃന്തതി ദ്വയീ

മിതിപ്രഭോ ത്വൽപുരുഷാ ബഭാഷിരെ.


                                                                                    (ഒപ്പ്)

                                                                                   ഇക്കണ്ടക്കുറുപ്പ്



 -വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

പ്രണയപര്‍വം

 


ഒരു ചില്ലക്ഷരം

കൊണ്ടെങ്കിലും നിന്റെ

ഹൃദയത്തിലെന്നെ

കുറിച്ചിരുന്നെങ്കില്‍,


ഒരു ശ്യാമവര്‍ണം

കൊണ്ടെങ്കിലും നിന്റെ

പ്രണയത്തിലെന്നെ

വരച്ചിരുന്നെങ്കില്‍,


ഒരു കനല്‍ക്കട്ട

കൊണ്ടെങ്കിലും നിന്റെ

സ്മൃതികളിലെന്നെ

ജ്വലിപ്പിച്ചുവെങ്കില്‍,


ഒരു വെറും മാത്ര

മാത്രമെങ്കിലും നിന്‍

കനവിലേക്കെന്നെ

വിളിച്ചിരുന്നെങ്കില്‍,


അതുമതി തോഴി,

കഠിനവ്യഥകള്‍

ചുമന്നുപോകുവാന്‍

കല്പാന്തകാലത്തോളം ….


- പവിത്രന്‍ തീക്കുനി

യാമിനിയ്ക്ക്

 


ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..


ഒരു കരം തന്നിലമൃതുചാലിച്ചു

മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും

പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും

ആധിതമസ്സിന്റെ ആധാര ശക്തി

ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ

ഒരു കരം തന്നിലമൃതുചാലിച്ചു

മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും

പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും

ആധിതമസ്സിന്റെ ആധാര ശക്തി

ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ


നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും

നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,

നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും

നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,

പ്രേമികള്‍, വൈദേഹികള്‍

പിന്നെ രോഗികള്‍, ദ്രോഹികള്‍,

നഷ്ടസഞ്ചാരികള്‍, നൃത്തം ചവിട്ടുന്ന നഗ്നദേഹങ്ങള്‍

നത്തിന്റെ കണ്ണുകള്‍, പിത്തപ്രകൃതികള്‍

കത്തുന്ന കണ്ണുമായ് കാമദാഹങ്ങള്‍


അഭയം തരും നിദ്രയേകുന്നു നീ

പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ

അഭയം തരും നിദ്രയേകുന്നു നീ

പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ

അമ്മയെപ്പോലെ താരാട്ടുന്നു

നീയെന്റെ മിഴികളെ ചുംബിച്ചടയ്ക്കുന്നു

സഖിയായ് ചാരെകിടന്നുലാളിയ്ക്കുന്നു

സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍

കിനാവിന്റെ താമരവളയും തരുന്നു

സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍

കിനാവിന്റെ താമരവളയും തരുന്നു


ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു

എന്തിനെന്നറിയാതെയെന്നും..

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു

എന്തിനെന്നറിയാതെയെന്നും..


പ്രണയിപ്പു നിന്നെ ഞാന്‍ മൃതിയോളതുമല്ല

എന്‍ മൃതിയും നിന്‍ മടിയിലാകട്ടെ

അല്ലെങ്കില്‍ നീയെനെ മൃതിയുമാകട്ടെ..

ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു യുവതിയാം വിധവയെപ്പോലെ..


- അനില്‍ പനച്ചൂരാന്‍


പരിണാമസിദ്ധാന്തം

 

                                               ഹോമോ ഇറക്ടസ് പെണ്ണ്


മനുഷ്യൻ കുരങ്ങിൽ നിന്നും ആണ് പരിണമിച്ച് ഉണ്ടായത് എന്നു പലരും ധരിച്ചു വയ്ച്ചിരിക്കുന്നു. അതൊരബദ്ധധാരണയാണ്. മനുഷ്യൻ കുരങ്ങിൽ നിന്നാണ് പരിണമിച്ചത് എന്ന് പരിണാമസിദ്ധാന്തം ഒരിടത്തും പറയുന്നില്ല. നാം കാണുന്ന കുരങ്ങുകൾ അമ്പലക്കുരങ്ങ് അഥവാ റീസസ് മങ്കി ആണ്. ഇവ കൂടാതെ കുരങ്ങനോടു സാമ്യമുള്ള ചിമ്പാൻസി, ഗോറില്ല, ഒറാങ്ങ്ഉട്ടാങ്ങ് ഇവയൊന്നും മനുഷ്യന്റ പൂർവ്വികൻ അല്ല. മനുഷ്യന്റെ പൊതു പൂർവ്വികനിൽ നിന്നും സമാന്തര പരിണാമം വഴി ഉണ്ടായവയാണ്.

മനുഷ്യന്റെ തൊട്ടു മുൻപുള്ള പൂർവ്വികൻ ഹോമോ ഇറക്ടസ് എന്ന മനുഷ്യനോട് സാദൃശ്യമുള്ള ജീവിയാണ്. ഹോമോ ഇറക്ടസ് എന്ന നമ്മുടെ പൂർവ്വികൻ, ആസ്റ്റർലോപിത്തകസ് അഫ്റൻസിൽ നിന്നും 40 ലക്ഷം വർഷം മുൻപ് പരിണമിച്ചുണ്ടായി. ഹോമോ ഇറക്ടസിൽ നിന്നും മൂന്നു സമാന്തര പരിണാമം 30 -10 ലക്ഷം വർഷത്തിനിടയിൽ നടന്നു.

അവ ഹോമോ ഹാബിലിസ്, ഹോമോ എർഗാസ്റ്റർ, ഹോമോ സാപ്പിയൻസ് എന്നിവയാണ്.

അതിൽ ഹോമോ സാപ്പിയൻസ് ആണ് മനുഷ്യൻ. മനുഷ്യന്റെ പൂർവ്വികർ ഒന്നൊഴിയാതെ എല്ലാം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി.

ഹോമോ ഇറക്ടസിൽ നിന്ന് മനുഷ്യൻ പരിണമിച്ചുണ്ടായത് ഏകദേശം 5 ലക്ഷം വർഷം മുൻപാണ്.

അവയിൽ നിന്നുമാണ് ഇന്നത്തെ കപാലക്ഷമത(Cranial capacity) യുള്ള ആധുനിക മനുഷ്യൻ കേവലം ഒന്നേകാൽ ലക്ഷം വർഷങ്ങൾ മുൻപ് പരിണമിച്ചുണ്ടായത്.

പരിണാമം എന്നതു പറയുമ്പോലെ എളുപ്പത്തിൽ നടക്കുന്ന ഒരു പ്രക്രിയ അല്ല.

അത് അത്യന്തം സങ്കീർണ്ണവും ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചുമാണ് നടക്കുന്നത്.

ഇന്ന് ഭൂമുഖത്തു കാണുന്ന എല്ലാ ജീവികളും ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് പരിണമിച്ചുണ്ടായവയാണ്.

മനുഷ്യനും പരിണമിച്ചു കൊണ്ടിരിക്കുകയാണ്. 

അതാണ് മനുഷ്യരിൽ കാണപ്പെടുന്ന വെറൈറ്റികൾ.

ഈ വെറൈറ്റികൾ കാലാന്തരത്തിൽ സബ്സ്പീഷീസായും സ്പീഷീസായും പരിണമിക്കും.

ചാൾസ് ഡാർവിൻ 160 വർഷങ്ങൾ മുൻപ് പരിണാമസിദ്ധാന്തം അവതരിപ്പിക്കുമ്പോൾ മനുഷ്യപൂർവ്വികന്റെ ഒറ്റ ഫോസിൽ പോലും കണ്ടെത്തിയിരുന്നില്ല.

ഇന്ന് 10,000 ൽ കൂടുതൽ മനുഷ്യ പൂർവ്വികന്റ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

അവയിൽ നടത്തിയ  ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയ നിഗമനങ്ങളാണ് മേൽ വിവരിച്ചത്.

ഒരു കാലയളവിന് അപ്പുറമുള്ള ഫോസിലുകൾ ലഭ്യമല്ലാത്തതിനാൽ മനുഷ്യന്റെ ഒരു പരിധിക്കപ്പുറമുള്ള പൂർവ്വികനെ കണ്ടെത്താനുള്ള ശാസ്ത്രത്തിന്റെ ശ്രമം വിജയിച്ചിട്ടില്ല.

എന്നാൽ, പരിണാമം ഒരു യാഥാത്ഥ്യമാണെന്നതിന് ഉപോൽബലകമായ തെളിവുകൾ ഫോസിലുകളിൽ നിന്നും മാത്രമല്ല ആധുനിക ജനിതകശാസ്ത്രം വഴിയും ധാരാളം കിട്ടിക്കൊണ്ടിരിക്കുന്നു.

Saturday, October 5, 2024

a casa



Nenhuma casa é o paraíso,

Irreconhecíveis um para o outro

É apenas um lugar onde poucas pessoas vivem.

Ele perdeu a esperança

Não estou com saudades de casa

Um amigo não é uma sombra

Poesia não é remédio

O amor não é o caminho

Apenas uma oferta.


Contanto que não fiquemos em um só lugar

No silêncio que estamos em casa

Apenas corpos congelados.

Um devedor

A casa está amaldiçoada.

Ir e chegar

Todos os caminhos são loucos.


Da noite

Aquele que entra na noite

Os sonhos não são amortecidos.

Sem fé em nada,

Corajoso o suficiente para cometer suicídio,

O que ele está procurando

Só do jeito dele


Ainda gritando

Só para ele

Como linhas que ele escreveu em silêncio.


 - PR Ratheesh 


Friday, October 4, 2024

വീട്

 


ഒരു വീടും സ്വര്‍ഗമല്ല,

പരസ്പരം തിരിച്ചറിയാത്ത

കുറേപ്പേര്‍ താമസിക്കുന്നൊരിടം മാത്രമാണത്.

പ്രതീക്ഷ പട്ടുപോയവന്

വീടഭയമല്ല

സുഹൃത്ത് തണലല്ല

കവിത മരുന്നല്ല

പ്രണയം വഴിയല്ല

വെറുമൊരു വഴിപാടുമാത്രം.


നാം ഒരിടം പാലിക്കാത്തിടത്തോളം

നമ്മള്‍ വീടെന്ന മൗനത്തില്‍

മരവിച്ച ജഡങ്ങള്‍ മാത്രം.

കടം കുടിച്ച ഒരുവന്

വീട് തീരാശാപമാണ്.

പോകാനും,എത്തിച്ചേരാനുമുള്ള

എല്ലാ വഴികളും ഭ്രാന്താണ്.


രാത്രിയില്‍ നിന്നും

രാത്രിയിലേക്കവന്‍

സ്വപ്നങ്ങളെ നനക്കുന്നില്ല.

