Tuesday, September 8, 2015

എലിയാനോർ ഇസബേൽ

20 ഡിസംബർ 1894. 
മൂന്നാർ.

എലിയാനോർ ഇസബേൽ , 24 വയസ്സ്. വിവാഹം കഴിഞ്ഞ അധികനാളുകളായില്ല. തേയിലതോട്ടം നട്ടുപിടിയ്ക്കുന്നതിന് കേരളത്തിലേയ്ക്ക് പുറപ്പെട്ട ഭർത്താവ് ഹെൻറി നൈറ്റിനോടൊപ്പം ഇസബേലും ഇംഗ്ലണ്ടിൽ നിന്നും കപ്പൽ കയറി. സിലോൺ വഴി ബോഡി നായ്ക്കനൂർ - അവിടെ നിന്നും നടന്ന് മൂന്നാർ മലമുകളിലെത്തി.


മലഞ്ചെരുവിലൂടെ ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയ ഇസബേൽ മൂന്നാറിന്റെ മനം മയക്കുന്ന സൗന്ദര്യത്തിൽ ലയിച്ച് ഹെൻറിയോട് പറഞ്ഞു 


" ഞാൻ മരിച്ചാൽ എന്നെ ഇവിടെ അടക്കം ചെയ്യണം. "
രണ്ട് ദിവസം കഴിഞ്ഞ് ഇസബേൽ മരിച്ചു.

ബോഡി നായക്കനൂരിൽ നിന്നും തിരിയ്ക്കുന്നതിനു മുൻപ് കോളറയുടെ വിഷവിത്തുകൾ ആ നവവധുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു.

രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇസബേൽ പറഞ്ഞ അതേ സഥലത്ത് ഹെൻറി ചെറിയ കുഴിമാടം തീർത്തു. 
പുരോഹിതനും മരണാനന്തര ശുശ്രൂകളുമില്ലാതെ ഒരു കബറടക്കം.


റൈറ്റ്. റവ. ഇ. നോയൽ ഹോഡ്ജ് ബിഷപ്പ് 1898ൽ ആദ്യമായി മൂന്നാർ സന്ദർശിച്ചു. അപ്പോഴേയ്ക്കും ഇസബേലിന്റെ അടക്കം ആറു കല്ലറകൾ ആ മലഞ്ചെരുവിൽ ഉണ്ടായിരുന്നു.

1900 ഏപ്രിൽ 15 ആം തിയതി, ഒരു ഈസ്റ്റർ ദിനത്തിൽ അതൊരു ശ്മശാനമായി ആശീർവദിയ്ക്കപ്പെട്ടു, ഒരു മരണ രജിസ്റ്റർ തുറന്നു.

അതിലെ ഒന്നാം പേജിലെ ആദ്യപേര് ഇസബെല്ലയുടേതായിരുന്നു

പള്ളി പണിയുന്നതിന് മുൻപ് ശ്മശാനം ആശിർവദിക്കപ്പെട്ട ലോകത്തിലെ ഏക പള്ളിയാണ് 105 വർഷം പഴക്കമുള്ള മൂന്നാർ ക്രൈസ്റ്റ് ചർച്ച്.





ഇന്നും ആ കല്ലറ ക്രൈസ്റ്റ് ചർച്ചിന്റെ സിമിത്തേരിയിൽ ഉണ്ട്.

വെള്ളാരം കല്ലുകൾക്കിടയിൽ ഒരു കൽക്കുരിശും നെഞ്ചിലേറി, കൊത്തുപണികളില്ലാത്ത, പഴകിയ കല്ലിൽ തീർത്ത ചെറിയ ശവകുടീരം. ചുറ്റും വളർന്നു നിൽക്കുന്നവലിയ മരങ്ങൾ.

എലിയാനോർ ഇസബെലിന്റെ ശവക്കല്ലറ!

No comments:

Post a Comment