Monday, February 5, 2024

ഓപുസ് ദേയി

 റോമൻ കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനമാണ് ഓപുസ് ദേയി. ദി പ്രിലേച്ചർ ഓഫ് ദി ഹോളി ക്രോസ് ആൻഡ് ഓപുസ് ദേയി (ലത്തീൻ: Praelatura Sanctae Crucis et Operis Dei) എന്നായിരുന്നു ഇതിന്റെ മുൻപത്തെ പേര്. എല്ലാവർക്കും വിശുദ്ധിയിലേയ്ക്കെത്താനുള്ള ക്ഷണമുണ്ടെന്നും സാധാരണ ജീവിതമാണ് വിശുദ്ധിയിലേയ്ക്കുള്ള ഒരു വഴി എന്നുമാണ് ഓപുസ് ദേയി പഠിപ്പിക്കുന്നത്. അംഗങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. സെക്യുലാർ പാതിരിമാരെ ഒരു ബിഷപ്പിന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കുകയും മാർപ്പാപ്പ നിയമിക്കുകയുമാണ് ചെയ്യുന്നത്.ദൈവികപ്രവൃത്തി എന്നാണ് ലാറ്റിബ് ഭാഷയിൽ ഓപുസ് ദേയി എന്ന വാക്കിനർത്ഥം.

1928-ൽ സ്പെയിനിൽ കത്തോലിക്കാ പാതിരിയായ വിശുദ്ധ ഹോസെമരിയ എസ്ക്രിവാ ആ‌ണ് ഓപുസ് ദേയി ആരംഭിച്ചത്. 1950-ൽ പോപ്പ് പയസ് പന്ത്രണ്ടാമനാണ് ഈ സംഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.1982-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇതിനെ ഒരു വ്യക്തിഗത പ്രിലേച്ചർ ആക്കി മാറ്റി. ഭൂമിശാസ്ത്രപരമായ രൂപതാവിഭജനത്തിനപ്പുറം ഓപുസ് ദേയി അംഗങ്ങളുടെ മേൽ അധികാരമുണ്ടായിരിക്കുക ഓപുസ് ദേയി ബിഷപ്പുമാർക്കായിരിക്കും (അവർ എവിടെയായിരുന്നാലും) എന്നാണ് ഈ തീരുമാനത്തിന്റെ അർത്ഥം.

2010-ൽ ഈ സഭയിൽ 90,260 അംഗങ്ങളുണ്ടായിരുന്നു. ഇതിൽ 88,245 പേർ അൽമായരും 2,015 പേർ പാതിരിമാരുമായിരുന്നു. ഇതുകൂടാതെ ഓപുസ് ദേയിയുടെ പ്രീസ്റ്റ്‌ലി സൊസൈറ്റി ഓഫ് ഹോളി ക്രോസിലെ രൂപതാപാതിരിമാർ 2005-ൽ രണ്ടായിരത്തോളമുണ്ടായിരുന്നു. 90-ലധികം രാജ്യങ്ങളിൽ ഓപുസ് ദേയിക്ക് അംഗങ്ങളുണ്ട്. ഉദ്ദേശം 70% അംഗങ്ങൾ സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. ഇവർക്ക് സ്വകാര്യ ജോലികളുമുണ്ട്. ബാക്കി 30% പേർ ദാമ്പത്യജീവിതം ഉപേക്ഷിച്ചവരാണ്. ഇതിൽ ഭൂരിപക്ഷവും ഓപുസ് ദേയി കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. ദൈനംദിന ജീവിതത്തിൽ കത്തോലിക്കാ ആത്മീയത പാലിക്കേണ്ടതുസംബന്ധിച്ച് ഓപുസ് ദേയി പരിശീലനപരിപാടികൾ നടത്താറുണ്ട്. സാമൂഹ്യ സേവനം, വ്യക്തിപരമായ സഹായങ്ങൾ എന്നിവ കൂടാതെ ഓപുസ് ദേയി സർവ്വകലാശാലകൾ, സ്കൂളുകൾ, പ്രസിദ്ധീകരണശാലകൾ, സാങ്കേതിക, കാർഷിക വിദ്യാഭ്യാസകേന്ദ്രങ്ങൾ എന്നിവ നടത്തുന്നുണ്ട്.



കത്തോലിക്കാ സഭയ്ക്കുള്ളിലെ ഏറ്റവും വിവാദകേന്ദ്രമായ പ്രസ്ഥാനമാണ് ഓപുസ് ദേയി എന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. എതിരാളികൾ കെട്ടിച്ചമച്ചതാണ് ഓപുസ് ദേയിക്കെതിരായ മിക്ക ആരോപണ‌ങ്ങളും എന്ന് ഇതെപ്പറ്റി അന്വേഷിച്ച പല പത്രപ്രവർത്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓപുസ് ദേയിയോടുള്ള എതിർപ്പ് വൈരുദ്ധ്യത്തിന്റെ ദൃഷ്ടാന്തമായി പറയപ്പെടുന്നു. പല പോപ്പുകളും മറ്റ് കത്തോലിക്കാ നേതാക്കളും ഈ പ്രസ്ഥാനം കത്തോലിക്കാ വിശ്വാസങ്ങളോട് കാണിക്കുന്ന കൂറിനെയും ജോലിയുടെ മൂല്യം സംബന്ധിച്ച പുരോഗമനാത്മകമായ പാഠങ്ങളെയും മറ്റും ശ്ലാഖിച്ചിട്ടുണ്ട്. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഓപുസ് ദേയി സ്ഥാപകനായ എസ്ക്രിവായെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി. "സാധാരണ ജീവിതത്തിന്റെ വിശുദ്ധൻ" എന്നാണ് മാർപ്പാപ്പ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

രഹസ്യസ്വഭാവം, വിവാദാത്മകമായ രീതിയിൽ ആളെച്ചേർക്കുന്ന മാർഗ്ഗങ്ങൾ, കൃത്യമായും നിർബന്ധമായും പാലിക്കേണ്ട ചട്ടങ്ങൾ, കുലീനത്വം, സ്ത്രീകളോടുള്ള നിഷേധനിലപാട്, ഫ്രാങ്കോയുടെ ഭരണകൂടം പോലെ വലതുപക്ഷ നിലപാടുക‌ളുള്ളതോ ദുർഭരണം നടത്തുന്നതോ ആയ ഭരണകൂടങ്ങളെ പിന്തുണയ്ക്കുകയോ അവയുടെ ഭാഗമാവുകയോ ചെയ്യുക എന്നിവയൊക്കെയാണ് ഓപുസ് ദേയിയ്ക്ക് എതിരേ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ. ഓപുസ് ദേയിയുടെ ചില അംഗങ്ങൾ സ്വയം പീഠനവും നടത്താറുണ്ടെന്നതും കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ ഓപുസ് ദേയി സ്വയം ഭരണവും കൂടുതൽ സ്വാധീനവും തേടുന്നു എന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

അടുത്തകാലത്തായി ദി ഡാവിഞ്ചി കോഡ് എന്ന നോവലും ഇതിന്റെ 2006-ലെ ചലച്ചിത്ര രൂപവും ഓപുസ് ദേയി എന്ന സംഘടനയ്ക്ക് വലിയതോതിൽ ശ്രദ്ധ ലഭിക്കാൻ കാരണമായിട്ടുണ്ട്. ഇവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വസ്തുതാപരമല്ലെന്നും കത്തോലിക്കാസഭയ്ക്കെതിരാണെന്നും (മറിച്ചും) അഭിപ്രായമുണ്ടായിട്ടുണ്ട്.

No comments:

Post a Comment