Tuesday, August 9, 2016

ഫ്രാൻസ് കാഫ്‌ക !


ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു ഫ്രാൻസ് കാഫ്ക (ജൂലൈ 3, 1883 – ജൂൺ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) എന്നിവ ഉൾപ്പെടുന്നു.

കാഫ്കയെ അന്യതാബോധം വിടാതെ പിടികൂടിയിരുന്നു. തകർന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിൽ ജർമ്മൻ സസാരിക്കുന്നവനും, ക്രിസ്ത്യാനികൾക്കിടയിൽ യഹൂദനും, സ്വാർത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തിൽ ഏകാകിയും ആയി ജീവിച്ചു

മദ്ധ്യവർഗ്ഗത്തിൽ പെട്ട അസ്കനാസി യഹൂദരായിരുന്നു ഫ്രാൻസ് കാഫ്കയുടെ മാതാപിതാക്കൾ. ദക്ഷിണ ബൊഹേമിയയിലെ ഒരു ഗ്രാമമായ ഓസെക്കിൽ നിന്ന് പ്രേഗിലെത്തിയ ജേക്കബ് കാഫ്കയുടെ നാലാമത്തെ മകനായിരുന്നു കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക. യഹൂദനിയമത്തിന്റെ ഭാഗമായ കൊഷർ വിധി അനുസരിച്ചുള്ള കശാപ്പായിരുന്നു മുത്തച്ഛന്റെ കുലത്തൊഴിൽ. അദ്ദേഹം സംസാരിച്ചിരുന്നത് യിദ്ദിഷ് ഭാഷ ആയിരുന്നു. നാടോടിവാണിഭക്കാരനായി കുറേക്കാലം ജോലി ചെയ്തശേഷം അദ്ദേഹം കൗതുകവസ്തുക്കളും വിവിധതരം ഉപകരണങ്ങളും വിൽക്കാനായി 15-ഓളം ജോലിക്കാരുള്ള ഒരു കട തുടങ്ങി. അക്കാലത്ത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ സാമ്രാജ്യത്തിലെ യഹൂദർ അംഗീകൃതമായ കുടുംബപ്പേരുകൾ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് വിളംബരം ഇറക്കിയിരുന്നു. കാഫ്കയുടെ മുത്തച്ഛൻ തന്റെ വ്യാപാരചിഹ്നമായി തെരഞ്ഞെടുത്തത് കാക്കയുടെ വർഗ്ഗത്തിൽ പെട്ട 'ജാക്ക്ഡോ' (Jackdaw) എന്ന പക്ഷിയുടെ ചിത്രമായിരുന്നു. ചെക്ക് ഭാഷയിൽ ആ പക്ഷിയുടെ പേരാണ് കാവ്ക അല്ലെങ്കിൽ കാഫ്ക. ക്രമേണ അതു കുടുംബപ്പേരായിത്തീർന്നു



കാഫ്കയുടെ മുഖ്യഭാഷ ആയതും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെല്ലാം എഴുതപ്പെട്ടതും ജർമ്മൻ ഭാഷയിലാണ്. എങ്കിലും ചെക്കു ഭാഷയിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ചെക്ക് സാഹിത്യത്തിൽ അദ്ദേഹം താല്പര്യമെടുത്തു.പിൽക്കാലത്ത് കാഫ്ക ഫ്രഞ്ചു ഭാഷയിലും സംസ്കാരത്തിലും കുറച്ചൊക്കെ അറിവു നേടി; അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൽ ഗുസ്താഫ് ഫ്ലൊബേർ ആയിരുന്നു. 1889 മുതൽ 1893 വരെ കാഫ്ക, പ്രേഗിലെ ഇറച്ചിച്ചന്തയിൽ, ഇപ്പോൾ മസ്നാ തെരുവ് എന്നറിയപ്പെടുന്ന സ്ഥലത്ത്, ആൺകുട്ടികളുടെ പ്രാഥമികവിദ്യാലയത്തിൽ പഠിച്ചു. യഹൂദമതവുമായുള്ള കാഫ്കയുടെ ബന്ധം 13-ആമത്തെ വയസ്സിൽ ബാർ മിറ്റ്സ്വാ എന്ന ആചാരത്തിൽ പങ്കെടുക്കുന്നതിലും, പിതാവിനോടൊപ്പം ആണ്ടിൽ നാലുവട്ടം സിനഗോഗിൽ പോകുന്നതിലും ഒതുങ്ങി. സിനഗോഗ് സന്ദർശനം അദ്ദേഹം വെറുത്തിരുന്നു.[6] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം, കിൻസ്കി പ്ലേസ് എന്ന സ്ഥലത്തെ നഗരചത്വരത്തിൽ, ക്ലാസിക്കുകളെ അടിസ്ഥാനമാക്കിയ കർശനശിക്ഷണത്തിനു പേരുകേട്ടിരുന്ന സർക്കാർ വക ജിംനേഷ്യത്തിൽ ചേർന്നു. എട്ടു ക്ലാസുകളുണ്ടായിരുന്ന ആ സ്ഥാപനത്തിലും പഠനമാദ്ധ്യമം ജർമ്മൻ ആയിരുന്നു. 1901-ൽ കാഫ്ക അവിടത്തെ പഠനം പൂർത്തിയാക്കി..

