Saturday, August 24, 2024

സ്വാഗതം കുഞ്ഞിക്കാറ്റേ

 


സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-

യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.

വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല

സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.

ചന്ദനക്കുന്നില്‍നിന്നോ വന്നിടുന്നതു? സുധാ-

സ്യന്ദിയാണല്ലോ ഭവാന്‍ ചിന്തുന്ന പരിമളം

അല്ലെങ്കിലാരാമങ്ങള്‍ പലതും വാസന്തശ്രീ-

യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.

നല്ലവരോടു വേണ്ടും സമ്പര്‍ക്കം പുലര്‍ത്തുന്ന

നല്ലവന്‍ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.

കണ്ടില്ലേ മധ്യേമാര്‍ഗ്ഗം നല്ല പത്മാകരങ്ങള്‍!

വേണ്ടുമ്പോല്‍ വികസിച്ചുനില്ക്കുന്നോ പൂക്കളെല്ലാം?

സുന്ദരനളിനങ്ങള്‍ കുണുങ്ങിച്ചാഞ്ചാടുന്ന-

തെങ്ങനെയെന്നു ഭവാനൊന്നുവര്‍ണ്ണിച്ചീടാമോ?

പറക്കും മധുപങ്ങള്‍ക്കിരയേകുവാനായി

തുറന്ന ഭണ്ഡാരങ്ങളവയില്‍ കാണുന്നില്ലേ?

ഇരമ്പിപ്പാടിപ്പാടി പാറയില്‍ തട്ടിത്തട്ടി-

യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം

എങ്ങനെ സല്ക്കാരങ്ങള്‍ നല്‍കിയെന്നതും ഭവാന്‍

ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേള്‍പ്പിക്കില്ലയോ?

പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-

ലറിയാം; ജലകണമണിമാല്യങ്ങളാലേ

ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം

ശേഷിപോലന്തരംഗം കുളുര്‍പ്പിച്ചിരിക്കണം.

ആ വനസ്ഥലികളും പച്ചിലച്ചാര്‍ത്തിനുള്ളില്‍

പൂവുകള്‍ കൂട്ടിച്ചേര്‍ത്തു മഞ്ജരിയര്‍പ്പിച്ചില്ലേ?

ഫുല്ലമാം സൂനങ്ങളേയുച്ചിയില്‍ ചാര്‍ത്തിക്കൊണ്ടു

വല്ലികള്‍ മനോഹര നൃത്തങ്ങളാടിയില്ലേ?


- സിസ്റ്റര്‍ മേരി ബനീഞ്ജ

No comments:

Post a Comment