Thursday, July 18, 2024

റീഗൽ നക്ഷത്രം

 സൂര്യനോട് അടുത്തു നിൽക്കയാൽ ഇപ്പോൾ രാത്രി ആകാശത്ത് ദൃശ്യമാകാത്ത നക്ഷത്രമാണ് ഓറയോൺ അഥവാ വേട്ടക്കാരൻ നക്ഷത്രരാശിയിലെ രണ്ടാമത്തെ ദീപ്ത നക്ഷത്രമായ ബീറ്റ ഓറിയോണിസ് അഥവാ റീഗൽ നക്ഷത്രം.

ഭൂമിയിൽ നിന്നും 860 പ്രകാശ വർഷം അകലെ ആയി നിലകൊള്ളുന്ന ഈ നക്ഷത്രം സ്പെക്ടറൽ ടൈപ്പിൽ B8 ഗണത്തിൽ വരുന്ന നക്ഷത്രമാണ്.

നീല അതിഭീമൻ (Blue Supergiant) വിഭാഗത്തിൽ വരുന്ന ഈ നക്ഷത്രത്തിന് സൂര്യനേക്കാൾ 80 ഇരട്ടി വലുപ്പം ഉണ്ട്. ഈ നക്ഷത്രത്തിന് കേവലം എൺപതു ലക്ഷം വർഷങ്ങൾ മാത്രമേ പ്രായമുള്ളു. നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന നക്ഷത്രങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ നക്ഷത്രങ്ങളിൽ ഒന്നാണ് റീഗൽ.




റീഗൽ നക്ഷത്രം അതിന്റെ മരണത്തിലേക്ക് അതിവേഗം ഓടി അടുത്തുകൊണ്ടിരിക്കുകയാണ്. എഴുപതു ലക്ഷം വർഷങ്ങൾക്കുള്ളിൽ റീഗൽ നക്ഷത്രം ഒരു സൂപ്പർനോവ ആയി പൊട്ടിതെറിക്കുകയും അങ്ങനെ മരണത്തെ പുൽകുകയും ചെയ്യും.

നമ്മുടെ സൂര്യൻ 500 കോടി വർഷങ്ങൾ ജീവിച്ചു തീർത്ത ഒരു മധ്യവയസ്ക്കൻ ആണ്. സൂര്യൻ ഇനി 500 കോടി കൊല്ലങ്ങൾ കൂടി ജീവിച്ചിരിക്കും.

അതായത് ആയിരം കോടി വർഷങ്ങൾ സൂര്യന് ആയുസുള്ളപ്പോൾ റീഗൽ നക്ഷത്രത്തിന്റെ ആയുസ്സ് പരമാവധി പോയാൽ രണ്ടു കോടി വർഷങ്ങൾ മാത്രമാണ് !!

അനുബന്ധം...

ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട ഒരു വിഷയം ഉണ്ട്.

അതായത് നക്ഷത്രങ്ങളുടെ പിണ്ഡം (Mass) കൂടുംതോറും അതിൻ്റെ ആയുസ് കുറഞ്ഞുവരും.

റീഗലിനെപ്പോലെ പിണ്ഡം കൂടിയ ഒരു നക്ഷത്രം ശരാശരി രണ്ടു കോടി വർഷങ്ങൾ മാത്രം ജീവിക്കുമ്പോൾ അതിനേക്കാൾ വളെരെക്കുറഞ്ഞ സൂര്യനോളം പിണ്ഡമുള്ള നക്ഷത്രങ്ങൾ ആയിരം കോടിയോളം വർഷങ്ങൾ വരെ ജീവിച്ചിരിക്കും.


No comments:

Post a Comment