Tuesday, August 9, 2016

ഫ്രാൻസ് കാഫ്‌ക !


ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു ഫ്രാൻസ് കാഫ്ക (ജൂലൈ 3, 1883 – ജൂൺ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) എന്നിവ ഉൾപ്പെടുന്നു.

കാഫ്കയെ അന്യതാബോധം വിടാതെ പിടികൂടിയിരുന്നു. തകർന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിൽ ജർമ്മൻ സസാരിക്കുന്നവനും, ക്രിസ്ത്യാനികൾക്കിടയിൽ യഹൂദനും, സ്വാർത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തിൽ ഏകാകിയും ആയി ജീവിച്ചു

മദ്ധ്യവർഗ്ഗത്തിൽ പെട്ട അസ്കനാസി യഹൂദരായിരുന്നു ഫ്രാൻസ് കാഫ്കയുടെ മാതാപിതാക്കൾ. ദക്ഷിണ ബൊഹേമിയയിലെ ഒരു ഗ്രാമമായ ഓസെക്കിൽ നിന്ന് പ്രേഗിലെത്തിയ ജേക്കബ് കാഫ്കയുടെ നാലാമത്തെ മകനായിരുന്നു കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക. യഹൂദനിയമത്തിന്റെ ഭാഗമായ കൊഷർ വിധി അനുസരിച്ചുള്ള കശാപ്പായിരുന്നു മുത്തച്ഛന്റെ കുലത്തൊഴിൽ. അദ്ദേഹം സംസാരിച്ചിരുന്നത് യിദ്ദിഷ് ഭാഷ ആയിരുന്നു. നാടോടിവാണിഭക്കാരനായി കുറേക്കാലം ജോലി ചെയ്തശേഷം അദ്ദേഹം കൗതുകവസ്തുക്കളും വിവിധതരം ഉപകരണങ്ങളും വിൽക്കാനായി 15-ഓളം ജോലിക്കാരുള്ള ഒരു കട തുടങ്ങി. അക്കാലത്ത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ സാമ്രാജ്യത്തിലെ യഹൂദർ അംഗീകൃതമായ കുടുംബപ്പേരുകൾ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് വിളംബരം ഇറക്കിയിരുന്നു. കാഫ്കയുടെ മുത്തച്ഛൻ തന്റെ വ്യാപാരചിഹ്നമായി തെരഞ്ഞെടുത്തത് കാക്കയുടെ വർഗ്ഗത്തിൽ പെട്ട 'ജാക്ക്ഡോ' (Jackdaw) എന്ന പക്ഷിയുടെ ചിത്രമായിരുന്നു. ചെക്ക് ഭാഷയിൽ ആ പക്ഷിയുടെ പേരാണ് കാവ്ക അല്ലെങ്കിൽ കാഫ്ക. ക്രമേണ അതു കുടുംബപ്പേരായിത്തീർന്നു



കാഫ്കയുടെ മുഖ്യഭാഷ ആയതും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെല്ലാം എഴുതപ്പെട്ടതും ജർമ്മൻ ഭാഷയിലാണ്. എങ്കിലും ചെക്കു ഭാഷയിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ചെക്ക് സാഹിത്യത്തിൽ അദ്ദേഹം താല്പര്യമെടുത്തു.പിൽക്കാലത്ത് കാഫ്ക ഫ്രഞ്ചു ഭാഷയിലും സംസ്കാരത്തിലും കുറച്ചൊക്കെ അറിവു നേടി; അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൽ ഗുസ്താഫ് ഫ്ലൊബേർ ആയിരുന്നു. 1889 മുതൽ 1893 വരെ കാഫ്ക, പ്രേഗിലെ ഇറച്ചിച്ചന്തയിൽ, ഇപ്പോൾ മസ്നാ തെരുവ് എന്നറിയപ്പെടുന്ന സ്ഥലത്ത്, ആൺകുട്ടികളുടെ പ്രാഥമികവിദ്യാലയത്തിൽ പഠിച്ചു. യഹൂദമതവുമായുള്ള കാഫ്കയുടെ ബന്ധം 13-ആമത്തെ വയസ്സിൽ ബാർ മിറ്റ്സ്വാ എന്ന ആചാരത്തിൽ പങ്കെടുക്കുന്നതിലും, പിതാവിനോടൊപ്പം ആണ്ടിൽ നാലുവട്ടം സിനഗോഗിൽ പോകുന്നതിലും ഒതുങ്ങി. സിനഗോഗ് സന്ദർശനം അദ്ദേഹം വെറുത്തിരുന്നു.[6] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം, കിൻസ്കി പ്ലേസ് എന്ന സ്ഥലത്തെ നഗരചത്വരത്തിൽ, ക്ലാസിക്കുകളെ അടിസ്ഥാനമാക്കിയ കർശനശിക്ഷണത്തിനു പേരുകേട്ടിരുന്ന സർക്കാർ വക ജിംനേഷ്യത്തിൽ ചേർന്നു. എട്ടു ക്ലാസുകളുണ്ടായിരുന്ന ആ സ്ഥാപനത്തിലും പഠനമാദ്ധ്യമം ജർമ്മൻ ആയിരുന്നു. 1901-ൽ കാഫ്ക അവിടത്തെ പഠനം പൂർത്തിയാക്കി..

