യുറോപ്പ ക്ലിപ്പർ പേടകം
യൂറോപ്പയെ നിരീക്ഷിക്കാൻ ക്ലിപ്പർ ഓർബിറ്റർ പേടകത്തിൽ ഒൻപത് ശാസ്ത്രീയ ഉപകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ഇവയുടെ മൊത്തം ഭാരം 82 കിലോഗ്രാമാണ്. വ്യാഴത്തിന്റെ ഉയർന്ന റേഡിയേഷനിൽനിന്നും ഇലക്‌ട്രോണിക് ഘടകങ്ങളെ സംരക്ഷിക്കാൻ 7 മില്ലീമീറ്റർ കട്ടിയുള്ള അലുമിനിയം അലോയും ടൈറ്റാനിയം കവചവുമാണ് പേടകത്തിനുള്ളത്. യൂറോപ്പയുടെ തണുത്തുറഞ്ഞ പുറം പാളിയുടെ അടിയിലുള്ള സമുദ്രത്തെക്കുറിച്ചും അവിടെയുള്ള ജീവൻ്റെ സാധ്യതയെക്കുറിച്ചും നിരീക്ഷണങ്ങൾ നടത്തുകയാണ് ഈ ഉപകരണങ്ങളുടെ ലക്ഷ്യം.
1. യൂറോപ്പ ഇമേജിംഗ് സിസ്റ്റം (EIS)
യൂറോപ്പയുടെ ഉപരിതലത്തിന്റെ മാപ്പ് നിർമ്മിക്കാൻ പേടകത്തിൽ രണ്ട് 8-മെഗാപിക്‌സൽ ക്യാമറകൾ ഉള്പ്പെടുത്തിയിരിക്കുന്നു. 48⁰ വീക്ഷണ കോണമുള്ള വൈഡ് ആംഗിൾ ക്യാമറയ്ക്ക് 50 കിലോമീറ്റർ ഉയരത്തിൽ നിന്ന് 11 മീറ്റർ/പിക്‌സൽ പരിധിയിൽ പകര്‍ത്താൻ കഴിയും. 1.2⁰ വീക്ഷണ കോണമുള്ള നാരോ ആംഗിൾ ക്യാമറ 50 കിലോമീറ്റർ ഉയരത്തിൽ നിന്ന് 0.5 മീറ്റർ/പിക്‌സൽ പരിധിയിൽ പകര്‍ത്താൻ കഴിയും. ഇവ ഉപയോഗിച്ച് യൂറോപ്പയുടെ 95% ഉപരിതലവും കുറഞ്ഞത് 50 മീറ്റർ/പിക്‌സൽ നിലവാരത്തിൽ മാപ്പ് നിർമിക്കാനാണ് പദ്ധതി.
2. യൂറോപ്പ തെർമൽ എമിഷൻ ഇമേജിംഗ് സിസ്റ്റം (E-THEMIS).
യൂറോപ്പയുടെ ഉപരിതലത്തിനടുത്തോ അല്ലെങ്കിൽ ദ്രവജലം ഉള്ളതോ ആയ ചൂടുള്ള പ്രദേശങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്നു.
3. അൾട്രാവയലറ്റ് സ്പെക്‌ട്രോഗ്രാഫ് (യൂറോപ്പ-യുവിഎസ്)
അന്തരീക്ഷത്തിന്റെ ഘടന നിർണ്ണയിക്കാനും ജലപാളികളുടെ അടയാളങ്ങൾ അന്വേഷിക്കാനും ഇത് ഉപയോഗിക്കുന്നു. ഹബിൾ ടെലിസ്കോപ്പിൽ നിന്നുള്ള അൾട്രാവയലറ്റ് സ്‌പെക്ട്രത്തിലെ ചിത്രങ്ങളിൽ നിന്ന്, യൂറോപ്പയുടെ ഉപരിതലത്തിൽ നിന്ന് ജലസമാന കണികകൾ ചീറ്റുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
4. മാപ്പിംഗ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ ഫോർ യുറോപ്പ (MISE)
യുറോപ്പയുടെ ഉപരിതല ഘടന പരിശോധിക്കുന്നതിനും ജൈവവസ്തുക്കളുടെ (അമിനോ ആസിഡ് തോളിൻ) ലവണങ്ങൾ, ആസിഡ് ഹൈഡ്രേറ്റുകൾ, വാട്ടർ,ഐസ് ഘട്ടങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും മാപ്പുചെയ്യുന്നതിനുമുള്ള നിയർ ഇൻഫ്രാറെഡ് സ്പെക്‌ട്രോമീറ്ററാണ് . ഈ കണ്ടെത്തലുകളിൽ നിന്നും യുറോപ്പയുടെ ഉപരിതല ഘടനയെ സമുദ്രത്തിൻ്റെ വാസയോഗ്യതയുമായി ബന്ധപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുമായി സഹകരിച്ചാണ് MISE നിർമ്മിച്ചിരിക്കുന്നത്.
