Tuesday, August 30, 2016

തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്


പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് അവന്റെ അമ്മയായ മോനിക്കയെ സങ്കടത്തിലാക്കി. 

തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധ്യമായിരുന്നുള്ളൂ. അവളുടെ സങ്കടം കണ്ടു ഒരിക്കല്‍ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ ഒരു പുത്രന്‍ നഷ്ടപ്പെടുകയില്ല”. എന്നാല്‍ തിന്മയുടെ ശക്തി അഗസ്തീനോസിനെ കൂടുതല്‍ ധാര്‍മ്മികാധപതനത്തിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്. 



പതിയെ പതിയെ, തുടര്‍ച്ചയായ മോനിക്കയുടെ പ്രാര്‍ത്ഥന ഫലം കണ്ട് തുടങ്ങി. സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും, മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അദ്ദേഹം മനസ്സിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് പതിയെ പതിയെ ബോധ്യമായി തുടങ്ങി. ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. 

അഗസ്തിനോസിന്റെ മാതാവിന്റെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും, 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ്, അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവമായ ജ്ഞാനസ്നാനത്തിനു സാക്ഷ്യം വഹിച്ചത്. അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് അവന്റെ മാതാവ് മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് അവള്‍ മരിച്ചത്. 

388-ല്‍ അദ്ദേഹം തഗാസ്തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391-ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. 394-ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന വിശുദ്ധന്‍, വലേരിയൂസിന്റെ മരണത്തോടെ തന്റെ 41-മത്തെ വയസ്സില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 

തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല പ്രഭാഷകനും എഴുത്ത് കാരനും അപാരമായ ആത്മീയതയുമുള്ള ആളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ രചനകളില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്ന ‘കൺഫഷൻസ്’ എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയില്‍ കാണാവുന്നതാണ്. 

‘ദി സിറ്റി ഓഫ് ഗോഡ്’ എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ ഒരു രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു. അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, ‘ദൈവ കൃപയുടെ ആവശ്യകതയെ’ നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു. 

ഈ വിജയം അദ്ദേഹത്തിന് ‘കൃപയുടെ പാരംഗതന്‍’ എന്ന വിശേഷണം നേടികൊടുത്തു. വിശുദ്ധന്റെ രചനകളില്‍ മുന്നിട്ട്‌ നിന്നിരുന്ന ദൈവത്തോടുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായി ക്രിസ്തീയ കലകളില്‍ ജ്വലിക്കുന്ന ഹൃദയവുമായി ചേര്‍ത്തുകൊണ്ടാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുകയും, അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 

വിശുദ്ധ സ്നാപക യോഹന്നാന്‍ !





ഇന്ന്കത്തോലിക്ക സഭ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആചരിക്കുന്നു. ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നു. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്. മറ്റെല്ലാ വിശുദ്ധരുടെയും മരണത്തിന്റെ ഓർമ്മ പുതുക്കുന്ന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. 

വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം വിശുദ്ധ സ്നാപകയോഹന്നാന്‍ കാണിച്ചു. യോഹന്നാനെ പിടികൂടി തടവിലാക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഹേറോദിയാ ഹേറോദേസിലൂടെ അത് നടപ്പിലാക്കുകയും, തന്റെ മകളായ സലോമിയിലൂടെ വിശുദ്ധനെ ശിരഛേദം ചെയ്യുവാനുള്ള അവസരം മുതലാക്കുകയും ചെയ്തു. 

തിരുസഭയില്‍ നാലാം നൂറ്റാണ്ടു മുതല്‍ യേശുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മപുതുക്കുന്ന പതിവ്‌ ആരംഭിച്ചിരുന്നു. വിശുദ്ധന്റെ ശരീരം സമരിയായിലാണ് അടക്കം ചെയ്തിരുന്നത്. 362-ല്‍ വിജാതീയര്‍ വിശുദ്ധന്റെ ശവകുടീരം ആക്രമിക്കുകയും തിരുശേഷിപ്പുകള്‍ കത്തിച്ചു കളയുകയും ചെയ്തു. അതില്‍ കുറച്ചു ഭാഗം മാത്രം അവിടുത്തെ സന്യാസിമാര്‍ക്ക് സംരക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂ. അവ പിന്നീട് അലെക്സാണ്ട്രിയായില്‍ വിശുദ്ധ അത്തനാസിയൂസിനു അയച്ചു കൊടുത്തു. 


വിശുദ്ധന്റെ ശിരസ്സിനെ നിരവധി സ്ഥലങ്ങളില്‍ ആദരിക്കുന്നുണ്ട്. ബ്രെസ്ലാവുവിലുള്ള ഡൊമിനിക്കന്‍ ദേവാലയത്തിലും മറ്റനേകം ദേവാലയങ്ങളിലും വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരസ്സിനെ ആദരിച്ചു വരുന്നു. യേശുവിനു വഴിയൊരുക്കാന്‍ വന്നവന്‍ യേശുവിനു വേണ്ടി തന്റെ ജീവന്‍ നല്‍കി. അവനെ തടവിലാക്കിയവന്‍ യേശുവിനെ നിരാകരിക്കുവാനല്ലായിരുന്നു അവനോടു ആവശ്യപ്പെട്ടത്, മറിച്ച് സത്യം പറയാതിരിക്കുവാനാണ്. എന്നാലും അവന്‍ സത്യം പറയുകയും യേശുവിനു വേണ്ടി മരണം വരിക്കുകയും ചെയ്തു. 

സത്യത്തിനു വേണ്ടി യോഹന്നാന്‍ തന്റെ രക്തം ചിന്തിയതിനാല്‍, അവന്‍ തീര്‍ച്ചയായും യേശുവിനു വേണ്ടിയാണ് തന്നെയാണ് മരണം വരിച്ചത്‌. സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്നാപകയോഹന്നാന്റെ ശക്തിയും ഉന്നതിയും മഹത്തായിരുന്നു. സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് അവന്‍ പ്രഘോഷിച്ചത്. എന്നിട്ടും അധര്‍മ്മികള്‍ അവനെ ചങ്ങലക്കിട്ടു. സത്യത്തിനു വേണ്ടി താല്‍ക്കാലികമായ യാതനകള്‍ സഹിക്കുക യോഹന്നാനെ പോലെയുള്ള ഒരാള്‍ക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. മറിച്ച് അത് എളുപ്പം നിര്‍വഹിക്കാവുന്നതും അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ്. കാരണം ശാശ്വതമായ ആനന്ദമായിരിക്കും അതിന്റെ പ്രതിഫലം എന്ന് യോഹന്നാന് അറിയാമായിരിന്നു.

വിശുദ്ധ മോനിക്ക


വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച അതേ പരിചാരികയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് വിശുദ്ധയും വളര്‍ന്നത്. പാട്രിഷ്യസ് എന്ന വിജാതീയനായിരുന്നു അവളെ വിവാഹം ചെയ്തത്. മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക്‌ പുറമേ വളരെയേറെ മുന്‍കോപിയുമായിരുന്നു അവളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവിതത്തിലെ സഹനം വഴിയാണ് വിശുദ്ധക്ക് അപാരമായ സഹനശക്തിയുണ്ടായതെന്ന്‍ അനുമാനിക്കപ്പെടുന്നു. 