ഒന്നിലും വിശ്വാസമില്ലാതെ,

ആത്മഹത്യയ്ക്കു പോലുമധീരനായി,

അവന്‍ തിരയുന്നത്

അവന്‍റെ വഴി മാത്രം.


അപ്പോഴും നിലവിളിച്ചു കൊണ്ടേയിരിക്കും

അവനു വേണ്ടി മാത്രം

മൗനത്തിലവന്‍ കുറിച്ചിട്ട വരികള്‍.


 - പി ആര്‍ രതീഷ്

ഗ്രീഷ്മവും കണ്ണീരും

 


ഒരിക്കൽ നാനാവർണ

ജീവിതപ്രവാഹത്തി-

ന്നൊഴുക്കിൽ പ്രിയപ്പെട്ട

സ്വപ്നമേ നീയും പോകെ


വെറുതെ

വെറുമൊരു

വേദനയോടെ കൈയിൽ

ഉണങ്ങിക്കരിഞ്ഞൊരു

പൂവുമായ്‌ നിൽപ്പൂ ഗ്രീഷ്മം.


വേനലും

കാറ്റും

ഊറ്റിക്കുടിച്ച സൗന്ദര്യത്തിൻ

വേപഥുവിനെ വാങ്ങാ-

നെല്ലാരും മടിക്കവെ


പതുക്കെ കൈകൾ നീട്ടിയാ

പൂവു വാങ്ങി ഞാൻ നിത്യ-

സ്മൃതിക്കു ചൂടി

ഭൂതകാലത്തെ രമിപ്പിക്കെ


മണ്ണിലെ ദു:ഖത്തിന്റെ

മൺകുടിൽമുറ്റത്തിന്റെ

കണ്ണുനീർ പുഷ്പത്തിനെ

നുള്ളിക്കൊണ്ടാരോ പോയി.


 - എ അയ്യപ്പന്‍

കോരന്‍

 

മഴ വന്ന നാളില്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍

ദില്ലി വണ്ടിയില്‍ എ.സി.ബോഗിയില്‍ ഞാനിരുന്നു,

മങ്ങിയും തെളിഞ്ഞും എന്നെക്കണ്ട്.

കറുത്ത ജനാലച്ചില്ലിലൂടെ

വിരണ്ടരണ്ട ലോകം കണ്ട്.

രണ്ട് തീവണ്ടികള്‍ക്കിടയിലേക്ക്

ആരോ വലിച്ചെറിഞ്ഞ ഉച്ചമഴ കണ്ട്.

അബ്ബാസ് കിയോസ്താമിക്കും മഖ്മല്‍ബഫിനും

പിന്മുറയാരെന്നതിന്

ലാപ്ടോപ്പില്‍ ഇടയ്ക്കൊരുത്തരം കണ്ട്.

കാഴ്ചയുടെ കാര്യകാരണങ്ങള്‍ കണ്ട്.

ഇവിടെ അവസാനിച്ച ദൂരമോ

ഇവിടെത്തുടങ്ങുന്ന ദൂരമോ അലട്ടാതെ.

പാളത്തിലെ ചളിപിളി മലമൂത്ര ഡീസലാദികള്‍ക്ക്

മീതേയാണ് ഈ ഇരിപ്പെന്ന് ഞെട്ടാതെ.

എന്തായിരിക്കാം ജനാലച്ചില്ലില്‍

മഴയുടെ ചുവരെഴുത്ത്?

ജലാക്ഷരങ്ങളുടെ തീപ്പൊരുള്‍/കുളിരര്‍ത്ഥം?

മഴയെഴുതി മഴ തന്നെ മായ്ക്കുന്ന പ്രണയസന്ദേശം?

രതിയെപ്പറ്റി,ഉരുള്‍പൊട്ടി വരും മൃതിയെപ്പറ്റി,

വിളയെപ്പറ്റി,വിക്ടര്‍ ജോര്‍ജ്ജിനെപ്പറ്റി,

പുതുതെന്തെങ്കിലും?

തീവണ്ടികള്‍ക്കിടയിലേക്കൊരു

പൊതിച്ചോറില പാറിവീണതും

പാഞ്ഞു വന്നു ബലിക്കാക്ക പോലൊരാള്‍.

കളങ്ങളില്‍ നിന്നെല്ലാം ചതിയില്‍

തോറ്റു പുറത്തായൊരാള്‍,

പരിചയം തോന്നിച്ചൊരാള്‍,

പലതുമോര്‍മ്മിപ്പിച്ചൊരാള്‍,

ആരെയോ എതിര്‍ത്ത് പുറപ്പെട്ട്

വഴിയില്‍ കെട്ടു ചൂളിയ കരിങ്കൊടി.

വാല്‍ അകിട്ടില്‍ത്തിരുകി,

കീലും കല്‍ച്ചീളും വിസര്‍ജ്ജ്യങ്ങളുമിഴുകും

നിത്യനിശ്ചല ചെളിക്കുമ്പിളിലെ

എച്ചില്‍ക്കഞ്ഞി റിയലിസം മാത്രം

മുന്നില്‍ക്കണ്ട്.


 -കെ ജി ശങ്കരപ്പിള്ള


𝟐𝟏-ാം നൂറ്റാണ്ടിലെ നേട്ടങ്ങൾ

 


പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളുടെയും നിഗൂഢതകളുടെ ചുരുളുകൾ അഴിഞ്ഞു കൊണ്ടിരിക്കുകയാണ്. നാം പല അവ്യക്തതകളുടെയും, അറിവില്ലായ്മകളുടെയും പിന്നിൽ ഒളിപ്പിച്ചിരുന്ന കെട്ടുകഥകളും, അശാസ്ത്രീയ വ്യാഖ്യാനങ്ങളും ഇതോടൊപ്പം തകർന്നു വീഴുന്നുമുണ്ട് !


പലരും ചോദിക്കാറുള്ളതാണ്, പണ്ടത്തെപ്പോലെ ഇന്ന് എന്തുകൊണ്ട് അത്ര പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ നടക്കുന്നില്ല? എന്ന് !


എന്നാൽ ഇത് തെറ്റിധാരണയാണ് !


നമ്മുടെ 'കൺമുമ്പിൽ' അല്ലെങ്കിൽ ജീവിത കാലഘട്ടത്തിൽ, നടക്കുന്ന ശാസ്ത്ര നേട്ടങ്ങളുടെ പ്രസക്തിയെ കുറിച്ച് ബോധ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്! അതുകൊണ്ടാണ് അവയുടെ പ്രാധാന്യം മനസ്സിലാകാതെ പോകുന്നത് എന്നും പറയേണ്ടി വരും.


ഒരു കാലത്ത് ശാസ്ത്രാന്വേഷികളുടെ 'വിദൂര സ്വപ്നം' മാത്രമായിരുന്ന പല ശാസ്ത്രനേട്ടങ്ങളും കൈവരിക്കുന്നതിൽ നമ്മുടെ തലമുറ സാക്ഷിയാണ് !


അടുത്ത 𝟏𝟎𝟎 വർഷം വരെയെങ്കിലും അവയുടെ പ്രസക്തിക്ക് ഒരു കോട്ടവും വരാത്ത ചില ശാസ്ത്രനേട്ടങ്ങളെ പരിചയപ്പെടാം..


𝟮𝟬𝟭𝟱-ൽ, നാസയുടെ 𝐂𝐮𝐫𝐢𝐨𝐬𝐢𝐭𝐲 𝐫𝐨𝐯𝐞𝐫, ചൊവ്വയിൽ ഇറങ്ങി, അതുവരെ സങ്കൽപ്പങ്ങളിൽ മാത്രം സാധ്യമായിരുന്ന അന്യഗ്രഹത്തിലെ സൂര്യാസ്തമയത്തിൻ്റെ ചിത്രം പകർത്തി, ഭൂമിയിലേക്ക് അയച്ചുതന്നിരുന്നു !


𝟮𝟬𝟭𝟵-ൽ, 𝐌𝟖𝟕 എന്ന ഗാലക്സിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, തമോഗർത്തത്തിൻ്റെ ആദ്യ ചിത്രം, ഭൂമിയിൽ പ്രതേകം തയ്യാറാക്കിയ ടെലിസ്കോപ്പ് വഴി നമുക്ക് പകർത്താനായി !


അന്നും ഇന്നും പ്രപഞ്ചത്തിൽ നമുക്കറിയാവുന്നതിൽ ഏറ്റവും വിചിത്രമായ പ്രതിഭാസമാണ് തമോഗർത്തം !


𝟮𝟬𝟮𝟮-ൽ, 𝐉𝐚𝐦𝐞𝐬 𝐖𝐞𝐛𝐛 എന്ന നാസയുടെ 𝐒𝐩𝐚𝐜𝐞 𝐓𝐞𝐥𝐞𝐬𝐜𝐨𝐩𝐞, നമ്മിൽ നിന്നും 𝟒𝟔𝟎 കോടി പ്രകാശവർഷം അകലത്തിലുള്ള 𝐒𝐌𝐀𝐂𝐒 𝟎𝟕𝟐𝟑 എന്ന 𝐆𝐚𝐥𝐚𝐱𝐲 𝐜𝐥𝐮𝐬𝐭𝐞𝐫-ൻ്റെ ചിത്രം പകർത്തിയിരുന്നു. 𝐖𝐞𝐛𝐛-ൻ്റെ ഈ 𝐢𝐦𝐚𝐠𝐞, ഇതുവരെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും 𝐃𝐞𝐞𝐩𝐞𝐬𝐭 𝐚𝐧𝐝 𝐬𝐡𝐚𝐫𝐩𝐞𝐬𝐭 𝐢𝐧𝐟𝐫𝐚𝐫𝐞𝐝 𝐢𝐦𝐚𝐠𝐞 കൂടിയാണ് !


ആകാശത്തിലെ ഒരു ചെറിയ പ്രദേശത്ത് എടുത്ത ഈ ചിത്രീകരണത്തിൽ, ആയിരക്കണക്കിന് ഗാലക്സികൾ ഉൾപ്പെടും. അതിൽ പലതും 𝟏𝟑𝟎𝟎 കോടി വർഷം പഴക്കമുള്ളതാണ് !!


'അതിരുകളില്ലാത്ത പ്രപഞ്ച'ത്തിലെ, 'അതിരുകളില്ലാത്ത അത്ഭുത'ങ്ങൾ ഓരോന്നായി നമ്മുടെ അറിവിൻ്റെ പരിധിയിൽ വന്നു കൊണ്ടിരിക്കുന്നുണ്ടെന്ന് ഈ നേട്ടങ്ങൾ ഓർമ്മിപ്പിക്കുമെന്ന് തീർച്ചയാണ്! നമ്മുടെ കാലഘട്ടത്തിൽ തന്നെ നടക്കുന്ന ഈ നേട്ടങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാൽ, പ്രപഞ്ചത്തെ കൂടുതലറിയുക മാത്രമല്ല, അതുവഴി ഒരുപക്ഷേ, ശാസ്ത്രബോധം എന്ന അമൂല്യ സമ്പത്തും ആർജ്ജിക്കാൻ കഴിഞ്ഞേക്കാം.

