Monday, September 30, 2024

Newton vs. Einstein: The Great Debate Over Gravity.

 

1687-ൽ പ്രസിദ്ധീകരിച്ച ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെ സാർവത്രിക ഗുരുത്വാകർഷണ നിയമം( The law of universal gravitation) എന്ന് വിളിക്കാറുണ്ട്.  ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചത്തിലെ ഏതെങ്കിലും രണ്ട് വസ്തുക്കൾക്കിടയിൽ നിലനിൽക്കുന്ന ഒരു ശക്തിയാണ് ഗുരുത്വാകർഷണം.  ഗുരുത്വാകർഷണബലത്തിന്റെ ശക്തി രണ്ട് വസ്തുക്കളുടെ പിണ്ഡത്തിന് ആനുപാതികവും അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമാണ്.  നമ്മുടെ സൗരയൂഥത്തിലെയും മറ്റ് ആകാശഗോളങ്ങളിലെയും ഗ്രഹങ്ങളുടെ ചലനത്തെ വിശദീകരിക്കുന്നതിന് ഈ സിദ്ധാന്തം നമ്മെ സഹായിച്ചു, അദ്ദേഹത്തിന്റെ  പ്രസിദ്ധീകരണമായ "Philosophieæ Naturalis Principia Mathematica" ൽ വിവരിച്ചതുപോലെ, 200 വർഷത്തിലേറെയായി അംഗീകരിക്കപ്പെട്ട ഗുരുത്വാകർഷണ സിദ്ധാന്തമായി ഇത് തുടർന്നു.


 എന്നിരുന്നാലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ പൊതു ആപേക്ഷികത (General relativity) എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ സിദ്ധാന്തം വികസിപ്പിച്ചെടുത്തു.  ഐൻസ്റ്റീന്റെ സിദ്ധാന്തമനുസരിച്ച്, ഗുരുത്വാകർഷണം വസ്തുക്കൾ തമ്മിലുള്ള ഒരു ബലമല്ല, മറിച്ച് പിണ്ഡത്തിന്റെയും ഊർജ്ജത്തിന്റെയും സാന്നിധ്യം മൂലമുണ്ടാകുന്ന സ്ഥലത്തിന്റെയും സമയത്തിന്റെയും വക്രതയാണ് (curvature of space and time caused by the presence of mass and energy).  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗ്രഹങ്ങളും നക്ഷത്രങ്ങളും പോലുള്ള കൂറ്റൻ വസ്തുക്കൾ സ്ഥല-സമയത്തിന്റെ (Space-time ) ഘടനയെ വളച്ചൊടിക്കുന്നു, ഇത് മറ്റ് വസ്തുക്കളെ വളഞ്ഞ പാതകളിലൂടെ നീക്കുന്നു എന്നുമാണ്.  തമോഗർത്തങ്ങൾ (Black holes) പോലെയുള്ള  വസ്തുക്കൾക്ക് ചുറ്റും പ്രകാശം വളയുന്നത് പോലെ ന്യൂട്ടന്റെ സിദ്ധാന്തത്തിന് കഴിയാത്ത പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഈ സിദ്ധാന്തത്തിന് കഴിഞ്ഞു.


 ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം ഭൂമിയിലെ വസ്തുക്കളുടെ ചലനം പോലുള്ള ദൈനംദിന പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഇപ്പോഴും ഉപയോഗപ്രദമാണെങ്കിലും, ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട ഗുരുത്വാകർഷണ സിദ്ധാന്തമാണ്.  നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പെരുമാറ്റം മുതൽ പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള ഘടനയും പരിണാമവും വരെ ഇത് വിപുലമായി പരീക്ഷിക്കുകയും വൈവിധ്യമാർന്ന പ്രതിഭാസങ്ങളെ ഇത് കൃത്യമായി വിവരിക്കുകയും ചെയ്യുന്നു.


ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തവും ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും പ്രപഞ്ചത്തിലെ വസ്തുക്കളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ശക്തിയെ മനസ്സിലാക്കുന്നതിനുള്ള രണ്ട് വ്യത്യസ്ത വഴികളെ പ്രതിനിധീകരിക്കുന്നു.  ന്യൂട്ടന്റെ സിദ്ധാന്തം ഇപ്പോഴും ദൈനംദിന ഉപയോഗങ്ങൾക്ക് ഉപയോഗപ്രദമാണെങ്കിലും, ഐൻസ്റ്റീന്റെ സിദ്ധാന്തം ഗുരുത്വാകർഷണത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ ധാരണ നൽകുകയും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത ഒരു സിദ്ധാന്തമാണ്.


ആരോട് യാത്ര പറയേണ്ടൂ

 


ആരോട് യാത്രപറയേണ്ടു ഞാന്‍

മാസങ്ങളാണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍


ആള്‍ത്തിരക്കേറുമീ വാഹനം എന്നെയൊരു

പാഴ്ച്ചുമടായിങ്ങിറക്കിവെക്കെ


എന്നമൃതപാഥേയവും പഴയ ഭാണ്ഡവും

നെഞ്ചോടണച്ചുഞാനിങ്ങു നില്‍ക്കെ


പാതയിതപാരതതന്‍ മധുരമാം ക്ഷണം മാതിരി

പാണികള്‍ നീട്ടി നില്‍ക്കെ


ആരുടെ കരങ്ങളെന്നറിവീല

പുഴയെ നീരാഴിപോലെന്നെ പുണര്‍ന്നുനില്‍ക്കെ


ആരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു


എത്ര സഹയാത്രികര്‍ സമാനഹൃദയര്‍

ജ്ഞാനദു:ഖങ്ങള്‍ തങ്ങളില്‍ പങ്കുവച്ചോര്‍


മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍

കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍


സാമഗീതങ്ങളെ സാധകം ചെയ്തവര്‍

ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍


  മണ്ണിന്‍റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍

വിണ്ണിന്റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍


മുന്നിലൂടവരൊഴുകി നീങ്ങുന്ന കാഴ്ച

ഉള്‍ക്കണ്ണുകളെയിന്നും  നനക്കേ


ഓര്‍മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ

അവയോരോന്നുമുണ്‍മയായ്‌ നില്‍ക്കെ


ആരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു


ആരോട് യാത്രപറയേണ്ടു ഞാന്‍


മൊഴികളുടെയാഴങ്ങളില്‍

പഴമനസ്സുകള്‍ കുഴിച്ചിട്ട നിധിതേടി


വാഴ്വിന്റെ കൈപ്പുനീരും വാറ്റി

മധുരമാക്കുന്ന രസമന്ത്രതന്ത്രം തേടി


ഒരു പൊരുളില്‍ നിന്നപരമാം പൊരുളുദിച്ചു

കതിര്‍ ചൊരിയുന്ന വാക്കിലെ സൂര്യനെത്തേടി


ഒരു പൂവിലെക്കനിതേടി

കനിയിലെത്തരു തേടി


തീയിലെക്കുളിര്‍തേടി

കുളിരിലെ തീ തേടി


അണുവിന്റെ അണുവിലൊരു സൌരയൂഥം തേടി

മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി


തീര്‍ത്ഥ്യരെത്രയോപേരൊത്തലഞ്ഞു തിരിഞ്ഞു

ഏറെഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ


ഇനിയാരോട് യാത്രപറയേണ്ടു ഞാന്‍

എന്തി- നോടാരോട് യാത്രപറയേണ്ടു?


- ഓ എന്‍ വി


പൂവമ്പഴം

 

ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേത്‌ ഒരു വലിയ ജന്മിയുടെ മനയാണ്‌. ഞങ്ങള്‍ അവരെ ആശ്രയിച്ചും സേവിച്ചുമാണു കഴിയുന്നത്‌. ഞങ്ങള്‍ പരസ്‌പരം ഉപകാരികളാണെന്നു പറഞ്ഞാല്‍ ഒരുതരത്തില്‍ ശരിയായിരിക്കും. അവര്‍ യജമാനന്മാരും ഞങ്ങള്‍ ഭൃത്യരും. മനയ്‌ക്കല്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ – പുറന്നാള്‍, ഉണ്ണിയൂണ്‌, വേളി, പിണ്ഡം എന്തെങ്കിലും – അന്നു ഞങ്ങളുടെ വീട്ടില്‍ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാല്‍ മറ്റെവിടെ കൈകൊട്ടിക്കളയുണ്ടായാലും എന്റെ വീട്ടിലെ സ്‌ത്രീകള്‍ മനയ്‌ക്കലേ പോകൂ. ഞങ്ങള്‍ കുട്ടികള്‍, മാമ്പഴമുളള കാലത്തു മനയക്കലേ മാഞ്ചുവട്ടില്‍ മാടംവെച്ചു കളിക്കയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടത്തെ മുറ്റത്തുള്ള മരത്തിലാണു ഞങ്ങള്‍ ഓണക്കാലത്ത്‌ ഊഞ്ഞാലിടാറുളളത്‌. അങ്ങനെ പറയേണ്ട, ആ മന ഞങ്ങള്‍ക്ക്‌ വീട്ടിലും ഉപരിയാണ്‌.

അവിടെ എന്റെ പ്രായത്തിലൊരു ഉണ്ണിയുണ്ടായിരുന്നു – വാസുക്കുട്ടന്‍. ഞങ്ങള്‍ വലിപ്പച്ചെറുപ്പവിചാരമില്ലാത്ത ചങ്ങാതികളായിരുന്നു. പിരിയാത്ത കൂട്ടുകാര്‍. കഷ്‌ടം! ആ ഉണ്ണി മൂന്നുകൊല്ലം മുമ്പു മരിച്ചുപോയി.

അതിന്റെ അമ്മ അതെങ്ങനെ സഹിച്ചോ! ഭര്‍ത്താവു മരിച്ചതില്‍പ്പിന്നെ ആ സ്‌ത്രീയുടെ ആശാകേന്ദ്രം ആ ബാലനായിരുന്നു. പത്തുകൊല്ലക്കാലം ആ വിധവ അനുഭവിച്ച ദുഃഖങ്ങള്‍ക്കിടയ്‌ക്കു കാണാറുള്ള മധുരസ്വപ്‌നങ്ങള്‍ അങ്ങനെ അവസാനിച്ചു, മൂന്നു കൊല്ലങ്ങള്‍ക്കുമുമ്പ്‌.

ആ അന്തര്‍ജനത്തിന്‌ ഇങ്ങനെയൊന്നും വരേണ്ടതല്ല. അവരെ പരിചയമുള്ളവര്‍, അവരുടെ വര്‍ത്തമാനം കേട്ടിട്ടുള്ളവര്‍, ആഗ്രഹിക്കും അവര്‍ക്കു നന്മ വരണമെന്ന്‌. അവരെ ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ ഒരുത്തരും കണ്ണീര്‍ പൊഴിക്കാതിരിക്കയില്ല, അവരുടെ ഇന്നത്തെ നില അറിഞ്ഞാല്‍. എന്താണവര്‍ക്കൊരു സുഖമുള്ളത്‌? എന്തിനാണ്‌ അവര്‍ ഇനി ജീവിച്ചിരിക്കുന്നത്‌?

അവരുടെ പേര്‌ ഉണ്ണിമാ എന്നോ നങ്ങയ്യ എന്നോ ഏതാണ്ടാണ്‌ എന്നാലും അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അവര്‍ക്കു കൊടുത്തിരിക്കുന്നത്‌ ‘പൂവമ്പഴം’ എന്നൊരു പേരാണ്‌. ആക്ഷേപിച്ചു പറയുന്നതല്ല. അവരുടെ മാതൃഗൃഹം പൂവമ്പഴ എന്നൊരു സ്‌ഥലത്താണ്‌. അതില്‍നിന്നിങ്ങനെ ഒരു പേര്‌ പ്രചാരത്തിലായി. അവര്‍ക്കാ പേരാണു ചേരുന്നതും വെളുത്തു ചുവന്നു മെഴുത്തിട്ടാണവര്‍.


മകന്‍ മരിച്ചതില്‍പ്പിന്നെ ഒരിക്കലോ മറ്റോ ആണു ഞാന്‍ അവരെ കണ്ടിട്ടുള്ളത്‌. എനിക്ക്‌ ഏതാണ്ട്‌ പുരുഷപ്രാപ്‌തിയായി; അവര്‍ ഒരു അന്തര്‍ജ്ജനവും.

ഒരു ദിവസം അമ്മ പറഞ്ഞു; “നിന്നെയാണ്ടെടാ പൂവമ്പഴം വിളിക്കുന്നു ആ മതിലുങ്കല്‌.”

ഞാന്‍ ഒരു ഗൃഹപാഠക്കണക്കു ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ വിളിച്ചതു കിണറ്റില്‍പ്പോയ തൊട്ടി എടുത്തു കൊടുക്കാനോ പീടികയില്‍ പോകാനോ വല്ലതുമായിരിക്കും. എനിക്കൊട്ടു രസിച്ചില്ല. എന്റെ വീട്ടുകാരൊക്കെ മനയ്‌ക്കല്‍ വേലക്കാരാണ്‌, ആണുങ്ങളും പെണ്ണുങ്ങളും. ഹൈസ്‌കൂളില്‍ പഠിക്കുന്ന എനിക്ക്‌ അതൊരു കുറവായി തോന്നിയിട്ടുണ്ട്‌. ദാരിദ്ര്യം കൊണ്ടാണ്‌ അവിടെ വീടുപണിക്കു പോകുന്നത്‌. അതുകൊണ്ടു ദാരിദ്ര്യം മാറുന്നുണ്ടോ, ഒട്ടില്ലതാനും. ഗതിപിടിക്കാനുള്ള വഴി നോക്കണമെന്നു വിചാരമില്ല, അന്നത്തെ കഞ്ഞിക്കു മനയ്‌ക്കല്‍നിന്നു കിട്ടുന്നതുകൊണ്ട്‌. കുടുംബത്തോടെയുള്ള ഈ നിത്യദാസ്യത്തിനൊരു മാറ്റം വരണമെന്ന്‌ എനിക്കു മോഹമുണ്ട്‌. ഞാനായിരിക്കും അതിന്റെ മാര്‍ഗ്ഗദര്‍ശി. അവരുടെ മുറ്റം തൂക്കാനും എച്ചിലെടുക്കാനുമൊക്കെ പോകുന്നതിലെത്ര നല്ലതാണ്‌, അഭിമാനമുണ്ട്‌, കൊയ്യാനോ കള പറിക്കാനോ പോയാല്‍. ഞങ്ങളുടെ വീട്ടിലെ ആണുങ്ങള്‍ക്കാണെങ്കില്‍ പറമ്പു കിളയ്‌ക്കാനും കയ്യാലകുത്താനും മനയ്‌ക്കലല്ലാതെ വേറെ വല്ലെടത്തും പോകരുതോ? ഞാന്‍ ഇംഗ്ലീഷ്‌ പഠിക്കുന്നതു മനയ്‌ക്കലാര്‍ക്കും ഇഷ്‌ടമായിരിക്കയില്ല. അവര്‍ക്കു കടയില്‍ പോകാനും കവുങ്ങില്‍ കയറാനും തൊട്ട അയല്‍പക്കത്തു പിന്നെയാരിരിക്കുന്നു?

“പൂവമ്പഴോം പടറ്റുപഴോം!” എന്നു മുറുമുറുത്തുകൊണ്ടു ബുക്കു മടക്കിവച്ചിട്ടു ഞാന്‍ മതിലിങ്കലേക്കു ചെന്നു – ഞങ്ങളുടെ കിഴക്കേതു മനയ്‌ക്കലെ പടിഞ്ഞാറേതും അതിരിന്‌ അവര്‍ കെട്ടിച്ചിരിക്കുന്ന മതിലിങ്കലേക്ക്‌.

“എന്തിനാ വിളിച്ചത്‌?” എന്ന്‌ അകലെവച്ചേ ഞാന്‍ ചോദിച്ചു.

