ടീമിന്റെ പ്രതാപം ചിതലരിച്ച അവസ്ഥയിൽ ഓസ്‌ട്രേലിയയെ ഒറ്റയ്ക്ക് തകർത്തുകൊണ്ട് വിൻഡീസിനെ വിജയവഴിയിൽ എത്തിച്ച ഇതിഹാസതാരം .
1970 കളുടെ മധ്യം മുതൽ 1990 കളുടെ തുടക്കം വരെ ലോക ക്രിക്കറ്റിലെ കിരീടം വച്ച രാജാക്കന്മാരായിരുന്നു വെസ്റ്റ് ഇൻഡീസ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അപകടകാരികളായ ടീം. കളിക്കളത്തിലെ ഏതൊരു വമ്പനും അവരെ ഒരുപോലെ പേടിച്ചിരുന്നു . എന്നാൽ 1996 ലോകകപ്പിൽ ടെസ്റ്റ് പദവി പോലുമില്ലാത്ത ദുർബലരായ കെനിയോട് പോലും തോറ്റതോടെ വെസ്റ്റ് ഇൻഡീസിന്റെ പ്രതാപം ചിതലരിച്ച അവസ്ഥയിലെത്തി...
പിന്നീട് ഒരു ഇറക്കമായിരുന്നു നിലയിൽ ആ കയത്തിലേക്ക്പഴയ പ്രതാപശാലികളുടെ ടീം മുങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ നിരാശയിലാണ്ടു. നിശ്ചിത അതിർത്തികളാൽ വിഭജിക്കപ്പെട്ട കരീബിയൻ ദ്വീപു സമൂഹങ്ങളിൽ വ്യത്യസ്ത പതാകകൾക്ക് കീഴെ അണിനിരന്ന ജനതയെ ഒന്നിച്ചു നിർത്തിയ ക്രിക്കറ്റ് എന്ന വികാരത്തെ അപ്പോഴും മുറുകെ പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നു. ബ്രയാൻ ചാൾസ് ലാറ.
അവർക്ക് എന്നും പ്രതീക്ഷ നൽകാൻ അയാൾ മാത്രം മതിയായിരുന്നു. അയാൾ അവരെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. താൻ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും ടീം അടിയറവ് പറയുന്ന സ്ഥിതി ഏതൊരു പ്രതിഭയുടെയും മനം അടുപ്പിക്കും. എന്നാൽ സാഹചര്യം കഠിനമാകുമ്പോൾ പ്രതികരണവും മികവുറ്റ ആകുമെന്നത് തന്നെയാണ് ലാറയെ വേറിട്ട് നിർത്തിയത്. അതിനുള്ള ഏറ്റവും വലിയൊരു ഉദാഹരണമായിരുന്നു 1999 ൽ ഓസ്ട്രേലിയക്കെതിരെ ലാറ പുറത്താകാതെ നേടിയ 153 റൺസിന്റെ പ്രകടനം.
ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി പലരും വാഴ്ത്തപ്പെടുന്ന പ്രകടനം. അതിലേക്ക് കടക്കുന്നതിനു മുൻപ് ആ ഒരു ഇന്നിംഗ്സിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ വിൻഡീസ് ടീമിന്റെ അപ്പോഴത്തെ സാഹചര്യം എന്തായിരുന്നു എന്ന് കൂടി അറിയേണ്ടതുണ്ട്. 1998 ന്റെ അവസാനം ലാറയുടെ നേതൃത്വത്തിൽ വിൻഡീസ് സൗത്ത് ആഫ്രിക്ക സന്ദർശിക്കുകയുണ്ടായി. അഞ്ച് ടെസ്റ്റും ഏഴ്ഏ കദിനങ്ങളുമായിരുന്നു പര്യടനത്തിൽ ഉണ്ടായിരുന്നത്. ടെസ്റ്റിൽ 5 - 0 സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയ വിൻഡീസ് ഏകദിനത്തിൽ ആകെ ഒരു മത്സരത്തിലായിരുന്നു വിജയിച്ചത്.