1907-ൽ ഇറ്റലിയിൽ നിന്നുള്ള ഒരു വലിയ ഇൻഷുറൻസ് കമ്പനിയിൽ ചേർന്ന കാഫ്ക, ഒരു വർഷത്തോളം ജോലി ചെയ്തു. ആക്കാലത്തെഴുതിയ അദ്ദേഹത്തിന്റെ കത്തുകളിൽ രാവിലെ എട്ടുമണിമുതൽ വൈകിട്ടു 6 മണിവരെ, 10 മണിക്കൂർ നീണ്ട ജോലിസമയത്തെ സംബന്ധിച്ച പരാതികൾ കാണാം.[9] തന്റെ എഴുത്തിന് ഒട്ടും അനുകൂലമല്ലാത്ത ഒന്നായാണ് ഇതിനെ അദ്ദേഹം കണ്ടത്. 1908 ജൂലൈ 15-ന് കാഫ്ക ഈ ജോലി രാജിവച്ചു. എന്നാൽ താമസിയാതെ തന്നെ, കൂടുതൽ ഇഷ്ടപ്പെട്ട മറ്റൊരു ജോലി അദ്ദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട തൊഴിലാളികളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലായിരുന്നു പുതിയ ജോലി. വ്യവസായ തൊഴിലാളികൾക്ക് അപകടത്തിൽ നേരിടുന്ന പരിക്കുകൾ വിലയിരുത്തി നഷ്ടപരിഹാരം തീരുമാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. മകന്റെ ഈ ജോലിയെക്കുറിച്ച് കാഫ്കയുടെ പിതാവിന് വലിയ മതിപ്പൊന്നും ഇല്ലായിരുന്നു. കഷ്ടിച്ചു ചെലവുകഴിയാൻ സഹായിക്കുന്ന "അപ്പപ്പണി" എന്നാണ് അദ്ദേഹം അതിനെ വിളിച്ചിരുന്നത്. ജോലിയെ വെറുത്തിരുന്നതായി കാഫ്ക പറയുന്നുണ്ടെങ്കിലും അദ്ദേഹം അതിന്റെ ചുമതലകൾ നന്നായും നെറിവോടെയും നിർവഹിച്ചുപോന്നു. കമ്പനിയുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലയും കാഫ്കയ്ക്കു കിട്ടി. താനുണ്ടാക്കിയ റിപ്പോർട്ടിനെക്കുറിച്ച് കാഫ്ക അഭിമാനം കൊണ്ടിരുന്നെന്നു പറയപ്പെടുന്നു. അത് അദ്ദേഹം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കാണിച്ചുകൊടുത്തു. അതേ സമയം തന്റെ സാഹിത്യസംരംഭങ്ങളേയും കാഫ്ക കൈവിട്ടില്ല. സുഹൃത്തുക്കളായ മാക്സ് ബ്രോഡ്, ഫെലിക്സ് വെൽറ്റ്ച്ച് എന്നിവരും കാഫ്കയും ചേർന്ന ജർമ്മൻ-യഹൂദരുടെ മൂവർ സംഘം, സാംസ്കാരിക ഫലപുഷ്ടിയ്ക്കു പേരെടുത്തിരുന്ന പ്രേഗിൽ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതു വരെയുള്ള വർഷങ്ങളിൽ സജീവമായിരുന്നു


മുതിർന്ന വർഷങ്ങളിൽ കാഫ്ക പല യുവതികളുമായും സൗഹൃദത്തിലായിട്ടുണ്ട്. 1907-ൽ മൊറാവ്യയിലെ ട്രീഷ്(Triesch) നഗരത്തിൽ അവധിക്കാലം ചെലവഴിക്കാൻ കുടുംബത്തോടൊപ്പം പോയ കാഫ്ക അവിടെ കണ്ടുമുട്ടിയ 19 വയസ്സുകാരി ഹെഡ്വിഗ് വെയ്‌ലർ എന്ന യഹൂദപ്പെൺകുട്ടിയുമായി പരിചയത്തിലായി. വിയന്നായിൽ വിദ്യാർത്ഥിയായിരുന്ന അവൾ ട്രീഷിൽ ഒരു ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. പ്രേഗിലേക്കു മടങ്ങിയ കാഫ്ക അവളുമായി ദീർഘമായി കത്തിടപാടു നടത്തി. "ഞാൻ സോഷ്യൽ ഡെമോക്രറ്റിക് പത്രികകൾ വായിക്കുന്നവനോ, നല്ല മനുഷ്യനോ അല്ല", എന്നു ഒരു കത്തിൽ അദ്ദേഹം ഏറ്റു പറയുന്നു. ഹെഡ്വിഗിന് പ്രേഗിൽ ഒരു ജോലി സംഘടിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്തു കാഫ്ക.[2] രണ്ടു വർഷം കഴിഞ്ഞ് പ്രേഗിലെത്തിയ അവൾ കത്തുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ കാഫ്ക അവ അവൾക്കു കൊടുത്തു. 1912-ൽ മാക്സ് ബ്രോഡിന്റെ വീട്ടിൽ കാഫ്ക, ബെർലിനിൽ കേട്ടെഴുത്തു യന്ത്രം (dictaphone) ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന ഫെലീസ് ബൗറിനെ പരിചയപ്പെട്ടു. അടുത്ത അഞ്ചു വർഷങ്ങൾക്കിടെ അവർ ഒട്ടേറെ കത്തുകൾ കൈമാറുകയും ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തു. അവരുടെ പരിചയം പുരോഗമിച്ച് വിവാഹനിശ്ചയമായെങ്കിലും, 1914-ൽ ഫെലിസിന്റെ ഉറ്റസുഹൃത്ത് ഗ്രെറ്റെ ബ്ലോച്ചുമായുള്ള കാഫ്കയുടെ സൗഹൃദം പ്രേമമായി പരിണമിച്ചതോടെ ഫെലിസും കാഫ്കയും പിരിഞ്ഞു. കാഫ്കയിൽ നിന്ന് 1914-ൽ താൻ ഗർഭിണിയായെന്നും അങ്ങനെ ജനിച്ച ആൺകുട്ടി 1921-ൽ ഏഴാമത്തെ വയസ്സിൽ മരിച്ചെന്നും ഗ്രെറ്റെ ബ്ലോച്ച് 1940-ൽ ഒരു സുഹൃത്തിനെഴുതിയ കത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഫെലിസുമായി കാഫ്ക പിന്നീടും അടുത്ത് ഒരുവട്ടം കൂടി അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടെങ്കിലും 1917-ൽ അവർ വീണ്ടും പിരിഞ്ഞു.

