Monday, December 23, 2024

അത്യതിവേഗ നക്ഷത്രങ്ങൾ // Hypervelociy Stars

 


ഒരു ഗ്രാവിറ്റേഷണൽ ഫീൽഡിൽ നിന്നും ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത തരത്തിൽ രക്ഷപ്പെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വേഗതയാണ് Escape velocity എന്ന് നമുക്കറിയാം.


മിൽക്കിവേ ഗാലക്സിയുടെ കാര്യമെടുത്താൽ, നമ്മുടെ സൂര്യൻ്റെ സ്ഥാനത്തിനടുത്ത്, ഗാലക്സിയിൽ നിന്നുള്ള Escape velocity, ഏതാണ്ട് 550 km/sec ആണെന്ന് കണക്കാക്കിയിട്ടുണ്ട്. സൂര്യൻ, ഗാലക്‌സിയുടെ കേന്ദ്രത്തെ 220 km/sec എന്ന വേഗത്തിലാണ് പരിക്രമണം ചെയ്യുന്നത്. സൂര്യന് ഗാലക്സിയിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടണമെങ്കിൽ നിലവിലെ വേഗതയുടെ കൂടെ 310 km/sec വേഗത കൂടി കൂട്ടേണ്ടതായി വരും!! സൂര്യൻ്റെ സഞ്ചാരദിശയിലെ Escape velocity ആണ് ഇവിടെ പരിഗണിച്ചത്.


ഗാലക്സീകേന്ദ്രത്തിലെ അതിഭീമൻ ബ്ളാക്ഹോളിൽ നിന്നും 27,000 പ്രകാശവർഷത്തോളമുള്ള അതിവിദൂരതയിൽ ആയിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇത്രയും ഭീമമായ വേഗത ആവശ്യമായി വരുന്നത്?!! ഇതിന് കാരണം ഗാലക്സിയുടെ ആകെ മാസ്സ്, നമുക്ക് പരിചിതമായ വസ്തുക്കളുടേത് മാത്രമല്ല! നമുക്ക് പരിചിതമല്ലാത്ത ഒരു ദ്രവ്യരൂപം, ഗാലക്സിയെ പൊതിഞ്ഞ രൂപത്തിൽ, വലിയ അളവിൽ ഉള്ളതുകൊണ്ടാണ്!! ഈ ദ്രവ്യത്തിൻ്റെ (Dark matter) സാന്നിധ്യം എങ്ങനെയാണ് നാം സ്ഥിരീകരിച്ചതെന്ന് വിവരിക്കുന്നതായിരുന്നു എൻ്റെ കഴിഞ്ഞ പോസ്റ്റിലെ വിഷയം. സൂര്യന് രക്ഷപ്പെടാൻ നിലവിലെ വേഗതയുടെ ഇരട്ടിയേക്കാൾ കൂടുതൽ ആവശ്യമായി വരുന്നത് ഇതുകൊണ്ടാണ്!


മിൽക്കിവേയിൽ തന്നെ പല വേഗതകളിൽ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. നമ്മുടെ സൂര്യൻ ഒരു അതിവേഗതാ നക്ഷത്രമാണ് (Extreme velocity star). എന്നാൽ കാര്യമായ വേഗതയുള്ള, സെക്കൻഡിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഏതാനും നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയിലുണ്ട്! അവയാണ് അത്യതിവേഗ നക്ഷത്രങ്ങൾ അഥവാ Hyper velocity stars (HVS)!!


നമ്മുടെ ഗാലക്സിയിൽത്തന്നെയുള്ള ഇത്തരം HV സ്റ്റാറുകളിൽ ചിലതിന് മാത്രം ഗാലക്സിയുടെ അതിഭീമമായ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിയും!! മുകളിൽ പറഞ്ഞ Escape ആകാൻ വേണ്ട വേലോസിറ്റി ഉളളത് കൊണ്ട് തന്നെ ഗാലക്സിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെട്ട് Inter galactic സ്‌പെയ്‌സിലേക്ക് എത്തിച്ചേരാനും അവക്ക് കഴിയും!





ബൈനറി സ്റ്റാർസ്.. അഥവാ പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്ന് സൂപ്പർ മാസ്സീവ് ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റേഷണൽ ഫീൽഡിൽ അകപ്പെടുകയാണെങ്കിൽ, അതായത് ഭ്രമണപഥത്തിൽ പ്രവേശിക്കുകയാണെങ്കിൽ, (ഈ ബ്ലാക്ഹോളിൻ്റെ ഗ്രാവിറ്റിക്ക് ഒരു ബൈനറി സ്റ്റാർ സിസ്റ്റത്തെ തകർക്കാൻ കഴിയും.) കൂടെയുണ്ടായിരുന്ന നക്ഷത്രം, ഉയർന്ന വേഗതയിൽ അകലേക്ക് വലിച്ചെറിയപ്പെടും! അതായത് ഇതൊരു HV star ആയി മാറും!