വിൻഡീസ് ക്രിക്കറ്റ് ആകെ തകർന്ന അവസ്ഥയിലേക്ക് എത്തി നിൽക്കുന്ന സമയമായിരുന്നു ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിലേക്ക് എത്തുന്നത്. ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആദ്യ രണ്ട് ടെസ്റ്റിൽ മാത്രമായിരുന്നു വിൻഡീസ് ക്രിക്കറ്റ് ബോർഡ് ലാറയെ ക്യാപ്റ്റനായി നിയമിച്ചത്. ലാറയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പര കൂടിയായിരുന്നു അത്. ട്രിൻഡിൽ നടന്ന ആദ്യ ടെസ്റ്റിൽ തന്നെ
പക്ഷേ ലാറക്കും ടീമിനും തിരിച്ചടി ലഭിച്ചു.
ലോക ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരായ കങ്കാരുപ്പടകൾ 312 റൺസിന് അവരെ കീഴ്പ്പെടുത്തി . അവസാന ഇന്നിംഗ്സിൽ വെറും 51 റൺസിനായിരുന്നു കരീബിയൻ പടകൾ ഓൾ ഔട്ട് ആയത്. വെസ്റ്റ് ഇൻഡീസിന്റെ പ്രകടനം കണ്ട് ലാറക്കും ടീമിനും എതിരെ നിരവധി വിമർശനങ്ങൾ നാനാദിക്കിൽ നിന്നും ഉയർന്നുവന്നു. പക്ഷേ ജമൈക്കയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ലാറ വെസ്റ്റ് ഇൻഡീസിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ചു. അതുകൊണ്ട് അടുത്ത രണ്ട് ടെസ്റ്റിനും ലാറയെ തന്നെ ക്യാപ്റ്റനായി തുടരാൻ വിൻഡീസ് ബോർഡ് സമ്മതിച്ചു.
അങ്ങനെ ബ്രിഡ്ജ് ടൗണിൽ മൂന്നാം ടെസ്റ്റിനായി കളമൊരുങ്ങി. ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവോയുടെ 199 റൺസിന്റെയും ബ്രിക്കി പോണ്ടിങ്ങിന്റെ 104 റൺസിന്റെയും മികവിൽ 490 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് മുൻനിര തകർന്നെങ്കിലും ഓപ്പണർ ഷെർവിൻ ക്യാമ്പലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ വെസ്റ്റ് ഇൻഡീസ് 329 റൺസ് കുറിച്ചു.
161 റൺസ് ലീഡുമായി ഇറങ്ങിയ ഓസ്ട്രേലിയയെ പക്ഷേ രണ്ടാം ഇന്നിംഗ്സിൽ കാത്തിരുന്നത് വെസ്റ്റ് ഇൻഡീസിന്റെ ഗ്ലാഡിയേറ്റേഴ്സ് എന്നറിയപ്പെടുന്ന രണ്ട് കൊലകൊമ്പന്മാരായ ബൗളേഴ്സിന്റെ തീയുണ്ടകൾ ആയിരുന്നു . കേർട്ലി ആംബ്രോസും കോഡ്നി വാൾഷും നിറഞ്ഞാടിയപ്പോൾ 146 റൺസിന് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചു. എങ്കിലും 308 എന്ന പടുകൂറ്റൻ ലക്ഷ്യമായിരുന്നു ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെതിരെ മുന്നോട്ടുവെച്ചത്.
ആത്മവിശ്വാസത്തോടെ നാലാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഓപ്പണർമാരായ അഡ്രിയൻ ഗ്രിഫിത്തും ഷെർവിൻ ക്യാമ്പലും , ഒന്നാം വിക്കറ്റിൽ അവർക്ക് 72 റൺസ് സമ്മാനിച്ചു. എന്നാൽ ആറ് റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയ മത്സരത്തിൽ പിടിമുറുക്കി. നാലാം ദിവസം കളി അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസിന് വേണ്ടത് 223 റൺസ്. ഓസ്ട്രേലിയക്ക് വേണ്ടത് ഏഴ് വിക്കറ്റുകളും...
