Monday, November 18, 2024

ഹോമോത്തേറിയം ലാറ്റിഡെൻസ്

 


37,000 വർഷം പഴക്കമുള്ള കഠാര പല്ലൻ കടുവ കുട്ടിയുടെ/ saber-toothed kitten/ അവശിഷ്ടങ്ങൾ ആർട്ടിക്കിലെ പെർമാഫ്രോസ്റ്റിൽ നിന്നും ശാസ്ത്രഞ്ജർ കണ്ടെത്തി. ലേറ്റ് പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വംശനാശം നേരിട്ട സസ്തനിയുടെ അവശിഷ്ടങ്ങൾ ആർട്ടിക്കിൽ നിന്നും കണ്ടെത്തിയത് റഷ്യൻ ശാസ്ത്രഞ്ജരാണ്. ഈ അവശിഷ്ടങ്ങൾ വിശകലനം ചെയ്ത ഗവേഷകർ ഇത് ഹോമോത്തേറിയം ലാറ്റിഡെൻസ് ( Homotherium latidens) എന്ന സ്പീഷീസിൽ പെട്ടതാണെന്ന് പറയുന്നു. റഷ്യയിലെ സൈബീരിയൻ പ്രദേശത്തെ ബദിയരിക്ക നദിതീരത്തെ ( Badyarikha River ) പെർമാഫ്രോസ്റ്റിൽ നിന്നും 2020 ലാണ് കടുവ കുട്ടിയുടെ മമ്മിഫൈഡ് അവശിഷ്ടങ്ങൾ ലഭിച്ചത്. 


        റേഡിയോ കാർബൺ പരിശോധനയിൽ നിന്നും കഠാര പല്ലൻ കടുവകുട്ടിയുടെ അവശിഷ്ടങ്ങൾക്ക് ഏകദേശം 37,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഈ കടുവകുട്ടി മുന്നു വയസ്സ് പ്രായമുള്ളപ്പോഴാണ് മരിച്ചത്, ഇതിന്റെ പല്ലുകൾ എല്ലുകൾ ഇവയുടെ വളർച്ച കണക്കാക്കിയാണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. ഇതിന്റെ ശരീരം കേടുകൂടാതെയാണ് ലഭിച്ചത്, അതിൽ തല, മുൻകാലുകൾ, ഷോൾഡർ, വാരിയെല്ലിൻ കൂട്, ഒരു പിൻകാല് എന്നിവ ഉൾപ്പെടുന്നു. നല്ല നിലയിൽ സംരക്ഷിക്കപ്പെട്ട ഈ ജീവിയുടെ അവശിഷ്ടങ്ങൾ വംശനാശം നേരിട്ട ഈ സസ്തനിയെ കുറിച്ച് കൂടുതൽ അറിവുകൾ നൽകാൻ ഉപകരിക്കുമെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.



 കടുവകുട്ടിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നത്  ഇത് തണുത്തുറഞ്ഞ കാലാവസ്ഥയിൽ ജീവിക്കാൻ അനുകൂലനം നേടിയുണ്ടെന്നാണ്. ഇതിന്റെ മമ്മിഫൈഡ് ശരീരം ( mummified body) 

 മുഴുവൻ ' ചെറിയ, കട്ടിയേറിയ, മൃദുവായ, ഇരുണ്ട ബ്രൗൺ രോമം' കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഇതിന്റെ മുടിക്ക് ഏകദേശം 20-30 mm നീളമുണ്ട്. ഇടതൂർന്ന ജഢ പോലെയുള്ള രോമങ്ങൾ വായുടെ അരികിലും കൃതാവിലും കാണപ്പെടുന്നു. മഞ്ഞിൽ സഞ്ചരിക്കുന്നതിന് സഹായകരമാണ് പാദങ്ങൾ. ഇതിന് ചെറിയ ചെവിയും വിസ്താരത്തിൽ വായ് തുറക്കാനും കഴിയുന്നു.

        ഇതിനെ കുറിച്ചുള്ള പഠനങ്ങൾ  ജേണൽ സയൻറ്റിഫിക്ക് റിപ്പോർട്ടിൽ ( journal Scientific Reports) പ്രസിദ്ധീകരിച്ചു.


No comments:

Post a Comment