അതുപോലെ സൂപ്പർനോവ കാരണവും HV stars ഉണ്ടാകാം. ഇവിടെയും ബൈനറി സ്റ്റാറുകളിലൊന്ന് ഫ്യൂഷൻ നിലച്ച് സൂപ്പർനോവയായി മാറിക്കഴിഞ്ഞാൽ, അതായത് ഒറ്റയടിക്ക് ദ്രവ്യം വലിയതോതിൽ സ്പേസിലേക്ക് വാരി വിതറപ്പെടുമ്പോൾ, Gravitational ഫീൽഡിലുണ്ടാകുന്ന വ്യതിയാനത്തിൻ്റെ ഫലമായി, ഒപ്പമുണ്ടായിരുന്ന നക്ഷത്രം ഒരു HV star ആയി പരിണമിക്കും!


നക്ഷത്രങ്ങളുടെ ഗതിയും വേഗതയുമൊക്കെ അളക്കുന്നത് ഗാലക്സിയുടെ രൂപീകരണത്തെക്കുറിച്ച് മാത്രമല്ല വിവരങ്ങൾ നൽകുക, ഗാലക്സിയിൽ നിന്ന് രക്ഷപ്പെടുന്ന ഹൈപ്പർവെലോസിറ്റി നക്ഷത്രങ്ങൾ പോലുള്ള വിചിത്ര പ്രതിഭാസങ്ങളെ തിരിച്ചറിയാനും കഴിയും. അതുവഴി അപരിചിത ദ്രവ്യത്തെ (Dark matter) പരിചിതമാക്കാനും സഹായിക്കും. ഒരിക്കൽ ഇതുപോലെ Galactic Center നടുത്തുള്ള നക്ഷത്രവേഗതകൾ അളന്നത് കൊണ്ടാണ് നാം നമ്മുടെ ഗാലക്സിയുടെ നടുവിൽ ഒരു ബ്ലാക്ഹോൾ ആണെന്നും പ്രപഞ്ചത്തിൽ ബ്ലാക്ഹോൾ നിലനിൽക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചത് തന്നെ!



Sunday, December 22, 2024

ആംബർ അഥവാ പ്രകൃതിയുടെ ടൈം കാപ്സ്യൂൾ.

 


ജുറാസിക് പാർക്ക് സിനിമയിൽ ഇത് കണ്ടത് ഓർക്കുന്നുണ്ടോ? 

ഉള്ളിലെ കൊതുകിനെ എടുത്തു അതിന്റെ വയറ്റിലെ രക്തത്തിൽ നിന്നും ഡൈനോസറിന്റെ ഡി എൻ എ എടുത്താണ് അവർ ആദ്യത്തെ ഡൈനോസറിന്റെ സൃഷ്ടിക്കുന്നത്.

ഇതിന്റെ പേരാണ് ആംബർ.

ആംബർ -Amber എന്നത് ഒരുതരം മരക്കറയാണ്. ഷട്പദങ്ങളുൾപ്പെടെയുള്ള ഒട്ടറെ ചരിത്രാതീതജീവികൾ ആംബറിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട് എന്നറിയമല്ലോ. കൂടാതെ ആഭരണനിർമാണത്തിനും പുരാതനകാലംമുതൽക്ക് ഈ ആംബർ ഉപയോഗിച്ചിരുന്നു. ഭൂതകാലത്തെ ഉള്ളിൽ സൂക്ഷിക്കുന്ന പ്രകൃതിയുടെ ടൈം കാപ്‌സ്യൂളുകളായ ആംബറുകളെക്കുറിച്ച് ഇന്ന് കൂടുതലറിയാം.

ഒരു ആംബറിന്റെ ജീവിതചക്രം ഒന്നു നോക്കിയാലോ.

പൈൻ, ദേവദാരു മുതലായവ ഉൾക്കൊള്ളുന്ന വൃക്ഷങ്ങൾ കറ ചുരത്താറുണ്ട്. ഈ മരക്കറയിൽ ഷട്‌പദങ്ങൾ, സസ്യഭാഗങ്ങൾ തുടങ്ങി വായു കുമിളകൾവരെ കുടുങ്ങുന്നു. ആ മരക്കറ പിന്നീട് ഉണങ്ങി മരത്തിൽനിന്ന് വേർപെട്ടുവീഴുന്നു.  വെള്ളത്തിൻന്റെ ഒഴുക്കിലും മറ്റും പെട്ട് അത് ദൂരസ്ഥലങ്ങളിലെത്തുന്നു. 

