Friday, September 27, 2024

ലോല

 


എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്.

'സംസ്‌കൃതത്തില്‍ ഒരു പേരോ?'

'അതെ.'

'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?'

'അല്ല.'

'പിന്നെ?'

'മലയാളഭാഷ സംസ്‌കൃതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു.'

'എന്നാലും-താമരയുടെ രാജാവ് എന്ന പേരുണ്ടോ?'

'താമരയുടെ രാജാവ്?' എനിക്ക് ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു:

'ഞങ്ങള്‍ താമരയെ ആരാധിക്കുന്നു.'


അവള്‍ അല്പം ലജ്ജിക്കുന്നതായി കാണപ്പെട്ടു.

എന്തോ പറയാന്‍ ബദ്ധപ്പെടുന്നതു കണ്ട് ഞാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവള്‍ താമര ആരാധ്യവസ്തുവായിത്തീര്‍ന്നതെങ്ങനെയാണെന്നു ചോദിച്ചു.



'എനിക്കറിഞ്ഞുകൂടാ.'

'ഒബ്രിയന്‍ പറഞ്ഞിരിക്കുന്നതെന്താണ്?'

'എനിക്കറിഞ്ഞുകൂടാ.' അവള്‍ കൂടുതല്‍ നാണിച്ചു. നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും

നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു.

'താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?'

'എനിക്കറിഞ്ഞുകൂടാ.'

'താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?'


എനിക്ക് മുഷിഞ്ഞു തുടങ്ങിയിരുന്നു.

ഞങ്ങള്‍ തമ്മില്‍ ഉള്ള സംസാരംഏതാണ്ടൊരു ഇന്റര്‍വ്യൂപോലെ

എനിക്കു തോന്നിത്തുടങ്ങിയിരുന്നു. അല്പംവിരസതയോടെ ഞാന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ.


'ഞാന്‍ പോകുന്നു.' അവളുടെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി തങ്ങിനിന്നു.അവള്‍ പോയി.

നാലുമാസത്തെ എന്റെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ അന്നാദ്യമായാണ്

ഒരു അമേരിക്കക്കാരി ലജ്ജിച്ചു ഞാന്‍ കാണുന്നത്.

(ലജ്ജാശീലയായ ഒരമേരിക്കന്‍ പെണ്ണ് എനിക്കൊരു സങ്കല്‍പമായിരുന്നു.

അതുകൊണ്ടുകൂടിയാവാം ഞാന്‍ ലോലയില്‍ ആകൃഷ്ടനായത് എന്ന് ഇന്നെനിക്കു തോന്നുന്നു.)

ഡയറിയുടെ താള്‍............. ....ലിറ്ററേച്ചര്‍ പഠിക്കുന്ന ലോലാ മില്‍ഫോര്‍ഡുമായി എനിക്കു പ്രേമമായി എന്നാണു തോന്നുന്നത്.

അതങ്ങനെയാവട്ടെ. ലോലയെപ്പോലെ ഒരു പെണ്ണിനെ.......... ഇത്ര സുന്ദരിയായ- ഓമനത്വമുള്ള- ബുദ്ധിയുള്ള, സംസാരിക്കാന്‍ അറിയുന്ന- എന്തിനാണ് ഇന്ന് ഹോട്ടലില്‍വെച്ച് മേശവിരിപ്പിനു ചുവട്ടില്‍ എന്റെ കാലില്‍ നീ കാല്‍മുട്ടിച്ചത്? പിന്നെ എന്തിനാണ്- ഏതായാലും ഈയിടെ ഒന്നും വായിക്കുന്നില്ല.


ഈ പെണ്ണ് എന്നെ കിറുക്കനാക്കി.

ഇപ്പോള്‍ത്തന്നെ എനിക്കവളെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.

ഇപ്പോള്‍, ഈ രാത്രിയില്‍, ഈ രാത്രിയില്‍ത്തന്നെ- ഓഡ്രി ഹെപ്‌ബേണിനെപ്പോലെ,

തലമുടി ചെറുതായി മുറിച്ച് നെറ്റിയില്‍ പരത്തിയിട്ടിരുന്നു. ഞാന്‍ ചോദിച്ചു:


'ഓഡ്രി ബെപ്‌ബേണ്‍ ആണോ പ്രിയപ്പെട്ട താരം?'

