1967 ഏപ്രില്‍ ഇരുപത്തി രണ്ട് . സ്ഥലം ഇന്നത്തെ കസാക്കിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോം (Baikonur Cosmodrome). റഷ്യന്‍ ജനത മുഴുവനും സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് . എന്നാല്‍ ലോകത്തിലെ തന്നെ ആദ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂറിലെ ശാസ്ത്രഞ്ഞര്‍ മറ്റു ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കാരണം മറ്റൊന്നുമല്ല സോവിയറ്റ് യൂണിയന്‍റെ സോയുസ് ഒന്ന് (Soyuz 1) എന്ന ബഹിരാകാശ വാഹനം മണിക്കൂറുകള്‍ക്കകം ഇവിടെ നിന്നും വിക്ഷേപിക്കപ്പെടും ! ചെറിയൊരു പിഴവ് മതി എല്ലാം തകരാന്‍ ! മാത്രവുമല്ല സോയുസ് ഒന്ന് മോഡ്യൂള്‍ ഒന്ന്മ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം സോയൂസ് ഒന്ന് മോഡ്യൂള്‍ രണ്ടും വിക്ഷേപിക്കണം . എല്ലാവരും ഇത്രയും ജാഗരൂകരാകാന്‍ പല കാരണങ്ങള്‍ ഉണ്ട് . ഒന്ന് , ഈ രണ്ടു പേടകങ്ങളും മനുഷ്യരെയും വഹിച്ചു കൊണ്ടാണ് ഉയരാന്‍ പോകുന്നത് ! മാത്രവുമല്ല , ബഹിരാകാശത്ത് വെച്ച് ഈ രണ്ടു പേടകങ്ങളിലെയും യാത്രികര്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനം മാറുകയും ചെയ്യണം ! ലോകത്ത് ഇത് വരെ ആരും കാണിക്കാത്ത "അഭ്യാസം " ! അമേരിക്കയുമായി "ബഹിരാകാശ മത്സരം " ( Space Race) നടക്കുന്ന സമയം കൂടിയാണ് . അതുകൊണ്ട് ഈ ഉദ്യമം വിജയകരമായാല്‍ സോവിയറ്റ് യൂണിയന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ ആയിരിക്കും അത് . അതിനാല്‍ ഏറ്റവും മികച്ചവരെ തന്നെയാണ് ബഹിരാകാശ വാഹനത്തിലെ യാത്രികര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് . സോയുസ് ഒന്നില്‍ ഒരാള്‍ ഒറ്റക്കാണ് പോകുന്നത് . പേര് വ്ലാഡിമീര്‍ കൊമറോവ് (Vladimir Komarov). സോവിയറ്റ് വൈമാനികരില്‍ ഏറ്റവും കഴിവ് തെളിയിച്ച ആള്‍ ആണ് അദ്ദേഹം . അവസാന നിമിഷം എന്തെങ്കിലും കാരണത്താല്‍ അദ്ദേഹത്തിന് സ്പേസ് ഷിപ്പില്‍ കയറുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരാളെ ഇതേ ഉദ്യമത്തിനായി ഒരു ബാക്ക്അപ് പോലെ (backup cosmonaut) റെഡി ആക്കി നിര്‍ത്തിയിട്ടുണ്ട് . ആരെന്ന് അറിയേണ്ടേ ? സാക്ഷാല്‍ യൂറിഗഗാറിന്‍ ! (Yuri Gagarin).
