മൊയ്തീന്‍, മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്നവരെ മറുകരയത്തെിച്ച് വീരമൃത്യു വരിച്ച അങ്ങയുടെ കഥ മാറുകയാണ്. മണ്‍മറഞ്ഞ് 33 വര്‍ഷത്തിനുശേഷം സിനിമക്കാര്‍ താങ്കളെ വെറുമൊരു പ്രേമനായകനാക്കിയിരിക്കുന്നു. സ്വകാര്യജീവിതത്തിലെ ഒരു ഏട് മാത്രം ചീന്തിയെടുത്ത്, ഒരു ഗ്രാമത്തിന് താങ്കള്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശങ്ങള്‍ തമസ്കരിച്ച് ആര്‍പ്പുവിളികളുമായി ഒരു സംഘം ദേശദേശാന്തരം കറങ്ങുകയാണ്. ഇതാണ് ചരിത്രമെന്ന് ഉറക്കെ കള്ളമൊഴി നല്‍കാന്‍ ചില ബന്ധുക്കളുമുണ്ട് കൂട്ടത്തില്‍ -ജീവിച്ചിരുന്ന കാലത്ത് താങ്കളുടെ നിഴലരികില്‍പോലും കാണാത്തവര്‍. രാഷ്ട്രം മരണാനന്തര ബഹുമതി നല്‍കി ആദരിച്ച താങ്കളെ ഇവര്‍ മുക്കാല്‍ ചക്രത്തിന് വിറ്റിരിക്കുന്നു. താങ്കളുടെ പ്രണയകഥ വിറ്റു പണവും പ്രശസ്തിയും നേടുന്ന തിരക്കിലാണിവര്‍. ബാപ്പയോട് ക്ഷമിച്ചപോലെ ഇവരോടും ക്ഷമിക്കുക?
ഞങ്ങള്‍ അറിയുന്ന താങ്കള്‍ ഭ്രാന്തനായ വേലായുധനെയും അവന്‍െറ അമ്മയെയും പിന്നെ പലരെയും കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടുനടന്ന് സംരക്ഷണം നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു. ശരിയെന്നു തോന്നിയത് നെഞ്ചുവിരിച്ച് പറയുന്നവനായിരുന്നു. സാമൂഹിക-സാംസ്കാരിക-സിനിമാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പക്ഷമില്ലാ രാഷ്ട്രീയക്കാരനും പത്രപ്രവര്‍ത്തകനുമായിരുന്നു... സിനിമയിലെപ്പോലെ വെറുമൊരു പ്രേമവീരന്‍ ആയിരുന്നില്ല. സത്യന്‍ മുതല്‍ ജയന്‍ വരെയുള്ള നടന്മാരെ മുക്കവുമായി ചേര്‍ത്തുനിര്‍ത്തിയ കലാകാരന്‍. സിനിമകള്‍ ഇറക്കുകയും പലര്‍ക്കും സിനിമയിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്ത അദ്ഭുത മനുഷ്യന്‍. മൊയ്തീന്‍, ഞങ്ങള്‍ക്ക് താങ്കള്‍ ഒരു ജനപക്ഷ നായകനും വാഗ്മിയുമായിരുന്നു.
എന്നാല്‍, വരുംതലമുറക്കോ? ഇനി താങ്കള്‍ ഭീരുവായ കമിതാവും കാമുകിയുടെ വീടിനു മുന്നില്‍ മൈക്ക് കെട്ടി ഭീഷണി മുഴക്കുന്ന തമാശ കഥാപാത്രവുമായിരിക്കും. ജനം താങ്കളെ സിനിമയില്‍ കാണുന്നത് അങ്ങനെയൊക്കെയാണ്. ചെറുത്തുനില്‍പിന്‍െറ പ്രതിരൂപമായി സാധാരണക്കാരനൊപ്പംനിന്ന മൊയ്തീന്‍... ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി താങ്കള്‍ ഓഫിസുകള്‍ കയറിയിറങ്ങി, തെരുവില്‍ അലയുന്ന ഭ്രാന്തനെ വീട്ടിലേക്ക് കൊണ്ടുപോയി അന്നവും വസ്ത്രവും നല്‍കി. തുണിയും മുറിക്കൈയന്‍ കുപ്പായവുമിട്ട് താങ്കളെ സ്ക്രീനില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയി. ഞാന്‍ കണ്ടപ്പോഴൊക്കെ താങ്കള്‍ അണിഞ്ഞിരുന്നത് പാന്‍റ്സോ ജീന്‍സോ ഒക്കെയായിരുന്നു. താങ്കളുടെ ബാപ്പയെ ഒരു നീണ്ട താടിയുംവെച്ച് സ്ക്രീനില്‍ കണ്ടപ്പോഴേക്കും തളര്‍ന്നുപോയി. ചരിത്രം വ്യഭിചരിക്കപ്പെടുന്ന നിമിഷങ്ങള്‍. മൂന്നു പതിറ്റാണ്ടിനുശേഷം താങ്കളെ ഇവര്‍ കൊല്ലാക്കൊല ചെയ്തിരിക്കുന്നു.
ഈ ബഹളങ്ങള്‍ക്കിടയിലും നിശ്ശബ്ദയായി, ശിഷ്ടജീവിതം താങ്കളുടെ സ്മാരകമാക്കി സമൂഹത്തെ സേവിച്ചു മുന്നോട്ടുപോകുന്ന കാഞ്ചനമാലയെ ഓര്‍ത്ത് അഭിമാനിക്കാം. താങ്കള്‍ നടന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ചിലരെങ്കിലും ബാക്കിയുണ്ട് എന്നത് ശുഭസൂചനയായി കാണാം.
എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവന്‍ നായരും നെഞ്ചിലേറ്റിയ മുക്കത്തെ മുന്‍നിര്‍ത്തി, വെള്ളരിമലയില്‍നിന്ന് ചാലിട്ടൊഴുകി ചാലിയാറില്‍ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ സാക്ഷിയാക്കി പറയുന്നു... ചരിത്രസത്യങ്ങള്‍ കാലം വിളിച്ചുപറയുകതന്നെ ചെയ്യും.
No comments:
Post a Comment