Wednesday, January 13, 2016

റാസൽ ഖൈമയിലെ ആ വലിയ വീട്‌!!





പ്രേമം സിനിമയിൽ തമാശക്ക്‌ വേണ്ടി എഴുതിയതാവാം റാസൽ ഖൈമയിലെ ആ വലിയ വീടിനെ കുറിച്ച്‌ , എന്നാൽ സത്യത്തിൽ റാസൽഖൈമയിൽ അങ്ങനെ "വലിയൊരു വീടുണ്ട്‌"മണിചിത്രത്താഴിലെ നകുലനും,ഗംഗയും ,അല്ലിയും, നാഗവല്ലിയും താമസിച്ച മാടംമ്പള്ളിക്ക്‌ സമാനമായ വലിയ വീട്‌!!
ഒരു ചെറിയ കുന്നിനു മുകളിൽ ഉയർന്ന് നിൽക്കുകയാണു നാലു നിലകളിലായുള്ള "റാസൽ ഖൈമയിലെ ഗോസ്റ്റ്‌ ഹൗസ്‌" അതെ മണിചിത്രത്താഴ്‌ സിനിമയിൽ കണ്ട മാടംമ്പള്ളിക്ക്‌ സമാനമായ വീട്‌!!

22 വർഷം മുമ്പ്‌ നിർമ്മിച്ച്‌ ഒരു ദിവസം പോലും ആരും താമസിക്കാത്ത വലിയൊരു മാളിക!!താഴത്തെ നിലയിൽ ആദ്യം കയറി, വലിയൊരു ഹാൾ നിറയെ ചുവർ ചിത്രം,സെറാമിക്‌ ടെയിൽസ്‌ കൊണ്ട്‌ അലങ്കരിച്ച്‌ ഓരോ മുറിയും. പിന്നെ നിരവധി നശിച്ച്‌ കൊണ്ടിരിക്കുന്ന കൂറ്റൻ മേശകളും കസേരകളും സോഫാ സെറ്റും. എല്ലാം അതിവിശാലമായ മുറികൾ എല്ലാ മുറികളിലും കൂറ്റൻ ചുവർ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്‌. സെന്റ്രൾ ഹാളിൽ കൂറ്റൻ ലൈറ്റും.വിശാലമായ വാതിലുകൾ, മുറികൾ, സൽകാര മുറികൾ അങ്ങനെ എല്ലാ ചേരുവകളും.ചില മുറികളിൽ കൂറ്റൻ ഫർണ്ണിച്ചർ സെറ്റുകൾ കൂട്ടിയിട്ടിരിക്കുന്നു. ഇടുങ്ങിയ കോണിപ്പടി ചവിട്ടുമ്പോഴുള്ള ശബ്ദവും ,വാതിലുകൾ തുറക്കുമ്പോഴുള്ള ശബ്ദവും പ്രേത സിനിമയെ ഓർമ്മിപ്പിക്കും.