ഇനിയാണ് അടുത്ത സ്റ്റേജ്. അതാണ് ഫോസിലൈസേഷൻ. 

വാതകമാകാൻ ശേഷിയുള്ള എണ്ണകൾ, അമ്ലങ്ങൾ, സുഗന്ധമുള്ള ടെർപ്പീനുകൾ എന്നിവയൊക്കെ ഈ മരക്കറയിലടങ്ങിയിട്ടുണ്ടാവും. ഈ ഘടകങ്ങൾ ക്രമേണ ബാഷ്പീകരണ ത്തിന് വിധേയമാവുകയും അങ്ങനെ മരക്കറ ഒരു പാറക്കല്ലിന് സമാനമായി ദൃഢമാകുന്നു.  മണ്ണിലടിയുന്ന അവ മർദവും ചൂടുമൊക്കെയേറ്റ് പരുവപ്പെടുന്നു ലക്ഷക്കണക്കിന് വർഷങ്ങൾ നീളുന്ന ഈ  പരിണാമത്തിനിടയിൽ അവയിൽ പോളിമറൈസേഷനും സംഭവിക്കും ഒടുവിൽ ഈ മരക്കറ ചില്ല് പോലെ സുതാര്യവും കുടുങ്ങിക്കിടക്കുന്ന ജൈവവസ്‌തുക്കളെ കേടാകാതെ സംരക്ഷിക്കാനുള്ള കഴിവുമുള്ള ആംബറായി മാറുന്നു.

ആംബറിന്റെ നിറക്കൂട്ടുകൾ.

ആംബറിൽ ഒട്ടേറെ രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. മരത്തിന്റെ സവിശേഷത. കറയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ. ഫോസിലൈസേഷനെടുത്ത കാലയളവ് എന്നിവയൊക്കെ ആംബറിൻ്റെ നിറത്തെ സ്വാധീനിക്കുന്നു. രത്ന കല്ലുകൾപോലെ വിലപ്പെട്ടതാണ് ആംബർ. അതിന്റെ മനോഹാരിത, കുടുങ്ങിക്കിടക്കുന്ന വസ്‌തുക്കളുടെ അപൂർവതയും പഴക്കവും, നിറം എന്നിവയൊക്കെ അനുസരിച്ച്  ആംബറിൻ്റെ മൂല്യം നിർണയിക്കപ്പെടുന്നു.

ജീവികളുടെ ക്രിസ്റ്റൽ കല്ലറ

ആംബറിൽ കുടുങ്ങിക്കിടക്കുന്ന ജീവികൾ ചരിത്രാതീതകാല ജൈവവൈവിധ്യത്തെക്കുറിച്ച് വിലപ്പെട്ട സൂചനകൾ നമുക്ക് നൽകുന്നു. ആംബറുകളിൽനിന്ന് കണ്ടെത്തിയവയിൽ ഷട്പദങ്ങൾ മാത്രമമല്ല. ഫംഗസ്, അമീബ ആൽഗ തുടങ്ങിയ സൂക്ഷ്‌മജീവികളും ഇഴജന്തുക്കളും ഉഭയജീവികളും വലിയ ജീവികളുടെ ഭാഗങ്ങളും സസ്യഭാഗങ്ങളും ഉൾപ്പെടുന്നു ആയിരത്തി മുന്നൂറിലേറെ പ്രാചീന  സ്‌പീഷീസുകളെ ശാസ്ത്രജ്ഞർ ആംബറുകളിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

നമുക്ക് ലഭിച്ച പ്രധാനപ്പെട്ട ആംബറുകൾ ഏതൊക്കെയെന്നു നോക്കാം.

പറക്കും ഡൈനോസറിന്റെ തൂവലുള്ള ആംബർ. പഴക്കം പത്തു കോടി വർഷം. സ്ഥലം കാനഡ.

പല്ലിയുടെ പൂർവികൻ. പഴക്കം എട്ടു കോടി വർഷം. സ്ഥലം ബർമ്മ.

ഇപ്പോൾ ഇല്ലാത്ത ഒരു തരം തവള. പത്തു കോടി വർഷം.  സ്ഥലം മ്യാൻമർ.

ഡൈനോസറുകളുടെ സമാന കാലഘട്ടത്തിൽ  ജീവിച്ചിരുന്ന ഓന്ത്. പത്തു കോടി വർഷം. 