തന്റെ ഭര്‍ത്താവിന്റെ ദേഷ്യമടങ്ങിയതിനു ശേഷം മാത്രമേ വിശുദ്ധ അദ്ദേഹത്തെ ഗുണദോഷിച്ചിരുന്നുള്ളു. കൂടാതെ ദുഷിച്ച മനസ്സുകള്‍ക്കുടമകളായിരുന്ന പരിചാരകര്‍ അവളുടെ അമ്മായിയമ്മയെ ഏഷണികള്‍ പറഞ്ഞു പിടിപ്പിച്ച് വിശുദ്ധക്കെതിരായി തിരിക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ ആ പ്രതിബന്ധങ്ങളെയെല്ലാം ദയയോടും, സഹതാപത്തോടും കൂടി നേരിട്ടു. മൂന്ന് മക്കളെ നല്‍കി ദൈവം വിശുദ്ധയെ അനുഗ്രഹിച്ചു: നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്നിവരായിരിന്നു അവര്‍. 


യൗവ്വനത്തിലായിരുന്നു അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഒരുപക്ഷേ പാപപങ്കിലമായ അവന്റെ ജീവിതം കാരണം മോനിക്ക അവന്റെ ജ്ഞാനസ്നാനം നീട്ടിവെച്ചതാകുവാനും സാധ്യതയുണ്ട്. അഗസ്റ്റിന് പത്തൊന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതിനോടകം തന്നെ തന്റെ അനുതാപവും, പ്രാര്‍ത്ഥനയും വഴി വിശുദ്ധ അദ്ദേഹത്തിന്റെ മാനസാന്തരം നേടിയെടുത്തിരുന്നു. എല്ലാ തരത്തിലുള്ള പാപങ്ങളും, ധാരാളിത്തവും വഴി യുവാവായ അഗസ്റ്റിന്‍ തന്റെ അമ്മക്ക് എന്നും തലവേദനയായിരുന്നു. അവളുടെ കണ്ണുനീരും, എല്ലാ ശ്രമങ്ങളും വൃഥാവിലായപ്പോള്‍, അവസാനം അവള്‍ മകനെ തന്റെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുക വരെയുണ്ടായി. എന്നാല്‍ ഒരു ദര്‍ശനത്തേ തുടര്‍ന്ന്‍ അവള്‍ അവനെ വീണ്ടും വീട്ടില്‍ പ്രവേശിപ്പിച്ചു. 

അഗസ്റ്റിന്‍ റോമിലേക്ക് പോകുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധയും അവനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ വിശുദ്ധ തുറമുഖത്തെത്തിയപ്പോഴേക്കും അവന്‍ കപ്പല്‍ കയറിയിരുന്നു. പിന്നീട് അവള്‍ അവനെ പിന്തുടര്‍ന്ന് മിലാനില്‍ എത്തി. അവിടെ വെച്ച് വിശുദ്ധ അംബ്രോസ് അവളെ അനുമോദിക്കുകയും, ഇതുപോലൊരു മാതാവിനെ ലഭിച്ചതില്‍ അഗസ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു. മിലാനില്‍ വെച്ചാണ് വിശുദ്ധ തന്റെ മകന്റെ മതപരിവര്‍ത്തനത്തിനുള്ള പാത തയ്യാറാക്കുന്നത്. അവസാനം അവളുടെ കണ്ണുനീര്‍ ആനന്ദമായി മാറിയ ആ നിമിഷം വന്നു ചേര്‍ന്നു. 

അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, വിശുദ്ധയുടെ അശ്രാന്ത പരിശ്രമത്തിനു വിരാമമാവുകയും ചെയ്തു. ആഫ്രിക്കായിലേക്ക് തിരികെ വരുന്നതിനിടയില്‍ തന്റെ 66-ത്തെ വയസ്സില്‍ ഓസ്റ്റിയായില്‍ വെച്ചാണ് വിശുദ്ധ മരണപ്പെടുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ വിശുദ്ധയുടെ മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഏറ്റവും ഹൃദയഭേദകവും മനോഹരവുമാണ്. 

Wednesday, August 24, 2016

ചെസ് വഫ് മിവോഷ്


ലിത്വാനിയയിൽ ജനിച്ചപോളിഷ് വംശജനായ എഴുത്തുകാരനും ,ചിന്തകനും നോബൽ സമ്മാന ജേതാവും ആയിരുന്നു ചെസ് വഫ് മിവോഷ്.( 30 ജൂൺ1911 –14 ഓഗസ്റ്റ് 2004) .

രണ്ടാം ലോകമഹായുദ്ധക്കാലത്ത് 'ദ് വേൾഡ്" എന്ന 20 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു.

1945 മുതൽ 1951 വരെ മിവോഷ് പോളണ്ട് സർക്കാരിന്റെ സംസ്ക്കാരികവകുപ്പിൽ ഒരു അറ്റാഷെ ആയി പ്രവർത്തിച്ചിരുന്നു.തുടർന്ന് പാശ്ചാത്യരാജ്യങ്ങളോട് അനുഭാവം കാണിച്ച മിവുഷ് അക്കാലത്ത് ഒട്ടേറെ കൃതികൾക്ക് രൂപം നൽകുകയുണ്ടായി. സ്റ്റാലിനിസം നിശിതമായി വിമർശിയ്ക്കുപ്പെടുന്ന ദ കാപ്റ്റീവ് മൈൻഡ് (1953) രാഷ്ട്രീയ ചിന്തകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

1961 മുതൽ 1998 കാലിഫോർണിയ, ബെർക്ക് ലി സർവ്വകലാശാലകളിൽ സ്ലാവിക് ഭാഷകൾക്കായുള്ള വിഭാഗത്തിന്റെ ഒരു പ്രൊഫസ്സറായും പ്രവർത്തിച്ചു. 1980 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം ചെസ് വഫ് മിവോഷിനു സമ്മാനിയ്ക്കപ്പെട്ടു.

കവിതാസമാഹാരങ്ങൾ


1936: Three Winters
1945: Rescue
1954: The Light of Day
1957: A Poetical Treatise
1962: ' King Popiel and Other Poems
1965: Gucio Enchanted
1969: City Without a Name
1974: Where the Sun Rises and Where it Sets
1982: ' The Poem of the Pearl;
1984:The Unencompassed Earth
1989: Chronicles); Paris: I
1991:' Farther Surroundings
1994: 'Facing the River);
2000: To (It)
2002: Druga przestrzen
2003: Orpheus and Eurydice
2006: Last Poems

ചെസ്‌വാ മീവോഷ് - കമ്പോ ഡി ഫ്യോറി

റോമിൽ കമ്പോ ഡി ഫ്യോറിയിൽ 
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ, 
വീഞ്ഞും പൂക്കളുടെ ശേഷിപ്പുകളും 
തെറിച്ചു വീണ തറക്കല്ലുകൾ. 
കച്ചവടക്കാർ നാല്ക്കാലികളിൽ 
ഇളംചുവപ്പുനിറമായ കടൽമീൻ വാരിയിടുന്നു; 
പീച്ചുകൾക്കു മേൽ കൂന കൂട്ടിയ 
മുന്തിരിപ്പഴങ്ങൾ.

ഇതേ കവലയിൽ വച്ചാണ്‌ 
അന്നവർ ജ്യൊർഡാനോ ബ്രൂണോയെ ചുട്ടത്. 
കാഴ്ച കാണാൻ തടിച്ചുകൂടിയ ജനത്തിനു നടുവിൽ വച്ച് 
കങ്കാണികൾ ചിതയ്ക്കു തീ കൊളുത്തി. 
തീയണയും മുമ്പേ തന്നെ 
മദ്യശാലകളിൽ പിന്നെയും തിരക്കായി, 
വച്ചുവാണിഭക്കാരുടെ തോളുകളിൽ 
പിന്നെയും ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകളുമായി.