ബ്രയൻ ലാറ അപ്പോൾ രണ്ട് റൺസുമായി ക്രീസിനുണ്ടായിരുന്നു. അഞ്ചാം ദിവസം വിൻഡീസ് പരാജയം ഏറെക്കുറെ ഉറപ്പിച്ചതുമായിരുന്നു. പ്രതാപകാലത്ത് നിറഞ്ഞാടുന്ന ഗ്ലെൻ മഗ്രാത്തിന്റെയും ഷെയിൻ വോൺ ന്റെയും മുന്നിൽ ഏതാണ്ട് അസാധ്യ വിജയലക്ഷ്യം. സ്കോർ ബോർഡിൽ 108 റൺസുകൾ ചേർത്തപ്പോഴേക്കും ടീമിലെ പകുതി താരങ്ങൾ പവലിയനിൽ എത്തിയിരുന്നു. പക്ഷേ വിൻഡീസുകാരുടെ പ്രതീക്ഷകൾ അവിടെ അവസാനിച്ചിരുന്നില്ല.
ആഴ്ചകൾക്ക് മുൻപ് സബീന പാർക്കിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ
അവരെ വിജയിപ്പിച്ച ഇടതുകയ്യനെ അവർക്ക് അത്രയും വിശ്വാസമായിരുന്നു . ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അയാൾക്ക് സാധിക്കുമെന്ന് ദീപുകാർ വിശ്വസിച്ചു. ഇടം കയ്യനായ അയാളുടെ ഓഫ് സ്റ്റമ്പിന് പുറത്തെ റഫിൽ പിച്ച് ചെയ്ത് ഒരുപാട് തിരിഞ്ഞ ലെഗ് ബ്രേക്കുകളും ആദ്യ ഇന്നിംഗ്സിൽ അയാളെ പുറത്താക്കിയ ആ ഷോർട്ട് ബോളുകളും ആ ദിനം യഥേഷ്ടം അയാൾ ബൗണ്ടറികളിലേക്ക് പ്രഹരിച്ചു കൊണ്ടിരുന്നു. സ്ലഡ്ജിങ്ങിലൂടെ അയാളെ തകർക്കാൻ ശ്രമിച്ച മഗ്രാത്തിനെ തിരിച്ചു സ്ലഡ്ജ് ചെയ്തും അയാൾ ഓർമ്മിപ്പിച്ചു ഇത് ജയിക്കാനായി ഞാൻ കളിക്കുന്ന കളിയാണെന്ന്.
ആദ്യ 50 യിലേക്ക് 112 ബോളുകൾ നേരിട്ടപ്പോൾ രണ്ടാം 50 പിറന്നിരുന്നത് വെറും 52 പന്തുകളിൽ നിന്നായിരുന്നു. വിക്കറ്റുകൾ ഇടവേളകളില്ലാതെ നഷ്ടമാകുമ്പോഴും ലാറ ഒരു ഭാഗത്ത് ഉറച്ചുനിന്നു . അഞ്ചിന് 238 എന്ന ശക്തമായ നിലയിൽ നിന്നായിരുന്നു നിമിഷനേരത്തിനിടയിൽ എട്ടിന് 248 എന്ന നിലയിലേക്ക് വെസ്റ്റ് ഇൻഡസ് കൂപ്പ് കുത്തിയത്. ഒടുവിൽ വാലറ്റത്ത് ആംബ്രോസിനെയും വാൽഷനെയും ഒപ്പം നിർത്തി ലാറ നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു..