Thursday, October 3, 2024

ഇഷ്ടം

 


ഒരു മഞ്ഞു തുള്ളിയിൽ

ജീവിതം കാട്ടുന്ന

കറുകയോടാണെ-

നിക്കേറേയിഷ്ടം


ഒരു മാത്ര മാത്രം

ജീവിച്ചു തീർക്കുന്ന,

നീർക്കുമിളയോ -

ടാണെനിക്കേറെയിഷ്ടം


ഒരു ദീപ നാള_

ത്തിലെരിയുവാനാ-

യുന്നൊരിയ്യ ലോടാ -

ണെ നിക്കേറേയിഷ്ടം


ഒടുവിലെന്നെ നീ ,

യിട്ടേച്ച്, പോകുമ്പോൾ ,

ഒടുങ്ങാത്ത, നിന്ന-

സാന്നിധ്യവും, നോവു -

മെനിക്കേറെയിഷ്ടം!


 - പവിത്രൻ തീക്കുനി

നെയ്പ്പായസം

 


ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി  പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ  മനുഷ്യനെ  നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം.കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു  വിളിക്കാറുള്ളത്.  

    ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ,ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്ത് പരിശോധിച്ചു.  

    രാവിലെ എഴുന്നേറ്റത് തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.  

    ‘മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്ണ്യേ?ഇന്ന് തിങ്കളാഴ്ചയല്ലേ?’- അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു.അതിനു ശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത് ,അവള്‍ അടുക്കളയില്‍ ജോലി തുടങ്ങി.തനിക്ക് ഒരു വലിയ കോപ്പയില്‍ കാപ്പി കൊണ്ടുവന്നു തന്നു.പിന്നെ?...പിന്നെ,എന്തെല്ലാമുണ്ടായി?മറക്കാന്‍  പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ?എത്ര തന്നെ ശ്രമിച്ചിട്ടും,അവള്‍ പിന്നീടുപറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല.’മൂടിപ്പൊതച്ച്    കെടന്നാപ്പറ്റ്വോ?ഇന്ന് തിങ്കളാഴ്ചയല്ലേ?’ ആ വാക്യം മാത്രം മായാതെ ഓര്‍മയില്‍ കിടക്കുന്നു.അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു.അതു  മറന്നുപോയാല്‍ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.   

    ഓഫീസിലേക്ക് പോവുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നു.അവര്‍ക്കു സ്കൂളില്‍വച്ചു കഴിക്കാനുള്ള പലഹാരങ്ങള്‍ ചെറിയ അലുമിനിയം   പാത്രങ്ങളിലാക്കി അവള്‍ എടുത്തുകൊണ്ടുവന്നുതന്നു.അവളുടെ വലത്തെ കൈയ്യില്‍ കുറച്ചു മഞ്ഞള്‍പ്പൊടി പറ്റിനിന്നിരുന്നു.

    ഓഫീസില്‍വെച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓര്‍ക്കുകയുണ്ടായില്ല.ഒന്നുരണ്ടു കൊല്ലങ്ങള്‍ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്‍റെ ഫലമായിട്ടാണ് അവര്‍ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതത്തോടെയല്ല.എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കാന്‍ ഒരിക്കലും തോന്നിയില്ല.പണത്തിന്‍റെ ക്ഷാമം,കുട്ടികളുടെ അനാരോഗ്യകാലങ്ങള്‍.......അങ്ങനെ ചില ബുദ്ധിമുട്ടുകള്‍ അവരെ തളര്‍ത്തിക്കൊണ്ടിരുന്നു.അവള്‍ക്കു വേഷധാരണത്തില്‍ ശ്രദ്ധ കുറഞ്ഞു.അയാള്‍ക്ക്‌ പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.       

    എന്നാലും അവര്‍ തമ്മില്‍ സ്നേഹിച്ചു.അവരുടെ മൂന്നു കുട്ടികള്‍ അവരെയും സ്നേഹിച്ചു;

ആണ്‍കുട്ടികളായിരുന്നു.ഉണ്ണി-പത്തു വയസ്സ്,ബാലന്‍-ഏഴു വയസ്സ്,രാജന്‍-അഞ്ചു വയസ്സ്.മുഖത്ത് എല്ലായ്പ്പോഴും മെഴുക്കു പറ്റിനില്‍ക്കുന്ന മൂന്ന് കുട്ടികള്‍.പറയത്തക്ക സൌന്ദര്യമോ സാമര്‍ത്ഥ്യമോ ഒന്നുമില്ലാത്തവര്‍. പക്ഷെ അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:

    'ഉണ്ണിക്ക് എന്‍ജിനീയറിങ്ങിലാ വാസന.അവന്‍ ഇപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും.'  

    'ബാലനെ ഡോക്ടറാക്കണം.അവന്‍റെ നെറ്റി കണ്ട്വോ?അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ.'  

    'രാജന് ഇര്ട്ടത്ത് നടക്കാനുംകൂടി പേടീല്യ.അവന്‍ സമര്‍ത്ഥനാ.പട്ടാളത്തില് ചേരുന്ന മട്ടാ.'

    അവര്‍ താമസിച്ചിരുന്നതു പട്ടണത്തില്‍ ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്.ഒന്നാം നിലയില്‍ മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റ്.ഒരു മുറിയുടെ മുന്‍പില്‍ കഷ്ടിച്ച് രണ്ടാള്‍ക്കു നില്‍ക്കുവാന്‍ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുണ്ട്.അതില്‍ അമ്മ നനച്ചുണ്ടാക്കിയ ഒരു പനിനീര്ചെടി ഒരു പൂച്ചട്ടിയില്‍ വളരുന്നു.പക്ഷെ,ഇതേവരെ പൂവുണ്ടായിട്ടില്ല.

    അടുക്കളയില്‍ ചുമരിന്‍മേല്‍ തറച്ചിട്ടുള്ള കൊളുത്തുകളില്‍ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു.സ്ടൌവിന്‍റെ അടുത്ത അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്.അവള്‍ അവിടെ ഇരുന്നു ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ്‌ സാധാരണയായി അച്ഛന്‍ ഓഫീസില്‍നിന്നു മടങ്ങിയെത്തുക. 

    ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഇറങ്ങി.കാലിന്‍റെ മുട്ടിനു നേരിയ ഒരു വേദന തോന്നി.വാതമായിരിക്കുമോ?താന്‍ കിടപ്പിലായാല്‍ കുട്ടികള്‍ക്ക് ഇനി ആരാണുള്ളത്?പെട്ടെന്ന്  അയാളുടെ കണ്ണുകള്‍ നിറഞ്ഞു.അയാള്‍ ഒരു മുഷിഞ്ഞ കൈലേസുകൊണ്ട് മുഖം തുടച്ചു ധൃതിയില്‍ വീട്ടിലേക്കു നടന്നു.     

    കുട്ടികള്‍ ഉറങ്ങിയിരിക്കുമോ?അവര്‍ വല്ലതും കഴിച്ചുവോ?അതോ,കരഞ്ഞുകരഞ്ഞ് ഉറങ്ങിയോ?കരയാനുള്ള തന്‍റെടവും അവര്‍ക്കു വന്നുകഴിഞ്ഞിട്ടില്ല.ഇല്ലെങ്കില്‍ താന്‍ അവളെയെടുത്തു ടാക്സിയില്‍ കയറ്റിയപ്പോള്‍ ഉണ്ണി എന്താണ് കരയാതെ വെറുതെ നോക്കിക്കൊണ്ടു നിന്നത്?ചെറിയ മകന്‍ മാത്രം കരഞ്ഞു.പക്ഷെ,അവനു ടാക്സിയില്‍ കയറണമെന്നു വാശിയായിരുന്നു.മരണത്തിന്‍റെ അര്‍ത്ഥം അവര്‍ അറിഞ്ഞിരുന്നില്ല,തീര്‍ച്ച.

    താന്‍ അറിഞ്ഞിരുന്നുവോ?ഇല്ല.എന്നും വീട്ടില്‍ കാണുന്ന അവള്‍ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്‍റെ അടുത്തു വീണു മരിക്കുമെന്നു താന്‍ വിചാരിച്ചിരുന്നുവോ?      

    ഓഫീസ്സില്‍നിന്നു വന്നപ്പോള്‍ താന്‍ അടുക്കളയുടെ ജനല്‍ വാതിലില്‍കൂടി അകത്തേക്കു നോക്കി.അവള്‍ അവിടെ ഉണ്ടായിരുന്നില്ല.     

    മുറ്റത്തു കുട്ടികള്‍ കളിക്കുന്നതിന്‍റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.ഉണ്ണി വിളിച്ചുപറയുകയാണ്:'ഫസ്റ്റ്ക്ലാസ് ഷോട്ട്.'     

    താന്‍ താക്കോലെടുത്ത് ഉമ്മറത്തെ വാതില്‍ തുറന്നു.അപ്പോഴാണ്‌ അവളുടെ കിടപ്പ് കണ്ടത്.വായ അല്‍പ്പംതുറന്ന്,നിലത്തു ചെരിഞ്ഞുകിടക്കുന്നു.തലതിരിഞ്ഞു വീണതായിരിക്കുമെന്നു വിചാരിച്ചു.

പക്ഷെ,ഹോസ്പിറ്റലില്‍വെച്ച് ഡോക്ടര്‍ പറഞ്ഞു:'ഹൃദയസ്തംഭനമാണ്.മരിച്ചിട്ട് ഒന്നര മണിക്കൂറായി.'

    പല വികാരങ്ങള്‍.അവളോട്‌ അകാരണമായി ഒരു ദേഷ്യം.അവള്‍ ഇങ്ങനെ,താക്കീതുകളൊന്നും കൂടാതെ,എല്ലാ ചുമതലകളും തന്‍റെ തലയില്‍വെച്ചുകൊണ്ട്,പോയല്ലോ!

    ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക?ആരാണ് അവര്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക?ആരാണു ദീനം പിടിപെടുമ്പോള്‍ അവരെ ശുശ്രൂഷിക്കുക?

    'എന്‍റെ ഭാര്യ മരിച്ചു.' അയാള്‍ തന്നെത്താന്‍ മന്ത്രിച്ചു:'എന്‍റെ ഭാര്യ ഇന്ന് പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട്‌ എനിക്ക് രണ്ടു ദിവസത്തെ ലീവു വേണം.'                                

    എത്ര നല്ല ഒരു 'ലീവ് അഭ്യര്‍ത്ഥന'യായിരിക്കും അത്!ഭാര്യക്കു സുഖക്കേടാണെന്നല്ല,ഭാര്യ 

മരിച്ചുവെന്ന്.മേലുദ്യോഗസ്ഥന്‍ ഒരുപക്ഷെ,തന്നെ മുറിയിലേക്കു വിളിച്ചേക്കാം.'ഞാന്‍ വളരെ വ്യസനിക്കുന്നു'-അയാള്‍ പറയും. ഹഹ! അയാളുടെ ഒരു വ്യസനം! അയാള്‍ അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്....

