Saturday, July 8, 2017

തടാകത്തിനടിയിൽ കണ്ടെത്തിയ 1600 വർഷം പഴക്കമുള്ള ദേവാലയം !

2014-ല്‍ വടക്ക്-പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബുര്‍സായിലെ ഇസ്നിക് തടാകത്തിനടിയില്‍ നിന്നും കണ്ടെത്തിയ ബൈസന്റൈന്‍ കാലത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ മ്യൂസിയമാക്കി മാറ്റുവാന്‍ പദ്ധതി. 1600 വര്‍ഷത്തെ പഴക്കം കൊണ്ടും ഘടന കൊണ്ടും ശ്രദ്ധേയമായ ദേവാലയത്തിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്നും 5 മുതല്‍ 7 അടിയോളം താഴെയാണ്. 2014-ല്‍ ചരിത്രപരവും, സാംസ്കാരികപരവുമായ സ്മാരകങ്ങളുടെ കണക്കെടുപ്പ് വേളയില്‍ ആകാശത്ത് നിന്നും എടുത്ത ഒരു ചിത്രത്തില്‍ നിന്നുമാണ് ബസലിക്കയുടെ രൂപരേഖയില്‍ പണികഴിപ്പിച്ചിരുന്ന ഈ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്.

25-ല്‍ നിഖ്യായിലെ ആദ്യ സുനഹദോസ് അവസാനിച്ച ഉടന്‍ തന്നെ പണികഴിപ്പിച്ച ദേവാലയമാണെന്നാണ് തുര്‍ക്കിയിലെ പുരാവസ്തുശാസ്ത്രജ്ഞരുടെ അനുമാനം. മറ്റൊരു വാദഗതിയും നിലനില്‍ക്കുന്നുണ്ട്. 303-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷന്റെ മതപീഡനക്കാലത്ത് വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച രക്തസാക്ഷിയായ വിശുദ്ധ നിയോഫിറ്റോസിന്റെ ആദരണാര്‍ത്ഥം 4ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാകാം ദേവാലയമെന്നാണ് ബുര്‍സായിലെ ഉലുഡാഗ് സര്‍വ്വകലാശാലയിലെ പുരാവസ്തുശാസ്ത്രവിഭാഗം പ്രൊഫസ്സറായ മുസ്തഫാ സാഹിന്റെ അഭിപ്രായം.


വിജാതീയ ദൈവത്തെ ആരാധിക്കുന്നത് ഒഴിവാക്കുന്നതിനായി നിയോഫിറ്റോസ് നിഖ്യായിലേക്ക് (ഇന്നത്തെ വടക്ക്-പടിഞ്ഞാറന്‍ തുര്‍ക്കി) പലായനം ചെയ്തായാണ് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. റോമന്‍ പടയാളികള്‍ അദ്ദേഹത്തെ ക്രൂരമായി കൊലചെയ്ത അതേ സ്ഥലത്ത് തന്നെയാണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കു ന്നതെന്നാണ് കരുതപ്പെടുന്നത്. 325-ല്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ നിഖ്യായിലെ ഇസ്നിക്കില്‍ വെച്ച് നടത്തപ്പെട്ട ഒന്നാം സുനഹദോസിന്റെ സ്മരണാര്‍ത്ഥമാണ് ദേവാലയം പണികഴിപ്പിച്ചിരിക്കുന്നതെന്ന മറ്റൊരു സാധ്യതയും പ്രൊഫസ്സര്‍ സാഹിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

740-ല്‍ ഉണ്ടായ ഭൂകമ്പം വഴിയാണ് പുരാതനമായ ദേവാലയം തകര്‍ക്കപ്പെട്ടതെന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം. കാലക്രമേണ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകത്തിനടിയിലായതായി ഗവേഷകര്‍ പറയുന്നു. ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക പുറത്തിറക്കിയ 2014-ലെ ഏറ്റവും വലിയ 10 കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ ദേവാലയവും ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളത്തിനടിയിലെ ഒരു മ്യൂസിയമാക്കി ദേവാലയത്തെ മാറ്റുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.


No comments:

Post a Comment