Monday, November 16, 2015

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട് !

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......
******************************************************************

ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദികളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് ടെസ്റ്റ് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.

Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് എന്തുകൊണ്ടും ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവ കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!
________________________________
ഒപ്പം കൊടുത്തിട്ടുള്ള ചിത്രം - INS VIKRAMADITYA.

പ്രധാന വസ്തുതകൾക്കുള്ള കടപ്പാട് : 
ചരിത്രാന്വേഷികൾ

വിക്കി പീഡിയ, ദി നാഷണൽ ഇന്ററെസ്റ്റ്, ദി ഡിപ്ലോമാറ്റ്, Kyle Mizokami, Zachary Keck, Manish Acharya, Ankit Panda

No comments:

Post a Comment