ആ മതിലിന്‌ അവരുടെ അരയോളം പൊക്കമുളെളങ്കിലും അവര്‍ നില്‍ക്കുന്ന പുരയിടം എന്റെ തലയോളം ഉയര്‍ന്നതാണ്‌. അവരൊരു മേല്‍മുണ്ടു പുതച്ചിരുന്നു. അവരുടെ അഴകേറിയ നീണ്ട മുടി അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. അതിനും അറിയാം ഉടയോനില്ലാത്തവരെ വകവയ്‌ക്കെണ്ടെന്ന്‌. ഞാന്‍ ഒരു പതിനഞ്ചടി അകലത്തില്‍ ചെന്നുനിന്നു.

“അപ്പുവിനെ കണ്ടിട്ടെത്ര നാളായി! അവിടെ എന്തെടുക്കുകയായിരുന്നു?”

“ഞാന്‍ ഒരു കണക്കു ചെയ്യുകയായിരുന്നു.”

“ഇന്നു പഠിത്തമില്ലല്ലോ. പിന്നെയെന്താ ധിറുതി?”

“ധിറുതിയൊന്നുമില്ല. എന്താ വേണ്ടത്‌?”

“നീയിങ്ങോട്ടു നടന്നുവന്നപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്റെ വാസുവിന്റെ കാര്യം. അപ്പുവിനെക്കാളൊന്നരമാസത്തെ എളപ്പമേ ഒണ്ടായിരുന്നൊള്ളു.

അവര്‍ മകന്റെ കാര്യം പറഞ്ഞുതുടങ്ങിയാല്‍ കരഞ്ഞേക്കും. ഞാന്‍ എന്തു പറഞ്ഞാണവരെയൊന്നു സമാധാനപ്പെടുത്തുക! ഞാന്‍ ഒന്നു മൂളി.

”ദൈവം നീട്ടിവലിക്കുകയായിരുന്നു.“ അവരുടെ ശബ്‌ദത്തിനിടര്‍ച്ച തോന്നിയില്ലെങ്കിലും നീണ്ടു നീലിച്ച നയനങ്ങള്‍ ശോകം പ്രകടിപ്പിച്ചു.

”നമ്മുടെയും കാര്യം ആര്‍ക്കറിയാം!“

അവരൊന്നു നെടുവീര്‍പ്പിട്ടു.

അല്‌പനേരത്തെ മൗനത്തിനുശേഷം അവര്‍ ചിലതൊക്കെ ചോദിച്ചു. കഞ്ഞിക്കെന്തായിരുന്നു കൂട്ടാന്‍?, ഏതു ക്ലാസിലാ പഠിക്കുന്നത്‌?, ഫീസെത്ര രൂപയാ?‘ക്ലാസിലെത്ര കുട്ടികളുണ്ട്‌? ഇംഗ്ലിഷോ സംസ്‌കൃതമോ പഠിക്കാന്‍ പ്രയാസം? ഇങ്ങനെ പലതും.

”ഞാന്‍ എന്തിനാ വിളിച്ചതെന്നറിഞ്ഞോ? എനിക്ക്‌ ഒരു ഉണ്ടനൂലും തൂശീം മേടിച്ചുതരണം. വണ്ണംകുറഞ്ഞ തൂശി വേണം; തയ്‌ക്കാനാ.“

”മേടിച്ചു തരാമല്ലോ!“

അവര്‍ എന്നെ മതിലിനരികിലേക്കു വിളിച്ചിട്ടു നഗ്നമായ കൈ നീട്ടി ഒരു നാണയം ഇട്ടുതന്നു. ”അതു മതിയാകുമോ? ഇന്നു വേണമെന്നില്ല. നാളെയായാലും മതി. പോയി പഠിച്ചോളൂ. എന്തുകണക്കാ ചെയ്യുന്നത്‌?“

ഇതൊക്കെയാണ്‌ ’കിണ്ണാണം‘ എന്നു പറയുന്നത്‌. അവര്‍ക്കതറിഞ്ഞിട്ടൊരാവശ്യവുമില്ല. അറിഞ്ഞാലൊരു രസവുമില്ല. എന്നാലും ഞാന്‍ പറഞ്ഞുഃ ”സമയവും വേലയും സംബന്ധിച്ച ഒരു കണക്ക്‌.“

”ആ, എനിക്കു വേലയേ ഉള്ളു, സമയമില്ല. എന്നാലും ആ കണക്കൊന്നു പറഞ്ഞേ, കേള്‍ക്കട്ടെ.“

എനിക്കല്‌പം ദേഷ്യം തോന്നാതിരുന്നില്ല. എന്നാലും ഞാന്‍ പറഞ്ഞു. എന്റെ ചെങ്ങാതിയുടെ അമ്മയല്ലേ അവര്‍? ”ജോലി ചെയ്യുന്നതിനു രാമന്‍ കൃഷ്‌ണന്റെ ഇരട്ടി സമര്‍ത്ഥനാണ്‌. രണ്ടുപേരുംകൂടി പത്തുദിവസംകൊണ്ടു ചെയ്യുന്ന ജോലി ഒറ്റയ്‌ക്കു ചെയ്യാന്‍ ഓരോരുത്തര്‍ക്കും എത്ര ദിവസം വീതം വേണം?“

അവര്‍ക്കതു കേട്ടിട്ടു രസം തോന്നി. അതെങ്ങനെ ചെയ്യുമെന്നവര്‍ക്കറിയണം. ഞാന്‍ പറഞ്ഞുകൊടുത്തു. അവര്‍ക്കതു മനസ്സിലായി.

”അപ്പുവിനിതൊക്കെ അറിയാമോ?“ അവര്‍ അഭിനന്ദനരൂപത്തിലൊന്നു ചിരിച്ചു. വിടരുന്ന പനിനീര്‍പ്പൂവിന്റെ ഭംഗിയുള്ളൊരു പുഞ്ചിരി.

ഞാന്‍ സൂചിയും നൂലും ബാക്കി ചക്രവും എന്റെ അനുജന്റെ കൈയില്‍ അവര്‍ക്കു കൊടുത്തയച്ചു.

ഒരാഴ്‌ച കഴിഞ്ഞ്‌ ആ അമ്മ മതിലിങ്കല്‍ വന്ന്‌ എന്നെ വിളിപ്പിച്ചു. അന്നും അവര്‍ക്കൊരു സാധനം വാങ്ങാനുണ്ട്‌. ഒന്നര മുഴം തലയണച്ചീട്ടി.

കാര്യം പറഞ്ഞുതീര്‍ന്നപ്പോള്‍ ഞാന്‍ ചോദിചു. ”പൊയ്‌ക്കോട്ട?“

”ഈ അപ്പുവിനെപ്പോഴും ധിറുതിയാണല്ലോ!“ എന്ന്‌ ആ അന്തര്‍ജനം പറഞ്ഞു. ”ധിറുതിയായിട്ടല്ല“ എന്നു ഞാനും. എനിക്കു മനയ്‌ക്കലുള്ള ആരുടെയും അടുത്ത്‌ അധികനേരം നില്‌ക്കുന്നതിഷ്‌ടമല്ല. അവരുടെ വലിപ്പവും എന്റെ ഇളപ്പവും എന്റെ മനസ്സില്‍ പൊന്തിവരും.

ആ മതിലില്‍ക്കൂടി ഒരണ്ണാന്‍ ഓടിച്ചാടി വന്ന്‌ ’ഛി ഛി ഛി‘ എന്നു പറഞ്ഞു.

”നോയ്‌ക്കേ, എന്തു ഭംഗിയാണെന്ന്‌ ശ്രീരാമസ്വാമി വരച്ചതാ അതിന്റെ പുറത്തെ വര. അപ്പുവിനറിയാമോ ആ കഥ?“

”ദേഹത്തു മണല്‍ പറ്റിച്ച്‌ ചിറയില്‍ കൊണ്ടിട്ടു സഹായിച്ചതിനുള്ള നന്ദി. എനിക്കറിയാം.“ സംഭാഷണമവസാനിപ്പിക്കാന്‍ ഞാന്‍ തിടുക്കംകാണിച്ചു.

”അപ്പുവിനറിയാന്‍ മേലാത്തതൊന്നുമില്ലല്ലോ.“ എന്നു പുഞ്ചിരിയില്‍ പുരട്ടിയ ഒരഭിനന്ദനം.

അവരുടെ മകനുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ അറിയാമായിരുന്നേനെയല്ലോ, എന്നു വിഷാദിക്കയായിരിക്കാം ആ അമ്മ.

പത്തു പതിനഞ്ചു ദിവസം കഴിഞ്ഞു കാണും, പിന്നെയും അവര്‍ എന്നെവിളിച്ചു. അവരുടെ വിളി എന്നില്‍ മുഷിവുണ്ടാക്കിയെങ്കിലും അവര്‍ക്കു മകനില്ലാഞ്ഞിട്ടാണല്ലോ എന്നോര്‍ത്തു ഞാന്‍ ചെന്നു. അന്നവരെനിക്ക്‌ ഒരിലപ്പൊതി സമ്മാനിച്ചു. രണ്ടു നെയ്യപ്പം. അത്‌ അവര്‍ എന്റെ കൈയിലേക്ക്‌ ഇടുകയല്ല വയ്‌ക്കുകയാണു ചെയ്‌തതെന്നു തോന്നുന്നു. ”അപ്പു തിന്നോളു, വീട്ടില്‍ കൊണ്ടുപോകെണ്ട.“

”തിന്നോളാം.“

”എന്നാലാട്ടെ.“

ഞാനതു തിന്നു.

”നല്ലതല്ലേ?“

”അതെ നെയ്യപ്പം പിന്നെ ചീത്തയാണോ?“

അന്നും അവര്‍ വളരെനേരം അതുമിതുമൊക്കെ ചോദിച്ചും പറഞ്ഞും നിന്നു.

പിന്നെയൊരു ദിവസം അവര്‍ മതിലിങ്കല്‍ വിളിച്ച്‌ എന്നോടു ചോദിച്ചു.

”ഈ കൊടിയേന്ന്‌ അഞ്ചാറു വെറ്റ എടുത്തു തരാവോ അപ്പു?“

എന്നെയും അവര്‍ വേലക്കാരനാക്കിയെടുക്കുകയാണെന്നെനിക്കു തോന്നി. ഞാന്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസ്സില്‍ പഠിക്കുകയാണ്‌. പരീക്ഷ ജയിച്ചാല്‍ എനിക്കൊരുദ്യോഗം കിട്ടും. പത്തിരുപതു രൂപാ ശമ്പളം കിട്ടും. പിന്നെ മനയ്‌ക്കല്‍ ഭൃത്യവേലയ്‌ക്കു പോകുകയില്ല. അതുകൊണ്ട്‌ ഇപ്പോഴേ എന്നെക്കൊണ്ടു വേല ചെയ്യിക്കാനാണവരുടെ ശ്രമം. അവരെത്ര നല്ല സ്വഭാവമുള്ളവരാണെങ്കിലും ജന്മിയുടെ കുശുമ്പില്ലാതെ വരുമോ?

”കുഞ്ഞാത്തേരമ്മ മുറുക്കുമോ? പിന്നെയെന്തിനാ വെറ്റില?“

”എനിക്കു മുറുക്കെണ്ട. ഇല്ലത്തു പിന്നെയെല്ലാവരും മുറുക്കുകേല്ലേ? ഞാന്‍ വെറ്റ തിന്നിട്ടു പത്തുപതിമ്മൂന്നു കൊല്ലം കഴിഞ്ഞു. അന്നും പൊകല തിന്നുകേല്ല. കേറാന്‍ മേലെങ്കില്‍ വേണ്ട.“

മേലെങ്കില്‍ വേണ്ട! മേലെന്നു പറയുന്ന പ്രായമല്ല എനിക്ക്‌. ”മേലായ്‌മയൊന്നുമില്ല. ഞാനങ്ങേപ്പറേ വരാം.“

”ഓ, ഇതിലെ ഇങ്ങു കേറിക്കോ.“

”നേരേ വഴിയുള്ളപ്പോള്‍ കയ്യാല കേറുന്നതു മര്യാദയല്ലല്ലോ.“

”അപ്പുവിനു മര്യാദയൊന്നും നോക്കെണ്ട. ഇഷ്‌ടമുള്ളതിലേ കേറാം. ഇതിലേയിങ്ങു കേറിക്കോളൂ.“

ഞാന്‍ നിഷ്‌പ്രയാസം കയ്യാല ചാടിക്കയറി.

”മിടുക്കനാണേ!“ അതിനും അവര്‍ എന്നെ അഭിനന്ദിച്ചു. അവരുടെ മകനുണ്ടായിരുന്നെങ്കില്‍ കയ്യാല ചാടിക്കയറാറായേനെയെന്ന വിഷാദമുണ്ടായിരിക്കാം. അവര്‍ക്ക്‌.

അവരൊരു വാഴക്കൂട്ടത്തിന്റെ മറവില്‍ നിന്നുകൊണ്ടു ഞാന്‍ മരത്തില്‍ കയറുന്നതുനോക്കി. ”കേറാന്‍ മേലെങ്കില്‍ വേണ്ട, കേട്ടോ.“

ഞാന്‍ മുണ്ടിന്റെ താഴത്തെ തുമ്പു രണ്ടും എളിയില്‍ കുത്തി വെറ്റില നുള്ളിനുള്ളി പുറകില്‍ മുണ്ടിനകത്തു നിക്ഷേപിച്ചുതുടങ്ങി. ഞാന്‍ താഴെയിറങ്ങിയപ്പോള്‍ നാലുകെട്ടിന്റെ വരാന്തയില്‍നിന്നുകൊണ്ട്‌ അവര്‍ വിളിച്ചു പറഞ്ഞുഃ ”നല്ല തളിരുവെറ്റില. ഇതു കണ്ടിട്ടൊന്നുമുറുക്കാന്‍ തോന്നുന്നു.“

അടുക്കിത്തീര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞുഃ ”കുറച്ചങ്ങോട്ടെടുത്തോളൂ.“

”എനിക്കെന്തിനാ!“ എന്നു പറഞ്ഞിട്ട്‌ ഞാന്‍ മുറ്റത്തിറങ്ങി.

”അപ്പു ഇന്നലെ കേശവന്റെ കല്യാണത്തിനു പോയിരുന്നോ?“

”പോയിരുന്നു.“

”കേമമായിരുന്നോ? ഒത്തിരിയാളുണ്ടായിരുന്നോ?“

”ഒത്തിരിയുണ്ടായിരുന്നു.“

”എന്തെല്ലാമായിരുന്നു സദ്യവട്ടങ്ങള്‍?“

ഞാന്‍ വിസ്‌തരിച്ചു കേള്‍പ്പിച്ചു. അവര്‍ കൗതുകത്തോടെ കേട്ടു.

”പെണ്ണിനെ ഇന്നലെത്തന്നെ കൊണ്ടുപോന്നോ?“

വര്‍ത്തമാനം കുറെ നീളുന്ന ലക്ഷണമുണ്ട്‌. ഇനി, പെണ്ണിനെ കൊണ്ടു വന്നത്‌ വണ്ടിയിലാണോ? കല്യാണത്തിന്‌ ആരെല്ലാം പോയിരുന്നു? പെണ്ണിന്‌ ആഭരണം ധാരാളമുണ്ടോ? എന്നു തുടങ്ങി നൂറായിരം ചോദ്യം വരും. അതിനൊക്കെ മറുപടി പറയാന്‍ നിന്നാല്‍ നേരം സന്ധ്യയാകും. അതുകൊണ്ട്‌ ഇതങ്ങവസാനിപ്പിക്കണം. ഒഴുക്കന്‍ മട്ടില്‍ മറുപടി പറയുന്നതാണതിനു വഴി.

”ഉം.“

”പെണ്ണു മിടുക്കിയാണോ?“

”ഉം.“

”അതെങ്ങനെയാ അപ്പു അറിഞ്ഞത്‌?“

”കണ്ടിട്ടങ്ങനെ തോന്നി.“

”കണ്ടാല്‍ നല്ല പെണ്ണാണോ?“

”ഉം.“

”എന്താ നെറം?“

”ഇരുനിറം.“

”എന്റെ നിറമാണോ?“

”ഉം.“

”എന്നെക്കാള്‍ വെളുത്തതാണോ?“

”ഉം.“

”അതാണോ ഇരുനിറം? പെണ്ണിനെന്തു പ്രായമൊണ്ട്‌?“

”ഒരുവിധം.“

”ഒരുവിധം -“ അവരൊന്നു ചിരിച്ചു.