വാഴ്സയിലെ കമ്പോ ഡി ഫ്യോറിയെക്കുറിച്ചു ഞാനോർത്തു, 
ചടുലസംഗീതത്തിന്റെ ശീലുകളും 
യന്ത്ര ഉഴിഞ്ഞാലുമായി തെളിഞ്ഞ വസന്തകാലരാത്രി. 
ഘെട്ടോയുടെ ചുറ്റുമതിലിനുള്ളിൽ നിന്നുയരുന്ന വെടിയൊച്ചകൾ 
ദീപ്തസംഗീതത്തിൽ മുങ്ങിപ്പോയിരുന്നു, 
മേഘങ്ങളൊഴിഞ്ഞു തെളിഞ്ഞ മാനത്ത് 
ആണും പെണ്ണും ഉയർന്നുപൊങ്ങുകയായിരുന്നു.


ചില നേരം കരിഞ്ഞ മണവും പേറി വരുന്ന കാറ്റിൽ 
ഇരുണ്ട പട്ടങ്ങളും ഒഴുകിവന്നിരുന്നു, 
ഉഴിഞ്ഞാലുകളിൽ മുകളിലേക്കുയർന്നവർ 
വായുവിൽ നിന്നു പൂവിതളുകളും പറിച്ചെടുത്തിരുന്നു. 
അതേ ഉഷ്ണക്കാറ്റു തന്നെ 
പെൺകുട്ടികളുടെ പാവാടകൾ അടിച്ചുപറത്തി, 
ആ മനോഹരമായ വാഴ്സാ വാരാന്ത്യത്തിൽ 
ആളുകൾ ആർത്തുചിരിക്കുകയായിരുന്നു.


ചിലർ ഇങ്ങനെയൊരു ഗുണപാഠം വായിച്ചെടുത്തേക്കാം, 
റോമിലെയും വാഴ്സായിലെയും ജനങ്ങൾ 
രക്തസാക്ഷികളുടെ പട്ടടകൾ കടന്നുപോകുമ്പോഴും 
ചിരിക്കുകയും വക്കാണിക്കുകയും പ്രേമിക്കുകയുമായിരുന്നുവെന്ന്. 
മറ്റൊരാളതിൽ മനുഷ്യന്റെ അനിവാര്യനശ്വരത കണ്ടേക്കാം, 
തീയണയും മുമ്പേ പിറക്കുന്ന വിസ്മൃതിയും.

അന്നു ഞാനോർത്തതു പക്ഷേ, 
മരിക്കുന്നവൻ എത്ര ഏകാകിയായിരിക്കും എന്നു മാത്രമായിരുന്നു, 
പട്ടടയിലേക്കു കാലെടുത്തു വയ്ക്കും മുമ്പ് 
ഈ മനുഷ്യരോട്, 
താൻ പോയാലും ജീവിക്കുന്ന ഈ മനുഷ്യരോടു വിട പറയാൻ 
ഒരു മനുഷ്യഭാഷയിലും ഒരു വാക്കു പോലും 
ജ്യൊർഡാനോവിനു കിട്ടിയില്ലല്ലോ എന്നായിരുന്നു.

അവർ വീഞ്ഞുകുപ്പികളിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു, 
വെളുത്ത കടല്മീനുകൾ വിറ്റു തുടങ്ങിയിരുന്നു, 
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ 
അവർ ചുമലിലേറ്റികഴിഞ്ഞിരുന്നു. 
അയാൾ തീയിലേക്കു പതിക്കുന്നതു കാണാൻ 
അവർ താറിനിന്ന ഒരു നിമിഷത്തിനുള്ളിൽ 
നൂറ്റാണ്ടുകൾ കടന്നുപോയ പോലെ 
അയാൾ അകന്നുകഴിഞ്ഞിരുന്നു.

ഇവിടെ മരിക്കുന്നവർ, ഏകാകികൾ, 
ലോകത്തിന്റെ ഓർമ്മയിൽ നിന്നു മാഞ്ഞവർ, 
അവർക്കു നമ്മുടെ ഭാഷ 
ഏതോ പ്രാക്തനഗോളത്തിലെ ഭാഷയാകുന്നു. 
ഒടുവിൽ, എല്ലാം കെട്ടുകഥകളായിക്കഴിയുമ്പോൾ, 
വർഷങ്ങളനേകം പോയിക്കഴിയുമ്പോൾ, 
ഒരു പുതിയ കമ്പോ ഡി ജ്യൊർഡാനോവിൽ 
ഒരു കവിവചനം രോഷത്തിനു തിരി കൊളുത്തും.


കവിയെപ്പറ്റി അവലോകനം 


തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ജൂതനിർമൂലനത്തിനെതിരെ പ്രതികരിച്ച ജൂതന്മാരല്ലാത്ത പോളിഷ് കവികളിൽ ഒരാളാണ്‌ ചെസ്‌വാ മീവോഷ്. 1943ലെ പരാജയപ്പെട്ട വാഴ്സാ ഘെട്ടോ കലാപത്തിനു ശേഷം അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഹോളോക്കാസ്റ്റ് കവിതകളിൽ വച്ച് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നവയും ചർച്ച ചെയ്യപ്പെടുന്നവയുമാണ്‌. ഇതിൽ ആദ്യത്തേത് “കമ്പോ ഡി ഫ്യോറി” 1944ൽ വാഴ്സയിൽ നിന്നിറങ്ങിയ ഒരു അണ്ടർഗ്രൗണ്ട് സമാഹാരത്തിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്. ഒരു ദാർശനികകവിതയെന്ന് ഇതിനെ പറയാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും സമകാലീനലോകത്തെ നാസി ഭീകരതയുടെ ഇരകളും കവിതയിൽ ചേർത്തുവയ്ക്കപ്പെടുന്നു. രണ്ടും തമ്മിൽ സമാനതകൾ തേടുന്നത് തെറ്റിദ്ധാരണാജനകമാണെന്നു തോന്നാം; ഒരു ക്രിസ്ത്യൻ യുക്തിവാദിയുടെ വ്യക്തിപരമായ മരണവും ഒരു ഭ്രാന്തൻ പ്രത്യയശാസ്ത്രം ഉന്മൂലനത്തിനു വിധിച്ച ഒരു ജനതയുടെ കൂട്ടമരണവും തമ്മിൽ പൊതുവായി ഒന്നുമില്ലെന്നു തോന്നാം. എന്നാൽ സമാനത നാം കാണേണ്ടത് ബ്രൂണോയുടെയും ജൂതന്മാരുടെയും മരണങ്ങളിലെന്നതിനേക്കാൾ രണ്ടിനോടുമുള്ള ആൾക്കൂട്ടത്തിന്റെ പ്രതികരണങ്ങളിലാണ്‌. ഒരു ദുരന്തം നടക്കുമ്പോൾ ഉദാസീനരാണവർ. 

ലോകറാണിയായ മറിയം !


‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും മാതാവായ പരിശുദ്ധ മറിയത്തിനോട് പ്രകടിപ്പിച്ചു വന്നിരുന്ന ഭക്തിക്ക് അതോടെ സാധുത ലഭിക്കുകയും ചെയ്തു. 



നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണവും, ആലങ്കാരികവും, വ്യക്തവുമായ അര്‍ത്ഥത്തില്‍ 'രാജാവ്' എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ് കര്‍ത്താവായ യേശു ക്രിസ്തു എന്ന് നമുക്കറിയാം. കാരണം അവന്‍ ദൈവവും, അതേസമയം തന്നെ യഥാര്‍ത്ഥ മനുഷ്യനുമായിരുന്നു. എന്നാല്‍ ഈ വസ്തുതകളൊന്നും തന്നെ യേശുവിന്റെ ‘രാജകീയത്വ’ മെന്ന സവിശേഷതയില്‍ പങ്ക് ചേരുന്നതില്‍ നിന്നും മറിയത്തെ വിലക്കുവാന്‍ പര്യാപ്തമല്ല. കാരണം അവള്‍ യേശുവിന്റെ മാതാവാണ്. കൂടാതെ തന്‍റെ ശത്രുക്കളോടുള്ള ദൈവീക വിമോചകന്റെ പോരാട്ടത്തിലും അവര്‍ക്ക് മേലുള്ള അവന്റെ വിജയം തുടങ്ങിയവയിലെല്ലാം മറിയവും പങ്കാളിയായിരുന്നു. 



ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലൂടെ, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും മേല്‍ ഒരു സവിശേഷമായ ഒരു സ്ഥാനം അവള്‍ നേടിയിട്ടുണ്ടെന്നുള്ള കാര്യം തീര്‍ച്ചയാണ്; യേശുവുമായുള്ള ഇതേ ഐക്യത്താല്‍ തന്നെ ദിവ്യരക്ഷകന്റെ സ്വര്‍ഗ്ഗീയ രാജ്യത്തിലെ വിശേഷപ്പെട്ട നിധികള്‍ വിതരണം ചെയ്യുന്നതിനുള്ള രാജകീയാധികാരത്തിനു അവളെ യോഗ്യയാക്കുന്നു. അവസാനമായി, യേശുവുമായുള്ള ഇതേ ഐക്യം തന്നെയാണ് പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും തിരുമുമ്പാകെയുള്ള ഒരിക്കലും നിലക്കാത്ത മാധ്യസ്ഥങ്ങളുടെ ഒരക്ഷയ ഖനിയാക്കി അവളെ മാറ്റിയത്. 

പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘അമലോത്ഭവ ഗര്‍ഭധാരണം’ (Ineffabilis Deus) എന്ന ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ മാലാഖമാരെക്കാളും, വിശുദ്ധന്‍മാരേക്കാളുമധികമായി ദൈവം തന്റെ സ്വര്‍ഗ്ഗീയ നിധിശേഖരത്തില്‍ നിറഞ്ഞു കവിയുന്ന സ്വര്‍ഗ്ഗീയ സമ്മാനങ്ങളാല്‍ അവര്‍ണ്ണനീയമായ രീതിയില്‍ മറിയത്തെ സമ്മാനിതയാക്കി; മറിയമാകട്ടെ ഏറ്റവും ചെറിയ പാപത്തിന്റെ കറയില്‍ പോലും അകപ്പെടാതെ നിര്‍മ്മലവും ശുദ്ധിയുമുള്ളവളായി നിഷ്കളങ്കതയുടേയും, വിശുദ്ധിയുടേയും പൂര്‍ണ്ണത കൈവരിച്ചു. ദൈവമല്ലാതെ മറ്റാരും കൈവരിച്ചിട്ടില്ലാത്ത ആ പൂര്‍ണ്ണത.” 


മറിയത്തിന്റെ മകന്റെ കണ്ണില്‍ അവള്‍ക്ക് മറ്റുള്ള എല്ലാവരിലും മേലെ പ്രഥമ പരിഗണനയുണ്ട്. ദൈവമാതാവെന്ന നിലയില്‍ മറ്റുള്ളവര്‍ക്കും മേലെ അവള്‍ക്കുള്ള ശ്രേഷ്ടതയെ മനസ്സിലാക്കുവാനായി, ഗര്‍ഭവതിയായ നിമിഷത്തില്‍ തന്നെ അവള്‍ക്ക് ലഭിച്ച കൃപകളുടെ സമൃദ്ധി എല്ലാ വിശുദ്ധരിലുമുള്ള കൃപകളെ കവച്ചുവെക്കുന്നതാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി.


ലിമായിലെ വിശുദ്ധ റോസ !


പെറുവിന്റെ തലസ്ഥാനമായ ലിമായില്‍ 1586-ലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൌന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹന അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസജീവിതമായിരുന്നു വിശുദ്ധ നയിച്ചത്. ഇന്ത്യാക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസായുടെ ആഗ്രഹം. 


വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്‌' ലിമായിലെ വിശുദ്ധ റോസ. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്. വിശുദ്ധക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു. ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിന ചര്യകളും, ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും വിശുദ്ധ വിധേയയായിട്ടുണ്ട്. 


വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു. 


1617 ഓഗസ്റ്റ് 24­-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി. 1671-ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. തന്റെ വിശുദ്ധീകരണ ലേഖനത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “പെറു കണ്ട് പിടിക്കപ്പെട്ടതിനു ശേഷം ഇതുവരെ അനുതാപത്തിനു വേണ്ടി ഇത്രത്തോളം ജനകീയാവേശം ഉളവാക്കിയ മറ്റൊരു പ്രേഷിത ഉണ്ടായിട്ടില്ല.”


വിശുദ്ധ ഹെലേന !


ഇംഗ്ലണ്ടിലെ ക്ലോച്ചെസ്റ്റെര്‍ നഗരത്തിലാണ് ബ്രിട്ടീഷ്‌ രാജകുമാരിയായിരുന്ന വിശുദ്ധ ഹെലേന ജനിച്ചത്. ജീവിതത്തിന്റെ ആരംഭ ദശകങ്ങളില്‍ തന്നെ അവള്‍ ക്രിസ്തുമതം സ്വീകരിച്ചു. അഗാധമായ ഭക്തിയും വിശ്വാസവും അവളുടെ മകനും ആദ്യത്തെ ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുമായിരുന്ന കോണ്‍സ്റ്റന്റൈനെ വളരെയേറെ സ്വാധീനിക്കുകയും, റോമന്‍ ജനതക്കിടയില്‍ ദൈവീക ഭക്തിയെ ഉജ്ജ്വലിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. തന്റെ ഉന്നതമായ പദവിയെ വകവെക്കാതെ പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവ സേവനം ചെയ്യുന്നതില്‍ വിശുദ്ധ സന്തോഷം കണ്ടെത്തി. അവളുടെ വിശാലമായ കാരുണ്യ പ്രവര്‍ത്തികള്‍ അഗതികളുടെയും, ദുഃഖമനുഭവിക്കുന്നവരുടേയും മാതാവ്‌ എന്ന ഖ്യാതി വിശുദ്ധക്ക് നേടികൊടുത്തു. 

തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ഹെലേന ജെറുസലേമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. നമ്മുടെ കര്‍ത്താവായ യേശു മരിച്ച കുരിശ്‌ കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു അവളുടെ യാത്ര. കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം കാല്‍വരിയില്‍ നിന്നും മൂന്ന്‍ കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും, ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശു മരണം വരിച്ച കുരിശ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം, രോഗ സൌഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ അവള്‍ തീരുമാനിച്ചു. 


അപ്രകാരം മൂന്നാമത്തെ കുരിശ്‌ മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൌഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. കുരിശിന്റെ അല്പ ഭാഗം റോമിലേക്കും, കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും അയക്കുകയും അത് അവിടെ വിശ്വാസികളുടെ ആദരവിനായി പ്രതിഷ്ടിക്കുകയും ചെയ്തു. 

312-ല്‍ ഒരു വലിയ സൈന്യവുമായി മാക്സെന്റിയൂസ് കോണ്‍സ്റ്റന്റൈനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി. ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി തന്റെ അമ്മ ആരാധിക്കുന്ന ക്രൂശിതനായ യേശുവിന് തന്നെത്തന്നെ സമര്‍പ്പിക്കുകയും, മുട്ട് കുത്തി നിന്ന് അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും, തനിക്ക്‌ വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പെട്ടെന്ന്‍ തന്നെ തെളിഞ്ഞതും ശാന്തവുമായ ആകാശത്ത് അഗ്നികൊണ്ടുള്ള ഒരു കുരിശടയാളവും അതിനടിയിലായി “ഈ അടയാളം വഴി നിങ്ങള്‍ വിജയം വരിക്കും” (in hoc signo vinces) എന്ന വാക്കുകളും പടയാളികള്‍ ദര്‍ശിച്ചു. 