5. യൂറോപ്പ ക്ലിപ്പർ മാഗ്നെറ്റോമീറ്റർ (ECM)
യൂറോപ്പയുടെ ഭൂഗർഭ സമുദ്രത്തിൻ്റെ അസ്തിത്വം സ്ഥിരീകരിക്കാനും അതിൻ്റെ ആഴവും ലവണാംശവും അളക്കുവാനും വേണ്ടി നിർമ്മിച്ചത്.
6. പ്ലാസ്മ ഇൻസ്ട്രുമെന്റ് ഫോർ മാഗ്നെറ്റിക് സൗണ്ടിംഗ് (PIMS)
പ്ലാസ്മ വൈദ്യുത പ്രവാഹങ്ങൾ മൂലം യുറോപ്പയ്ക്ക് ചുറ്റും സൃഷ്ടിക്കപ്പെടുന്ന കാന്തികക്ഷേത്രത്തെ PIMS അളക്കും. അതേസമയം ഈ പ്ലാസ്മ പ്രവാഹങ്ങൾ യൂറോപ്പയുടെ ഭൂഗർഭ സമുദ്രത്തിൻ്റെ കാന്തിക പ്രേരണ പ്രതികരണത്തെ തടയും. ഒരു മാഗ്നെറ്റോമീറ്ററുമായി ബന്ധിപ്പിച്ച് യൂറോപ്പയുടെ മഞ്ഞുപാളിയുടെ കനം, സമുദ്രത്തിൻ്റെ ആഴം, ലവണാംശം എന്നിവയെ പറ്റി ഒരു നിഗമനത്തിൽ എത്താൻ സാധിക്കും. യൂറോപ്പയുടെ ഉപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്കും അയണോസ്ഫിയറിലേക്കും പദാർത്ഥങ്ങൾ പുറത്തുവിടുന്നതും യുറോപ്പ അതിൻ്റെ പ്രാദേശിക ബഹിരാകാശ പരിതസ്ഥിതിയെയും വ്യാഴത്തിൻ്റെ കാന്തികമണ്ഡലത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നും PIMS അന്വേഷിക്കും.
7. റഡാർ ഫോർ യുറോപ്പ അസ്മെന്റ് ആൻഡ് സൗണ്ടിഗ് : ഓഷ്യൻ ടു നിയർ സർഫസ് (REASON)
ഇത് രണ്ടു ഫ്രീക്കൻസുകളിൽ പ്രവർത്തിക്കുന്ന ഐസ് തുളച്ചു കയറുന്ന റഡാർ ആണ്. യുറോപ്പയുടെ ഐസ് ഷെല്ലിൻ്റെ ഘടനയും കനവും പഠിക്കാൻ ഈ റഡാർ മാപ്പിൽ ഉപകരിക്കും.
8. മാസ് സ്പെക്‌ട്രോമീറ്റർ ഫോർ പ്ലാനറ്ററി എക്‌സ്‌പ്ലോറേഷൻ (MASPEX)
യൂറോപ്പയുടെ കട്ടി കുറഞ്ഞ അന്തരീക്ഷത്തിലെ വാതകങ്ങളെ വിശകലനം ചെയ്യാൻ സാധ്യമായ ഉപകരണം.
9. സർഫസ് ടസ്റ്റ് അനലൈസർ (SUDA)
യൂറോപ്പയുടെ ഉപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് തെറിച്ച ഏതെങ്കിലും പൊടിപടലങ്ങൾ രാസഘടന തിരിച്ചറിയാൻ. ജൈവ, അജൈവ പദാർത്ഥങ്ങളെ തിരിച്ചറിയാനും ഈ ഉപകരണത്തിന് കഴിയും.
No comments:
Post a Comment