Sunday, May 29, 2016

രജനീഷ് ചന്ദ്രമോഹൻ ജെയിൻ - അഥവാ ഓഷോ


ജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധൻ ജനീഷ് ഇന്ത്യയിലുംഅമേരിക്കയിലുമായി ജീവിച്ചിരുന്നു.അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു.

രജനീഷ്‌ എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹൻ ജയിൻ ഡിസംബർ 11 1931 ന്‌ മധ്യപ്രദേശ്‌സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. ഏഴാം വയസ്സിൽ അപമൃത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ. ജാതകത്തിൽ വിശ്വസിക്കുന്ന തരൺപന്തി ജയിനുകളായിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ്‌ വളർത്തിയത്‌.
എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ്‌ ഒരു അനുഗൃഹീത വിദ്യാർത്ഥിയും യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച പ്രാസംഗികനുമായിരുന്നു.വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്ത രജനീഷിന്‌ തന്റെ പിതാമഹന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു.
തരൻപന്തി ജയിൻ സമുദായം 1939 മുതൽ ജബൽപ്പൂരിൽ നടത്തിയിരുന്ന സർവ്വ മത സമ്മേളനത്തിൽ 1951 ൽ പൊതു വേദിയിൽ ആദ്യമായി പ്രസംഗിച്ചു. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക്‌ ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ 1968 നു ശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി
21 മാർച്ച്‌ 1953 ൽ തനിക്ക്‌ ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നു.
...ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു... ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി...ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു... ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക്‌ ആസ്വദിക്കുവാൻ സാധിച്ചു...ആ പൂന്തോട്ടം ആകെ സജീവമായതു പോലെ...ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു...ഞാൻ ചുറ്റും നോക്കി...ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി... ആ മരച്ചുവട്ടിലേക്ക്‌ ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു..അത്‌ ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല...ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി... ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി..

സാഗർ സർവ്വകലാശാലയ്ക്കു  കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955 തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക്‌ റായ്പ്പൂർ സംസ്കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ്‌ എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമർശിച്ച്‌ പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി.
1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക്‌ തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു.1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത്‌ അവരിൽ രോഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത്‌ ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച്‌ പ്രസംഗിച്ചത്‌ വിവാദമായിരുന്നു. 1969ൽ ഓഷോയുടെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന്‌ രൂപം നൽകുകയും മുംബൈ യിൽ ഒരു വാടക കെട്ടിടത്തിൽ അദ്ദേഹം താമസമാവുകയും ചെയ്തു.
1970 സെപ്റ്റംബർ 26 ന്‌ തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച്‌ ആദ്യമായി ഒരു ശിഷ്യന്‌ സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ്‌ ധരിക്കേണ്ടിയിരുന്നത്‌ പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല..
1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ്‌ എന്ന നാമത്തിലാണ്‌ അറിഞ്ഞിരുന്നത്‌. സന്ദർശകരുടെ ഒഴുക്ക്‌ വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക്‌ അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ്‌ ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്‌ വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം.ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും"വി  കസിച്ചുകൊണ്ടിരുന്നു.
1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു.
ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."
ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌.
ഇൻഡ്യൻ പാർലമന്റ്‌ വായനശാലയിൽ രണ്ട്‌ വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ. ഓഷോയുടെ വാചകങ്ങൾ സ്ഥിരമായി ടൈംസ്‌ ഒഫ്‌ ഇൻഡ്യയിൽ വരുന്നുണ്ട്‌

ഓഷോ വചനങ്ങൾ
  • നിങ്ങൾ‍ പ്രബുദ്ധനായിത്തീരുമ്പോൾ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങൾക്കല്ല, മറ്റാർക്കോ സംഭവിച്ചതാണെന്നതുപോലെ.
  • മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം.
  • എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണെന്നതും നിങ്ങൾ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.
  • സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേൾക്കുന്ന കല.
  • മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.
  • ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.
  • ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാൽ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
  • നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാൻ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങൾ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.
  • വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.
  • നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.
  • കാമനയുടെ സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.
  • വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.
  • ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.
  • ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.