Wednesday, August 24, 2016

വിശുദ്ധ ഹെലേന !


ഇംഗ്ലണ്ടിലെ ക്ലോച്ചെസ്റ്റെര്‍ നഗരത്തിലാണ് ബ്രിട്ടീഷ്‌ രാജകുമാരിയായിരുന്ന വിശുദ്ധ ഹെലേന ജനിച്ചത്. ജീവിതത്തിന്റെ ആരംഭ ദശകങ്ങളില്‍ തന്നെ അവള്‍ ക്രിസ്തുമതം സ്വീകരിച്ചു. അഗാധമായ ഭക്തിയും വിശ്വാസവും അവളുടെ മകനും ആദ്യത്തെ ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുമായിരുന്ന കോണ്‍സ്റ്റന്റൈനെ വളരെയേറെ സ്വാധീനിക്കുകയും, റോമന്‍ ജനതക്കിടയില്‍ ദൈവീക ഭക്തിയെ ഉജ്ജ്വലിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. തന്റെ ഉന്നതമായ പദവിയെ വകവെക്കാതെ പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവ സേവനം ചെയ്യുന്നതില്‍ വിശുദ്ധ സന്തോഷം കണ്ടെത്തി. അവളുടെ വിശാലമായ കാരുണ്യ പ്രവര്‍ത്തികള്‍ അഗതികളുടെയും, ദുഃഖമനുഭവിക്കുന്നവരുടേയും മാതാവ്‌ എന്ന ഖ്യാതി വിശുദ്ധക്ക് നേടികൊടുത്തു. 

തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ഹെലേന ജെറുസലേമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. നമ്മുടെ കര്‍ത്താവായ യേശു മരിച്ച കുരിശ്‌ കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു അവളുടെ യാത്ര. കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം കാല്‍വരിയില്‍ നിന്നും മൂന്ന്‍ കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും, ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശു മരണം വരിച്ച കുരിശ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം, രോഗ സൌഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ അവള്‍ തീരുമാനിച്ചു. 


അപ്രകാരം മൂന്നാമത്തെ കുരിശ്‌ മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൌഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. കുരിശിന്റെ അല്പ ഭാഗം റോമിലേക്കും, കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും അയക്കുകയും അത് അവിടെ വിശ്വാസികളുടെ ആദരവിനായി പ്രതിഷ്ടിക്കുകയും ചെയ്തു. 

312-ല്‍ ഒരു വലിയ സൈന്യവുമായി മാക്സെന്റിയൂസ് കോണ്‍സ്റ്റന്റൈനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി. ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി തന്റെ അമ്മ ആരാധിക്കുന്ന ക്രൂശിതനായ യേശുവിന് തന്നെത്തന്നെ സമര്‍പ്പിക്കുകയും, മുട്ട് കുത്തി നിന്ന് അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും, തനിക്ക്‌ വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പെട്ടെന്ന്‍ തന്നെ തെളിഞ്ഞതും ശാന്തവുമായ ആകാശത്ത് അഗ്നികൊണ്ടുള്ള ഒരു കുരിശടയാളവും അതിനടിയിലായി “ഈ അടയാളം വഴി നിങ്ങള്‍ വിജയം വരിക്കും” (in hoc signo vinces) എന്ന വാക്കുകളും പടയാളികള്‍ ദര്‍ശിച്ചു. 


ദൈവീക കല്‍പ്പനയാല്‍ കോണ്‍സ്റ്റന്റൈന്‍ താന്‍ കണ്ട രീതിയിലുള്ള ഒരു കുരിശ്‌ നിര്‍മ്മിക്കുകയും തന്റെ സൈന്യത്തിന്റെ ഏറ്റവും മുന്‍പിലായി സൈനീക തലവന്‍ അത് ഉയര്‍ത്തി പിടിച്ചു കൊണ്ട്, അതിനു പിറകിലായി മുഴുവന്‍ സൈന്യവും ശത്രുവിനെ നേരിടുവാനായി പടനീക്കം നടത്തുകയും ചെയ്തു. ആ യുദ്ധത്തില്‍ അവര്‍ അത്ഭുതകരമായി പരിപൂര്‍ണ്ണ വിജയം കൈവരിച്ചു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോവുകയും 328-ല്‍ അവിടെവെച്ച് മരണം വരിക്കുകയും ചെയ്തു.


No comments:

Post a Comment