1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു. അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ അവള്‍ക്ക് കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു. തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്. 1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ് ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്.
യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല. പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. 1938 ഒക്ടോബർ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രിൽ 30ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്.
ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം അദ്ദേഹം പിന്നീട് ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു. ചാർട്രെയൂസ് എന്ന സ്ഥലത്താണ് വിശുദ്ധന്‍ ഏകാന്ത വാസം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കാർത്തുസിയൻ സഭ സ്ഥാപിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു.
മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമവാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ ഉർബൻ രണ്ടാമൻ പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു.
നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വിജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിട്ടു. 1101 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം വിവിധ രോഗങ്ങള്‍ക്ക് അടിമയായി. അതേ വര്‍ഷം ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു. ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്
പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൌജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ വളരെ നല്ല വൈദ്യന്‍മാര്‍ ആയിരുന്നു. ഡയോക്ലീഷന്‍ ചക്രവ൪ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കുകയും ഇവരെ ശിരഛേദനം ചെയ്യുകയും ചെയ്തു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു. വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും പെടും. പശ്ചിമ-പൌരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു.
കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”. ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയർത്തപ്പെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു. എന്നാല്‍ അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി. കാരണം, അവിടുത്തെ സന്യാസിമാർ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദർശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു. വിശുദ്ധ ബെനിഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് മടങ്ങി.
1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. 1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്. "പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ" എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് തൊട്ടിന്നുവരെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ. ആധുനിക കാലഘട്ടത്തിലെ പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല.ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരയായി ചൊരിയപ്പെടുന്നു. സകലർക്കും മോക്ഷം നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.
അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി. വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന് 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത് (പഞ്ചക്ഷതം). 224-ൽ ആയിരുന്നു ഇത്.
ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു. കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. . മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷെ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സെര്‍ബിയയിലെത്തിയതെന്നു കരുതുന്നു.
തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു. ഇതിനാല്‍ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിനെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി പരക്കുകയും ചെയ്തു. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു. കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥവിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടുത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്.