ദീർഘമായ രോഗബാധക്കിടയിലെ വിശ്രമത്തിന്റേയും ചികിത്സയുടേയും കാലങ്ങളിൽ കുടുംബം, പ്രത്യേകിച്ച്, സഹോദരി ഒട്ട്‌ലാ, കാഫ്കായ്ക്കു താങ്ങായിരുന്നു. തന്റെ ശരീര-മനോനിലകൾ മറ്റുള്ളവരിൽ വെറുപ്പുളവാക്കുമെന്ന് കാഫ്ക ഭയന്നിരുന്നു. എങ്കിലും, കുട്ടിത്തം ചേർന്ന പെരുമാറ്റ രീതിയും, ഒതുക്കവും വൃത്തിയുമുള്ള രൂപവും, ശാന്ത-നിശ്ശബ്ദപ്രകൃതികളും, തെളിഞ്ഞു കണ്ട ബുദ്ധിയും, ഫലിതബോധവും എല്ലാം കൊണ്ട് അദ്ദേഹം മറ്റുള്ളവരെ ആകർഷിച്ചു.

ബെർലിനിലെ താമസത്തിനിടെ രോഗം വഷളായതിനെ തുടർന്ന് കാഫ്ക പ്രേഗിലേക്കു മടങ്ങി. ചികിത്സയ്ക്കായി, വിയന്നയ്ക്കടുത്തുള്ള ഡോക്ടർ ഹോഫ്മാന്റെ സാനിട്ടോറിയത്തിലെത്തിയ കാഫ്ക 1924 ജൂൺ 3-ന് മരിച്ചു. വേദനയുടെ ആധിക്യത്തിൽ എന്നെ കൊന്നു കളയൂ. അല്ലെങ്കിൽ നിങ്ങളൊരു കൊലപാതകിയാണ് എന്നു ഡോക്ടറോടു പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി. രോഗമൂർച്ഛയിൽ തൊണ്ടയുടെ സ്ഥിതി ഭക്ഷണം ഇറക്കുന്നത് അസാദ്ധ്യമാക്കിയതിനാൽ അദ്ദേഹം വിശന്നു മരിക്കുകയായിരുന്നു. ധമനികളിലൂടെ ശരീരത്തിൽ പോഷണം കടത്തിവിടുന്ന രീതി അക്കാലത്ത് കണ്ടുപിടിക്കപെട്ടിരുന്നില്ല. പ്രേഗിലേക്കു കൊണ്ടുവരപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം, അവിടെ യഹൂദരുടെ പുതിയ സിമിത്തേരിയിൽ 1924 ജൂൺ 11-നു സംസ്കരിച്ചു.


മരണത്തിനു മുൻപ് കാഫ്ക, തന്റെ സുഹൃത്ത് മാർക്സ് ബ്രോഡിനോട്, തന്റെ അപ്രകാശിതമായ രചനകളത്രയും നശിപ്പിച്ചുകളയാൻ ആവശ്യപ്പെട്ട് ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട മാർക്സ്, എന്റെ അവസാനത്തെ അഭ്യർത്ഥന: ഞാൻ വിട്ടുപോകുന്നതത്രയും, വായിക്കാതെ കത്തിച്ചുകളയുക." എന്നാൽ ഈ അഭ്യർത്ഥന അവഗണിച്ച ബ്രോഡ് വിചാരണ, അമേരിക്ക, കോട്ട എന്നിവയുൾപ്പെടെയുള്ള കാഫ്കയുടെ രചനകൾ ശ്രദ്ധാപൂർവം പ്രസിദ്ധീകരിച്ചു
കാഫ്കയുടെ അച്ഛൻ 1931-ലും അമ്മ 1934-ലും മരിച്ചു. കാഫ്കയെ സംസ്കരിച്ചിരുന്ന ശവകുടീരത്തിൽ തന്നെ അവരേയും സംസ്കരിച്ചു. കാഫ്കയുടെ സഹോദരിമാർ രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിനെ ഗ്രസിച്ച നാസി ഭീകരതയുടെ ഇരകളായി. കുടുംബങ്ങളോടൊത്ത്, നാത്സി അധിനിവേശത്തിലിരുന്ന പോളണ്ടിലെ ലോഡ്സ് ചേരിയിലേക്കു കുടിമറ്റപ്പെട്ട കാഫ്കയുടെ സഹോദരിമാർ അവിടെയോ, നാത്സികളുടെ മരണക്യാമ്പുകളിലോ ഒടുങ്ങി. കാഫ്കയുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരി ഒട്ട്‌ലായുടെ അന്ത്യം പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലായിരുന്നു. 1943 ഒക്ടോബർ 7-ന്, 1267 കുട്ടികളും രക്ഷിതാക്കളായ 51 മുതിർന്നവരും അടങ്ങുന്ന ഒരു സംഘത്തിന്റെ ഭാഗമായി അവിടേയ്ക്കയക്കപ്പെട്ട അവരേയും സംഘത്തേയും എത്തിയപാടേ ഗ്യാസ് ചേമ്പറിലിട്ടു കൊന്നു.

Saturday, August 6, 2016

വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി

നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ ഒരു നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്. 

കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഈ പൗരോഹിത്യ നിയമങ്ങള്‍. അദ്ദേഹത്തിന്റെ മാതൃക പാശ്ചാത്യ ലോകത്ത് മുഴുവന്‍ അനുകരിക്കപ്പെടുകയും അത് പൗരോഹിത്യ വൃന്ദങ്ങളില്‍ ഒരു നവോത്ഥാനത്തിനു കാരണമാവുകയും ചെയ്തു. 344-ല്‍ യൂസേബിയൂസ് വെര്‍സെല്ലി രൂപതയിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്‍ തന്റെ പുരോഹിതരെ കൂട്ടായ്മയുള്ള ഒരൊറ്റ സമൂഹമാക്കി ഐക്യപ്പെടുത്തി. ടൂറിന്‍, എംബ്രുന്‍ എന്നീ രൂപതകള്‍ സ്ഥാപിച്ചത് വിശുദ്ധനാണ്. 

355-ല്‍ ലിബേരിയൂസ് പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ വിശുദ്ധന്‍ മിലാന്‍ സുനഹദോസില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സുനഹദോസാണ് ചക്രവര്‍ത്തിയുടെ ഭീഷണിക്ക് വിധേയനായ വിശുദ്ധ അത്തനാസിയൂസിനെ സംരക്ഷിക്കുവാനുള്ള തീരുമാനമെടുത്തത്. വിശുദ്ധ യൂസേബിയൂസിനോടും മറ്റുള്ള മെത്രാന്‍മാരോടും അത്തനാസിയൂസിനെ നിന്ദിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടപ്പോള്‍, വിശുദ്ധന്‍ ആ ഉത്തരവ് നിരസിച്ചു. അതിന് പകരമായി നിസിനെ വിശ്വാസ പ്രമാണ ഉടമ്പടിയില്‍ ഒപ്പിടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചക്രവര്‍ത്തി വിശുദ്ധനെ ഭീഷണിപ്പെടുത്തി. എന്നാല്‍ വിശുദ്ധന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും, സഭയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടുകയില്ലെന്ന് ധൈര്യസമേതം അറിയിക്കുകയും ചെയ്തു. 

ഇതില്‍ കുപിതനായ ചക്രവര്‍ത്തി യൂസേബിയൂസിനെ പലസ്തീനായിലേക്ക്‌ നാടുകടത്തി, അവിടെവെച്ച് അരിയന്‍ മതവിരുദ്ധവാദികള്‍ വിശുദ്ധനെ പല രീതിയിലും പീഡിപ്പിച്ചു. പലസ്ഥലങ്ങളിലും മാറി മാറി താമസിച്ച വിശുദ്ധനെ ജൂലിയന്‍ ചക്രവര്‍ത്തി മോചിതനാക്കുകയാണ് ഉണ്ടായത്‌. പിന്നീട് ഇറ്റലിയില്‍ മടങ്ങിയെത്തിയ വിശുദ്ധന്‍, പോയിട്ടിയേഴ്സിലെ വിശുദ്ധ ഹിലരിയുമായി ചേര്‍ന്ന് മിലാനിലെ അരിയന്‍ സിദ്ധാന്ത വാദിയായ മെത്രാനെ എതിര്‍ത്തു. തന്റെ ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ വെര്‍സെല്ലിയില്‍ മടങ്ങി എത്തി. അത്തനാസിയാന്‍ പ്രമാണങ്ങളുടെ രചയിതാവ്‌ വിശുദ്ധ യൂസേബിയൂസ് ആണെന്ന് നിരവധി പേര്‍ വിശ്വസിച്ച്‌ വരുന്നു. 

വിശുദ്ധന്‍ തന്റെ കൈകൊണ്ട് എഴുതിയ സുവിശേഷത്തിന്റെ ഒരു പകര്‍പ്പ് വെര്‍സെല്ലിയിലെ കത്ത്രീഡലില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 371 ഓഗസ്റ്റ്‌ 1-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. അരിയന്‍ മതവിരുദ്ധതയെ എതിര്‍ക്കുന്നതില്‍ വിശുദ്ധന്‍ കാണിച്ച ധൈര്യം അനേകര്‍ക്ക് വിശ്വാസവിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള പ്രചോദനമായി. 

രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്


നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്നു ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം വാളിനിരയാക്കുകയും ചെയ്തു. അതേ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് തന്നാല്‍ കഴിയുന്ന സൈന്യത്തെ ഒരുമിച്ചു കൂട്ടുകയും, യേശുവില്‍ ആശ്രയിച്ച് ശക്തനായ ശത്രുവിനെ നേരിടുന്നതിനായി ഇറങ്ങി തിരിക്കുകയും ചെയ്തു. 

ഡെനിസ്-ബേണ്‍ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം തന്റെ ശത്രുക്കളെ നേരിട്ടത്. ശത്രുപാളയത്തോട് അടുത്തപ്പോള്‍ ഭക്തനായ ആ രാജാവ് വളരെ ധൃതിയില്‍ മരം കൊണ്ട് ഒരു കുരിശുണ്ടാക്കുകയും, അത് യുദ്ധഭൂമിയില്‍ സ്ഥാപിച്ചതിനു ശേഷം തന്റെ സൈനീകരോട് പറഞ്ഞു: “നമുക്കെല്ലാവര്‍ക്കും മുട്ടുകുത്തിനിന്ന് ഒരുമിച്ച് ശക്തനായ നമ്മുടെ ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാം, നാം നമ്മുടെ ജീവനേയും രാജ്യത്തേയും രക്ഷിക്കുവാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം.” അദ്ദേഹത്തിന്റെ നിര്‍ദേശം കേട്ടപാടെ എല്ലാ പടയാളികളും പ്രാര്‍ത്ഥനാനിരതരായി. കാരുണ്യവാനായ ദൈവം കാഡ്വല്ലായുടെ വലിയ സൈന്യത്തിന് മേല്‍ അത്ഭുതകരമായ രീതിയില്‍ വിശുദ്ധന്റെ സൈന്യത്തിന് വിജയം നേടികൊടുക്കുകയും, ആ യുദ്ധത്തില്‍ കാഡ്വല്ലാ കൊല്ലപ്പെടുകയും ചെയ്തു. 
വിശുദ്ധന്‍ കുരിശ് നാട്ടിയ ആ സ്ഥലം പിന്നീട് ഹെവന്‍ഫെല്‍ത് (Heaven’s field) എന്ന പേരിലാണ് അറിയപ്പെട്ടത്. ബെഡെയുടെ അഭിപ്രായത്തില്‍ അതിനു മുന്‍പ് ബെര്‍ണീസിയന്‍ രാജ്യത്ത് ഒരു ദേവാലയമോ കുരിശോ ഉള്ളതായി അറിവില്ലായിരുന്നു. ഈ കുരിശ് പില്‍ക്കാലത്ത് വളരെയേറെ പ്രസിദ്ധമായി, ഈ കുരിശിനെ ചുറ്റിപ്പറ്റി നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. ബെഡെ വിശുദ്ധന്റെ ജീവചരിത്രമെഴുതുന്നതിനും മുമ്പ് തന്നെ അവിടെ ഒരു ദേവാലയം ഉയര്‍ന്നിരുന്നു. ആ വിജയത്തെ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് ദൈവത്തിനു നന്ദിപറയുകയും തന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ ക്രിസ്തുവിനോടുള്ള ഭക്തി ആ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