”അല്ലല്ല. ഞാന്‍ വേറെ ഏതാണ്ടോര്‍ത്തുപോയി. പത്തിരുപതു വയസ്സുവരും.“

”വേറെ എന്താ ഓര്‍ത്തത്‌?“

”ഒന്നുമില്ല.“

”അതല്ല.“

”പെണ്ണുവീട്ടുകാരുടെ സ്വത്തിന്റെ കാര്യം. ഒരുവിധം സ്വത്തൊണ്ട്‌.“

”ഇരുപതു വയസ്സായോ? ചെറുക്കനെത്ര വയസ്സാ?“

”അതില്‍ കൂടുതലൊണ്ട്‌.“

ആ അമ്മ ചിരിച്ചു. ”അങ്ങനെയല്ലേ നമ്മുടെ നാട്ടില്‍ പതിവ്‌. വെള്ളക്കാര്‍ക്കങ്ങനെയല്ലപോലും!“

അടുക്കളയില്‍നിന്നു പുറത്തിറങ്ങാത്ത അന്തര്‍ജ്ജനം വെള്ളക്കാരന്റെ കാര്യത്തിലേക്കു കടന്നിരിക്കുന്നു. ലോകം മുഴുവന്‍ ചുറ്റുന്ന മട്ടുണ്ട്‌. എന്നാലും അവരെ നിഷേധിക്കാമോ? അവര്‍ക്കു മകനില്ല; ഭര്‍ത്താവില്ല സാധു!

”ഉം!“

”അപ്പുവിനു പതിനെട്ടു വയസ്സായി; ഇല്ലേ?“

”ഉം.“

”എന്നെ വേളി കഴിച്ചത്‌ പതിമ്മൂന്നു വയസ്സിലാ. ഈ മകരത്തില്‍ ഇരുപതുകൊല്ലമാകും.“

”ഉം.“

”അദ്ദേഹത്തിനന്നു പതിനെട്ടു വയസ്സായിരുന്നു.“

”ഉം.“

അവര്‍ മുറിക്കകത്തു കതകിന്റെ ഒരു പാളിയില്‍ മാറിടം കൊള്ളിച്ചു നില്‌ക്കുകയാണ്‌. അവരുടെ കഴുത്തിലൊരു മുണ്ടുള്ളത്‌ ഒരു കയറുപോലെ കിടക്കുകയാണ്‌. അതിന്റെ രണ്ടു തലയും പുറകോട്ടായിരിന്നു. അവരുടെ കഴുത്തില്‍ താലിയില്ലെന്നുള്ള വസ്‌തുത മറയ്‌ക്കാന്‍ മാത്രം പറ്റിയിരുന്നു ആ മുണ്ട്‌.

ഞങ്ങളുടെ വീട്ടിലെ ചക്കിപ്പൂച്ചയും ഞങ്ങളോടുകൂടി. പടിയില്‍ എനിക്കഭിമുഖമായിട്ട്‌ ആ സുന്ദരിപ്പൂച്ച വന്നിരിപ്പുപിടിച്ചു. ഞങ്ങളുടെ വര്‍ത്തമാനം അതിനു രസിച്ചെന്നു തോന്നുന്നു.

”എന്തു ഭംഗിയുള്ള പൂച്ച!“ ആത്തേരമ്മ പറയുകയാണ്‌. ”പക്ഷേ ഇതു വല്ലാത്തതാണ്‌. രാത്രി എന്റെകൂടെയാ കിടപ്പ്‌. ഞാനറിയാതെ വന്ന്‌ എന്റെ കൈക്കൂട്ടില്‍ പറ്റിപ്പിടിച്ചു കിടക്കും.“

”അതിനറിയാം കുഞ്ഞാത്തോരമ്മയ്‌ക്കതിനോടിഷ്‌ടമുണ്ടെന്ന്‌. ചൂടുപറ്റി സുഖത്തിനങ്ങു കിടക്കും.“

അവര്‍ എന്റെ നേരെയൊന്നു നോക്കി. തുളച്ചു കയറുന്ന ഒരു നോട്ടം. അവരുടെ മുഖം കതകിന്റെ മറവിലേക്കൊന്നു മാറുകയും ചെയ്‌തു.

”ഞാന്‍ പോകുന്നേ“ എന്നു പറഞ്ഞിട്ടു നാലുകെട്ടു ചുറ്റി പടിപ്പുര കടന്ന്‌ ഞാന്‍ വീട്ടിലേക്കു പോന്നു.

പിന്നെ ഞാനവരെക്കാണാന്‍ പോയില്ല. എന്നെ വിളിക്കുമ്പോള്‍ ഞാന്‍ പറയും, ” അവര്‍ക്കു ജോലിയൊന്നുമില്ല. ഞാനിവിടെയില്ലെന്നു പറഞ്ഞേരെ,“ എന്ന്‌.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ’പൂവമ്പഴ‘ത്തിനെന്തോ സുഖക്കേടാണെന്നു വീട്ടിലാരോ പറയുന്നതു കേട്ടു.

ആയിടെ അവിടത്തെ നമ്പൂതിരി മൂന്നാമതൊരന്തര്‍ജ്ജനത്തേക്കൂടി വേളി കഴിക്കയുണ്ടായി. അതിന്റെ ’കുടിവയ്‌പ്‌‘ അത്ര കേമമായിരുന്നില്ലെങ്കിലും ഞങ്ങള്‍ക്കു സദ്യയുണ്ടായിരുന്നു. ഞാന്‍ ഊണു കഴിഞ്ഞപ്പോള്‍ ’പൂമ്പഴം‘ എന്നെ വിളിപ്പിച്ചു. അവര്‍ക്കു സുഖമില്ലാതിരിക്കല്ലേ? വല്ല വരുന്നും വാങ്ങിക്കൊണ്ടുവരാനായിരിക്കാം. അവര്‍ക്കു മക്കളില്ലല്ലോ. ഞാന്‍ പുറകുവശത്തു മുറ്റത്തു ചെന്നുനിന്നു. അവര്‍ മുറിക്കകത്തു വാതില്‌ക്കല്‍ ഇരുന്നു. അവരുടെ നീണ്ട മുടി മുറിച്ചുകളഞ്ഞിരിക്കുന്നു. കവിളെല്ലുകള്‍ തള്ളിനില്‌ക്കുന്നു. കണ്ണിന്റെ പ്രകാശത്തെ നിരാശത കവര്‍ന്നിരിക്കുന്നു. പുരികത്തിന്റെ മാത്രം ഭംഗി ശേഷിച്ചിട്ടുണ്ട്‌. ക്ഷീണിച്ച സ്വരത്തില്‍ അവര്‍ ചോദിച്ചു.

”ഉണ്ടോ?“

”ഉണ്ടു.“

”സദ്യ നന്നായോ?“

”ഉം.“

”എനിക്കൊന്നും കഴിക്കാന്‍ മേല, ഒന്നും വേണ്ടാതാനും.“

”ഉം.“

”ഇനി ഇവിടെ ആദ്യമുണ്ടാകുന്ന സദ്യ ഒരു പിണ്ഡമായിരിക്കും.“

”….ഉം?“

”അതെ, അപ്പു അതെ.“

”എന്താ അങ്ങനെ പറയുന്നത്‌ കുഞ്ഞാത്തേരമ്മ?“

”…കുഞ്ഞാത്തേരമ്മ!“

………

അവരൊന്നു ചിരിക്കാന്‍ പണിപ്പെട്ടു.

അമിതമായ സമ്പത്ത്‌

അനല്‌പമായ സൗന്ദര്യം.

നല്ല പ്രായം….

ഞാന്‍ മരവിച്ചു നിന്നുപോയി. എന്റെ വീതത്തിനു ഞാനും അവരെ വേദനിപ്പിച്ചുകാണുമോ?

”അപ്പു പൊയ്‌ക്കൊള്ളൂ.“

അവര്‍ കതകടച്ചുകളഞ്ഞു.


-കാരൂര്‍


പ്രപഞ്ചത്തിൻ്റെ പരിധികൾ / 𝐋𝐢𝐦𝐢𝐭𝐬 𝐨𝐟 𝐭𝐡𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞

 

പ്രപഞ്ചം വളരേ വിശാലമാണ്! അതുകൊണ്ടാണ് നാമതിൽ അനേകമനേകം സാധ്യതകൾ പ്രതീക്ഷിക്കുന്നതും!


മുൻപ്, 𝐁𝐥𝐚𝐜𝐤𝐡𝐨𝐥𝐞, 𝐍𝐮𝐞𝐭𝐫𝐨𝐧 𝐬𝐭𝐚𝐫, 𝐖𝐡𝐢𝐭𝐞 𝐃𝐰𝐚𝐫𝐟 എന്ന് തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങൾ നിലനിൽക്കാനുള്ള സാധ്യതയുടെ കാര്യത്തിലും, ഇപ്പോൾ ഭൗമേതര ജീവൻ്റെ കാര്യത്തിലായാലും!


എന്നാൽ, ഈ മഹാപ്രപഞ്ചത്തിനും ചില പരിധികളുണ്ട്! അവയിൽ ചിലത് നമുക്ക് പരിശോധിക്കാം!


🌡️ഏതെങ്കിലും ഒരു വസ്തുവിനെ 𝟎 𝐊𝐞𝐥𝐯𝐢𝐧-ലും താഴേക്ക് തണുപ്പിക്കാൻ സാധ്യമല്ല! അതായത്, അതിനേക്കാൾ താഴ്ന്ന താപനില എന്നൊന്ന് ഇല്ല! ഇതാണ് 𝐌𝐢𝐧𝐢𝐦𝐮𝐦 𝐩𝐨𝐬𝐬𝐢𝐛𝐥𝐞 𝐭𝐞𝐦𝐩𝐞𝐫𝐚𝐭𝐮𝐫𝐞 𝐢𝐧 𝐭𝐡𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞!


ഈ 𝐀𝐛𝐬𝐨𝐥𝐮𝐭𝐞 𝐳𝐞𝐫𝐨-യിൽ (−𝟐𝟕𝟑.𝟏𝟓°𝐂), ആറ്റങ്ങളുടെ ചലനം 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 പൂർണമായും നിലക്കും. 𝐀𝐛𝐬𝐨𝐥𝐮𝐭𝐞 𝐳𝐞𝐫𝐨-യിൽ എത്താൻ കഴിയുമോ എന്നത് മറ്റൊരു ചോദ്യമാണ്, എങ്കിലും അതിന് വളരേയടുത്ത താപനില സാധ്യമാണ്.


🌡️ അതുപോലെ ഒരു വസ്തുവിനെ ഒരു പരിധിയിൽ കൂടുതൽ ചൂടാക്കാനും പ്രപഞ്ചത്തിൽ അനുവാദമില്ല! അതുകൊണ്ട് 𝟏.𝟒𝟏𝟔𝟖𝟎𝟖×𝟏𝟎³² 𝐊𝐞𝐥𝐯𝐢𝐧-നേക്കാൾ (𝐏𝐥𝐚𝐧𝐜𝐤 𝐭𝐞𝐦𝐩𝐞𝐫𝐚𝐭𝐮𝐫𝐞) കൂടിയ താപമുള്ള ഒരു അവസ്ഥയും നിലവിലെ അറിവനുസരിച്ച്, നിലനിൽക്കാൻ സാധ്യതയില്ല!


നമുക്ക് ഇന്നറിയാവുന്ന ഭൗതികശാസ്ത്ര നിയമങ്ങൾ ഈ താപനിലക്ക് മുകളിൽ തകരും! കാരണം, ഈ താപനിലക്ക് മുകളിൽ 𝐐𝐮𝐚𝐧𝐭𝐮𝐦 𝐠𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐞𝐟𝐟𝐞𝐜𝐭𝐬-നാണു പ്രാധാന്യം! ഇത് വിവരിക്കാനായി, ഇതുവരെ പൂർത്തിയാകാത്ത '𝐐𝐮𝐚𝐧𝐭𝐮𝐦 𝐠𝐫𝐚𝐯𝐢𝐭𝐲' 𝐭𝐡𝐞𝐨𝐫𝐲 ആവശ്യമായി വരും! 𝐁𝐢𝐠𝐛𝐚𝐧𝐠 നടന്നതിന് തൊട്ടുപിന്നാലെ ഈ അവസ്ഥ നിലനിന്നിരിക്കണം.


സമയത്തിൻ്റേയും നീളത്തിൻ്റേയും കാര്യത്തിലുമുണ്ട് ഇതുപോലുള്ള വിലക്കുകൾ


📏പ്രപഞ്ചത്തിൽ ആളക്കാവുന്ന ഏറ്റവും ചെറിയ ദൂരത്തിനുമുണ്ട് ഒരു പരിധി! 𝐏𝐥𝐚𝐧𝐜𝐤 𝐥𝐞𝐧𝐠𝐭𝐡 എന്ന 𝟏.𝟔𝟏𝟔𝟐𝟓𝟓×𝟏𝟎⁻³⁵ മീറ്റർ ദൂരം!


എന്തുകൊണ്ടെന്നാൽ, ഈ പരിധിക്കുള്ളിൽ, 𝐆𝐫𝐚𝐯𝐢𝐭𝐲, 𝐒𝐩𝐚𝐜𝐞-𝐭𝐢𝐦𝐞 പോലുള്ള 𝐂𝐥𝐚𝐬𝐬𝐢𝐜𝐚𝐥 𝐜𝐨𝐧𝐜𝐞𝐩𝐭𝐬 പ്രയോഗിക്കാൻ സാധ്യമല്ല! ഇവിടെ 𝐐𝐮𝐚𝐧𝐭𝐮𝐦 𝐞𝐟𝐟𝐞𝐜𝐭𝐬 ആണ് എപ്പോഴും 𝐃𝐨𝐦𝐢𝐧𝐚𝐭𝐞 ചെയ്യുക. ഇതിനുള്ളിൽ 𝐒𝐩𝐚𝐜𝐞-𝐭𝐢𝐦𝐞-ൻ്റെ ഘടന, 𝐐𝐮𝐚𝐧𝐭𝐮𝐦 𝐮𝐧𝐜𝐞𝐫𝐭𝐚𝐢𝐧𝐭𝐲 കാരണം 𝐐𝐮𝐚𝐧𝐭𝐮𝐦 𝐟𝐥𝐮𝐜𝐭𝐮𝐚𝐭𝐢𝐨𝐧 𝐨𝐫 𝐟𝐨𝐚𝐦𝐲 (𝐀 𝐭𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥 𝐜𝐨𝐧𝐜𝐞𝐩𝐭) രൂപത്തിലാകും (𝐐𝐆)!


🕔 അതുപോലെ, 𝟓.𝟑𝟗×𝟏𝟎⁻⁴⁴ സെക്കൻ്റ് എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്തെങ്കിലും സംഭവമോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧 കൈമാറ്റമോ നടക്കില്ല!


ഈ 𝐏𝐥𝐚𝐧𝐜𝐤 𝐭𝐢𝐦𝐞 ആണ് സമയത്തിൻ്റെ ഏറ്റവും ചെറിയ 𝐌𝐞𝐚𝐧𝐢𝐧𝐠𝐟𝐮𝐥 𝐮𝐧𝐢𝐭! പ്രകാശം ശൂന്യതയിൽ ഒരു 𝐏𝐥𝐚𝐧𝐜𝐤 𝐥𝐞𝐧𝐠𝐭𝐡 സഞ്ചരിക്കാൻ എടുക്കുന്ന സമയമാണിത്!


🚀 𝐓𝐡𝐨𝐫𝐲 𝐨𝐟 𝐑𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 അനുസരിച്ചാണെങ്കിൽ, 'പ്രകാശവേഗത' എന്ന 𝐂𝐨𝐬𝐦𝐢𝐜 𝐬𝐩𝐞𝐞𝐝 𝐥𝐢𝐦𝐢𝐭 ആയ 𝟐𝟗,𝟗𝟕,𝟗𝟐,𝟒𝟓𝟖 𝐦𝐞𝐭𝐞𝐫/𝐬𝐞𝐜𝐨𝐧𝐝 എന്നതും വേഗതയുടെ പരിധിയായി കാണാം!


