Monday, September 18, 2023

പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ

 സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. . ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.

തമിഴ് നാട്ടിലെ ഇന്നത്തെ ഇറോഡ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്


മുൻ കാലം മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 നാണു രാഘവ് ഈറോഡ് വെങ്കട രാമസ്വാമി എന്ന പെരിയാർ ഇ.വി. രാമസ്വാമി ജനിച്ചത്. വലിയ പണക്കാരനായ ബീസിനസ്സുകാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവായ വെങ്കടപ്പ നായ്ക്കർ(വെങ്കട), മാതാവ്, മുത്തമ്മാൾ എന്നറിയപ്പെട്ട ചിന്നതായമ്മാൾ ആയിരുന്നു. അദ്ദേഹത്തിനു ക്യഷ്ണസ്വാമി എന്നു പേരായ ഒരു മൂത്ത സഹോദരനും രണ്ടു സഹോദരിമാരും (കണ്ണമ്മയും പൊന്നുതോയ്) ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് "പെരിയാർ" എന്ന് അറിയപ്പെട്ടു. ബഹുമാനിതൻ, പ്രായമുള്ളയാൾ എന്നൊക്കെയാണു തമിഴിൽ ഈ പേരിന്റെ അർഥം. 1929ൽ ചെങ്ങല്പേട്ടിൽ വച്ചു നടന്ന സ്വാഭിമാനപ്രസ്ഥാനത്തിന്റെ ആദ്യ പ്രവിശ്യാ സമ്മേളനത്തിൽ വച്ചു തന്റെ പേരിൽ നിന്നും ജാതിവാൽ മുറിച്ചുകളഞ്ഞതായി പെരിയാർ പ്രഖ്യാപിച്ചു. അദ്ദേഹത്തിനു മൂന്നു ദ്രാവിഡഭാഷകളായ കന്നഡയും തമിഴും തെലുഗും സംസാരിക്കാൻ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ മാതൃഭാഷ കന്നഡ ആയിരുന്നു. അഞ്ചു വർഷം അദ്ദേഹം സ്കൂളിൽ പഠിച്ച ശേഷം 12 വയസ്സിൽ പിതാവിന്റെ ബിസിനസ്സ് കാര്യങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തുന്ന തമിൾ ഗുരുക്കളുടെ പ്രഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം അവയിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു.വളർന്നപ്പോൾ നിഷ്കളങ്കരായ ആളുകളെ വഞ്ചിക്കുന്ന അത്തരം പ്രവണതകൾക്കെതിരെ തിരിയാൻ അദ്ദേഹം ഒരുങ്ങി. അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി. അദ്ദേഹത്തിനു 19 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മകന്റെ വിവാഹത്തിനേർപ്പാടു ചെയ്തു. വധുവായ നാഗമ്മാളിനു അന്ന് പതിമൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. നാഗമ്മാൾ പിന്നീട് തന്റെ ഭർത്താവിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടു വർഷത്തിനു ശേഷം അവർക്കൊരു പെൺകുഞ്ഞു പിറന്നു. എങ്കിലും, അഞ്ചു മാസമായപ്പോഴേക്കും ആ കുട്ടി മരിച്ചു. ഈ ദമ്പതികൾക്കു പിന്നീടു കുട്ടികളൊന്നും ഉണ്ടായില്ല.

തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി.


No comments:

Post a Comment