Saturday, September 3, 2016

സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ



സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ Sergi Alexandrovich Yesenin(1895-1925) - റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും പോയി. അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേവ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. 1916ൽ ആദ്യത്തെ കവിതാസമാഹാരം Radunitsa (മരിച്ചവർക്കുള്ള ചടങ്ങുകൾ) പ്രസിദ്ധീകരിച്ചു.




രൂപക്കൂടുകളിലിരുന്ന് വിശുദ്ധന്മാരുടെ ചിത്രങ്ങൾ അനുഗ്രഹിക്കുകയും വീടുകളിലെ ചിമ്മിനികളിൽ കൊറ്റികൾ കൂടു കൂട്ടുകയും ബിർച്ചു മരങ്ങൾക്കു മേൽ ആകാശം ഒരു നീലത്തൂവാല പോലെ തിളങ്ങുകയും ചെയ്യുന്ന തന്റെ ബാല്യകാലത്തെ റഷ്യയെ വാഴ്ത്തുന്നതായിരുന്നു അതിലെ കവിതകൾ. 1918ൽ ഇറങ്ങിയ Inonya (മറ്റൊരു ലോകം) ആത്മീയവും സാമൂഹികവുമായ ഒരു പരിവർത്തനത്തിന്റെ നാന്ദിയായി റഷ്യൻ വിപ്ളവത്തെ വരവേല്ക്കുന്നു. ഇരുമ്പും ഉരുക്കും കല്ലും പ്രതിനിധീകരിക്കുന്ന വ്യവസായപ്രധാനമായ ആധുനികലോകമല്ല, മരവും മണ്ണും അടയാളങ്ങളായ പഴയ ലോകമായിരുന്നു


യസെനിൻ കാത്തിരുന്ന ആ ‘മറ്റൊരു ലോകം.’ പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി. മോസ്ക്കോവിൽ Imaginists കവികളുടെ കൂട്ടത്തിൽ ചേർന്ന എസെനിൻ വൈകാതെ അവരിൽ പ്രധാനിയായി. കഫേകളിൽ കവിതാലാപനവും ഒപ്പം അമിതമായ മദ്യപാനവുമായി കഴിയുന്നതിനിടെ Zinaida Reichനെ വിവാഹം കഴിക്കുകയും വിവാഹമോചിതനാവുകയും ചെയ്തു. 1921 ഒടുവിൽ അമേരിക്കൻ നർത്തകിയായ ഇസഡോറ ഡങ്കനെ പരിചയപ്പെട്ടു. അന്യോന്യം ഭാഷയറിയാത്ത ഇരുവരും വിവാഹിതരാവുകയും ചെയ്തു. നർത്തകിക്കൊപ്പമുള്ള യാത്രകളിൽ യൂറോപ്പിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലെ മുറികൾ അടിച്ചു തകർക്കുകയായിരുന്നു കവിയുടെ വിനോദം. 1922 ലെ അമേരിക്കൻ യാത്രയിൽ അവർ തമ്മിലുള്ള ബന്ധം വഷളാവുകയും എസെനിൻ വിവാഹബന്ധം വേർപെടുത്തി റഷ്യയിലേക്ക് മടങ്ങുകയും ചെയ്തു.




പിന്നീടുള്ള കവിതകൾ ആത്മനിന്ദയുടേതായിരുന്നു: “ഒരു തെമ്മാടിയുടെ കുമ്പസാരങ്ങൾ”, “കള്ളുകടകളുടെ മോസ്ക്കോ” തുടങ്ങിയവ. എസെനിൻ പിന്നീടു വിവാഹം ചെയ്തത് ടോൾസ്റ്റോയിയുടെ ഒരു ചെറുമകളെയാണ്‌. പക്ഷേ മദ്യപാനത്തോടൊപ്പം കൊക്കെയിൻ തീറ്റയും തുടർന്നു. 1924ൽ ജനിച്ച നാട്ടിലെത്തിയ കവി കണ്ടത് അവിടുത്തെ കൃഷിക്കാർ സോവിയറ്റ് സൂക്തങ്ങൾ ഉരുവിടുന്നതാണ്‌; മാർക്സിന്റെ നാലു പേജ് വായിച്ചാൽ ഉറക്കം വരുന്ന കവി കുറ്റബോധത്തോടെ മനസ്സിലാക്കി, ജനകീയകവി എന്ന ദൗത്യം ഏറ്റെടുക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന്! ഇരുമ്പിനെയും ഉരുക്കിനെയും സ്തുതിച്ചു കൊണ്ടുള്ള കവിതകളെഴുതി മുഖ്യധാരയിലെത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ബോൾഷെവിക് റഷ്യയിൽ താൻ എത്ര അന്യനാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അവസാനമെഴുതിയ Cherny Chelovek (കറുത്തവൻ) സ്വന്തം പരാജയങ്ങളുടെ നിർദ്ദയമായ വിചാരണയാണ്‌. 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌.