ദൈവീക കല്‍പ്പനയാല്‍ കോണ്‍സ്റ്റന്റൈന്‍ താന്‍ കണ്ട രീതിയിലുള്ള ഒരു കുരിശ്‌ നിര്‍മ്മിക്കുകയും തന്റെ സൈന്യത്തിന്റെ ഏറ്റവും മുന്‍പിലായി സൈനീക തലവന്‍ അത് ഉയര്‍ത്തി പിടിച്ചു കൊണ്ട്, അതിനു പിറകിലായി മുഴുവന്‍ സൈന്യവും ശത്രുവിനെ നേരിടുവാനായി പടനീക്കം നടത്തുകയും ചെയ്തു. ആ യുദ്ധത്തില്‍ അവര്‍ അത്ഭുതകരമായി പരിപൂര്‍ണ്ണ വിജയം കൈവരിച്ചു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോവുകയും 328-ല്‍ അവിടെവെച്ച് മരണം വരിക്കുകയും ചെയ്തു.


Wednesday, August 17, 2016

വിശുദ്ധ റോച്ച്


ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്. വിശുദ്ധനെക്കുറിച്ചുള്ള ആധികാരികമായ ചരിത്രമൊന്നും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന് ഇരുപത് വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ അനാഥനായി. ഒരിക്കല്‍ വിശുദ്ധന്‍ റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുകയുണ്ടായി. അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതനകള്‍ അനുഭവിക്കുന്നത് കണ്ടു മനം മടുത്ത വിശുദ്ധന്‍, ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. പിയാസെന്‍സായില്‍ വെച്ച് വിശുദ്ധനും രോഗബാധിതനായെങ്കിലും സുഖം പ്രാപിക്കുകയുണ്ടായി. 

മാള്‍ദുരാ എന്ന ചരിത്രകാരന്‍ പറയും പ്രകാരം രോഗബാധിതനായതിനാല്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് വിശുദ്ധന്‍ അടുത്തുള്ള വനത്തിലേക്ക്‌ ഇഴഞ്ഞു പോയി. ആ വനത്തില്‍ വെച്ച് ഒരു നായ വിശുദ്ധന്റെ വൃണങ്ങള്‍ നക്കി വൃത്തിയാക്കുക പതിവായിരുന്നുവെന്ന്‍ പറയപ്പെടുന്നു. തന്റെ അഗാധമായ വേദനകള്‍ വിശുദ്ധന്‍ ക്ഷമയോടും സന്തോഷത്തോടും കൂടി സഹിച്ചു. അവസാനം ദൈവം വിശുദ്ധനില്‍ സംപ്രീതനാവുകയും അദ്ദേഹത്തെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ വഴിയായി അത്ഭുതകരമായ നിരവധി രോഗശാന്തികള്‍ ഉണ്ടായി. തുടര്‍ന്ന് മോണ്ട്പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ കഠിനമായ ഭക്തിയും, കാരുണ്യവും നിറഞ്ഞ അനുതാപത്തോടു കൂടിയ ആശ്രമ ജീവിതം നയിച്ചു. 

മോണ്ട്പെല്ലിയറില്‍ തിരിച്ചെത്തിയ വിശുദ്ധനെ അദ്ദേഹത്തിന്റെ അമ്മാവനും കൂടിയായിരുന്ന ഗവര്‍ണര്‍ തീര്‍ത്ഥാടകന്റെ വേഷം ധരിച്ച ചാരന്‍ എന്ന് മുദ്രകുത്തി തടവിലാക്കി. വിശുദ്ധനെ അമ്മാവനായ ഗവര്‍ണര്‍ക്ക് മനസ്സിലായിരിന്നില്ല. വിശുദ്ധനാകട്ടെ താന്‍ റോച്ചാണെന്ന വിവരം അമ്മാവനെ ധരിപ്പിക്കുവാന്‍ കഴിയാതെ വരികയും ചെയ്തു. ആ തടവില്‍ കിടന്നു വിശുദ്ധന്‍ മരണം വരിച്ചു. വിശുദ്ധന്റെ നെഞ്ചില്‍ പച്ചകുത്തിയിട്ടുള്ള കുരിശടയാളം വഴി മുന്‍ ഗവര്‍ണറുടെ മകനാണ് അതെന്ന വിവരം ഗവര്‍ണ്ണര്‍ പിന്നീടാണ് മനസ്സിലാക്കിയത്‌. മറ്റൊരു ജീവചരിത്രകാരന്റെ വിവരണമനുസരിച്ച് ചാരനെന്ന് മുദ്രകുത്തി ലൊംബാര്‍ഡിയിലെ ആന്‍ഗേഴ്സില്‍ വെച്ചാണ് വിശുദ്ധന്‍ തടവിലാക്കപ്പെടുന്നത്. അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 

മോണ്ട്പെല്ലിയറില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1485-ല്‍ വിശുദ്ധന്റെ മൃതദേഹം മോണ്ട്പെല്ലിയറില്‍ നിന്നും വെനീസിലേക്ക് കൊണ്ട് വരുകയും, അവിടെ ഒരു മനോഹരമായ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ റോമിലെ ആള്‍സിലും മറ്റ് ചില സ്ഥലങ്ങളിലും വിശുദ്ധന്റെ ചില തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതായി കാണാം. വിശുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതിനെ തുടര്‍ന്ന്, അദ്ദേഹത്തോടുള്ള ഭക്തി ജനസമ്മതിയാര്‍ജ്ജിക്കുകയും വികസിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധികളുടെ ഇടയില്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. ഇറ്റലിയില്‍ റോക്കോ എന്നും സ്പെയിനില്‍ റോക്ക്യു എന്നുമാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്



Monday, August 15, 2016

മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ !

1950 നവംബർ 1-നാണ് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരകയറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. 

ഉദ്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിർമ്മലകന്യക അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് എന്ന് സഭ പഠിപ്പിക്കുന്നു. വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം. പൗരാണികത കൊണ്ടു തന്നെ അതിന്റെ ആരംഭത്തെ പറ്റി നമുക്ക് വ്യക്തമായ ഒരു ചിത്രമില്ല. 

AD 135-ാ മാണ്ടോടെ ഹഡ്റൈൻ എന്ന റോമൻ ചക്രവർത്തി ജെറുസലേമിനെ വിഗ്രഹാരാധകരുടെ ഒരു നഗരമാക്കി മാറ്റി. യേശുവിനെ പറ്റിയുള്ള എല്ലാ തെളിവുകളും നശിപ്പിച്ച്, അദ്ദേഹത്തിന്റെ ആവാസകേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം വിഗ്രഹ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളാക്കി മാറ്റി. അങ്ങനെ 200 വർഷങ്ങളോളം ജെറുസലേം നഗരം യേശുവിനെ വിസ്മരിച്ച് ജീവിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന കോൺസ്റ്റാന്റെൻ AD 336 - ൽ വിശുദ്ധ നഗരം പുനഃസ്ഥാപിക്കുകയും ദേവാലയങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. യേശുവിന്റെ വിശുദ്ധ കബറിടത്തിലെ ദേവാലയം പുനർനിർമ്മിച്ചു കൊണ്ടാണ് കോൺസ്റ്റ്ന്റെൻ ചക്രവർത്തി തന്റെ ആത്മീയ ദൗത്യം തുടങ്ങിയത്. അക്കാലത്ത് സിയോൺ താഴ്വരയിൽ ജീവിച്ചിരുന്ന പുരാതന ക്രിസ്ത്യൻ സമൂഹങ്ങളിൽ 'മേരിയുടെ കബറിടം' സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. 

