Saturday, April 27, 2024

തരവത്ത് അമ്മാളു അമ്മ

 മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിലൊരാളായ തരവത്ത് അമ്മാളു അമ്മ.കേരളം കണ്ട ഏറ്റവും വലിയ പണ്ഡിതയും എഴുത്തുകാരിയും പത്രപ്രവർത്തകയും മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിൽ ഒരാളായ തരവത്ത് അമ്മാളുവമ്മ.



1914 ല്‍ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം' മലയാളത്തില്‍ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസര്‍പ്പക നോവല്‍ ആയിരുന്നു. സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ മികച്ച കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ദൗത്യമായിരുന്നു ഇവര്‍ പ്രധാനമായും നിര്‍വഹിച്ചത്. ഒരു ബുദ്ധ ഭക്തയായിരുന്ന ഇവർ ലൈറ്റ് ഓഫ് ഏഷ്യ എന്ന ഗ്രന്ഥം 'ബുദ്ധഗാഥ' എന്ന പേരില്‍ പരിഭാഷപ്പെടുത്തുകയും സംസ്‌കൃതത്തിലുള്ള ശിവശക്തി വിലാസത്തിന് മലയാള ഭാഷ്യവും ചമച്ചു.


1873 ഏപ്രിൽ 26 ന് പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തില്‍ മുന്‍സിഫ് ശങ്കരന്‍ നായരുടെയും കുമ്മിണിയമ്മയുടെയും മകളായി ജനിച്ചു. ടിപ്പു സുൽത്താന്റെ അധിനിവേശ കാലത്ത് മലബാറിൽ നിന്ന് പാലക്കാട് പറളിയിലേക്ക് വന്നവരാണ് അമ്മാളു അമ്മയുടെ പൂർവികർ. അവർക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു, ഡോക്ടർ ടി.എം. നായർ. എഴുത്തും പ്രാഥമിക പാഠങ്ങളും സംസ്കൃതവും സംഗീതവും വീട്ടിൽ പഠിച്ചു. അതിനുശേഷം അവർ പിതാവിൽ നിന്ന് ഗണിതവും മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളും പഠിച്ചു.


ഒരു ഫെമിനിസ്റ്റും സ്ത്രീ സമത്വവാദിയും കൂടിയായ അമ്മാളു അമ്മ, സ്ത്രീകൾ സാഹിത്യാഭിരുചിക്ക് പുരുഷന്മാരെപ്പോലെയോ അതിലധികമോ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരിക്കൽ, ലക്ഷ്മി ഭായ് മാസികയിൽ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ സാഹിത്യവാസന എന്ന ലേഖനത്തിൽ "സ്ത്രീകൾക്ക് സാഹിത്യത്തിൽ അഭിരുചി ഉണ്ടെന്ന് ചിലർക്ക് സംശയമുണ്ടെന്ന് എനിക്കറിയാം. എന്നാൽ സാഹിത്യത്തിന്റെ സത്ത എല്ലാ സ്ത്രീകളിലും ഉണ്ടെന്ന് ഞാൻ പറയും" എന്നെഴുതി. കൊച്ചി മഹാരാജാവ് അവർക്ക് സാഹിത്യ സഖി പുരസ്കാരം നൽകാൻ തയ്യാറായെങ്കിലും അവർ അത് നിരസിച്ചു. അന്നത്തെ കൊച്ചിരാജ്യത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ "സാഹിത്യ സഖി" നിരസിച്ച ഒരേയൊരു എഴുത്തുകാരി ആയിരുന്നു.


തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കുകവഴി തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട്. 1929ലെയും 1930ലെയും സാഹിത്യപരിഷത് സമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. കൃതികള്‍: ലീല, കോമളവല്ലി -2 ഭാഗങ്ങള്‍, (നോവല്‍), ഭക്തമാല 3 ഭാഗങ്ങള്‍, ബുദ്ധചരിതം, ബാലബോധിനി, ഭക്തമാലയിലെ ചെറുകഥകള്‍, സര്‍വ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം, കൃഷ്ണഭക്തിചന്ദ്രിക, ബുദ്ധഗാഥാചന്ദ്രിക, ഒരു തീര്‍ഥയാത്ര, ശ്രീശങ്കരവിജയം, ശിവഭക്തവിലാസം. മൗലിക കൃതികള്‍ കൂടാതെ സംസ്‌കൃതത്തില്‍നിന്നും തമിഴില്‍നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് മുമ്പ് കാലത്ത് പാഠപുസ്തകങ്ങള്‍ ആയിട്ടുണ്ട്. 1936 ജൂൺ 6-ന് അന്തരിച്ചു.

No comments:

Post a Comment