അതിനായി തന്റെ സ്ഥാനപതികള്‍ മുഖാന്തിരം വിശുദ്ധന്‍ തന്റെ രാജ്യത്തേക്ക് ഒരു മെത്രാനേയും, സഹായികളെയും അയക്കുവാന്‍ സ്കോട്ട്ലാന്‍ഡിലെ രാജാവിനോടും മെത്രാന്‍മാരോടും ആവശ്യപ്പെട്ടു. ഹിജിലെ പ്രസിദ്ധമായ ആശ്രമത്തില്‍ നിന്നും എത്തിയ സന്യാസിയായിരുന്ന ഐഡാന്‍ ആണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഡാന്റെ സഭാകേന്ദ്രമായി ലിന്‍ഡിസ്ഫാര്‍ണെ ദ്വീപ്‌ വിശുദ്ധ ഓസ്‌വാള്‍ഡ് വിട്ടുനല്‍കി. അയര്‍ലണ്ടുകാരനായിരുന്ന ഐലാന്‍ഡേയുടെ ശുശ്രൂഷകളും, പ്രബോധനങ്ങളും വിശുദ്ധ ഓസ്‌വാള്‍ഡ് തന്നെയായിരുന്നു മറ്റുള്ളവര്‍ക്ക് തര്‍ജ്ജമ ചെയ്ത് വിവരിച്ചു കൊടുത്തിരുന്നത്. 

വിശുദ്ധന്‍ തന്റെ ഭരണപ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും പണികഴിപ്പിച്ചു. നശ്വരമായ തന്റെ രാജ്യം ഭരിക്കുന്നതിനൊപ്പം തന്നെ അനശ്വരമായ രാജ്യത്തിന് വേണ്ട ആന്തരികമായ തയ്യാറെടുപ്പുകളും വിശുദ്ധന്‍ നടത്തുന്നുണ്ടായിരുന്നു. വളരെ വിശാലമായൊരു സാമ്രാജ്യത്തിനധിപതിയായിരുന്നു വിശുദ്ധനെന്ന് ബെഡെ രേഖപ്പെടുത്തിയിരിക്കുന്നു. ഹിജിലെ ആശ്രമാധിപന്‍ വിശുദ്ധനെ ബ്രിട്ടണിലെ ചക്രവര്‍ത്തിയായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്‌. അത്ര വലിയ രാജാവായിരുന്നിട്ട് പോലും വിശുദ്ധന്‍ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരിക്കല്‍ വിശുദ്ധന്‍ ഭക്ഷണം കഴിക്കുവാന്‍ തന്റെ തീന്‍മേശയിലിരിക്കുമ്പോള്‍ ദാനധര്‍മ്മങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ കൊട്ടാരത്തിന്റെ കവാടത്തില്‍ നിരവധിപേര്‍ ഭിക്ഷക്കായി നില്‍ക്കുന്നു എന്നറിയിച്ചു. ഉടനേ തന്നെ വിശുദ്ധന്‍ ഒരു വലിയ വെള്ളിപാത്രത്തില്‍ നിറയെ ഭക്ഷണമെടുത്ത് കൊടുത്തിട്ട് അതവര്‍ക്ക് വീതിച്ചു കൊടുക്കുവാന്‍ പറഞ്ഞു. 

ഏതാണ്ട് എട്ടുവര്‍ഷത്തോളം വളരെ നല്ല രീതിയില്‍ വിശുദ്ധന്‍ തന്റെ രാജ്യം ഭരിച്ചു കഴിഞ്ഞപ്പോള്‍ മെര്‍സിയായിലെ വിജാതീയ രാജാവായിരുന്ന പെന്‍ഡാ വിശുദ്ധന്റെ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. വിശുദ്ധന്റെ അമ്മാവനും, ദൈവ ഭക്തനുമായിരുന്ന എഡ്വിന്‍ രാജാവിനെ വധിച്ചതും പെന്‍ഡാ തന്നെയായിരുന്നു. വിശുദ്ധ ഓസ്‌വാള്‍ഡ് ഒരു ചെറിയ സൈന്യവുമായി പെന്‍ഡായെ നേരിടുകയും ആ യുദ്ധത്തില്‍ വിശുദ്ധന്‍ കൊല്ലപ്പെടുകയും ചെയ്തു. തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് വെച്ചു 642 ഓഗസ്റ്റ് 5-നാണ് വിശുദ്ധന്‍ വധിക്കപ്പെട്ടത്. ലങ്കാഷയറിലെ മിന്‍വിക്കിലാണ് ഈ സ്ഥലമെന്ന് കരുതപ്പെടുന്നു. 