പരിശുദ്ധ മാതാവ് ഗാഢനിദ്രയിൽ അകപ്പെട്ട 'Place of Dormition' സിയോൺ മലമുകളിലാണ്. മാതാവിന്റെ കബറിടവും' അവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് ക്രിസ്തീയ സമൂഹങ്ങൾ മേരിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചിരുന്നു. പിന്നീട് തിരുസഭ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചു. ആദ്യകാലത്ത് പാലസ്തീനിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ആഘോഷം ക്രൈസ്തവ സഭയുടെ വളർച്ചയോടെ പൂർവ്വ ദേശത്തെ ദേവാലയങ്ങളിലേക്കും 7-ാം നൂറ്റാണ്ടിൽ റോമിലേക്കും വ്യാപിച്ചു. അക്കാലത്ത് 'മേരിയുടെ ഗാഢനിദ്ര' (Dormitio of the Mother of God ) എന്നാണ് സ്വർഗ്ഗാരോപണ തിരുനാൾ അറിയപ്പെട്ടിരുന്നത്. 

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ നിന്നു തന്നെയാണ് നമുക്ക് ലഭിക്കുന്നത്. പരിശുദ്ധ മാതാവിന്റേതെന്നു പറയാവുന്ന പരിശുദ്ധാവിശിഷ്ടങ്ങളൊന്നും അക്കാലത്തു തന്നെ ലഭ്യമായിരുന്നില്ല. ജറുസലേം നഗരത്തിനടുത്തുള്ള ഒരു ശൂന്യമായ കല്ലറ സ്ഥിതി ചെയ്തിരിന്നു. മാതാവ' ഗാഢനിദ്രയിൽ അകപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന് സമീപം തന്നെയാണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ക്രമേണ ഒരു തീർത്ഥാടന കേന്ദ്രമായി തീർന്നു. 

AD 451-ലെ ചാൽസിഡോൺ കൌണ്‍സിലിൽ ജെറുസലേം പാത്രിയാർക്കീസിനോട് അന്നത്തെ റോമൻ ചക്രവർത്തി മാർഷ്യൻ പരിശുദ്ധ ജനനിയുടെ തിരുശേഷിപ്പുകൾ കൊണ്ടുവരുവാനും ആരാധനയ്ക്കായി കോൺസ്റ്റന്റിനോപ്പിളിലെ ദേവാലയത്തിൽ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. മാതാവ് ദേഹം വെടിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ശിഷ്യർക്കു മാതാവിനെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തിരുശേഷിപ്പുകൾ ഒന്നും ലഭിച്ചില്ലെന്നും മാതാവ് ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നതായും ജെറുസലേമിലെ പാത്രിയാർക്കീസ് ചക്രവർത്തിയെ അറിയിച്ചു.


എട്ടാം നൂറ്റാണ്ടിൽ സെന്റ് ജോൺ ഡമാസിൻ പ്രസ്തുത കബറിടത്തിൽ വെച്ച് പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ തിരുനാളിനെ പറ്റി തിരുസഭയുടെ കാഴ്ചപ്പാട് ഇങ്ങനെ വിവരിച്ചു. "... അവിടന്ന് സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടുവെന്നത് തിരുസഭയുടെ വിശ്വാസ സത്യമാകുന്നു." 

മനുഷ്യകുലത്തിന്റെ പാപവിമോചന പദ്ധതിയിൽ പരിശുദ്ധ ജനനിയുടെ നിർമ്മലോൽഭവത്തിനും ജീവിതത്തിനും വലിയ പങ്കുണ്ട്. ദൈവജനനിയുടെ മഹത്വം ക്രിസ്തുമസ് ദിനത്തിലും ഒരാഴ്ച കഴിഞ്ഞുള്ള ജനുവരി ഒന്നിനും സഭയിൽ കൊണ്ടാടപ്പെടുന്നു. മാതാവിന്റെ സ്വർഗ്ഗാരോപണം ദൈവജനനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാകുന്നു. അത് നമ്മുടെ ജീവിതത്തിനും മാർഗ്ഗ നിർദ്ദേശം നൽകുന്നു. 

1950-ൽ അപ്പോസ്തലിക് നിയമ സംഹിതയിൽ പന്ത്രണ്ടാം പീയുസ് മാർപാപ്പ ഇങ്ങനെ വിളംബരം ചെയ്തു. "അമലോൽഭവ മാതാവ് തന്റെ ദൈവീകദൗത്യനിർവ്വഹണത്തിനു ശേഷം ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു."അങ്ങനെ മാതാവിന്റെ സ്വർഗ്ഗാരോപണം തിരുസഭയുടെ അടിസ്ഥാന സത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. പരിശുദ്ധ മാതാവിന് അർഹമായ സ്ഥാനം നൽകി മനുഷ്യകുലത്തിന്റെ മദ്ധ്യസ്ഥയായ മാതാവിനോട് പ്രാർത്ഥിക്കുവാൻ നമുക്ക് കൂടുതൽ അവസരമൊരുക്കി. 

Byzantine Liturgyയിൽ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു "ദൈവത്തിന്റെ അമ്മേ നീ പ്രസവിച്ചപ്പോൾ നീ നിന്റെ കന്യകാത്വം സൂക്ഷിച്ചു. നിന്റെ നിദ്രയിൽ നീ ലോകത്തെ വെടിഞ്ഞില്ല. ജീവന്റെ സ്രോതസ്സിനോട് ഒന്നുചേർന്നു നിൽക്കുകയാണ് ചെയ്തത്. സജ്ജീവനായ ദൈവത്തെ നീ ഗർഭം ധരിച്ചു. നിന്റെ പ്രാർത്ഥനകൾ വഴി ഞങ്ങളുടെ ആത്മാക്കളെ മരണത്തിൽ നിന്നും നീ രക്ഷിക്കും". 

Sunday, August 14, 2016

വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും



അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്നു. 

ഏതാണ്ട് 732-ല്‍ അവിടത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്‍മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള പദ്ധതിയിടുന്നുവെന്നായിരുന്നു ആ ദര്‍ശനത്തിന്റെ പൊരുള്‍. ഒട്ടും വൈകാതെ വിശുദ്ധ പൊര്‍ക്കാരിയൂസ് തന്റെ വിദ്യാര്‍ത്ഥികളേയും, മുപ്പത്തി ആറോളം യുവ സന്യാസിമാരേയും ഒരു വഞ്ചിയില്‍ തിക്കി കയറ്റി സുരക്ഷിതമായി അയച്ചു. അവിടെ വേറെ വഞ്ചിയൊന്നുമില്ലാതിരുന്നതിനാല്‍ മറ്റുളവരെയെല്ലാം വിശുദ്ധന്‍ തന്റെ പക്കല്‍ ഒരുമിച്ചു ചേര്‍ത്തു. ആരുംതന്നെ തങ്ങളെ ആ വഞ്ചിയില്‍ രക്ഷപ്പെടുത്താത്തതില്‍ പരാതിപ്പെട്ടില്ല. മറിച്ച്, തങ്ങള്‍ക്ക് ധൈര്യം പകരുവാന്‍ അവര്‍ ദൈവത്തോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. തങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കുവാനുള്ള അനുഗ്രഹം തങ്ങള്‍ക്ക് നല്‍കുവാനായി അവര്‍ ദൈവത്തോട് അപേക്ഷിച്ചു. 