ഗാനാത്മകതയാണ്‌ യസെനിന്റെ കവിതകളുടെ മുഖമുദ്ര. മനസ്സിൽ തട്ടുന്ന ബിംബകല്പനകൾ കൊണ്ടു നിറഞ്ഞതാണ്‌ തീക്ഷ്ണമായ ആ ഭാവഗീതങ്ങൾ. അടിസ്ഥാനപരമായി കാല്പനികനായ എസെനിൻ റഷ്യൻ വിപ്ളവത്തെ സ്വാഗതം ചെയ്തുവെങ്കിലും മോഹഭംഗത്തിന്‌ അധികകാലമെടുത്തില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കർഷകവിപ്ളവകാരിയായ പുഗാച്ച്യോവിനെക്കുറിച്ചെഴുതിയ ദീർഘകാവ്യം അക്കൊല്ലം ടാംബോവ് പ്രവിശ്യയിൽ ബോൾഷെവിക്കുകൾക്കെതിരെ നടന്ന കർഷകരുടെ കൂറ്റൻ പ്രക്ഷോഭത്തിനുള്ള ഒരു പരോക്ഷപിന്തുണ തന്നെയായിരുന്നു. യൂറോപ്പ്, അമേരിക്കൻ പര്യടനങ്ങൾക്കു ശേഷം ലെനിനെ സ്തുതിച്ചു കൊണ്ടുള്ള കവിതകൾ എഴുതിയെങ്കിലും അദ്ദേഹത്തിന്റെ കേന്ദ്രപ്രമേയങ്ങൾ - ഗ്രാമീണറഷ്യയും മോസ്ക്കോയിലെ അധോതലജീവിതവും- സോവിയറ്റ് വിരുദ്ധമായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണ്‌ എസെനിന്റെ കവിതയെന്ന് ആരോപിക്കപ്പെട്ടു. റഷ്യൻ സാഹിത്യത്തെ സോവിയറ്റ്‌വല്ക്കരിക്കുന്ന പ്രക്രിയയുടെ ഒരു പ്രധാനഘട്ടമായിരുന്നു ഈ ആക്രമണങ്ങൾ. മയക്കോവ്സ്ക്കി എസെനിന്റെ മരണത്തെക്കുറിച്ചുള്ള തന്റെ കവിതയെഴുതിയത് ഈ പശ്ചാത്തലത്തിലാണ്‌. ആ മരണത്തെ വിമർശിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ ഏറ്റവും കടുത്ത വിമർശനങ്ങൾക്കുന്നമാക്കുന്നത് എസെനിന്റെ വിരോധികളെ ആണ്‌.

അമിതവൈകാരികത എസെനിന്റെ കവിതകളുടെ ദോഷമായി പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകളിലെ ആർജ്ജവം മനസ്സിൽ തട്ടുന്നതാണ്‌. ഗ്രാമീണറഷ്യയെക്കുറിച്ചോർത്തു ഖേദിക്കുമ്പോൾത്തന്നെ ആ ലോകത്തേക്കൊരു മടക്കം ഇനീ അസാദ്ധ്യമാണെന്ന യാഥാർത്ഥ്യബോധവും അദ്ദേഹത്തിനുണ്ട്. 1924ലെ അദ്ദേഹത്തിന്റെ കവിതാസമാഹാരം Moscow of the Taverns കള്ളന്മാരുടെയും തെമ്മാടികളുടെയും വേശ്യകളുടെയും ജീവിതത്തെ മമതയോടെ, എന്നാൽ നിറപ്പകിട്ടില്ലാതെ, ചിത്രീകരിക്കുന്നു.