വംശമറ്റ ചെടിയുടെ ഒരു പൂവ്. പഴക്കം നാലു കോടി വർഷം. സ്ഥലം യൂറോപ്പിലെ ഇത്തരം ആമ്പറുകൾക്ക് പേരു കേട്ട  ബാൾട്ടിക് വനങ്ങൾ.

ഇൻഡ്യയിൽ.

ആംബറുകൾ ഇന്ത്യയിൽ ആദ്യമായി കണ്ടെടുത്തത് ഗുജറാത്തിൽ നിന്നാണ്. 2005 ൽ.  2005-ൽ. ഇൻഡ്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളാണ് ആമ്പറുകളുടെ പ്രധാന സ്ഥലങ്ങൾ. ആമ്പറുകളുടെ പഴക്കം മൂന്നു മുതൽ ഒമ്പതു കോടി വർഷങ്ങൾക്കുള്ളിലാണ്.

നമ്മെ വിട്ട് സൂര്യനും അകലുന്നുണ്ടോ?

 


ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നത് വൃത്താകൃതിയിലല്ല, മറിച്ച് ദീർഘ വൃത്താകൃതിയിലാണ് എന്ന് നമുക്കറിയാം. ഇതനുസരിച്ച് ഭൂമി സൂര്യനോട് അടുക്കുകയും അകലുകയും ചെയ്യുമെന്നും നൂറ്റാണ്ടുകൾ മുൻപേ നമുക്കറിയാം.


എന്നാൽ, ഭൂമിയും സൂര്യനും തമ്മിലുള്ള 𝐀𝐯𝐞𝐫𝐚𝐠𝐞 𝐝𝐢𝐬𝐭𝐚𝐧𝐜𝐞 ആണ് വർദ്ധിക്കുന്നതെങ്കിലോ! ഇവിടെ ഉദ്ദേശിക്കുന്നതും ഈ അകൽച്ച തന്നെയാണ്.


സൂര്യൻ ഓരോ വർഷവും ഭൂമിയിൽ നിന്ന് 𝟔 സെൻ്റീമീറ്റർ (𝟐.𝟑𝟔 ഇഞ്ച്) അകലുന്നുണ്ട്!


➤𝟔 𝐜𝐦/𝐲𝐞𝐚𝐫 എന്ന ഈ അകൽച്ച, മനുഷ്യന് ഭാവിയിലെങ്കിലും പ്രശ്നമുണ്ടാക്കുമോ?


ഇല്ല! കാരണം പറയാം...


➤അകലുന്നതിൻ്റെ കാരണമെന്തായിരിക്കും?


സൂര്യനിൽ അനുനിമിഷം നടക്കുന്ന, 𝐍𝐮𝐜𝐥𝐞𝐚𝐫 𝐟𝐮𝐬𝐢𝐨𝐧 എന്ന പ്രക്രിയയും, 𝐒𝐨𝐥𝐚𝐫 𝐰𝐢𝐧𝐝 എന്ന പ്രതിഭാസം മൂലവും കാലക്രമേണ അതിൻ്റെ പിണ്ഡം നഷ്ടപ്പെടുന്നുണ്ട്. കാരണം സൂര്യൻ്റെ പിണ്ഡം അഥവാ 𝐌𝐚𝐬𝐬 തന്നെയാണ് പ്രകാശമായും, സൗരക്കാറ്റായുമൊക്കെ ഗ്രഹങ്ങളിലേക്കും മറ്റും എത്തുന്നത്. 𝐌𝐚𝐬𝐬 കുറയുന്നതിൻ്റെ അനന്തരഫലമാണ് ഈ അകൽച്ചക്ക് കാരണം.


➤എന്തുകൊണ്ടാണ് ഭാവിയിൽപ്പോലും മനുഷ്യന് പ്രശ്നമുണ്ടാകാൻ സാധ്യതയില്ലാത്തത്?


ഭൂമി - സൂര്യൻ ഇവയ്ക്കിടയിലുള്ള 𝐀𝐯𝐞𝐫𝐚𝐠𝐞 𝐝𝐢𝐬𝐭𝐚𝐧𝐜𝐞 ഏകദേശം 𝟏𝟒.𝟗𝟔 കോടി കിലോമീറ്ററാണ്. ഓരോ വർഷവും 𝟔 𝐜𝐦 എന്ന മാറ്റം വളരെ കുറവാണ്.


പതിറ്റാണ്ടുകൾ പരിഗണിച്ചാൽപ്പോലും ഭൂമിയുടെ ഭ്രമണപഥത്തിലോ കാലാവസ്ഥയിലോ അളക്കാവുന്ന ഒരു സ്വാധീനം പോലും ഉണ്ടാക്കാൻ പോകുന്നില്ല.


