Friday, January 8, 2016

സ്റ്റാലിൻ്റെ അന്ത്യം



ഇന്ത്യന്‍ അംബാസഡറായിരുന്ന കെ.പി.എസ്.മേനോനാണ് സ്റ്റാലിന്‍ അവസാനമായി സ്വീകരിച്ച വിദേശപ്രതിനിധി. സംഭാഷണമധ്യേ സ്റ്റാലിന്‍ കടലാസില്‍ പെന്‍സില്‍കൊണ്ട് ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായുമെല്ലാം ചെന്നായ്ക്കളെ വരച്ചുകൊണ്ടിരുന്നു. ഇതേക്കുറിച്ച് താത്പര്യമെടുത്ത അംബാസഡറോടദ്ദേഹം പറഞ്ഞു: 'റഷ്യന്‍കര്‍ഷകന്‍ വളരെ ലാളിത്യമുള്ളവനാണെങ്കിലും അറിവുള്ളവനുമാണ്. ചെന്നായ്ക്കള്‍ അവരെ ആക്രമിക്കുമ്പോള്‍ അവരവയെ സദാചാരം പഠിപ്പിക്കാനല്ല, പകരം കൊല്ലാനാണ് ശ്രമിക്കുക. ചെന്നായ്ക്കള്‍ക്കിതറിയുകയും ചെയ്യാമെന്നതുകൊണ്ട് അവ അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്നു.' അമേരിക്കയെക്കുറിച്ചുള്ള സംഭാഷണമധ്യേയായതുകൊണ്ടിത് സാമ്രാജ്യത്വച്ചെന്നായ്ക്കളെക്കുറിച്ചാകുമെന്നാണ് മേനോന്‍ കരുതിയത്. ഒരുപക്ഷേ, ഇത് വീടിനടുത്തുള്ള ചെന്നായ്ക്കളെക്കുറിച്ചുകൂടിയാകുമോ എന്നു പിന്നീടദ്ദേഹം ചിന്തിക്കുന്നുണ്ട്.

1953 ഫിബ്രവരി 28. തന്റെ പതിവുസന്ദര്‍ശകരായിരുന്ന ബെറിയ, മലങ്കോവ്, ക്രൂഷ്‌ചേവ്, ബുള്‍ഗാനിന്‍ എന്നിവരോടൊപ്പമദ്ദേഹം കാലത്ത് 4 മണിവരെ ചെലവഴിച്ചു. പരിചാരകര്‍ യജമാനന്റെ ആജ്ഞപ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നല്കി. സ്റ്റാലിനതിനെ ജ്യൂസ് എന്നാണു വിളിക്കുക. ഒടുവില്‍ സന്ദര്‍ശകര്‍ പിരിഞ്ഞ് പതിവു ജോലിക്കാരന്‍ വാതിലടച്ചു.

എനിക്കിനിയൊന്നും ആവശ്യമില്ലെന്നുപറഞ്ഞ് അദ്ദേഹം അവരെയെല്ലാം ഉറങ്ങാന്‍ പറഞ്ഞയച്ചു. വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോര്‍ക്കുന്നു. സ്റ്റാലിന്‍ അസ്വസ്ഥനായാണ് ഉറങ്ങാന്‍ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണര്‍ന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോള്‍ ജോലിക്കാരന്‍ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കില്‍ അകത്തുചെല്ലരുതെന്നും എങ്കില്‍ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മില്‍ ചര്‍ച്ചചെയ്തും ആരും അകത്തുകടക്കാന്‍ ഭയന്നുമവര്‍ കഴിച്ചുകൂട്ടി.

ഒടുവില്‍ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയില്‍ സൗകര്യമായെടുത്ത് ഒരാള്‍ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയില്‍ വീണുകിടക്കുന്ന യജമാനനെയാണയാള്‍ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിന്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങള്‍ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ എടുക്കാന്‍ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂര്‍ക്കംവലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ സോഫയില്‍ കിടത്തി.
ഉടനെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഫോണ്‍കോളുകള്‍ പോയി. കെ.ജി.ബി.തലവന്‍ അങ്ങേത്തലയ്ക്കല്‍ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവര്‍ക്ക് മലങ്കോവിനെ കിട്ടി. അയാള്‍ക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവില്‍ ബെറിയയുടെ ഫോണ്‍ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകള്‍ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.

ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും ഒരുമിച്ച് കാറിലെത്തി. സ്റ്റാലിനെ നോക്കി ബെറിയ പറഞ്ഞു, 'നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.' അവരദ്ദേഹത്തോട് ഉണ്ടായത് പറഞ്ഞു. വെറുതേ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്, സഖാവ് സ്റ്റാലിനെ ശല്യം ചെയ്യരുതെന്നുകൂടി പറഞ്ഞവര്‍ പോയി. എട്ടുമണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്ടര്‍മാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവര്‍ പരിശോധിച്ചത്. തലച്ചോറില്‍ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയിരുന്നു.

ഇടയ്ക്ക് മകൾ സ്വെത്‌ലാന സ്റ്റാലിനെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റാലിനെ ടെലിഫോണിലവിടെ കിട്ടുക എളുപ്പമായിരുന്നില്ല. ആദ്യം ഗാര്‍ഡ്‌പോസ്റ്റില്‍ വിളിക്കണം. തുടര്‍ന്നൊരാള്‍ ചെന്ന് സ്റ്റാലിന്റെ മുറിയില്‍ അനക്കമുണ്ടോയെന്ന് നോക്കണം, ഇല്ലെങ്കില്‍ അദ്ദേഹം ഉറങ്ങുകയോ വായിക്കുകയോ നിശ്ശബ്ദമായി എന്തെങ്കിലും എഴുതുകയോ ആകും. എങ്കില്‍ ശല്യം ചെയ്യരുത്. സ്വെത്‌ലാനയ്ക്കു കിട്ടിയ മറുപടി അനക്കമില്ല എന്നാണ്.

പിന്നീട് സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്മുറിയില്‍നിന്ന് മലങ്കോവ് വിളിച്ചുവരുത്തി. ക്രൂഷ്‌ചേവും ബുള്‍ഗാനിനും അവരെ പിതാവിനടുത്തേക്കു നയിച്ചു. ഡോക്ടര്‍മാരും ഉപകരണങ്ങളും നേതാക്കളുമെല്ലാമായവിടം തിരക്കായിരുന്നു. സ്വെത്‌ലാന അച്ഛനെ ചുംബിച്ച് കൈപിടിച്ചുകൊണ്ടിരുന്നു. സഹോദരന്‍ വാസ്സിലിയെയും വിളിച്ചുവരുത്തിയിരുന്നു. അയാള്‍ ഡോക്ടര്‍മാരെ ഉച്ചത്തില്‍ ശപിച്ചു. അവരച്ഛനെ കൊല്ലുകയാണെന്നവന്‍ അലറി വിളിച്ചു.

സ്റ്റാലിന്റെ രോഗവാര്‍ത്ത റേഡിയോയിലൂടെയും ഉച്ചഭാഷിണിയിലൂടെയും രാജ്യം മുഴുവനെത്തി. ഒടുവില്‍ 1953 മാര്‍ച്ച് 3ന് മക്കളുടെയും ബന്ധുക്കളുടെയും പ്രസീഡിയം അംഗങ്ങളുടെയുമെല്ലാം സാന്നിധ്യത്തില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെതന്നെ നേതൃത്വത്തില്‍ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്പരസംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്ടര്‍പോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവില്‍ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിടപറഞ്ഞു. ഒരുപക്ഷേ, കൃത്യസമയത്ത് വൈദ്യപരിചരണം കിട്ടിയാലും രേഖപ്പെടുത്തപ്പെട്ടപോലെ തലച്ചച്ചോറില്‍ രക്തസ്രാവമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനന്ന് കഴിയുമായിരുന്നുമില്ല. സ്റ്റാലിനപ്പോള്‍ 75-ാമത്തെ വയസ്സായിരുന്നു.

സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതരം പ്രചരണങ്ങളുണ്ട്. അവസാനകാലംവരെ സ്റ്റാലിനെ പ്രതിരോധിച്ച പാര്‍ട്ടിയും നേതാവുമാണ് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്‍വര്‍ ഹോജയും. മാവോയ്ക്കുണ്ടായിരുന്ന വിമര്‍ശനങ്ങള്‍പോലും ക്രൂവ്‌ഷേവിനെതിരേ ചീനയോടൊപ്പം നില്ക്കുമ്പോഴും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സ്റ്റാലിന്റെ മരണം കൊലപാതകമായിരുന്നുവെന്നാണ് അന്‍വര്‍ ഹോജയുടെ പക്ഷം. ഇതിനദ്ദേഹം ക്രൂഷ്‌ചേവിന്റെ അടുത്ത സഹകാരിയായിരുന്ന മിഖോയന്‍, അന്‍വര്‍ ഹോജയോട് നേരിട്ട് പറഞ്ഞതിങ്ങനെ സാക്ഷിയാക്കുന്നു. അല്‍ബേനിയന്‍ നേതാക്കളായിരുന്ന അന്‍വര്‍ ഹോജയോടും മെഹ്മ്മദ് ഷെഹുവിനോടും മിഖോയന്‍ പറഞ്ഞത്, ക്രൂഷ്‌ചേവിനോടൊപ്പം അവര്‍ സ്റ്റാലിനെ കൊല്ലാനാലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടിത് ഉപേക്ഷിച്ചുവെന്നുമാണ്. ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ഹംഗേറിയന്‍ നേതാവ് ഇമ്രിനാഗിയെ അന്താരാഷ്ട്രമര്യാദകളൊന്നും പാലിക്കാതെ റുമാനിയയില്‍ കൊണ്ടുപോയി സ്വകാര്യമായി വധിക്കുകയും ചെയ്തവരും മാഫിയാസംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നവരുമാണ് ക്രൂഷ്‌ചേവ് സംഘമെന്നും ഹോജ പറയുന്നു. പരസ്യവിചാരണകളിലൂടെ മാത്രം വധശിക്ഷ നടപ്പാക്കിയ സ്റ്റാലിന്‍ ഒരിക്കലും അവരെപ്പോലെയായിരുന്നില്ലെന്നും യൂഗോസ്ലാവിയയെപ്പോലെ അഭിപ്രായഭേദങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴും വിദേശരാജ്യങ്ങളെ ആക്രമിക്കുന്ന കാര്യം സ്റ്റാലിന്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ലെന്നും ഹോജ പറയും. താനൊന്ന് വിരലനക്കിയാല്‍ ടിറ്റോ അധികാരത്തിലുണ്ടാവില്ല എന്നു സ്റ്റാലിന്‍ പറഞ്ഞതായി പരാമര്‍ശിച്ചു കണ്ടിട്ടുണ്ടെങ്കിലും സ്റ്റാലിനൊരിക്കലും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഒരട്ടിമറിക്ക് ശ്രമിച്ചതായി സൂചനകളൊന്നുമില്ലെന്നും ഇതോടൊപ്പം ചേര്‍ക്കണം. ന്യായാന്യായത്തെക്കാളേറെ സാര്‍വദേശീയ കമ്യൂണിസ്റ്റ് നേതാക്കളായിരുന്നവര്‍ക്കിടയിലെ ബന്ധങ്ങളുടെ സ്വഭാവവും ജീര്‍ണതയുമാണ് ഹോജയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുക.