Friday, September 27, 2024

പക്ഷിയുടെ മണം


കല്‍ക്കത്തയില്‍ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്‌: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്‌. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട്‌ ഞങ്ങളുടെ ഓഫീസിലേക്ക്‌ വരിക.'

ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത്‌ ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല്‌ ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന്‌ വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.


`..ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്‌ട്രീസ്‌ ഏതു നിലയിലാണ്‌?'

`ഒന്നാം നിലയിലാണെന്നു തോന്നുന്നു'. അയാള്‍ പറഞ്ഞു. എല്ലാ കണ്ണുകളും തന്റെ മുഖത്തു പതിക്കുന്നെന്നു അവള്‍ക്ക്‌ തോന്നി. ഛേയ,്‌ വരേണ്ടിയിരുന്നില്ല. വിയര്‍പ്പില്‍ മുങ്ങിക്കൊണ്ടുനില്‍ക്കുന്ന ഈ ആണുങ്ങളുടെ ഇടയില്‍ താനെന്തിനു വന്നെത്തി.? ആയിരം ഉറുപ്പിക കിട്ടുമെങ്കില്‍ത്തന്നെയും തനിക്ക്‌ ഈ കെട്ടിടത്തിലേക്കു ദിവസേന ജോലി ചെയ്യാന്‍ വരാന്‍ വയ്യ.... പക്ഷേ, പെട്ടെന്നു മടങ്ങിപ്പോകാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

അവളുടെ ഊഴമായി. ലിഫ്‌ടില്‍ കയറി, അടുത്തുനില്‍ക്കുന്നവരുടെ ദേഹങ്ങളില്‍ തൊടാതിരിക്കുവാന്‍ ക്ലേശിച്ചുകൊണ്ട്‌ ഒരു മൂലയില്‍ ഒതുങ്ങി നിന്നു.

ഒന്നാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചുറ്റും കണ്ണോടിച്ചു. നാലുഭാഗത്തേക്കും നീണ്ടുകിടക്കുന്ന വരാന്തയില്‍നിന്ന്‌ ഓരോ മുറികളിലേക്കായി വലിയ വാതിലുകളുമുണ്ടായിരുന്നു, വാതിലിന്‍െറ പുറത്ത്‌ ഓരോ ബോര്‍ഡും.

`ഇറക്കുമതിയും കയറ്റുമതിയും', `വൈന്‍ കച്ചവടം' അങ്ങനെ പല ബോര്‍ഡുകളും. പക്ഷേ, എത്ര നടന്നിട്ടും താന്‍ അന്വേഷിച്ചിറങ്ങുന്ന ബോര്‍ഡ്‌ അവള്‍ കണ്ടെത്തിയില്ല. അപ്പോഴേക്കും അവളുടെ കൈത്തലങ്ങള്‍ വിയര്‍ത്തിരുന്നു. ഒരു മുറിയില്‍ നിന്ന്‌ പെട്ടെന്ന്‌ പുറത്തു കടന്ന ഒരാളോട്‌ അവള്‍ ചോദിച്ചു: `....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണ്‌?

അയാള്‍ അവളെ തന്റെ ഇടുങ്ങിയ ചുവന്ന കണ്ണുകള്‍ കൊണ്ട്‌ ആപാദചൂഢം പരിശോധിച്ചു. എന്നിട്ടു പറഞ്ഞു. `എനിക്ക്‌ അറിയില്ല. പക്ഷേ, എന്റെ കൂടെ വന്നാല്‍ ഞാന്‍ ശിപായിയോടു അന്വേഷിച്ച്‌ സ്ഥലം മനസ്സിലാക്കിത്തരാം.'

അയാള്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഒരു മധ്യവയസ്‌കന്‍. അയാളുടെ കൈനഖങ്ങളില്‍ ചളിയുണ്ടായിരുന്നു. അതു കണ്ടിട്ടോ എന്തോ, അവള്‍ക്ക്‌ അയാളുടെ കൂടെ പോകാന്‍ തോന്നിയില്ല. അവള്‍ പറഞ്ഞു:

`നന്ദി , ഞാന്‍ ഇവിടെ അന്വേഷിച്ചു മനസ്സിലാക്കിക്കൊള്ളാം.'

അവള്‍ ധൃതിയില്‍ നടന്ന്‌ ഒരു മൂലതിരിഞ്ഞു മറ്റൊരു വരാന്തയിലെത്തി. അവിടെയും അടച്ചിട്ട വലിയ വാതിലുകള്‍ അവള്‍ കണ്ടു. കു.dying എന്ന്‌ എഴുതിത്തൂക്കിയിരുന്നു. സ്‌പെല്ലിങ്ങിന്റെ തെറ്റുകണ്ട്‌ അവള്‍ക്ക്‌ ചിരിവന്നു. `തുണിക്കു ചായം കൊടുക്കുന്നതിനു പകരം ഇവിടെ മരണമാണോ നടക്കുന്നത്‌? ഏതായാലും അവിടെ ചോദിച്ചു നോക്കാമെന്നു ഉദ്ദേശിച്ച്‌ അവള്‍ വാതില്‍ തള്ളിത്തുറന്നു. അകത്ത്‌ ഒഴിഞ്ഞു കിടക്കുന്ന ഒരു വലിയ തളമാണ്‌ അവള്‍ കണ്ടത്‌. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും. അത്രതന്നെ, ഒരാളുമില്ല അവിടെയെങ്ങും. അവള്‍ വിളിച്ചു ചോദിച്ചു:

`ഇവിടെ ആരുമില്ലേ?'

അകത്തെ മുറികളിലേക്കുള്ള വാതിലുകളുടെ തിരശ്ശീലകള്‍ മെല്ലെയൊന്ന്‌ ആടി. അത്രതന്നെ. അവള്‍ ധൈര്യമവലംബിച്ച്‌, മുറിക്ക്‌ നടുവിലുള്ള കസാലയില്‍പോയിരുന്നു. അല്‍പ്പം വിശ്രമിക്കാതെ ഒരൊറ്റയടി നടക്കുവാന്‍ കഴിയില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. മുകളില്‍ പങ്ക തിരിഞ്ഞുകൊണ്ടിരുന്നു. ഇതെന്തൊരു ഓഫീസാണ്‌? അവള്‍ അത്ഭുതപ്പെട്ടു. വാതിലും തുറന്നുവച്ച്‌, പങ്കയും ചലിപ്പിച്ച്‌, ഇവിടെയുള്ളവരെല്ലാവരും എങ്ങോട്ടുപോയി.

തുണിക്കു നിറം കൊടുക്കുന്നവരായതുകൊണ്ട്‌ ഇവര്‍ക്ക്‌ താന്‍ അന്വേഷിക്കുന്ന ഓഫീസ്‌ എവിടെയാണെന്ന്‌ അറിയാതിരിക്കില്ല. അവള്‍ കൈസഞ്ചി തുറന്ന്‌, കണ്ണാടിയെടുത്ത്‌ മുഖം പരിശോധിച്ചു. കാണാന്‍ യോഗ്യത ഉണ്ടെന്നു തന്നെ തീര്‍ച്ചയാക്കി. എണ്ണൂറുറുപ്പിക ആവശ്യപ്പെട്ടാലോ? തന്നെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയെ അവര്‍ക്കു കിട്ടുന്നതു ഭാഗ്യമായിരിക്കും. പഠിപ്പ്‌ ഉണ്ട്‌, പദവിയുണ്ട്‌, പുറം രാജ്യങ്ങളില്‍ സഞ്ചരിച്ച്‌ ലോകപരിചയം നേടിയിട്ടുണ്ട്‌....

അവള്‍ ഒരു കുപ്പിയുടെ കോര്‍ക്ക്‌ വലിച്ചു തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണ്‌ ഞെട്ടി ഉണര്‍ന്നത്‌. ഛേ, താനെന്തൊരു വിഡ്‌ഢിയാണ്‌. ഒട്ടും പരിചയമില്ലാത്ത സ്ഥലത്തിരുന്ന്‌ ഉറങ്ങുകയോ? അവള്‍ കണ്ണുകള്‍ തിരുമ്മി. ചുറ്റും നോക്കി. അവളുടെ എതിര്‍വശത്ത്‌ ഒരു കസാലയില്‍ ഇരുന്നുകൊണ്ട്‌ ഒരു ചെറുപ്പക്കാരന്‍ സോഡയില്‍ വിസ്‌കി ഒഴിക്കുകയായിരുന്നു. അയാളുടെ ബുഷ്‌ ഷര്‍ട്ട്‌ വെള്ളനിറത്തിലുള്ള ടെറിലിന്‍കൊണ്ട്‌ ഉണ്ടാക്കിയതായിരുന്നു. അയാളുടെ കൈവിരലുകളുടെ മുകള്‍ഭാഗത്ത്‌ കനത്ത രോമങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ശക്തങ്ങളായ ആ കൈവിരലുകള്‍ കണ്ട്‌ അവള്‍ പെട്ടെന്ന്‌ പരിഭ്രമിച്ചു. താനെന്തിനു വന്നു ഈ ചെകുത്താന്റെ വീട്ടില്‍.

`അയാള്‍ തലയുയര്‍ത്തി അവളെ നോക്കി. അയാളുടെ മുഖം ഒരു കുതിരയുടേതെന്നപോലെ നീണ്ടതായിരുന്നു. അയാള്‍ ചോദിച്ചു: `ഉറക്കം സുഖമായോ?'

എന്നിട്ട്‌ അവളുടെ മറുപടി കേള്‍ക്കാന്‍ ശ്രദ്ധിക്കാതെ ഗ്ലാസ്സ്‌ ഉയര്‍ത്തി, അതിലെ പാനീയം മുഴുവനും കുടിച്ചു തീര്‍ത്തു.

`ദാഹിക്കുന്നുണ്ടോ? അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടി'.

`....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണെന്ന്‌ അറിയുമോ? നിങ്ങള്‍ക്ക്‌ അറിയുമായിരിക്കുമെന്ന്‌ എനിക്കു തോന്നി. നിങ്ങള്‍ തുണികള്‍ക്കു നിറം കൊടുക്കുന്നവരാണല്ലോ.' അവള്‍ പറഞ്ഞു. എന്നിട്ട്‌ ഒരു മര്യാദച്ചിരി ചിരിച്ചു. അയാള്‍ ചിരിച്ചില്ല. അയാള്‍ വീണ്ടും വിസ്‌കി ഗ്ലാസ്സില്‍ ഒഴിച്ചു. സോഡകലര്‍ത്തി. എത്രയോ സമയം കിടക്കുന്നു. വര്‍ത്തമാനങ്ങള്‍ പറയുവാനും മറ്റും എന്ന നാട്യമായിരുന്നു അയാളുടേത്‌.

അവള്‍ ചോദിച്ചു: `നിങ്ങള്‍ അറിയില്ലേ?' അവള്‍ അക്ഷമയായിക്കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടന്ന്‌, വീട്ടിലേക്കു മടങ്ങിയാല്‍ മതിയെന്നുകൂടി അവള്‍ക്കു തോന്നി.

അയാള്‍ പെട്ടെന്നു ചിരിച്ചു. വളരെ മെലിഞ്ഞ ചുണ്ടുകളായിരുന്നു അയാളുടേത്‌. അവ ആ ചിരിയില്‍ വൈരൂപ്യം കലര്‍ത്തി.

`എന്താണ്‌ തിരക്ക്‌? അയാള്‍ ചോദിച്ചു: `നേരം പതിനൊന്നേ മൂക്കാലേ ആയിട്ടുള്ളൂ.'

അവള്‍ വാതില്‌ക്കലേക്കു നടന്നു.

`നിങ്ങള്‍ക്കറിയുമെന്ന്‌ ഞാന്‍ ആശിച്ചു.' അവള്‍ പറഞ്ഞു: `നിങ്ങളും തുണിക്കച്ചവടവുമായിട്ട്‌ ബന്ധമുള്ള ഒരാളാണല്ലോ.'

`എന്തു ബന്ധം? ഞങ്ങള്‍ തുണിയില്‍ ചായം ചേര്‍ക്കുന്നവരല്ല. ബോര്‍ഡ്‌ വായിച്ചില്ലേ ഉ്യശിഴ എന്ന്‌.'

`അപ്പോള്‍....?

`ആ അര്‍ത്ഥം തന്നെ. മരിക്കുക എന്നു കേട്ടിട്ടില്ലേ? സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കും ഞങ്ങള്‍.'

അയാള്‍ കസാലയില്‍ ചാരിക്കിടന്ന്‌ കണ്ണുകളിറുക്കി, അവളെ നോക്കി ചിരിച്ചു. പെട്ടെന്ന്‌ ആ വെളുത്ത പുഞ്ചിരി തന്‍െറ കണ്ണുകളിലാകെ വ്യാപിച്ചപോലെ അവള്‍ക്കു തോന്നി. അവളുടെ കാലുകള്‍ വിറച്ചു.

അവള്‍ വാതില്‍ക്കലേക്ക്‌ ഓടി. പക്ഷേ, വാതില്‍ തുറക്കുവാന്‍ അവളുടെ വിയര്‍ത്ത കൈകള്‍ക്ക്‌ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു.

`ദയവുചെയ്‌ത്‌ ഇതൊന്ന്‌ തുറന്നുതരൂ.' അവള്‍ പറഞ്ഞു: `എനിക്ക്‌ വീട്ടിലേക്ക്‌ പോവണം. എന്റെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും.' അയാള്‍ തന്റെ വാക്കുകള്‍ കേട്ട്‌, ക്രൂര ചിന്തകള്‍ ഉപേക്ഷിച്ച്‌, തന്നെ സഹായിക്കാന്‍ വരുമെന്ന്‌ അവള്‍ ആശിച്ചു.

`ദയവുചെയ്‌ത്‌ തുറക്കൂ.' അവള്‍ വീണ്ടും യാചിച്ചു. അയാള്‍ വീണ്ടും വീണ്ടും വിസ്‌കി കുടിച്ചു. വീണ്ടും വീണ്ടും അവളെ നോക്കി ചിരിച്ചു.

അവള്‍ വാതില്‌ക്കല്‍ മുട്ടിത്തുടങ്ങി: `അയ്യോ എന്നെ ചതിക്കുകയാണോ? അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു: `ഞാന്‍ എന്തു കുറ്റമാണ്‌ ചെയ്‌തിട്ടുള്ളത്‌?'

അവളുടെ തേങ്ങല്‍ കുറച്ചുനിമിഷങ്ങള്‍ക്കുശേഷം അവസാനിച്ചു. അവള്‍ ക്ഷീണിച്ചു തളര്‍ന്ന്‌ വാതിലിന്റെയടുത്ത്‌ വെറും നിലത്തു വീണു.

അയാള്‍ യാതൊരു കാഠിന്യവുമില്ലാത്ത ഒരു മൃദുസ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ ചില വാക്കുകള്‍ മാത്രം കേട്ടു:

`....പണ്ട്‌ എന്റെ കിടപ്പു മുറിയില്‍, തണുപ്പു കാലത്ത്‌ ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്‍ന്ന തവിട്ടു നിറം. നിന്റെ സാരിയുടെ നിറം. അത്‌ ജനവാതിലിന്റെ ചില്ലിന്മേല്‍ കൊക്കുകൊണ്ട്‌ തട്ടിനോക്കി. ചില്ല്‌ പൊട്ടിക്കുവാന്‍ ചിറകുകള്‍ കൊണ്ടും തട്ടി. അത്‌ എത്ര ക്ലേശിച്ചു! എന്നിട്ട്‌ എന്തുണ്ടായി? അത്‌ ക്ഷീണിച്ചു നിലത്തുവീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിയരച്ചു കളഞ്ഞു.'

പിന്നീടു കുറേ നിമിഷങ്ങള്‍ നീണ്ടുനിന്ന മൗനത്തിനുശേഷം അയാള്‍ ചോദിച്ചു: `നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്‌?'