'അല്ല. ഷെര്‍ലി മാക്‌ലെയിന്‍.....' ഷെര്‍ലിയുടെ കണ്ണുകള്‍ ഞാന്‍ ഓര്‍ത്തു.

നിഷ്‌കളങ്കതയാണ് അവയുടെ ജീവന്‍. ഞാന്‍ പറഞ്ഞു:


'ലോലയുടെ കണ്ണുകള്‍ ഷെര്‍ലിയുടേത് തന്നെ.'

'പ്രശംസയാണ്.'

'അല്ല.'

'അതെ.'

'അല്ലല്ല. ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളതില്‍ ഏറ്റവും സുന്ദരി. ഏറ്റവും നിഷ്‌കളങ്ക.'

ഞാന്‍ പറഞ്ഞുപോയി: 'അതു നീയാണ്.'

അവള്‍ പെട്ടെന്നു തലതാഴ്ത്തി.

പിന്നീട്, പൊടുന്നനവെ എന്റെ കൈ കടന്നുപിടിച്ചു.

അവളുടെ കണ്ണുകള്‍ സജലങ്ങളായിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'ഞാന്‍....' അവള്‍ എന്തോ പറയാന്‍ ബദ്ധപ്പെട്ടു.


'പറയൂ.' ഞാന്‍ ചോദിച്ചു:

'എന്താണ്?' അവള്‍ ഒന്നും മിണ്ടാതെ എന്റെ കൈപിടിച്ചമര്‍ത്തി.

ലേക്ക് ഓഫ് ദി ക്ലൗഡ്‌സ് ഞങ്ങളുടെ മുമ്പില്‍ ഇരുട്ടില്‍ പുതഞ്ഞുകിടന്നു.

ജലപ്പരപ്പിനു മുകളില്‍ മഞ്ഞുവീണു തുടങ്ങിയിരുന്നു.

ഒരു മോട്ടോര്‍ ബോട്ട് ദൂരത്തുകൂടി പോകുന്നത് അവ്യക്തമായിക്കാണാം.

ലോല പിറുപിറുത്തു:


'ഞാന്‍.......... എനിക്ക്........' അവളുടെ ചുണ്ടുകള്‍ മൃദുവായി വിറകൊള്ളുകയും എന്റെ കൈയില്‍ പിടിച്ചിരുന്ന കൈ വിയര്‍ക്കുകയും ചെയ്തു. എന്താണെങ്കിലും അവള്‍ അത് ഒരിക്കലും പറഞ്ഞ് തീര്‍ക്കുകയില്ല എന്നെനിക്കറിയാമായിരുന്നു. അവള്‍ എന്തു പറയാനാണ് ബദ്ധപ്പെടുന്നത് എന്നും എനിക്കറിയാമായിരുന്നു.

മിച്ചിഗന്‍........... സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു

തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.

ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.

കാറിനു നേരെ നടക്കുമ്പോള്‍ അവള്‍ എന്റെ അരക്കെട്ടു ചുറ്റിപ്പിടിച്ചു നിര്‍ത്തി മന്ത്രിച്ചു:


'ഞാന്‍ കന്യകയാണ്. അതോര്‍മ്മയിരിക്കട്ടെ.'


ലോലയുടെ കഴുത്തില്‍ ഒരു കറുപ്പു പുള്ളിയുണ്ടായിരുന്നു. അതവളെ ദുഃഖിപ്പിച്ചിരുന്നു.

അവളുടെ ഒരു പല്ല് മുകളില്‍ നടുക്കുനിന്നും നാലാമത്തേതു വെപ്പാണ്.

തെക്കുപടിഞ്ഞാറേ അമേരിക്കയില്‍നിന്നും വരുന്ന പെണ്‍കിടാങ്ങള്‍ക്കു

പൊതുവെ അല്‍പം സൗന്ദര്യം കൂടും. ഭാവനയും.