സ്റ്റാലിന്റെ മരണത്തെക്കുറിച്ചുള്ള പരിചാരകന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രത്യക്ഷത്തില്‍ത്തന്നെ അത്രമാത്രം അശ്രദ്ധയും അവഗണനയും അടിയന്തിര വൈദ്യസഹായമെത്തിക്കുന്നതിലടക്കം അദ്ദഹവുമായടുത്ത നേതൃത്വം അശ്രദ്ധ കാട്ടിയിരുന്നു എന്നാണു തോന്നിക്കുക.(മലങ്കോവ് പിന്നീട് റഷ്യൻ പ്രധാനമന്ത്രിയായി: chairman of council of ministers) ഒരുപക്ഷേ, സ്റ്റാലിന്റെ ആസന്നമരണാവസ്ഥയുണ്ടാക്കുന്ന ദുഃഖത്തെക്കാളും അദ്ദേഹത്തോടുള്ള സ്‌നേഹത്തെക്കാളും ഏറെ, തങ്ങളുടെ കടമകളും തലതെറിച്ചേക്കുമോ എന്നുവരെയുള്ള ഭയാശങ്കകളുമാണ് ഈ കുറിപ്പിലും കൂടുതലായി കാണുക. സ്റ്റാലിന്റെ പിന്തുടര്‍ച്ചക്കാരന്‍വരെയാകാവുന്ന ഷഡാനോവിന്റെ മരണത്തില്‍വരെ ഡോക്ടര്‍മാരുടെ ഗൂഢാലോചന കണ്ടെത്തിയ സാഹചര്യവും മനോനിലയുമാണിതില്‍ പ്രധാനമെന്നു തോന്നുന്നു. സ്റ്റാലിന്റെ മരണത്തിന് ഒറ്റയ്ക്കു സാക്ഷിയാകാനോ, ഉത്തരവാദിത്വമെടുത്ത് ചികിത്സിക്കാനോ ഒന്നും ഒരാള്‍ക്കും ധൈര്യപ്പെടാനാകാത്ത സാഹചര്യം അന്നവിടെ നിലനില്ക്കുന്നുണ്ടാകണം. തുടര്‍ന്നും ക്രൂഷ്‌ചേവ് അധികാരത്തിലേറുന്നത് ബെറിയയെ കുറ്റമാരോപിച്ച് വെടിവെച്ചു കൊന്നുമാണല്ലോ.

സ്റ്റാലിന്റെ മരണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കൊടി പകുതി താഴ്ത്തിക്കെട്ടി. യു.എന്‍. സെക്രട്ടറി, സ്റ്റാലിന്റെ സ്ഥാപകാംഗങ്ങളിലൊരാളെന്ന സ്ഥാനവും, നാസി ആക്രമണത്തിനെതിരായ വിജയത്തില്‍ സ്റ്റാലിന്‍ വഹിച്ച അതിമഹത്തായ പങ്കും എടുത്തുപറയുകയും ചെയ്തു. ഒപ്പം എല്ലാ രാഷ്ട്രങ്ങളിലെയും ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തില്‍ സമാധാനത്തിനുള്ള പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കാര്യമെടുത്തുപറഞ്ഞു. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ അദ്ദേഹത്തിന്റെ പ്രഭാതമാസ്സില്‍ സ്റ്റാലിന്റെ ആത്മാവിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു. ചീനയടക്കം കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരും പാര്‍ട്ടികളുമെല്ലാം സ്വാഭാവികമായ അനുശോചനസന്ദേശങ്ങളയച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്: 'മാര്‍ഷല്‍ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാതരം ചിന്തകളും നമ്മുടെ മനസ്സിലേക്ക് വരുന്നു, കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലത്തെ ചരിത്രദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നു..... ഈ വര്‍ഷങ്ങളിലെ ചരിത്രത്തെ മാര്‍ഷല്‍ സ്റ്റാലിനെക്കാള്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ബാധിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയുമില്ല' എന്നാണ്. മലങ്കോവിനോടും ബെറിയയോടുമൊപ്പം സ്റ്റാലിന്റെ ചരമയാത്രയെ നയിച്ചവരില്‍ ചൗഎന്‍ലായിയുമുണ്ടായിരുന്നു. സ്വെത്‌ലാനയും വാസ്സിലിയും ചെറുമക്കളുമവരെ അനുഗമിച്ചു. കാന്റര്‍ബറി കത്തീഡ്രലിലെ ഡീന്‍ അദ്ദേഹത്തിന്റെ പള്ളിപ്രസംഗത്തില്‍ പറഞ്ഞത് സ്റ്റാലിന്റെ ഏറ്റവും വലിയ സംഭാവന ശിശുക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സംസ്‌കാരവും വളര്‍ത്താനും പ്രത്യേകിച്ചും കുട്ടികളുടെ സന്തോഷത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളാണെന്നാണ്. പറയാനുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കുമുപരി ക്രിസ്തു ഇന്നിവിടെ വന്ന് ഈ ചിത്രം കണ്ടാല്‍ പ്രധാനമായും ഈ വലിയ മാറ്റങ്ങളെപ്രതി ജോസഫ് സ്റ്റാലിനെപ്പറ്റി അദ്ദേഹത്തിനും എന്തെങ്കിലും പറയാനില്ലാതെവരില്ല എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 'എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ' എന്ന മുദ്രാവാക്യത്തെ അന്നത്തെ പ്രാര്‍ഥനയില്‍ അയാളുള്‍പ്പെടുത്തുകയും ചെയ്തു.
സോവിയറ്റ് ജനങ്ങളുടെ നന്മയ്ക്കും ഭാവിക്കും ഒഴിവാക്കാനാകാത്തത് എന്നുള്ള വിശ്വാസത്തിലാണ് സ്റ്റാലിന്‍ വരുത്തിയ ഭീമമായ തെറ്റുകളടക്കം അദ്ദേഹത്തിന്റെ ചെയ്തികളും എന്നാണ് കടുത്ത വിമര്‍ശകരില്‍ത്തന്നെ പലരും പറഞ്ഞത്. എന്നാല്‍, ചരിത്രത്തിന്റെ വിധിതീര്‍പ്പുകള്‍ മിക്കപ്പോഴും നിസ്സംഗവും ദയാരഹിതമാവുകയും ചെയ്‌തേക്കാം.

ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സ്വപ്‌നം അവശേഷിക്കുന്നതുവരെ, സ്റ്റാലിന്റെ പേരും ആ സ്വപ്‌നത്തോടൊപ്പം എല്ലാ നന്മതിന്മകളോടെയും അവശേഷിക്കും എന്നുതന്നെയാകും ചരിത്രം അന്ത്യവിധി പറയുക എന്നു തോന്നുന്നു.

സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത്, പ്രത്യേകിച്ച് സ്റ്റാലിന്‍ കടുത്ത തെറ്റുകള്‍ ചെയ്തു എന്ന് താന്‍തന്നെ പറയുന്ന അവസാന പതിനഞ്ചു വര്‍ഷങ്ങള്‍ സ്റ്റാലിന്റെ ഉള്‍വൃത്തത്തിലുണ്ടായിരുന്ന ക്രൂഷ്‌ചേവാണ് മരണാനന്തരം തന്നെക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിയില്‍ ഏറെ മുതിര്‍ന്ന നേതൃത്വമായിരുന്ന ബെറിയയുടെ അടക്കം ചോരയുടെ മുകളില്‍ക്കൂടി അധികാരാരൂഢനായശേഷം സ്റ്റാലിനെതിരേ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രഹസ്യരേഖയുമായി വന്നത്. ഒരുപക്ഷേ, സ്റ്റാലിന്റെ വീഴ്ചകളുടെ ആഴം വര്‍ധിക്കുക, ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടിലെ ആര്‍ക്കും മനസ്സിലാക്കാവുന്ന കുറെ കാര്യങ്ങള്‍ വായിക്കുമ്പോഴല്ല, ഇത്രമാത്രം ജീര്‍ണിച്ചതും നിലവാരമില്ലാത്തതുമായ ഒരു നേതൃത്വനിരയിലേക്കാണതിന്റെ പിന്തുടര്‍ച്ചയവശേഷിച്ചത് എന്ന ചരിത്രവസ്തുത തിരിച്ചറിയുമ്പോഴാണ്.