ശത്രു സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍ വിശുദ്ധന്‍ തന്റെ പടയാളികളുടെ ആത്മാക്കള്‍ക്ക് വേണ്ടി “ഓ ദൈവമേ അവരുടെ ആത്മാക്കളോട് കരുണയുള്ളവനായിരിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ചത് പില്‍ക്കാലത്ത് പ്രസിദ്ധമായ ഒരു വാക്യമായി തീര്‍ന്നിട്ടുണ്ട്. ക്രൂരനായ പെന്‍ഡാ വിശുദ്ധനെ കൊലപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സും കൈകളും മുറിച്ച് കോലുകളില്‍ കുത്തിനിര്‍ത്തി. ഓസ്‌വാള്‍ഡിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധന്റെ സഹോദരന്‍ അടുത്ത വര്‍ഷം തന്നെ അവ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും, ശിരസ്സ് ലിന്‍ഡിസ്ഫാര്‍യിണെയിലേക്ക് അയക്കുകയും, അത് പിന്നീട് വിശുദ്ധ കുത്ബെര്‍ട്ടിന്റെ ഭൗതീകശരീരത്തിന്റെ കൂടെ അടക്കം ചെയ്യുകയും ചെയ്തു. 

Thursday, August 4, 2016

വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്

ഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-നാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. അവന് അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം പീറ്ററിനെ കാണാതാവുകയും, പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും പീറ്ററിനെ അന്വോഷിച്ചു നടക്കുകയും ചെയ്തു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ യേശുവിനെ ശ്രവിക്കുകയായിരുന്നു” എന്നായിരുന്നു അവരുടെ അന്വേഷണത്തിനുള്ള അവന്റെ ലളിതമായ മറുപടി. 

ഒരു പുരോഹിതനാവുക എന്നതായിരുന്നു പീറ്ററിന്റെ ജീവിതലക്ഷ്യം. എന്നാല്‍ തന്റെ മറ്റ് മക്കളുടെ മരണത്തേ തുടര്‍ന്ന്‍ അവശേഷിക്കുന്ന മകനായ പീറ്റര്‍ ഒരു വൈദീകനാവുക എന്നത് പീറ്ററിന്റെ പിതാവിന് സഹിക്കുവാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു പുരോഹിതനാവാനുള്ള പീറ്ററിന്റെ ആദ്യം ശ്രമം പരാജയപ്പെട്ടു. രോഗബാധിതനായ പീറ്ററിന് സെമിനാരിയില്‍ നിന്നും മടങ്ങേണ്ടി വന്നു. 

പീറ്ററിന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് പീറ്റര്‍ രണ്ടാമതൊരു ശ്രമം കൂടി നടത്തുകയും 1834 ജൂലൈ 20ന് തന്റെ 23-മത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഗ്രനോബിള്‍ രൂപതയിലെ ഒരു പുരോഹിതനായി തീരുകയും ചെയ്തു. സെമിനാരി ജീവിതത്തിലും അതിനു ശേഷവും ആത്മീയതയോട് അടങ്ങാത്ത ആഗ്രഹവും, പരിശുദ്ധ മറിയത്തോട് അപാരമായ ഭക്തിയുമുണ്ടായിരുന്ന പീറ്റര്‍ എമര്‍ഡ് സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. 1839 ഓഗസ്റ്റ് 20-ന് ഫാദര്‍ എമര്‍ഡ് ‘സൊസൈറ്റി ഓഫ് മേരി’ (മാരിസ്റ്റ്) സഭയില്‍ ചേര്‍ന്നു. പരിശുദ്ധ അമ്മയുടെ ദേവാലയങ്ങളിലൂടെയുള്ള നിരന്തരമായ യാത്രയിലായിരുന്നു വിശുദ്ധന്‍. 

തന്റെ അനാരോഗ്യത്തിനിടയിലും വിശുദ്ധന്‍ തന്റെ സുവിശേഷ പ്രഘോഷണ ദൗത്യങ്ങളും, മറ്റ് ഭരണപരമായ ദൗത്യങ്ങളും വളരെയേറെ ഉത്സാഹത്തോട് കൂടി നിര്‍വഹിച്ചു. ഒരു നല്ല അദ്ധ്യാപകനും, ഉത്സാഹിയായ സുവിശേഷകനുമായിരുന്ന വിശുദ്ധന്‍ നിരവധി അത്മായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തന്റെ സഭയിലും, മേലധികാരികള്‍ക്കുമിടയില്‍ ഒരു പ്രവാചകപരമായ വിശേഷതയോട് കൂടിയ വ്യക്തിത്വമായിരുന്നു വിശുദ്ധന്റേത്. ‘ദിവ്യകാരുണ്യത്തോടുള്ള ഭക്തി’ പ്രചരിപ്പിക്കുന്നതില്‍ ഫാദര്‍ എമര്‍ഡ് വളരെയേറെ വിജയിച്ചു. 1845 മെയ് 25ന് ‘യേശുവിന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും തിരുനാള്‍’ ദിനത്തില്‍ വിശുദ്ധന്റെ ജീവിതത്തേ മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. 