ഒരു മാറ്റം ശ്രദ്ധേയമാകാൻ കോടിക്കണക്കിന് വർഷങ്ങളെങ്കിലും എടുക്കും. അതിനും വളരെ മുൻപേ ഭൂമി വാസയോഗ്യം അല്ലാതാകുന്നതിനാണ് സാധ്യത കൂടുതൽ!


അതുവരെ, ഭൂമിയുടെ ഭ്രമണപഥം സ്ഥിരതയുള്ളതാണ് എന്ന് പറയാം. സൂര്യൻ്റെ അകലത്തിലെ ചെറിയ മാറ്റങ്ങളൊന്നും 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐟𝐨𝐫𝐜𝐞-നെയോ 𝐄𝐚𝐫𝐭𝐡'𝐬 𝐜𝐥𝐢𝐦𝐚𝐭𝐞-നെയോ ഒന്നും കാര്യമായി ബാധിക്കില്ല.


ഇതുപോലുള്ള 𝐂𝐞𝐥𝐞𝐬𝐭𝐢𝐚𝐥 𝐞𝐯𝐞𝐧𝐭𝐬 നടക്കുന്നത് ദശലക്ഷക്കണക്കിനോ, കോടികണക്കിനോ വർഷങ്ങളെടുത്താണ് സംഭവിക്കുന്നത് എന്നുള്ളതുകൊണ്ടും നമ്മുടെയൊക്കെ ആയുസ്സ് അതിനെ അപേക്ഷിച്ച് തുച്ഛമാണ് എന്നുള്ളതുകൊണ്ടും പേടിക്കേണ്ട കാര്യമില്ല.

അനുനാകി - 13

 പാസ്കഗൗള സംഭവം



1973 ഒക്‌ടോബർ 11-ന് വൈകുന്നേരം 42-കാരനായ ചാൾസ് ഹിക്‌സണും 19-കാരനായ കാൽവിൻ പാർക്കറും പാസ്കഗൗള നദിയുടെ പടിഞ്ഞാറൻ തീരത്ത് മീൻപിടിക്കാൻ പോയി.  സന്ധ്യ മയങ്ങിയപ്പോൾ, അവർ ഒരു ചുഴലിക്കാറ്റ് / വിസിങ്ങ് ശബ്ദം കേട്ടു, വെള്ളത്തിൽ നീല വെളിച്ചത്തിൻ്റെ മിന്നലുകൾ കണ്ടു.  ഏകദേശം 30-40 അടി കുറുകെയും 8-10 അടി ഉയരവുമുള്ള ഒരു ഓവൽ ആകൃതിയിലുള്ള ഒരു വസ്തുവിനെ അവർ കണ്ടു .  മൂന്ന് ജീവികൾ കപ്പലിൽ നിന്ന് പുറത്തേക്ക് വന്ന് അവരെ  കപ്പലിൽ കയറ്റി.  പൂർണ്ണമായും തളർന്നെങ്കിലും അപ്പോഴും ബോധാവസ്ഥയിലായിരുന്ന  രണ്ടുപേരെയും ഒരു ഭീമൻ റോബോട്ടിക് കണ്ണ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.  പിന്നീട് അവരെ കരയിലേക്ക് തിരിച്ചയച്ചു, ക്രാഫ്റ്റ് രാത്രി ആകാശത്തേക്ക് കുതിച്ചു.




ഹിക്‌സണും പാർക്കറും ഉടൻ തന്നെ സംഭവം കീസ്‌ലർ എഎഫ്‌ബിയിലും ജാക്‌സൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റിലും റിപ്പോർട്ട് ചെയ്തു.  രഹസ്യമായി ഉണ്ടാക്കിയ ഒരു ഓഡിയോ റെക്കോർഡിംഗ്, അവർ ആഘാതത്തിലാണെന്നും അവരുടെ കുടുംബത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും ആരെയും കബളിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും വെളിപ്പെടുത്തി.  പോളിഗ്രാഫ് പരീക്ഷയിൽ ഹിക്സൺ വിജയിച്ചതായി റിപ്പോർട്ടുണ്ട്.  നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ ഡോ. ജെ. അലൻ ഹൈനെക് ഈ കേസ് പഠിച്ച് ഉപസംഹരിച്ചു: "ഈ മനുഷ്യർക്ക് വളരെ യഥാർത്ഥവും ഭയപ്പെടുത്തുന്നതുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നതിൽ എൻ്റെ മനസ്സിൽ സംശയമില്ല."