    വാതില്‍ തുറന്നപ്പോള്‍ ചെറിയ മകന്‍ കിടപ്പറയില്‍നിന്ന് ഓടിവന്നു പറഞ്ഞു:'അമ്മ വന്നിട്ടില്യ.'     അവന്‍ ഇത്ര വേഗം അതെല്ലാം മറന്നുവെന്നോ?ടാക്സിയിലേക്കു കേറ്റിവെച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവന്‍ വിചാരിച്ചുവോ?

    അയാള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.  

    'ഉണ്ണീ,'-അയാള്‍ വിളിച്ചു. 

    'എന്താ,അച്ഛാ?' 

    ഉണ്ണി കട്ടിലിന്‍മേല്‍നിന്ന് എഴുന്നേറ്റു വന്നു. 

    'ബാലന്‍ ഒറങ്ങി.' 

    'ഉം,നിങ്ങളൊക്കെ വല്ലതും കഴിച്ചോ?' 'ഇല്യ.'

    അയാള്‍ അടുക്കളയില്‍ തിണ്ണമേല്‍ അടച്ചുവെച്ചിരുന്ന പാത്രങ്ങളുടെ തട്ടുകള്‍ നീക്കി പരിശോധിച്ചു.അവള്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണം-ചപ്പാത്തി,ചോറ്,ഉരുളക്കിഴങ്ങു കൂട്ടാന്‍,ഉപ്പേരി,തൈര്;ഒരു സ്ഫടികപ്പാത്രത്തില്‍,കുട്ടികള്‍ക്കു വേണ്ടി ഇടക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.      

    മരണത്തിന്‍റെ സ്പര്‍ശം തട്ടിയ ഭക്ഷണസാധനങ്ങള്‍!വേണ്ട,അതൊന്നും ഭക്ഷിച്ചുകൂടാ.

    'ഞാന്‍ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം.ഇതൊക്കെ തണുത്തിരിക്കുന്നു.'-അയാള്‍ പറഞ്ഞു.     

    'അച്ഛാ!'     

    ഉണ്ണി വിളിച്ചു.     

    'ഉം?'     

    'അമ്മ എപ്പഴാ വര്വാ?അമ്മയ്ക്ക് മാറീല്യേ?'     

    സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ-അയാള്‍ വിചാരിച്ചു.ഇപ്പോള്‍,ഈ രാത്രിയില്‍ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണ് കിട്ടാനുള്ളത്. 

    'അമ്മ വരും.'-അയാള്‍ പറഞ്ഞു. 

    അയാള്‍ കിണ്ണങ്ങള്‍ കഴുകി നിലത്തുവെച്ചു-രണ്ടു കിണ്ണങ്ങള്‍.   

    'ബാലനെ വിളിക്കേണ്ട.ഒറങ്ങിക്കോട്ടെ.'-അയാള്‍ പറഞ്ഞു. 

    'അച്ഛാ,നെയ്പ്പായസം.'-രാജന്‍ പറഞ്ഞു.അവന്‍ ആ പാത്രത്തില്‍ തന്‍റെ ചൂണ്ടാണിവിരല്‍ താഴ്ത്തി. 

    അയാള്‍ തന്‍റെ ഭാര്യയിരിക്കാറുള്ള പലകമേല്‍ ഇരുന്നു. 'ഉണ്ണി വെളമ്പിക്കൊടുക്ക്വോ?അച്ഛനു വയ്യ.തല വേദനിക്കുന്നു.'  

    അവര്‍ കഴിക്കട്ടെ.ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവര്‍ക്ക് കിട്ടുകയില്ലല്ലോ. 

    കുട്ടികള്‍ പായസം കഴിച്ചു തുടങ്ങി.അയാള്‍ അതുനോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു.കുറെനിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ ചോദിച്ചു:

    'ചോറ് വേണ്ടേ ഉണ്ണീ?' 

    'വേണ്ട,പായസം മതി.നല്ല സ്വാദ്‌ണ്ട്.' 

    ഉണ്ണി പറഞ്ഞു. 

    രാജന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:'ശെരിയാ....അമ്മ അസ്സല് നെയ്‌പ്പായസാ ഉണ്ടാക്ക്യേത്....' 

    തന്‍റെ കണ്ണുനീര്‍ കുട്ടികളില്‍നിന്നു മറച്ചുവെക്കുവാന്‍വേണ്ടി അയാള്‍ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.


 - മാധവിക്കുട്ടി

Wednesday, October 2, 2024

നിന്റെ ഓര്‍മ്മയ്ക്ക്‌

 


ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി

ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!

ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.

ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.

ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!

റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.

``ആ കുട്ടീടെ കയ്യിലാ...!''


`ആ കുട്ടി' ഞാനായതില്‍ എനിക്കഭിമാനമുണ്ടായിരുന്നു.

എന്നിട്ടും അത്‌ `മാപ്ലസെന്റാ'ണെന്ന്‌ പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയതില്‍ എനിക്കിന്നും പശ്ചാത്താപമില്ല.

രണ്ടാമത്തെ പ്രത്യേകത: പിന്‍വശത്തെ കമ്പികളിളക്കിയാല്‍ മൂങ്ങ കണ്ണുരുട്ടും.

ഉച്ചസമയത്ത്‌ കുട്ടികളുടെ മുന്നില്‍ മൂങ്ങയെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത്‌ എന്റെ മനസ്സിലുണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരുന്നു. മറ്റൊരാളെ ഏല്‌പിക്കാന്‍ മനസ്സു വരില്ല. അതിന്റെ `മെക്കാനിസം' അറിയുന്നത്‌ എനിക്കു മാത്രമല്ലേ?

ഞാന്‍ ആരംഭിച്ചത്‌....... ഓ, ലീലയെപ്പറ്റിയായിരുന്നു. ഒന്നു പറയാന്‍ വിട്ടുപോയി, റബ്ബര്‍ മൂങ്ങ എനിക്കു സമ്മാനിച്ചത്‌ ലീലയായിരുന്നു.

ജീവിതത്തില്‍നിന്ന്‌ ചീന്തിയെടുക്കുന്ന ഒരു പഴയ താളാണിത്‌.

കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിര്‍ത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ്‌ പ്രായം കാണും. അമ്മയുടെയും ജ്യേഷ്‌ഠന്മാരുടെയും അടി മുറയ്‌ക്ക്‌ വാങ്ങും. `അമ്മാളുഅമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്‍കിയത്‌ അയല്‍വക്കത്തെ പാറുവമ്മയാണ്‌. ഉച്ചയ്‌ക്ക്‌ അവര്‍ പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയില്‍ നിന്ന്‌ പേനെടുത്തുകൊണ്ട്‌ പാറുവമ്മ നാല്‌ ഞായം പറയും. അതു കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌. ഇല്ലത്തെ മാളാത്തേലിനേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പറ്റിയോ ആയിരിക്കും പറയുന്നത്‌. എന്നാലും കേട്ടിരിക്കാന്‍ രസമുണ്ട്‌. അതിനിടയ്‌ക്ക്‌ പാറുവമ്മ പറയും:

``ന്റെ മോന്‍ ആ ചെല്ലൊന്ന്‌ എട്‌ത്ത്വൊണ്ടരൂ...''

അതാണ്‌ കുഴപ്പം. അതിന്‌ ഞാന്‍ കൂട്ടാക്കാത്തപ്പോള്‍ അമ്മ കല്‍പ്പിക്കും. അതനുസരിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന്‌ വരും. അപ്പോള്‍ വീഴും പുറത്തൊന്ന്‌.

ഒരു സാധാരണ രംഗമാണത്‌.

അയല്‍വക്കത്തെ സ്‌ത്രീകള്‍ക്കിടയില്‍ അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ കൈയില്‍നിന്നു പണമോ അരിയോ വായ്‌പ കിട്ടും. സദ്യയ്‌ക്ക്‌ പോകാനുള്ള പണ്ടം കടം വാങ്ങാനും അമ്മയുടെ സേവ വേണം.

``മാസം മാസം അമ്മയ്‌ക്ക്‌ എത്ര പണാ വര്‌ണ്‌?''

``അയാള്‍ക്കേയ്‌, കൊളമ്പില്‌ എന്ത്‌ വാരലാത്രെ!''

അങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.......


അച്ഛന്‍ വളരെ കാലമായി സിലോണിലാണ്‌. മാസംതോറും ധാരാളം പണം അയയ്‌ക്കും.

ഞങ്ങള്‍ നാലാണ്‍മക്കളാണ്‌. സഹോദരിമാര്‍ ആരുമില്ല. മറ്റുള്ളവരുടെ കണ്ണില്‍ അതൊരു നല്ല ഗുണമാണ്‌. പാറുവമ്മയുടെ അഭിപ്രായത്തില്‍ അതാണമ്മയുടെ ഏറ്റവും വലിയ സുകൃതം. അതിന്റെ കാരണം ഞാന്‍ വിചാരിക്കുന്നതു പാറുവമ്മയുടെ വീട്ടില്‍ പെരുകിവരുന്ന പെണ്‍പടയാണ്‌. ആയമ്മയ്‌ക്കു അഞ്ച്‌ അവര്‍ക്ക്‌ ഏഴും. പതിമൂന്നു പെണ്ണുങ്ങള്‍ നിറഞ്ഞ ഒരു കുടുംബമാണത്‌.

ഒരു പെണ്‍കുട്ടിയുണ്ടാവാന്‍ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാണ്‍മക്കള്‍ക്കുശേഷം അമ്മ ഗര്‍ഭിണിയായപ്പോള്‍ കണിയാര്‍ പറഞ്ഞു: ``ഇത്‌ പെണ്‍കുട്ടിതന്നെ.''

എല്ലാവര്‍ക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല.

പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ ഒരു ചാവാളിച്ചെറുക്കന്‍ ഭൂജാതനായി. വിനയപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ, ആ നിര്‍ഭാഗ്യവാന്‍ ഞാനാണ്‌.

എന്‍െറ സ്ഥാനത്ത്‌ ഒരു പെണ്‍കുഞ്ഞ്‌ പിറക്കായിരുന്നു... ദൈവത്തെ ഞാന്‍ ശപിച്ചത്‌ പിന്നീടാണ്‌.

കുടുക്കില്ലാത്ത മുഷിഞ്ഞ ട്രൌസര്‍ ഇട്ട്‌ വികൃതിയായി നടന്നിരുന്ന കാലത്ത്‌- അന്നെനിക്ക്‌ അച്ഛനെ ഓര്‍മ്മയില്ല. അച്ഛന്റെ പടം മുറിയില്‍ പലേടത്തും കണ്ടിട്ടുണ്ട്‌. എനിക്കു നാലു വയസ്സുള്ളപ്പോള്‍ സിലോണില്‍ പോയതാണ്‌. പിന്നെ വന്നിട്ടില്ല.

