ഇപ്പോൾ ആകാശത്ത് രാത്രി ഏകദേശം 9.30 മണിയോടെ നേരേമുകളിൽ ആയി കാണാൻ കഴിയുന്ന ചുവപ്പു അതി ഭീമൻ(Red super giant) നക്ഷത്രമാണ് തിരുവാതിര(betelgeuse). ഓറയോൺ(വേട്ടക്കാരൻ) നക്ഷത്രരാശിയിൽ വരുന്ന ഈ ഭീമൻ നക്ഷത്രത്തിന് സൂര്യനേക്കാൾ 800 ഇരട്ടി വലുപ്പമുണ്ട്. സൂര്യന്റെ സ്ഥാനത്ത് ഈ നക്ഷത്രം നിലകൊള്ളുന്നു എന്നു സങ്കല്പിച്ചാൽ സൗരയൂഥത്തിലെ ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഈ നക്ഷത്രത്തിനുള്ളിൽ ആകും.
ഭൂമിയിൽ നിന്ന് 650 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. അതായത്, നാം ഇപ്പോൾ കാണുന്ന തിരുവാതിര 650 വർഷം മുൻപ് എങ്ങനെ ഇരുന്നോ ആ രീതിയിലാണ്. സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം 650 വർഷം സഞ്ചരിച്ചാലേ തിരുവാതിരയുടെ പ്രകാശം ഭൂമിയിൽ എത്തുകയുള്ളു.
ഏതു നിമിഷവും പൊട്ടിത്തെറിക്കാൻ(സൂപ്പർനോവ സ്ഫോടനം) തയ്യാറായി നില്ക്കുന്ന നക്ഷത്രമാണ് തിരുവാതിര.
പ്രപഞ്ചത്തിലെ ഏറ്റവും ഭയാനമായ കാഴ്ചയിൽ ഒന്നാണ് ' സൂപ്പർനോവ സ്ഫോടനം '. പത്തു കോടി സൂര്യൻ ഒന്നിച്ച് ഉദിച്ചാലുള്ള പ്രഭ പരത്താൻ ഇതിനു കഴിയും. പകൽ സമയത്തും മാസങ്ങളോളം പൊട്ടിത്തെറിച്ച നക്ഷത്രത്തെ ആകാശത്ത് കാണാൻ കഴിയും. പ്രപഞ്ചത്തിൽ ഇരുമ്പിനേക്കാൾ അണുഭാരം കൂടിയ മൂലകങ്ങൾ ഉണ്ടാകുന്നത് സൂപ്പർനോവ സ്ഫോടനം വഴിയാണ്.
തിരുവാതിര ഇപ്പോൾ പൊട്ടിത്തെറിക്കുന്നതായി കാണപ്പെട്ടാൽ ആ പൊട്ടിത്തെറി 650 വർഷം മുൻപാണ് നടന്നത്. ഇപ്പോൾ പൊട്ടിത്തെറിച്ചാൽ 650 വർഷങ്ങൾക്ക് ശേഷമുള്ളവരേ ആ കാഴ്ച കാണു.
പൊട്ടിത്തെറി കഴിഞ്ഞാൽ പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ കാമ്പ് ഒരു തമോഗർത്ത(Black Hole) ആയി പരിണമിക്കും.
സ്ഫോടന ശേഷം തിരുവാതിര നക്ഷത്രം ആകാശത്ത് കാണപ്പെടുകയില്ല, ജ്യോതിഷ ഗ്രന്ഥങ്ങളിൽ നിലനിന്നേക്കാം !
No comments:
Post a Comment