കോമറോവും ഗഗാറിനും പഴയ സുഹൃത്തുക്കളും ആണ് . രണ്ടു പേരും ഇതിന് മുന്‍പ് ബഹിരാകാശ യാത്ര നടത്തിയവരും ആണ് (ഗഗാറിന്‍ 1961 ല്‍ Vostok 1 എന്ന മിഷനിലും , കോമരോവ് 1964 ല്‍ Voskhod 1 എന്ന മിഷനിലും ). രണ്ടില്‍ ആര് യാത്ര ചെയ്താലും ബഹിരാകാശത്ത് രണ്ടാമത് പോയ ആദ്യ വ്യക്തി എന്ന ഖ്യാതി സ്വന്തം ! ആഴ്ചകളായി ദിവസേന പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ഇരുവരും പരിശീലനം നടത്തിയിരുന്നു . ഗഗാറിന്‍ സുഹൃത്തിന് ആത്മ്മ വിശ്വാസം നല്കിക്കൊണ്ടേയിരുന്നു . അവസാനം കൊമറോവ് തന്നെ പേടകത്തില്‍ കയറി . അതിന് മുന്‍പ് ഭാര്യയോടും കുട്ടികളോടും അദ്ദേഹം സംസാരിച്ചിരുന്നു . കൃത്യം 03:22 നു (24 April 1967 03:22:52 UTC) വ്ലാഡിമീര്‍ കൊമാറോവിനെയും വഹിച്ചു കൊണ്ട് സോയുസ് വണ്‍ എന്ന പേടകം അതേ പേരില്‍ (സോയുസ് ) തന്നെയുള്ള റോക്കറ്റില്‍ ബഹിരാകാശത്തേക്ക് ഉയര്‍ന്നു . ഭൂമിയില്‍ നിന്നും നൂറി അറുപത് തൊട്ട് രണ്ടായിരം വരെ കിലോമീറ്റര്‍ അകലെയുള്ള low Earth orbit (LEO) ല്‍ ആണ് റോക്കറ്റ് പേടകത്തെ കൊണ്ട് എത്തിച്ചത് . എന്നാല്‍ ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ല . സോളാര്‍ പാനലുകള്‍ നേരെ ചൊവ്വേ നിവര്‍ന്നില്ല ! അതിനാല്‍ തന്നെ പേടകം പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമായി . പകുതി നിവര്‍ന്ന പാനലുകള്‍ വേറെയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു . അവ ദിശാമാപിനികളെ (navigation equipments) പൂര്‍ണ്ണമായും മറച്ചു . അവസ്ഥ വളരെ മോശമാണെന്ന് കൊമറോവ് താഴേക്ക് റിപ്പോര്‍ട്ട് ചെയ്തു (Kamanin Diary, 23 April 1967) .
" ഇടതു വശത്തെ സോളാര്‍ പാനല്‍ എനിക്ക് പൂര്‍ണ്ണമായും തുറക്കാന്‍ കഴിയുന്നില്ല . ഇലക്ട്രിക് ലൈനില്‍ പതിനാലു ആമ്പിയര്‍ മാത്രമേ ഉള്ളൂ . ഉയര്‍ന്ന ആവൃത്തിയില്‍ ഉള്ള ആശയ വിനിമയം സാധിക്കുമെന്ന് തോന്നുന്നില്ല . മണിക്കൂറുകളായി വാഹനത്തെ സൂര്യന് അഭിമുഖമായി കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട് , പക്ഷെ നടക്കുന്നില്ല . "