ഈ ക്രൂഷ്‌ചേവ്തന്നെയും തന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതുന്നു: 'അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യത്തിന്റെ, അധ്വാനിക്കുന്ന ജനങ്ങളുടെ താത്പര്യത്തിന്റെ, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിജയത്തിന്റെ, താത്പര്യത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് സ്റ്റാലിന്‍ ഇതിനെ നോക്കിക്കണ്ടത്. അവയെല്ലാം അധികാരം തലയ്ക്കുപിടിച്ച ഒരു സ്വേച്ഛാധിപതിയുടെ ചെയ്തികളാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. പാര്‍ട്ടിയുടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താത്പര്യത്തിന് വിപ്ലവനേട്ടങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ അതു ചെയ്യേണ്ടതുണ്ടെന്ന് സ്റ്റാലിന്‍ കരുതി. അതില്‍ത്തന്നെയായിരുന്നു അതിന്റെ മുഴുവന്‍ ദുരന്തവും.'

ശാസ്ത്രത്തിലും ചരിത്രത്തിലുംതത്ത്വചിന്തയിലുമെല്ലാം വിജ്ഞാനവിസ്‌ഫോടനങ്ങള്‍ നടക്കുകയും നരവംശശാസ്ത്രം, മനോവിശ്ലേഷണം തുടങ്ങി പല വിജ്ഞാനശാഖകളും രൂപമെടുക്കുകയോ വളര്‍ച്ച നേടുകയോ ചെയ്ത കാലമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതി. ഉത്പാദനപ്രക്രിയയിലെ ശാസ്ത്രസാങ്കേതികരംഗത്തടക്കം വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് അണിയറ ഒരുക്കങ്ങളായി ഭവിച്ചിട്ടുമുണ്ട്. സ്റ്റാലിന്റെ കൃതികളില്‍ ഇവയൊന്നും ഇടംപിടിക്കുന്നില്ല. മാത്രവുമല്ല, പില്ക്കാലത്ത് പ്രമുഖമായിത്തീര്‍ന്ന സ്ത്രീ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളൊന്നും അദ്ദേഹം തന്റെ കൃതികളിലഭിമുഖീകരിച്ചില്ല.

സ്റ്റാലിന്റെ ശരികള്‍ തെറ്റുകളെ അതിവര്‍ത്തിക്കുന്നുണ്ട് എന്നാണ് മാവോയും സി.പി.സിയും വിലയിരുത്തിയത്. ഏതാണ്ട് 70-30 എന്നിങ്ങനെ ഒരു ശതമാനക്കണക്കാണ് സാധാരണയിതില്‍ സി.പി.സി.പറയുക. സ്റ്റാലിന്‍ മനുഷ്യജീവനു വേണ്ടത്ര വിലകല്പിച്ചിട്ടില്ല എന്നും സി.പി.സി. പലതവണ സൂചിപ്പിച്ചിട്ടുണ്ട്.

സ്റ്റാലിന്റെ ഉറച്ച അനുയായിയായി അവസാനംവരെ ഏകനായി തുടര്‍ന്ന ചെറിയ അല്‍ബേനിയയും സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ തകര്‍ച്ചകളുടെ സാഹചര്യത്തില്‍ സോഷ്യലിസമുപേക്ഷിച്ചു. രക്തപ്പകകളടക്കം വ്യാപകമായിരുന്ന പഴയ ആചാരങ്ങള്‍ തുടര്‍ന്നവിടെ പുനര്‍ജനിച്ചതായും പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെയും സാമൂഹികജീവിതത്തിലുണ്ടായ മതമൗലികവാദപരം പോലുമായ തിരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ കളികളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതുമാണ്.

അവലംബ പുസ്തകം: സ്റ്റാലിനും ,സ്റ്റാലിനിസവും


Note: ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം ചരിത്രത്തിൽ രേഖപ്പെട്ട സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് . ചരിത്രത്തിലേക്ക് ഉള്ള ഒരു ചൂണ്ടു പലക മാത്രമാണിത് .

No comments:

Post a Comment