Friday, January 8, 2016

ജാക്ക് കാലിസ് !


അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000നടുത്ത് റണ്ണുകൾ സ്കോർ ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാള­ാണെന്ന് ഉറപ്പിക്കാം.എന്നാൽ അതേ വ്യക്തി അഞ്ഞൂറിനു മുകളിൽ വിക്കറ്റുകൾ കൂടി വീഴ്ത്തിയിട്ടുണ്ട് എന്നറിയുമ്പോൾ അയാളുടെ മൂല്യം നിശ്ചയിക്കുന്നത് അസാദ്ധ്യമായി മാറും.ജാക്ക് കാലിസ് ഇവിടെയാണ് വ്യത്യസ്തനാകുന്നത്.ല­ോകത്തിലെ ഏതു ടീമിലേക്കും നടന്നു കയറാവുന്ന,പൂർണ്ണതയോട­് വളരെയടുത്ത് നിൽക്കുന്ന പ്രതിഭാസം.
നല്ല ഉയരവും ബലിഷ്ഠമായ ശരീരവും ഉണ്ട് കാലിസിന്.ശുദ്ധക്രിക്­കറ്റിൻെറ ആരാധകരെ സംതൃപ്തരാക്കുന്ന ടെക്നിക്.ആ കവർഡ്രൈവുകൾക്ക് വല്ലാത്ത അനായാസതയായിരുന്നു.ആ ബാറ്റിൽ നിന്ന് പായുന്ന സ്ട്രെയിറ്റ് ഡ്രൈവുകൾ കണ്ടപ്പോൾ സച്ചിൻ തെൻഡുൽക്കർക്ക് അഭിമാനമേ തോന്നിക്കാണൂ.ഒരു ക്ളാസിക് ബാറ്റ്സ്മാനായി നിലകൊണ്ടപ്പോഴും വലിയ ഷോട്ടുകളോട് പഥ്യക്കുറവൊന്നും ഉണ്ടായിരുന്നില്ല.24 പന്തിൽ 50 റണ്ണുകൾ സ്കോർ ചെയ്യാനും കാലിസിന് കഴിയുമായിരുന്നു.
ഒാസ്ട്രേലിയയുടെ ഉരുക്കുകോട്ടയായ മെൽബൺ ഗ്രൗണ്ടിൽ ഒരു മാച്ച് സേവിങ് സെഞ്ച്വറിയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ച കാലിസ് എന്ന 22കാരൻ പിന്നീട് ഇതിഹാസങ്ങൾ ഒരുപാട് രചിച്ചു.ഡർബൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറിയിലൂടെയാണ് തൻെറ ടെസ്റ്റ് കരിയർ കാലിസ് അവസാനിപ്പിച്ചത്.ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനെ അളക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഏഷ്യയിലെ പ്രകടനങ്ങളാണ്.ഏഷ്യയി­ൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഏഷ്യക്കാരല്ലാത്ത താരങ്ങളിൽ മുൻനിരയിൽത്തന്നെ കാലിസിൻെറ പേരുണ്ട്.(8 സെഞ്ച്വറികൾ) 2000ത്തിൽ ഇന്ത്യയിൽ,ടെസ്റ്റ് പരമ്പര ജയിച്ചതിനെപ്പറ്റി സംസാരിക്കുമ്പോൾ ഷോൺ പോളക് അഭിമാനംകൊള്ളുന്നത് കാണാം.ആ വിജയത്തിൽ മുഖ്യപങ്ക് കാലിസിനായിരുന്നു.
1998ൽ ദക്ഷിണാഫ്രിക്ക ചാംപ്യൻസ് ട്രോഫി ജയിച്ചപ്പോഴും കാലിസിൻെറ സംഭാവനകൾ ജ്വലിച്ചുനിന്നു.പിന്­നീട് പല എെ.സി.സി ഇവൻറുകളിലും പ്രോട്ടിയാസിന് കാലിടറിയതിനാൽ ആ ജയത്തിൻെറ പ്രസക്തി വർദ്ധിക്കുന്നു. ലോകകപ്പ് ജയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ടൊന്നും കാലിസിൻെറ മഹത്വം കുറയുന്നില്ല.മികച്ച ഒരു സ്ളിപ്പ് ഫീൽഡറുമായിരുന്നു കാലിസ്.
പേസ് കൊണ്ട് ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്ന ബൗളറായിരുന്നില്ല കാലിസ്.പക്ഷേ ആ അച്ചടക്കവും കൃത്യതയും പലപ്പോഴും മികച്ച ബാറ്റ്സ്മാൻമാരുടെ രക്തം തന്നെ വീഴ്ത്തി.കരിയറിൻെറ അവസാനഘട്ടത്തിൽ ബൗളിംഗ് കാലിസിന് പ്രയാസകരമായി മാറിയെന്ന് തോന്നിയിരുന്നു.എങ്കി­ലും ഒാരോ തവണ ഒാടിയടുക്കുമ്പോഴും നൂറു ശതമാനം നൽകാൻ കാലിസ് പരമാവധി ശ്രമിച്ചു.വല്ലപ്പോഴു­ം എന്തെങ്കിലും പറയുമെങ്കിലും ബാറ്റ്സ്മാനെ എന്നെങ്കിലും കാലിസ് അതിരുവിട്ട് പുലഭ്യം പറഞ്ഞതായി ഒാർക്കുന്നില്ല.എെ.പി­.എല്ലിൽ യുവതാരങ്ങൾ പതറിയപ്പോഴും സീനിയറായ കാലിസ് താരമായി.
കാലിസിൻെറ സ്വന്തം ടീമായ കൊൽക്കത്തയ്ക്കെതിരെ നന്നായി കളിച്ച് ക്രിസ് ഗെയ്ൽ ബാംഗ്ളൂരിന് വിജയം നേടിക്കൊടുത്തപ്പോൾ ഗെയ്ലിനെ തോളിൽ കൈവച്ച് അഭിനന്ദിച്ച കാലിസിനെ ഇന്നും ഒാർക്കുന്നു.ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലിസിനോട് ഇഷ്ടമേ തോന്നൂ.
ഇങ്ങനെ എല്ലാം മേഖലകളും അനായാസം കൈകാര്യം ചെയ്യാൻ എങ്ങനെ ആ മനുഷ്യന് സാധിച്ചു എന്നറിയില്ല.
ക്രിക്കറ്റിൽ ഒരു ഗാരി സോബേഴ്സ് യുഗം ഉണ്ടെങ്കിൽ തീർച്ചയായും ഒരു ജാക്ക് കാലിസ് യുഗവുമുണ്ട്.ഒാൾറൗണ്ട­ർമാർ ഇനിയും വരും.പക്ഷേ ഒരു കാലിസ് ഇനി ഉണ്ടാകുമോ?...സംശയമാണ­്....

c n p 

No comments:

Post a Comment