ഇത്രയും ആയപ്പോള്‍ സോയൂസ് രണ്ടാം മോഡ്യൂള്‍ വിക്ഷേപിക്കണോ എന്ന് താഴെയുള്ളവര്‍ ചിന്തിച്ചു . എന്നാല്‍ വിക്ഷേപിക്കണമെന്നും പക്ഷെ നേരത്തെ തീരുമാനിച്ച കര്‍ത്തവ്യത്തില്‍ നിന്നും മാറി , കൊമാരോവിനെ രക്ഷിക്കാന്‍ വേണ്ടി ആണ് പോകേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു . പക്ഷെ വിധി കൊമാരോവിനു പ്രതികൂലം ആയിരുന്നു . കനത്ത മഴയും കാറ്റും ബൈക്കന്നൂര്‍ വിക്ഷേപണ കേന്ദ്രത്തെ മൂടി . അതോടെ രണ്ടാം മോഡ്യൂള്‍ വിക്ഷേപണം എന്നന്നേക്കുമായി നിര്‍ത്തി വെച്ചു . കൊമറോവ് ഇതിനകം പതിനഞ്ചു വട്ടം ഭൂമിയെ വലം വെച്ച് കഴിഞ്ഞിരുന്നു . ( ഈ ഓര്‍ബിറ്റില്‍ ഒരു തവണ ഭൂമിയെ ചുറ്റാന്‍ ഏകദേശം തൊണ്ണൂറു മിനുട്ട് വേണം ) . പേടകത്തെ സൂര്യന് അഭിമുഖം കൊണ്ടുവരാന്‍ പതിനാറാമത്തെയും പതിനെഴാമാതെയും ചുറ്റലില്‍ കൊമറോവ് വീണ്ടും ശ്രമിച്ചു . പക്ഷെ സാധിച്ചില്ല . അവസാനം തന്‍റെ പത്തൊന്‍പതാമത്തെ വലംവെക്കലില്‍ റിട്രോ റോക്കറ്റുകള്‍ (retro-fire) കത്തിച്ച് അദ്ദേഹം ഓര്‍ബിറ്റലില്‍ നിന്നും പുറത്തു ചാടി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിജയകരമായി തിരികെ പ്രവേശിച്ചു (Atmospheric entry , ഇത് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ മുകളില്‍ ആണ് സംഭവിക്കുന്നത് ). അപ്പോഴേക്കും കൊമറോവ് ബഹിരാകാശത്ത് ഏകനായി മരണത്തെ മുഖാ മുഖം കാണാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസവും മൂന്നു മണിക്കൂറും കഴിഞ്ഞിരുന്നു (2 days 03 hours 04 minutes). പക്ഷെ തിരിച്ചു വരവിലും വിധി കൊമാരോവിനു എതിരായിരുന്നു . നേരത്തെ ജാം ആയ സൌരോര്‍ജ്ജ പാനലുകള്‍ ശരിയായി തിരികെ മടക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല . അതോടെ വേഗത കുറയ്ക്കുവാന്‍ വേണ്ടിയിരുന്ന പ്രധാന പാരച്ചൂട്ട് (drag chute) അതില്‍ തട്ടി നിവര്‍ത്താനും സാധിക്കാതെ വന്നു !!! പേടകം വേണ്ടത്ര ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വന്നതും ഇതിനൊരു കാരണമായി . ചെറിയ പാരചൂട്ടുകള്‍ നിവര്ന്നെങ്കിലും വേഗത കുറയ്ക്കുവാന്‍ അത് പര്യാപ്തമായിരുന്നില്ല . അതോടെ പേടകം പിടിവിട്ട ഒരു ഉല്‍ക്കപോലെ മിന്നല്‍ വേഗത്തില്‍ താഴേക്ക് പതിക്കുവാന്‍ തുടങ്ങി . മരണം മുന്നില്‍ കണ്ട കൊമറോവിന്‍റെ ഭാര്യയോടുള്ള വിടപറയല്‍ വാചകം Yevpatoriya കമാണ്ടിഗ് പോയിന്‍റില്‍ മുഴങ്ങി കെട്ടു ( അവിടെ യൂറി ഗഗാറിനും സന്നിഹിതനായിരുന്നു ). അങ്ങിനെ നീണ്ട ആകാംക്ഷക്കും സസ്പെന്‍സിനും വിരാമമിട്ടുകൊണ്ട് സോയൂസ് ഒന്ന് പേടകം വ്ലാഡിമീര്‍ മിഖയിലിയോവിച്ച് കൊമാറോവിനെയും വഹിച്ചു കൊണ്ട് 1967 