അവള്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കി. പക്ഷെ, ഒന്നും പറയുവാന്‍ നാവുയര്‍ന്നില്ല. പറയുവാന്‍ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്റെ മണം, അല്ല, മരണത്തിന്റെ വിവിധ മണങ്ങള്‍ തന്നെപ്പോലെ ആര്‍ക്കാണ്‌ അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം.... ഇരുട്ടുപിടിച്ച ഒരു ചെറിയ മുറിയില്‍ വെറും നിലത്തിട്ട കിടക്കയില്‍ കിടന്നുകൊണ്ട്‌ അവളുടെ അമ്മ യാതൊരു അന്തസ്സും കലരാത്ത സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: `എനിക്കു വയ്യാ മോളേ... വേദനയൊന്നൂല്യ....ന്നാലും വയ്യ.....'

അമ്മയുടെ കാലിന്മേല്‍ ഉണ്ടായിരുന്ന വ്രണങ്ങളില്‍ വെളുത്തു തടിച്ച പുഴുക്കള്‍ ഇളകിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മ പറഞ്ഞു: `വേദനയില്യ....'

പിന്നീട്‌ അച്ഛന്‍. പ്രമേഹരോഗിയായ അച്ഛന്‌ പെട്ടെന്ന്‌ തളര്‍ച്ച വന്നപ്പോള്‍, ആ മുറിയില്‍ പഴത്തോട്ടങ്ങളില്‍ നിന്നു വരുന്ന ഒരു കാറ്റു വന്നെത്തിയെന്ന്‌ അവള്‍ക്കു തോന്നി. അങ്ങനെ മധുരമായിരുന്നു ആ മുറിയില്‍ പരന്ന മണം... അതും മരണമായിരുന്നു....

അതൊക്കെ പറയണമെന്ന്‌ അവള്‍ക്ക്‌ തോന്നി. പക്ഷേ, നാവിന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു.

മുറിയുടെ നടുവില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു:

`നിനക്ക്‌ അറിയില്ല, ഉവ്വോ? എന്നാല്‍ പറഞ്ഞു തരാം. പക്ഷിത്തൂവലുകളുടെ മണമാണ്‌ മരണത്തിന്‌.... നിനക്കത്‌ അറിയാറാവും, അടുത്തുതന്നെ. ഇപ്പോള്‍ തന്നെ വേണമോ? ഏതാണ്‌ നിനക്ക്‌ ഏറ്റവും പ്രിയപ്പെട്ട നേരം? നേരെ മുകളില്‍ നിന്നു നോക്കുന്ന സൂര്യന്റെ മുമ്പില്‍ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായി കിടക്കുന്ന സമയമോ? അതോ, സന്ധ്യയോ?... നീ എന്തുപോലെയുള്ള സ്‌ത്രീയാണ്‌? ധൈര്യമുള്ളവളോ ധൈര്യമില്ലാത്തവളോ....'

അയാള്‍ കസാലയില്‍നിന്ന്‌ എഴുന്നേറ്റ്‌ അവളുടെ അടുത്തേക്ക്‌ വന്നു. അയാള്‍ക്ക്‌ നല്ല ഉയരമുണ്ടായിരുന്നു. അവള്‍ പറഞ്ഞു:

`എന്നെ പോവാന്‍ സമ്മതിക്കണം. ഞാനിങ്ങോട്ട്‌ വരാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.'

`നീ നുണ പറയുകയാണ്‌. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാന്‍! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ആശിച്ചിരിക്കുന്നു. മൃദുലങ്ങളായ തിരമാലകള്‍ നിറഞ്ഞ, ദീര്‍ഘമായി നിശ്വസിക്കുന്ന കടലില്‍ ചെന്നു വീഴുവാന്‍, ആലസ്യത്തോടെ ചെന്നു ലയിക്കുവാന്‍ മോഹിക്കുന്ന നദിപോലെയല്ലേ നീ? പറയൂ, ഓമനേ... നീ മോഹിക്കുന്നില്ലേ ആ അവസാനിക്കാത്ത ലാളന അനുഭവിക്കുവാന്‍?'

`നിങ്ങള്‍ ആരാണ്‌?'

അവള്‍ എഴുന്നേറ്റിരുന്നു. അയാളുടെ കൈവിരലുകള്‍ക്കു ബീഭത്സമായ ഒരാകര്‍ഷണമുണ്ടെന്ന്‌ അവള്‍ക്ക്‌ തോന്നി.

`എന്നെ കണ്ടിട്ടില്ലേ?'

`ഇല്ല.'

`ഞാന്‍ നിന്റെ അടുത്ത്‌ പല പ്രാവശ്യം വന്നിട്ടുണ്ട്‌. ഒരിക്കല്‍ നീ വെറും പതിനൊന്ന്‌ വയസ്സുള്ള ഒരു കുട്ടിയായിരുന്നു. മഞ്ഞക്കാമല പിടിച്ച, കിടക്കയില്‍ നിന്ന്‌ തലയുയര്‍ത്താന്‍ വയ്യാതെ കിടന്നിരുന്ന കാലം. അന്ന്‌ നിന്റെ അമ്മ ജനവാതിലുകള്‍ തുറന്നപ്പോള്‍ നീ പറഞ്ഞു. `അമ്മേ, ഞാന്‍ മഞ്ഞപ്പൂക്കള്‍ കാണുന്നു. മഞ്ഞ അലറിപൂക്കള്‍ കാണുന്നു. എല്ലായിടത്തും മഞ്ഞപ്പൂ തന്നെ....' അത്‌ ഓര്‍മ്മിക്കുന്നുണ്ടോ?

അവള്‍ തലകുലുക്കി.

`നിന്റെ കണ്ണുകള്‍ക്കുമാത്രം കാണാന്‍ കഴിഞ്ഞ മഞ്ഞപ്പൂക്കളുടെയിടയില്‍ ഞാന്‍ നിന്നിരുന്നു നിന്റെ കൈ പിടിച്ചു നിന്നെ എത്തേണ്ടയിടത്തേക്കു എത്തിക്കുവാന്‍.... പക്ഷേ, അന്നു നീ വന്നില്ല. നിനക്ക്‌ എന്റെ സ്‌നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല...' ഞാനാണ്‌ നിന്റെയും എല്ലാവരുടെയും മാര്‍ഗദര്‍ശി എന്ന്‌ നീ അറിഞ്ഞിരുന്നില്ല...'

` സ്‌നേഹമോ, ഇത്‌ സ്‌നേഹമാണോ?' അവള്‍ ചോദിച്ചു.

}`അതെ, സ്‌നേഹത്തിന്റെ പരിപൂര്‍ണത കാണിച്ചുതരുവാന്‍ എനിക്കു മാത്രമേ കഴിയുകയുള്ളൂ. എനിക്കു നീ ഓരോന്നോരോന്നായി കാഴ്‌ചവയ്‌ക്കും.... ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍. അവയവഭംഗിയുള്ള ദേഹം.... എല്ലാം..... ഓരോ രോമകൂപങ്ങള്‍കൂടി നീ കാഴ്‌ചവയ്‌ക്കും. ഒന്നും നിന്റേതല്ലാതാവും, എന്നിട്ട്‌ ഈ ബലിക്കു പ്രതിഫലമായി ഞാന്‍ നിനക്ക്‌ സ്വാതന്ത്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്റെ ഇരമ്പലിലും നീ ഉണ്ടാകും, മഴക്കാലത്ത്‌ കൂമ്പുകള്‍ പൊട്ടിമുളയ്‌ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്റെ അടിയില്‍ കിടന്നു തേങ്ങുമ്പോള്‍, നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും..... നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം....'

അവള്‍ എഴുന്നേറ്റുനിന്നു. തന്‍െറ ക്ഷീണം തീരെ മാറിയെന്ന്‌ അവള്‍ക്കു തോന്നി. പുതുതായി കിട്ടിയ ധൈര്യത്തോടെ അവള്‍ പറഞ്ഞു:

` ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങള്‍ക്ക്‌ ആളെ തെറ്റിയിരിക്കുന്നു. എനിക്കു മരിക്കുവാന്‍ സമയമായിട്ടില്ല. ഞാന്‍ ഒരു ഇരുപത്തേഴുകാരിയാണ്‌. വിവാഹിതയാണ്‌, അമ്മയാണ്‌. എനിക്കു സമയമായിട്ടില്ല. ഞാന്‍ ഒരു ഉദ്യോഗം നോക്കി വന്നതാണ്‌. ഇപ്പോള്‍ നേരം പന്ത്രണ്ടരയോ മറ്റോ ആയിരിക്കണം. ഞാന്‍ വീട്ടിലേക്കു മടങ്ങട്ടെ.'

അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌, അവള്‍ക്ക്‌ പുറത്തേക്കു പോവാന്‍ അനുവാദം കൊടുത്തു. അവള്‍ ധൃതിയില്‍ ലിഫ്‌ട്‌ അന്വേഷിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു. തന്റെ കാല്‍വെപ്പുകള്‍ അവിടെയെങ്ങും ഭയങ്കരമായി മുഴങ്ങുന്നുണ്ടെന്നു അവള്‍ക്ക്‌ തോന്നി.

ലിഫ്‌ടിന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. അവിടെ അതു നടത്തുന്ന ശിപായി ഉണ്ടായിരുന്നില്ല. എന്നാലും അതില്‍ കയറി വാതിലടച്ച്‌ അവള്‍ സ്വിച്ച്‌ അമര്‍ത്തി. ഒരു തകര്‍ച്ചയുടെ ആദ്യസ്വരങ്ങളോടെ അത്‌ പെട്ടെന്ന്‌ ഉയര്‍ന്നു. താന്‍ ആകാശത്തിലാണെന്നും ഇടി മുഴങ്ങുന്നെന്നും അവള്‍ക്കു തോന്നി. അപ്പോഴാണ്‌, അവള്‍ ലിഫ്‌ടിന്റെ അകത്തു തൂക്കിയിരിക്കുന്ന ബോര്‍ഡു കണ്ടത്‌:

`ലിഫ്‌ട്‌ കേടുവന്നിരിക്കുന്നു. അപകടം.' പിന്നീട്‌ എല്ലായിടത്തും ഇരുട്ടുമാത്രമായി. ശബ്‌ദിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഒരു ഇരുട്ട്‌. അവള്‍ക്ക്‌ അതില്‍നിന്നും ഒരിക്കലും പിന്നീട്‌ പുറത്തു കടക്കേണ്ടിവന്നില്ല.


 - മാധവിക്കുട്ടി 


ലോല

 


എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്.

'സംസ്‌കൃതത്തില്‍ ഒരു പേരോ?'

'അതെ.'

'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?'

'അല്ല.'

'പിന്നെ?'

'മലയാളഭാഷ സംസ്‌കൃതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു.'

'എന്നാലും-താമരയുടെ രാജാവ് എന്ന പേരുണ്ടോ?'

'താമരയുടെ രാജാവ്?' എനിക്ക് ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു:

'ഞങ്ങള്‍ താമരയെ ആരാധിക്കുന്നു.'


അവള്‍ അല്പം ലജ്ജിക്കുന്നതായി കാണപ്പെട്ടു.

എന്തോ പറയാന്‍ ബദ്ധപ്പെടുന്നതു കണ്ട് ഞാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവള്‍ താമര ആരാധ്യവസ്തുവായിത്തീര്‍ന്നതെങ്ങനെയാണെന്നു ചോദിച്ചു.



'എനിക്കറിഞ്ഞുകൂടാ.'

'ഒബ്രിയന്‍ പറഞ്ഞിരിക്കുന്നതെന്താണ്?'

'എനിക്കറിഞ്ഞുകൂടാ.' അവള്‍ കൂടുതല്‍ നാണിച്ചു. നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും

നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു.

'താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?'

'എനിക്കറിഞ്ഞുകൂടാ.'

'താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?'


എനിക്ക് മുഷിഞ്ഞു തുടങ്ങിയിരുന്നു.

ഞങ്ങള്‍ തമ്മില്‍ ഉള്ള സംസാരംഏതാണ്ടൊരു ഇന്റര്‍വ്യൂപോലെ

എനിക്കു തോന്നിത്തുടങ്ങിയിരുന്നു. അല്പംവിരസതയോടെ ഞാന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ.


'ഞാന്‍ പോകുന്നു.' അവളുടെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി തങ്ങിനിന്നു.അവള്‍ പോയി.

നാലുമാസത്തെ എന്റെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ അന്നാദ്യമായാണ്

ഒരു അമേരിക്കക്കാരി ലജ്ജിച്ചു ഞാന്‍ കാണുന്നത്.

(ലജ്ജാശീലയായ ഒരമേരിക്കന്‍ പെണ്ണ് എനിക്കൊരു സങ്കല്‍പമായിരുന്നു.

അതുകൊണ്ടുകൂടിയാവാം ഞാന്‍ ലോലയില്‍ ആകൃഷ്ടനായത് എന്ന് ഇന്നെനിക്കു തോന്നുന്നു.)

ഡയറിയുടെ താള്‍............. ....ലിറ്ററേച്ചര്‍ പഠിക്കുന്ന ലോലാ മില്‍ഫോര്‍ഡുമായി എനിക്കു പ്രേമമായി എന്നാണു തോന്നുന്നത്.

അതങ്ങനെയാവട്ടെ. ലോലയെപ്പോലെ ഒരു പെണ്ണിനെ.......... ഇത്ര സുന്ദരിയായ- ഓമനത്വമുള്ള- ബുദ്ധിയുള്ള, സംസാരിക്കാന്‍ അറിയുന്ന- എന്തിനാണ് ഇന്ന് ഹോട്ടലില്‍വെച്ച് മേശവിരിപ്പിനു ചുവട്ടില്‍ എന്റെ കാലില്‍ നീ കാല്‍മുട്ടിച്ചത്? പിന്നെ എന്തിനാണ്- ഏതായാലും ഈയിടെ ഒന്നും വായിക്കുന്നില്ല.


ഈ പെണ്ണ് എന്നെ കിറുക്കനാക്കി.

ഇപ്പോള്‍ത്തന്നെ എനിക്കവളെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.

ഇപ്പോള്‍, ഈ രാത്രിയില്‍, ഈ രാത്രിയില്‍ത്തന്നെ- ഓഡ്രി ഹെപ്‌ബേണിനെപ്പോലെ,

തലമുടി ചെറുതായി മുറിച്ച് നെറ്റിയില്‍ പരത്തിയിട്ടിരുന്നു. ഞാന്‍ ചോദിച്ചു:


'ഓഡ്രി ബെപ്‌ബേണ്‍ ആണോ പ്രിയപ്പെട്ട താരം?'

'അല്ല. ഷെര്‍ലി മാക്‌ലെയിന്‍.....' ഷെര്‍ലിയുടെ കണ്ണുകള്‍ ഞാന്‍ ഓര്‍ത്തു.

നിഷ്‌കളങ്കതയാണ് അവയുടെ ജീവന്‍. ഞാന്‍ പറഞ്ഞു:


'ലോലയുടെ കണ്ണുകള്‍ ഷെര്‍ലിയുടേത് തന്നെ.'

'പ്രശംസയാണ്.'

'അല്ല.'

'അതെ.'

'അല്ലല്ല. ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളതില്‍ ഏറ്റവും സുന്ദരി. ഏറ്റവും നിഷ്‌കളങ്ക.'

ഞാന്‍ പറഞ്ഞുപോയി: 'അതു നീയാണ്.'

അവള്‍ പെട്ടെന്നു തലതാഴ്ത്തി.

പിന്നീട്, പൊടുന്നനവെ എന്റെ കൈ കടന്നുപിടിച്ചു.

അവളുടെ കണ്ണുകള്‍ സജലങ്ങളായിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'ഞാന്‍....' അവള്‍ എന്തോ പറയാന്‍ ബദ്ധപ്പെട്ടു.


'പറയൂ.' ഞാന്‍ ചോദിച്ചു:

'എന്താണ്?' അവള്‍ ഒന്നും മിണ്ടാതെ എന്റെ കൈപിടിച്ചമര്‍ത്തി.

ലേക്ക് ഓഫ് ദി ക്ലൗഡ്‌സ് ഞങ്ങളുടെ മുമ്പില്‍ ഇരുട്ടില്‍ പുതഞ്ഞുകിടന്നു.

