Wednesday, September 4, 2013

സ്മാർത്തവിചാരം !!

കേരളത്തിലെ നമ്പൂതിരി  സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാർത്ത വിചാരം. നമ്പൂതിരിസ്ത്രീകൾക്ക് ചാരിത്ര്യദോഷം അഥവാ പരപുരുഷന്മാരുമായി ലൈംഗിക ബന്ധം ആരോപിക്കപ്പെട്ടാൽ അവരെ വിചാരണ ചെയ്യുകയും തീർപ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് ഈ രീതി അനുവർത്തിച്ചു പോന്നത്. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പാർപ്പിക്കുകയും ശേഷം രാജാവിന്റെ സാന്നിദ്ധ്യത്തിൽ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാലത്തെ രീതി. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതിൽ പങ്കുള്ള പുരുഷൻ (പുരുഷന്മാർ) എന്നിവർക്കും ചേർന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനം.  അന്ധർജനങ്ങൾക്ക്  അടുക്കള ദോഷം സംഭവിക്കുക എന്നാണ്‌ കുറ്റത്തെപ്പറ്റി പറയുക. രാജാവിന്റെ പ്രതിനിധിയുടെ സന്നിധ്യത്തിലാണ്‌ കുറ്റവിചാരണ നടത്തുന്നത്. ഇത്തരം കുറ്റവിചാരണ നടന്നതിൽ ഏറ്റവും പ്രസിദ്ധമായത് കുറിയേടത്ത് താത്രി  വിചാരണയാണ്‌. അത് അന്തർജ്ജന സമൂഹത്തിന്റെ ഉള്ളിലെ സംഘർഷങ്ങളുടെ ബഹിർഗമനമായി, നമ്പൂതിരിമാർ ഒഴികെയുള്ള സമൂഹത്തിൽ കോളിളക്കം ഉണ്ടാക്കി. ഇത് കണ്ടു നിരവധി പത്രങ്ങൾ വിമർശിച്ചു. വിവിധ ഘട്ടങ്ങളിലായാണ്‌ സ്മാർത്തവിചാരം നടക്കുന്നത്. എന്നാൽ ഇന്ന് ഇത്തരം ആചാരങ്ങൾ അശേഷം ഇല്ലാതായിരിക്കുന്നു.
കുറ്റാരോപിതരായ സ്ത്രീയുടെ കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ അവരെ ഇല്ലത്തു നിന്നും ദേശത്തുനിന്നും രാജ്യത്തുനിന്നും പുറത്താക്കുന്നു. ഇതിനു മാറ്റമൊന്നുമില്ല. എന്നാൽ പ്രതി ചൂണ്ടിക്കാണിക്കുന്ന തെറ്റുകാരായ പ്രതികൾക്ക് അവർ കുറ്റക്കാരല്ല എന്ന് തെളിയിക്കാൽ അപ്പീൽ പോകാവുന്നതാണ്. ഇതിന് പ്രത്യേകം  സ്മാർത്തന്റെ കല്പന ആവശ്യമാണ്. ഇതുമായി ശുചീന്ദ്രത്ത്  കൈമുക്കൽ ചടങ്ങ് നടത്തി അതിൽ വിജയിച്ചാൽ അവരെ കുറ്റാരോപണത്തിൽ നിന്ന് വിമുക്തമാക്കിയിരുന്നു.
ഇന്നത്തെ ചുറ്റുപാടിൽ ചിന്തിക്കുമ്പോൾ വിചിത്രം എന്നു തോന്നുന്ന പല രീതികളോടെയുമാണ് സ്മാർത്തവിചാരത്തിൽ വിചാരണ നടന്നിരുന്നത്. അഞ്ചാം പുരയിലെ കതകിനു മറവിൽ നിൽ‌ക്കുന്ന ‘സാധനത്തോട്’ സ്മാർത്തൻ ചോദ്യങ്ങൾ ചോദിക്കുകയും അതിനു ദാസി വഴി മറുപടി നൽകുകയുമാണ് രീതി. ‘പട്ടശ്ശൻ‌മാർ’ എന്നു വിളിക്കപ്പെട്ട സ്മാർത്തൻ‌മാർ പാരമ്പര്യമായിത്തന്നെ ഇത്തരം കുറ്റവിചാരണകളിൽ പരിശീ‍ലനം നേടിയവരായിരുന്നു. എന്നാൽ പലപ്പൊഴും ‘സാധനത്തെക്കൊണ്ട്‘ കുറ്റം സമ്മതിപ്പിക്കുന്നതുവരെയേ വിചാരണ നീണ്ടിരുന്നുള്ളൂ. ചിലപ്പോൾ ദിവസങ്ങളും മാസങ്ങളോളവും വേണ്ടി വന്നേയ്ക്കാം. കുറ്റം സമ്മതിപ്പിക്കാൻ ദണ്ഡനമുറകൾ സ്വീകരിച്ചിരുന്നതിനെക്കുറിച്ച് വില്യം  ലോഗന്റെ  മലബാർ മാന്വലിൽ വിവരിക്കുന്നുണ്ട്. ആരോപണവിധേയ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെക്കുറിച്ച് തെളിവുസഹിതം വിളിച്ചുപറയുകയും ചെയ്താൽ തെളിവുകൾ വിശകലനം ചെയ്ത് ‘സാധന’ത്തോടൊപ്പം പ്രതികളെയും സമുദായത്തിൽനിന്ന് ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കും.
ഘട്ടങ്ങൾ
  1. ദാസീവിചാരം
  2. സാധനത്തെ അഞ്ചാം‌പുരയിലാക്കൽ
  3. സ്മാർത്തവിചാരം
  4. സ്വരൂപം ചൊല്ലൽ
  5. ഉദകവിച്ഛേദനം
  6. ശുദ്ധഭോജനം