ഗ്യാപ്പുകൾ കൃത്യമായി കണ്ടെത്തി പത്താമനും പതിനൊന്നാമനുമായ ആംബ്രോസിനും വാൽഷിനും ഒപ്പം അയാൾ ആ അവസാന നിമിഷങ്ങളിൽ കൂട്ടിച്ചേർത്തത് 63 റണ്ണുകളായിരുന്നു . ആ ദിനം കളിക്കേണ്ട ഷോട്ടുകൾ അയാൾ തിരഞ്ഞെടുത്തതിലും ആ ക്രിക്കറ്റിംഗ് ബ്രെയിൻ നിറഞ്ഞുനിന്നു. 302 ൽ ഒമ്പതാമത്തെ വിക്കറ്റ് നഷ്ടമായപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം നിശബ്ദരായി . കാരണം അവസാന ബാറ്ററായി എത്തുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം തവണ ഡക്ക് ആയിട്ടുള്ള കോഡ്നി വാൽഷ്. അയാൾ മഗ്രാത്തിന്റെ ഓവറിലെ അഞ്ചു പന്തുകൾ പിടിച്ചു നിൽക്കാൻ സകല ക്രിക്കറ്റ് പ്രേമികളും മനസ്സുരുകി പ്രാർത്ഥിച്ചു. ഒടുവിൽ ആ പ്രാർത്ഥന ഫലം കാണുകയും ചെയ്തു.
വാൽഷ് അഞ്ച് ബോളുകൾ ബ്ലോക്ക് ചെയ്ത നിമിഷത്തിനൊടുവിൽ ഗില്ലസ്പിയുടെ 27 ആമത്തെ ഓവറിലെ ആദ്യ ബോൾ ഒരു കവർ ഡ്രൈവിലൂടെ ബൗണ്ടറി പറത്തി ലാറ രാജ്യത്തിന് ഒരു ഐതിഹാസിക വിജയം സമ്മാനിച്ചു . ബ്രിഷ് ടൗൺ സ്റ്റേഡിയത്തിലേക്ക് വിൻഡീസ് താരങ്ങളും ആരാധകരും ശരവേഗത്തിൽ പാഞ്ഞു. ബ്രയൻ ലാറയെ അവർ ഈച്ച പൊതിയുന്നത് പോലെ പൊതിഞ്ഞു..
ആ വിജയം വിൻഡീസ് ക്രിക്കറ്റിനും ആരാധകർക്കും അത്രത്തോളം പ്രധാനപ്പെട്ട ഒന്നായിരുന്നു. പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഉയർത്തെഴുന്നേറ്റ ആ ഇന്നിംഗ്സിലൂടെ അയാൾ ആ ദിനം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ബ്രയൻ ചാൾസ് ലാറ ക്രീസിൽ ഉള്ളപ്പോൾ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടില്ല എന്ന്.
ആ ഒരു സീരീസ് മാത്രം മതിയാകും വിൻഡീസ് ടീമിൽ ലാറ എന്ന ഘടകത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ . പരമ്പരയിൽ 91 ശരാശരിയിൽ 65 സ്ട്രൈക്ക് റേറ്റിൽ ലാറ വാരിക്കൂട്ടിയത് 546 റൺസ് ആയിരുന്നു . മറ്റൊരു വെസ്റ്റ് ഇൻഡീസ് കളിക്കാരനും ആകെ 200 പോലും തികച്ചിരുന്നില്ല. ഒരാൾക്കും ശരാശരി 30 പോലും ഉണ്ടായിരുന്നില്ല. കൂടിയ സ്ട്രൈക്ക് റേറ്റ് വെറും 45 മാത്രം. ഒരാൾ മാത്രമായിരുന്നു ഒരു സിക്സർ എങ്കിലും അടിച്ചത് . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച ഇന്നിംഗ്സ് ആയി വിസ്ഡൺ തിരഞ്ഞെടുത്തതും ബ്രയാൻ ചാൾസ് ലാറയുടെ ഈ അസാധ്യ ഇന്നിംഗ്സ് തന്നെയായിരുന്നു.
No comments:
Post a Comment