അതിനെപ്പറ്റി സൂചിപ്പിച്ചാല്‍ ഏട്ടന്‍മാര്‍ എന്നെ കളിയാക്കും. അവരുടെ മുമ്പില്‍ ഞാന്‍ ചൂളിപ്പോകും. അവര്‍ സിലോണില്‍ വളരെക്കാലം ജീവിച്ചിട്ടുണ്ട്‌. എന്നെക്കാളും അധികാരപൂര്‍വ്വം അച്ഛനെപ്പറ്റി സംസാരിക്കുന്നത്‌ അവരാണ്‌.

ഞാന്‍ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുന്ന കാലത്താണ്‌ അമ്മയും മറ്റു സഹോദരന്‍മാരും നാട്ടിലേക്കു മടങ്ങിപ്പോന്നത്‌. അതില്‍പ്പിന്നെ കൊല്ലത്തില്‍ രണ്ടുമൂന്നുമാസം അവധിയില്‍ അച്ഛന്‍ നാട്ടില്‍വരും.

അമ്മയുടെ വക എനിക്കു ധാരളം അടി വന്നുചേരാറുണ്ട്‌. ഏട്ടന്മാരും ഇടയ്‌ക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോള്‍ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോര്‍ത്തുപോകും. ഒരു മകളുടെ സ്ഥാനത്ത്‌ വന്നു പിറന്നതുകൊണ്ടായിരിക്കാം.

എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കുമോ അച്ഛന്‍ നാട്ടില്‍ വരാത്തത്‌?

രാത്രിയില്‍ കിടക്കുമ്പോള്‍ പലതും ആലോചിക്കും. ഓര്‍ത്തോര്‍ത്ത്‌ അവസാനം അറിയാതെ ചോദിച്ചുപോവും:

``അമ്മേ, ഞാനൊരു പെങ്കുട്ടി ആയിച്ചാലോ?''

``മിണ്ടാതെ കിടക്കെടാ.''

ഉറക്കം പിടിച്ചു തുടങ്ങിയ അമ്മ ദേഷ്യംപിടിച്ച്‌ തുടയ്‌ക്കൊരു നുള്ളു പാസ്സാക്കും.

ഒരു പെണ്‍കുട്ടിയുണ്ടാവാത്തതില്‍ അമ്മയ്‌ക്കും അച്ഛനും വേദനയുണ്ട്‌. അതെനിക്കറിയുകയും ചെയ്യും.

ഒരു പെങ്ങളുണ്ടാവുക. നല്ലൊരു കാര്യമാണത്‌. എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്കും ചേട്ടത്തിമാരും അനിയത്തിമാരുമുണ്ട്‌. ഗോപിയുടെ പുസ്‌തകങ്ങളെല്ലാം കലണ്ടര്‍ ഏടുകള്‍കൊണ്ട്‌ ഭംഗിയില്‍ പൊതിഞ്ഞു കൊടുക്കുന്നത്‌ ഭാനുചേച്ചിയാണത്രെ. അവന്റെ ഭാനുചേച്ചിയാണ്‌ പുസ്‌തകങ്ങളില്‍ പേരെഴുതി കൊടുക്കുന്നത്‌. എന്തുഭംഗിയുള്ള അക്ഷരങ്ങള്‍! കരുണാകരന്റെ മൂത്ത പെങ്ങള്‍ക്ക്‌ കല്യാണമുണ്ടായി. വലിയൊരു മീശയും ഇത്തിരിമാത്രം വലിപ്പമുള്ള ഒരു വാച്ചുമുള്ള ആളാണത്രെ അവന്റെ ചേച്ചിയെ കല്യാണം കഴിച്ചത്‌. അയാളും കൂട്ടുകാരും പന്തലില്‍ വന്നു കയറിയപ്പോള്‍ കാല്‍ കഴുകിച്ചത്‌ അവനാണുപോലും. കുരവയും നാദസ്വരവുമൊക്കെ അന്നു രാത്രിയില്‍ ഞാനും കേള്‍ക്കുകയുണ്ടായി.

അതെല്ലാം നല്ലതുതന്നെ. എന്നാലും കാല്‍ കഴുകിക്കുന്നതു എനിക്കത്ര പിടിച്ചില്ല.

``പിന്നേയ്‌'' അവന്‍ സ്വകാര്യം പറയുകയാണ്‌. ``ഞാന്‍ എന്താശ്ശണ്ടോ അയാളെ വിളിക്ക്യാ? അളിയാന്ന്‌''.

കരുണാകരനും ഗോപിയുമൊക്കെ ഭാഗ്യവാന്മാരാണെന്നു തോന്നി. വീട്ടില്‍ ഒരു കല്യാണമുണ്ടാകുന്നത്‌ നല്ലൊരു കാര്യമാണ്‌: അലങ്കരിച്ച പന്തലും പെട്രോമാക്‌സ്‌ വിളക്കുകളും ആള്‍ത്തിരക്കും അകത്തു നിറയെ പെണ്ണുങ്ങളും...... ഒന്നുവിട്ടുപോയി: ഗ്രാമഫോണ്‍ പാട്ടും.

എന്റെ വീട്ടില്‍ ഒരു കല്യാണമുണ്ടാവാന്‍ യാതൊരു വഴിയുമില്ല. എനിക്കൊരു പെങ്ങളില്ല-!

എന്റെ പുസ്‌തകങ്ങള്‍ക്ക്‌ ഭംഗിയുള്ള പൊതിച്ചിലില്ല. നല്ല അക്ഷരത്തില്‍ പേരെഴുതിയിട്ടില്ല. എനിക്ക്‌ ഒരളിയനുണ്ടാവില്ല.......

ഉണ്ടായിരുന്നെങ്കിലല്ലേ കരുണാകരന്റെ വീട്ടിലേക്കാളും ഗംഭീരമാക്കൂ. അപ്പോള്‍ കരുണാകരന്‍ എന്നെ കാണണം. അവന്റെ വീട്ടിലെ കല്യാണം അത്രയൊന്നും നന്നാവില്ല. അല്ലെങ്കിലും അവനെന്ത്‌ കുളൂസാ...!

എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ തന്നെയാണ്‌ പൊതിയുന്നത്‌. വൃത്തിയാവില്ല. ഏട്ടന്മാരോടു പറഞ്ഞാല്‍ വല്ലതുമൊക്കെ പറയും. എതിരുപറഞ്ഞാല്‍ വികൃതിയാണെന്ന പൊതുജനാഭിപ്രായത്തെ മാനിച്ചുകൊണ്ട്‌ തലക്കൊരു മേട്ടമോ മറ്റോ സമ്മാനിക്കും.

അച്ഛന്റെ കത്തുകള്‍ മുറയ്‌ക്ക്‌ വരാറുണ്ട്‌: അമ്മ ശ്രദ്ധിച്ചു വായിക്കും. പത്താംക്ലാസ്സുകാരനായ മൂത്ത ഏട്ടന്‍ വായിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുകയും വേണം.

``.... കുട്ടികള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന്‌ കരുതുന്നു. അവരുടെ വിവരങ്ങള്‍ക്ക്‌ പ്രത്യേകം എഴുതുമല്ലോ....'

അടങ്ങാത്ത ആവേശത്തോടെ ഞാനതെല്ലാം കേള്‍ക്കും. കുട്ടികള്‍ എന്നു പറയുന്നതില്‍ ഞാനും അടങ്ങിയിട്ടുണ്ടല്ലോ.

മുന്നൂറില്‍പ്പരം നാഴികക്കപ്പുറത്ത്‌ ജോലി ചെയ്യുന്ന അച്ഛനെപ്പറ്റി ഞാനോര്‍ക്കും. അദ്ദേഹം ഒരു കമ്പനിയിലാണത്രെ ജോലിചെയ്യുന്നത്‌. ഏട്ടന്മാരെല്ലാം അച്ഛന്റെ ഓഫീസില്‍ പോയിട്ടുണ്ട്‌.

സിലോണിനെപ്പറ്റി പറയുന്നതെന്തും ഞാന്‍ ശ്രദ്ധവച്ചു കേള്‍ക്കും. എവിടെവച്ചായാലും. അവിടത്തെ ആളുകള്‍ പറയുന്നത്‌ നമുക്ക്‌ തിരിയില്ലത്രെ. കാരണം അവര്‍ സംസാരിക്കുന്നത്‌ മറ്റേതോ ഭാഷയാണ്‌. അവിടുത്തെ ആളുകള്‍ ഭയങ്കരന്മാരാണ്‌. കുഞ്ഞുങ്ങളെ റോട്ടിലും മറ്റും കണ്ടാല്‍ അരയില്‍ നിന്ന്‌ കത്തിയൂരിയെടുത്ത്‌ കഴുത്തു മുറിച്ചുകളയുമെന്നാണ്‌ ബാലേട്ടന്‍ പറയുന്നത്‌. അത്തരമൊരു സംഭവം സ്വന്തം കണ്ണുകൊണ്ട്‌ കണ്ട ആളാണ്‌ വല്യേട്ടന്‍.

അതറിഞ്ഞപ്പോള്‍ ഭയം തോന്നി. ഈ ക്രൂരന്മാരുടെ ഇടയിലാണ്‌ അച്ഛന്‍ ജിവിക്കുന്നത്‌..... ഈശ്വരാ!

``കുട്ട്യോളെ മാത്രേ കൊല്ല്‌ള്ളൂ, അല്ലേ?''

``പണം കിട്ടാന്‍ ആരേം കൊല്ലും....''

ഇത്‌ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു നടുക്കം. പുറത്ത്‌ കാട്ടില്ല. എന്റെ ഈശ്വരാ.... അച്ഛന്റെ കൈവശം ധാരാളം പണമുണ്ടെന്നാണ്‌ ആളുകള്‍ പറയുന്നത്‌.

ആയിടയ്‌ക്കാണ്‌ കമ്പികിട്ടിയത്‌. അച്ഛന്‍ നാട്ടിലേക്ക്‌ പുറപ്പെടുന്നു വെന്ന്‌.....!

എവിടെയൊക്കെയോ യുദ്ധം നടക്കുന്ന കാലമാണ്‌. അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥലത്തും യുദ്ധം തുടങ്ങിയിരിക്കുന്നുവത്രെ. അതാണച്ഛന്‍ പെട്ടെന്ന്‌ പുറപ്പെടാന്‍ കാരണം. കടലാസു വായിക്കാറുള്ള വല്യേട്ടന്‌ യുദ്ധത്തിനെ സംബന്ധിച്ചെല്ലാം അറിയാം.

വീട്ടിലെ അന്തരീക്ഷത്തില്‍ അത്‌ ചലനങ്ങള്‍ നിര്‍മ്മിച്ചു. അച്ഛന്‍ വരുന്നു...! ആറുകൊല്ലത്തിനുശേഷം എനിക്കച്ഛനെ കാണാം....!

`` കൊളമ്പീന്ന്‌ ഇവടെത്താന്‍ എത്ര ദിവസം വേണം?''

