Saturday, June 25, 2016

മുസ്തഫ കമാൽ - (കമാൽ പാഷ )


ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാൽ അത്താതുർക്ക്  (1881 മാർച്ച് 12 – 1938 നവംബർ 10) - അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ് എന്നർത്ഥം. കമാൽ പാഷ എന്ന പേരിലും അറിയപ്പെടുന്നു.

ഓട്ടമൻ തുർക്കിയിലെ സൈന്യാധിപനായിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഗല്ലിപോളി യുദ്ധമടക്കമുള്ള നിരവധി പോരാട്ടങ്ങളിൽ തന്റെ പ്രഗല്ഭ്യം തെളിയിച്ച വ്യക്തിയാണ്. സഖ്യസേനയുടെ കൈകളാൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ട ശേഷം തുർക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് തുർക്കി ദേശീയ മുന്നണിയെ നയിച്ച് സ്വാതന്ത്ര്യസമരത്തിലൂടേ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അത്താതുർക്ക് വഹിച്ച് പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക മുന്നേറ്റങ്ങളിലൂടെ അവസാനം റിപ്പബ്ലിക്ക് ഓഫ് ടർക്കി (തുർക്കി ഗണതന്ത്രം) രൂപമെടുത്തു. അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ രാഷ്ട്രീയമായ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി.

ഏഴു പ്രാവശ്യത്തോളം അദ്ദേഹം തന്റെ പേരുകൾ മാറ്റിയിട്ടുണ്ട്.  ഓട്ടോമൻ സൈന്യത്തിലായിരുന്നപ്പോൾ അദ്ദേഹം കെമാൽ പാഷ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര സമയത്ത് തുർക്കി ദേശീയ നിയമ സഭ അദ്ദേഹത്തിന് ഗാസി മുസ്തഫ കെമാൽ എന്ന് സംബോധന ചെയ്തിരുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് ശേഷം ഓസ്സ് എന്ന തലപ്പേര് അദ്ദേഹം സ്വീകരിച്ചു. 1934 ജനുവരി 1-ന് തുർക്കി ദേശീയ നിയമസഭ അദ്ദേഹത്തിന് അത്താതുർക്ക് (തുർക്കിയുടെ പിതാവ്) എന്ന സ്ഥാനപ്പേർ നൽകി ആദരിച്ചു. ഇന്ന് തുർക്കിയുടെ ദേശീയ കറൻസി നോട്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

1881ൽ ഓട്ടൊമൻ തുർക്കിയിലെ സലോനിക എന്ന നഗരത്തിൽ ജനിച്ചു (ഇന്നത്തെ ഗ്രീസിലെ തെസ്സലോനിക്കി). മുസ്തഫയുടെ പിതാവിന്റെ പേർ അലി റിസ എഫെൻഡി എന്നും അമ്മയുടെ പേർ സുബയ്ദെ ഹനിം എന്നുമായിരുന്നു. അന്നത്തെ തുർക്കി രീതിയനുസരിച്ച മുസ്തഫ എന്ന ഒറ്റപ്പേരാണ് അദ്ദേഹത്തിന് നൽകപ്പെട്ടത്. അദ്ദെഹത്തിന്റെ ഏഴാമത്തെ വയസ്സിൽ തടിക്കച്ചവടക്കാരനായിരുന്ന പിതാവ് മരണപ്പെട്ടു. അമ്മ സുബയ്ദെയുടെയും അമ്മാവന്റേയും പരിചരണത്തിലാണ് അദ്ദേഹം വളർന്നത്.


1893-ൽ തനിക്ക് 12 വയസ്സുള്ളപ്പോൾ അദ്ദേഹം സലോനികയിലെ സൈനികവിദ്യാലയത്തിൽ പഠനത്തിനായിച്ചേർന്നു. അവിടത്തെ ഗണിതാദ്ധ്യാപകനാണ് കെമാൽ (പൂർണ്ണത്വം, അല്ലെങ്കിൽ ഉഗ്രൻ) എന്ന രണ്ടാം പേര് മികവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നൽകുന്നത്. തുടർന്ന് 1896-ൽ മനസ്തിറിലെ സൈനിക അക്കാദമിയിൽ ചേർന്നു. ലെഫ്റ്റനന്റായി അവിടെ നിന്നും ബിരുദം നേടീ. മൂന്നു വർഷം ഇസ്താംബൂളിലെ സൈനികാക്കാദമിയിൽ പഠിച്ച് മേജർ പദവി കരസ്ഥമാക്കി

1915 ജനുവരി 8ന് ബ്രിട്ടീഷ് യുദ്ധകാര്യ സമിതി ബോബാക്രമണത്തിലൂടെ ഗാലിപ്പോലി പിടിച്ചെടുക്കാനും അതുവഴി ഇസ്താംബൂളിലേക്ക് പ്രവേശിക്കാനും പദ്ധതിയിട്ടു. എന്നാൽ മുസ്തഫാ കെമാൽ ഒരു അചഞ്ചലമായ കോട്ടയായിരുന്നു. അദ്ദേഹ എതിരാളികളെ മലകളിൽ വച്ച് നേരിട്ടു. അത്തരം ഉയർന്ന പ്രദേശങ്ങൾ എന്തുകൊണ്ടും നിർണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ സേനയുടെ പ്രതിരോധത്തിന്റ്റെ ഫലമായി ആസ്ത്രേലിയയുടേയും ന്യൂസിലാൻഡിൻറേയും സം‌യുക്തസേനക്ക് ഉള്ളിലേയ്ക്ക് കടക്കാനായില്ല. അതിനാൽ കരസൈന്യത്തിന് ഫലപ്രദമായി ഒരു ലക്ഷ്യവും കിട്ടതെ ബ്രിട്ടൻ കഷ്ടപ്പെട്ടു. ഈ ആദ്യത്തെ ഗാലിപോളി യുദ്ധം അദ്ദേഹത്തിന് കേണൽ പദവി നേടിക്കൊടുത്തു.

