Monday, November 16, 2015

പന്റനാൽ - ഭൂമിയിലെ ഏറ്റവും വലിയ ചതുപ്പ് നിലം !




ബ്രസീല്‍, പരാഗ്വേ , ബൊളീവിയ എന്നീ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന Pantanal ആണ് ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് നിലം . (The name "Pantanal" comes from the Portuguese word pântano, meaning wetland, bog, swamp, quagmire or marsh) പുല്‍മേടുകളും സാവന്നയും ട്രോപ്പിക്കല്‍ വനവും ഉള്‍പ്പെടുന്ന ഈ വെറ്റ് ലാന്‍ഡ് , ഒരു അത്ഭുത ഭൂമിയാണ്‌ . ഇതിന്‍റെ വടക്ക് ഭാഗത്താണ് അതിവിശാലമായ ആമസോണ്‍ കാടുകള്‍ നിലകൊള്ളുന്നത് . തെക്കുഭാഗതാകട്ടെ Cerrado എന്ന സാവന്നാ മേടുകളും .


അമേരിക്കന്‍ ഭൂഗണ്ടത്തിലെ ഏറ്റവും വലിയ മാംസഭോജിയായ ജാഗ്വാറുകളും , ഏറ്റവും വലിയ പറക്കും തത്തയായ ഹ്യസിന്ത്  മാകോ  ഉം നീളത്തില്‍ ഏറ്റവും വലിയവനായ ഭീമന്‍ നീര്‍നായയും (giant river otter) , തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ മാന്‍ വര്‍ഗമായ മാർഷ്  ഡീർ  ഉം ഇവിടെ യഥേഷ്ടം വിഹരിക്കുന്നു . പുഴകളും, ചതുപ്പ് നിലങ്ങളും, ലഗൂണുകളും , തടാകങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നീര്‍ വനത്തില്‍ ആയിരക്കണക്കിന് സസ്യ ജന്തു വര്‍ഗ്ഗങ്ങളാണ് ജീവിക്കുന്നത് . മഴകാലത്ത് ഈ നിലങ്ങളുടെ എന്പതു ശതമാനവും വെള്ളത്തിനടിയില്‍ ആകാറുണ്ട് . അതിനാല്‍ തന്നെ ധാരാളം കണ്ടല്‍ വനങ്ങള്‍ ഇവിടെയുണ്ട് .


വടക്കുള്ള Planalto highlands ല്‍ പെയ്യുന്ന മഴ , പരാഗ്വ നദിയിലൂടെയും കൈവഴികളിലൂടെയും കുതിച്ചു പായുമ്പോള്‍ അടിഞ്ഞു കൂടുന്ന എക്കല്‍ Pantanal ചതുപ്പ് നിലങ്ങളിലാണ് അവസാനം ചെന്ന് ചേരുന്നത് . മൂന്ന് മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ ഇവിടെ വെള്ളം ഉയരാറുണ്ട് . നവംബറിലും മാര്‍ച്ചിലും ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് . ഇത്തരം പ്രകൃതി കാരണം മൂവായിരത്തി അഞ്ഞൂറോളം സസ്യ വര്‍ഗ്ഗങ്ങള്‍ ഇവിടെ തഴച്ചു വളരുന്നുണ്ട്‌ . കൂടാതെ ആയിരത്തോളം പറവ വര്‍ഗ്ഗങ്ങളും നാനൂറോളം മീന്‍ വിഭാഗങ്ങളും ഇവിടെ വിഹരിക്കുന്നു . Yacare caiman എന്ന ചീങ്കണ്ണികളുടെ പറുദീസയാണ് ഇവിടം . ഏകദേശം പത്തുമില്യനോളം ചീങ്കണ്ണികള്‍ വസിക്കുന്ന Pantanal ചതുപ്പ് നിലം ലോകത്തിലെ ഏറ്റവും വലിയ ചീങ്കണ്ണി കോളനി ആണ് !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ചതുപ്പ് നിലം ഇന്ന് കൊടിയ ഭീഷണിയില്‍ ആണ് . ആകെയുള്ള സ്ഥലത്തിന്‍റെ എന്പതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ ആണ് . അവര്‍ അത് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു . വേട്ടയാടല്‍ , കന്നുകാലി വളര്‍ത്തല്‍ , മീന്‍ പിടുത്തം , ടൂറിസം , വന നശീകരണം കൂടാതെ ഇവിടെയുള്ള ഗോള്‍ഡ്‌ മൈനുകളില്‍ നിന്നുള്ള മലിനീകരണം ! .... ഇത് കൂടാതെ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കീടനാശിനി പ്രയോഗവും ! ഇത്രയും പോരെ ഒരു ആവാസവ്യവസ്ഥ നശിക്കാന്‍ ? ഏതായാലും ബ്രസീലില്‍ ആകെ ഉള്ള ചതുപ്പിന്റെ 1,350 ചതുരശ്ര കിലോ മീറ്റര്‍ ഭാഗം Pantanal Matogrossense എന്ന പേരില്‍ 1993മുതല്‍ ഒരു ദേശീയ ഉദ്യാനമാക്കി സംരക്ഷിക്കുന്നുണ്ട് . 878.7 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള SESC Pantanal Private Natural Heritage Reserve എന്ന ഒരു പ്രൈവറ്റ് സംരക്ഷിത മേഖലയും ഇതിനടുത്തായി ഇപ്പോള്‍ ഉണ്ട് .

www.palathully.com

No comments:

Post a Comment