ഞാന്‍ അന്വേഷിച്ചു. മൂന്നുമണിക്കൂര്‍ കപ്പലിലിരിക്കണം. രണ്ടുദിവസം വണ്ടിയിലും.

കപ്പല്‍ വെള്ളത്തില്‍ സഞ്ചരിക്കുന്ന വാഹനമാണെന്ന്‌ അഞ്ചാം പാഠത്തില്‍ പറഞ്ഞിട്ടുണ്ട്‌. വെള്ളത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെയെല്ലാം എനിക്കു ഭയമാണ്‌. ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ തോണിയിലിരിക്കാറുണ്ട്‌. പേടിച്ചു വിറച്ചായിരിക്കും ഞാന്‍ തോണി കടക്കുന്നത്‌. മറിയുമോ എന്ന ഭയം. തോണി പുഴയിലാണ്‌. കപ്പല്‍ കടലിലും. കടലില്‍ കൂറ്റന്‍ തിരമാലകളുണ്ടാവും. കപ്പലും മറിയാറുണ്ടോ?

അച്ഛന്‍ വേഗം വരണേ...!

അമ്മയുടെ കണക്കുപ്രകാരം തിങ്കളാഴ്‌ച അച്ഛന്‍ എത്തുമെന്നാണ്‌ വിശ്വസിക്കേണ്ടത്‌.

സ്‌കൂളുണ്ടായിരുന്നെങ്കിലും പോകുന്നില്ലെന്നു വച്ചു. ഏട്ടന്മാരും പോയില്ല. എല്ലാവര്‍ക്കും അമ്മ ലീവ്‌ സാങ്‌ഷനാക്കിയിട്ടുണ്ട്‌.

....ഉറക്കം വരുന്നതുവരെ പടിയ്‌ക്കലേക്ക്‌ നോക്കിയിരുന്നു. കാണുന്നില്ല.

അടുത്ത പ്രഭാതത്തില്‍ അച്ഛന്‍ വന്നുകയറി.

പത്തായപ്പുരയുടെ മുകളില്‍നിന്ന്‌ ബാലേട്ടനാണത്‌ കണ്ടത്‌. വയല്‍ വരമ്പിലൂടെ അച്ചന്‍ വരുന്നു. പിന്നില്‍ വലിയ പെട്ടികളും മറ്റും ചുമന്ന്‌ മൂന്നു കൂലിക്കാരും.

കോലായില്‍ കയറിയ ഉടനെ അച്ഛന്‍ എന്നെ വാരിയെടുത്തു.

ഒരു കാര്യം ഉറപ്പാണ്‌. ഏട്ടന്‍മാരുടെ മുമ്പില്‍ എപ്പോഴെങ്കിലും ഞാന്‍ ഉയര്‍ന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ അപ്പോളാണ്‌......

അടുത്തത്‌ അവരുടെ ഊഴമായിരുന്നു. അച്ഛന്‍ ഓരോരുത്തരെയും തൊട്ടുതടവി. ട്രൌസര്‍ ഉരച്ചുകയറ്റിക്കൊണ്ട്‌ അല്‍പ്പം നാണിച്ച്‌ നില്‍ക്കുന്ന ഞാന്‍ അച്ഛനെ നല്ലപോലെ കണ്ടു.

ഫോട്ടാവില്‍ കാണുന്നതിലുമധികം കറുത്തിട്ടാണ്‌. തടിയും കൂടുതലുണ്ട്‌. അരുകിന്ന്‌ ചിത്രപ്പണിയുള്ള നീണ്ടസാല്‍വ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നു..... അതിലിടയ്‌ക്കാണ്‌ ഞാന്‍ മറ്റൊരത്ഭുതം കണ്ടത്‌. അച്ഛന്റെ പിറകില്‍ മറ്റൊരു പെണ്‍കുട്ടി!

വിളറിയ നിറത്തില്‍ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ത്തിയ ചുരുണ്ട ചെമ്പന്‍മുടിയുള്ള ഒരു പെണ്‍കുട്ടി. വെളുത്ത സില്‍ക്കില്‍ ചുവന്ന വലിയ പൂക്കള്‍ വളര്‍ത്തിയ ഒരു ഗൌണാണിട്ടിട്ടുള്ളത്‌. എന്നേക്കാളും ഉയരം കാണും.

അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തലകുലുക്കി. എന്നിട്ട്‌ പതുക്കെ ഉമ്മറക്കോലായിലേക്ക്‌ കയറി അമ്പരപ്പോടെ നിന്നു.

വാതിക്കലും ജനാലകളിലും ഉല്‍ക്കണ്‌ഠനിറഞ്ഞ കണ്ണുകള്‍ കാണാമായിരുന്നു.

ആറു വര്‍ഷത്തിനുശേഷം നാട്ടില്‍ വരുന്ന അച്ഛനെക്കാളുമധികം മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്‌ ആ പെണ്‍കുട്ടിയാണ്‌.

കൂലിക്കാര്‍ പെട്ടിയും സാധനങ്ങളും താഴെയിറക്കി. പടുകൂറ്റന്‍ പെട്ടികള്‍. കൂട്ടത്തില്‍ ഇളം നീലത്തുണികൊണ്ടുള്ള കുപ്പായമിട്ട ഒരു തോല്‍പ്പെട്ടിയും. അത്‌ നിലത്തുവച്ചപ്പോള്‍ ആ പെണ്‍കുട്ടി പതുക്കെ അതൊരരുകിലേക്ക്‌ മാറ്റിവച്ചു.

ഉമ്മറത്തേക്ക്‌ ചായയെത്തി. അകത്തുനിന്ന്‌ കൊക്കിക്കുരച്ചുകൊണ്ട്‌ മുത്തശ്ശി ഉമ്മറത്തുവന്നു.

``പെലച്ചവണ്ടിക്കേ വന്ന്‌?''

``അതെ, എന്ത്‌ തിരക്കാ..... സെക്കന്റ്‌ ക്ലാസ്സില്‌ ഇരിക്കാന്‍ കൂടി സ്ഥലംല്യാച്ചാലോ?''

കണ്ണുതിരുമ്മിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു.

``വല്ലാത്ത കാലം. പണ്ടൊക്കെ ആളോള്‌ കാശിക്ക്‌ കൂടി നടന്നിട്ടാ പൂവ്വാ....''

``മുഴുവന്‍ സിലോണില്‍ നിന്ന്‌ വരുന്നവരാണ്‌.... അവിടെ ബോംബിട്ടപ്പോള്‍ ഒഴിച്ചുപോരുന്നോരാ.''

മുത്തശ്ശി ഇടയ്‌ക്കിടെ ചുമരും ചാരി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ ഒന്നു നോക്കും. അവളാകട്ടെ, ഭൂഗര്‍ഭത്തില്‍ നിന്ന്‌ ആദ്യമായി പകല്‍വെളിച്ചത്തിലേക്ക്‌ കയറിവന്ന ഒരത്ഭുത ജീവിയെപ്പോലെ നില്‍ക്കുന്നു!

അമ്മ ഇനിയും ഉമ്മറത്തേക്ക്‌ വന്നിട്ടില്ല. അമ്മയെ വിളിച്ചാലോ എന്നു തോന്നി. ആറുകൊല്ലത്തിനുശേഷം അച്ഛന്‍ വന്നു കയറിയിരിക്കുകയാണ്‌. അപ്പോള്‍ ഒന്ന്‌ പുറത്തു വന്നു കൂടെ?

ഗൃഹാന്തരീക്ഷത്തില്‍ അര്‍ത്ഥഗര്‍ഭമായ ഒരു മൂകതയാണ്‌ തങ്ങിനില്‍ക്കുന്നത്‌. എനിക്കതിന്റെ കാരണം മനസ്സിലായി.

മുത്തശ്ശിയോടെന്നമട്ടില്‍, അച്ഛന്‍ ജോലിസ്ഥലത്ത്‌ ബോംബിട്ട വിവരവും മറ്റും എല്ലാവര്‍ക്കുമറിയാനായി വിവരിച്ചു. അച്ഛന്‍ താമസിക്കുന്ന തെരുവിന്റെ ഒരറ്റത്തും ബോംബുവീണുവത്രെ. ഒരു വലിയ തുണിച്ചരക്കു പീടിക മുഴുവന്‍ കത്തി നശിച്ചു. കെട്ടിടങ്ങള്‍ പലതും നിലംപറ്റി. പലരും മരിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ അച്ഛന്റെ ഒരു സ്‌നേഹിതനും പെട്ടിരുന്നു. അയാള്‍ സിംഹാളിയാണ്‌. അയാളുടെ മകളാണ്‌ അച്ഛന്റെ കൂടെയുള്ളത്‌. ലീല.

ലീലയ്‌ക്ക്‌ സ്വന്തമായി മറ്റാരുമില്ല. അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. അച്ചന്‍ ബോംബുവീണപ്പോഴും. ഇനിയും അവിടെ ബോംബിട്ടേയ്‌ക്കാം. അപ്പോള്‍ അവളെ രക്ഷിക്കാന്‍, കൂടെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ.

ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത ആ കുഞ്ഞിനെ നോക്കി. എനിക്കപ്പോള്‍ വേദന തോന്നി. പാവം.

അവളെ കാണാന്‍ ചന്തമുണ്ട്‌. എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളേക്കാളും ചന്തമുണ്ട്‌, തീര്‍ച്ച.

മുത്തശ്ശി അവളെ അകത്തേക്കു വിളിച്ചു. അവള്‍ക്കത്‌ കേട്ടഭാവമില്ല. അടുത്തുചെന്ന്‌ കൈപിടിച്ചപ്പോള്‍ അവള്‍ ഒരൊറ്റ ചീറ്റല്‍. തുടര്‍ന്നൊരു വിളിയും.

``ഡാഡീ.....''

അച്ഛന്റെ സമീപത്തുവന്ന്‌ മുത്തശ്ശിയുടെ നേരെ ചൂണ്ടിക്കൊണ്ട്‌ അവള്‍ കുലുകുലുവെന്ന്‌ എന്തൊക്കെയോ പറഞ്ഞു. അതെനിക്കു രസിച്ചില്ല. സംസാരമല്ല, അച്ഛനെ തൊട്ടുതൊട്ടുള്ള ആ നില്‌പ്‌.

അന്ന്‌ രാത്രിയില്‍ അച്ഛനും അമ്മയും തമ്മില്‍ മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദമായിരുന്നു... എന്തിനാണ്‌ അമ്മ അച്ഛനോട്‌ കയര്‍ക്കുന്നത്‌?

ഞാന്‍ പ്രതീക്ഷിച്ചതുപോലെ വീട്ടിനകത്തെ അന്തരീക്ഷം സുഖകരമാകുന്നില്ല. കുശുകുശുപ്പുകള്‍ അവിടവിടെ പൊങ്ങുന്നു.... അമ്മയെ കേള്‍പ്പിക്കരുതെന്നു അവര്‍ക്കെല്ലാമുണ്ട്‌. കുഴപ്പം മുഴുവന്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം ആ പെണ്‍കുട്ടിയെക്കൊണ്ടാണ്‌.