മൃഗങ്ങളെ കുറിച്ച് ഇത്ര സ്നേഹത്തോടെ എഴുതിയ മറ്റൊരു റഷ്യൻ കവി ഉണ്ടായിരിക്കില്ല. ഒരു കവിതയിൽ തന്റെ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതു കണ്ടിട്ട് ഒരു പെൺപട്ടി വീട്ടിലേക്കു മടങ്ങുന്ന ദൃശ്യമുണ്ട്; പുരയ്ക്കു മേൽ ചന്ദ്രനെ കണ്ടിട്ട് ഒരു നിമിഷം അവൾക്കു തോന്നുകയാണ്‌, അത് തന്റെ ജീവനുള്ള കുഞ്ഞാണെന്ന്. മറ്റൊരു കവിതയിൽ ഒരു തീവണ്ടിയ്ക്കു പിന്നാലെ പായുന്ന ഒരു കുതിരക്കുട്ടിയെ വർണ്ണിക്കുന്നു; ‘എത്ര ടൺ കുതിരയിറച്ചിയുടെയും തൊലിയുടെയും’ വിലയാണ്‌ ഒരു തീവണ്ടിയെഞ്ചിനെന്ന് അതിനറിയാത്ത പോലെ! ഷലോമോവ് പറയുന്നു: “പ്രകൃതിയുടെ വലിയൊരു ഭാഗം - ജന്തുക്കൾ- കവിതയ്ക്കു പുറത്തായിരിക്കുന്നു. കുട്ടിക്കവിതകളും യക്ഷിക്കഥകളും എഴുതുന്നവരേ മൃഗങ്ങളെക്കുറിച്ചെഴുതുന്നുള്ളു. എത്ര ദയയോടെയും എത്ര ഊഷ്മളമായ ആത്മീയതയോടെയും മൃഗങ്ങളെക്കുറിച്ചെഴുതാമെന്നു കാണിച്ചു തരാൻ എസെനിൻ മാത്രമേ ഉണ്ടായുള്ളു.”

റഷ്യൻ കുറ്റവാളികളുടെ അധോലോകത്തിനും എസെനിനെ പ്രിയമായിരുന്നുവെന്ന് ഷലോമോവ് പറയുന്നു. സ്ത്രീകളോട് പൊതുവേയുള്ള വെറുപ്പിനോടൊപ്പം അമ്മയോടുള്ള ഒരാരാധനയും അവർക്കിടയിലുണ്ടായിരുന്നു. എസെനിന്റെ ‘അമ്മയ്ക്കെഴുതിയ കത്ത്’ ഏതു കുറ്റവാളിയ്ക്കും ഹൃദിസ്ഥമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ വരികൾ അവർ ദേഹത്തു പച്ച കുത്തുകയും ചെയ്തിരുന്നു.

1970കളിലെ തന്റെ ബാല്യത്തെക്കുറിച്ചോർത്തുകൊണ്ട് ഐറിന മഷിൻസ്കി എഴുതുന്നു: “ഞാൻ സ്കൂളിലേക്കു പോകുന്നതും തിരിച്ചു വരുന്നതും എസെനിൻ തെരുവ് വഴിയായിരുന്നു; കൈയിൽ പുസ്തകവും പിടിച്ചു നില്ക്കുന്ന ഒരു കവിയുടെ അത്ര ഭംഗിയില്ലാത്ത ഒരു പ്രതിമ അവിടെയുണ്ടായിരുന്നു. സ്ഥലത്തെ കുടിയന്മാർ രാത്രിയിൽ അവിടെ ഒരുമിച്ചു കൂടും; കവിത വായിക്കാനൊന്നുമല്ല. എന്നാൽ അവർക്ക് എസെനിനെ ഇഷ്ടമായിരുന്നു, അവർ അദ്ദേഹത്തെ തങ്ങളിൽ ഒരാളായി കണക്കാക്കുകയും ചെയ്തിരുന്നു.”

No comments:

Post a Comment