മരുഭൂമിയിൽ വളരുന്ന സിൻട്രിച്ചിയ കാനിനെർവിസ് എന്ന തരം പായലിനാണ് ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
അൻ്റാർട്ടിക്കയിലും മൊജാവേ മരുഭൂമിയിലുമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന പായലിന് വരൾച്ച, ഉയർന്ന തോതിലുള്ള വികിരണം, അതിശൈത്യം എന്നിവയുൾപ്പെടെയുള്ള ചൊവ്വയെപ്പോലുള്ള അവസ്ഥകളെ നേരിടാൻ കഴിവുള്ളതായി കണ്ടെത്തിയതായി ചൈനയിലെ ശാസ്ത്രജ്ഞർ പറയുന്നു.
വരൾച്ചയെ അതിജീവിക്കാനുള്ള കഴിവിന് നേരത്തെ തന്നെ പ്രശസ്തമായ ഈ പായൽ മൈനസ് 196 ഡിഗ്രി സെൽഷ്യസ് വരെ തണുത്തുറയുന്ന കാലാവസ്ഥ, ഉയർന്നതോതിലുള്ള ഗാമാ വികിരണം എന്നിവയെയും ഒപ്പം ഇവ മൂന്നും അടങ്ങിയ സമ്മർദത്തെയും അതിജീവിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
പായലിൻ്റെ ശൈത്യ സഹിഷ്ണുതാ കഴിവ് പരിശോധിക്കുന്നതിനായി, ഗവേഷകർ സസ്യങ്ങൾ മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ (അൾട്രാ കോൾഡ് ഫ്രീസറിൽ) മൂന്നു മുതൽ അഞ്ച് വർഷവും മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ (ദ്രവീകൃത നൈട്രജൻ ടാങ്കിൽ) 15 മുതൽ 30 ദിവസവും സൂക്ഷിച്ചു. എല്ലാ സാഹചര്യങ്ങളിലും ശൈത്യത്തിന്റെ മരവിപ്പിൽനിന്ന് ചെടികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. മിക്ക സസ്യങ്ങളെയും നശിപ്പിക്കുന്ന ഗാമാ റേഡിയേഷൻ വികരണത്തെ അതിജീവിക്കാനുള്ള കഴിവും ഈ പായൽ പ്രകടമാക്കി. ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പാറക്കെട്ടുകളെ സമ്പുഷ്ടമാക്കാനും രൂപാന്തരപ്പെടുത്താനും മറ്റ് സസ്യങ്ങളെ അവിടെ വളരാൻ പ്രാപ്തമാക്കാനും പായലിന് കഴിയുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment