Monday, September 30, 2024

ആരോട് യാത്ര പറയേണ്ടൂ

 


ആരോട് യാത്രപറയേണ്ടു ഞാന്‍

മാസങ്ങളാണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍


ആള്‍ത്തിരക്കേറുമീ വാഹനം എന്നെയൊരു

പാഴ്ച്ചുമടായിങ്ങിറക്കിവെക്കെ


എന്നമൃതപാഥേയവും പഴയ ഭാണ്ഡവും

നെഞ്ചോടണച്ചുഞാനിങ്ങു നില്‍ക്കെ


പാതയിതപാരതതന്‍ മധുരമാം ക്ഷണം മാതിരി

പാണികള്‍ നീട്ടി നില്‍ക്കെ


ആരുടെ കരങ്ങളെന്നറിവീല

പുഴയെ നീരാഴിപോലെന്നെ പുണര്‍ന്നുനില്‍ക്കെ


ആരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു


എത്ര സഹയാത്രികര്‍ സമാനഹൃദയര്‍

ജ്ഞാനദു:ഖങ്ങള്‍ തങ്ങളില്‍ പങ്കുവച്ചോര്‍


മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍

കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍


സാമഗീതങ്ങളെ സാധകം ചെയ്തവര്‍

ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍


  മണ്ണിന്‍റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍

വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍


മുന്നിലൂടവരൊഴുകി നീങ്ങുന്ന കാഴ്ച

ഉള്‍ക്കണ്ണുകളെയിന്നും  നനക്കേ


ഓര്‍മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ

അവയോരോന്നുമുണ്‍മയായ്‌ നില്‍ക്കെ


ആരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു


ആരോട് യാത്രപറയേണ്ടു ഞാന്‍


മൊഴികളുടെയാഴങ്ങളില്‍

പഴമനസ്സുകള്‍ കുഴിച്ചിട്ട നിധിതേടി


വാഴ്വിന്റെ കൈപ്പുനീരും വാറ്റി

മധുരമാക്കുന്ന രസമന്ത്രതന്ത്രം തേടി


ഒരു പൊരുളില്‍ നിന്നപരമാം പൊരുളുദിച്ചു

കതിര്‍ ചൊരിയുന്ന വാക്കിലെ സൂര്യനെത്തേടി


ഒരു പൂവിലെക്കനിതേടി

കനിയിലെത്തരു തേടി


തീയിലെക്കുളിര്‍തേടി

കുളിരിലെ തീ തേടി


അണുവിന്റെ അണുവിലൊരു സൌരയൂഥം തേടി

മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി


തീര്‍ത്ഥ്യരെത്രയോപേരൊത്തലഞ്ഞു തിരിഞ്ഞു

ഏറെഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ


ഇനിയാരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു?


- ഓ എന്‍ വി


No comments:

Post a Comment