ഏപ്രില്‍ ഇരുപത്തി നാലാം തീയതി 03:24 ന് (GMT) റഷ്യയിലെ Orenburg നഗരത്തിനടുത്തുള്ള ഒരു പുല്‍മേട്ടില്‍ തകര്‍ന്ന് വീണു . മണിക്കൂറില്‍ നൂറ്റി നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ ആണ് പേടകം ഇടിച്ചിറങ്ങിയത് . ഇടിയുടെ കനത്ത ആഘാതത്തില്‍ പേടകമാകെ പരന്നു പോയിരുന്നു . അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയ അധികൃതര്‍ക്ക് , കൊമാറോവിന്റെ കാല്‍പ്പത്തിയുടെ കരിഞ്ഞു തകര്‍ന്ന ഒരു ഭാഗം മാത്രമാണ് ലഭിച്ചത് . (താഴെയുള്ള ചിത്രം നോക്കുക ) മരിക്കുമ്പോള്‍ അദ്ദേഹത്തിന് നാല്‍പ്പതു വയസ്സ് ആയിരുന്നു പ്രായം ! ഒരു ദിവസത്തിന് ശേഷം 1967 April 26 നു കൊമാറോവിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ ക്രെംലിനില്‍ ( Kremlin Wall Necropolis at Red Square) സംസ്കരിച്ചു .
മേല്‍ വിവരിച്ച സംഭവ കഥകള്‍ ഒക്കെയും സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ പര്യവേഷനതിന്റെ തലവന്‍ (1960 to 1971) ആയിരുന്ന Nikolai Petrovich Kamanin ന്‍റെ ഡയറിക്കുറിപ്പ്‌കളില്‍ നിന്നും ലഭിച്ചവയാണ് . സോവിയറ്റ് യൂണിയന്‍റെ അക്കാലത്തെ ബഹിരാകാശ പദ്ധതികളെ കുറിച്ച് വിശദമായി അറിയുവാന്‍ ഈ ഡയറിക്കുറിപ്പുകള്‍ അല്ലാതെ വിശ്വസനീയമായ മറ്റു രേഖകള്‍ കുറവാണ് എന്നതാണ് സത്യം . പക്ഷെ കൊമാറോവിന്റെ മരണം മറ്റു ചില ആരോപണ പ്രത്യാരോപണ യുദ്ധത്തിന് വഴി വെച്ചു എന്ന് പറയാം . അന്നത്തെ അമേരിക്കന്‍ - റഷ്യന്‍ വാക്ക് പയറ്റിന്റെ പരിണിത ഫലമാണ് മിക്ക ആരോപണങ്ങളും . സോയൂസ് പേടകം താഴേക്ക് പതിച്ചു കൊണ്ടിരുന്നപ്പോള്‍ കൊമറോവ് പറഞ്ഞ അന്ത്യ വാചകങ്ങള്‍ ടര്‍ക്കിയില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ നിരീക്ഷണ യന്ത്രങ്ങള്‍ക്കു ലഭിച്ചു എന്നതാണ് അതില്‍ ഒന്ന് (Krulwich, Robert "Cosmonaut Crashed Into Earth 'Crying In Rage'") . അപ്പോള്‍ അദ്ദേഹം ഈ യാത്രക്ക് കാരണക്കാരായവരെ ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത് . ഈ ആരോപണത്തിന് വ്യക്തമായ തെളിവില്ല എന്നതാണ് സത്യം . എന്നാല്‍ പാരച്ചൂട്ടിന്‍റെ പിഴവ് അതിന്‍റെ നിര്‍മ്മാണത്തിലെ തകരാര്‍ ആയിരുന്നു എന്ന് കാമിനിന്‍ തന്‍റെ ഡയറിയില്‍ എഴുതി വെച്ചത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തി . ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കാണ് താന്‍ പോകുന്നത് എന്ന് കൊമാരോവിനു അറിയാമായിരുന്നു എന്നും ആരോപണം ഉണ്ടായി (Starman, by Jamie Doran and Piers Bizony). വിക്ഷേപണത്തിന് മുന്‍പ് 203 ഓളം "കുഴപ്പങ്ങള്‍ " സോയൂസ് മോട്യൂളിനു ഉണ്ടായിരുന്നതായി പറയുന്നു . ഇതിനെ കുറിച്ച് യൂറി ഗഗാറിന്‍ അന്നത്തെ സോവിയറ്റ് പ്രസിടന്റ്റ് ബ്രഷ്നേവിനു പത്തു പേജുള്ള ഒരു മെമ്മോ അയച്ചുവെന്നും എന്നാല്‍ ഈ മെമ്മോ കണ്ടവരൊന്നും പിന്നെ വെളിച്ചം കണ്ടില്ലെന്നും ആണ് പുസ്തകമെഴുത്തുകാര്‍ ആരോപിക്കുന്നത് . രാജ്യത്തിന്‍റെ അന്‍പതാം വാര്‍ഷികത്തിന് അമേരിക്കയുടെ ഹൃദയം തകര്‍ക്കുന്ന എന്തെങ്കിലും റഷ്യന്‍ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ബ്രഷ്നെവിനു നിര്‍ബന്ധം ഉണ്ടായിരുന്നതായി ഇവര്‍ ആരോപിക്കുന്നു . അത് കൊണ്ട് കൊമറോവ് യാത്രയ്ക്ക് നിര്‍ബന്ധിതനായി തീര്‍ന്നതാണ് എന്നും ഇവര്‍ പറയുന്നു . ഒഴിഞ്ഞു മാറിയാല്‍ കൂട്ടുകാരനും റഷ്യന്‍ ഹീറോയും ആയ യൂറി ഗഗാറിന്‍ കൊല്ലപ്പെടും എന്ന പേടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നത്രേ ! (അദ്ദേഹം ആയിരുന്നല്ലോ ബാക്ക്അപ്പ് പൈലറ്റ് ). മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പുസ്തകങ്ങളോക്കെയും കൊമാറോവിന്റെ മരണം കഴിഞ്ഞ് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെട്ടത് ആണ് . അത് കൊണ്ട് തന്നെ ഇവയുടെ ആധികാരികതയെ സംശയിക്കാതെ തരമില്ല .
എന്തൊക്കെ ആയാലും കൊമറോവ് ബഹിരാകാശ ചരിത്രത്തിലെ ഒരു ഹീറോ തന്നെ ആണ് . മരണ ശേഷം അദ്ദേഹത്തിന് Order of Lenin ഉം Order of Hero of the Soviet Union ഉം ലഭിച്ചു . മരിച്ചു ഒരു വര്‍ഷത്തിനു ശേഷം നടന്ന അനുസ്മ്മരണ ചടങ്ങില്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് പങ്കെടുത്തത് എന്ന് കാമനിന്‍ തന്‍റെ ഡയറിയില്‍ കുറിച്ച് വെച്ചിട്ടുണ്ട് .
അടിക്കുറിപ്പ്
1. സോയൂസ് രണ്ടാം മോഡ്യൂളില്‍ പിറ്റേ ദിവസം പോകാനിരുന്നവര്‍ ഇവര്‍ ആണ് >> Valery Bykovsky, Aleksei Yeliseev, and Yevgeny Khrunov
2. ഒരു വര്‍ഷത്തിനു ശേഷം 1968 ല്‍ യൂറി ഗഗാറിന്‍ ഒരു പ്ലെയിന്‍ ക്രാഷില്‍ കൊല്ലപ്പെട്ടു !
3. Apollo 15 ചന്ദ്രനിലെ Hadley Rille യില്‍ സ്ഥാപിച്ച "Fallen Astronaut" എന്ന ഫലകത്തില്‍ കൊമാറോവിന്റെ പേരും ഉണ്ട് .
No comments:
Post a Comment