ലോലയാണെങ്കില്‍ രണ്ടും കണക്കില്‍ കവിഞ്ഞ കൂട്ടത്തിലാണ്.

ജന്മഭൂമിയായ ടെക്‌സാസിനെപ്പറ്റി പറയുമ്പോള്‍ അവള്‍

എന്നും കവിതയിലേക്കു വഴുതിവീണു പോയിരുന്നു.

കോര്‍പ്പസ് ക്രിസ്റ്റി ഉള്‍ക്കടലിലെ തണുപ്പുള്ള കാറ്റ്.

സാന്‍ അന്റേണിയേ നദിയുടെ തീരത്തെ വിശാലമായ പാര്‍ക്ക്.......... വരൂ,

ഒരിക്കല്‍ ടെക്‌സാസിലേക്കു വരൂ. അവള്‍ കവിതകള്‍ എഴുതിയിരുന്നു. പ്രസിദ്ധപ്പെടുത്തിയിരുന്നില്ല.


'എന്തുകൊണ്ടാണ് പ്രസിദ്ധം ചെയ്യാത്തത്?' ഞാന്‍ ചോദിച്ചു.

'എനിക്കൊരു രണ്ടാംകിട എഴുത്തുകാരിയാകണ്ട എന്നതുകൊണ്ട്.' അവള്‍ പറഞ്ഞു.


അമേരിക്കന്‍ സാഹിത്യത്തില്‍ അവള്‍ക്കഭിമാനമുണ്ട്.

മാര്‍ക്‌ട്വെയിനെപ്പറ്റി പറയുമ്പോള്‍ അവള്‍ക്ക് ഭ്രാന്താണ്.

ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് മാര്‍ക്‌ട്വെയിന്‍ ആണ് എന്നവള്‍ വിശ്വസിക്കുന്നു.

ഒരിക്കല്‍ അതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ എന്നെ ക്ഷണിച്ചു.

'അടുത്ത ഞായറാഴ്ച മിസ്സൗറിയില്‍ പോകാം.'

'പോകാം.'

മിസ്സൗറി.... ഹാനിബാളില്‍ മാര്‍ക്‌ട്വെയിന്റെ ഭീമാകൃതിയിലുള്ള പ്രതിമയ്ക്കു

കീഴെ ഞങ്ങള്‍ നിന്നു. അദ്ദേഹം അനശ്വരമാക്കിത്തീര്‍ത്ത നദി മുന്നിലൂടെ ഒഴുകിപ്പോകുന്നു.

ലോല അമേരിക്കന്‍ സാഹിത്യത്തെപ്പറ്റി ആവേശത്തോടുകൂടി സംസാരിച്ചു. ക്രിസ്തുമസ്!



ലാസ്‌വേഗാസ് കാണാന്‍ ഞാന്‍ ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി.

ലോലയും എന്നോടൊപ്പം ഉണ്ടായിരുന്നു.

ലോല അത്യധികം ദുഃഖിതയായി കാണപ്പെട്ടു.

അവള്‍ക്ക് ലാസ്‌വേഗാസ് കണ്ടുകൂടാ.

ഞാന്‍ ചോദിച്ചു: 'എന്താണ്...'

അവളുടെ അച്ഛനെപ്പറ്റി അന്നാദ്യമായി അവള്‍ എന്നോട് പറഞ്ഞു


.

ടെക്‌സാസില്‍നിന്നും ബിസിനസ്സിനായി ഓഹിയോവില്‍ വന്നുചേര്‍ന്ന് പണമുണ്ടാക്കി.

റീനോയിലും ലാസ്‌വേഗാസിലുമായി റൗലറ്റ് കളിച്ച് മുഴുവന്‍ കളഞ്ഞുകുളിച്ച് ഒടുവില്‍

ഇരപ്പാളിയായതിനുശേഷം ഒരു കൊലപാതകത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

ജോണ്‍മില്‍ഫോര്‍ഡിനെപ്പറ്റി ഞാന്‍ അന്നാണു കേള്‍ക്കുന്നത് .

അയാളുടെ ഭാര്യ ഒരു വേശ്യയായിരുന്നു.