ല്യോണിലെ സെന്റ്‌ പോള്‍സ് ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണത്തിനിടയില്‍ ‘ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന’ യേശുവിനോട് അപാരമായൊരു ആകര്‍ഷണം വിശുദ്ധന് അനുഭവപ്പെട്ടു. തുടര്‍ന്ന്‍ നമ്മുടെ കര്‍ത്താവിനോടുള്ള സ്നേഹം ലോകം മുഴുവന്‍ വ്യാപിപ്പിക്കുവാനും, യേശുവിനേയും ദിവ്യകാരുണ്യത്തേക്കുറിച്ചും പ്രഘോഷിക്കുവാനും വിശുദ്ധന്‍ ഉറച്ച തീരുമാനമെടുത്തു. ഇതിനായി നിരവധി വര്‍ഷങ്ങളോളം അദ്ദേഹം കഠിനമായി പ്രത്നിച്ചു. അദ്ദേഹത്തിന്റെ സുപ്പീരിയറും മാരിസ്റ്റ് സഭയുടെ സ്ഥാപകനുമായിരുന്ന ഫാദര്‍ ജീന്‍ ക്ലോഡ് കോളിന്‍ തങ്ങളുടെ പുതിയ മൂന്നാം സഭക്ക് വേണ്ടി ഒരു നിയമാവലി തയ്യാറാക്കുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടപ്പോള്‍, ‘ദിവ്യകാരുണ്യത്തേ അടിസ്ഥാനമാക്കിയുള്ള നിയമാവലി തയ്യാറാക്കുവാനുള്ള അനുവാദത്തിനായി വിശുദ്ധന്‍ സുപ്പീരിയറിനോടപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. 

തുടര്‍ന്ന്‍ 1865-ല്‍ എമര്‍ഡ് ദിവ്യകാരുണ്യത്തിനായി സമര്‍പ്പിതമായ സ്വന്തം സഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി മാരിസ്റ്റ് സഭ ഉപേക്ഷിക്കുവാനുള്ള വേദനാജനകമായ തീരുമാനം കൈകൊണ്ടു. എന്നാല്‍ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ സ്ഥാപിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, വ്യക്തിപരമായ അപമാനങ്ങളും, സാമ്പത്തിക പ്രശ്നങ്ങള്‍, ശാരീരികമായ ക്ഷീണം മുതലായ നിരവധി സഹനങ്ങള്‍ വിശുദ്ധന് നേരിടേണ്ടതായി വന്നു. പുതിയ സഭക്ക് വേണ്ട അംഗീകാരം ലഭിക്കുക എന്നുള്ളതായിരുന്നു ഏറ്റവും ആദ്യത്തെ തടസ്സം. പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് വേണ്ട തയ്യാറെടുപ്പുകളെ സംബന്ധിച്ച വിശുദ്ധന്റെ ദര്‍ശനങ്ങള്‍, പാരീസിലെ മെത്രാപ്പോലീത്തയായിരുന്ന മേരി ഡൊമിനിക്ക് ഓഗസ്റ്റേ സിബോറിന്റെ ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്നുള്ള അവരുടെ കൂടിക്കാഴ്ചയില്‍ വിശുദ്ധന്‍ തന്റെ പദ്ധതി അദ്ദേഹത്തിനു വിവരിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ 1856 മെയ് 13-ന് വിശുദ്ധന്റെ സഭക്ക് അംഗീകാരം ലഭിച്ചു. 

ഉടനേതന്നെ ഫാദര്‍ എമര്‍ഡ് തന്റെ ദൗത്യങ്ങള്‍, യുവാക്കളില്‍ പ്രത്യേകിച്ച്, ആക്രി പെറുക്കുന്നവരിലും, കൂലിതൊഴിലാളികള്‍ക്കിടയിലേക്കും വ്യാപിപ്പിച്ചു. ഇത്തിരി വൈകിയാണെങ്കിലും കുറച്ച് ആളുകളെ തന്റെ സഭയില്‍ ചേര്‍ക്കുവാന്‍ വിശുദ്ധന് സാധിച്ചു. ആ കാലഘട്ടങ്ങളില്‍ വിശുദ്ധന്റെ സമൂഹം വളരെയേറെ ദരിദ്രരായിരുന്നു. അടുത്തു തന്നെയുള്ള മഠത്തിലെ സന്യാസിനിമാരായിരുന്നു അദ്ദേഹത്തിന്റെ സമൂഹത്തിന് വേണ്ട ഭക്ഷണങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. തുടർന്ന് പീറ്റർ 'വിശുദ്ധ കുർബാനയുടെ കന്യാസ്ത്രീ'കളുടെ സഭയ്ക്കും തുടക്കമിട്ടു. 57-ആം വയസ്സിൽ റോമിൽ വച്ച് രോഗബാധയേ തുടര്‍ന്നാണ്‌ വിശുദ്ധന്‍ മരണപ്പെടുന്നത്. 1962-ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായാണ് പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. 

വിശുദ്ധ യാക്കോബ് ശ്ലീഹാ

ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തുകയാണുണ്ടായത്. ഈ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ഒമ്പതാം നൂറ്റാണ്ടു മുതല്‍ സ്പെയിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവ് വിശ്വാസികളുടെ ഭക്തിയില്‍ കവിഞ്ഞതായി ഒന്നുമില്ല. 

മധ്യകാലഘട്ടങ്ങളില്‍ കോമ്പോസ്റ്റെല്ലായിലെ വിശുദ്ധ യാക്കോബിന്റെ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്കായിരുന്നു. വിശുദ്ധനാട് കഴിഞ്ഞാല്‍ ക്രിസ്തീയലോകത്ത് ഏറ്റവും കൂടുതല്‍ പ്രസിദ്ധവും, തീര്‍ത്ഥാടകര്‍ എത്തിയിരുന്നതും ഇവിടെയായിരുന്നു. കൊമ്പോസ്റ്റെല്ലായിലേക്കുള്ള തീര്‍ത്ഥാടനത്തിനുള്ള പാതകളുടെ ഒരു ശ്രംഖല തന്നെ യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ടു. നിരവധി ദേവാലയങ്ങളേയും, തീര്‍ത്ഥാടക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ആ പാത, അവയില്‍ ചിലത് ഇപ്പോഴും ഉണ്ട്. സ്പെയിനില്‍ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത് കുതിരക്കാരുടേയും, പടയാളികളുടേയും മാധ്യസ്ഥനായ ‘എല്‍ സെനോര്‍ സാന്റിയാഗോ’ ആയിട്ടായിരുന്നു. സ്പെയിനിലെ സാന്റിയാഗോ ഡെ കൊമ്പോസ്റ്റെല്ലായിലുള്ള വിശുദ്ധ യാക്കോബിന്റെ പ്രസിദ്ധമായ ദേവാലയം നൂറ്റാണ്ടുകളോളം ഒരു പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. 