ജലപ്പരപ്പിനു മുകളില്‍ മഞ്ഞുവീണു തുടങ്ങിയിരുന്നു.

ഒരു മോട്ടോര്‍ ബോട്ട് ദൂരത്തുകൂടി പോകുന്നത് അവ്യക്തമായിക്കാണാം.

ലോല പിറുപിറുത്തു:


'ഞാന്‍.......... എനിക്ക്........' അവളുടെ ചുണ്ടുകള്‍ മൃദുവായി വിറകൊള്ളുകയും എന്റെ കൈയില്‍ പിടിച്ചിരുന്ന കൈ വിയര്‍ക്കുകയും ചെയ്തു. എന്താണെങ്കിലും അവള്‍ അത് ഒരിക്കലും പറഞ്ഞ് തീര്‍ക്കുകയില്ല എന്നെനിക്കറിയാമായിരുന്നു. അവള്‍ എന്തു പറയാനാണ് ബദ്ധപ്പെടുന്നത് എന്നും എനിക്കറിയാമായിരുന്നു.

മിച്ചിഗന്‍........... സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു

തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.

ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.

കാറിനു നേരെ നടക്കുമ്പോള്‍ അവള്‍ എന്റെ അരക്കെട്ടു ചുറ്റിപ്പിടിച്ചു നിര്‍ത്തി മന്ത്രിച്ചു:


'ഞാന്‍ കന്യകയാണ്. അതോര്‍മ്മയിരിക്കട്ടെ.'


ലോലയുടെ കഴുത്തില്‍ ഒരു കറുപ്പു പുള്ളിയുണ്ടായിരുന്നു. അതവളെ ദുഃഖിപ്പിച്ചിരുന്നു.

അവളുടെ ഒരു പല്ല് മുകളില്‍ നടുക്കുനിന്നും നാലാമത്തേതു വെപ്പാണ്.

തെക്കുപടിഞ്ഞാറേ അമേരിക്കയില്‍നിന്നും വരുന്ന പെണ്‍കിടാങ്ങള്‍ക്കു

പൊതുവെ അല്‍പം സൗന്ദര്യം കൂടും. ഭാവനയും.

ലോലയാണെങ്കില്‍ രണ്ടും കണക്കില്‍ കവിഞ്ഞ കൂട്ടത്തിലാണ്.

ജന്മഭൂമിയായ ടെക്‌സാസിനെപ്പറ്റി പറയുമ്പോള്‍ അവള്‍

എന്നും കവിതയിലേക്കു വഴുതിവീണു പോയിരുന്നു.

കോര്‍പ്പസ് ക്രിസ്റ്റി ഉള്‍ക്കടലിലെ തണുപ്പുള്ള കാറ്റ്.

സാന്‍ അന്റേണിയേ നദിയുടെ തീരത്തെ വിശാലമായ പാര്‍ക്ക്.......... വരൂ,

ഒരിക്കല്‍ ടെക്‌സാസിലേക്കു വരൂ. അവള്‍ കവിതകള്‍ എഴുതിയിരുന്നു. പ്രസിദ്ധപ്പെടുത്തിയിരുന്നില്ല.


'എന്തുകൊണ്ടാണ് പ്രസിദ്ധം ചെയ്യാത്തത്?' ഞാന്‍ ചോദിച്ചു.

'എനിക്കൊരു രണ്ടാംകിട എഴുത്തുകാരിയാകണ്ട എന്നതുകൊണ്ട്.' അവള്‍ പറഞ്ഞു.


അമേരിക്കന്‍ സാഹിത്യത്തില്‍ അവള്‍ക്കഭിമാനമുണ്ട്.

മാര്‍ക്‌ട്വെയിനെപ്പറ്റി പറയുമ്പോള്‍ അവള്‍ക്ക് ഭ്രാന്താണ്.

ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് മാര്‍ക്‌ട്വെയിന്‍ ആണ് എന്നവള്‍ വിശ്വസിക്കുന്നു.

ഒരിക്കല്‍ അതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ എന്നെ ക്ഷണിച്ചു.

'അടുത്ത ഞായറാഴ്ച മിസ്സൗറിയില്‍ പോകാം.'

'പോകാം.'

മിസ്സൗറി.... ഹാനിബാളില്‍ മാര്‍ക്‌ട്വെയിന്റെ ഭീമാകൃതിയിലുള്ള പ്രതിമയ്ക്കു

കീഴെ ഞങ്ങള്‍ നിന്നു. അദ്ദേഹം അനശ്വരമാക്കിത്തീര്‍ത്ത നദി മുന്നിലൂടെ ഒഴുകിപ്പോകുന്നു.

ലോല അമേരിക്കന്‍ സാഹിത്യത്തെപ്പറ്റി ആവേശത്തോടുകൂടി സംസാരിച്ചു. ക്രിസ്തുമസ്!



ലാസ്‌വേഗാസ് കാണാന്‍ ഞാന്‍ ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി.

ലോലയും എന്നോടൊപ്പം ഉണ്ടായിരുന്നു.

ലോല അത്യധികം ദുഃഖിതയായി കാണപ്പെട്ടു.

അവള്‍ക്ക് ലാസ്‌വേഗാസ് കണ്ടുകൂടാ.

ഞാന്‍ ചോദിച്ചു: 'എന്താണ്...'

അവളുടെ അച്ഛനെപ്പറ്റി അന്നാദ്യമായി അവള്‍ എന്നോട് പറഞ്ഞു


.

ടെക്‌സാസില്‍നിന്നും ബിസിനസ്സിനായി ഓഹിയോവില്‍ വന്നുചേര്‍ന്ന് പണമുണ്ടാക്കി.

റീനോയിലും ലാസ്‌വേഗാസിലുമായി റൗലറ്റ് കളിച്ച് മുഴുവന്‍ കളഞ്ഞുകുളിച്ച് ഒടുവില്‍

ഇരപ്പാളിയായതിനുശേഷം ഒരു കൊലപാതകത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

ജോണ്‍മില്‍ഫോര്‍ഡിനെപ്പറ്റി ഞാന്‍ അന്നാണു കേള്‍ക്കുന്നത് .

അയാളുടെ ഭാര്യ ഒരു വേശ്യയായിരുന്നു.

ഇടയ്ക്കിടെ സ്‌ക്രീനിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടിരുന്ന ഒരു വിലകുറഞ്ഞ വേശ്യ.

ലോലയ്ക്കു പ്രായമായി വന്നപ്പോള്‍ അയാള്‍ അവളേയും കൊണ്ട് ഓഹിയോക്കു പോന്നു.

പിന്നീട് ലോല അമ്മയെ കണ്ടിട്ടേയില്ല. റീനോ ആര്‍ച്ച് കടന്നപ്പോള്‍ ലോല എന്റെ ചുമലിലേക്കു ചാഞ്ഞു.


'എന്റെ അച്ഛന്‍ നശിച്ചതിവിടെയാണ്........' അവള്‍ തേങ്ങി.

അന്ന് ലോല കണക്കറ്റു മദ്യപിച്ചു.

അവളുടെ കുട്ടിത്തം വിടാത്ത കവിളുകളും മുഖവും മദ്യത്തിന്റെ ചൂടേറ്റു ചുവന്നു.

നെവാഡാ സ്റ്റേറ്റിനെ അവള്‍ കുഴഞ്ഞ നാവുകൊണ്ട് ചീത്തവിളിച്ചു.

'ഇന്ത്യയില്‍ ഇങ്ങനെ ഒരു നഗരമുണ്ടോ?'

'ഇല്ല. ഞാന്‍ അഭിമാനത്തോടുകൂടി പറഞ്ഞു.

' 'എങ്കില്‍, എനിക്കുകൂടി ഇന്ത്യയില്‍ വരണം.


അന്നു വൈകീട്ട് മദ്യത്തിന്റെ ലഹരിയില്‍നിന്നും അവള്‍ പൂര്‍ണമായും വിമുക്തയായപ്പോള്‍ വെയില്‍ വീഴ്ത്തിയ തണലുകളിലൂടെ വാടകയ്‌ക്കെടുത്ത രണ്ടു പെണ്‍കുതിരകളുടെ പുറത്തിരുന്നു സഞ്ചരിക്കുമ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു: 'എനിക്കും ഇന്ത്യയില്‍ വന്നുകൂടെ?' ഞാന്‍ ഒന്നും പറഞ്ഞില്ല.


'നമുക്ക് വിവാഹം ചെയ്യാമോ?'

ഞാന്‍ പറഞ്ഞു: 'ഞാന്‍ ഹിന്ദുവാണ്.

ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുവിന് സ്വാതന്ത്ര്യമുണ്ടോ എന്നെനിക്കറിയില്ല.'

'എങ്കില്‍ ഞങ്ങളുടെ മതത്തിലേക്ക് കണ്‍വര്‍ട്ടുചെയ്തുകൂടേ?'

ഞാന്‍ ചെറുതായി ചിരിച്ചു.

ഒരു പെണ്ണിനുവേണ്ടി മതം മാറുന്നത് അടിമത്തത്തിനു വഴിവെക്കുകയാവും

എന്ന വിഡ്ഢിത്തം എനിക്കു തോന്നിയിരുന്നു. താഹോയ് തടാകത്തിന്റെ കരയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ നിന്നു.

അവള്‍ പെട്ടെന്ന് എന്നോട് പറഞ്ഞു:



'അല്ലെങ്കില്‍ ഇവിടെത്തന്നെ നമുക്കു താമസിക്കാം.' ഞാന്‍ വല്ലാതായി.

അതുകണ്ട് അവള്‍ ചോദിച്ചു:

ഇവിടെ സ്ഥിരമായി താമസിക്കണമെങ്കില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കണോ?'

'എനിക്കറിയില്ല.'

'എനിക്ക് ഇന്ത്യയില്‍ വന്നു താമസിക്കുന്നതിനും ഇന്ത്യന്‍ പൗരത്വം വേണ്ടിവരുമോ?'

'എനിക്കറിയില്ല.'



എന്റെ അലസത അവളെ ദേഷ്യം പിടിപ്പിച്ചു. അവള്‍ രണ്ട് രാജ്യങ്ങളേയും ചീത്തപറഞ്ഞു.

ഇന്ത്യന്‍ പൗരത്വവും അമേരിക്കന്‍ പൗരത്വവും, ഇന്ത്യയും അമേരിക്കയും.

ക്രിസ്ത്യാനിയും ഹിന്ദുവും, ഹിന്ദുമതവും ക്രിസ്തുമതവും.

അവള്‍ ഒരു ഭ്രാന്തിയെപ്പോലെയായി കുറേനേരത്തേക്ക്.

ആരിസോണായുടെ തലസ്ഥാനത്തെ ഒരു ഹോട്ടലിലിരിക്കുമ്പോഴാണ്

ഞാന്‍ അവളോട് എന്റെ ചുറ്റുപാടുകള്‍ വിവരിച്ചത്.

എനിക്ക് ലോലയെ ഒരിക്കലും വിവാഹം ചെയ്യാന്‍ പറ്റിയെന്ന് വരില്ല.

നീ അതില്‍ നിരാശപ്പെടരുത്.


'ഇല്ല. എനിക്കു നിരാശയില്ല.' അവള്‍ പറഞ്ഞു.

അവളുടെ ശബ്ദം പതറിപ്പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ഞാന്‍ എന്റെ ചുറ്റുപാടുകള്‍ കൂടുതല്‍ വ്യക്തമാക്കി എന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബം......എന്റെ നാടിന്റെ ദാരിദ്ര്യം.........എന്റെ വീടിന്റെ ദാരിദ്ര്യം.....(ഈ സ്‌കോളര്‍ഷിപ്പില്ലായിരുന്നെങ്കില്‍ എനിക്കിവിടെയെങ്ങും വരാന്‍കൂടി പറ്റില്ലായിരുന്നു....) പിന്നെ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നിനക്ക് ഒരിക്കലും അവിടെ സുഖമായിരിക്കാന്‍ പറ്റുകയില്ല. ഇവിടത്തെപ്പോലെയുള്ള വലിയ ഹോട്ടലുകളില്ല.....ബീച്ചില്ല. ദാരിദ്ര്യമാണുള്ളത്, ദാരിദ്ര്യം മാത്രം.... അവള്‍ക്കു മനസ്സിലായില്ല എന്നു തോന്നി. ഞങ്ങള്‍ക്കു മുന്നില്‍ താഴെ ഫീനിക്‌സ് നഗരത്തിലെ ലക്ഷക്കണക്കിനു കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ നിരന്നുകിടന്നിരുന്നു. ഓര്‍ക്കസ്ട്രാ തിടുക്കപ്പെട്ട് വികൃതമായി ഏതോ ഒക്കെ പാടിക്കൊണ്ടിരുന്നു.

അവള്‍ എന്നെ പകച്ചുനോക്കി.


'ദാരിദ്ര്യം?' മര്‍ലിന്‍ മണ്‍റോ മരിച്ച ദിവസം അവള്‍ എന്റെ മുറിയില്‍ വന്നു:

'ഒരു വിഡ്ഢിയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ താരം.' അവള്‍ വിഷാദിച്ചു:

'ഏതായാലും ഇമ്മാതിരി കഴുതകള്‍ മരിക്കുന്നതാണ് നല്ലത്.'

അന്ന് ആത്മഹത്യകളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു.

ആത്മഹത്യ ചെയ്യുന്നവര്‍ മുഴുവന്‍ വിഡ്ഢികളാണെന്ന് അവള്‍ വിശ്വസിക്കുന്നു.

അവള്‍ ആരുമായിക്കൊള്ളട്ടെ, കാരണം എന്തുമാവട്ടെ. ഇടയ്ക്കു ഞാന്‍ പറഞ്ഞു:


'കണക്കറ്റു ദുഃഖിക്കുമ്പോള്‍ നാമെല്ലാവരും ഒരു വേള...' അവര്‍ പെട്ടെന്നു നിശ്ശബ്ദയായി.

ഒരു മിനുട്ടു കഴിഞ്ഞ് പെട്ടെന്നു ചോദിച്ചു:

'ഇനി എത്ര ദിവസമുണ്ട് മടങ്ങിപ്പോകാന്‍?'

'മൂന്നുമാസം.' ഞാന്‍ പറഞ്ഞു.

പിന്നീട് പലപ്പോഴും അവള്‍ ആ അവസരത്തില്‍ അങ്ങനെ ചോദിക്കാന്‍ കാരണമെന്തായിരുന്നു എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പോരുന്നതിനു ഒരാഴ്ചമുമ്പ് ലോല പറയുകയുണ്ടായി. ഈ ഒരാഴ്ച എന്റെയാണ്.

എനിക്കിഷ്ടംപോലെ ഞാനതു ചെലവഴിക്കും.

ഞാന്‍ പറയുന്നതുപോലെ കേട്ടുകൊള്ളണം. ഞാന്‍ സമ്മതിച്ചു.

എങ്ങനെയാണ് ഈ ഒരാഴ്ച കഴിക്കുക? ഞാന്‍ ചോദിച്ചപ്പോള്‍ സങ്കോചലേശ്യമെന്യെ അവള്‍ പറഞ്ഞു:


'ഈ ഒരാഴ്ചയാണു നമ്മുടെ മധുവിധു. സതേണ്‍ കാലിഫോര്‍ണിയയില്‍വെച്ച്.

' അവള്‍ അതു നിസ്സാരമായി പറഞ്ഞു. കാരണം, അവള്‍ക്കു കണക്കറ്റു പണമുണ്ടായിരുന്നു.

അവളുടെ മരിച്ചുപോയ ഒരമ്മാവി അവള്‍ക്കായി ഒരു നല്ല സംഖ്യ നീക്കിവെച്ചിരുന്നു.

സതേണ്‍ കാലിഫോര്‍ണിയ.......പ്രശസ്തമായ ഹോളിവുഡ്ഡ്; ഓറഞ്ചുവൃക്ഷങ്ങള്‍ നിരന്നുനില്‍ക്കുന്ന വിശാലവീഥികള്‍; സുപ്രസിദ്ധമായ റോസ് ബൗള്‍ (Rose Bowl) സ്റ്റേഡിയം......ലാജോളായിലെ കൊടുമുടികളില്‍ കടലിനു മുകളിലേക്ക് തള്ളിനില്‍ക്കുന്ന വീടുകളിലൊന്നില്‍വെച്ച്-അവള്‍ സത്യമായിരുന്നു പറഞ്ഞത്.