ഇടയ്ക്കിടെ സ്‌ക്രീനിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടിരുന്ന ഒരു വിലകുറഞ്ഞ വേശ്യ.

ലോലയ്ക്കു പ്രായമായി വന്നപ്പോള്‍ അയാള്‍ അവളേയും കൊണ്ട് ഓഹിയോക്കു പോന്നു.

പിന്നീട് ലോല അമ്മയെ കണ്ടിട്ടേയില്ല. റീനോ ആര്‍ച്ച് കടന്നപ്പോള്‍ ലോല എന്റെ ചുമലിലേക്കു ചാഞ്ഞു.


'എന്റെ അച്ഛന്‍ നശിച്ചതിവിടെയാണ്........' അവള്‍ തേങ്ങി.

അന്ന് ലോല കണക്കറ്റു മദ്യപിച്ചു.

അവളുടെ കുട്ടിത്തം വിടാത്ത കവിളുകളും മുഖവും മദ്യത്തിന്റെ ചൂടേറ്റു ചുവന്നു.

നെവാഡാ സ്റ്റേറ്റിനെ അവള്‍ കുഴഞ്ഞ നാവുകൊണ്ട് ചീത്തവിളിച്ചു.

'ഇന്ത്യയില്‍ ഇങ്ങനെ ഒരു നഗരമുണ്ടോ?'

'ഇല്ല. ഞാന്‍ അഭിമാനത്തോടുകൂടി പറഞ്ഞു.

' 'എങ്കില്‍, എനിക്കുകൂടി ഇന്ത്യയില്‍ വരണം.


അന്നു വൈകീട്ട് മദ്യത്തിന്റെ ലഹരിയില്‍നിന്നും അവള്‍ പൂര്‍ണമായും വിമുക്തയായപ്പോള്‍ വെയില്‍ വീഴ്ത്തിയ തണലുകളിലൂടെ വാടകയ്‌ക്കെടുത്ത രണ്ടു പെണ്‍കുതിരകളുടെ പുറത്തിരുന്നു സഞ്ചരിക്കുമ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു: 'എനിക്കും ഇന്ത്യയില്‍ വന്നുകൂടെ?' ഞാന്‍ ഒന്നും പറഞ്ഞില്ല.


'നമുക്ക് വിവാഹം ചെയ്യാമോ?'

ഞാന്‍ പറഞ്ഞു: 'ഞാന്‍ ഹിന്ദുവാണ്.

ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുവിന് സ്വാതന്ത്ര്യമുണ്ടോ എന്നെനിക്കറിയില്ല.'

'എങ്കില്‍ ഞങ്ങളുടെ മതത്തിലേക്ക് കണ്‍വര്‍ട്ടുചെയ്തുകൂടേ?'

ഞാന്‍ ചെറുതായി ചിരിച്ചു.

ഒരു പെണ്ണിനുവേണ്ടി മതം മാറുന്നത് അടിമത്തത്തിനു വഴിവെക്കുകയാവും

എന്ന വിഡ്ഢിത്തം എനിക്കു തോന്നിയിരുന്നു. താഹോയ് തടാകത്തിന്റെ കരയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ നിന്നു.

അവള്‍ പെട്ടെന്ന് എന്നോട് പറഞ്ഞു:



'അല്ലെങ്കില്‍ ഇവിടെത്തന്നെ നമുക്കു താമസിക്കാം.' ഞാന്‍ വല്ലാതായി.

അതുകണ്ട് അവള്‍ ചോദിച്ചു:

ഇവിടെ സ്ഥിരമായി താമസിക്കണമെങ്കില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കണോ?'

'എനിക്കറിയില്ല.'

'എനിക്ക് ഇന്ത്യയില്‍ വന്നു താമസിക്കുന്നതിനും ഇന്ത്യന്‍ പൗരത്വം വേണ്ടിവരുമോ?'

'എനിക്കറിയില്ല.'



എന്റെ അലസത അവളെ ദേഷ്യം പിടിപ്പിച്ചു. അവള്‍ രണ്ട് രാജ്യങ്ങളേയും ചീത്തപറഞ്ഞു.