അയല്‍വക്കത്തെ പാറുഅമ്മയോട്‌ ചെറിയമ്മ പതിഞ്ഞ സ്വരത്തില്‍ പറയുകയാണ്‌:

``കണ്ടാലറിഞ്ഞൂടേ?''

``പിന്നില്ലാണ്ടോ?''

``ഏട്‌ത്തി കേക്കണ്ട, ഇതാത്രെ മൂത്ത മകള്‌...''

കാര്യം ഏറെക്കുറെ എനിക്കു മനസ്സിലായി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്‌. ലീല അച്ഛന്റെ മകളാണ്‌!

അച്ഛന്റെ മകള്‍! അപ്പോള്‍ എന്റെ പെങ്ങളുമാണ്‌. ഞാന്‍ ഇത്രനാളും വിചാരിച്ചത്‌ തെറ്റാണ്‌. എനിക്കും ഒരു പെങ്ങളുണ്ട്‌.

അതൊരു കാര്യമാണെന്നാണ്‌ എന്റെ വിശ്വാസം. എന്നിട്ടും ഇവരെല്ലാം മുറുമുറുക്കുന്നതെന്തിന്‌?

അവള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലാവില്ല. പിന്നെ ആ തറയ്‌ക്കുന്ന നോട്ടം. എന്നാലും എനിക്കതില്‍ പ്രതിഷേധമില്ല. അവളെന്റെ പെങ്ങളല്ലേ?

അവള്‍ എന്റെ അനുജത്തിയോ, ജ്യേഷ്‌ഠത്തിയോ? പറയാന്‍ വിഷമമുണ്ട്‌. അച്ഛനോടു ചോദിച്ചാല്‍ അറിയാം. പക്ഷേ ചോദിക്കാന്‍ വയ്യ. അനിയത്തിയാവാനേ തരമുള്ളൂ എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവാന്‍ തുടങ്ങിയാല്‍ ഞാന്‍ പിന്നെ `അനീത്തീ, എന്നേ വിളിക്കൂ.

അനിയത്തിയുമായി അടുക്കുവാന്‍ ശ്രമിച്ചുവെങ്കിലും അത്‌ ഫലിച്ചില്ല. അവള്‍ ഞങ്ങളില്‍നിന്നെല്ലാം അകന്ന്‌ നില്‍ക്കുകയാണ്‌. അച്ഛനോടു മാത്രമേ സംസാരിക്കുകയുള്ളൂ. എപ്പോഴും അവള്‍ക്ക്‌ `ഡാഡി' മതി. `ഡാഡി' എന്നാല്‍ `അച്ഛാ' എന്നാണര്‍ത്ഥമെന്ന്‌ വല്യേട്ടന്‍ പറഞ്ഞു. വല്യേട്ടന്‌ ഇംഗ്ലീഷറിയാം.

പകല്‍ മുഴുവന്‍ അവള്‍ ആ തോല്‍പ്പെട്ടിയുടെ പുറത്തു കഴിച്ചുകൂട്ടും. താക്കോല്‍ക്കൂട്ടം എപ്പോഴും ചൂണ്ടാണി വിരലില്‍ ചുഴറ്റുന്നുണ്ടാവും. പെട്ടിയുടെ അടുത്തേക്ക്‌ ആരെങ്കിലും ചെന്നാല്‍ ഈറ്റുപാമ്പിനെപ്പോലെ അവള്‍ ചീറ്റി നില്‍ക്കും.

ആ പെട്ടി നിറയെ ഉടുപ്പുകളാണ്‌. ഭംഗിയുള്ള തുണികള്‍ കൊണ്ടുള്ള ഉടുപ്പുകള്‍. തുറന്നാല്‍ `കൂറഗുളിക'യുടെ മണമുണ്ടാകും. സുഖകരമായ മറ്റേതോ സുഗന്ധവും.

രണ്ടുദിവസത്തിന്നുശേഷമാണ്‌ ഞാന്‍ ആ റബ്ബര്‍ മൂങ്ങ കാണുന്നത്‌. അവള്‍ പെട്ടി തുറന്നപ്പോള്‍ ഞാന്‍ പിന്നില്‍ നിന്ന്‌ പതുക്കെ എത്തിനോക്കി. അപ്പോളാണ്‌ കണ്ടത്‌, ഉടുപ്പുകള്‍ക്കിടയില്‍ ഭംഗിയുള്ള ഒരു റബ്ബര്‍ മൂങ്ങ.

``ഹതെന്താ?''

ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല.

അവള്‍ കണ്ണുചുളിച്ച്‌ നിസ്സാരഭാവത്തില്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞത്‌ മനസ്സിലായിരിക്കയില്ല.

``അതേയ്‌... ആ...ആ കാണുന്നത്‌?''

ഞാന്‍ ചൂണ്ടിക്കാണിച്ചു.

അവള്‍ റബ്ബര്‍ മൂങ്ങ പുറത്തെടുത്തു. അതിന്റെ ഭംഗി സ്വയം ഒന്നാസ്വദിച്ചശേഷം അവള്‍ എന്നെ ഒന്നു നോക്കി. അവളുടെ നേര്‍ത്ത വിരലുകള്‍ അതിന്റെ പിന്നില്‍ ചലിച്ചു. മൂങ്ങയുടെ നീലക്കണ്ണുകളിളകുന്നു....!

``ഒന്നു നോക്കട്ടെ...!''

ഞാന്‍ ലജ്ജയോടെ പറഞ്ഞു. ആരെങ്കിലും കേട്ടാല്‍ കളിയാക്കുമോ എന്നു ഭയമുണ്ട്‌.

വീണ്ടും നിസ്സാരഭാവത്തില്‍ അവള്‍ എന്നെ ഒന്ന്‌ നോക്കി. എന്നിട്ട്‌ പതുക്കെ ഈ റബ്ബര്‍ മൂങ്ങ പെട്ടിക്കടിയില്‍വെച്ച്‌ ഭദ്രമായി പൂട്ടി. ഞാന്‍ ഇളിഭ്യനായി. എന്റെ അച്ഛന്റെ മകളാണെങ്കിലും അവള്‍ തണ്ടുകാരിയാണ്‌ തീര്‍ച്ച.

എനിക്കാ റബ്ബര്‍ മൂങ്ങയില്‍ കമ്പം പിടിച്ചിട്ടുണ്ടെന്ന്‌ അവള്‍ക്ക്‌ മനസ്സിലായിക്കാണണം.അല്ലെങ്കില്‍ ഇടക്കിടെ പെട്ടി തുറന്ന്‌ അത്‌ പുറത്ത്‌ കാണിച്ച്‌ എന്നെ കൊതി പിടിപ്പിക്കുന്നതെന്തിനാണ്‌?

അവളുടെ പത്രാസ്‌ എനിക്ക്‌ കേള്‍ക്കണ്ട. അച്ഛനോടു പറഞ്ഞാല്‍ എനിക്കും അതുപോലൊന്ന്‌ വാങ്ങിത്തരാതിരിക്കില്ല. ഒന്ന്‌ കിട്ടിയിരുന്നെങ്കില്‍ ക്ലാസ്സില്‍ കൊണ്ടുപോയി കൂട്ടുകാരുടെ മുമ്പില്‍വെച്ച്‌ കണ്ണുകളിളക്കാം. വയര്‍തുറക്കാം.

അച്ഛനോടു പറഞ്ഞാലോ?

അച്ഛന്‍െറ അടുത്തു പോകാന്‍ എനിക്കിത്തിരി വിഷമമുണ്ടായിരുന്നു. കാരണമൊന്നുമില്ല. അവളെപ്പോലെ `ഡാഡി' എന്ന്‌ വിളിച്ച്‌ ഓടിച്ചെന്ന്‌ മടിയില്‍ക്കയറിയിരിക്കാന്‍ കരളുറപ്പില്ല.

അച്ഛന്‍ അധികം സംസാരിക്കാറില്ല. ദൂരെനിന്ന്‌, അച്ഛന്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ ഞാന്‍ കണ്ണോടിക്കും തടിച്ച ഫ്രെയ്‌മുള്ള ആ കണ്ണട മുഖം തിരിക്കുമ്പോള്‍ പ്രകാശിക്കുന്നതു കാണാന്‍ രസമുണ്ട്‌.

ഒരിക്കല്‍ ധൈര്യമവലംബിച്ച്‌ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. ലീലയുടെ മുമ്പില്‍ മോശക്കാരനാവാന്‍ പാടില്ലല്ലൊ. അടുത്തുചെന്ന്‌ നിന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു.

``ഉം?''

മുഖമുയര്‍ത്തിയപ്പോള്‍ ആ കണ്ണട പ്രകാശിച്ചു.

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. എന്റെ കുറ്റിത്തല തടവിക്കൊണ്ട്‌ അച്ഛന്‍ ചോദിച്ചു.

``സ്‌കൂളില്‍ പോണില്യേ?''

``ഉം....''

പിന്നെയൊന്നും ചോദിച്ചില്ല. ഒന്നും പറയാന്‍ സാധിച്ചതുമില്ല.

റബ്ബര്‍ മൂങ്ങയില്ലെങ്കില്‍ പോട്ടെ, ക്ലാസ്സില്‍ കുട്ടികള്‍ വെറുതെ എന്നെ വിഷമിപ്പിക്കുന്നതെന്തിനാണ്‌?

അച്ഛന്‍ വന്നതും കൂടെ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നതും നാട്ടുകാര്‍ എത്ര വേഗമാണറിയുന്നത്‌! എന്‍െറ വീട്ടില്‍ ഒരു പെണ്‍കുട്ടി വന്നു കയറിയതുകൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാത്തതും ഞങ്ങളുടെ ക്ലാസ്സിലെ ജാനുവിനാണ്‌.

ഞാന്‍ കേള്‍ക്കെ അവള്‍ പറയുകയാണ്‌:

``ഈ കുട്ടീടെ അച്ഛന്‍ വന്നപ്പോള്‍ ഒരു പെണ്‍കുട്ടീനെ കൊണ്ടന്നിട്ടുണ്ട്‌.''

``എവിട്‌ന്ന്‌?''

കൂടെയുള്ള, വെളുത്തേടത്തെ നാണി ചോദിച്ചു.

``കൊളമ്പ്‌ന്ന്‌, പിന്നേയ്‌, അമ്മ പറയാ ഈ കുട്ടീടെ അച്ഛന്‌ അവടെ ചെട്ടിച്ചീം മക്കളുംണ്ടത്രെ....''

`പ്‌ഫ' എന്നൊരാട്ടുകൊടുത്ത്‌, ആ കൊടിച്ചിപ്പെണ്ണിന്റെ ചെകിടത്തൊന്ന്‌ ചാര്‍ത്താനാണ്‌ തോന്നിയത്‌. പക്ഷേ ചെയ്‌തില്ല. അവളെനിയ്‌ക്ക്‌ അണ്ടിപ്പരിപ്പ്‌ തന്നിട്ടുണ്ട്‌.