വലിയ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായിരുന്ന വിശുദ്ധ യോഹന്നാനും, പത്രോസ്-അന്ത്രയോസ് എന്നീ സഹോദരന്‍മാരുമായി ആഴമായ സൌഹൃദമുണ്ടായിരുന്നു. ഗലീലി നദിയുടെ വടക്കന്‍ തീരപ്രദേശത്തുള്ള ബത്സയിദായിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിശുദ്ധ യാക്കോബ് യേശുവിനെ ആദ്യമായി കണ്ടത് എവിടെയായിരിന്നുവെന്നും എപ്രകാരമായിരിന്നുവെന്നും എന്നീ കാര്യങ്ങളൊന്നും നമുക്കറിയില്ല; എന്നാല്‍ ഒരു പഴയ ഐതിഹ്യമനുസരിച്ച് യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായിരുന്നു വിശുദ്ധ യാക്കോബിന്റെ അമ്മയായിരുന്ന സലോമി. ആയതിനാല്‍ വിശുദ്ധ യാക്കോബിന് യേശുവിനെ ചെറുപ്പം മുതലേ അറിയുമെന്ന്‍ അനുമാനിക്കുന്നു. 

പത്രോസിനും, യോഹന്നാനുമൊപ്പം യാക്കോബും യേശുവിനോട് ഏറ്റവും അടുത്തവരുടെ വലയത്തില്‍ ഉണ്ടായിരുന്ന ആളാണ്‌. യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളയാളാണ് വിശുദ്ധന്‍. കൂടാതെ യേശുവിന്റെ നിരവധി അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് വിശുദ്ധ യോക്കോബ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗത്സമന്‍ തോട്ടത്തിലേക്ക് യേശു പോയപ്പോള്‍ വിശുദ്ധ യാക്കോബും യേശുവിനെ അനുഗമിച്ചിരുന്നു. യേശുവിന്റെ മരണത്തിനു ശേഷം യാക്കോബ് സുവിശേഷ പ്രഘോഷണത്തില്‍ സജീവമായി. ഉയിര്‍പ്പിന് ശേഷം ഏതാണ്ട് പന്ത്രണ്ടോളം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിശുദ്ധന്‍, അക്കാലത്തെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കിരയാവുകയും, രാജാവായിരുന്ന ഹെറോദ് അഗ്രിപ്പായുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ പിടികൂടി വധിക്കുകയും ചെയ്തു. ഇതിനു ശേഷം വിശുദ്ധ പത്രോസിനേയും ബന്ധിതനാക്കുകയുണ്ടായി. പുതുതായി ഉണ്ടായ ക്രിസ്തു മതം ജൂതമതത്തിനൊരു വെല്ലുവിളിയാകുമെന്ന് മുന്‍കൂട്ടി കണ്ട് കൊണ്ട് ക്രിസ്ത്യന്‍ നേതാക്കളെ ഇല്ലായ്മ ചെയ്യുവാനുള്ള അഗ്രിപ്പായുടെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു വിശുദ്ധ യാക്കോബിന്റെ മരണം. 

“നിങ്ങളും ഇതേ കാസയില്‍ നിന്നും കുടിക്കും” എന്ന് പറഞ്ഞത് വഴി തന്റേതുപോലെ തന്നെയായിരിക്കും അവരുടേയും അന്ത്യമെന്ന് യേശു പ്രവചിക്കുകയായിരുന്നു. തന്റെ രാജ്യത്തില്‍ ഈ സഹോദരന്‍മാരുടെ സ്ഥാനം തന്റെ ഇടതും വലതുമായിരിക്കുമെന്ന് യേശു അവരോടു പറഞ്ഞിട്ടുണ്ട്. അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യാക്കോബിന്റെ മരണമാണ് ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിയിട്ടുള്ള ഏക മരണം. ആ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരില്‍ തന്റെ ഗുരുവിനായി ജീവന്‍ ബലികഴിക്കുവാനുള്ള ആദ്യത്തെ ഭാഗ്യം ലഭിച്ചത് വിശുദ്ധ യാക്കോബിനാണ്. 

വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും


നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത്‌ ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ രണ്ട് തിരുനാളുകളും ഒരുമിച്ചു ആഘോഷിക്കപ്പെടുന്നു. 

ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക്‌ വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു. 


വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും തിരുനാളുകള്‍ പണ്ട് മുതലേ നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലെമിലെ സുവര്‍ണ്ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു. 

യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ്‌ ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ്‌ ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക്‌ വളരെക്കുറച്ചു അറിവ്‌ മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക്‌ സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം. 

വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ ജെറുസലേമില്‍ ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവമാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്‌. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

വിശുദ്ധ അല്‍ഫോന്‍സാമ്മ


1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു. 

മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കൊപ്പംഎലുംപറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്. ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്. 

കുടമാളൂർ പള്ളിയിൽ 1917 നവംബർ 11 - ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചു. 1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്‍, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്. 


അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി. 

ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എനിക്ക് പതിമൂന്ന്‍ വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”. എന്നാല്‍ വിവാഹാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നതില്‍ ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല. 

ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. 

ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ' എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. 

1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അല്ഫോന്‍സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു. 

തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള്‍ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു. 

വളരെ ദുരിതപൂര്‍ണ്ണമായ ആ അവസരത്തില്‍ ദൈവദാസനും, ഇപ്പോള്‍ വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് അവളുടെ രക്ഷക്കെത്തി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അവളുടെ അസുഖം അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്. 


ഓഗസ്റ്റ് 14-ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി. 


1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.