രണ്ടാം യുദ്ധത്തിൽ മുസ്തഫ പോരാട്ട രേഖയിൽ നിന്ന് വെറും മുന്നൂറു മീറ്റർ മാത്രം അകലെയായിരുന്നു. ഇത് കൂടാതെ അദ്ദേഹം ചുനുക്ക് ബൈർ യുദ്ധം, സ്മിതാർ മല യുദ്ധം, സരീ ബയർ യ്യുദ്ധം തുടങ്ങി പല യുദ്ധങ്ങളിലും നേതൃത്വം വഹിച്ചു. ഒട്ടൊമൻ സൈന്യത്തിൽ കാര്യമായ വിജയം ഉണ്ടായി. മുസ്തഫയുടേത് എന്നിരുന്നാലും ഏറ്റവൂം കൊട്ടിഘോഷിക്കപ്പെട്ട വിജയമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക പാടവും ശത്രുക്കളുടെ വരെ പ്രശംസക്ക് പാത്രമായി. ഏതണ്ട് രണ്ടരലക്ഷത്തോളം സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധം ജയിച്ച കെമാൽ പാഷ ജനറലായി സ്ഥാനം ഉയർത്തപ്പെട്ടു.


തുർക്കി പ്രസിഡന്റായിരിക്കേ തന്നെ, 1938 നവംബർ 10-ന്‌ ഇസ്താംബൂളിൽ വച്ച് മുസ്തഫ കമാൽ മരണമടഞ്ഞു. കരൾരോഗമായിരുന്നു മരണകാരണം. കടുത്ത മദ്യപാനമാണ് അദ്ദേഹത്തെ ഈ അസുഖത്തിലേക്ക് നയിച്ചത്. കമാലിനു ശേഷം ഇസ്മത് ഇനോനു തുർക്കിയുടെ പ്രസിഡണ്ടായി.

അങ്കാറയിൽ ഇദ്ദേഹത്തിന്റെ സ്മാരകമായി വലിയൊരു ശവകുടീരം നിർമിച്ചിട്ടുണ്ട്. അനിത്കബീർ എന്ന ഈ ശവകുടീരം സ്ഥിതിചെയ്യുന്ന പൂന്തോട്ടം തുർക്കിയിലെ എല്ലാ പ്രവിശ്യകളിൽനിന്നും ശേഖരിച്ച മണ്ണുകൊണ്ടു നിർമിതമാണ്. കമാലിന്റെ മരണാനന്തരം പൊതുസ്ഥലങ്ങളിലെല്ലാം കമാലിന്റെ ചിത്രം വ്യാപകായി സ്ഥാപിക്കപ്പെട്ടു. മാത്രമല്ല, തപാൽ സ്റ്റാമ്പുകൾ‌മുതൽ ടെലിവിഷൻ സെറ്റിന്റെ മൂലയിൽ വരെ അത് ആലേഖനം ചെയ്യപ്പെട്ടു.

ലത്തീഫയുമായുള്ള ഇദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതത്തിൽ സന്താനങ്ങൾ ഉണ്ടായില്ല. അതുകൊണ്ട് രണ്ടു പെൺകുട്ടികളെ ഇദ്ദേഹം ദത്തെടുത്തു വളർത്തി.

കമാലിസ്റ്റ് വിപ്ലവത്തിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമൂലമായ മാറ്റം വരുത്താൻ സാധിച്ചെങ്കിലും മുസ്തഫ കമാൽ എന്ന ഒറ്റ നേതാവിലുള്ള അമിതമായ ആശ്രിതത്വം, അതിന്റെ ഏറ്റവും വലിയ ബലഹീനതയായിരുന്നു. കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് രാജ്യത്തെ മാറ്റങ്ങളിൽ കാര്യമായ പങ്കോ സ്വാധീനമോ വഹിക്കാനായിരുന്നില്ല. കമാലിന്റെ മരണത്തോടെ ഈ കഴിവുകേട് മറനീക്കി പുറത്തെത്തുകയും ചെയ്തു.

കമാലിന്റെ മതേതരപാതയിൽ റീപ്പബ്ലിക്കിനെ നിലനിർത്തുന്നതിന് എന്ന പേരിൽ, അദ്ദേഹത്തിന്റെ മരണശേഷമുള്ള അരനൂറ്റാണ്ടിനിടക്ക് നാലുവട്ടം സൈന്യം അധികാരം പിടിച്ചെടുത്തു. അടിയന്തരഘട്ടത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുവദിക്കുന്ന ഭരണഘടനാവ്യവസ്ഥയെ മുൻനിർത്തിയായിരുന്നു സൈന്യത്തിന്റെ ഈ ഭരണമേറ്റെടുക്കലുകൾ.


No comments:

Post a Comment