അധികം താമസിയാതെ സാരസെന്‍സ് എന്ന ക്രൂരന്മാര്‍ തങ്ങളുടെ കപ്പലുകള്‍ ആ തീരത്തടുപ്പിച്ചു. ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസ് പ്രവചിച്ചത് പോലെ തന്നെ അവര്‍ ആ പാവപ്പെട്ട സന്യാസിമാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. വിശ്വാസത്താല്‍ നിറഞ്ഞിരുന്ന ആ സന്യാസിമാരാകട്ടെ പ്രാര്‍ത്ഥിക്കുകയും, യേശുവിനു വേണ്ടി ധൈര്യപൂര്‍വ്വം മരണം വരിക്കുവാന്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. യാതൊരു കരുണയും കൂടാതെ ക്രൂരന്‍മാരായിരുന്ന ആ ആക്രമികള്‍ തങ്ങളുടെ ഇരകളുടെ മേല്‍ പാഞ്ഞു കയറി. നാല് പേരൊഴികെ മുഴുവന്‍ പേരേയും വധിക്കുകയും ആ നാല് പേരെ അടിമകളായി കൊണ്ട് പോവുകയും ചെയ്തു. ഇപ്രകാരമാണ് ലെരിന്‍സ് ആശ്രമത്തിലെ വിശുദ്ധ പൊര്‍ക്കാരിയൂസും, മറ്റ് സന്യാസിമാരും യേശുവിന്റെ ധീരരായ 
രക്തസാക്ഷികളായി തീര്‍ന്നത്.


വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്‌. 1910-ല്‍ തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ കന്യകയോടുള്ള അഗാധമായ സ്നേഹത്താല്‍, കന്യകാമാതാവിനു വേണ്ടി 1917 ഒക്ടോബര്‍ 16-ന് സ്ഥാപിതമായ “അമലോത്ഭവ സൈന്യം” എന്ന സംഘടനയുടെ പ്രചാരത്തില്‍ മുഴുകി. 

1927-ല്‍ വാഴ്സോക്ക് സമീപമുള്ള നീപോകാലനോവ് എന്ന സ്ഥലത്ത് ‘അമലോത്ഭവ നഗരം’ എന്ന ആത്മീയ കേന്ദ്രം വിശുദ്ധന്‍ സ്ഥാപിച്ചു. ആരംഭ കാലഘട്ടങ്ങളില്‍ 'അമലോത്ഭവ നഗര'ത്തില്‍ പതിനെട്ട് സന്യാസികള്‍ ഉണ്ടായിരുന്നിടത്ത് 1939 ആയപ്പോഴേക്കും ഏതാണ്ട് 650-ഓളം സന്യാസികളുമായി വികസിക്കുകയും ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ ഭവനമായി തീരുകയും ചെയ്തു. തന്റെ ഉത്സാഹപൂര്‍ണ്ണമായ പ്രഘോഷണങ്ങളും, എഴുത്തുകളും വഴി വിശുദ്ധന്‍ യൂറോപ്പിലും ഏഷ്യയിലും നിരവധി പ്രേഷിത ദൗത്യങ്ങള്‍ നിറവേറ്റി. 

മരിയന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരുപാധിയെന്ന നിലയില്‍ അവിടുത്തെ സന്യസ്ഥര്‍ ആധുനിക അച്ചടി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. അത് മൂലം അവര്‍ക്ക് നിരവധി മതപ്രബോധന കഥകളും, ആത്മീയ ലേഖനങ്ങളും പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു. ഏതാണ്ട് 2,30,000 ത്തോളം വരിക്കാരുള്ള ഒരു ദിനപത്രം, പത്ത് ലക്ഷത്തിലധികം വരിക്കാരുള്ള ഒരു മാസ വാരിക തുടങ്ങിയവ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചു. ഒരു ചെറിയ റേഡിയോ നിലയവും വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ അവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ ഒരു ചലച്ചിത്ര സ്റ്റുഡിയോ ആരംഭിക്കുവാനുള്ള പദ്ധതിയും വിശുദ്ധന്‍ തയാറാക്കിയിരിന്നു. ശരിക്കും ആധുനിക ബഹുജന മാധ്യമങ്ങളുടെ ഒരു അപ്പസ്തോലന്‍ തന്നെയായിരുന്നു വിശുദ്ധന്‍. 1930-ല്‍ ജപ്പാനിലെ നാഗസാക്കിയിലും വിശുദ്ധന്‍ ഇത്തരമൊരു അമലോത്ഭവ നഗരം സ്ഥാപിച്ചിരുന്നു. 


നൂതനമായ ആശയങ്ങള്‍ ഉണ്ടായിരുന്ന ഒരു ദൈവശാസ്ത്രജ്ഞന്‍ ആയിരുന്നു വിശുദ്ധന്‍. മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണത്തെ ക്കുറിച്ചുള്ള വിശുദ്ധന്റെ ഉള്‍ക്കാഴ്ചകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മരിയന്‍ ദൈവശാസ്ത്രത്തെ മുന്‍കൂട്ടി കണ്ടിരുന്നു. കൂടാതെ പരിശുദ്ധ മാതാവ്, ത്രിത്വൈക ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും മദ്ധ്യസ്ഥയാണെന്നും, ദൈവജനത്തിന്റെ വക്താവാണെന്നുമുള്ള സഭയുടെ ബോധ്യം വിശുദ്ധന്റെ ഉള്‍ക്കാഴ്ചകളില്‍ നിന്നും വികാസം പ്രാപിച്ചിട്ടുള്ളതാണ്. 

1941-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികള്‍ വിശുദ്ധനെ ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ തടവിലാക്കി. ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണും പട്ടിണിക്കിട്ട് കൊല്ലുവാന്‍ വിധിക്കപ്പെട്ടവനുമായ ഒരു കുടുംബനാഥന്റെ ജീവന് പകരമായി തന്റെ സ്വന്തം ജീവന്‍ നല്‍കുവാന്‍ അവിടെവെച്ച് വിശുദ്ധന്‍ സന്നദ്ധനായി. അതേതുടര്‍ന്ന്‍ നാസികള്‍ വിശുദ്ധനെ പട്ടിണിക്കിട്ടെങ്കിലും പട്ടിണിമൂലം വിശുദ്ധന്‍ മരിക്കാത്തതിനെ തുടര്‍ന്ന് 1941 ഓഗസ്റ്റ് 14-ന് മാരകമായ വിഷം കുത്തിവെച്ചാണ് വിശുദ്ധനെ കൊലപ്പെടുത്തിയത്. 



1982 ഒക്ടോബർ 10-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാക്സിമില്യന്‍ കോള്‍ബെയെ ‘കാരുണ്യത്തിന്റെ രക്തസാക്ഷി’ എന്ന നിലയില്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തകര്‍, കുടുംബം, തടവറയില്‍ കഴിയുന്നവര്‍, സത്യത്തിനു വേണ്ടി പോരാടുന്നവര്‍, ലഹരിക്ക്‌ അടിമയായവര്‍ തുടങ്ങിയവരുടെ മാദ്ധ്യസ്ഥനാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ.

Saturday, August 13, 2016

വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്


ബെല്‍ജിയത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്തമകനായിട്ട് 1599-ല്‍ ഫ്ലാണ്ടേഴ്സിലാണ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു ജോണിന്റെ ആഗ്രഹം. ജോണിന് 13 വയസ്സായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. ജോണിന്റെ മാതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവും രണ്ട് സഹോദരന്‍മാരും ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1615-ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു. 

ഒരു സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നേതാവിനെപോലെയായിരുന്നു. 1616-ല്‍ ജോണ്‍ മാലിന്‍സിലെ ജെസ്യൂട്ട് സഭയില്‍ നോവീഷ്യെറ്റ് ആയി ചേരുകയും ഫാദര്‍ ആന്റോയിന്‍ സുക്കെറ്റ് എന്ന ആത്മീയ പിതാവിന്റെ കീഴില്‍ സേവനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനയോടും, ദൈവ മാതാവിനോടും വളരെ അഗാധമായ ഭക്തിയായിരുന്നു വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നത്. 1618-ല്‍ തത്വശാസ്ത്ര പഠനത്തിനായി വിശുദ്ധന്‍ റോമിലേക്ക് അയക്കപ്പെട്ടു. പൗരോഹിത്യ പട്ടസ്വീകരണത്തിനു ശേഷം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുക എന്ന ആഗ്രഹത്തോട് കൂടി സൈന്യത്തിലെ ചാപ്ലിന്‍ ആകുവാനാണ് വിശുദ്ധന്‍ അപേക്ഷിച്ചത്. 