1907-ൽ ഇറ്റലിയിൽ നിന്നുള്ള ഒരു വലിയ ഇൻഷുറൻസ് കമ്പനിയിൽ ചേർന്ന കാഫ്ക, ഒരു വർഷത്തോളം ജോലി ചെയ്തു. ആക്കാലത്തെഴുതിയ അദ്ദേഹത്തിന്റെ കത്തുകളിൽ രാവിലെ എട്ടുമണിമുതൽ വൈകിട്ടു 6 മണിവരെ, 10 മണിക്കൂർ നീണ്ട ജോലിസമയത്തെ സംബന്ധിച്ച പരാതികൾ കാണാം.[9] തന്റെ എഴുത്തിന് ഒട്ടും അനുകൂലമല്ലാത്ത ഒന്നായാണ് ഇതിനെ അദ്ദേഹം കണ്ടത്. 1908 ജൂലൈ 15-ന് കാഫ്ക ഈ ജോലി രാജിവച്ചു. എന്നാൽ താമസിയാതെ തന്നെ, കൂടുതൽ ഇഷ്ടപ്പെട്ട മറ്റൊരു ജോലി അദ്ദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട തൊഴിലാളികളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലായിരുന്നു പുതിയ ജോലി. വ്യവസായ തൊഴിലാളികൾക്ക് അപകടത്തിൽ നേരിടുന്ന പരിക്കുകൾ വിലയിരുത്തി നഷ്ടപരിഹാരം തീരുമാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. മകന്റെ ഈ ജോലിയെക്കുറിച്ച് കാഫ്കയുടെ പിതാവിന് വലിയ മതിപ്പൊന്നും ഇല്ലായിരുന്നു. കഷ്ടിച്ചു ചെലവുകഴിയാൻ സഹായിക്കുന്ന "അപ്പപ്പണി" എന്നാണ് അദ്ദേഹം അതിനെ വിളിച്ചിരുന്നത്. ജോലിയെ വെറുത്തിരുന്നതായി കാഫ്ക പറയുന്നുണ്ടെങ്കിലും അദ്ദേഹം അതിന്റെ ചുമതലകൾ നന്നായും നെറിവോടെയും നിർവഹിച്ചുപോന്നു. കമ്പനിയുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലയും കാഫ്കയ്ക്കു കിട്ടി. താനുണ്ടാക്കിയ റിപ്പോർട്ടിനെക്കുറിച്ച് കാഫ്ക അഭിമാനം കൊണ്ടിരുന്നെന്നു പറയപ്പെടുന്നു. അത് അദ്ദേഹം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കാണിച്ചുകൊടുത്തു. അതേ സമയം തന്റെ സാഹിത്യസംരംഭങ്ങളേയും കാഫ്ക കൈവിട്ടില്ല. സുഹൃത്തുക്കളായ മാക്സ് ബ്രോഡ്, ഫെലിക്സ് വെൽറ്റ്ച്ച് എന്നിവരും കാഫ്കയും ചേർന്ന ജർമ്മൻ-യഹൂദരുടെ മൂവർ സംഘം, സാംസ്കാരിക ഫലപുഷ്ടിയ്ക്കു പേരെടുത്തിരുന്ന പ്രേഗിൽ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതു വരെയുള്ള വർഷങ്ങളിൽ സജീവമായിരുന്നു


