Thursday, September 14, 2023

ശലഭമനുഷ്യൻ

 പടിഞ്ഞാറൻ വിർജീന്യയിലെ നാട്ടറിവുകളിൽ, നവംബർ 12, 1966 മുതൽ ഡിസംബർ 15, 1967 വരെ, പോയിന്റ് പ്ലെസന്റ് ഭാഗത്ത് കണ്ടുവെന്ന് പറയപ്പെടുന്ന ഒരു ഐതിഹാസിക ജീവിയാണ് ശലഭമനുഷ്യൻ അഥവാ മോത്ത്മാൻ (ഇംഗ്ലീഷ്: Mothman). നവംബർ 16, 1966-ൽ "മനുഷ്യന്റെ വലിപ്പമുള്ള പക്ഷി ... ജീവി ... അങ്ങനെയെന്തോ കണ്ടെന്ന് ദമ്പതികൾ" എന്ന തലക്കെട്ടോട് കൂടി പോയിന്റ് പ്ലെസന്റ് റജിസ്റ്ററിൽ ആദ്യമായി വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു.പിന്നീട് ദേശീയ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു

1970-ൽ ഗ്രേ ബാർക്കർ വഴിയായും 1975-ൽ ജോൺ നീലിന്റെ ശലഭമനുഷ്യന്റെ പ്രവചനങ്ങൾ  (The Mothman Prophecies) എന്ന പുസ്തകത്തിലൂടെയും ശലഭമനുഷ്യൻ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിപ്പെട്ടു. പല അഭൗമിക പ്രതിഭാസങ്ങൾക്കും ഈ ദൃശങ്ങൾ കാരണമായിട്ടുണ്ടെന്നും സിൽവർ ബ്രിഡ്ജിന്റെ തകർച്ചയ്ക്ക് ഇതുമായി ബന്ധമുണ്ടെന്നും അദ്ദേഹം പുസ്തകത്തിലൂടെ വാദിക്കുന്നുണ്ട്. 



പ്രാദേശിക നാടോടിക്കഥകളുടെയും സംസ്കാരത്തിന്റെയും വിഷയമാണ് ശലഭമനുഷ്യൻ. 2002-ൽ റിച്ചാർഡ് ഗിയർ അഭിനയിച്ച ദ മോത്ത്മാൻ പ്രൊഫസീസ് എന്ന ചലച്ചിത്രം ജോൺ നീലിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു.പോയിന്റ് പ്ലെസന്റിൽ ശലഭമനുഷ്യന്റെ പേരിൽ വാർഷികോത്സവങ്ങളും നടത്തപ്പെടുന്നു.

1966 നവംബർ 12-ന്, പടിഞ്ഞാറൻ വിർജീന്യയിലെ ക്‌ളെൻഡിനിന് അടുത്ത്, ഒരു സെമിത്തേരിയിൽ കുഴിച്ചുകൊണ്ടിരുന്ന അഞ്ച് പേർ മരങ്ങളിൽ നിന്നും തങ്ങളുടെ തലയ്ക്ക് മീതെ കൂടി താഴ്ന്നു പറന്ന ഒരു മനുഷ്യരൂപത്തെ കണ്ടുവെന്ന്  അവകാശപ്പെട്ടു.  ശലഭമനുഷ്യന്റേത് എന്ന പറയപ്പെടുന്ന ആദ്യ ദൃശ്യം ഇതാണ്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം, 1966 നവംബർ 15-ന്, പോയിന്റ് പ്ലെസന്റിൽ നിന്നുള്ള രണ്ട് ദമ്പതികൾ - റോജർ & ലിൻഡ സ്കാർബെറിയും സ്റ്റീവ് & മേരി മാലെറ്റും - കാറിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ചാര നിറവും, തിളങ്ങുന്ന ചുവപ്പ് കണ്ണുകളുമുള്ള ഒരു വലിയ ജീവിയെ കണ്ടെന്ന് പോലീസിനോട് പറഞ്ഞു. "10 അടി നീളമുള്ള ചിറകുകളുമായി പറക്കുന്ന ഒരു വലിയ മനുഷ്യനായിരുന്നു" അതെന്ന് അവർ വിശദീകരിച്ചു. പട്ടണത്തിന് പുറത്തുള്ള "ടിഎൻടി ഏരിയയിൽ" വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോൾ ജീവി തങ്ങളെ പിന്തുടരുകയായിരുന്നവെന്നും അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ഇവിടം. 