എന്നാലും അവള്‍ പറഞ്ഞത്‌ അക്രമമാണ്‌. എന്റെ അച്ഛനെപ്പറ്റിയാണ്‌.... അച്ഛന്‌ കൊളമ്പില്‌ ... ഛെ, അത്‌ നുണയാണ്‌! അവളുടെ അമ്മയ്‌ക്കാണല്ലോ കമ്പി! അവളുടെ അമ്മയും മുത്തശ്ശിയുമെല്ലാം ഒന്നാംതരം നുണച്ചികളാണ്‌...

അതെന്നെ വിഷമിപ്പിച്ചു. സംശയം തീര്‍ക്കാന്‍, വൈകുന്നേരം കുളത്തില്‍ നിന്നു പോരുമ്പോള്‍ ഞാന്‍ അമ്മയോടു ചോദിച്ചു:

``അമ്മേ, ഞങ്ങടെ ക്ലാസ്സിലെ ജാനു പറയാ....''

``ഉം?''

``അച്ഛനേയ്‌.... അച്ഛന്‌ കൊളമ്പില്‌ ചെട്ടിച്ചീം മക്കളുംണ്ടത്രെ...''

ജാനുവിനു സമ്മാനിക്കാന്‍ ഞാന്‍ കരുതിയ അടി എനിക്കാണു കൊണ്ടത്‌.

`` നിന്റെ തന്തോട്‌ തന്നെ ചോദിക്ക്‌....''

ഈ വക കാര്യങ്ങള്‍ ആരു പറഞ്ഞാലും ശ്രദ്ധിക്കുകയില്ലെന്നു നിശ്ചയിച്ചു. ആരോടും ഒന്നും ചോദിക്കുകയില്ല.

അച്ഛന്‍ വന്നതിന്റെ ആറാംദിവസം രാത്രിയിലാണ്‌ അത്‌ സംഭവിച്ചത്‌.

അച്ഛന്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ്‌ ഞാന്‍ കിടക്കുക. ഊണുകഴിഞ്ഞ്‌ ഉറങ്ങാന്‍ ചെന്നപ്പോള്‍ അച്ഛന്റെ ശരീരത്തില്‍ ചേര്‍ന്നുകൊണ്ട്‌ ലീലയുണ്ട്‌ സംസാരിക്കുന്നു.... മുറിക്കകത്തുനിന്ന്‌ ചുരുട്ടിന്റെ രൂക്ഷമായ മണം പൊങ്ങുന്നുണ്ട്‌.

ഞാന്‍ അതു കാണുന്നില്ലെന്നു നടിച്ചു. അച്ഛന്റെ തൊട്ടടുത്തുനിന്ന്‌ ഒരിക്കലും ഞാനിങ്ങനെ സംസാരിച്ചിട്ടില്ല. എനിക്കസൂയ തോന്നി. ഞാന്‍ വളരെ മോശക്കാരനാണെന്നു എനിക്കു ബോധ്യമായി. വാസന പ്രസരിക്കുന്ന ഭംഗിയുള്ള ഉടുപ്പുകളും റബ്ബര്‍ മൂങ്ങയും, കാണാന്‍ ചന്തമുള്ള മുഖവും എനിക്കില്ല. എന്റെ കുടുക്കുകള്‍ പൊട്ടിയ ട്രൗസറില്‍ മിക്കപ്പോഴും ചേറും ചെളിയുമുണ്ടാകും. അതുകൊണ്ടാവുമോ അച്ഛന്‍ അടുത്തുനിര്‍ത്തി സംസാരിക്കാത്തത്‌.

എനിക്കു കരയാന്‍ തോന്നി. കോസറിയില്‍ മുഖമമര്‍ത്തിക്കൊണ്ട്‌ ഞാന്‍ അനങ്ങാതെ കിടന്നു....

``വാസൂ....''

അച്ഛന്‍ വിളിച്ചു.

``ഏ്‌....''

``വന്നാ ഇങ്ങോട്ടാ വന്നാ...''

ഞാന്‍ പതുക്കെ ആ മുറിയിലേക്കു കടന്നു ചെന്നു. അച്ഛന്റെ ചുമലില്‍ തിരുകിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്ന ലീലയുടെ നേരെ നോക്കാന്‍ ധൈര്യപ്പെട്ടില്ല.

``വാ മോനേ...''

അച്ഛന്‍ എന്നെ ദേഹത്തോടടുപ്പിച്ചു. എന്റെ കുറ്റിത്തലയില്‍ തടവിക്കൊണ്ട്‌ അച്ഛന്‍ ലീലയോടെന്തോ പറഞ്ഞു.

ആ ഭാഷ എനിക്കിന്നും അജ്ഞാതമാണ്‌. പക്ഷേ അതിന്റെ അര്‍ത്ഥം ഇന്നെനിക്കറിയാം.

`` മോളേ ഇതു നിന്റെ സഹോദരനാണ്‌....''

വേദനയോടെയാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌.

അന്ന്‌ കുടുംബത്തിനകത്ത്‌ ഒരു ചുഴലിക്കാറ്റു വീശി. കഴിഞ്ഞ ആറുദിവസങ്ങളായി അത്‌ രൂപമെടുത്തു വരികയാണെന്നു അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. അച്ഛനും അമ്മയും തമ്മില്‍ വഴക്കാരംഭിച്ചു. വീട്ടുകാരാരും അതില്‍ ഇടപെട്ടില്ല. വാക്കുകളുടെ മൂര്‍ച്ചയും ക്ഷോഭവും പെരുകിവന്നു. അച്ഛന്‍ കഴിയുന്നിടത്തോളം ശാന്തനാകാന്‍ ശ്രമിച്ചു.

`` നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്‌...''

``എനിക്കു കേള്‍ക്കണ്ട. എനിക്കെല്ലാം മനസ്സിലായി....''

``എന്ത്‌ മനസ്സിലാവ്‌ണ്‌?''

``എന്നെക്കൊണ്ട്‌ പറയിപ്പിക്കരുത്‌. മാധവന്‍ എനിക്കെല്ലാം എഴുതിയിട്ടുണ്ട്‌.''

മാധവന്‍ ആരാണെന്ന്‌ എനിക്കറിയാം. അച്ഛന്റെ ജോലിസ്ഥലത്തിനടുത്താണ്‌. മാധവമാമ്മ നില്‍ക്കുന്നത്‌. അമ്മയുടെ ആങ്ങളയാണ്‌.

പിന്നെ അച്ഛന്‍ വാദിച്ചില്ല. അമ്മ പറഞ്ഞു കയറി...... തീപ്പിടിച്ച വാക്കുകള്‍....

ഞാന്‍ മുഖമമര്‍ത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാന്‍ ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു.

``ഭഗോതീ ഒന്നൂണ്ടാവല്ലേ...''

മേശപ്പുറത്തെ കുപ്പിഗ്ലാസ്സുകള്‍ തകര്‍ന്നുടഞ്ഞു....

ഞാന്‍ ചെവിപൊത്തി.

തലയിണയിലേക്കു കണ്ണുനീര്‍തുള്ളികള്‍ ഉരുണ്ടുവീണു.

``ഈശ്വരാ...''

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ കോണിയിറങ്ങിപ്പോകുന്നതും കണ്ടു. അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍...

അടുത്ത പ്രഭാതത്തില്‍ ഞാനുണര്‍ന്നപ്പോള്‍ കണ്ടത്‌ അച്ഛനും ലീലയും യാത്രയ്‌ക്കൊരുങ്ങി നില്‍ക്കുന്നതാണ്‌ ........ കോലായില്‍ പെട്ടി അടുക്കിവെച്ചിട്ടുണ്ട്‌.

``അച്ഛനെങ്ങോട്ടാ പോണ്‌?''

ഞാന്‍ ഏട്ടനോടു പതുക്കെ ചോദിച്ചു.

ഏട്ടന്‍ അരിശത്തോടെ പറഞ്ഞു:

``ആവോ!''

അപ്പോള്‍ വേദനയോടെ ഞാന്‍ വിചാരിച്ചു: ഇവിടെ ഉള്ളവര്‍ക്കൊക്കെ എന്താ?

അച്ഛന്‍ ആദ്യം മുത്തശ്ശിയോട്‌ യാത്ര പറഞ്ഞു. പിന്നെ ഞങ്ങളോടും.

ഏട്ടനും ബാലേട്ടനും കണ്ണുതുടച്ചു.

അച്ഛന്‍ അതു കണ്ടില്ലെന്നു തോന്നുന്നു. മുറ്റത്തിറങ്ങി, വലിയ കൊളമ്പുകുട കൈത്തണ്ടയിലിട്ട്‌ അച്ഛന്‍ വിളിച്ചു.

``ലീലാ...''

``ദാദീ....''

അവള്‍ യാത്രക്കൊരുങ്ങിയ നിലയില്‍ പുറത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കള്‍ വരഞ്ഞ ഗൌണാണിട്ടിട്ടുള്ളത്‌. അരയില്‍ നീലിച്ച പട്ടുനാടകൊണ്ട്‌ ഒരു കെട്ടും. കൈയില്‍ ആ റബ്ബര്‍ മൂങ്ങയുമുണ്ട്‌.

കോലായില്‍ തൂണും ചാരിനില്‍ക്കുന്ന എന്നെ നോക്കി അവള്‍ മന്ദഹസിച്ചു. ഞാന്‍ ചിരിച്ചില്ല. എന്റെ അടുത്തുവന്ന്‌ ആ റബ്ബര്‍ മൂങ്ങ വെച്ചുതന്നപ്പോള്‍ ഞാന്‍ അത്ഭുതംകൊണ്ടു സ്‌തബ്‌ധനായി. ഒരിക്കല്‍കൂടി മന്ദഹസിച്ചുകൊണ്ട്‌, എന്തോ പതുക്കെ പിറുപിറുത്തു. അവള്‍ കൊച്ചു കുടയും കുലുക്കി മുറ്റത്തിറങ്ങി.

അച്ഛന്‍ മുന്നിലും ലീല പുറകിലുമായി പടിയിറങ്ങി.... നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവര്‍ നടന്നകലുകയാണ്‌. അവര്‍ പോവുകയാണോ?....

ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും കാഴ്‌ചപ്പാടില്‍ നിന്നു മറഞ്ഞു.

പന്തീരാണ്ടിനുശേഷം ഞാനിന്ന്‌ ലീലയെക്കുറിച്ച്‌ ഓര്‍ത്തുപോയി.

പ്രിയപ്പെട്ട സഹോദരീ, നാഴികകള്‍ക്കപ്പുറത്തുനിന്ന്‌, ഞാന്‍ മംഗളം നേരുന്നു....

നിന്റെ ഓര്‍മ്മയ്‌ക്കു വേണ്ടി ഞാനിത്‌ കുറിക്കട്ടെ. 


 - എം ടി വാസുദേവന്‍ നായര്‍