ഇന്ത്യന്‍ പൗരത്വവും അമേരിക്കന്‍ പൗരത്വവും, ഇന്ത്യയും അമേരിക്കയും.

ക്രിസ്ത്യാനിയും ഹിന്ദുവും, ഹിന്ദുമതവും ക്രിസ്തുമതവും.

അവള്‍ ഒരു ഭ്രാന്തിയെപ്പോലെയായി കുറേനേരത്തേക്ക്.

ആരിസോണായുടെ തലസ്ഥാനത്തെ ഒരു ഹോട്ടലിലിരിക്കുമ്പോഴാണ്

ഞാന്‍ അവളോട് എന്റെ ചുറ്റുപാടുകള്‍ വിവരിച്ചത്.

എനിക്ക് ലോലയെ ഒരിക്കലും വിവാഹം ചെയ്യാന്‍ പറ്റിയെന്ന് വരില്ല.

നീ അതില്‍ നിരാശപ്പെടരുത്.


'ഇല്ല. എനിക്കു നിരാശയില്ല.' അവള്‍ പറഞ്ഞു.

അവളുടെ ശബ്ദം പതറിപ്പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ഞാന്‍ എന്റെ ചുറ്റുപാടുകള്‍ കൂടുതല്‍ വ്യക്തമാക്കി എന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബം......എന്റെ നാടിന്റെ ദാരിദ്ര്യം.........എന്റെ വീടിന്റെ ദാരിദ്ര്യം.....(ഈ സ്‌കോളര്‍ഷിപ്പില്ലായിരുന്നെങ്കില്‍ എനിക്കിവിടെയെങ്ങും വരാന്‍കൂടി പറ്റില്ലായിരുന്നു....) പിന്നെ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നിനക്ക് ഒരിക്കലും അവിടെ സുഖമായിരിക്കാന്‍ പറ്റുകയില്ല. ഇവിടത്തെപ്പോലെയുള്ള വലിയ ഹോട്ടലുകളില്ല.....ബീച്ചില്ല. ദാരിദ്ര്യമാണുള്ളത്, ദാരിദ്ര്യം മാത്രം.... അവള്‍ക്കു മനസ്സിലായില്ല എന്നു തോന്നി. ഞങ്ങള്‍ക്കു മുന്നില്‍ താഴെ ഫീനിക്‌സ് നഗരത്തിലെ ലക്ഷക്കണക്കിനു കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ നിരന്നുകിടന്നിരുന്നു. ഓര്‍ക്കസ്ട്രാ തിടുക്കപ്പെട്ട് വികൃതമായി ഏതോ ഒക്കെ പാടിക്കൊണ്ടിരുന്നു.

അവള്‍ എന്നെ പകച്ചുനോക്കി.


'ദാരിദ്ര്യം?' മര്‍ലിന്‍ മണ്‍റോ മരിച്ച ദിവസം അവള്‍ എന്റെ മുറിയില്‍ വന്നു:

'ഒരു വിഡ്ഢിയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ താരം.' അവള്‍ വിഷാദിച്ചു:

'ഏതായാലും ഇമ്മാതിരി കഴുതകള്‍ മരിക്കുന്നതാണ് നല്ലത്.'

അന്ന് ആത്മഹത്യകളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു.

ആത്മഹത്യ ചെയ്യുന്നവര്‍ മുഴുവന്‍ വിഡ്ഢികളാണെന്ന് അവള്‍ വിശ്വസിക്കുന്നു.

അവള്‍ ആരുമായിക്കൊള്ളട്ടെ, കാരണം എന്തുമാവട്ടെ. ഇടയ്ക്കു ഞാന്‍ പറഞ്ഞു:


'കണക്കറ്റു ദുഃഖിക്കുമ്പോള്‍ നാമെല്ലാവരും ഒരു വേള...' അവര്‍ പെട്ടെന്നു നിശ്ശബ്ദയായി.

ഒരു മിനുട്ടു കഴിഞ്ഞ് പെട്ടെന്നു ചോദിച്ചു:

'ഇനി എത്ര ദിവസമുണ്ട് മടങ്ങിപ്പോകാന്‍?'

'മൂന്നുമാസം.' ഞാന്‍ പറഞ്ഞു.