1967 ഡിസംബർ 15-ന് നടന്ന സിൽവർ ബ്രിഡ്‌ജിന്റെ തകർച്ചയും 46 ആളുകളുടെ മരണവും ശലഭമനുഷ്യന്റെ ദൃശ്യങ്ങൾക്ക് കൂടുതൽ പ്രചാരം നൽകി

മാദ്ധ്യമങ്ങളിലൂടെ ശലഭമനുഷ്യൻ വളരെയധികം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടറിവ് ഗവേഷകനായ ജാൻ ഹാറോൾഡ്‌ ബ്രൺവൻഡ് പറയുന്നു. ദൃശ്യങ്ങൾക്ക് അന്യഗ്രഹപേടകങ്ങളുമായി ബന്ധമുണ്ടെന്നും യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ശലഭമനുഷ്യന്റെ "വീടാണെന്നും" പലരും വാദിക്കുന്നു. 1966-67 വർഷങ്ങളിലെ ശലഭമനുഷ്യന്റെ വാർത്തകൾ, ഏതാണ്ട് നൂറിലധികം ആളുകൾ ശലഭമനുഷ്യനെ കണ്ടതായി സ്ഥിരീകരിക്കുന്നവെന്ന് ബ്രൺവൻഡ് പറയുന്നു. എന്നാൽ പലതിന്റെയും അടിസ്ഥാനം കുട്ടികളുടെ പുസ്തകങ്ങളിലും രേഖപ്പെടുത്താത്ത വെളിപ്പെടുത്തലുകളിലുമാണ്. ശലഭമനുഷ്യന്റെ വാർത്തകളിലെ പൊതുവായ ഘടകങ്ങൾ പരിശോധിക്കുമ്പോൾ, യഥാർത്ഥത്തിൽ സംഭവിച്ച ഏതോ കാര്യം, ഭയത്തിന് കാരണമാവുകയും നാട്ടറിവുകളുമായി ഇഴചേർക്കപ്പെടുകയും ചെയ്തിരിക്കാമെന്ന് ബ്രൺവൻഡ് നിരീക്ഷിക്കുന്നു.




യഥാർത്ഥ പത്രവാർത്തകളുടെ പ്രചാരണത്തെ തുടർന്ന് ഒട്ടനവധി നുണക്കഥകളും പ്രചാരത്തിലായതായി സംശയവാദിയായ ജോ നിക്കൽ പറയുന്നു. ശലഭമനുഷ്യന്റെ ദൃശ്യങ്ങൾ, തിരിച്ചറിയാൻ സാധിക്കാത്ത വിമാനങ്ങളോ ചിലയിനം മൂങ്ങകളോ ആയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. "തിളങ്ങുന്ന കണ്ണുകൾ" ഒരു പക്ഷെ, ഫ്ലാഷ് ലൈറ്റുകൾ മൂലമുള്ള റെഡ് ഐ പ്രതിഭാസമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

2002-ൽ ശലഭമനുഷ്യന്റെ ആദ്യത്തെ വാർഷികോത്സവം പോയിന്റ് പ്ലെസന്റ് നടത്തി. പിന്നീട് 2003-ൽ, ബോബ് റോച്ച് നിർമ്മിച്ച 12 അടി ഉയരമുള്ള ലോഹശിൽപം അനാവരണം ചെയ്തു. 2005-ൽ മോത്ത്മാൻ കാഴ്ചബംഗ്ളാവും ഗവേഷണ സ്ഥാപനവും ജെഫ് വാംസ്ലിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ സെപ്റ്റംബർ മാസങ്ങളിലെയും മൂന്നാമത്തെ ആഴ്ചയിൽ തുടങ്ങി ഒരാഴ്ചകാലം നീണ്ട് നിൽക്കുന്നതാണ് ഉത്സവം. അതിഥിപ്രസംഗങ്ങൾ, പ്രദർശനങ്ങൾ, മോത്ത്മാൻ പാൻകേക്ക് തീറ്റ മത്സരം, ഹേറൈഡ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ഉത്സവത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്നു.

No comments:

Post a Comment