നരച്ച, ആനയെപ്പോലെയുള്ള ചർമ്മം, വെടിയുണ്ടയുടെ ആകൃതിയിലുള്ള തലകൾ, പിളർപ്പ് ആകൃതിയിലുള്ള വായകൾ, ഞണ്ടുകളെപ്പോലെ പിഞ്ചറുകൾ എന്നിവയുള്ള ആറടി ഉയരമുള്ള റോബോട്ടിക് ഹ്യൂമനോയിഡുകൾ എന്നാണ് ഹിക്‌സണും പാർക്കറും വിശേഷിപ്പിച്ചത്. അവയ്ക്ക് കുതിച്ചുചാട്ടാനുള്ള കഴിവുണ്ടായിരുന്നു, കൂടാതെ നിലത്തിന് മുകളിൽ ചുറ്റിക്കറങ്ങുകയും ചെയ്തു.

Saturday, December 21, 2024

ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ -

 


ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ - ക്വാണ്ടം അൺസെർട്ടണിറ്റി ഗാലക്സികളിൽ 

ബാരിയോൻ എന്നാൽ ഓർഡിനറി മാറ്റർ എന്നർത്ഥം, അക്കൂസ്റ്റിക് എന്നാൽ ശബ്ദവുമായി ബന്ധപ്പെട്ടത്, ഓസ്സില്ലാഷൻ എന്നാൽ ആന്ദോളനം. ഈ പ്രതിഭാസം എന്താണെന്നു നോക്കാം.


ബിഗ് ബാംഗ് കഴിഞ്ഞു 3 മിനിറ്റ് ആവുമ്പഴേക്കും  ആദ്യത്തെ ലൈറ്റ് എലമെന്റ് നുക്ലിയികൾ ഉണ്ടാവുന്നു. അന്നുണ്ടായിരുന്ന ഉയർന്ന ഡെന്സിറ്റി കാരണം ഉണ്ടായിരുന്ന റേഡിയേഷൻ 38,000 വർഷങ്ങളോളം ബാരിയോണുകളുമായി കൂടി കുഴഞ്ഞുകിടന്നു. ഇതിനെ ബാരിയോൺ-ഫോട്ടോൺ ഫ്ലൂയിഡ് എന്ന് വിളിക്കുന്നു. പ്രപഞ്ചത്തിന്റെ തുടക്ക സ്റ്റേജിൽ ക്വാണ്ടം മെക്കാനിക്കൽ ഫ്ലാക്ച്ചുവേഷൻ ഉണ്ടാക്കുന്ന ചെറിയ (വളരെ വളരെ ) സാന്ദ്രത വ്യതിയാനങ്ങൾ മാത്രമാണ് മാറ്റർ ഡിസ്ട്രിബൂഷനിൽ ഉണ്ടായിരുന്നത്.


ഈ ചെറിയ സാന്ദ്രതാ വെത്യാസം കാരണം കൂടുതൽ  സാന്ദ്രത ഉള്ള സ്ഥലങ്ങളിലോട്ടു കൂടുതൽ കൂടുതൽ മാറ്റർ , ഗ്രാവിറ്റേഷൻ കാരണം ആകര്ഷിക്കപ്പെടുന്നു, ഇത് പിന്നീട് നമ്മൾ ഇന്ന് കാണുന്ന പ്രപഞ്ചമായി പരിണമിക്കുന്നു. എന്നാൽ വളരെ അധികം റേഡിയേഷൻ പ്രഷർ സാന്ദ്രത കൂടിയ ഇടത്തേക്ക് നീങ്ങുന്ന മറ്റെറിനെ തിരിച്ചു തള്ളുന്നു. ഇത് കാരണം ഒരു ആന്ദോളനം ഈ പ്ലാസ്മയിൽ ഉണ്ടാവുന്നു (ബാരിയോൺ ആക്കുസ്റ്റിക് ഓസ്സില്ലേഷൻ). ഈ ആന്ദോളനം പ്ലാസ്മയിൽ ഒരു സൗണ്ട് വേവ് ഉണ്ടാക്കുകയും അത് സമ്മർദ്ദ തരംഗങ്ങളായി ഏർളി യൂണിവേഴ്സിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.