മുതിർന്ന വർഷങ്ങളിൽ കാഫ്ക പല യുവതികളുമായും സൗഹൃദത്തിലായിട്ടുണ്ട്. 1907-ൽ മൊറാവ്യയിലെ ട്രീഷ്(Triesch) നഗരത്തിൽ അവധിക്കാലം ചെലവഴിക്കാൻ കുടുംബത്തോടൊപ്പം പോയ കാഫ്ക അവിടെ കണ്ടുമുട്ടിയ 19 വയസ്സുകാരി ഹെഡ്വിഗ് വെയ്‌ലർ എന്ന യഹൂദപ്പെൺകുട്ടിയുമായി പരിചയത്തിലായി. വിയന്നായിൽ വിദ്യാർത്ഥിയായിരുന്ന അവൾ ട്രീഷിൽ ഒരു ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. പ്രേഗിലേക്കു മടങ്ങിയ കാഫ്ക അവളുമായി ദീർഘമായി കത്തിടപാടു നടത്തി. "ഞാൻ സോഷ്യൽ ഡെമോക്രറ്റിക് പത്രികകൾ വായിക്കുന്നവനോ, നല്ല മനുഷ്യനോ അല്ല", എന്നു ഒരു കത്തിൽ അദ്ദേഹം ഏറ്റു പറയുന്നു. ഹെഡ്വിഗിന് പ്രേഗിൽ ഒരു ജോലി സംഘടിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്തു കാഫ്ക.[2] രണ്ടു വർഷം കഴിഞ്ഞ് പ്രേഗിലെത്തിയ അവൾ കത്തുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ കാഫ്ക അവ അവൾക്കു കൊടുത്തു. 1912-ൽ മാക്സ് ബ്രോഡിന്റെ വീട്ടിൽ കാഫ്ക, ബെർലിനിൽ കേട്ടെഴുത്തു യന്ത്രം (dictaphone) ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന ഫെലീസ് ബൗറിനെ പരിചയപ്പെട്ടു. അടുത്ത അഞ്ചു വർഷങ്ങൾക്കിടെ അവർ ഒട്ടേറെ കത്തുകൾ കൈമാറുകയും ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തു. അവരുടെ പരിചയം പുരോഗമിച്ച് വിവാഹനിശ്ചയമായെങ്കിലും, 1914-ൽ ഫെലിസിന്റെ ഉറ്റസുഹൃത്ത് ഗ്രെറ്റെ ബ്ലോച്ചുമായുള്ള കാഫ്കയുടെ സൗഹൃദം പ്രേമമായി പരിണമിച്ചതോടെ ഫെലിസും കാഫ്കയും പിരിഞ്ഞു. കാഫ്കയിൽ നിന്ന് 1914-ൽ താൻ ഗർഭിണിയായെന്നും അങ്ങനെ ജനിച്ച ആൺകുട്ടി 1921-ൽ ഏഴാമത്തെ വയസ്സിൽ മരിച്ചെന്നും ഗ്രെറ്റെ ബ്ലോച്ച് 1940-ൽ ഒരു സുഹൃത്തിനെഴുതിയ കത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഫെലിസുമായി കാഫ്ക പിന്നീടും അടുത്ത് ഒരുവട്ടം കൂടി അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടെങ്കിലും 1917-ൽ അവർ വീണ്ടും പിരിഞ്ഞു.

ദീർഘമായ രോഗബാധക്കിടയിലെ വിശ്രമത്തിന്റേയും ചികിത്സയുടേയും കാലങ്ങളിൽ കുടുംബം, പ്രത്യേകിച്ച്, സഹോദരി ഒട്ട്‌ലാ, കാഫ്കായ്ക്കു താങ്ങായിരുന്നു. തന്റെ ശരീര-മനോനിലകൾ മറ്റുള്ളവരിൽ വെറുപ്പുളവാക്കുമെന്ന് കാഫ്ക ഭയന്നിരുന്നു. എങ്കിലും, കുട്ടിത്തം ചേർന്ന പെരുമാറ്റ രീതിയും, ഒതുക്കവും വൃത്തിയുമുള്ള രൂപവും, ശാന്ത-നിശ്ശബ്ദപ്രകൃതികളും, തെളിഞ്ഞു കണ്ട ബുദ്ധിയും, ഫലിതബോധവും എല്ലാം കൊണ്ട് അദ്ദേഹം മറ്റുള്ളവരെ ആകർഷിച്ചു.