പിന്നീട് പലപ്പോഴും അവള്‍ ആ അവസരത്തില്‍ അങ്ങനെ ചോദിക്കാന്‍ കാരണമെന്തായിരുന്നു എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പോരുന്നതിനു ഒരാഴ്ചമുമ്പ് ലോല പറയുകയുണ്ടായി. ഈ ഒരാഴ്ച എന്റെയാണ്.

എനിക്കിഷ്ടംപോലെ ഞാനതു ചെലവഴിക്കും.

ഞാന്‍ പറയുന്നതുപോലെ കേട്ടുകൊള്ളണം. ഞാന്‍ സമ്മതിച്ചു.

എങ്ങനെയാണ് ഈ ഒരാഴ്ച കഴിക്കുക? ഞാന്‍ ചോദിച്ചപ്പോള്‍ സങ്കോചലേശ്യമെന്യെ അവള്‍ പറഞ്ഞു:


'ഈ ഒരാഴ്ചയാണു നമ്മുടെ മധുവിധു. സതേണ്‍ കാലിഫോര്‍ണിയയില്‍വെച്ച്.

' അവള്‍ അതു നിസ്സാരമായി പറഞ്ഞു. കാരണം, അവള്‍ക്കു കണക്കറ്റു പണമുണ്ടായിരുന്നു.

അവളുടെ മരിച്ചുപോയ ഒരമ്മാവി അവള്‍ക്കായി ഒരു നല്ല സംഖ്യ നീക്കിവെച്ചിരുന്നു.

സതേണ്‍ കാലിഫോര്‍ണിയ.......പ്രശസ്തമായ ഹോളിവുഡ്ഡ്; ഓറഞ്ചുവൃക്ഷങ്ങള്‍ നിരന്നുനില്‍ക്കുന്ന വിശാലവീഥികള്‍; സുപ്രസിദ്ധമായ റോസ് ബൗള്‍ (Rose Bowl) സ്റ്റേഡിയം......ലാജോളായിലെ കൊടുമുടികളില്‍ കടലിനു മുകളിലേക്ക് തള്ളിനില്‍ക്കുന്ന വീടുകളിലൊന്നില്‍വെച്ച്-അവള്‍ സത്യമായിരുന്നു പറഞ്ഞത്.

ലോലാ മില്‍ഫോര്‍ഡ് അന്നുവരെ ഒരു കന്യകയായിരുന്നു. അമ്മ നേരത്തെ എഴുതിയിരുന്നു:


'നീ വന്നാലുടനെ വിവാഹം വേണമെന്നാണ് അവര്‍ക്കൊക്കെ.'

എന്നോടൊപ്പം കളിച്ചുവളര്‍ന്ന എന്റെ ഭാവിവധു എഴുതി: ഒന്നു കാണാന്‍ കൊതി.

Through that white night We two sat on your window still. ആ വെളുത്ത രാത്രിയില്‍- നിന്റെ ജാലകപ്പടിയില്‍ -ഷിവാഗോയുടെ പദ്യങ്ങള്‍.

'നിങ്ങളുടെ ഒരു കുട്ടി എന്റെ വയറ്റില്‍ ഉണ്ടെന്ന് കരുതിനോക്കൂ.'

'എങ്കില്‍......' 'ഞാനവനെ പ്രസവിക്കും, അല്ലേ?'

'ഉവ്വ്. എന്നിട്ട്?' 'ഞാന്‍ അവനെ വളര്‍ത്തും.' 'വളര്‍ത്തും?'

'ഉം. നിങ്ങളെപ്പോലെ അവന്‍ വളര്‍ന്നുവരും.

നിങ്ങള്‍ ഇപ്പോഴുള്ളതുപോലെ ആകുമ്പോള്‍ ..........അപ്പോഴേക്കും എനിക്കു വളരെ പ്രായം ആയേക്കും....അന്നു ഞാനവനെ കൊല്ലും.'

എനിക്ക് ലേശം വിഷാദം തോന്നി. എങ്കിലും ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു:

'എങ്കില്‍ എന്നെ ഇപ്പോള്‍ത്തന്നെ അങ്ങ് കൊല്ലരുതോ?'