ലോലാ മില്‍ഫോര്‍ഡ് അന്നുവരെ ഒരു കന്യകയായിരുന്നു. അമ്മ നേരത്തെ എഴുതിയിരുന്നു:


'നീ വന്നാലുടനെ വിവാഹം വേണമെന്നാണ് അവര്‍ക്കൊക്കെ.'

എന്നോടൊപ്പം കളിച്ചുവളര്‍ന്ന എന്റെ ഭാവിവധു എഴുതി: ഒന്നു കാണാന്‍ കൊതി.

Through that white night We two sat on your window still. ആ വെളുത്ത രാത്രിയില്‍- നിന്റെ ജാലകപ്പടിയില്‍ -ഷിവാഗോയുടെ പദ്യങ്ങള്‍.

'നിങ്ങളുടെ ഒരു കുട്ടി എന്റെ വയറ്റില്‍ ഉണ്ടെന്ന് കരുതിനോക്കൂ.'

'എങ്കില്‍......' 'ഞാനവനെ പ്രസവിക്കും, അല്ലേ?'

'ഉവ്വ്. എന്നിട്ട്?' 'ഞാന്‍ അവനെ വളര്‍ത്തും.' 'വളര്‍ത്തും?'

'ഉം. നിങ്ങളെപ്പോലെ അവന്‍ വളര്‍ന്നുവരും.

നിങ്ങള്‍ ഇപ്പോഴുള്ളതുപോലെ ആകുമ്പോള്‍ ..........അപ്പോഴേക്കും എനിക്കു വളരെ പ്രായം ആയേക്കും....അന്നു ഞാനവനെ കൊല്ലും.'

എനിക്ക് ലേശം വിഷാദം തോന്നി. എങ്കിലും ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു:

'എങ്കില്‍ എന്നെ ഇപ്പോള്‍ത്തന്നെ അങ്ങ് കൊല്ലരുതോ?'

എനിക്കതിന് കഴിവില്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞു.

പിന്നീട് മണ്ണില്‍ മുഖംചേര്‍ത്ത് തേങ്ങി:

'ഒന്നും വേണ്ടായിരുന്നു....ഇതൊന്നും വേണ്ടായിരുന്നു.'


കോടിക്കണക്കിന് ആസേലിയാ പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന താഴ്‌വരയില്‍നിന്നും ഒരു കാറ്റ് അടിച്ചുയര്‍ന്നു.

അതില്‍പ്പെട്ട് അവളുടെ തലമുടി അലസമായി പറന്നുകൊണ്ടിരുന്നു.

ഞാന്‍ മെല്ലെ അവളുടെ ചുമലില്‍ കൈവെച്ചു. അവള്‍ പിടഞ്ഞെണീറ്റ് കണ്ണുതിരുമ്മി.

ഒരുനിമിഷം എന്നെത്തന്നെ സൂക്ഷിച്ചുനോക്കിയിട്ട് ഒരു പുതിയ ആവേശത്തോടെ എന്റെ

വിരലുകളില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ക്ഷമിക്കൂ.


തെക്കന്‍ കാലിഫോര്‍ണിയ മണല്‍ക്കാടുകളുടെ നാടാണ്.

എപ്പോഴും ഒരു ചൂടുള്ള കാറ്റ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു.

ഭീമാകൃതിയില്‍ മുപ്പതടിയോളം ഉയരത്തില്‍ ജോഷ്വാ വൃക്ഷങ്ങള്‍ ഊക്കന്‍ കാലുകള്‍ വഹിച്ചുകൊണ്ട് നിന്നിരുന്നു. കാറ്റുവീശുമ്പോള്‍ കൊമ്പുലഞ്ഞാടി. ഒറ്റയായും കുലയായും പൂക്കള്‍ അടര്‍ന്നു പറന്നു.

ലോലയെ ഒരു കുല പൂവിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ക്യാമറയിലാക്കി.

അവള്‍ മനോഹരമായി ചിരിച്ചുനിന്നു. ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ ആരോടെന്നില്ലാതെ അവള്‍ പിറുപിറുത്തു:


'ഞാനും ആ വിഡ്ഢിത്തം കാട്ടും എന്നാണ് എനിക്ക് തോന്നുന്നത്.'

'എന്താണ്?' ഞാന്‍ ചോദിച്ചു. 'മരിലിന്‍ കാട്ടിയ ആ വിഡ്ഢിത്തം.'


സാന്റാ ബാര്‍ബറാമിഷനിലെ മണികള്‍ ദുഃഖഭാവത്തില്‍ അലച്ചു. സന്ധ്യ താണുപറന്നു. അതിപുരാതനമായ പള്ളിയുടെ വാതില്‍ നിശ്ശബ്ദമായി അടഞ്ഞു. അകലെയെവിടെയോനിന്ന് മറ്റേതോ പള്ളിയില്‍ മണിയടിക്കുന്ന ശബ്ദം മഞ്ഞിലൂടെ അരിച്ചെത്തി. ഇരുട്ടില്‍ എന്റെ മടിയില്‍ തലചായ്ച്ചു കിടന്ന് ലോല ചോദിച്ചു:


'എന്റെ വഴി ഇതല്ലേ?'

ഞാന്‍ പറഞ്ഞു: 'മഠയത്തരം പറയാതിരിക്കൂ. എന്നെ സന്തോഷമായി യാത്രയയയ്ക്കണം.

അവള്‍ ഒന്നും പറഞ്ഞില്ല.

എനിക്ക് ദുഃഖം തോന്നി.

കഴിഞ്ഞ ദിവസങ്ങളില്‍ സാന്‍ഗബ്രിയേല്‍ മിഷനിലും കാര്‍മല്‍ബേയിലേക്കു മുഖംതിരിച്ചു നില്‍ക്കുന്ന സെയ്ന്റ് ചാള്‍സ് ബൊറോമിയോയിലും ഞാന്‍ കണ്ട നിരവധി മുഖങ്ങള്‍ എന്റെ മനസ്സില്‍ കടന്നുവന്നു.

നിത്യതയുടെ മണവാളന്മാര്‍-മണവാട്ടികള്‍. 'നീ ഒരിക്കലും അത് ചെയ്യരുത്


' ഞാന്‍ പറഞ്ഞു: 'അതൊരുതരം ക്രൂരതയാണ്.'


അങ്ങിങ്ങ് നിശ്ശബ്ദമായി ചലിച്ചിരുന്ന കറുത്ത നീളന്‍ കുപ്പായങ്ങള്‍ താഴ്‌വരയിലെ

മങ്ങിയ വെളിച്ചത്തില്‍ അലിഞ്ഞുചേര്‍ന്നു.

ഓറഞ്ചുവൃക്ഷങ്ങളുടെ മുകളില്‍ കോടമഞ്ഞു പുതഞ്ഞു.

ഞാന്‍ അവളുടെ കവിളിലെ നനവ് തുടച്ചുകളഞ്ഞു. അവസാന ദിവസം.

ലോല അത്യധികം ഉന്മേഷവതിയായി നടിച്ചു.


പക്ഷേ, അതൊരു മുഖാവരണം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു.

രാത്രി വളരെ ഇരുട്ടുന്നതുവരെ ഞങ്ങള്‍ തെരുവീഥികളില്‍ അലഞ്ഞുനടന്നു.

ഇടയ്ക്കിടെ തെരുവുവിളക്കുകളുടെ പ്രകാശം വന്നെത്താത്ത ഇരുട്ടില്‍ അവള്‍ പെട്ടെന്നു നിന്ന് എന്നെ ചുംബിച്ചു.

നൈറ്റ് ക്ലബ്ബുകള്‍ കൂടുതല്‍ കൂടുതല്‍ ശബ്ദായമാനമായിക്കൊണ്ടിരുന്നു.

ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ഏതുനിമിഷവും ലോലയുടെ മുഖാവരണം തകരുമെന്നും അവള്‍ പൊട്ടിക്കരയുമെന്നും ഞാന്‍ ഭയപ്പെട്ടു. അതുണ്ടായത് ഒരു തിരിവില്‍ വെച്ചാണ്.

ബിക്കിനി മാത്രം ധരിച്ച ഒരു പെണ്ണിനെ, മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ഞങ്ങള്‍ കണ്ടു.

ആ പെണ്ണ് വല്ലാതെ മദ്യപിച്ചിരുന്നു. അവ്യക്തമായ സ്വരത്തില്‍ അവള്‍ ആരെയൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. ഇരുട്ടില്‍ അവര്‍ അപ്രത്യക്ഷരായി. അല്പം കഴിഞ്ഞ് മുരട്ടുശബ്ദത്തില്‍ ആരോ പാടി:


Golden memories, and silver Tears.......


ലോല പറഞ്ഞു: 'പോകാം.'

ഞങ്ങള്‍ വീണ്ടും നടന്നു. അവള്‍ എന്തോ പറയാന്‍ ബദ്ധപ്പെടുന്നുണ്ടായിരുന്നു.

കുറേ നടന്നപ്പോള്‍ അവള്‍ ചോദിച്ചു:

'കുടിച്ചും വ്യഭിചരിച്ചും ഏതോ ദുഃഖം മറക്കാന്‍ ആ മഠയി ശ്രമിക്കുന്നു, അല്ലേ?'


അവളുടെ സ്വരത്തില്‍ കണ്ണുനീരിന്റെ ഛായയുണ്ടായിരുന്നു.

ഞാനവളെ പിടിച്ചുനിര്‍ത്തി. അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.

അവ നിറഞ്ഞിരുന്നു.


'തിരിച്ചുനടക്കാം.'


ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഹോട്ടലിനു നേരെ നടന്നു. കതകടഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായി. രാത്രി വളരെക്കഴിഞ്ഞിരുന്നു.


പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞാന്‍ കട്ടിലിലിരുന്നു.

എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു.

മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.


അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.


രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.



 - പത്മരാജന്‍


എന്‍റെ വിദ്യാലയം

 

തിങ്കളും താരങ്ങളും

തൂവെള്ളിക്കതിര്‍ ചിന്നും

തുംഗമാം വാനിന്‍ ചോട്ടി-

ലാണെന്‍റെ വിദ്യാലയം!

ഇന്നലെക്കണ്ണീര്‍വാര്‍ത്തു

കരഞ്ഞീടിന വാന-

മിന്നതാ, ചിരിക്കുന്നു

പാലൊളി ചിതറുന്നു.,

'മുള്‍ച്ചെടിത്തലപ്പിലും

പുഞ്ചിരി വിരിയാറു'-

ണ്ടച്ചെറു പൂന്തോപ്പിലെ-

പ്പനിനീരുരയ്ക്കുന്നു.,

മധുവിന്‍ മത്താല്‍പ്പാറി

മൂളുന്നു മധുപങ്ങള്‍:

'മധുരമിജ്ജീവിതം,

ചെറുതാണെന്നാകിലും'

ആരല്ലെന്‍ ഗുരുനാഥ-

രാരല്ലെന്‍ ഗുരുനാഥര്‍?

പാരിതിലെല്ലാമെന്നെ

പഠിപ്പിക്കുന്നുണ്ടെന്തോ!


- ഒളപ്പമണ്ണ


വെണ്ണക്കല്ലിന്റെ കഥ

 

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു

ഗാതാവു വന്നു പിറന്നുവത്രേ


കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ

കല്ലിനും കണ്ണീരുറന്നുവത്രേ


ബാലന്‍ യുവാവായ കാലത്തു ചന്തവും

ശീലഗുണവും മനോബലവും


ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു

മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ


നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍

നിര്‍വൃതി കോരിക്കുടിച്ചുവത്രേ


പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു

കിട്ടുന്നു രാജനിദേശമേവം:


"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-

നാളം കൊളുത്തണം ഗായകന്‍ നീ"


അന്നം വിളിച്ച വിളിക്കവ'നുത്തര'-

വെന്നേ മറുപടി ചൊല്ലിയുള്ളു


വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍

പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം


മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന

മൂകനാം ഗായകന്‍ കണ്ടുവത്രേ


വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍

വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍


ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത

വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.


ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-

പ്പൊന്നില്‍ മുത്തായവന്‍ വാണകാലം


നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം

കൊത്തുന്ന കാളഫണികള്‍ പോലെ


പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍

പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ


പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-

ന്നൂറുമലിവും വരണ്ടുപോകെ,


ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍

പാടിത്തനിക്കുമദമ്യനാകേ


പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ

ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,


ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി

നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,


മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-

ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.


യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-

ളാ മനുഷ്യന്നു മുകളിലൂടെ


പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന

പൊങ്ങുതടിപോല്‍ക്കടന്നുപോയി


രാജസദസ്സല്ല, നര്‍ത്തകിമാരല്ല

രാജാവും മണ്ണിലുറക്കമായി


എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല

പിന്നീടൊരിക്കലും പാട്ടുകാരന്‍


മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍

മണ്ണായി ജീവിച്ചിരിക്കയത്രേ


കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍

കല്ലായുറച്ചു വളര്‍ന്നുവന്നു,


മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-

ല്ലെന്നു വിളിപ്പതതിനെയത്രേ.


പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-

ഗംഭീരസത്യമറിഞ്ഞിടാതെ,


ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-

ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌


മൂഢതയെക്കാളുപരിയൊന്നില്ലല്ലോ

മൂവുലകത്തിലും നിര്‍ഘൃണത്വം


വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍

കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!


എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-

ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!


ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-

ന്നാവില്ലെനിക്കു വിശദമാക്കാന്‍


സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,

ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.


 - അക്കിത്തം


𝐂𝐨𝐧𝐜𝐞𝐩𝐭 𝐎𝐟 𝐓𝐢𝐦𝐞 𝐃𝐢𝐥𝐚𝐭𝐢𝐨𝐧 / ടൈം ഡയലേഷൻ്റെ ആശയം

 

നിങ്ങൾക്ക് 𝟏𝟓 വയസാണെന്ന് സങ്കപ്പിക്കുക.

നിങ്ങളൊരു ബഹിരാകാശ പേടകത്തിൽ പ്രകാശ വേഗതയുടെ 𝟗𝟗% വേഗത്തിൽ ഭൂമിയെ വിട്ട് പോകുന്നു എന്നും സങ്കൽപ്പിക്കുക.


നിങ്ങൾ ബഹിരാകാശത്ത് 𝟓 വർഷം യാത്ര ചെയ്ത്, ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ, നിങ്ങൾക്ക് 𝟐𝟎 വയസ്സായിരിക്കും. അതിൽ തർക്കമില്ലല്ലോ!


എന്നാൽ,

യാത്ര പുറപ്പെടുന്നതിനു മുൻപ് 𝟏𝟓 വയസ്സുണ്ടായിരുന്ന, നിങ്ങളുടെ സമപ്രായക്കാരനായിരുന്ന സുഹൃത്തിന് വയസ്സ് 𝟓𝟎 ആയിട്ടുണ്ടാകും!


നിങ്ങളുടെ 𝟓 വർഷം കൊണ്ട് ഭൂമിയിലെ 𝟑𝟓 വർഷങ്ങൾ കടന്നു പോയിട്ടുണ്ടാകും!


𝐓𝐡𝐞𝐨𝐫𝐲 𝐨𝐟 𝐫𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 അനുസരിച്ച് 𝐌𝐚𝐬𝐬 ഉള്ള ഒരു വസ്തുവിന് പ്രകാശവേഗതയിൽ സഞ്ചരിക്കാൻ സാധ്യമല്ലല്ലോ!


അതുകൊണ്ട്, 𝟗𝟗.𝟗𝟗% ആയിരുന്നു വേഗതയായിരുന്നു എന്ന് സങ്കൽപ്പിച്ചാൽ, ഭൂമിയിലെ 𝟑𝟓𝟎 വർഷങ്ങളും, 𝟗𝟗.𝟗𝟗𝟗𝟗𝟗𝟗% ആയിരുന്നെങ്കിൽ 𝟐𝟖𝟓𝟏 വർഷങ്ങളും കടന്ന് പോയിട്ടുണ്ടാകും!