അമൂല്യമായ സാധനം സൂക്ഷിച്ച മുറിയുടെ വാതിൽ തുറന്നപ്പോൾ മണിചിത്രത്താഴിൽ ഗംഗ നാഗവല്ലിയുടെ മുറിയിൽ കയറിയ സീൻ ഓർമ്മ വന്നു.അതേ സീൻ മതിലിൽ വലിയൊരു ചുവർ ചിത്രം പൊടിപിച്ച്‌ കിടക്കുന്നു.ഏതാണ്ട്‌‌ ആറോ ഏഴോ അടി വലിപ്പത്തിലുള്ള രണ്ട്‌ വലിയ കൂജ, അതാണു അമൂല്യമായ സാധനം .കൂട്ടത്തിൽ നിരവധി വലിയ മേശകളും മറ്റും പൊടിയെടുത്ത്‌ കിടക്കുന്നു.
ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണ് ജിന്ന് .ജിന്നുകളെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല.മനുഷ്യനു കാണാൻ സാധിക്കാത്ത ഒരു വിഭാഗമാണു ജിന്ന്, ജിന്നുകളിൽ പൈശാചിക സ്വഭാവമുള്ള ജിന്നുകളുമുണ്ട്‌ എന്നാണു വിശ്വാസം. അത്തരം ജിന്നുകൾ ഈ മാളികയിൽ ഉണ്ട്‌ എന്ന കാരണത്താൽ മാത്രമാണു ലക്ഷക്കണക്കിനു ദിർഹംസ്‌ ചിലവഴിച്ച്‌ നിർമ്മിച്ച്‌ ഒരു ദിവസം പോലും താമസിക്കാത്ത ഈ കൊട്ടാര സമാനമായ വീട്‌ . വലിയ ചുറ്റുമതിലും ഗേറ്റുമുള്ള മാളികയുടെ അകത്ത്‌ കയറൽ അത്ര എളുപ്പമുള്ള കാര്യമല്ല,നിധികാക്കുന്ന ഭൂതത്തെ പോലെ കാവൽക്കാരെ നിർത്തി അർബാബ്‌ ഒരു വരുമാനവും ഇല്ലാത്ത ഈ മാളിക സംരക്ഷിക്കുന്നു. വളരെ വിചിത്രവും നിഗൂഡവുമാണു ഈ മാളികയെ കുറിച്ച്‌ പരക്കുന്ന കഥകളൊക്കെയും. മരണം സംഭവിച്ചിട്ടുണ്ട്‌ എന്നും, രാത്രിയിൽ കുട്ടികളുടെ കരച്ചിൽ കേൾക്കാമെന്നും. ഇതിനു തൊട്ടടുത്തുള്ള സ്ഥലത്തും ആരും വീടു എടുത്തില്ല..മാളികയിലെ ചുവർ ചിത്രങ്ങൾ സൂക്ഷിച്ച്‌ നോക്കിയാൽ അട്ടഹസിക്കുന്നതായ വിരൂപമായ ആളുടെ രൂപം കാണാം ചിലപ്പോൾ പ്രേതം/ജിന്ന് എന്നൊക്കെ ചിന്തിച്ച്‌ കയറിയത്‌ കൊണ്ട്‌ മനസ്സിൽ തോന്നിയതാകാം..

എല്ലാ നിലകളും കയറി കണ്ടു, വെള്ളിയുടെ വലിയ പാത്രങ്ങളും, വിലകൂടിയ ഫർണ്ണിച്ചറുകളും, വലിയ നിരവധി ചുവർ ചിത്രങ്ങളും, അങ്ങനെ ആഡംഭരത്തിൽ പണിത ഈ കൂറ്റൻ മാളിക എന്തിനാവും ഇങ്ങനെ നശിപ്പിക്കുന്നത്‌ എന്ന ചോദ്യം മനസ്സിൽ ചോദിച്ച്‌ മാളികയുടെ പടവുകൾ താണ്ടി പുറത്തേക്കിറങ്ങിയപ്പോൾ പിന്നിൽ നിന്നും വല്ല അറബി പ്രേതങ്ങളും "നിക്കവിടെ ഇന്ത അഹവാനുൽ ജിബർലക്ക" എന്ന് പറയുന്നുണ്ടാവാം...

കാവൽക്കാരനു കൈമടക്ക്‌ കൊടുത്താൽ ഒന്നോ രണ്ടോ ആൾക്കാരെ ചിലപ്പോൾ അകത്ത്‌ കയറ്റും പക്ഷെ സ്ത്രീകളെയും കുട്ടികളേയും ഒരു കാരണവശാലും കയറ്റില്ല..പ്രേതം, ഭൂതം എന്നിവ സ്വപ്നം കാണുന്ന ലോല ഹൃദയമുള്ളവർ പോയി പണി കിട്ടണ്ട!!

c n p 

No comments:

Post a Comment