ബെർലിനിലെ താമസത്തിനിടെ രോഗം വഷളായതിനെ തുടർന്ന് കാഫ്ക പ്രേഗിലേക്കു മടങ്ങി. ചികിത്സയ്ക്കായി, വിയന്നയ്ക്കടുത്തുള്ള ഡോക്ടർ ഹോഫ്മാന്റെ സാനിട്ടോറിയത്തിലെത്തിയ കാഫ്ക 1924 ജൂൺ 3-ന് മരിച്ചു. വേദനയുടെ ആധിക്യത്തിൽ എന്നെ കൊന്നു കളയൂ. അല്ലെങ്കിൽ നിങ്ങളൊരു കൊലപാതകിയാണ് എന്നു ഡോക്ടറോടു പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി. രോഗമൂർച്ഛയിൽ തൊണ്ടയുടെ സ്ഥിതി ഭക്ഷണം ഇറക്കുന്നത് അസാദ്ധ്യമാക്കിയതിനാൽ അദ്ദേഹം വിശന്നു മരിക്കുകയായിരുന്നു. ധമനികളിലൂടെ ശരീരത്തിൽ പോഷണം കടത്തിവിടുന്ന രീതി അക്കാലത്ത് കണ്ടുപിടിക്കപെട്ടിരുന്നില്ല. പ്രേഗിലേക്കു കൊണ്ടുവരപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം, അവിടെ യഹൂദരുടെ പുതിയ സിമിത്തേരിയിൽ 1924 ജൂൺ 11-നു സംസ്കരിച്ചു.


മരണത്തിനു മുൻപ് കാഫ്ക, തന്റെ സുഹൃത്ത് മാർക്സ് ബ്രോഡിനോട്, തന്റെ അപ്രകാശിതമായ രചനകളത്രയും നശിപ്പിച്ചുകളയാൻ ആവശ്യപ്പെട്ട് ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട മാർക്സ്, എന്റെ അവസാനത്തെ അഭ്യർത്ഥന: ഞാൻ വിട്ടുപോകുന്നതത്രയും, വായിക്കാതെ കത്തിച്ചുകളയുക." എന്നാൽ ഈ അഭ്യർത്ഥന അവഗണിച്ച ബ്രോഡ് വിചാരണ, അമേരിക്ക, കോട്ട എന്നിവയുൾപ്പെടെയുള്ള കാഫ്കയുടെ രചനകൾ ശ്രദ്ധാപൂർവം പ്രസിദ്ധീകരിച്ചു
കാഫ്കയുടെ അച്ഛൻ 1931-ലും അമ്മ 1934-ലും മരിച്ചു. കാഫ്കയെ സംസ്കരിച്ചിരുന്ന ശവകുടീരത്തിൽ തന്നെ അവരേയും സംസ്കരിച്ചു. കാഫ്കയുടെ സഹോദരിമാർ രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിനെ ഗ്രസിച്ച നാസി ഭീകരതയുടെ ഇരകളായി. കുടുംബങ്ങളോടൊത്ത്, നാത്സി അധിനിവേശത്തിലിരുന്ന പോളണ്ടിലെ ലോഡ്സ് ചേരിയിലേക്കു കുടിമറ്റപ്പെട്ട കാഫ്കയുടെ സഹോദരിമാർ അവിടെയോ, നാത്സികളുടെ മരണക്യാമ്പുകളിലോ ഒടുങ്ങി. കാഫ്കയുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരി ഒട്ട്‌ലായുടെ അന്ത്യം പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലായിരുന്നു. 1943 ഒക്ടോബർ 7-ന്, 1267 കുട്ടികളും രക്ഷിതാക്കളായ 51 മുതിർന്നവരും അടങ്ങുന്ന ഒരു സംഘത്തിന്റെ ഭാഗമായി അവിടേയ്ക്കയക്കപ്പെട്ട അവരേയും സംഘത്തേയും എത്തിയപാടേ ഗ്യാസ് ചേമ്പറിലിട്ടു കൊന്നു.

No comments:

Post a Comment