പ്രപഞ്ചത്തിൻ്റെ ഭൂതകാലം കൺമുന്നിൽ!!

 പ്രപഞ്ചാരംഭത്തിന് ശേഷം അധികം വൈകാതെ രൂപപ്പെട്ട ഒരു ഗാലക്സിയെക്കൂടി 𝐉𝐖𝐒𝐓-യുടെ കണ്ണുകളിലൂടെ നാം കണ്ടിരിക്കുന്നു!


ഇതുവരെ നിരീക്ഷിച്ചതിൽ ഏറ്റവും അകലെയുള്ളതാണ്, 𝐉𝐀𝐃𝐄𝐒-𝐆𝐒-𝐳𝟏𝟒-𝟎 എന്ന ഈ ഗാലക്സി!


JWST അഡ്വാൻസ്ഡ് ഡീപ് എക്‌സ്‌ട്രാഗാലക്‌റ്റിക് സർവേ (JADES) പ്രോഗ്രാമിൻ്റെ ഭാഗമായി NIRcam ഉപയോഗിച്ച് 2024-ൽ കണ്ടെത്തിയ ഫോർനാക്‌സ് നക്ഷത്രസമൂഹത്തിലെ ഉയർന്ന-റെഡ്‌ഷിഫ്റ്റ് ലൈമാൻ-ബ്രേക്ക് ഗാലക്‌സിയാണ് JADES-GS-z14-0. ഇതിന് 14.32 ൻ്റെ റെഡ്  ഷിഫ്റ്റ് ഉണ്ട്, ഇത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൂരെയുള്ള താരാപഥവും ജ്യോതിശാസ്ത്ര വസ്തുവും ആക്കി മാറ്റുന്നു.


𝐁𝐢𝐠 𝐛𝐚𝐧𝐠-ന് ശേഷം 𝟐𝟗 കോടി വർഷങ്ങൾക്ക് ശേഷമുള്ള സമയത്തെ കാഴ്ചയാണ് ഈ ഗാലക്സിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്!


JADES-GS-z14-0 1600 പ്രകാശവർഷം വീതിയും വളരെ പ്രകാശമാനവും ആണ്  . ഹൈഡ്രജനും ഓക്സിജനും ഉൾപ്പെടെ ശക്തമായ അയോണൈസ്ഡ് വാതക ഉദ്വമനത്തിൻ്റെ സാന്നിധ്യം സ്പെക്ട്രോസ്കോപ്പിക് വിശകലനം വെളിപ്പെടുത്തി.


മുൻപ് 𝐉𝐖𝐒𝐓 തന്നെ കണ്ടെത്തിയ, 𝟑𝟐 കോടി വർഷങ്ങൾക്ക് ശേഷമുള്ള (𝐀𝐟𝐭𝐞𝐫 𝐭𝐡𝐞 𝐁𝐢𝐠 𝐁𝐚𝐧𝐠) 𝐆𝐍-𝐳𝟏𝟏 എന്ന ഗാലക്സിയുടെ 𝐑𝐞𝐜𝐨𝐫𝐝 ആണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. പേരുകളിലുള്ള 𝐳𝟏𝟒, 𝐳𝟏𝟏 എന്നത് ആ ഗാലക്സി കാണിക്കുന്ന 𝐑𝐞𝐝𝐬𝐡𝐢𝐟𝐭-ൻ്റെ അളവാണ്.


ദൂരത്തിലുപരി ഗാലക്സിയുടെ വലിപ്പവും, തെളിച്ചവും, ചില മൂലകങ്ങളുടെ സന്നിധ്യവുമൊക്കെയാണ് ശരിക്കും ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചിരിക്കുന്നത്! പല ചോദ്യങ്ങളും ഉയർത്തിയിട്ടുമുണ്ട്!!


ഉദാഹരണത്തിന്,


സൂര്യനേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് മാസ്സുള്ള, അൽപായുസ്സുള്ള 𝐘𝐨𝐮𝐧𝐠 𝐬𝐭𝐚𝐫𝐬 ആണ് ഈ ഗ്യാലക്സിയെ 𝐁𝐫𝐢𝐠𝐡𝐭𝐞𝐬𝐭 ആക്കിമാറ്റുന്നത് എന്നത്.


കൂടാതെ പ്രതീക്ഷിച്ചതിലധികമുള്ള ഓക്സിജൻ്റെ ആധിക്യം! തുടങ്ങിയവ.


എന്തുകൊണ്ട് 𝐉𝐖𝐒𝐓 മാത്രം?


മുൻഗാമികളായ ഏതൊരു ടെലസ്കോപ്പിനേക്കാളും കൂടുതൽ ദൂരത്തേക്ക് അല്ലെങ്കിൽ കൂടുതൽ ഭൂതകാലത്തേക്ക് നോക്കാനായി പ്രത്യേകമായി നിർമ്മിച്ചതാണ് 𝐉𝐖𝐒𝐓! ഇതിനായി 𝟐𝟎𝟐𝟏-ൽ, 𝐔𝐒, 𝐄𝐮𝐫𝐨𝐩𝐞𝐚𝐧 𝐚𝐧𝐝 𝐂𝐚𝐧𝐚𝐝𝐢𝐚𝐧 𝐬𝐩𝐚𝐜𝐞 𝐚𝐠𝐞𝐧𝐜𝐲-കൾ ചേർന്ന് 𝟏𝟎𝟎𝟎 കോടി ഡോളർ ചിലവാക്കിയാണ് ഇത് വിക്ഷേപിച്ചത്.


അതുകൊണ്ട്, ആദ്യമായി ജ്വലിച്ച നക്ഷത്രങ്ങളെ കണ്ടെത്തുക എന്നത് ഇതിൻ്റെ പ്രധാന ലക്ഷ്യമാണ്!


ഒന്ന് ആലോചിച്ച് നോക്കൂ...,


പ്രപഞ്ചത്തിൻ്റെ ഏറ്റവും 'നവീന'മായ അവസ്ഥയിൽ ജീവിക്കുന്ന ഒരു ജീവിവർഗ്ഗം, പ്രപഞ്ചത്തിൻ്റെ പരമാവധി പുരാതനമായ അവസ്ഥയെ കാണാനും അറിയാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു!!


ഇന്ന് പ്രകൃതിയിൽ കാണപ്പെടുന്ന ഭാരമേറിയ മൂലകങ്ങളൊക്കെ നിർമ്മിക്കപ്പെട്ടത് ഈ നക്ഷത്രങ്ങളുടെ കോറിലാണ്! നമ്മളുപയോഗിക്കുന്ന കത്തി മുതൽ സ്വർണ്ണമാല വരെ! ഈ നക്ഷത്രങ്ങൾ അവയുടെ കോറുകളിൽ പാചകം ചെയ്തതാണ്!!


മാത്രമല്ല ഈ മൂലകങ്ങളെ അവയാൽ കഴിയാവുന്ന രീതിയിൽ, പരമാവധി അകലേക്ക് വീശിയെറിയുക കൂടി ചെയ്യുന്നുണ്ട്!


എന്തിനു വേണ്ടി??


ഈ മൂലകങ്ങൾ എന്നെങ്കിലുമൊരിക്കൽ അനുകൂലമായ പരിതസ്ഥിതിയിൽ ശരിയായ രീതിയിൽ കൂടിച്ചേർന്ന്, ജീവനുണ്ടാകുന്നതിനോ? അതോ പിന്നെയും ശതകോടി വർഷങ്ങൾ കഴിഞ്ഞ് മനുഷ്യനേപ്പോലെയുള്ളവ ഉണ്ടായി, ജന്മം തന്നവരെ ഇതുപോലെ ആശ്ചര്യത്തോടെ നോക്കി നിൽക്കും എന്നറിഞ്ഞിട്ടോ!!??


Thursday, September 26, 2024

സൂര്യനിൽ നിന്നുള്ള 𝙎𝙪𝙥𝙚𝙧𝙫𝙞𝙨𝙞𝙤𝙣

 

സൂര്യനിൽ നിന്നുള്ള 𝘾𝙤𝙧𝙤𝙣𝙖𝙡 𝙈𝙖𝙨𝙨 𝙀𝙟𝙚𝙘𝙩𝙞𝙤𝙣 കാരണം അന്തരീക്ഷമുള്ള ഗ്രഹങ്ങളിൽ നാം കാണുന്ന മനോഹരമായ കാഴ്ചയാണ് 𝘼𝙧𝙤𝙧𝙖! എന്നാൽ ചിത്രത്തിൽ 𝘼𝙧𝙤𝙧𝙖 പോലെ നാം കാണുന്നത് സൂര്യനിലാണ്!


എന്താണതെന്ന് നോക്കാം..


നാസയുടെ 𝙉𝙪𝙎𝙏𝘼𝙍 𝙖𝙣𝙙 𝙎𝘿𝙊 എന്നീ 𝙎𝙥𝙖𝙘𝙚 𝙏𝙚𝙡𝙚𝙨𝙘𝙤𝙥𝙚𝙨 ഉപയോഗിച്ച് എടുത്ത 𝙄𝙢𝙖𝙜𝙚 ആണിത്.


ഉയർന്ന ഊർജ്ജനിലയിലുള്ള 𝙓-𝙍𝙖𝙮 ഉപയോഗിച്ച് സൂര്യനെയും മറ്റ് 𝘼𝙨𝙩𝙧𝙤𝙣𝙤𝙢𝙞𝙘 𝙊𝙗𝙟𝙚𝙘𝙩-കളെയും കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നതാണ് 𝙉𝙪𝙘𝙡𝙚𝙖𝙧 𝙎𝙥𝙚𝙘𝙩𝙧𝙤𝙨𝙘𝙤𝙥𝙞𝙘 𝙏𝙚𝙡𝙚𝙨𝙘𝙤𝙥𝙚 𝘼𝙧𝙧𝙖𝙮 (𝙉𝙪𝙎𝙏𝘼𝙍).


സൂര്യനിലെ സവിശേഷതകൾ, 𝙈𝙞𝙘𝙧𝙤𝙛𝙡𝙖𝙧𝙚𝙨, 𝙉𝙖𝙣𝙤𝙛𝙡𝙖𝙧𝙚𝙨 എന്നിവയിലെ 𝙃𝙞𝙜𝙝-𝙩𝙚𝙢𝙥𝙚𝙧𝙖𝙩𝙪𝙧𝙚 𝙢𝙖𝙩𝙚𝙧𝙞𝙖𝙡 പുറത്തുവിടുന്ന പ്രകാശം, തുടങ്ങിയ പലതരം 𝙎𝙤𝙡𝙖𝙧 𝙖𝙘𝙩𝙞𝙫𝙞𝙩𝙞𝙚𝙨 പഠിക്കാനാണ് 𝙎𝙪𝙥𝙚𝙧-𝙨𝙚𝙣𝙨𝙞𝙩𝙞𝙫𝙚 ആയ ഈ 𝙏𝙚𝙡𝙚𝙨𝙘𝙤𝙥𝙚 ഉപയോഗിക്കുന്നത്.


അതുപോലെ 𝙀𝙭𝙩𝙧𝙚𝙢𝙚 𝙐𝙡𝙩𝙧𝙖𝙫𝙞𝙤𝙡𝙚𝙩 𝙬𝙖𝙫𝙚𝙡𝙚𝙣𝙜𝙩𝙝 ഉപയോഗിച്ചാണ് 𝙎𝙤𝙡𝙖𝙧 𝘿𝙮𝙣𝙖𝙢𝙞𝙘𝙨 𝙊𝙗𝙨𝙚𝙧𝙫𝙖𝙩𝙤𝙧𝙮 (𝙎𝘿𝙊) സൂര്യനെ നിരീക്ഷിക്കുന്നത്.


𝙎𝘿𝙊-യുടെ 𝘼𝙩𝙢𝙤𝙨𝙥𝙝𝙚𝙧𝙞𝙘 𝙄𝙢𝙖𝙜𝙞𝙣𝙜 𝘼𝙨𝙨𝙚𝙢𝙗𝙡𝙮 (𝘼𝙄𝘼), 𝙉𝙪𝙎𝙏𝘼𝙍-മായി ചേർന്ന് 𝙈𝙞𝙘𝙧𝙤𝙛𝙡𝙖𝙧𝙚𝙨 പോലെയുള്ള 𝙎𝙤𝙡𝙖𝙧 𝙖𝙘𝙩𝙞𝙫𝙞𝙩𝙮-യെക്കുറിച്ച് പഠിക്കുകയാണ് ചെയ്തത്.


𝙎𝙪𝙥𝙚𝙧 𝙢𝙖𝙨𝙨𝙞𝙫𝙚 𝘽𝙡𝙖𝙘𝙠𝙝𝙤𝙡𝙚𝙨, 𝙋𝙪𝙡𝙨𝙖𝙧𝙨, 𝙎𝙪𝙥𝙚𝙧𝙣𝙤𝙫𝙖 തുടങ്ങിയവയിൽ നിന്നുള്ള 𝙃𝙞𝙜𝙝 𝙚𝙣𝙚𝙧𝙜𝙮 𝙥𝙖𝙧𝙩𝙞𝙘𝙡𝙚𝙨-ൻ്റെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ് 𝙉𝙪𝙎𝙏𝘼𝙍 നിർമ്മിച്ചത്. എന്നാലിവിടെ നമ്മുടെ സൂര്യനെ നിരക്ഷിച്ചപ്പോൾ അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനായി.


𝙉𝙪𝙎𝙏𝘼𝙍-ൻ്റെ 𝘿𝙖𝙩𝙖 ഇവിടെ 𝙂𝙧𝙚𝙚𝙣 𝙖𝙣𝙙 𝘽𝙡𝙪𝙚 ആണ്. അതായത് 30 ലക്ഷം 𝘿𝙚𝙜𝙧𝙚𝙚-യോളം ചൂടാക്കപ്പെടുന്ന 𝙋𝙡𝙖𝙨𝙢𝙖-യിൽ നിന്നുള്ള 𝙃𝙞𝙜𝙝-𝙚𝙣𝙚𝙧𝙜𝙮 𝙚𝙢𝙞𝙨𝙨𝙞𝙤𝙣 ആണത്!


𝙍𝙚𝙙 നിറത്തിൽ കാണുന്ന 𝘿𝙖𝙩𝙖, 𝙎𝘿𝙊 പിടിച്ചെടുക്കുന്ന 𝙐𝙡𝙩𝙧𝙖𝙫𝙞𝙤𝙡𝙚𝙩 𝙬𝙖𝙫𝙚𝙡𝙚𝙣𝙜𝙩𝙝-നെയാണ് സൂചിപ്പിക്കുന്നത്. ഇത് 𝙉𝙪𝙎𝙏𝘼𝙍 ൻ്റെ 𝘿𝙖𝙩𝙖-യേക്കാൾ, 10 ലക്ഷം 𝘿𝙚𝙜𝙧𝙚𝙚-യെങ്കിലും തണുത്തതാണ്!


ഉപരിതല താപനിലയല്ല ഇതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ!! 𝙉𝙪𝙎𝙏𝘼𝙍, 𝙎𝘿𝙊 എന്നിവയുടെ ഈ സംയോജിത ചിത്രം, കൊറോണ എത്ര ഉയർന്ന താപനിലയിൽ?എവിടെയാണ് ചൂടാക്കപ്പെടുന്നത്? എന്നീ വിവരങ്ങളാണ് കാണിക്കുന്നത്!


Wednesday, September 25, 2024

ബാലശാപങ്ങള്‍

 


ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ

ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ

ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ

ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ


ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ

ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ

ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ

ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ


കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു

കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി

ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ

കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?


ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി

തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ

ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി

ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ


സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍

കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും

അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍

എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ


ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-

ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ

ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു

എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്


പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.

നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു

അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും

എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു


മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു

പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു

അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു


നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം

നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം

നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം

ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം

മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം


ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,

കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ

കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ

കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ


കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ

തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ

കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ

കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ


നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ

നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ

എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ

നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ

എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ


#മധുസൂദനന്‍ നായര്‍