വിശുദ്ധന്റെ ശുഷ്കാന്തിയും, ഭക്തിയും കാരണം അദ്ദേഹം പരക്കെ അറിയപ്പെടാന്‍ തുടങ്ങി. ചെറിയ കാര്യങ്ങളില്‍ പോലും പരിപൂര്‍ണ്ണത ആഗ്രഹിച്ചിരുന്ന ആളായിരുന്നു വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്. 1619 ആയപ്പോഴേക്കും റോമിലെ കഠിനമായ ചൂട് വിശുദ്ധന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. ക്രമേണ വിശുദ്ധന്റെ ആരോഗ്യം ക്ഷയിച്ചു. എന്താണ് വിശുദ്ധന്റെ രോഗകാരണമെന്ന് തിരിച്ചറിയുവാന്‍ കഴിയാതെ ഡോക്ടര്‍മാര്‍ കുഴങ്ങി. ഏതാണ്ട് രണ്ടു വര്‍ഷത്തോളം വിശുദ്ധന്‍ നിരന്തരമായി രോഗത്തിന്റെ പിടിയിലായിരുന്നു. അവസാനം 1621 ഓഗസ്റ്റ്‌ 13ന് തന്റെ 22-മത്തെ വയസ്സില്‍ വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ് സമാധാനപൂര്‍ണ്ണമായി കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 

1865-ല്‍ പിയൂസ്‌ ഒമ്പതാമന്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പായാണ് ജോണ്‍ ബെര്‍ക്ക്‌മാന്‍സിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. റോമില്‍ വിശുദ്ധ അലോഷ്യസ്‌ ഗോണ്‍സാഗയെ അടക്കം ചെയ്തിരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസ്‌ ദേവാലയത്തില്‍ തന്നെയാണ് വിശുദ്ധ ജോണ്‍ ബെര്‍ക്ക്മാന്‍സിനേയും അടക്കം ചെയ്തിരിക്കുന്നത്. അള്‍ത്താര ശുശ്രൂഷ ബാലന്‍മാരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ജോണ്‍ ബെര്‍ക്ക്മാന്‍സിനെ തിരുസഭ ആദരിച്ചു വരുന്നു. 

Thursday, August 11, 2016

വിശുദ്ധ ക്ലാര

വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സ്ത്രീയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്‌. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി ക്ലാരയെ നിയമിച്ചു. 

അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന്‍ ഗ്രാമപ്രദേശത്തുള്ള ഒരു ദേവാലയത്തില്‍ താമസിക്കുകയും ചെയ്തു. അവിടെ വെച്ച് വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി തന്നെ അവളുടെ മുടി മുറിച്ചു കളയുകയും 1212 മാര്‍ച്ച് 18-ന് അവള്‍ക്ക് സഭാ വസ്ത്രം നല്‍കുകയും ചെയ്തു. അപ്പോള്‍ അവള്‍ക്ക് പതിനെട്ട്‌ വയസ്സായിരുന്നു പ്രായം. പിന്നീട് അവള്‍ വിശുദ്ധ ഡാമിയന്റെ ദേവാലയത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ദൈവം അവള്‍ക്ക് കുറച്ചു പുണ്യവതികളായ സഹചാരികളെ നല്‍കി. 

തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ ഉപദേശത്തില്‍ അവള്‍ ഒരു സന്യാസിനീ സമൂഹത്തിനു രൂപം നല്‍കുകയും അവരുടെ സുപ്പീരിയര്‍ ആയി വര്‍ത്തിക്കുകയും ചെയ്തു. ഏതാണ്ട് 42 വര്‍ഷത്തോളം വിശുദ്ധ സഹ കന്യാസ്ത്രീകളെ വളരെയേറെ ഉത്സാഹത്തോടും വിവേകത്തോടും കൂടി നയിച്ചു. ഇന്നസെന്റ് നാലാമന്‍ പാപ്പായുടെ സമ്മതത്തോടു കൂടി പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റെതായ ജീവിതമായിരുന്നു വിശുദ്ധയും അവളുടെ സന്യാസിനി സമൂഹവും നയിച്ചു വന്നിരുന്നത്. വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയെ പരിപൂര്‍ണ്ണമായും പിന്തുടരുകയായിരുന്നു വിശുദ്ധ ചെയ്തിരുന്നത്. 

ഏതാണ്ട് നാല്‍പ്പത്തി രണ്ട് വര്‍ഷത്തോളം തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ച വിശുദ്ധ, ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്‍കി. ക്ലാരയുടെ മരണശേഷം, അവർ സ്ഥാപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു. ഈ സന്യാസിനീ സമൂഹത്തിന്റെ നിയമാവലിയും വിശുദ്ധ തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്. നഗ്നപാദരായി നടക്കുക, വെറും നിലത്ത് കിടക്കുക തുടങ്ങി മറ്റുള്ള സന്യാസിനീ സമൂഹങ്ങളില്‍ നിന്നും വളരെ കര്‍ക്കശമായ ജീവിതമായിരുന്നു ഈ സന്യാസിനികള്‍ പാലിച്ചു വന്നിരുന്നത്. ദാരിദ്ര്യമായിരുന്നു അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. 

ഒരിക്കല്‍ സാരസെന്‍സ്‌, വിശുദ്ധയുടെ കോണ്‍വെന്റിനെ ആക്രമിക്കുവാന്‍ തയ്യാറെടുപ്പുകളുമായി വന്നു. രോഗിണിയായിരുന്ന വിശുദ്ധ തന്റെ കയ്യില്‍ ദിവ്യകാരുണ്യം അടങ്ങിയ പാത്രവും വഹിച്ചു കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്റെ കര്‍ത്താവേ, നിന്നെ സ്തുതിക്കുന്നവരുടെ ആത്മാക്കളെ ആ മൃഗങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കരുതേ. നിന്റെ അമൂല്യമായ രക്തത്താല്‍ നീ ഞങ്ങളെ വീണ്ടെടുത്തുവല്ലോ, അതിനാല്‍ നിന്റെ ഈ ദാസികളെ സംരക്ഷിക്കണമേ” വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘എപ്പോഴും നിങ്ങളെ സംരക്ഷിക്കും” എന്നൊരു സ്വരം കേട്ടു. തുടര്‍ന്ന് സാരസെന്‍സ്‌ ഓടിപോവുകയുണ്ടായി. 



ഏതാണ്ട് 27 വര്‍ഷങ്ങളോളം രോഗത്താല്‍ പീഡിതയായിരുന്നു വിശുദ്ധ. 1253 ഓഗസ്റ്റ്‌ 11-നാണ് വിശുദ്ധ മരണപ്പെടുന്നത്. മരണത്തിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു വിശുദ്ധ ക്ലാര. ലോകത്തിന്റെ ഭൗതീക വസ്തുക്കളില്‍ ദരിദ്രയും, എന്നാല്‍ തന്റെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്നു വിശുദ്ധ. പുല്‍ത്തൊട്ടി മുതല്‍ കുരിശു വരെ ദരിദ്രനായിരുന്ന യേശുവിന്റെ ഒരു ഉത്തമ മാതൃകയെന്നും വിശുദ്ധയെ വിശേഷിപ്പിക്കാം. ക്രിസ്തീയ ദാരിദ്ര്യത്തില്‍ ആത്മീയത കണ്ടെത്തുവാന്‍ വിശുദ്ധ ക്ലാരയുടെ മാതൃക നമ്മെ സഹായിക്കും.