എനിക്കതിന് കഴിവില്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞു.

പിന്നീട് മണ്ണില്‍ മുഖംചേര്‍ത്ത് തേങ്ങി:

'ഒന്നും വേണ്ടായിരുന്നു....ഇതൊന്നും വേണ്ടായിരുന്നു.'


കോടിക്കണക്കിന് ആസേലിയാ പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന താഴ്‌വരയില്‍നിന്നും ഒരു കാറ്റ് അടിച്ചുയര്‍ന്നു.

അതില്‍പ്പെട്ട് അവളുടെ തലമുടി അലസമായി പറന്നുകൊണ്ടിരുന്നു.

ഞാന്‍ മെല്ലെ അവളുടെ ചുമലില്‍ കൈവെച്ചു. അവള്‍ പിടഞ്ഞെണീറ്റ് കണ്ണുതിരുമ്മി.

ഒരുനിമിഷം എന്നെത്തന്നെ സൂക്ഷിച്ചുനോക്കിയിട്ട് ഒരു പുതിയ ആവേശത്തോടെ എന്റെ

വിരലുകളില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ക്ഷമിക്കൂ.


തെക്കന്‍ കാലിഫോര്‍ണിയ മണല്‍ക്കാടുകളുടെ നാടാണ്.

എപ്പോഴും ഒരു ചൂടുള്ള കാറ്റ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു.

ഭീമാകൃതിയില്‍ മുപ്പതടിയോളം ഉയരത്തില്‍ ജോഷ്വാ വൃക്ഷങ്ങള്‍ ഊക്കന്‍ കാലുകള്‍ വഹിച്ചുകൊണ്ട് നിന്നിരുന്നു. കാറ്റുവീശുമ്പോള്‍ കൊമ്പുലഞ്ഞാടി. ഒറ്റയായും കുലയായും പൂക്കള്‍ അടര്‍ന്നു പറന്നു.

ലോലയെ ഒരു കുല പൂവിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ക്യാമറയിലാക്കി.

അവള്‍ മനോഹരമായി ചിരിച്ചുനിന്നു. ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ ആരോടെന്നില്ലാതെ അവള്‍ പിറുപിറുത്തു:


'ഞാനും ആ വിഡ്ഢിത്തം കാട്ടും എന്നാണ് എനിക്ക് തോന്നുന്നത്.'

'എന്താണ്?' ഞാന്‍ ചോദിച്ചു. 'മരിലിന്‍ കാട്ടിയ ആ വിഡ്ഢിത്തം.'


സാന്റാ ബാര്‍ബറാമിഷനിലെ മണികള്‍ ദുഃഖഭാവത്തില്‍ അലച്ചു. സന്ധ്യ താണുപറന്നു. അതിപുരാതനമായ പള്ളിയുടെ വാതില്‍ നിശ്ശബ്ദമായി അടഞ്ഞു. അകലെയെവിടെയോനിന്ന് മറ്റേതോ പള്ളിയില്‍ മണിയടിക്കുന്ന ശബ്ദം മഞ്ഞിലൂടെ അരിച്ചെത്തി. ഇരുട്ടില്‍ എന്റെ മടിയില്‍ തലചായ്ച്ചു കിടന്ന് ലോല ചോദിച്ചു:


'എന്റെ വഴി ഇതല്ലേ?'

ഞാന്‍ പറഞ്ഞു: 'മഠയത്തരം പറയാതിരിക്കൂ. എന്നെ സന്തോഷമായി യാത്രയയയ്ക്കണം.

അവള്‍ ഒന്നും പറഞ്ഞില്ല.

എനിക്ക് ദുഃഖം തോന്നി.

കഴിഞ്ഞ ദിവസങ്ങളില്‍ സാന്‍ഗബ്രിയേല്‍ മിഷനിലും കാര്‍മല്‍ബേയിലേക്കു മുഖംതിരിച്ചു നില്‍ക്കുന്ന സെയ്ന്റ് ചാള്‍സ് ബൊറോമിയോയിലും ഞാന്‍ കണ്ട നിരവധി മുഖങ്ങള്‍ എന്റെ മനസ്സില്‍ കടന്നുവന്നു.

