Saturday, September 3, 2016

എസെനിന്റെ കവിതകള്‍


സാദി എന്ന കവി… 

സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ! 
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം! 
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ 
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു. 
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല: 
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു. 
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും 
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ! 
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല; 
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട 
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ 
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!
 


(എസെനിൻ ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ്‌ താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ്‌ പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവന്നു.) 

കാച്ചലോവിന്റെ നായയോട്



വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ, 
ഇതുപോലൊരു കൈ ഞാൻ കണ്ടിട്ടേയില്ല! 
നമുക്കു പോയി ചന്ദ്രന്റെ ചോട്ടിലിരിക്കാം, 
ഈ നിശബ്ദരാത്രിയിലവനെ നോക്കിക്കുരയ്ക്കാം! 
വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ!
 
എന്നാൽ കുട്ടാ, നീയെന്നെ നക്കരുത്, നക്കരുത്. 
ഈയുപദേശം നീയൊന്നനുസരിക്കണം. 
ജീവിതമെന്തെന്നു നിനക്കറിയില്ല ചങ്ങാതീ, 
എന്തൊക്കെച്ചെയ്താലാണു ജിവിക്കാനാവുകയെന്നും.
 
ദയാലുവാണ്‌ നിന്റെ യജമാനൻ, പ്രമാണി, 
എത്രയോ വിരുന്നുകാരെ നീ കണ്ടുകഴിഞ്ഞു- 
പുഞ്ചിരിയോടവർ നിന്നെയോമനിച്ചിരുന്നു, 
നിന്റെ വെൽവെറ്റുകുപ്പായമവർ തൊട്ടുനോക്കിയിരുന്നു.
 
നായ്ക്കളിൽ വെച്ചെത്ര സുന്ദരനാണു നീ! 
സ്നേഹമുള്ള കണ്ണുകൾ, വിശ്വസിക്കുന്ന മുഖം. 
ആരോടുമനുവാദം ചോദിക്കാൻ നില്ക്കാതെ 
ആരെയും നീ കേറി ചുംബിക്കുകയും ചെയ്യുന്നു!
 
ജിമ്മീ, എത്രയോ വിരുന്നുകാരെ നീ കണ്ടു, 
പലേ തരക്കാർ, ഒരു തരവുമല്ലാത്തവർ. 
എന്നാലവളെ നീയിവിടെക്കണ്ടിരുന്നോ, 
ആരെക്കാളും ദുഃഖിതയെ, ആരെക്കാളും മൂകയെ?
 
അവളിവിടെ വന്നാൽ- അപ്പോൾ ഞാനുണ്ടാവില്ല- 
അവളുടെ കണ്ണുകളിൽ ആർദ്രതയോടെ നോക്കുക, 
എനിക്കായി അവളുടെ കൈയിൽ നക്കുക, 
ഞാൻ ചെയ്ത പിഴകൾക്കായി, ചെയ്യാത്തവയ്ക്കുമായി. 

അവസാനത്തെ കവിത 


വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
എന്റെ നെഞ്ചിൽ നിനക്കെന്നുമിടമുണ്ടാവും. 
പിരിഞ്ഞവരൊരുമിക്കുമെന്നു നക്ഷത്രങ്ങൾ പറയട്ടെ, 
ഇന്നു നമുക്കു പക്ഷേ, പിരിയുക തന്നെ വേണം. 

അതിനാൽ, വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട, 
കൈത്തലവും വാക്കുകളും നെറ്റിയിൽ ചാലുകളും വേണ്ട. 
മരിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല, 
ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല.
 


(1925 ഡിസംബർ 24ന്‌ എസെനിൻ മോസ്ക്കോയിൽ നിന്ന് പെട്രോഗ്രാഡിലെത്തി; പിന്നെ മൂന്നു ദിവസം പല കൂട്ടുകാരെയും ചെന്നുകണ്ടു; ചിലരെ താൻ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചു. ഡിസംബർ 27ന്‌ അദ്ദേഹം ഒരു കൂട്ടുകാരനോടു പറഞ്ഞു, മുറിയിൽ മഷി നോക്കിയിട്ടു കാണാതിരുന്നതിനാൽ അന്നു രാവിലെ തനിയ്ക്ക് സ്വന്തം ചോര കൊണ്ട് ഒരു കവിത എഴുതേണ്ടി വന്നുവെന്ന്. പിന്നീടു വായിച്ചാൽ മതിയെന്നു പറഞ്ഞുകൊണ്ട് കൂട്ടുകാരന്റെ പോക്കറ്റിൽ ഒരു കവിത വച്ചുകൊടുക്കുകയും ചെയ്തു. അയാൾ പിറ്റേ ദിവസം കവിതയെടുത്തു വായിക്കുമ്പോഴേക്കും കവി മരിച്ചു കഴിഞ്ഞിരുന്നു.) 

No comments:

Post a Comment