1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കൊപ്പംഎലുംപറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്. ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.
കുടമാളൂർ പള്ളിയിൽ 1917 നവംബർ 11 - ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചു. 1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്‍, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.
അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.
ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എനിക്ക് പതിമൂന്ന്‍ വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”. എന്നാല്‍ വിവാഹാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നതില്‍ ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല.
ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന് അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.
ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ' എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.
1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അല്ഫോന്‍സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു.
തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള്‍ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു.
വളരെ ദുരിതപൂര്‍ണ്ണമായ ആ അവസരത്തില്‍ ദൈവദാസനും, ഇപ്പോള്‍ വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് അവളുടെ രക്ഷക്കെത്തി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അവളുടെ അസുഖം അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്.
ഓഗസ്റ്റ് 14-ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി.
1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.
1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന് മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
No comments:
Post a Comment