നിത്യതയുടെ മണവാളന്മാര്‍-മണവാട്ടികള്‍. 'നീ ഒരിക്കലും അത് ചെയ്യരുത്


' ഞാന്‍ പറഞ്ഞു: 'അതൊരുതരം ക്രൂരതയാണ്.'


അങ്ങിങ്ങ് നിശ്ശബ്ദമായി ചലിച്ചിരുന്ന കറുത്ത നീളന്‍ കുപ്പായങ്ങള്‍ താഴ്‌വരയിലെ

മങ്ങിയ വെളിച്ചത്തില്‍ അലിഞ്ഞുചേര്‍ന്നു.

ഓറഞ്ചുവൃക്ഷങ്ങളുടെ മുകളില്‍ കോടമഞ്ഞു പുതഞ്ഞു.

ഞാന്‍ അവളുടെ കവിളിലെ നനവ് തുടച്ചുകളഞ്ഞു. അവസാന ദിവസം.

ലോല അത്യധികം ഉന്മേഷവതിയായി നടിച്ചു.


പക്ഷേ, അതൊരു മുഖാവരണം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു.

രാത്രി വളരെ ഇരുട്ടുന്നതുവരെ ഞങ്ങള്‍ തെരുവീഥികളില്‍ അലഞ്ഞുനടന്നു.

ഇടയ്ക്കിടെ തെരുവുവിളക്കുകളുടെ പ്രകാശം വന്നെത്താത്ത ഇരുട്ടില്‍ അവള്‍ പെട്ടെന്നു നിന്ന് എന്നെ ചുംബിച്ചു.

നൈറ്റ് ക്ലബ്ബുകള്‍ കൂടുതല്‍ കൂടുതല്‍ ശബ്ദായമാനമായിക്കൊണ്ടിരുന്നു.

ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ഏതുനിമിഷവും ലോലയുടെ മുഖാവരണം തകരുമെന്നും അവള്‍ പൊട്ടിക്കരയുമെന്നും ഞാന്‍ ഭയപ്പെട്ടു. അതുണ്ടായത് ഒരു തിരിവില്‍ വെച്ചാണ്.

ബിക്കിനി മാത്രം ധരിച്ച ഒരു പെണ്ണിനെ, മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ഞങ്ങള്‍ കണ്ടു.

ആ പെണ്ണ് വല്ലാതെ മദ്യപിച്ചിരുന്നു. അവ്യക്തമായ സ്വരത്തില്‍ അവള്‍ ആരെയൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. ഇരുട്ടില്‍ അവര്‍ അപ്രത്യക്ഷരായി. അല്പം കഴിഞ്ഞ് മുരട്ടുശബ്ദത്തില്‍ ആരോ പാടി:


Golden memories, and silver Tears.......


ലോല പറഞ്ഞു: 'പോകാം.'

ഞങ്ങള്‍ വീണ്ടും നടന്നു. അവള്‍ എന്തോ പറയാന്‍ ബദ്ധപ്പെടുന്നുണ്ടായിരുന്നു.

കുറേ നടന്നപ്പോള്‍ അവള്‍ ചോദിച്ചു:

'കുടിച്ചും വ്യഭിചരിച്ചും ഏതോ ദുഃഖം മറക്കാന്‍ ആ മഠയി ശ്രമിക്കുന്നു, അല്ലേ?'


അവളുടെ സ്വരത്തില്‍ കണ്ണുനീരിന്റെ ഛായയുണ്ടായിരുന്നു.

ഞാനവളെ പിടിച്ചുനിര്‍ത്തി. അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.

അവ നിറഞ്ഞിരുന്നു.


'തിരിച്ചുനടക്കാം.'


ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഹോട്ടലിനു നേരെ നടന്നു. കതകടഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായി. രാത്രി വളരെക്കഴിഞ്ഞിരുന്നു.


പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞാന്‍ കട്ടിലിലിരുന്നു.

എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു.

മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.


അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.


രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.



 - പത്മരാജന്‍


No comments:

Post a Comment