പ്രപഞ്ചം ഈ സമയങ്ങളിൽ എക്സ്പാന്റ് ചെയ്യുകയും തണുക്കുകയും ചെയ്യുന്നുണ്ട്. ഇത് കാരണം 38000 വർഷങ്ങൾക്കു ശേഷം മാറ്റെറിൽ  കുടുങ്ങി കിടക്കുന്ന റേഡിയേഷൻ 'രക്ഷപ്പെടുകയും' നമ്മൾ ഇന്ന് കാണുന്ന കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗഡ് റേഡിയേഷൻ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ സമയത്താണ് ആദ്യമായി എലെക്ട്രോണുകളും നുക്ലിയെയ് കൂടി ചേർന്ന് ആറ്റംസ്  ഉണ്ടാവുന്നത്. ഈ സമയത്തു സഞ്ചരിച്ചു കൊണ്ടിരുന്ന സമ്മർദ്ദ തരംഗങ്ങൾ 'ഫ്രീസ്' ആവുകയും ചെയ്തു. ഇന്ന് കാണുന്ന ഗാലക്സികളുടെ വിതരണം നോക്കിയാൽ ഈ ഫ്രീസ് ആയ സാന്ദ്രത തരംഗങ്ങൾ കാണാനാവും. അതായതു നിശ്ചിത ദൂരങ്ങളിൽ കൂടുതൽ ഗാലക്സികൾ ഉണ്ടാവുമെന്ന് അർത്ഥം. ഇതേ പ്രതിഭാസം നമുക്ക് കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗഡ് റേഡിയേഷനിലും കാണാൻ സാധിക്കും.

Thursday, December 19, 2024

വിചിത്രം പക്ഷെ സത്യം - എഫ്-35 ന്റെ ഒരു പൈലറ്റ് ഹെൽമെറ്റ്

 


പൂച്ച സേർ ഗ്യാസ് മാസ്‌ക് വെച്ചേക്കുന്നതല്ല. എഫ്-35 ന്റെ ഒരു പൈലറ്റ് ഹെൽമെറ്റാണ്.

 ഇതിൽ ഇല്ലാത്തത് ഇനി ഒന്നുമില്ല. പൈലറ്റിന് വിമാനത്തിന്റെ കൺസോളിലേക്ക് ഒരിക്കൽ പോലും നോക്കണ്ട എന്നതാണ് പ്രത്യേകത.

ഇവൻ  പൈലറ്റിന് വിമാനത്തിന്റെ ചുറ്റുമുള്ള 360 ഡിഗ്രി ദൃശ്യം തൽസമയം കാണിച്ചു തരും. പകൽ ആണെങ്കിൽ എച് ഡി, രാത്രിയാണെങ്കിൽ ഇൻഫ്രാറെഡ് വിഷൻ. ഇനി ഹീറ്റ് വിഷൻ വേണോ, വേണമെങ്കിൽ അങ്ങനെ. 

ഇതൊന്നും കൂടാതെ പൈലറ്റിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പണിയും കൂടി ഏറ്റെടുത്തു ചെയ്യും. ഇതിലെ മാസ്കിലൂടെ  എയർ കണ്ടീഷൻ ചെയ്ത് താപനില ക്രമപ്പെടുത്തിയതും  കെമിക്കലുകൾ നീക്കം ചെയ്‌തതും പൊടികൾ ഫിൽറ്റർ ചെയ്ത് ശുദ്ധമാക്കിയതുമായ  വായു നൽകാനുള്ള അത്യാധുനിക  സംവിധാനം. പൈലറ്റിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ആണിക്കല്ലാണ് ബ്രെയിനിലേക്കുള്ള വായുവിന്റെ നിലവാരം. 

ഇതൊന്നും കൂടാതെ ആയുധങ്ങളുടെ നിയന്ത്രണവും ഇതിൽ ചെയ്യാനുള്ള സംവിധാനവും തയ്യാർ.  പൈലറ്റിന്റെ കൃഷ്ണമണിയെ ട്രാക്ക് ചെയ്യുന്ന അതിനൂതന സംവിധാനം ഉള്ളതിനാൽ തകർക്കേണ്ടുന്ന ലക്ഷ്യത്തിലേക്ക് പൈലറ്റ് ഒന്നു നോക്കിയാൽ തന്നെ ട്രാക്കിങ് ആരംഭിക്കുകയും മിസൈൽ റിലീസ് ചെയ്യാനുള്ള  കമാൻഡിന് വേണ്ടി  കാത്തിരിക്കുകയും ചെയ്യും. ഒരു ബട്ടൻ ഞെക്കൽ മാത്രമേ പൈലറ്റ് ആകപ്പാടെ ചെയ്യേണ്ടതുള്ളൂ. 

ചുരുക്കിപ്പറഞ്ഞാൽ, ഒരു ഗെയിം കളിക്കുന്ന പോലെയാണ് ഇതു വെച്ചു പോയാൽ ഉള്ള യുദ്ധം. ചറപറേ തൂക്കാം എന്നർത്ഥം. 

ഒരെണ്ണം വാങ്ങിയാലോ എന്നാണോ? അന്വേഷിക്കേണ്ട, കിട്ടൂല.