എന്നീ ആറുഘട്ടങ്ങളും കുറ്റക്കാരിൽ പുരു‍ഷന്മാർ കുറ്റം നിഷേധിക്കുന്ന പക്ഷം ശുചീന്ദ്രത്ത് കൈമുക്കൽ (തിളച്ച നെയ്യിൽ) അതിൽ ദോഷം ഇല്ലെന്ന് കണ്ടാൽ ശുദ്ധിപത്രം കൊടുക്കുകയും ചെയ്യുമായിരുന്നു.


ദാസീവിചാരം എന്നത് കളങ്കമുണ്ടെന്ന് ശങ്കിക്കുന്ന അന്തർജ്ജനത്തിന്റെ പരിചാരികയെ ചോദ്യം ചെയ്യലാണ്. ഇതിനായി ശങ്കയും തുമ്പും അഥവാ തെളിവ് ആദ്യം ഉണ്ടായിരിക്കണം. സ്മാർത്തവിചാര‍ വിധിയനുസരിച്ച് ഒരു അന്തർജനം കളങ്കപ്പെട്ടു എന്ന് പരാതിയുണ്ടായാൽ ‘ദാസീവിചാരം’ നിശ്ചയിക്കാ‍ൻ ഗ്രാമസഭയിലെ പ്രാമാണിക നമ്പൂതിരിമാർക്കു അധികാരമുണ്ട്. ദാസീവിചാരണയിൽ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാൽ പിന്നെ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ നേരിട്ടുകണ്ട് വിവരം ധരിപ്പിക്കണം. തുടർന്ന് രാ‍ജാവ് ഗ്രാമസഭ ‍‍‍‍‍‍വിളിച്ചുകൂട്ടാൻ പ്രാദേശിക സ്മാർത്തൻ രേഖാമൂലം നിർദേശം നൽ‌കും.!!



വിചാരം നേരിടുന്ന പെണ്ണ് സാധനം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറ്റം നടന്നുവെന്ന് ദാസീവിചാരത്തിൽ ഉറപ്പായാൽ ‘സാധനത്തെ’ സ്വന്തം വീട്ടിൽനിന്ന് രാജഭടന്മാരുടെ കാവലുള്ള സുരക്ഷിതമായ ഒരിടത്തേക്കു മാറ്റും. ഈ സ്ഥലം അഞ്ചാംപുര എന്നറിയപ്പെടുന്നു. സാധനത്തിനെ മാനസികമായി തളർത്താനും പുറത്തു നിന്നുള്ള ഉപദേശങ്ങൾ തടയാനുമാണ് ഇത് ചെയ്യുന്നത്. തുടർന്നുള്ള വിചാരണകൾ നടക്കുന്നത് അഞ്ചാംപുരയിൽ വെച്ചാണ്. സ്മാർത്തവിചാരത്തിന്റെ വിചാരണക്കോടതിയായ ഇവിടെ വിചാരണയിൽ താല്പര്യമുള്ളവരെല്ലാം എത്തിച്ചേരും. സ്മാർത്തൻ പുറത്തുനിന്ന് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദാസി വഴിയാണ് കതകിന്റെ മറവിൽ നിൽക്കുന്ന സ്ത്രീ (സാധനം) ഉത്തരം നൽകുക. !!








No comments:

Post a Comment