Wednesday, August 17, 2016

വിശുദ്ധ റോച്ച്


ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്. വിശുദ്ധനെക്കുറിച്ചുള്ള ആധികാരികമായ ചരിത്രമൊന്നും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന് ഇരുപത് വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ അനാഥനായി. ഒരിക്കല്‍ വിശുദ്ധന്‍ റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുകയുണ്ടായി. അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതനകള്‍ അനുഭവിക്കുന്നത് കണ്ടു മനം മടുത്ത വിശുദ്ധന്‍, ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. പിയാസെന്‍സായില്‍ വെച്ച് വിശുദ്ധനും രോഗബാധിതനായെങ്കിലും സുഖം പ്രാപിക്കുകയുണ്ടായി. 

മാള്‍ദുരാ എന്ന ചരിത്രകാരന്‍ പറയും പ്രകാരം രോഗബാധിതനായതിനാല്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് വിശുദ്ധന്‍ അടുത്തുള്ള വനത്തിലേക്ക്‌ ഇഴഞ്ഞു പോയി. ആ വനത്തില്‍ വെച്ച് ഒരു നായ വിശുദ്ധന്റെ വൃണങ്ങള്‍ നക്കി വൃത്തിയാക്കുക പതിവായിരുന്നുവെന്ന്‍ പറയപ്പെടുന്നു. തന്റെ അഗാധമായ വേദനകള്‍ വിശുദ്ധന്‍ ക്ഷമയോടും സന്തോഷത്തോടും കൂടി സഹിച്ചു. അവസാനം ദൈവം വിശുദ്ധനില്‍ സംപ്രീതനാവുകയും അദ്ദേഹത്തെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ വഴിയായി അത്ഭുതകരമായ നിരവധി രോഗശാന്തികള്‍ ഉണ്ടായി. തുടര്‍ന്ന് മോണ്ട്പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ കഠിനമായ ഭക്തിയും, കാരുണ്യവും നിറഞ്ഞ അനുതാപത്തോടു കൂടിയ ആശ്രമ ജീവിതം നയിച്ചു. 

മോണ്ട്പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധനെ അദ്ദേഹത്തിന്റെ അമ്മാവനും കൂടിയായിരുന്ന ഗവര്‍ണര്‍ തീര്‍ത്ഥാടകന്റെ വേഷം ധരിച്ച ചാരന്‍ എന്ന് മുദ്രകുത്തി തടവിലാക്കി. വിശുദ്ധനെ അമ്മാവനായ ഗവര്‍ണര്‍ക്ക് മനസ്സിലായിരിന്നില്ല. വിശുദ്ധനാകട്ടെ താന്‍ റോച്ചാണെന്ന വിവരം അമ്മാവനെ ധരിപ്പിക്കുവാന്‍ കഴിയാതെ വരികയും ചെയ്തു. ആ തടവില്‍ കിടന്നു വിശുദ്ധന്‍ മരണം വരിച്ചു. വിശുദ്ധന്റെ നെഞ്ചില്‍ പച്ചകുത്തിയിട്ടുള്ള കുരിശടയാളം വഴി മുന്‍ ഗവര്‍ണറുടെ മകനാണ് അതെന്ന വിവരം ഗവര്‍ണ്ണര്‍ പിന്നീടാണ് മനസ്സിലാക്കിയത്‌. മറ്റൊരു ജീവചരിത്രകാരന്റെ വിവരണമനുസരിച്ച് ചാരനെന്ന് മുദ്രകുത്തി ലൊംബാര്‍ഡിയിലെ ആന്‍ഗേഴ്സില്‍ വെച്ചാണ് വിശുദ്ധന്‍ തടവിലാക്കപ്പെടുന്നത്. അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 

മോണ്ട്പെല്ലിയറില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1485-ല്‍ വിശുദ്ധന്റെ മൃതദേഹം മോണ്ട്പെല്ലിയറില്‍ നിന്നും വെനീസിലേക്ക് കൊണ്ട് വരുകയും, അവിടെ ഒരു മനോഹരമായ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ റോമിലെ ആള്‍സിലും മറ്റ് ചില സ്ഥലങ്ങളിലും വിശുദ്ധന്റെ ചില തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതായി കാണാം. വിശുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതിനെ തുടര്‍ന്ന്, അദ്ദേഹത്തോടുള്ള ഭക്തി ജനസമ്മതിയാര്‍ജ്ജിക്കുകയും വികസിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധികളുടെ ഇടയില്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. ഇറ്റലിയില്‍ റോക്കോ എന്നും സ്പെയിനില്‍ റോക്ക്യു എന്നുമാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്



No comments:

Post a Comment