പറത്തുന്ന പൈലറ്റിന്റെ തലയുടെ അളവെടുത്തു അയാൾക്കായി പ്രത്യേകം നിർമിക്കുന്നതാണ് ഈ ഓരോ ഹെൽമറ്റും. റെഡിമെയ്ഡ് ഉണ്ടാക്കി വെക്കൽ ഇല്ലെന്നര്ഥം.

പിന്നെ വില. അത് പറയണോ..അല്ലേൽ വേണ്ട, പറഞ്ഞേക്കാം. 

വെറും മൂന്നു കോടി രൂപ മാത്രം!

എഫ് 35 വാങ്ങിയാൽ കൂടെ ഫ്രീ കിട്ടുമായിരിക്കും.

saber-toothed animal

 


270 മില്യൻ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നായയെ പോലെ തോന്നിക്കുന്ന സസ്തനിയുടെ ഫോസിൽ സ്പെയിനിൽ നിന്നും പാലിയൻറ്റോളജിസ്റ്റുകൾ കണ്ടെത്തി. സ്പെയിനിലെ ദ്വീപായ മല്ലോർക്കയിൽ ( Mallorca) നിന്നാണ് ഫോസിൽ കണ്ടെത്തിയത്. പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നത് ദിനോസർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കഠാര പല്ലൻ ജീവികൾ ( saber-toothed animal) ഭൂമിയിൽ കാണപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ ഫോസിൽ കണ്ടെത്തൽ എന്നാണ്. നായെ പോലെ തോന്നിക്കുന്നെങ്കിലും നായും ഇവ തമ്മിൽ വ്യത്യാസം ഉള്ളതായി പാലിയൻറ്റോളജിസ്റ്റായ  Ken Angielczyk ഇങ്ങനെ സൂചിപ്പിക്കുന്നു 



  "" ഈ മൃഗം തെരുവിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഇടത്തരം വലിപ്പമുള്ള നായയോട് സാദ്യശ്യം തോന്നാം, ഏകദേശം ഒരു ഹസ്ക്കിയുടെ ( husky) വലിപ്പം ഉണ്ട് എന്നാൽ ഇത് അത്ര ശരിയായിരിക്കില്ല.  ഇതിന് രോമമില്ല,  നായയുടെത് പോലുള്ള ചെവിയുമില്ല" . അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു "" ഈ ജീവിക്ക് നീളമുള്ള കഠാര പോലെയുള്ള പല്ല് ഉണ്ട് ( canine teeth)  ,  ഇത് തെളിയിക്കുന്നത് ഇതൊരു മുന്തിയ ഇരപിടിയൻ ആയിരുന്നു എന്നാണ് "".

         സൂപ്പർ ഭൂഖണ്ഡമായ പാൻജിയയുടെ ഭാഗമായിരുന്നു മല്ലോർക്ക ദ്വീപ്. വംശനാശം സംഭവിച്ച ഗോർഗോനോപ്സിയൻസ് (gorgonopsians)  പുതിയ സ്പീഷീസിൽ പെട്ടതാണ് ഈ ജീവി എന്ന് പാലിയൻറ്റോളജിസ്റ്റുകൾ വിലയിരുത്തുന്നു . ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പെർമിയൻ കാലഘട്ടത്തിൽ ( ഏകദേശം 299-252 മില്യൻ വർഷങ്ങൾക്ക് മുമ്പ്) ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുവാണ് ഗോർഗോനോപ്സിയൻസ്. ഫോസിൽ അസ്ഥികളിൽ നിന്നാണ് പാലിയൻറ്റോളജിസ്റ്റുകൾ ഇവയുടെ രൂപം പുനർനിർമ്മിച്ചത്. ഏകദേശം പൂർണ്ണമായും ലഭിച്ച കാലസ്ഥികളിൽ നിന്നും ഇവയുടെ സഞ്ചാരം മനസ്സിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞു.



ദിനോസറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്തനികളുടെ പുരാതന ബന്ധുക്കളുടെ രൂപം ഇപ്പോഴത്തെ സസ്തനികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുപോലെ അവ ധാരാളം വൈവിധ്യമാര്‍ന്നതും ആവാസവ്യവസ്ഥയിൽ വ്യത്യസ്തമായ പങ്കുവഹിച്ചവരുമാണ്. പുതിയ ഫോസിൽ കണ്ടെത്തൽ സസ്തനികളുടെ പരിണാമത്തെ കുറിച്ച് പുതിയ ചിന്താകുഴപ്പം നൽകുന്നതായി പാലിയൻറ്റോളജിസ്റ്റുകൾ സൂചിപ്പിക്കുന്നു.